Tuesday, March 10, 2009

ത്രിമാന വീഡിയോ ചാറ്റിന് തയാറായിക്കോളൂ

അമേരിക്കയിലെ ലാസ് വാഗസില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് മേളയില്‍ (CES 2009) പ്രദര്‍ശിപ്പിച്ച ത്രി ഡി വെബ് കാം കൌതുകമെന്നതിലുപരിയായി വ്യക്തിഗത ദൃശ്യസാങ്കേതിക വിദ്യയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയില്‍ കുട്ടികള്‍ നുണയുന്ന ഐസ് ക്രീം കോണുകള്‍ സ്‌ക്രീനും കടന്ന് എത്തുന്ന പ്രതീതി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചെങ്കില്‍ വിപണിയില്‍ വരാനിരിക്കുന്ന ത്രിമാന വെബ് കാം ഇനി വീഡിയോ ചാറ്റിനെ ത്രി ഡി വഴികളിലൂടെ ദൃശ്യസന്നിവേശത്തിന്റെ പുതിയ തലങ്ങളിലേക്കെത്തിക്കും.
മിനോരു (minoru) എന്ന വാണിജ്യനാമത്തിലാണ് ഇത് വിപനിയിലേക്കെത്തിക്കുന്നത്. യാഥാര്‍ത്ഥ്യം എന്നാണ് മിനോരു എന്ന ജാപനീസ് വാക്കിന്റെ അര്‍ത്ഥം. രണ്ട് ക്യാമറകളാണ് ചിത്രങ്ങളൊപ്പിയെടുക്കാനായി ഇതില്‍ കൂട്ടിയിണക്കിയിരിക്കുന്നത്. മനുഷ്യനേത്രത്തിന്റെ അതെ അകലത്തിലാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. ഓരോന്നിന്റെയും രണ്ട് സമാനദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് കമ്പ്യൂട്ടറിലേക്കെത്തിക്കും.ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള സോഫ്‌ട്‌വെയര്‍ അതേസമയം തന്നെ ത്രിമാന പ്രതിഫലനത്തിന് ഉചിതമായ രീതിയില്‍ ഇതിനെ മാറ്റിയെടുത്ത് സാധാരണ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിക്കും. ക്യാമറയ്ക്കൊപ്പം ലഭിക്കുന്ന കണ്ണാടി ഉപയോഗിച്ച് കണ്ടാല്‍ ത്രിമാനദൃശ്യാനുഭവം ലഭിക്കും. അഞ്ച് സെറ്റ് കണ്ണട ഈ കാമറയ്ക്കൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ത്രി ഡി ചിത്രങ്ങള്‍, വീഡിയോ എന്നിവ എടുക്കാനും ഈ ക്യാമറ പ്രയോജനപ്പെടുത്താം. സ്കൈപ്പ്,വിവിധ മെസഞ്ചര്‍ സേവനങ്ങള്‍, യൂടൂബ് പോലുള്ള വീഡിയോ പങ്ക് വയ്‌ക്കല്‍ ഇടങ്ങളില്‍ എന്നിവയിലും ഉപയോഗിക്കാം. അതായത് നിങ്ങളുടെ പക്കല്‍ ഈ നവീന കാമറ ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല, കണ്ണട മാത്രം ഉണ്ടായാലും മതിയാകും. ഉദാഹരണദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്‌ത് എത്തുക. രണ്ട് വര്‍ണത്തിലുള്ള- red and cyan -ചില്ല്/പ്ലാസ്റ്റിക് പതിച്ച കണ്ണടയാണ് ഇതിനായി ഉപയോഗിക്കുക.
ഇനി നാം ഇപ്പോള്‍ ഉപയോഗിക്കുന്നതു പൊലെയുള്ള സാധാരണ വെബ് കാം ആയും ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ വിദേശത്തുള്ള ചങ്ങാതിയുമായാണ് ത്രിമാന വീഡിയോ ചാറ്റ് നടത്തുന്നതെങ്കില്‍ നിങ്ങളെക്കാളുപരിയായി അങ്ങകലെയിരിക്കുന്നയവര്‍ക്കാകും ഈ കണ്ണാടി ഉണ്ടായിരിക്കേണ്ടത് എന്നത് അസൌകര്യമായി തോന്നാമെങ്കിലും, ഒരു ത്രിഡികണ്ണട ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുകയോ നിങ്ങള്‍ അയച്ചുകൊടുത്തോ പ്രശ്‌നം പരിഹരിച്ചാല്‍ ത്രീഡി ചാറ്റിന്റെ ദൃശ്യപൂര്‍ണതയിലേക്ക് എത്താം.
യു.എസ്.ബി(2.0) പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതു രൂപകല്‍ല്‌പന ചെയ്‌തിരിക്കുന്നത്. 3ഡി, 2ഡി, ചിത്രത്തിലെ ചിത്രം (Picture in Picture ) എന്നിങ്ങനെ മൂന്ന് രീതിയില്‍ എത് വേണമെങ്കിലും തിരഞ്ഞെടുക്കാം. 30 ഫ്രെയിമുകള്‍ പ്രതി സെക്കന്റാണ് ചിത്രനിരക്ക്. പ്രവര്‍ത്തന സമയത്ത് 1.5 വാട്ട് വൈദ്യുതിയും ഉറങ്ങല്‍ സമയത്ത് (സ്‌റ്റന്‍ഡ്-ബൈ മോഡ് ) 2 മില്ലിവാട്ടില്‍ താഴെയും വൈദ്യുതി ഉപയൊഗിക്കും. ഒപ്പം ആകര്‍ഷകമായ ചട്ടകൂടിനുള്ളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് അവതരിപ്പിച്ച വേളയിലെ വില 4500 രൂപയോളമാണ്. ജനകീയമാകുന്നതോടെ സാങ്കേതികത്തികവും വര്‍ധിക്കുകയും വിലകുറയുകയും ചെയ്യുമെന്നത് ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് വിപണിയിലെ പതിവ് രീതിയായതിനാല്‍ ഉടനെ വിലക്കുറവുള്ള മോഡലുകള്‍ വിപണിയിലെത്തുമെന്ന് കരുതാം.

