Saturday, March 21, 2009

ഇ-പുസ്‌തകം വാങ്ങുന്നില്ലേ?


ചോദ്യം വായിച്ച്‌, ഏത്‌ ശ്രേഷ്‌ഠ ഗ്രന്ഥത്തെക്കുറിച്ചാണ്‌ പറയാനുദ്ദേശിക്കുന്നത്‌ എന്ന്‌ ജിജ്‌ഞാസ പിടിക്കാന്‍ വരട്ടെ. ഇവിടെ പരിചയപ്പെടുത്താനുദ്ദേശിക്കുന്നത്‌ ഇലക്‌ട്രോണിക്‌ പുസ്‌തകത്തെയാണ്‌. ആയിരത്തിലേറെ പുസ്‌തകങ്ങളെ 'ഈസി'യായി കൈകാര്യം ചെയ്യാനനുവദിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണമാണ്‌ ഇ-ബുക്ക്‌ റീഡര്‍ അഥവാ ഇലക്‌ട്രോണിക്‌ പുസ്‌തക ഉപകരണം. കഴിഞ്ഞ 550 വര്‍ഷമായി സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സ്വാംശീകരിച്ച്‌ പുസ്‌തകത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ മാറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ പുസ്‌തകഘടനയിലേക്ക്‌ നേരിട്ട്‌ കടന്നുവരുന്നതിന്റെ ഉദാഹരണങ്ങള്‍. ഡി.ടി.പി, കംപ്യൂട്ടര്‍ ടു പ്ലേറ്റ്‌, ഡിജിറ്റല്‍ കവര്‍ ഡിസൈന്‍, ലേ ഔട്ട്‌ സോഫ്‌ട്‌വെയര്‍....തുടങ്ങിയ നവീന സൗകര്യങ്ങളോടെ പുസ്‌തകത്തിന്റെ കെട്ടുംമട്ടും മാറ്റി പരിഷ്‌കരിക്കുന്നതില്‍ ഇലക്‌ടോണിക്‌/കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ പുസ്‌തക നിര്‍മ്മിതിയെ പരോക്ഷമായി സഹായിച്ചിട്ടുണ്ട്‌. വളരെ പതുക്കെയും ക്രമാനുഗതമായുമെത്തിയ ഇത്തരം ചെറിയ മാറ്റങ്ങള്‍ പുസ്‌തകത്തിന്റെ നിര്‍മ്മിതിസമയത്തെയും വിലയേയും ഒരു പരിധിവരെ കുറയ്‌ക്കാനും ഒപ്പം അക്ഷരത്തെറ്റ്‌, മോശം പേജ്‌ രൂപഘടന എന്നിവ പരമാവധി കുറച്ച്‌ മികവാര്‍ന്ന വായനാ സൗകര്യം ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ടെന്നത്‌ അച്ചടി സാങ്കേതിക വിദ്യയുടെ സമീപകാലചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം.


എന്നാല്‍ ഇ-ബുക്ക്‌ റീഡര്‍ എന്ന ഉപകരണം ബുക്കിന്റെ കാഴ്‌ചപ്പാടില്‍ നിന്നും കടലാസ്‌ എന്ന പ്രധാന കഥാപാത്രത്തെ പൂര്‍ണമായും മാറ്റുകയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക വില്‌പനശാലയായ ആമസോണ്‍ ഡോട്ട്‌ കോം പുറത്തിറക്കിയിരിക്കുന്ന കിന്‍ഡില്‍ (kindle) ഇത്തരത്തിലെ ഇന്ന്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച കടലാസ്‌ രഹിത പുസ്‌തകമാണെന്ന്‌ പറയാം. ആമസോണിന്റെ ഉപസ്ഥാപനമായ(subsidiary) ലാബ്‌ 126 ആണ്‌ കിന്‍ഡില്‍ വികസിപ്പിച്ചെടുത്തത്‌. ഇ-ബുക്ക്‌ റീഡറിന്‌ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന്‌ പ്രവചിച്ചിരുന്ന മിക്ക പോരായ്‌മകളെയും ഇല്ലാതാക്കിക്കൊണ്ടാണ്‌ പുതിയ പതിപ്പായ കിന്‍ഡില്‍ 2 രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. കടലാസ്‌ പുസ്‌തകം ഉണ്ടാക്കിയ cultural identity യെ മറികടക്കാന്‍ പ്രയാസമാണെന്ന്‌ കരുതിയാകണം ഇതിന്റെ രൂപകല്‌പന സാധാരണ പുസ്‌തകത്തിനോട്‌ മത്സരിക്കാനെന്നപോലെ ആക്കിയെടുത്തത്‌.
' തുടക്കം മാത്രമാണ്‌. ലോകത്തെ ഏത്‌ ഭാഷയില്‍ മുദ്രണം ചെയ്യപ്പെട്ട ഏത്‌ പുസ്‌തകവും അറുപത്‌ നിമിഷത്തിനുള്ളില്‍ കിന്‍ഡിലിലേക്ക്‌ എത്തിക്കുകയെന്നതാണ്‌ ഞങ്ങളുടെ പദ്ധതി. അത്‌ സാധിക്കുന്നത്‌ വരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ' . ഇതാണ്‌ അതിരുകടന്ന ആത്മവിശ്വാസം സ്‌ഫുരിക്കുന്ന ആമസോണ്‍ പ്രവര്‍ത്തകരുടെ അവകാശവാദം.

