Saturday, March 14, 2009

തെരഞ്ഞെടുപ്പുകാലത്തെ സൈബര്‍ ചുവരെഴുത്തുകള്‍

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ചരിത്രത്തില്‍ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയ്‌ക്കുള്ള ബന്ധം ഇഴപിരിക്കാനാകാത്തതാണ്‌. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ രംഗം മുമ്പെങ്ങുമില്ലാത്ത പുതിയ സൗകര്യങ്ങളെ അഭിമുഖീകരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബറാക്ക്‌ ഹുസൈന്‍ ഒബാമ പയറ്റിയതും ഇതേ തന്ത്രങ്ങളാണ്‌. ഇന്ത്യയിലാകട്ടെ ഗുജറാത്ത്‌, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ മിക്ക രാഷ്ട്രീയപാര്‍ടികളും ഡിജിറ്റല്‍ ഡിസൈനര്‍മാരുടെയും വെബ്‌രൂപകല്‍പനചെയ്യുന്നവരുടെയും സഹായം തേടുകയും വിജയകരമായി ഉപയോഗിക്കുകയും ചെയ്‌തു. വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥികളും സൈബര്‍ ചുവരെഴുത്തുകളുടെ മേഖലയില്‍ ശ്രദ്ധയൂന്നുമെന്നത്‌ നിസ്‌തര്‍ക്കം.

ഇന്നലെകളിലെ പ്രചാരണതന്ത്രങ്ങള്‍
40വര്‍ഷംമുമ്പ്‌ ചുവരെഴുത്ത്‌ എന്ന പരസ്യതന്ത്രം തന്നെ അപൂര്‍വമായിരുന്നു. നാം ഇന്ന്‌ കാണുന്നതുപോലെയുള്ള ഇഷ്ടിക/വെട്ടുകല്ല്‌ കൊണ്ടുണ്ടാക്കിയ ചുവരും അത്യപൂര്‍വമായിരുന്നു അന്നത്തെ സമൂഹത്തില്‍. കയ്യാല (മണ്ണുകൂട്ടി അടിച്ചൊതുക്കി ഉണ്ടാക്കുന്ന അതിര്‍ത്തി അല്ലെങ്കില്‍ സംരക്ഷണഭിത്തി) യുടെമേല്‍ വെള്ളപൂശിയും അല്ലാതെയും എഴുതുന്നതായിരുന്നു ആദ്യകാല ചുവരെഴുത്ത്‌ തന്ത്രം. കടലാസ്‌ തോരണങ്ങളും പോസ്‌റ്ററുകളും അക്കാലത്ത്‌ അപൂര്‍വമായിരുന്നു. സിവില്‍ എന്‍ജിനിയറിങിലെ ചെറിയ മാറ്റം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ വന്‍മാറ്റത്തിന്‌ കാരണമായി. ഏകവര്‍ണ പോസ്‌റ്ററുകള്‍ ബഹുവര്‍ണപോസ്‌റ്ററുകള്‍ക്ക്‌ വഴിമാറി ബാനറുകളും ബോര്‍ഡുകളും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. മൈക്രോഫോണും കോളാമ്പിയും (ലൗഡ്‌ സ്‌പീക്കര്‍) ഇല്ലാത്ത കാലത്ത്‌ മെഗഫോണിലൂടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ്‌ നടക്കുന്നഭൂതകാലത്തെ, മോട്ടോര്‍വാഹനങ്ങളില്‍ ഇരുന്ന്‌ സിഡി പ്ലെയറിലോ കാസറ്റ്‌ പ്ലെയറിലോ ഇട്ട്‌ പ്രസംഗം കേള്‍പ്പിക്കുന്ന രീതി മാറ്റിമറിച്ചു.

വര്‍ത്തമാനകാലത്തിലേക്ക്‌
അമ്പത്‌ വര്‍ഷത്തെ പ്രചാരണതന്ത്രങ്ങള്‍ക്കും ആശയപ്രചാരണത്തിനും ഘടനാപരമായി വലിയ വ്യത്യാസങ്ങളില്ല. എന്നാല്‍,വിവര സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിലൂടെ ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ നമ്മുക്ക്‌ മുന്നിലേക്ക്‌ എത്തിക്കുക ആശയസംവേദനത്തിന്റെ സൈബര്‍ വഴികളിലൂടെയാകും. അടുത്തിടെ സമാപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചു വിജയിച്ച തന്ത്രങ്ങള്‍ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടിയ കംപ്യൂട്ടര്‍, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍ സാന്ദ്രതയുള്ളത്‌ കേരളത്തിലാണെന്നത്‌ ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുടെ അനിവാര്യതയുടെ ചൂണ്ടുപലകയാണ്‌. ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രവഴികളില്‍ മുഖ്യഎതിരാളി മക്‌യിന്‍ ബഹുദൂരം പിന്നിലായിരുന്നു. ഒരവസരത്തില്‍ ഒബാമയുടെ ഡിജിറ്റല്‍ പ്രചാരണശൈലി കണ്ട്‌ അല്‍ഭുതപ്പെട്ട്‌ മക്‌യിന്‍ `Becoming computer Literate' (ഞാനും കംപ്യൂട്ടര്‍ സാക്ഷരന്‍ ആയിക്കൊണ്ടിരിക്കുന്നു) എന്ന്‌ പറഞ്ഞുപോയി. കേവലം 160 അക്ഷരങ്ങളില്‍ താഴെമാത്രം വരുന്ന എസ്‌എംഎസ്‌ സന്ദേശം മൊബൈല്‍ ഫോണിലേക്ക്‌ അയച്ചാണ്‌ ഒബാമ തന്റെ തന്ത്രങ്ങള്‍ പുറത്തെടുത്തത്‌. പ്രാഥമിക റൗണ്ടില്‍ ഹിലാരി ക്ലിന്റണിനെ പിന്തള്ളാനും മുഖ്യതെരഞ്ഞെടുപ്പില്‍ മക്‌യിനെ നിഷ്‌പ്രഭനാക്കാനും 160 അക്ഷരം മാത്രംവരുന്ന ഈ നവവേദനോപാധി ഒബാമയെ ഏറെ സഹായിച്ചു. തന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബിഡാന്‍ (Joebiden) ആണെന്ന്‌ ഒബാമ പ്രഖ്യാപിച്ചത്‌ 29 ലക്ഷം അമേരിക്കക്കാരിലേക്ക്‌ മൊബൈല്‍സന്ദേശം അയച്ചുകൊണ്ടാണ്‌. 26 വാക്ക്‌ മാത്രംവരുന്ന ഈ മെസേജും അതിന്റെ മറുപടിയും കാരണം മൊബൈല്‍ സെര്‍വര്‍ പോലും ജാമായി. മൊബൈല്‍സന്ദേശം വ്യക്തിപരമാക്കിയതാണ്‌ ഒബാമ കൈവരിച്ച പ്രധാനനേട്ടം. സന്ദേശം ലഭിച്ച മിക്കവരും ലഭിച്ച മൊബൈല്‍നമ്പര്‍ `ഒാമാനമ്പര്‍' എന്ന്‌ സേവ്‌ ചെയ്‌തു. ഇതു മാത്രമല്ല മുഴുവന്‍ സമയ എസ്‌എംഎസ്‌ ചാനലും ഒബാമ ടീം തുറന്നു. GO എന്ന സന്ദേശം 62262 എന്ന നമ്പരിലേക്ക്‌
അയച്ചാല്‍ ഒബാമയുടെ പ്രചാരണവിവരങ്ങള്‍ മുറയ്‌ക്ക്‌ ലഭിച്ചു തുടങ്ങും. 62262 എന്ന നമ്പരിനും പ്രത്യേകതയുണ്ട്‌. മൊബൈല്‍ ഫോണിലെ 6 എന്ന അക്കം O എന്ന ഇംഗ്ലീഷ്‌ അക്ഷരത്തെയും 2 എന്ന അക്കം B എന്നതിനെയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ 62262=OBAMA. മൊബൈല്‍ സന്ദേശവരിക്കാര്‍ക്ക്‌ പ്രാദേശികമായ പ്രചാരണ പരിപാടിയുടെ സന്ദേശങ്ങള്‍ അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്‌ ഇന്ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ കവലയില്‍ പ്രസംഗമുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന സന്ദേശം പ്രചാരണപരിപാടിക്ക്‌ കൂടുതല്‍ ആളെ കിട്ടാന്‍ സഹായിച്ചു. ഇതുകൂടാതെ റിങ്‌ടോണ്‍ പന്ത്രണ്ടെണ്ണം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തയ്യാറാക്കി. തന്മൂലം ആള്‍ക്കൂട്ടത്തിലോ മറ്റോ ഫോണ്‍ ശബ്ദിക്കുമ്പോള്‍ സാധാരണബെല്ലിന്‌ പകരം ഒബാമയുടെ വോട്ടഭ്യര്‍ഥനയുള്ള തീം മ്യൂസിക്കാണ്‌ ലഭിച്ചത്‌.
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഇടുന്ന വാള്‍പേപ്പറുകള്‍, മൊബൈല്‍ഫോണ്‍ തീം എന്നിവകൊണ്ടും സമ്പന്നമായിരുന്നു ഒാമയുടെ ഡിജിറ്റല്‍ കാംപയിന്‍. ഫേസ്‌ബുക്ക്‌, മൈസ്‌പേസ്‌, ഓര്‍ക്കൂട്ട്‌ പോലുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സങ്കേതങ്ങളും ബ്ലോഗ്‌ എന്ന മാധ്യമരൂപവും ഒബാമയുടെ ടീം സമര്‍ഥമായി ഉപയോഗിച്ചു. യു ട്യൂബ്‌ വീഡിയോ ഷെയറിങ്‌ വെബ്‌സൈറ്റില്‍ ഒബാമ ടിവി ചാനല്‍ എന്ന പേജ്‌ തന്നെ തുടങ്ങി. ചെറിയ പൊതുയോഗ ദൃശ്യങ്ങള്‍ പോലും ഒപ്പിയെടുത്ത്‌ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതില്‍ വോട്ടര്‍മാര്‍ ഉത്സാഹം കാട്ടി. ഇലക്‌ഷന്‍ സാമഗ്രികള്‍ വിതരണംചെയ്യാനും അടുത്തദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യാനും http://barackobama.com എന്ന വെബ്‌സൈറ്റാണ്‌ വേദിയായത്‌.

