Saturday, January 17, 2009

ബ്ലോഗില്‍ നിന്നും പുസ്‌തക പ്രസാധന സംരംഭം

ബ്ലോഗിന്റെ അനന്തസാധ്യതകളിലൂടെ ഒരു പുസ്‌തകപ്രസാധനസംരംഭം. ബ്ലോഗ്‌ കവിത അച്ചടിച്ച്‌ വായനക്കാരിലേക്കെത്തുന്നു എന്നതിനേക്കാള്‍ കൗതുകമാകുന്നത്‌, ഇതിന്റെ നിര്‍മിതിയിലെ വികേന്ദ്രീകൃത ജനാധിപത്യശൈലിയാണ്‌. ഇന്റര്‍നെറ്റ്‌വഴി പരിചയപ്പെട്ട മുപ്പതോളം ബ്ലോഗെഴുത്തുകാരുടെ ആശയമാണ്‌ ഈ പുസ്‌തകപ്രസാധനസംരംഭം. ആശയം പലവുരു ചര്‍ച്ചചെയ്‌ത്‌ ചൂടുപിടിച്ച്‌ ഇപ്പോള്‍ `ബുക്ക്‌ റിപ്പബ്ലിക്‌' എന്ന പേരില്‍ ഒരു യാഥാര്‍ഥ്യമായി.
മലയാളം ബ്ലോഗിലെ രചനകള്‍ അഞ്ചോളം പുസ്‌തകരൂപത്തില്‍ വായനക്കാരിലേക്കെത്തിയിട്ടുണ്ടെങ്കിലും ടി പി വിനോദ്‌ എഴുതിയ `നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന കവിതാപുസ്‌തകത്തിന്‌ ