Thursday, March 26, 2009

സേവ് ഭൂമി

എര്‍‌ത്ത് അവര്‍ എന്ന പേരില്‍ ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം രാജ്യാന്തരതലത്തില്‍ തന്നെ നടക്കുകയാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍നേരം വൈദ്യുതി
വിളക്കുകളും ദീപാ‍ലങ്കാരങ്ങളും
ഒഴിവാക്കുന്നു.
ഭൂമിയ്‌ക്കായ് ഒരു മണിക്കൂര്‍എന്ന പ്രചരണം വേള്‍ഡ് വൈഡ്
ഫണ്ട് ഫോര്‍നേച്ചറിന്റെ(WWF) നേതൃത്വത്തില്‍ വ്യക്‍തികള്‍, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍, സര്‍ക്കാരിതര
സ്ഥാപനങ്ങള്‍
എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഇത്തവണ
നൂറ് കോടി പേരിലേക്ക് ആഗോളതാപനം
ചെറുക്കാനുള്ള
സന്ദേശം എത്തിക്കുന്നത്.
2007 ല്‍ സിഡ്‌നിയില്‍ സംരഭത്തിന് നാന്ദിക്കുറിക്കുമ്പോള്‍ ഇരുപത്തിരണ്ട് ലക്ഷം പേര്‍ പങ്കാളികളായി തൊട്ടടുത്ത വര്‍ഷം അന്‍പത് ലക്ഷം പേരും പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഈ വര്‍ഷം ആഗോളതാപനത്തിന്റെ കെടുതികള്‍ ബോധ്യപ്പെടുത്തുന്ന പരിപാടി ഒരു ബില്യണ്‍ എന്ന് ലക്ഷ്യമിട്ടത്.

രാത്രി
സമയത്ത് മുപ്പത് മിനിട്ട് വൈദ്യുതി ക്രമീകരണം നടത്താനായി
കെ.എസ്.ഇ.ബി നിര്‍ബന്ധിതരായത് രൂക്ഷമായ വൈദ്യുതക്ഷാമത്തെത്തുടര്‍ന്നാണങ്കില്‍ ഇവിടെ ഒരു മണിക്കൂര്‍ വൈദ്യുതിവിളക്കുകള്‍ ഓഫാക്കി അഗോളതലത്തില്‍തന്നെ വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കുന്നത് സ്വമേധയാ ആണെന്ന പ്രത്യേകതയുണ്ട്.
ഇതാദ്യമായാണ് ഇന്ത്യ എര്‍ത്ത് അവറില്‍പങ്കാളിത്തം
പ്രഖ്യാപിക്കുന്നത്.
അമീര്‍ഖാനും സുരേഷ് ഗോപിയുമൊക്കെ അടങ്ങുന്ന
താരനിരയും സന്ദേശപ്രചാരണ
പ്രവര്‍ത്തനങ്ങളില്‍പങ്ക് ചേരുന്നുണ്ട്.
ഇതിനോടകം തന്നെ
81 രാജ്യങ്ങളിലെ 1850 ലേറെ നഗരങ്ങള്‍ വിളക്കണച്ച് ഭുമിയമ്മയ്‌ക്കായ് ഒരുമിക്കാന്‍മുന്നോട്ട് വന്നു
കഴിഞ്ഞു.
2008 ലെ എര്‍ത്ത് അവറിന്റെ വിശദാംശങ്ങളും പങ്കാളിത്ത രാജ്യങ്ങളുടെയും
വ്യക്തികളുടെയും രേഖ ഈ വര്‍ഷം
ഡിസംബറില്‍ കോപ്പന്‍‌ഗേഹനില്‍ വച്ച് നടക്കുന്ന ഗ്ലോബല്‍ ക്ലൈമറ്റ് ചെയ്‌ഞ്ച് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച്
തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്
ലോകനേതാക്കളുടെ
ശ്രദ്ധക്ഷണിക്കുകയും ചെയ്യും.

വൈദ്യുതിയും
ആഗോളതപനവുമായി അഗാധമായ ബന്ധമാണുള്ളത്. കേരളത്തില്‍
വൈദ്യുതിയ്‌ക്കായ് ജലവൈദ്യുതപദ്ധതികളെയാണ് ഇതു വരെ മുഖ്യമായും ആശ്രയിക്കുന്നതെങ്കില്‍ ദേശീയതലത്തിലും മറ്റ് രാജ്യങ്ങളിലും താപവൈദ്യുത നിലയങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. ഇതാകട്ടെ ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളാണ് കനത്ത തോതില്‍പുറന്തള്ളുന്നത്. അതായത് ഒരു ലൈറ്റ് അണച്ചാല്‍അത്രയും
ഹരിതഗൃഹവാതകങ്ങള്‍ഭൂമിയിലേക്ക് ഭൌമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് കുറയ്‌ക്കാനായി
എന്ന് സാ‍രം
.

നമുക്ക് എന്തു ചെയ്യാനാകും:

·
ഊര്‍ജക്ഷമതകൂടിയ
സി.എഫ്.എല്‍
, എല്‍.ഇ.ഡി വിളക്കുകള്‍ എന്നിവ പ്രചരിപ്പിക്കുക, ഉപയോഗിക്കുക.

·
വീട്ടിലും അയല്‍ക്കാരോടും
ആഗോളതാപനത്തിന്റെ കെടുതികള്‍പറഞ്ഞുകൊടുക്കുക
, ‘എര്‍ത്ത്
അവറി
ല്‍പരമാവധി പേരെ പങ്കെടുപ്പിച്ച് ഒരു നല്ല അവധിക്കാലത്തിന് തുടക്കം കുറിക്കാമല്ലോ.

·
പകല്‍സമയം സ്വഭാവിക
വെളിച്ചവും കാറ്റും മുറികളില്‍കടക്കാനനുവദിച്ചാല്‍വലിയൊരളവ് വൈദ്യുതി ഈ വേനല്‍ക്കാലത്ത്
ലാഭിക്കാം.

·
പീക്ക് ലോഡ്
(
6 പി.എം മുതല്‍ 10 പി.എം
വരെ)

സമയത്ത് ഫ്രിഡ്‌ജ് ഓഫാക്കി ഇടുന്നത് കൊണ്ട്
അതിനുള്ളിലെ ആഹാരസാധനങ്ങള്‍ക്കും മറ്റും കേട്പാട്
സംഭവിക്കില്ല്ല. ഫ്രിഡ്‌ജിന്റെ
ആയുസ് കൂടുന്നത് മാത്രമല്ല വൈദ്യുത
ബില്ലിലും
കാര്യമായ കുറവുണ്ടാകും. ഈ സമയത്ത് എല്ലായ്‌പ്പോഴും ഫ്രിഡ്‌ജ്
ഡോര്‍തുറക്കുന്നതും അടയ്‌ക്കുന്നതു ഒഴിവാക്കിയാല്‍മതിയാകും.

·
.
എര്‍ത്ത് അവറിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും
തയാറാക്കുക

Sunday, March 22, 2009

എം.പി യെ വിലയിരുത്താന്‍

നീയമ നിര്‍മ്മാണം, ആഭ്യന്തര സുരക്ഷാ ഡിബേറ്റ്, ഭരണഘടനാ ഭേദഗതി ബില്ലുകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടി ഒരു എം.പി യെ വിലയിരുത്താന്‍ ഉപയോഗിക്കണം. കുടിവെള്ളം,റോഡ്..തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു എം.പി യെ കുറ്റം പറയുന്നത് എത്രമാത്രം ഉചിതമാണന്ന് പരിശോധിക്കണ്ടതാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ അംഗങ്ങളോട് ഉന്നയിക്കേണ്ട ചോദ്യങ്ങളാണ് പലപ്പോഴും എം.പി ക്ക് മറുപടി പറയേണ്ടിവരുന്നത്. മറിച്ച് ഗൌരവമായ ചര്‍ച്ചയില്‍ നമ്മുടെ എം.പി എത്രമാത്രം ഇടപെടുന്നു എന്ന് നോക്കേണ്ടതാണ് എറ്റവും നല്ല മാനദണ്ഡം.