7 comments:

വി. കെ ആദര്‍ശ് said...

വീഡിയോ ചാറ്റിനെ ത്രി ഡി വഴികളിലൂടെ ദൃശ്യസന്നിവേശത്തിന്റെ പുതിയ തലങ്ങളിലേക്കെത്തിക്കും.

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാമല്ലോ. കണ്ണട ഒരെണ്ണം വാങ്ങിച്ചാൽ പിന്നെ 3ഡി സിനിമയും വീട്ടിൽ തന്നെ കാണാന്‍ പറ്റുമായിരിക്കും.

ജോ l JOE said...

Thanks for the details

ശ്രീ said...

വിവരങ്ങള്‍ക്ക് നന്ദി

നീലംപേരൂര്‍ | neelamperoor said...

പുതിയ അറിവുകള്‍ പങ്കുവയ്ക്കുന്നതിന് അഭിനദനങ്ങള്‍

റിജോ തോമസ് സണ്ണി said...

ത്രീഡി സിനിമാ
കമ്പ്യൂട്ടറിൽ എങ്ങനെ കാണാം?
അതിനു പ്രത്യേക സോഫ്റ്റ്വെയർ ആവശ്യമുണ്ടോ?
ടിവി യിൽ കാണാൻ സാധിക്കുമോ?

റിജോ തോമസ് സണ്ണി said...

ത്രീഡി സിനിമാ
കമ്പ്യൂട്ടറിൽ എങ്ങനെ കാണാം?
അതിനു പ്രത്യേക സോഫ്റ്റ്വെയർ ആവശ്യമുണ്ടോ?
ടിവി യിൽ കാണാൻ സാധിക്കുമോ?