2007 നവംബറിലായിരുന്നു കിന്‍ഡലിന്റെ ആദ്യപതിപ്പിന്റെ കടന്നുവരവ്‌. 2009 ഫെബ്രുവരിയില്‍ കിന്‍ഡില്‍ 2 ഉം വായനക്കാരിലേക്ക്‌ എത്തി. ഒരു പുസ്‌തകപേജിന്റെ അത്ര വലിപ്പമുള്ള സ്‌ക്രീനും, ഇത്‌ പ്രവര്‍ത്തിപ്പിക്കാനും പുസ്‌തകങ്ങള്‍ ഡിജിറ്റലായി സൂക്ഷിച്ച്‌ വയ്‌ക്കാനുള്ള സംഭരണോപാധിയും(memory) അടങ്ങിയതാണ്‌ ഇതിന്റെ ഹാര്‍ഡ്‌വെയര്‍. ഹാര്‍ഡ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച്‌ വായിക്കാനും ഉപയോക്താക്കളുടെ ആവശ്യാനുസരണമുള്ള ക്രമീകരണങ്ങള്‍ വരുത്താനും സാഹായിക്കാനായി ഒരൂ സോഫ്‌ട്‌വെയറും കൂട്ടിയിണക്കിയിട്ടുണ്ട്‌. മൊബൈല്‍ ഫോണിലേതുപോലെയുള്ള നിയന്ത്രണ ബട്ടനുകളും ഒരു ചെറിയ (querty) കീ ബോര്‍ഡും കിന്‍ഡിലിന്റെ കീഴറ്റത്തായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ഒരു സമയം ചിത്രീകരണമില്ലാത്ത(non-illustrated) ഇരൂന്നൂറ്‌ പുസ്‌തകങ്ങള്‍ 290 ഗ്രാം മാത്രം ഭാരമുള്ള ഈ ഉപകരണത്തില്‍ ഇരുന്നുകൊള്ളും. എട്ട്‌ ഇഞ്ച്‌ നീളവും അഞ്ചേകാല്‍ ഇഞ്ച്‌ വീതിയുമുള്ള കിന്‍ഡില്‍ 2 ന്റെ കനം ഒരിഞ്ചിന്റെ മൂന്നിലൊന്ന്‌ (9.1 മി.മീറ്റര്‍) മാത്രവും! അതായത്‌ സാമാന്യം ഒരു ബുക്കിന്റെ അത്രയും വലിപ്പവും ഭാരവുമേ ഇരുന്നൂറ്‌ പുസ്‌തകങ്ങളെ ഉള്‍ക്കൊള്ളാവുന്ന കിന്‍ഡില്‍ 2 ന്‌ ഉള്ളൂ. ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു പുസ്‌തകമായാലും ഇരുന്നൂറ്‌ പുസ്‌തകമായാലും ഭാരത്തില്‍ ഏറ്റക്കുറവ്‌ വരില്ലെന്ന്‌ പറയേണ്ടതില്ലല്ലോ!

ആമസോണില്‍ ലഭ്യമായിരിക്കുന്ന ലക്ഷണക്കണക്കിന്‌ പുസ്‌തകത്തില്‍ നിന്ന്‌ ആവശ്യമുള്ളത്‌ ഒരു മിനിട്ടിനുള്ളില്‍ തന്നെ ഡൌണ്‍ലോഡ്‌ ചെയ്‌തെടുക്കാം. സാധാരണ പുസ്‌തകത്തിനേക്കാളും വളരെ കുറഞ്ഞ നിരക്കിലാണ്‌ ആമസോണ്‍ അധികൃതര്‍ ഇത്‌ ലഭ്യമാക്കിയിട്ടുള്ളത്‌. അച്ചടി വിതരണച്ചിലവുകളുമില്ലല്ലോ! ഒരിക്കല്‍ ഒരു പുസ്‌തകം വാങ്ങിയാല്‍ പിന്നീട്‌ എപ്പോള്‍ ഇത്‌ കിന്‍ഡിലേക്ക്‌ വാങ്ങാനും പണം മുടക്കേണ്ടതില്ല എന്ന പ്രത്യേകതയും ഉണ്ട്‌. 200 പുസ്‌തകമല്ലേ ഒരു കിന്‍ഡിലില്‍ നിലവില്‍ ഉള്‍ക്കൊള്ളിക്കാനാകൂ. ഇത്‌ മറികടക്കാനാണ്‌ വായിച്ച പുസ്‌തകം ഡിലീറ്റ്‌ ചെയ്‌തോളൂ എന്ന സൗകര്യത്തില്‍ അത്‌ പിന്നീട്‌ സൗകര്യാര്‍ത്ഥം റഫര്‍ ചെയ്യാനോ വായിക്കാനോ സൗജന്യമായി ഡൌണ്‍ലോഡ്‌ അനുവദിക്കുന്നത്‌. എന്തിനേറെ പറയുന്നു കിന്‍ഡിലില്‍ മാത്രം ലഭ്യമായ ഒരു നോവല്‍ വരെ വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്റ്റീഫന്‍ കിംഗ്‌ രചിച്ച്‌ 'UR' എന്ന നോവലിന്‌ അച്ചടിപ്പതിപ്പില്ല, കിന്‍ഡില്‍ പതിപ്പേയുള്ളൂ!! 2.99 യു.എസ്‌ ഡോളര്‍ നല്‍കി 'UR' കൈകളിലെത്തിക്കാം.

തീര്‍ന്നില്ല കിന്‍ഡില്‍ വിശേഷങ്ങള്‍, അച്ചടി പുസ്‌തകത്തിന്‌ സാധിക്കാത്ത ചില സവിശേഷ സൗകര്യങ്ങളും ഇത്തരത്തിലെ ഉപകരണങ്ങള്‍ക്ക്‌ സ്വന്തമാണല്ലോ. ദി ന്യൂ ഒക്‌സ്‌ഫഡ്‌ അമേരിക്കന്‍ ഡിക്ഷണറിയുടെ രണ്ടരലക്ഷം പദാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-പതിപ്പ്‌ ഇതില്‍ വിദഗ്‌ദമായി, അതീവ സൗകര്യപ്രദമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വായന പുരോഗമിക്കവേ പദാര്‍ത്ഥം അറിയാതെ കുഴങ്ങുന്ന വാക്കുകള്‍ക്ക്‌ മുകളില്‍ കീ ബട്ടനുകളുടെ സഹായത്തോടെ തിരഞ്ഞാല്‍ വാക്കിന്റെ അര്‍ത്ഥവും അനുബന്ധ വിവരങ്ങളും സ്‌ക്രീനിലെത്തും. അക്ഷരങ്ങളുടെ വലിപ്പം കാഴ്‌ചയ്‌ക്കനുസരിച്ച്‌ ക്രമീകരിക്കാമെന്ന്‌ മാത്രമല്ല Text-to-Speech സൗകര്യത്തിലൂടെ വായിക്കാനുള്ള ഭാഗം കേട്ടും മനസിലാക്കാം. ആണ്‍-പെണ്‍ ശബ്‌ദത്തിലൊന്ന്‌ തീരഞ്ഞെടുക്കേണ്ട താമസമേയുള്ളൂ. ഇത്‌കൂടാതെ വായനയുടെ ഇടവേളകളിലോ മറ്റോ സംഗീതം ആസ്വദിക്കാനായി എം.പി 3 പോലുളളവയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. ആമസോണ്‍ നല്‍കുന്ന പുസ്‌തകങ്ങള്‍ കൂടാതെ പ്രോജക്‌ട്‌ ഗുട്ടണ്‍ബര്‍ഗ്‌, ഫ്രീ കിന്‍ഡില്‍ ബുക്‌സ്‌ എന്നീ ഇടങ്ങളില്‍ നിന്നും പുസ്‌തകം പകര്‍ത്തിയെടുക്കാം. വിക്കീപീഡിയ, ബ്ലോഗുകള്‍ എന്നിവ വായിക്കുന്നതോടൊപ്പം ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാള്‍സ്‌ട്രീറ്റ്‌ ജേണല്‍, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, യുഎസ്‌എ ടുഡേ എന്നീ ദിനപത്രങ്ങളുടെയും ടൈം മാഗസിന്‍, ന്യൂസ്‌ വീക്ക്‌ പോലുള്ള പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരനാകാം, വായിക്കാം.

ഇതൊക്കെ കൊണ്ടാകണം ടോണി മോറിസനെ (1993 നോബര്‍ സമ്മാനിത, 1988 പുലിസ്റ്റര്‍ പ്രൈസ്‌) പോലെയുള്ള വിഖ്യാത എഴുത്തുകാര്‍ വരെ കിന്‍ഡിലിന്‍രെ വരവില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുന്നത്‌. പുസ്‌തകത്തോട്‌ മത്സരിക്കാനാണെന്ന്‌ തോന്നലുണ്ടാകുന്നത്‌ പോലെയാണ്‌ 16 വിവിധ ചാരവര്‍ണത്തിലുള്ള (Gray Colur Shades) വിന്യാസം സ്‌ക്രീനിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ കളര്‍ സ്‌ക്രീന്‍ ഇല്ലാത്തത്‌ ഒരു പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്‌. മസാച്‌സൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഇ-ഇങ്ക്‌ സാങ്കേതിക വിദ്യയാണ്‌ കിന്‍ഡിലിലെ സ്‌ക്രീനിന്‌ മേന്മയേകുന്നത്‌. ആമസോണിന്റെ ഉടമ ജെഫ്‌ ബെസോസ്‌ ഇതിനെ ഒരു ഉപകരണമായല്ല മറിച്ച്‌ ഒരു നവീന സേവനമായാണ്‌ വിലയിരുത്തുന്നത്‌. സാധാരണ മൊബൈല്‍ ഫോണിനും ലാപ്‌ടോപ്പ്‌കംപ്യൂട്ടറിനും ഉപയോഗിച്ചിരിക്കുന്ന സ്‌ക്രീനിന്‌ സാമാന്യം ശക്തിയേറിയ വെളിച്ചമുള്ള പരിസരത്ത്‌ വായിക്കുന്നതിന്‌ ഗ്ലെയര്‍, ബാക്ക്‌ ലൈറ്റ്‌ പോലുള്ള ചില തടസങ്ങളുണ്ട്‌. എന്നാല്‍ കിന്‍ഡിലിന്റെ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ലിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്ലേയുടെതില്‍ നിന്നും വിഭിന്നമായതിനാല്‍ ഇത്തരം പ്രശ്‌നങ്ങളുമില്ല. അതുകൊണ്ട്‌ തന്നെ ബീച്ചിലോ ട്രാഫിക്‌ കുരുക്കില്‍പ്പെട്ടിരിക്കുന്ന കാറിനുള്ളിലെ വിരസതയകറ്റാനോ കിന്‍ഡില്‍ വായിക്കാം.

ന്യൂനതകള്‍: നിര്‍മ്മാതാക്കളായ ആമസോണ്‍ ബോധപൂര്‍വ്വം വരുത്തിയ ചില ഇടപാടുകള്‍ ഭാവിവാണിജ്യതന്ത്രങ്ങളുടെ ഭാഗമായുള്ളതാണെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്ന ഉപഭോക്താവിന്‌ ലഭിക്കേണ്ട സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന തരത്തിലുള്ളതാണ്‌. ആമസോണ്‍ നിര്‍ദ്ദേശിക്കുന്ന ഫയല്‍ ഫോര്‍മാറ്റിലുള്ളവയെ (.azw) ആണ്‌ കിന്‍ഡില്‍ പിന്തുണയ്‌ക്കുന്നത്‌. അതായത്‌ ഭാവിയില്‍ മറ്റൊരു ഇ-പുസ്‌തകസേവന ദാതാവിനോ ആ സ്ഥാപനത്തിന്റെ പുസ്‌തകം കിന്‍ഡിലില്‍ വായിക്കുന്നതിനോ സാങ്കേതിക പ്രശ്‌നം നേരിട്ടേക്കാം. ഏത്‌ ഫയലിനേയും പിന്തുണയ്‌ക്കുന്ന രീതിയിലാകേണ്ടിയിരുന്നു. പുസ്‌തകത്തിന്റെ ഈ രണ്ടാം അവതാരം (book 2.0) അണിയിച്ചൊരുക്കേണ്ടിരുന്നത്‌. പി.ഡി.എഫ്‌, ഡോക്ക്‌, പി.എന്‍.ജി ഒക്കെ പുനക്രമീകരിച്ച്‌ ആമസോണ്‍ ഫോര്‍മാറ്റിലാക്കാമെന്ന്‌ (.azw) കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വരുംകാലത്ത്‌ ഇതിന്‌ സാമാന്യം തരക്കേടില്ലാത്ത സേവന കൂലിയോ അല്ലെങ്കില്‍ പുസ്‌തക വിപണിയിലെ പ്രതിയോഗികളെ നിയന്ത്രിക്കാനുള്ള ഉപായമോ ആയി ആമസോണ്‍ കണ്ടേക്കാനുള്ള സാധ്യത കൂടുതലാണ്‌. ഫയല്‍ ഫോര്‍മാറ്റ്‌ കണ്‍വര്‍ട്ട്‌ ചെയ്യുക എന്നത്‌ തീരെ ദുര്‍ബലമായ സാങ്കേതിക ന്യായമാണ്‌. കിന്‍ഡിലിന്റെ ഒന്നാം പതിപ്പില്‍ പുറത്തുനിന്ന്‌ സംഭരണോപാധികള്‍ (SD card) കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത പതിപ്പില്‍ - കിന്‍ഡില്‍ 2 - ഈ സൗകര്യം അവസാനിപ്പിക്കുകയും ചെയ്‌തു എന്നത്‌ ഇ-പുസ്‌തക ആരാധകര്‍ക്ക്‌ നിരാശയാണ്‌ സമ്മാനിച്ചത്‌.
*******

കിന്‍ഡില്‍2.0 ഒറ്റനോട്ടത്തില്‍

അളവ്‌: 20.32 നീളം, 13.46 സെ.മീ. വീതി, 9.1 മീ.മീ കനം
ഭാരം: 289.17 ഗ്രാം
സംഭരണശേഷി : 2 ജിഗാബൈറ്റ്‌ (ഇതില്‍ 1.4 ജിഗൈബൈറ്റ്‌ ഉപയോഗത്തിനും ശേഷിച്ച ഭാഗം തനത്‌ ഉപയോഗ സോഫ്‌ട്‌വെയറിനും).
ബാറ്ററി ശേഷി : വയര്‍ലെസ്‌ സംവേദനോപാധി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണെങ്കില്‍ നാലു ദിവസം ഇല്ലെങ്കില്‍ രണ്ടാഴ്‌ച വരെ. ലഭ്യമായ തരംഗങ്ങളുടെ ശക്തിക്കനുസരിച്ച്‌ ഇതില്‍ നേരിയ മാറ്റം വരാം.
ബാറ്ററി ചാര്‍ജിംഗ്‌ സമയം: നാലു മണിക്കൂര്‍ കൊണ്ട്‌ ബാറ്ററിയുടെ വിശപ്പ്‌ പൂര്‍ണമായും അകറ്റാം!
ശബ്‌ദം: സിറ്റീരിയോ ഓഡിയോ ജാക്ക്‌ ഘടിപ്പിക്കാനുള്ള സൗകര്യം ഉണ്ട്‌. കൂടാതെ സ്റ്റീരിയോ സ്‌പീക്കറും പിന്‍വശത്ത്‌ ഉള്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുണ്ട്‌.
പുസ്‌തകം: ചിത്രീകരണമില്ലാത്ത 200 പുസ്‌തകങ്ങള്‍ നിറയ്‌ക്കാം (ശരാശരി).
വില: 359 യു. എസ്‌. ഡോളര്‍.
പുതിയ പതിപ്പ്‌: കിന്‍ഡില്‍ 2 (2009 ഫെബ്രുവരി).

9 comments:

വി. കെ ആദര്‍ശ് said...