പിന്നീട് വളരെയധികം പ്രവാസികളുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദേശകാര്യ മന്ത്രാലയവുമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, അവിടെ വച്ച് സംഭവിക്കുന്ന അത്യാഹിതത്തില്‍ ഒക്കെ ഇടപെടാന്‍ ഒരു എം.പി ക്ക് മാത്രമാണ് സാധിക്കുന്നത്, ഇതില്‍ നമ്മുടെ എം.പി എത്രമാത്രം മിടുക്കനും പ്രായോഗികമതിയും ആണെന്ന് പരിശോധിക്കാം.

അടുത്തതായി തൊട്ട്മുന്‍പിലെ കാലയളവില്‍ എം.പി ഫണ്ട് എത്രമാത്രം വിനിയോഗിച്ചു അതില്‍ എതൊക്കെ മേഖലകള്‍ക്ക് എത്രമാത്രം വകയിരുത്തി. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേക്കും നീതി പൂര്‍വകമായാണോ ഈ തുക വിനിയോഗിച്ചത്. ഉദാഹരണത്തിന് സ്‌ത്രീ പക്ഷവികസനത്തിന്, പരമ്പരാഗത വ്യവസായത്തിന്, ആദിവാസി പിന്നാക്ക കാര്യങ്ങള്‍ക്ക് എത്രമാത്രം തുക എം.പി ഫണ്ടില്‍ നിന്നും നിങ്ങളുടെ എം.പി‌യ്‌ക്ക് ചിലവഴിക്കാനായെന്ന് ചോദിക്കാം.

ഇതു കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്‍ പ്രോജക്‍റ്റുകള്‍ക്ക് എത്രമാത്രം ശ്രമിച്ചിട്ടുണ്ട് അതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്. റെയില്‍വേ പോലുള്ള വികസനത്തില്‍ കേരള എം.പി മാരെ-അവര്‍ എത് രാഷ്‌ട്രീയപാര്‍ട്ടി അംഗവുമാകട്ടെ- കുറ്റം പറയുന്നതില്‍ കാര്യമില്ല. കാരണം ഇതു ഒരു തരം ലോബിയിംഗിന്റെയും ബ്ലാക്ക് മെയിലിംഗിന്റെയും രീതിയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലകൊള്ളുന്നത്.

സ്വകാര്യ സംരഭങ്ങളെ ആകര്‍ഷിക്കാനും ഒരു എം.പിയുടെ പ്രവര്‍ത്തനത്തിനാകും, കൊല്ലം,കോ ട്ടയം പോലെയുള്ള സ്ഥലങ്ങളില്‍ കശുവണ്ടി,റബര്‍ പോലുള്ള മേഖലകളില്‍ ഇത്തരം വന്‍‌കിട,ഇടത്തരം പദ്ധതികള്‍ വരുന്നത് പുതിയ തൊഴിലവസരവും ഇതുമായി ബന്ധപ്പെട്ട വികസനവും കൊണ്ട്‌വരാനും ആകും. മാത്രമല്ല കാഷ്യു ബോര്‍ഡ്,റബര്‍ ബോര്‍ഡ്, ഇവയുമായി ബന്ധപ്പെട്ട റിസര്‍ച്ച് ഇന്‍സ്‌റ്റിട്യൂട്ട് എന്നിവ കൊണ്ട് വരേണ്ടതും ഒരു എം.പിയുടെ മുന്‍‌ഗണനാ വിഷയത്തില്‍പ്പെടേണ്ടതാണ്.

പിന്നെ കേരളത്തിന്റെ പൊതുവായ വികസനത്തിന് എന്തു ചെയ്‌തു എന്ന് കൂടി നോക്കണം, അതായത് നമ്മുടെ മണ്ഡലത്തിന്റെ അതിര്‍വരമ്പിനപ്പുറത്തേക്കും എം.പി ക്ക് പോകാനാകും, പോകണം. ഉദാഹരണത്തിന് എച്.എ.എല്‍ പോലെയുള്ള ഒരു കേന്ദ്ര പൊതു മേഖലാസ്ഥാപനത്തിന് ചിലപ്പോള്‍ എല്ലാ എം.പി മാരുടെയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനവും തുടര്‍ സമ്മര്‍ദ്ദങ്ങളും ആവശ്യമായി വരും.പ്രസ്‌തുത സംരഭം എന്റെ മണ്ഡലത്തില്‍ തന്നെ വേണം എന്ന് ഓരോ എം.പി മാരും വാശി പിടിച്ചാല്‍ കേരളത്തില്‍ നിന്ന് തന്നെ ഈ വന്‍സ്ഥാപനം വിട്ട് പോകാന്‍ കാരണമായേക്കാം, അതായത് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിനും വിഴിഞ്ഞം തുറമുഖപദ്ധതിയുടെയും ചുമതല അവിടുത്തെ എം.പി മാര്‍ക്ക് മാത്രമല്ല, ഇത്തരം പദ്ധതികളില്‍ നിങ്ങളുടെ മുന്‍ എം.പി എത്ര സക്രീയമായി ഇടപെട്ടിട്ടുണ്ട് എന്നും പരിശോധിക്കാം.

ഇതു കൂടാതെ, എത്ര ശതമാനം ഹാജര്‍ സഭയില്‍ ഉണ്ട്. എത്ര സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. എത്ര ചോദ്യങ്ങള്‍, ഉപചോദ്യങ്ങള്‍ എന്നിവ ഉന്നയിച്ചു എന്നിവയും നോക്കാം, പക്ഷെ ക്രമപ്രശ്‌നങ്ങളും സഭയുടെ നടപടിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഒഴിവാക്കി വേണം ഈ വിശകലനം നടത്തുവാന്‍, കാരണം വര്‍ക്കല രാധാകൃഷ്‌ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ പരിചയ സമ്പന്നരായ അംഗങ്ങള്‍ സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കാറുണ്ട് എന്നാല്‍ ആദ്യം സഭയില്‍ അംഗമാകുന്ന എം.പി ഈക്കാര്യത്തില്‍ ഒരു ചോദ്യവും ചോദിക്കാനുമിടയില്ല അതിനാലാണ് സഭയുമായി അതിന്റെ നടത്തിപ്പുമായി ചേര്‍ന്ന ചോദ്യങ്ങള്‍ ഒഴിവാക്കി വിലയിരുത്തണമെന്ന് ഉദ്ദേശിച്ചത്.
എം.പി യുടെ ഓഫീസിന്റെ പ്രവര്‍ത്തനവും താരതമ്യപ്പെടുത്താം. എമര്‍ജന്‍സി ക്വോട്ടയിലെ ട്രെയിന്‍ ടിക്കറ്റ് എത്ര പേര്‍ക്ക് നല്‍കി അതില്‍ എത്ര പാര്‍ട്ടി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടിയിലെ എത്ര പേര്‍ക്ക് ഇത്തരത്തിലെ എത്ര ടിക്കറ്റ് കിട്ടി. പിന്നെ കോണ്‍‌ഗ്രസ് ആയാലും സി.പി.ഐ(എം) ആയാലും എം.പി ഓഫീസ് അവരവരുടെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയാണോ എന്നും നോക്കുന്നത് ഉചിതമായിരിക്കും.
എം.പി എന്ന നിലയില്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി വ്യത്യാസം മറികടന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പണ്ട് എ.കെ.ജി ഇത്തരത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ കടന്നും പ്രക്ഷോഭ സമരത്തില്‍ പങ്കാളിയായിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഈ കാലത്ത് എം.പി ആയാലും എം.എല്‍.എ ആയാലും അതാത് പാര്‍ട്ടിയുടെ തടവറയ്‌ക്കുള്ളിലാണ് അവരുടെ അഭിപ്രായവും ചെയ്‌തികളും, ഇതു മാറണം.

Saturday, March 21, 2009

ഇ-പുസ്‌തകം വാങ്ങുന്നില്ലേ?


ചോദ്യം വായിച്ച്‌, ഏത്‌ ശ്രേഷ്‌ഠ ഗ്രന്ഥത്തെക്കുറിച്ചാണ്‌ പറയാനുദ്ദേശിക്കുന്നത്‌ എന്ന്‌ ജിജ്‌ഞാസ പിടിക്കാന്‍ വരട്ടെ. ഇവിടെ പരിചയപ്പെടുത്താനുദ്ദേശിക്കുന്നത്‌ ഇലക്‌ട്രോണിക്‌ പുസ്‌തകത്തെയാണ്‌. ആയിരത്തിലേറെ പുസ്‌തകങ്ങളെ 'ഈസി'യായി കൈകാര്യം ചെയ്യാനനുവദിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണമാണ്‌ ഇ-ബുക്ക്‌ റീഡര്‍ അഥവാ ഇലക്‌ട്രോണിക്‌ പുസ്‌തക ഉപകരണം. കഴിഞ്ഞ 550 വര്‍ഷമായി സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സ്വാംശീകരിച്ച്‌ പുസ്‌തകത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ മാറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്നതാണ്‌ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ പുസ്‌തകഘടനയിലേക്ക്‌ നേരിട്ട്‌ കടന്നുവരുന്നതിന്റെ ഉദാഹരണങ്ങള്‍. ഡി.ടി.പി, കംപ്യൂട്ടര്‍ ടു പ്ലേറ്റ്‌, ഡിജിറ്റല്‍ കവര്‍ ഡിസൈന്‍, ലേ ഔട്ട്‌ സോഫ്‌ട്‌വെയര്‍....തുടങ്ങിയ നവീന സൗകര്യങ്ങളോടെ പുസ്‌തകത്തിന്റെ കെട്ടുംമട്ടും മാറ്റി പരിഷ്‌കരിക്കുന്നതില്‍ ഇലക്‌ടോണിക്‌/കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ പുസ്‌തക നിര്‍മ്മിതിയെ പരോക്ഷമായി സഹായിച്ചിട്ടുണ്ട്‌. വളരെ പതുക്കെയും ക്രമാനുഗതമായുമെത്തിയ ഇത്തരം ചെറിയ മാറ്റങ്ങള്‍ പുസ്‌തകത്തിന്റെ നിര്‍മ്മിതിസമയത്തെയും വിലയേയും ഒരു പരിധിവരെ കുറയ്‌ക്കാനും ഒപ്പം അക്ഷരത്തെറ്റ്‌, മോശം പേജ്‌ രൂപഘടന എന്നിവ പരമാവധി കുറച്ച്‌ മികവാര്‍ന്ന വായനാ സൗകര്യം ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ടെന്നത്‌ അച്ചടി സാങ്കേതിക വിദ്യയുടെ സമീപകാലചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം.


എന്നാല്‍ ഇ-ബുക്ക്‌ റീഡര്‍ എന്ന ഉപകരണം ബുക്കിന്റെ കാഴ്‌ചപ്പാടില്‍ നിന്നും കടലാസ്‌ എന്ന പ്രധാന കഥാപാത്രത്തെ പൂര്‍ണമായും മാറ്റുകയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക വില്‌പനശാലയായ ആമസോണ്‍ ഡോട്ട്‌ കോം പുറത്തിറക്കിയിരിക്കുന്ന കിന്‍ഡില്‍ (kindle) ഇത്തരത്തിലെ ഇന്ന്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച കടലാസ്‌ രഹിത പുസ്‌തകമാണെന്ന്‌ പറയാം. ആമസോണിന്റെ ഉപസ്ഥാപനമായ(subsidiary) ലാബ്‌ 126 ആണ്‌ കിന്‍ഡില്‍ വികസിപ്പിച്ചെടുത്തത്‌. ഇ-ബുക്ക്‌ റീഡറിന്‌ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന്‌ പ്രവചിച്ചിരുന്ന മിക്ക പോരായ്‌മകളെയും ഇല്ലാതാക്കിക്കൊണ്ടാണ്‌ പുതിയ പതിപ്പായ കിന്‍ഡില്‍ 2 രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. കടലാസ്‌ പുസ്‌തകം ഉണ്ടാക്കിയ cultural identity യെ മറികടക്കാന്‍ പ്രയാസമാണെന്ന്‌ കരുതിയാകണം ഇതിന്റെ രൂപകല്‌പന സാധാരണ പുസ്‌തകത്തിനോട്‌ മത്സരിക്കാനെന്നപോലെ ആക്കിയെടുത്തത്‌.
' തുടക്കം മാത്രമാണ്‌. ലോകത്തെ ഏത്‌ ഭാഷയില്‍ മുദ്രണം ചെയ്യപ്പെട്ട ഏത്‌ പുസ്‌തകവും അറുപത്‌ നിമിഷത്തിനുള്ളില്‍ കിന്‍ഡിലിലേക്ക്‌ എത്തിക്കുകയെന്നതാണ്‌ ഞങ്ങളുടെ പദ്ധതി. അത്‌ സാധിക്കുന്നത്‌ വരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ' . ഇതാണ്‌ അതിരുകടന്ന ആത്മവിശ്വാസം സ്‌ഫുരിക്കുന്ന ആമസോണ്‍ പ്രവര്‍ത്തകരുടെ അവകാശവാദം.

2007 നവംബറിലായിരുന്നു കിന്‍ഡലിന്റെ ആദ്യപതിപ്പിന്റെ കടന്നുവരവ്‌. 2009 ഫെബ്രുവരിയില്‍ കിന്‍ഡില്‍ 2 ഉം വായനക്കാരിലേക്ക്‌ എത്തി. ഒരു പുസ്‌തകപേജിന്റെ അത്ര വലിപ്പമുള്ള സ്‌ക്രീനും, ഇത്‌ പ്രവര്‍ത്തിപ്പിക്കാനും പുസ്‌തകങ്ങള്‍ ഡിജിറ്റലായി സൂക്ഷിച്ച്‌ വയ്‌ക്കാനുള്ള സംഭരണോപാധിയും(memory) അടങ്ങിയതാണ്‌ ഇതിന്റെ ഹാര്‍ഡ്‌വെയര്‍. ഹാര്‍ഡ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച്‌ വായിക്കാനും ഉപയോക്താക്കളുടെ ആവശ്യാനുസരണമുള്ള ക്രമീകരണങ്ങള്‍ വരുത്താനും സാഹായിക്കാനായി ഒരൂ സോഫ്‌ട്‌വെയറും കൂട്ടിയിണക്കിയിട്ടുണ്ട്‌. മൊബൈല്‍ ഫോണിലേതുപോലെയുള്ള നിയന്ത്രണ ബട്ടനുകളും ഒരു ചെറിയ (querty) കീ ബോര്‍ഡും കിന്‍ഡിലിന്റെ കീഴറ്റത്തായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ഒരു സമയം ചിത്രീകരണമില്ലാത്ത(non-illustrated) ഇരൂന്നൂറ്‌ പുസ്‌തകങ്ങള്‍ 290 ഗ്രാം മാത്രം ഭാരമുള്ള ഈ ഉപകരണത്തില്‍ ഇരുന്നുകൊള്ളും. എട്ട്‌ ഇഞ്ച്‌ നീളവും അഞ്ചേകാല്‍ ഇഞ്ച്‌ വീതിയുമുള്ള കിന്‍ഡില്‍ 2 ന്റെ കനം ഒരിഞ്ചിന്റെ മൂന്നിലൊന്ന്‌ (9.1 മി.മീറ്റര്‍) മാത്രവും! അതായത്‌ സാമാന്യം ഒരു ബുക്കിന്റെ അത്രയും വലിപ്പവും ഭാരവുമേ ഇരുന്നൂറ്‌ പുസ്‌തകങ്ങളെ ഉള്‍ക്കൊള്ളാവുന്ന കിന്‍ഡില്‍ 2 ന്‌ ഉള്ളൂ. ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിനാല്‍ ഒരു പുസ്‌തകമായാലും ഇരുന്നൂറ്‌ പുസ്‌തകമായാലും ഭാരത്തില്‍ ഏറ്റക്കുറവ്‌ വരില്ലെന്ന്‌ പറയേണ്ടതില്ലല്ലോ!