സൈബര്‍തന്ത്രങ്ങള്‍ കേരളത്തില്‍

ഒബാമയുടേതുപോലെയുള്ള സമഗ്ര ഡിജിറ്റല്‍ സാധ്യതകള്‍ കുറഞ്ഞപക്ഷം ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, കേരളത്തിലെ വര്‍ധിച്ച മൊബൈല്‍ സാന്ദ്രത കാണാതിരിക്കാനും ആകില്ല. സംസ്ഥാനത്ത്‌മൂന്നുപേരില്‍ ഒരാള്‍ മൊബൈല്‍വരിക്കാരനാണിപ്പോള്‍. ഇനിയുള്ള കാലം ചുവരെഴുത്തുകളെക്കാളും മനസില്‍ ഇടം പിടിക്കുന്നത്‌വ്യക്തിഗത എസ്‌എംഎസ്‌ സന്ദേശങ്ങളായിരിക്കും. ഒപ്പം ഓര്‍ക്കൂട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ പ്രചാരണങ്ങള്‍ക്കും കാഴ്‌ചക്കാരുണ്ടാകും. വിശേഷിച്ചും വിജയഭൂരിപക്ഷം വളരെ നേര്‍ത്തതാകുന്ന മണ്ഡലങ്ങളില്‍. ബ്ലോഗിങ്‌ പോലെയുള്ള മാധ്യമ രൂപങ്ങള്‍ ലോകത്തെവിടെയിരുന്നും വായിക്കാമെന്നതും ഇപ്പോള്‍ യൂണികോഡ്‌ ഫോണ്ടുകളുടെ വര്‍ധിച്ച സ്വീകാര്യതയോടെ മലയാളത്തില്‍ അനായാസം ഇത്‌ കൈകാര്യം ചെയ്യാമെന്നതും പ്രവാസിസമൂഹം ഉള്ള സ്ഥലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രചാരണോപാധിയാണ്‌. വിവരസമ്പുഷ്ടവും വ്യക്തമായ ലക്ഷ്യബോധവുമുള്ള ഒരുബ്ലോഗ്‌ വായിച്ചശേഷം നാട്ടിലുള്ള കുടുംബാംഗങ്ങളോട്‌ ഈ സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്യുന്നതാണ്‌ ഉചിതം എന്ന്‌ പറയുന്ന അവസ്ഥ ശാസ്‌ത്ര കല്‍പിത കഥയിലെ ഒരു ഏടല്ല മറിച്ച്‌ ഇന്നിന്റെ യാഥാര്‍ഥ്യമാണ്‌...സാധ്യതയാണ്‌.

(ദേശാഭിമാനി കൊല്ലം ഇലക്ഷന്‍ ഡയറിയിലെ ഒരു ലേഖനമായി കഴിഞ്ഞ ഡിസംബര്‍ മാസം- എഴുതിത്തയാറാക്കിയതാണ് ഈ കുറിപ്പ്. നാളെ ഇത് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലം സി.എസ്.ഐ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും. അഡ്വ. ജി.ജനാര്‍ദ്ദനക്കുറുപ്പ് ആദ്യ പ്രതി സ്വീകരിക്കും)

10 comments:

വി. കെ ആദര്‍ശ് said...

ഒരുബ്ലോഗ്‌ വായിച്ചശേഷം നാട്ടിലുള്ള കുടുംബാംഗങ്ങളോട്‌ ഈ സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്യുന്നതാണ്‌ ഉചിതം എന്ന്‌ പറയുന്ന അവസ്ഥ ശാസ്‌ത്ര കല്‍പിത കഥയിലെ ഒരു ഏടല്ല മറിച്ച്‌ ഇന്നിന്റെ യാഥാര്‍ഥ്യമാണ്‌...സാധ്യതയാണ്‌.

smitha adharsh said...

കാലം മാറിയപ്പോള്‍..കോലവും മാറ്റിയിട്ടു തുള്ളുന്നു...

B.R.P.Bhaskar said...

ആദർശിന്റെ പോസ്റ്റ് 57 കൊല്ലം പഴക്കമുള്ള ഓർമ്മ പുതുക്കി. രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന കാലം. ഞാൻ താമസിച്ചിരുന്ന പ്രദേശത്ത് ചുവരെഴുത്തിന് പറ്റിയ രണ്ട് വലിയ ‌മതിലുകളുണ്ടായിരുന്നു. ഒന്ന് വെള്ളയായി കിടന്നു. മറ്റേത് കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ബസിലൊ തീവണ്ടിയിലൊ യാത്ര ചെയ്യുന്നവർക്ക് വ്യക്തമായി കാണാനാകുന്ന വലിപ്പത്തിൽ പാർലമെന്റിലേക്ക് മത്സരിക്കുന്ന എൻ. ശ്രീകണ്ഠൻ നായർ, ആർ. വേലായുധൻ (സംവരണ സീറ്റ്), അസംബ്ലിയിലേക്ക് മത്സരിക്കുന്ന ടി.കെ. ദിവാകരൻ എന്നീ ഐക്യ മുന്നണി സ്ഥാനാത്ഥികളുടെ പേരുകൾ കൊണ്ടു നിറഞ്ഞു. ഒരു മതിൽ ഒഴിഞ്ഞു കിടന്നതിന്റെ രഹസ്യം വെളിപ്പെടുത്താം. അത് എന്റെ വീട്ടിന്റേതായിരുന്നു. ചുവരെഴുത്ത് സംഘടിപ്പിച്ചത് ഞാനും.

വി. കെ ആദര്‍ശ് said...

