Sunday, March 22, 2009

എം.പി യെ വിലയിരുത്താന്‍

നീയമ നിര്‍മ്മാണം, ആഭ്യന്തര സുരക്ഷാ ഡിബേറ്റ്, ഭരണഘടനാ ഭേദഗതി ബില്ലുകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടി ഒരു എം.പി യെ വിലയിരുത്താന്‍ ഉപയോഗിക്കണം. കുടിവെള്ളം,റോഡ്..തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു എം.പി യെ കുറ്റം പറയുന്നത് എത്രമാത്രം ഉചിതമാണന്ന് പരിശോധിക്കണ്ടതാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ അംഗങ്ങളോട് ഉന്നയിക്കേണ്ട ചോദ്യങ്ങളാണ് പലപ്പോഴും എം.പി ക്ക് മറുപടി പറയേണ്ടിവരുന്നത്. മറിച്ച് ഗൌരവമായ ചര്‍ച്ചയില്‍ നമ്മുടെ എം.പി എത്രമാത്രം ഇടപെടുന്നു എന്ന് നോക്കേണ്ടതാണ് എറ്റവും നല്ല മാനദണ്ഡം.

പിന്നീട് വളരെയധികം പ്രവാസികളുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദേശകാര്യ മന്ത്രാലയവുമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, അവിടെ വച്ച് സംഭവിക്കുന്ന അത്യാഹിതത്തില്‍ ഒക്കെ ഇടപെടാന്‍ ഒരു എം.പി ക്ക് മാത്രമാണ് സാധിക്കുന്നത്, ഇതില്‍ നമ്മുടെ എം.പി എത്രമാത്രം മിടുക്കനും പ്രായോഗികമതിയും ആണെന്ന് പരിശോധിക്കാം.

അടുത്തതായി തൊട്ട്മുന്‍പിലെ കാലയളവില്‍ എം.പി ഫണ്ട് എത്രമാത്രം വിനിയോഗിച്ചു അതില്‍ എതൊക്കെ മേഖലകള്‍ക്ക് എത്രമാത്രം വകയിരുത്തി. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേക്കും നീതി പൂര്‍വകമായാണോ ഈ തുക വിനിയോഗിച്ചത്. ഉദാഹരണത്തിന് സ്‌ത്രീ പക്ഷവികസനത്തിന്, പരമ്പരാഗത വ്യവസായത്തിന്, ആദിവാസി പിന്നാക്ക കാര്യങ്ങള്‍ക്ക് എത്രമാത്രം തുക എം.പി ഫണ്ടില്‍ നിന്നും നിങ്ങളുടെ എം.പി‌യ്‌ക്ക് ചിലവഴിക്കാനായെന്ന് ചോദിക്കാം.

ഇതു കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്‍ പ്രോജക്‍റ്റുകള്‍ക്ക് എത്രമാത്രം ശ്രമിച്ചിട്ടുണ്ട് അതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്. റെയില്‍വേ പോലുള്ള വികസനത്തില്‍ കേരള എം.പി മാരെ-അവര്‍ എത് രാഷ്‌ട്രീയപാര്‍ട്ടി അംഗവുമാകട്ടെ- കുറ്റം പറയുന്നതില്‍ കാര്യമില്ല. കാരണം ഇതു ഒരു തരം ലോബിയിംഗിന്റെയും ബ്ലാക്ക് മെയിലിംഗിന്റെയും രീതിയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലകൊള്ളുന്നത്.

സ്വകാര്യ സംരഭങ്ങളെ ആകര്‍ഷിക്കാനും ഒരു എം.പിയുടെ പ്രവര്‍ത്തനത്തിനാകും, കൊല്ലം,കോ ട്ടയം പോലെയുള്ള സ്ഥലങ്ങളില്‍ കശുവണ്ടി,റബര്‍ പോലുള്ള മേഖലകളില്‍ ഇത്തരം വന്‍‌കിട,ഇടത്തരം പദ്ധതികള്‍ വരുന്നത് പുതിയ തൊഴിലവസരവും ഇതുമായി ബന്ധപ്പെട്ട വികസനവും കൊണ്ട്‌വരാനും ആകും. മാത്രമല്ല കാഷ്യു ബോര്‍ഡ്,റബര്‍ ബോര്‍ഡ്, ഇവയുമായി ബന്ധപ്പെട്ട റിസര്‍ച്ച് ഇന്‍സ്‌റ്റിട്യൂട്ട് എന്നിവ കൊണ്ട് വരേണ്ടതും ഒരു എം.പിയുടെ മുന്‍‌ഗണനാ വിഷയത്തില്‍പ്പെടേണ്ടതാണ്.

പിന്നെ കേരളത്തിന്റെ പൊതുവായ വികസനത്തിന് എന്തു ചെയ്‌തു എന്ന് കൂടി നോക്കണം, അതായത് നമ്മുടെ മണ്ഡലത്തിന്റെ അതിര്‍വരമ്പിനപ്പുറത്തേക്കും എം.പി ക്ക് പോകാനാകും, പോകണം. ഉദാഹരണത്തിന് എച്.എ.എല്‍ പോലെയുള്ള ഒരു കേന്ദ്ര പൊതു മേഖലാസ്ഥാപനത്തിന് ചിലപ്പോള്‍ എല്ലാ എം.പി മാരുടെയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനവും തുടര്‍ സമ്മര്‍ദ്ദങ്ങളും ആവശ്യമായി വരും.പ്രസ്‌തുത സംരഭം എന്റെ മണ്ഡലത്തില്‍ തന്നെ വേണം എന്ന് ഓരോ എം.പി മാരും വാശി പിടിച്ചാല്‍ കേരളത്തില്‍ നിന്ന് തന്നെ ഈ വന്‍സ്ഥാപനം വിട്ട് പോകാന്‍ കാരണമായേക്കാം, അതായത് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിനും വിഴിഞ്ഞം തുറമുഖപദ്ധതിയുടെയും ചുമതല അവിടുത്തെ എം.പി മാര്‍ക്ക് മാത്രമല്ല, ഇത്തരം പദ്ധതികളില്‍ നിങ്ങളുടെ മുന്‍ എം.പി എത്ര സക്രീയമായി ഇടപെട്ടിട്ടുണ്ട് എന്നും പരിശോധിക്കാം.

ഇതു കൂടാതെ, എത്ര ശതമാനം ഹാജര്‍ സഭയില്‍ ഉണ്ട്. എത്ര സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. എത്ര ചോദ്യങ്ങള്‍, ഉപചോദ്യങ്ങള്‍ എന്നിവ ഉന്നയിച്ചു എന്നിവയും നോക്കാം, പക്ഷെ ക്രമപ്രശ്‌നങ്ങളും സഭയുടെ നടപടിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഒഴിവാക്കി വേണം ഈ വിശകലനം നടത്തുവാന്‍, കാരണം വര്‍ക്കല രാധാകൃഷ്‌ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ പരിചയ സമ്പന്നരായ അംഗങ്ങള്‍ സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കാറുണ്ട് എന്നാല്‍ ആദ്യം സഭയില്‍ അംഗമാകുന്ന എം.പി ഈക്കാര്യത്തില്‍ ഒരു ചോദ്യവും ചോദിക്കാനുമിടയില്ല അതിനാലാണ് സഭയുമായി അതിന്റെ നടത്തിപ്പുമായി ചേര്‍ന്ന ചോദ്യങ്ങള്‍ ഒഴിവാക്കി വിലയിരുത്തണമെന്ന് ഉദ്ദേശിച്ചത്.
എം.പി യുടെ ഓഫീസിന്റെ പ്രവര്‍ത്തനവും താരതമ്യപ്പെടുത്താം. എമര്‍ജന്‍സി ക്വോട്ടയിലെ ട്രെയിന്‍ ടിക്കറ്റ് എത്ര പേര്‍ക്ക് നല്‍കി അതില്‍ എത്ര പാര്‍ട്ടി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടിയിലെ എത്ര പേര്‍ക്ക് ഇത്തരത്തിലെ എത്ര ടിക്കറ്റ് കിട്ടി. പിന്നെ കോണ്‍‌ഗ്രസ് ആയാലും സി.പി.ഐ(എം) ആയാലും എം.പി ഓഫീസ് അവരവരുടെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയാണോ എന്നും നോക്കുന്നത് ഉചിതമായിരിക്കും.
എം.പി എന്ന നിലയില്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി വ്യത്യാസം മറികടന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പണ്ട് എ.കെ.ജി ഇത്തരത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ കടന്നും പ്രക്ഷോഭ സമരത്തില്‍ പങ്കാളിയായിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഈ കാലത്ത് എം.പി ആയാലും എം.എല്‍.എ ആയാലും അതാത് പാര്‍ട്ടിയുടെ തടവറയ്‌ക്കുള്ളിലാണ് അവരുടെ അഭിപ്രായവും ചെയ്‌തികളും, ഇതു മാറണം.

3 comments:

വി. കെ ആദര്‍ശ് said...

എത്ര സക്രീയമായി ഇടപെട്ടിട്ടുണ്ട് എന്നും പരിശോധിക്കാം

നിരക്ഷരന്‍ said...

നല്ലൊരു ലേഖനം.

ഒരു എം.പി.യെ ഒതുങ്ങി കയ്യില്‍ കിട്ടിയിട്ട് ഇതൊക്കെ അക്കമിട്ട് ചോദിക്കണം :) :)അതോടെ എന്റെ കാര്യം തീരുമാനമാകും.. :)

ചാരുലത said...

കല്യാണങ്ങളിൽ വധൂവരന്മാരെ അനുഗ്രഹിക്കലും ഉദ്ഘാടനങ്ങളിൽ നാടമുറിക്കലും മരണവീടുകൾ സന്ദർശിച്ച് ഞെട്ടൽ രേഖപ്പെടുത്തലും ആണ് എം പി മാരുടെ കർത്തവ്യം എന്നു കരുതിയിരിക്കുമ്പോഴാണ്...
ഈ ആദർശിന്റെ ഒരു കാര്യം....