ആമസോണില്‍ ലഭ്യമായിരിക്കുന്ന ലക്ഷണക്കണക്കിന്‌ പുസ്‌തകത്തില്‍ നിന്ന്‌ ആവശ്യമുള്ളത്‌ ഒരു മിനിട്ടിനുള്ളില്‍ തന്നെ ഡൌണ്‍ലോഡ്‌ ചെയ്‌തെടുക്കാം. സാധാരണ പുസ്‌തകത്തിനേക്കാളും വളരെ കുറഞ്ഞ നിരക്കിലാണ്‌ ആമസോണ്‍ അധികൃതര്‍ ഇത്‌ ലഭ്യമാക്കിയിട്ടുള്ളത്‌. അച്ചടി വിതരണച്ചിലവുകളുമില്ലല്ലോ! ഒരിക്കല്‍ ഒരു പുസ്‌തകം വാങ്ങിയാല്‍ പിന്നീട്‌ എപ്പോള്‍ ഇത്‌ കിന്‍ഡിലേക്ക്‌ വാങ്ങാനും പണം മുടക്കേണ്ടതില്ല എന്ന പ്രത്യേകതയും ഉണ്ട്‌. 200 പുസ്‌തകമല്ലേ ഒരു കിന്‍ഡിലില്‍ നിലവില്‍ ഉള്‍ക്കൊള്ളിക്കാനാകൂ. ഇത്‌ മറികടക്കാനാണ്‌ വായിച്ച പുസ്‌തകം ഡിലീറ്റ്‌ ചെയ്‌തോളൂ എന്ന സൗകര്യത്തില്‍ അത്‌ പിന്നീട്‌ സൗകര്യാര്‍ത്ഥം റഫര്‍ ചെയ്യാനോ വായിക്കാനോ സൗജന്യമായി ഡൌണ്‍ലോഡ്‌ അനുവദിക്കുന്നത്‌. എന്തിനേറെ പറയുന്നു കിന്‍ഡിലില്‍ മാത്രം ലഭ്യമായ ഒരു നോവല്‍ വരെ വിപണിയില്‍ എത്തിക്കഴിഞ്ഞു. സ്റ്റീഫന്‍ കിംഗ്‌ രചിച്ച്‌ 'UR' എന്ന നോവലിന്‌ അച്ചടിപ്പതിപ്പില്ല, കിന്‍ഡില്‍ പതിപ്പേയുള്ളൂ!! 2.99 യു.എസ്‌ ഡോളര്‍ നല്‍കി 'UR' കൈകളിലെത്തിക്കാം.

തീര്‍ന്നില്ല കിന്‍ഡില്‍ വിശേഷങ്ങള്‍, അച്ചടി പുസ്‌തകത്തിന്‌ സാധിക്കാത്ത ചില സവിശേഷ സൗകര്യങ്ങളും ഇത്തരത്തിലെ ഉപകരണങ്ങള്‍ക്ക്‌ സ്വന്തമാണല്ലോ. ദി ന്യൂ ഒക്‌സ്‌ഫഡ്‌ അമേരിക്കന്‍ ഡിക്ഷണറിയുടെ രണ്ടരലക്ഷം പദാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-പതിപ്പ്‌ ഇതില്‍ വിദഗ്‌ദമായി, അതീവ സൗകര്യപ്രദമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വായന പുരോഗമിക്കവേ പദാര്‍ത്ഥം അറിയാതെ കുഴങ്ങുന്ന വാക്കുകള്‍ക്ക്‌ മുകളില്‍ കീ ബട്ടനുകളുടെ സഹായത്തോടെ തിരഞ്ഞാല്‍ വാക്കിന്റെ അര്‍ത്ഥവും അനുബന്ധ വിവരങ്ങളും സ്‌ക്രീനിലെത്തും. അക്ഷരങ്ങളുടെ വലിപ്പം കാഴ്‌ചയ്‌ക്കനുസരിച്ച്‌ ക്രമീകരിക്കാമെന്ന്‌ മാത്രമല്ല Text-to-Speech സൗകര്യത്തിലൂടെ വായിക്കാനുള്ള ഭാഗം കേട്ടും മനസിലാക്കാം. ആണ്‍-പെണ്‍ ശബ്‌ദത്തിലൊന്ന്‌ തീരഞ്ഞെടുക്കേണ്ട താമസമേയുള്ളൂ. ഇത്‌കൂടാതെ വായനയുടെ ഇടവേളകളിലോ മറ്റോ സംഗീതം ആസ്വദിക്കാനായി എം.പി 3 പോലുളളവയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. ആമസോണ്‍ നല്‍കുന്ന പുസ്‌തകങ്ങള്‍ കൂടാതെ പ്രോജക്‌ട്‌ ഗുട്ടണ്‍ബര്‍ഗ്‌, ഫ്രീ കിന്‍ഡില്‍ ബുക്‌സ്‌ എന്നീ ഇടങ്ങളില്‍ നിന്നും പുസ്‌തകം പകര്‍ത്തിയെടുക്കാം. വിക്കീപീഡിയ, ബ്ലോഗുകള്‍ എന്നിവ വായിക്കുന്നതോടൊപ്പം ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാള്‍സ്‌ട്രീറ്റ്‌ ജേണല്‍, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, യുഎസ്‌എ ടുഡേ എന്നീ ദിനപത്രങ്ങളുടെയും ടൈം മാഗസിന്‍, ന്യൂസ്‌ വീക്ക്‌ പോലുള്ള പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരനാകാം, വായിക്കാം.

ഇതൊക്കെ കൊണ്ടാകണം ടോണി മോറിസനെ (1993 നോബര്‍ സമ്മാനിത, 1988 പുലിസ്റ്റര്‍ പ്രൈസ്‌) പോലെയുള്ള വിഖ്യാത എഴുത്തുകാര്‍ വരെ കിന്‍ഡിലിന്‍രെ വരവില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുന്നത്‌. പുസ്‌തകത്തോട്‌ മത്സരിക്കാനാണെന്ന്‌ തോന്നലുണ്ടാകുന്നത്‌ പോലെയാണ്‌ 16 വിവിധ ചാരവര്‍ണത്തിലുള്ള (Gray Colur Shades) വിന്യാസം സ്‌ക്രീനിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ കളര്‍ സ്‌ക്രീന്‍ ഇല്ലാത്തത്‌ ഒരു പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്‌. മസാച്‌സൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഇ-ഇങ്ക്‌ സാങ്കേതിക വിദ്യയാണ്‌ കിന്‍ഡിലിലെ സ്‌ക്രീനിന്‌ മേന്മയേകുന്നത്‌. ആമസോണിന്റെ ഉടമ ജെഫ്‌ ബെസോസ്‌ ഇതിനെ ഒരു ഉപകരണമായല്ല മറിച്ച്‌ ഒരു നവീന സേവനമായാണ്‌ വിലയിരുത്തുന്നത്‌. സാധാരണ മൊബൈല്‍ ഫോണിനും ലാപ്‌ടോപ്പ്‌കംപ്യൂട്ടറിനും ഉപയോഗിച്ചിരിക്കുന്ന സ്‌ക്രീനിന്‌ സാമാന്യം ശക്തിയേറിയ വെളിച്ചമുള്ള പരിസരത്ത്‌ വായിക്കുന്നതിന്‌ ഗ്ലെയര്‍, ബാക്ക്‌ ലൈറ്റ്‌ പോലുള്ള ചില തടസങ്ങളുണ്ട്‌. എന്നാല്‍ കിന്‍ഡിലിന്റെ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ലിക്വിഡ്‌ ക്രിസ്റ്റല്‍ ഡിസ്‌പ്ലേയുടെതില്‍ നിന്നും വിഭിന്നമായതിനാല്‍ ഇത്തരം പ്രശ്‌നങ്ങളുമില്ല. അതുകൊണ്ട്‌ തന്നെ ബീച്ചിലോ ട്രാഫിക്‌ കുരുക്കില്‍പ്പെട്ടിരിക്കുന്ന കാറിനുള്ളിലെ വിരസതയകറ്റാനോ കിന്‍ഡില്‍ വായിക്കാം.