അന്നൊക്കെ ചായം പൂശാനും അക്ഷരങ്ങള്‍ ചായം മുക്കി എഴുതാനും ഒക്കെ വിപണി ബ്രഷിന് പകരം തെങ്ങിന്റെ ക്രാഞ്ഞില്‍ (തേങ്ങാ പറ്റിപ്പിടിച്ചിരിക്കുന്ന തണ്ട്) ചതച്ച് എടുത്താണ് ഉപയോഗിച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ പോലെ എല്ലാ വര്‍ണങ്ങളിലുള്ള ചായവും അന്ന് ലഭ്യമല്ലായിരുന്നു. വെള്ള കുമ്മായം പൂശിയ പ്രതലത്തില്‍ ചെങ്കല്ലിന്റെ നിറത്തിലുള്ള എഴുത്തായിരുന്നു. കൊല്ലം ജില്ലയിലെ തീരപ്രദേശത്തെ ചില പഴയ കെട്ടിടത്തില്‍ ഇത്തരത്തില്‍ ‘ഉദയസൂര്യ‘ന്റെയും ‘മണ്‍‌വെട്ടി മണ്‍കോരി‘യുടേയും അടയാള മുദ്രണം കണ്ടിട്ടുണ്ട്. എന്തിന് ഇപ്പോള്‍ ബാനര്‍ എഴുത്ത് പോലും ഇല്ലല്ലോ. ഫ്ലക്‍സ് പ്രിന്റിംഗ് ആണ് പെട്ടെന്ന് കാര്യം സാധിക്കാനായി ഉപയോഗിക്കുന്നതും ഒപ്പം സൌകര്യപ്രദവും.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, തിരഞ്ഞെടുപ്പ് കാലമാണല്ലോ അതുകൊണ്ട് പരമ്പരാഗത തൊഴിലുകളേയും ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും ഞാന്‍ ജയിച്ച് വന്നാല്‍ സംരക്ഷിക്കും എന്ന് പറയുന്ന സ്ഥാനാര്‍ത്ഥി നില്‍ക്കുന്നത് ഫ്ലക്സ് ബാംനറിനോ ബോഡിനോ സമീപം ആയിരിക്കും. തുണി ബാനര്‍ എഴുതുന്ന കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിച്ചിട്ടാണ് ഈ പ്രസംഗം എന്നോര്‍ക്കണം. പ്ലാസ്റ്റിക്ക് തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുപയോഗിക്കാന്‍ കര്‍ശന വിലക്കുണ്ടെങ്കിലും നീയമ-സാങ്കേതിക പിഴവികളിലോ ലൂപ്‌ഹോളിലോ പിടിച്ചുതൂങ്ങി ഫ്ലക്സ് പ്രിന്റിംഗ് ഈ തിരഞ്ഞെടുപ്പ് കാലയളവിലും അരങ്ങു തകര്‍ക്കും.
മനേകാ ഗാന്ധിയുടെ തിരഞ്ഞേടുപ്പ് കാമ്പെയിന്‍ കാണാന്‍ പോയാല്‍ പരിസ്ഥിതി സൌഹൃദ രീതിയില്‍ എങ്ങെനെ വോട്ട് തേടാം എന്ന് പഠിക്കാമായിരുന്നു, അങ്ങകലെ ആയിപ്പോയില്ലേ. ആയമ്മ ഇവിടെ എവിടേലും വന്നു മത്സരിച്ചിരുന്നുവെങ്കില്‍.

B.R.P.Bhaskar said...

ആദര്‍ശ്, കുമ്മായം ഉപയോഗിച്ച് താറിട്ട റോഡിലും അന്ന് ധാരാളം എഴുതി. മഴ പെയ്തപ്പോള്‍ ഞാന്‍ സംഘടിപ്പിച്ചതെല്ലാം ഒലിച്ചുപോയി. പക്ഷെ മറ്റ് ചിലര്‍ എഴുതിയത് അവശേഷിച്ചു. സ്ഥാനാര്‍ത്ഥിയുടെ ആപ്പീസില്‍ അന്വേഷിച്ചപ്പോള്‍ കുമ്മായത്തില്‍ പശ ചേര്‍ത്ത് എഴുതിയാല്‍ നിലനില്‍ക്കുമെന്ന അറിവ് ലഭിച്ചു.

വി. കെ ആദര്‍ശ് said...