ഏറ്റവും വലിയ മാറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ പുസ്‌തകഘടനയിലേക്ക്‌ നേരിട്ട്‌ കടന്നുവരുന്നതിന്റെ ഉദാഹരണങ്ങള്‍. ഡി.ടി.പി, കംപ്യൂട്ടര്‍ ടു പ്ലേറ്റ്‌, ഡിജിറ്റല്‍ കവര്‍ ഡിസൈന്‍, ലേ ഔട്ട്‌ സോഫ്‌ട്‌വെയര്‍....തുടങ്ങിയ നവീന സൗകര്യങ്ങളോടെ പുസ്‌തകത്തിന്റെ കെട്ടുംമട്ടും മാറ്റി പരിഷ്‌കരിക്കുന്നതില്‍ ഇലക്‌ടോണിക്‌/കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ പുസ്‌തക നിര്‍മ്മിതിയെ പരോക്ഷമായി സഹായിച്ചിട്ടുണ്ട്‌. വളരെ പതുക്കെയും ക്രമാനുഗതമായുമെത്തിയ ഇത്തരം ചെറിയ മാറ്റങ്ങള്‍ പുസ്‌തകത്തിന്റെ നിര്‍മ്മിതിസമയത്തെയും വിലയേയും ഒരു പരിധിവരെ കുറയ്‌ക്കാനും ഒപ്പം അക്ഷരത്തെറ്റ്‌, മോശം പേജ്‌ രൂപഘടന എന്നിവ പരമാവധി കുറച്ച്‌ മികവാര്‍ന്ന വായനാ സൗകര്യം ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ടെന്നത്‌

അങ്കിള്‍ said...

വളരെ ആകാംക്ഷയോടും ആഗ്രഹത്തോടെയുമാണ് കഴിഞ്ഞ കൊല്ലം കിന്‍ഡില്‍ ഒരെണ്ണം ഞാന്‍ കരസ്ഥമാക്കിയത്. മൂന്നു ആഴ്ച കഴിഞ്ഞ് കൊണ്ടു വന്ന മകന്റെ കൈവഴിതന്നെ തിരിച്ചു കൊടുത്തയക്കേണ്ടി വന്നു.

അതില്‍ നമ്മുടെ യൂണിക്കോട് മലയാളം ഒന്നും വായിക്കാന്‍ പറ്റില്ല. ഇംഗ്ലിഷ് ആസ്കി ഫോണ്ടുകള്‍ മാത്രം. എല്ലാം കൊണ്ടും ആരും ആഗ്രഹിച്ചു പോകുന്ന ഒരു സാധനം. പക്ഷേ മലയാളം വായിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വെറും ഒരു വെള്ളാന. US $360 ആയിരുന്നു അന്നത്തെ വില. ഒരു മാസത്തിനകം തിരിയെ നല്‍കിയതു കൊണ്ട് മുഴുവന്‍ പണവും മടക്കി തന്നു.

പി.അനൂപ് said...

ഒരു പുസ്തകം വായിക്കുമ്പോഴുണ്ടാകുന്ന ചൂരും ചൂടുമൊന്നും ഇ ബുക്ക് വായിക്കുമ്പോള്‍ കിട്ടുമോ? പണ്ട് ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ തുറന്ന് ആര്‍ത്തിയോടെ ഓരോ താളും സ്വയം മണക്കുമ്പോള്‍ ലഭിക്കുന്ന ആ അനുഭൂതിയൊന്നും ഇ ബുക്കുകള്‍ക്ക് പ്രദാനം ചെയ്യാന്‍ കഴിയുകയില്ല.

പാവപ്പെട്ടവന്‍ said...

പുതിയ അറിവുകള്‍
പ്രിയം നിറഞ്ഞ അഭിവാദ്യങ്ങള്‍

നിരക്ഷരന്‍ said...

കേട്ടിട്ടുണ്ടായിരുന്നു. എന്നാലും വിശദമായ ഈ പോസ്റ്റിന് നന്ദി.

Anivar Aravind said...

It is a DRM embeded device. It is better to avoid using it

smitha adharsh said...

good post...
really valuable & informative..

അനൂപ്‌ കോതനല്ലൂര്‍ said...

;<

Kunjipenne - കുഞ്ഞിപെണ്ണ് said...

പുതിയ അറിവിന്‌ നന്ദി