ന്യൂനതകള്‍: നിര്‍മ്മാതാക്കളായ ആമസോണ്‍ ബോധപൂര്‍വ്വം വരുത്തിയ ചില ഇടപാടുകള്‍ ഭാവിവാണിജ്യതന്ത്രങ്ങളുടെ ഭാഗമായുള്ളതാണെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്ന ഉപഭോക്താവിന്‌ ലഭിക്കേണ്ട സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന തരത്തിലുള്ളതാണ്‌. ആമസോണ്‍ നിര്‍ദ്ദേശിക്കുന്ന ഫയല്‍ ഫോര്‍മാറ്റിലുള്ളവയെ (.azw) ആണ്‌ കിന്‍ഡില്‍ പിന്തുണയ്‌ക്കുന്നത്‌. അതായത്‌ ഭാവിയില്‍ മറ്റൊരു ഇ-പുസ്‌തകസേവന ദാതാവിനോ ആ സ്ഥാപനത്തിന്റെ പുസ്‌തകം കിന്‍ഡിലില്‍ വായിക്കുന്നതിനോ സാങ്കേതിക പ്രശ്‌നം നേരിട്ടേക്കാം. ഏത്‌ ഫയലിനേയും പിന്തുണയ്‌ക്കുന്ന രീതിയിലാകേണ്ടിയിരുന്നു. പുസ്‌തകത്തിന്റെ ഈ രണ്ടാം അവതാരം (book 2.0) അണിയിച്ചൊരുക്കേണ്ടിരുന്നത്‌. പി.ഡി.എഫ്‌, ഡോക്ക്‌, പി.എന്‍.ജി ഒക്കെ പുനക്രമീകരിച്ച്‌ ആമസോണ്‍ ഫോര്‍മാറ്റിലാക്കാമെന്ന്‌ (.azw) കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വരുംകാലത്ത്‌ ഇതിന്‌ സാമാന്യം തരക്കേടില്ലാത്ത സേവന കൂലിയോ അല്ലെങ്കില്‍ പുസ്‌തക വിപണിയിലെ പ്രതിയോഗികളെ നിയന്ത്രിക്കാനുള്ള ഉപായമോ ആയി ആമസോണ്‍ കണ്ടേക്കാനുള്ള സാധ്യത കൂടുതലാണ്‌. ഫയല്‍ ഫോര്‍മാറ്റ്‌ കണ്‍വര്‍ട്ട്‌ ചെയ്യുക എന്നത്‌ തീരെ ദുര്‍ബലമായ സാങ്കേതിക ന്യായമാണ്‌. കിന്‍ഡിലിന്റെ ഒന്നാം പതിപ്പില്‍ പുറത്തുനിന്ന്‌ സംഭരണോപാധികള്‍ (SD card) കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത പതിപ്പില്‍ - കിന്‍ഡില്‍ 2 - ഈ സൗകര്യം അവസാനിപ്പിക്കുകയും ചെയ്‌തു എന്നത്‌ ഇ-പുസ്‌തക ആരാധകര്‍ക്ക്‌ നിരാശയാണ്‌ സമ്മാനിച്ചത്‌.
*******

കിന്‍ഡില്‍2.0 ഒറ്റനോട്ടത്തില്‍

അളവ്‌: 20.32 നീളം, 13.46 സെ.മീ. വീതി, 9.1 മീ.മീ കനം
ഭാരം: 289.17 ഗ്രാം
സംഭരണശേഷി : 2 ജിഗാബൈറ്റ്‌ (ഇതില്‍ 1.4 ജിഗൈബൈറ്റ്‌ ഉപയോഗത്തിനും ശേഷിച്ച ഭാഗം തനത്‌ ഉപയോഗ സോഫ്‌ട്‌വെയറിനും).
ബാറ്ററി ശേഷി : വയര്‍ലെസ്‌ സംവേദനോപാധി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണെങ്കില്‍ നാലു ദിവസം ഇല്ലെങ്കില്‍ രണ്ടാഴ്‌ച വരെ. ലഭ്യമായ തരംഗങ്ങളുടെ ശക്തിക്കനുസരിച്ച്‌ ഇതില്‍ നേരിയ മാറ്റം വരാം.
ബാറ്ററി ചാര്‍ജിംഗ്‌ സമയം: നാലു മണിക്കൂര്‍ കൊണ്ട്‌ ബാറ്ററിയുടെ വിശപ്പ്‌ പൂര്‍ണമായും അകറ്റാം!
ശബ്‌ദം: സിറ്റീരിയോ ഓഡിയോ ജാക്ക്‌ ഘടിപ്പിക്കാനുള്ള സൗകര്യം ഉണ്ട്‌. കൂടാതെ സ്റ്റീരിയോ സ്‌പീക്കറും പിന്‍വശത്ത്‌ ഉള്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുണ്ട്‌.
പുസ്‌തകം: ചിത്രീകരണമില്ലാത്ത 200 പുസ്‌തകങ്ങള്‍ നിറയ്‌ക്കാം (ശരാശരി).
വില: 359 യു. എസ്‌. ഡോളര്‍.
പുതിയ പതിപ്പ്‌: കിന്‍ഡില്‍ 2 (2009 ഫെബ്രുവരി).

Saturday, March 14, 2009

തെരഞ്ഞെടുപ്പുകാലത്തെ സൈബര്‍ ചുവരെഴുത്തുകള്‍

തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ചരിത്രത്തില്‍ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയ്‌ക്കുള്ള ബന്ധം ഇഴപിരിക്കാനാകാത്തതാണ്‌. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ രംഗം മുമ്പെങ്ങുമില്ലാത്ത പുതിയ സൗകര്യങ്ങളെ അഭിമുഖീകരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബറാക്ക്‌ ഹുസൈന്‍ ഒബാമ പയറ്റിയതും ഇതേ തന്ത്രങ്ങളാണ്‌. ഇന്ത്യയിലാകട്ടെ ഗുജറാത്ത്‌, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ മിക്ക രാഷ്ട്രീയപാര്‍ടികളും ഡിജിറ്റല്‍ ഡിസൈനര്‍മാരുടെയും വെബ്‌രൂപകല്‍പനചെയ്യുന്നവരുടെയും സഹായം തേടുകയും വിജയകരമായി ഉപയോഗിക്കുകയും ചെയ്‌തു. വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥികളും സൈബര്‍ ചുവരെഴുത്തുകളുടെ മേഖലയില്‍ ശ്രദ്ധയൂന്നുമെന്നത്‌ നിസ്‌തര്‍ക്കം.

ഇന്നലെകളിലെ പ്രചാരണതന്ത്രങ്ങള്‍
40വര്‍ഷംമുമ്പ്‌ ചുവരെഴുത്ത്‌ എന്ന പരസ്യതന്ത്രം തന്നെ അപൂര്‍വമായിരുന്നു. നാം ഇന്ന്‌ കാണുന്നതുപോലെയുള്ള ഇഷ്ടിക/വെട്ടുകല്ല്‌ കൊണ്ടുണ്ടാക്കിയ ചുവരും അത്യപൂര്‍വമായിരുന്നു അന്നത്തെ സമൂഹത്തില്‍. കയ്യാല (മണ്ണുകൂട്ടി അടിച്ചൊതുക്കി ഉണ്ടാക്കുന്ന അതിര്‍ത്തി അല്ലെങ്കില്‍ സംരക്ഷണഭിത്തി) യുടെമേല്‍ വെള്ളപൂശിയും അല്ലാതെയും എഴുതുന്നതായിരുന്നു ആദ്യകാല ചുവരെഴുത്ത്‌ തന്ത്രം. കടലാസ്‌ തോരണങ്ങളും പോസ്‌റ്ററുകളും അക്കാലത്ത്‌ അപൂര്‍വമായിരുന്നു. സിവില്‍ എന്‍ജിനിയറിങിലെ ചെറിയ മാറ്റം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ വന്‍മാറ്റത്തിന്‌ കാരണമായി. ഏകവര്‍ണ പോസ്‌റ്ററുകള്‍ ബഹുവര്‍ണപോസ്‌റ്ററുകള്‍ക്ക്‌ വഴിമാറി ബാനറുകളും ബോര്‍ഡുകളും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. മൈക്രോഫോണും കോളാമ്പിയും (ലൗഡ്‌ സ്‌പീക്കര്‍) ഇല്ലാത്ത കാലത്ത്‌ മെഗഫോണിലൂടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ്‌ നടക്കുന്നഭൂതകാലത്തെ, മോട്ടോര്‍വാഹനങ്ങളില്‍ ഇരുന്ന്‌ സിഡി പ്ലെയറിലോ കാസറ്റ്‌ പ്ലെയറിലോ ഇട്ട്‌ പ്രസംഗം കേള്‍പ്പിക്കുന്ന രീതി മാറ്റിമറിച്ചു.

വര്‍ത്തമാനകാലത്തിലേക്ക്‌
അമ്പത്‌ വര്‍ഷത്തെ പ്രചാരണതന്ത്രങ്ങള്‍ക്കും ആശയപ്രചാരണത്തിനും ഘടനാപരമായി വലിയ വ്യത്യാസങ്ങളില്ല. എന്നാല്‍,വിവര സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിലൂടെ ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ നമ്മുക്ക്‌ മുന്നിലേക്ക്‌ എത്തിക്കുക ആശയസംവേദനത്തിന്റെ സൈബര്‍ വഴികളിലൂടെയാകും. അടുത്തിടെ സമാപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചു വിജയിച്ച തന്ത്രങ്ങള്‍ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടിയ കംപ്യൂട്ടര്‍, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍ സാന്ദ്രതയുള്ളത്‌ കേരളത്തിലാണെന്നത്‌ ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുടെ അനിവാര്യതയുടെ ചൂണ്ടുപലകയാണ്‌. ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രവഴികളില്‍ മുഖ്യഎതിരാളി മക്‌യിന്‍ ബഹുദൂരം പിന്നിലായിരുന്നു. ഒരവസരത്തില്‍ ഒബാമയുടെ ഡിജിറ്റല്‍ പ്രചാരണശൈലി കണ്ട്‌ അല്‍ഭുതപ്പെട്ട്‌ മക്‌യിന്‍ `Becoming computer Literate' (ഞാനും കംപ്യൂട്ടര്‍ സാക്ഷരന്‍ ആയിക്കൊണ്ടിരിക്കുന്നു) എന്ന്‌ പറഞ്ഞുപോയി. കേവലം 160 അക്ഷരങ്ങളില്‍ താഴെമാത്രം വരുന്ന എസ്‌എംഎസ്‌ സന്ദേശം മൊബൈല്‍ ഫോണിലേക്ക്‌ അയച്ചാണ്‌ ഒബാമ തന്റെ തന്ത്രങ്ങള്‍ പുറത്തെടുത്തത്‌. പ്രാഥമിക റൗണ്ടില്‍ ഹിലാരി ക്ലിന്റണിനെ പിന്തള്ളാനും മുഖ്യതെരഞ്ഞെടുപ്പില്‍ മക്‌യിനെ നിഷ്‌പ്രഭനാക്കാനും 160 അക്ഷരം മാത്രംവരുന്ന ഈ നവവേദനോപാധി ഒബാമയെ ഏറെ സഹായിച്ചു. തന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബിഡാന്‍ (Joebiden) ആണെന്ന്‌ ഒബാമ പ്രഖ്യാപിച്ചത്‌ 29 ലക്ഷം അമേരിക്കക്കാരിലേക്ക്‌ മൊബൈല്‍സന്ദേശം അയച്ചുകൊണ്ടാണ്‌. 26 വാക്ക്‌ മാത്രംവരുന്ന ഈ മെസേജും അതിന്റെ മറുപടിയും കാരണം മൊബൈല്‍ സെര്‍വര്‍ പോലും ജാമായി. മൊബൈല്‍സന്ദേശം വ്യക്തിപരമാക്കിയതാണ്‌ ഒബാമ കൈവരിച്ച പ്രധാനനേട്ടം. സന്ദേശം ലഭിച്ച മിക്കവരും ലഭിച്ച മൊബൈല്‍നമ്പര്‍ `ഒാമാനമ്പര്‍' എന്ന്‌ സേവ്‌ ചെയ്‌തു. ഇതു മാത്രമല്ല മുഴുവന്‍ സമയ എസ്‌എംഎസ്‌ ചാനലും ഒബാമ ടീം തുറന്നു. GO എന്ന സന്ദേശം 62262 എന്ന നമ്പരിലേക്ക്‌
അയച്ചാല്‍ ഒബാമയുടെ പ്രചാരണവിവരങ്ങള്‍ മുറയ്‌ക്ക്‌ ലഭിച്ചു തുടങ്ങും. 62262 എന്ന നമ്പരിനും പ്രത്യേകതയുണ്ട്‌. മൊബൈല്‍ ഫോണിലെ 6 എന്ന അക്കം O എന്ന ഇംഗ്ലീഷ്‌ അക്ഷരത്തെയും 2 എന്ന അക്കം B എന്നതിനെയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ 62262=OBAMA. മൊബൈല്‍ സന്ദേശവരിക്കാര്‍ക്ക്‌ പ്രാദേശികമായ പ്രചാരണ പരിപാടിയുടെ സന്ദേശങ്ങള്‍ അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്‌ ഇന്ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ കവലയില്‍ പ്രസംഗമുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന സന്ദേശം പ്രചാരണപരിപാടിക്ക്‌ കൂടുതല്‍ ആളെ കിട്ടാന്‍ സഹായിച്ചു. ഇതുകൂടാതെ റിങ്‌ടോണ്‍ പന്ത്രണ്ടെണ്ണം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തയ്യാറാക്കി. തന്മൂലം ആള്‍ക്കൂട്ടത്തിലോ മറ്റോ ഫോണ്‍ ശബ്ദിക്കുമ്പോള്‍ സാധാരണബെല്ലിന്‌ പകരം ഒബാമയുടെ വോട്ടഭ്യര്‍ഥനയുള്ള തീം മ്യൂസിക്കാണ്‌ ലഭിച്ചത്‌.
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഇടുന്ന വാള്‍പേപ്പറുകള്‍, മൊബൈല്‍ഫോണ്‍ തീം എന്നിവകൊണ്ടും സമ്പന്നമായിരുന്നു ഒാമയുടെ ഡിജിറ്റല്‍ കാംപയിന്‍. ഫേസ്‌ബുക്ക്‌, മൈസ്‌പേസ്‌, ഓര്‍ക്കൂട്ട്‌ പോലുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സങ്കേതങ്ങളും ബ്ലോഗ്‌ എന്ന മാധ്യമരൂപവും ഒബാമയുടെ ടീം സമര്‍ഥമായി ഉപയോഗിച്ചു. യു ട്യൂബ്‌ വീഡിയോ ഷെയറിങ്‌ വെബ്‌സൈറ്റില്‍ ഒബാമ ടിവി ചാനല്‍ എന്ന പേജ്‌ തന്നെ തുടങ്ങി. ചെറിയ പൊതുയോഗ ദൃശ്യങ്ങള്‍ പോലും ഒപ്പിയെടുത്ത്‌ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതില്‍ വോട്ടര്‍മാര്‍ ഉത്സാഹം കാട്ടി. ഇലക്‌ഷന്‍ സാമഗ്രികള്‍ വിതരണംചെയ്യാനും അടുത്തദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യാനും http://barackobama.com എന്ന വെബ്‌സൈറ്റാണ്‌ വേദിയായത്‌.