ഇന്നലത്തെ ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഡോ.സുകുമാര്‍ അഴീക്കോട് തന്നെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ പങ്ക് വയ്‌ക്കുന്നുണ്ട്. അതില്‍ നിന്ന് ഒരു ഭാഗം ഇവിടെ പ്രസക്തമായതിനാല്‍ പകര്‍ത്തുന്നു.
“രാത്രി ഉറക്കമൊഴിച്ച് കുമ്മായം നീറ്റി ചുണ്ണാമ്പുണ്ടാക്കി ചകിരി ചതച്ച് ബ്രഷുണ്ടാക്കി ചുവരെഴുതിയിരുന്ന കാലം. ഇന്നത്തെപ്പോലെ കവലതോറും ബഹുവര്‍ണചിത്രങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളല്ല. നെടുനീളന്‍ കട്ടൌട്ടുകളുമല്ല. അതില്‍ ചില ചുവരെഴുത്തുകളൊക്കെ കാലം കുറേ കടന്നുപോയിട്ടും മായാതെ കിടന്നിരുന്നു. തലശ്ശേരി ഭാഗത്തുകൂടി ബസില്‍ സഞ്ചരിക്കാറുള്ളപ്പോള്‍ ധര്‍മടം എന്ന സ്ഥലത്ത് ഒരു മാടക്കടയുടെ ചുവരില്‍ എന്റെ പേരിലുള്ള ചുവരെഴുത്ത് പതിനെട്ടുവര്‍ഷത്തോളം മായാതെ കിടന്നിരുന്നു. അക്ഷരങ്ങള്‍ പലതും പൂപ്പല്‍പറ്റി അടര്‍ന്നുപോയിരുന്നെങ്കിലും ഞാനത് വായിച്ചിരുന്നു. പഴയൊരു കോണ്‍ഗ്രസുകാരനായിരുന്നുവെന്ന ഓര്‍മ എനിക്കുള്ളില്‍ അറിയാതെ കടന്നു വരാറുള്ള സന്ദര്‍ഭങ്ങളായിരുന്നു അതൊക്കെ....”
ഇതിന്റെ പൂര്‍ണരൂപം വര്‍ക്കേഴ്‌സ് ഫോറം ബ്ലോഗില്‍ ഉണ്ട് ലിങ്ക്- http://workersforum.blogspot.com/2009/03/blog-post_319.html

Sebin Abraham Jacob said...

ആദര്‍ശ്,

വെബ് 2.0 തരംഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയവും എന്ന ലേഖനം ഇവിടെ.

ടോട്ടോചാന്‍ (edukeralam) said...

വളരെ മികച്ച ലേഖനം.. നല്ല നിരീക്ഷണങ്ങള്‍

കഷായക്കാരൻ said...

ഒരു പഴയ ചുവരിന്റെ കഥ അനുബന്ധമായി:
കായംകുളം പുനലൂർ റോഡിൽ നൂറനാട് ഒരു കിലോമീറ്റർ നീളം വരുന്ന ഒരു മതിലുണ്ട്. ലെപ്രസി സാനട്ടോറിയത്തിന്റെ. രാഷ്ട്രീയപ്പാർട്ടികൾ എത്ര പങ്കുവച്ചെടുത്താലും തീരാത്ത ഒരു മതിൽ. എന്റെ ഓർമ്മയിൽ അതിൽ ആദ്യം കണ്ടൊരു ചിഹ്നം കുതിരയായിരുന്നു. ആർ.ബാലകൃഷ്ണലിള്ള മാവേലിക്കരയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ. പിന്നീട് ദാമോദരൻ കാളാശ്ശേരിയുടെ പശുവും കിടാവും. നല്ല ഓമനത്തമുള്ള പശുവും കിടാവുമായിരുന്നു അത്. ബി.കെ നായർ, ബി.ജി.വർഗ്ഗീസ്, വി.കേശവൻ പി.കെ.കുമാരൻ, സുരേഷ്കുറുപ്പ്, തുടങ്ങിയവരും അവിടെ എഴുതപ്പെട്ടു. പി.കെ വേലായുധൻ മത്സരിച്ചപ്പോൾ വലിയ സിനിമാസ്കോപ്പ് ചുവരെഴുത്തുകളായി. 80കളിൽ സോഷ്യൽ ഫോറസ്റ്ററിക്കാർ അക്കേഷ്യാ വച്ചുപിടിപ്പിച്ച് മതിലു മറച്ചപ്പോൾ ചുവരെഴുത്ത് പേരിനു മാത്രമായി ചുരുങ്ങി...

P.Suresh said...

എന്റെ നാട്ടിലെ ഒരു കടയുടെ ചുവരില്‍ കോണ്‍ഗ്രസ്സിന്റെ പഴയ ചിഹ്നം പശുവും കിടാവും, ജനതാപാര്‍ട്ടിയുടെ ചിഹ്നം കലപ്പയേന്തിയ കര്‍ഷകന്‍ എന്നിവ ഏറെക്കാലം മായാതെ കിടന്നിരുന്നു.. പഴയ ചിഹ്നങ്ങളിലെ സ്‌നേഹവും കാരുണ്യവും മാനുഷികതയും ഓര്‍ത്തു പോകുന്നു. ഇന്നത്തെ ചിഹ്നമോ, അറ്റു പോയ കൈപ്പത്തി...!