സൈബര്‍തന്ത്രങ്ങള്‍ കേരളത്തില്‍

ഒബാമയുടേതുപോലെയുള്ള സമഗ്ര ഡിജിറ്റല്‍ സാധ്യതകള്‍ കുറഞ്ഞപക്ഷം ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, കേരളത്തിലെ വര്‍ധിച്ച മൊബൈല്‍ സാന്ദ്രത കാണാതിരിക്കാനും ആകില്ല. സംസ്ഥാനത്ത്‌മൂന്നുപേരില്‍ ഒരാള്‍ മൊബൈല്‍വരിക്കാരനാണിപ്പോള്‍. ഇനിയുള്ള കാലം ചുവരെഴുത്തുകളെക്കാളും മനസില്‍ ഇടം പിടിക്കുന്നത്‌വ്യക്തിഗത എസ്‌എംഎസ്‌ സന്ദേശങ്ങളായിരിക്കും. ഒപ്പം ഓര്‍ക്കൂട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ പ്രചാരണങ്ങള്‍ക്കും കാഴ്‌ചക്കാരുണ്ടാകും. വിശേഷിച്ചും വിജയഭൂരിപക്ഷം വളരെ നേര്‍ത്തതാകുന്ന മണ്ഡലങ്ങളില്‍. ബ്ലോഗിങ്‌ പോലെയുള്ള മാധ്യമ രൂപങ്ങള്‍ ലോകത്തെവിടെയിരുന്നും വായിക്കാമെന്നതും ഇപ്പോള്‍ യൂണികോഡ്‌ ഫോണ്ടുകളുടെ വര്‍ധിച്ച സ്വീകാര്യതയോടെ മലയാളത്തില്‍ അനായാസം ഇത്‌ കൈകാര്യം ചെയ്യാമെന്നതും പ്രവാസിസമൂഹം ഉള്ള സ്ഥലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രചാരണോപാധിയാണ്‌. വിവരസമ്പുഷ്ടവും വ്യക്തമായ ലക്ഷ്യബോധവുമുള്ള ഒരുബ്ലോഗ്‌ വായിച്ചശേഷം നാട്ടിലുള്ള കുടുംബാംഗങ്ങളോട്‌ ഈ സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്യുന്നതാണ്‌ ഉചിതം എന്ന്‌ പറയുന്ന അവസ്ഥ ശാസ്‌ത്ര കല്‍പിത കഥയിലെ ഒരു ഏടല്ല മറിച്ച്‌ ഇന്നിന്റെ യാഥാര്‍ഥ്യമാണ്‌...സാധ്യതയാണ്‌.

(ദേശാഭിമാനി കൊല്ലം ഇലക്ഷന്‍ ഡയറിയിലെ ഒരു ലേഖനമായി കഴിഞ്ഞ ഡിസംബര്‍ മാസം- എഴുതിത്തയാറാക്കിയതാണ് ഈ കുറിപ്പ്. നാളെ ഇത് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലം സി.എസ്.ഐ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും. അഡ്വ. ജി.ജനാര്‍ദ്ദനക്കുറുപ്പ് ആദ്യ പ്രതി സ്വീകരിക്കും)

Thursday, March 12, 2009

പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം

മലയാള മനോരമ ദിനപത്രത്തിന്റെ മാര്‍ച്ച് ഏഴ് ശനിയാഴ്ച എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം’ എന്ന ചിന്താമധുരമായ കുറിപ്പ് വായിച്ച ‘പച്ച’യായ സന്തോഷം പങ്കുവയ്‌ക്കുന്നു.
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി ഈ ഉപവാസ കാലത്ത് പൊതുവില്‍ ജനങ്ങളുമായും പ്രത്യേകിച്ച് വിശ്വാസികളുമായും പങ്ക് വച്ച പരിസ്ഥിതി ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ പ്രകൃതിയ്‌ക്ക് പുണ്യകാലം ആകും. പ്രകൃതിയുമായി എത്രമാത്രം അടുത്ത് ഇടപെട്ട് ജീവിതകാലം ആസ്വാദ്യകരമാക്കാം എന്ന് ലേഖന രൂപേണ എഴുതുകമാത്രമല്ല, കാര്‍ബണ്‍ കാല്‌പ്പാട് കുറയ്‌ക്കാനാകുന്ന ഒട്ടേറെ ചെറുവിദ്യകള്‍ ലളിതമായ ഭാഷയില്‍ പങ്ക് വയ്‌ക്കുക കൂ‍ടിചെയ്യുന്നത് മറ്റ് മത/ജാതി/സാമൂഹിക അധ്യക്ഷന്മാര്‍ക്ക് കൂടി മാതൃകയാകട്ടെ.
പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ച് തീര്‍ക്കാനുള്ളതല്ലന്നും,വരും തലമുറയില്‍ നിന്ന് കടം വാങ്ങിയ ഭൂമിയില്‍ ഇത്തിരിനാള്‍ മാത്രം വാടകയ്‌ക്ക് താമസിക്കുകയാണ് നാം എന്നും മനസിലാക്കണം. കടം വാങ്ങിയ ഭൂമി അതുപോലെ തിരിച്ചേല്‍പ്പിക്കണമെങ്കില്‍ മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി മുന്നോട്ട് വയ്‌ക്കുന്നതും ഇന്ന് ലോകവ്യാപകമായി ചര്‍ച്ചചെയ്യുന്നതുമായ ഹരിതചിന്തകള്‍ മാത്രമാണാശ്രയം. ഗ്രീന്‍ ബില്‍ഡിംഗ്,ഗ്രീന്‍ എന്‍‌ജിനീയറിംഗ് എന്നിങ്ങനെ പലരാജ്യത്തും ഇക്കാലയളവില്‍ സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നില്‍ ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി സന്ദേശവും ഈ ദിശയിലുള്ളതായിരുന്നു - ‘കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കായ് ജീവിതശീലങ്ങള്‍ മാറ്റുക’-. ഇങ്ങനെയുള്ള ജീവിതശീലമാറ്റങ്ങള്‍ക്കുള്ള പ്രായോഗികമായതും ചിലവ് കുറഞ്ഞതുമായ നിര്‍ദ്ദേശങ്ങളാല്‍ വിവരസമ്പന്നമോ സമൃദ്ധമോ ആണ് കുറിപ്പിലുടനീളം.
ആഗോള തപനവും അതുമായുണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനവും ഒരു പതിറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം അന്ന് പ്രവചിച്ചതിലും ഭീകരമാകാനിടയുണ്ടന്ന് അപ്രതീക്ഷിതമായെത്തുന്ന സുനാമിയും ഈ മാര്‍ച്ചിലെ പൊള്ളുന്ന ചൂടും നമ്മോട് ഒരു താക്കീതെന്ന പോലെ പറയുന്നു. പ്രതിവിധികള്‍ക്കുള്ള സമയം ഇനിയും വൈകിയിട്ടില്ല. കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ നമുക്ക് വീടുകളിലും തൊഴിലിടങ്ങളിലും പിന്തുടരാ‍മെങ്കില്‍, കാര്‍ബണ്‍ ക്രെഡിറ്റ് പോലുള്ള സാമ്പത്തിക സഹായം വന്‍‌കിട ഊര്‍ജ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍-പൊതു മെഖലാ സംരഭങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തി വിഭവ ഉപയോഗത്തില്‍ ദക്ഷത ഉയര്‍ത്തി പ്രകൃതി സ്നേഹികളാകാന്‍ അനുവദിക്കുന്നു.
മനോരമ യുടെ ജലതരംഗവും പലതുള്ളി യുമൊക്കെ ഇതേ ഉദ്ദേശത്തില്‍ തന്നെയുള്ളതിനാല്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ഗ്രീന്‍ സല്യൂട്ട്.

Tuesday, March 10, 2009

ഞങ്ങളുടെ വിവാഹക്ഷണക്കത്ത്


പ്രീയ ബ്ലോഗര്‍മാരെ
ഞങ്ങള്‍ വിവാഹിതരാകുകയാണ്. 2009 ഏപ്രില്‍ 6 തിങ്കളാഴ്‌ച രാവിലെ 10.15 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചാണ് വിവാഹം
ഇതോടനുബന്ധിച്ച് ഏപ്രില്‍ 7 ന് ചൊവ്വാഴ്‌ച വൈകുന്നേരം 4 മുതല്‍ 7 വരെ കൊല്ലത്ത് ഹോട്ടല്‍ ഷാ ഇന്റര്‍നാഷണലില്‍ വച്ചും, ഏപ്രില്‍ 10 വെള്ളിയാഴ്‌ച വടകര കൃഷ്‌ണകൃപ ഓഡിറ്റോറിയത്തില്‍ വച്ചും-11മുതല്‍ 4 വരെ- റിസപ്‌ഷന്‍ ഉണ്ടായിരിക്കുന്നതാണ്.
വിവാഹചടങ്ങിലേക്കും റിസപ്‌ഷനിലേക്കും താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു
സ്‌നേഹാദരങ്ങളോടെ
വി.കെ ആദര്‍ശ് & സീമ ശ്രീലയം

വി.കെ ആദര്‍ശ്
S/o എസ്.കരുണാകരന്‍ പിള്ള & ജി.രാധാമണിയമ്മ
‘ആദര്‍ശ്’
വാഴപ്പള്ളി, ഉമയനല്ലൂര്‍ പി.ഓ,
കൊല്ലം. മൊബൈല്‍ : 93879 07485

സീമ ശ്രീലയം
D/o വി.കെ നാരായണന്‍ നായര്‍ & പി.എന്‍ രമണിയമ്മ
‘ശ്രീലയം’
തോടന്നൂര്‍ പി.ഓ, വടകര,
കോഴിക്കോട്.

ത്രിമാന വീഡിയോ ചാറ്റിന് തയാറായിക്കോളൂ

അമേരിക്കയിലെ ലാസ് വാഗസില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് മേളയില്‍ (CES 2009) പ്രദര്‍ശിപ്പിച്ച ത്രി ഡി വെബ് കാം കൌതുകമെന്നതിലുപരിയായി വ്യക്തിഗത ദൃശ്യസാങ്കേതിക വിദ്യയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയില്‍ കുട്ടികള്‍ നുണയുന്ന ഐസ് ക്രീം കോണുകള്‍ സ്‌ക്രീനും കടന്ന് എത്തുന്ന പ്രതീതി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചെങ്കില്‍ വിപണിയില്‍ വരാനിരിക്കുന്ന ത്രിമാന വെബ് കാം ഇനി വീഡിയോ ചാറ്റിനെ ത്രി ഡി വഴികളിലൂടെ ദൃശ്യസന്നിവേശത്തിന്റെ പുതിയ തലങ്ങളിലേക്കെത്തിക്കും.
മിനോരു (minoru) എന്ന വാണിജ്യനാമത്തിലാണ് ഇത് വിപനിയിലേക്കെത്തിക്കുന്നത്. യാഥാര്‍ത്ഥ്യം എന്നാണ് മിനോരു എന്ന ജാപനീസ് വാക്കിന്റെ അര്‍ത്ഥം. രണ്ട് ക്യാമറകളാണ് ചിത്രങ്ങളൊപ്പിയെടുക്കാനായി ഇതില്‍ കൂട്ടിയിണക്കിയിരിക്കുന്നത്. മനുഷ്യനേത്രത്തിന്റെ അതെ അകലത്തിലാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. ഓരോന്നിന്റെയും രണ്ട് സമാനദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് കമ്പ്യൂട്ടറിലേക്കെത്തിക്കും.ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള സോഫ്‌ട്‌വെയര്‍ അതേസമയം തന്നെ ത്രിമാന പ്രതിഫലനത്തിന് ഉചിതമായ രീതിയില്‍ ഇതിനെ മാറ്റിയെടുത്ത് സാധാരണ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിക്കും. ക്യാമറയ്ക്കൊപ്പം ലഭിക്കുന്ന കണ്ണാടി ഉപയോഗിച്ച് കണ്ടാല്‍ ത്രിമാനദൃശ്യാനുഭവം ലഭിക്കും. അഞ്ച് സെറ്റ് കണ്ണട ഈ കാമറയ്ക്കൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
ഇതു കൂടാതെ ത്രി ഡി ചിത്രങ്ങള്‍, വീഡിയോ എന്നിവ എടുക്കാനും ഈ ക്യാമറ പ്രയോജനപ്പെടുത്താം. സ്കൈപ്പ്,വിവിധ മെസഞ്ചര്‍ സേവനങ്ങള്‍, യൂടൂബ് പോലുള്ള വീഡിയോ പങ്ക് വയ്‌ക്കല്‍ ഇടങ്ങളില്‍ എന്നിവയിലും ഉപയോഗിക്കാം. അതായത് നിങ്ങളുടെ പക്കല്‍ ഈ നവീന കാമറ ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല, കണ്ണട മാത്രം ഉണ്ടായാലും മതിയാകും. ഉദാഹരണദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്‌ത് എത്തുക. രണ്ട് വര്‍ണത്തിലുള്ള- red and cyan -ചില്ല്/പ്ലാസ്റ്റിക് പതിച്ച കണ്ണടയാണ് ഇതിനായി ഉപയോഗിക്കുക.
ഇനി നാം ഇപ്പോള്‍ ഉപയോഗിക്കുന്നതു പൊലെയുള്ള സാധാരണ വെബ് കാം ആയും ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ വിദേശത്തുള്ള ചങ്ങാതിയുമായാണ് ത്രിമാന വീഡിയോ ചാറ്റ് നടത്തുന്നതെങ്കില്‍ നിങ്ങളെക്കാളുപരിയായി അങ്ങകലെയിരിക്കുന്നയവര്‍ക്കാകും ഈ കണ്ണാടി ഉണ്ടായിരിക്കേണ്ടത് എന്നത് അസൌകര്യമായി തോന്നാമെങ്കിലും, ഒരു ത്രിഡികണ്ണട ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുകയോ നിങ്ങള്‍ അയച്ചുകൊടുത്തോ പ്രശ്‌നം പരിഹരിച്ചാല്‍ ത്രീഡി ചാറ്റിന്റെ ദൃശ്യപൂര്‍ണതയിലേക്ക് എത്താം.
യു.എസ്.ബി(2.0) പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതു രൂപകല്‍ല്‌പന ചെയ്‌തിരിക്കുന്നത്. 3ഡി, 2ഡി, ചിത്രത്തിലെ ചിത്രം (Picture in Picture ) എന്നിങ്ങനെ മൂന്ന് രീതിയില്‍ എത് വേണമെങ്കിലും തിരഞ്ഞെടുക്കാം. 30 ഫ്രെയിമുകള്‍ പ്രതി സെക്കന്റാണ് ചിത്രനിരക്ക്. പ്രവര്‍ത്തന സമയത്ത് 1.5 വാട്ട് വൈദ്യുതിയും ഉറങ്ങല്‍ സമയത്ത് (സ്‌റ്റന്‍ഡ്-ബൈ മോഡ് ) 2 മില്ലിവാട്ടില്‍ താഴെയും വൈദ്യുതി ഉപയൊഗിക്കും. ഒപ്പം ആകര്‍ഷകമായ ചട്ടകൂടിനുള്ളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് അവതരിപ്പിച്ച വേളയിലെ വില 4500 രൂപയോളമാണ്. ജനകീയമാകുന്നതോടെ സാങ്കേതികത്തികവും വര്‍ധിക്കുകയും വിലകുറയുകയും ചെയ്യുമെന്നത് ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് വിപണിയിലെ പതിവ് രീതിയായതിനാല്‍ ഉടനെ വിലക്കുറവുള്ള മോഡലുകള്‍ വിപണിയിലെത്തുമെന്ന് കരുതാം.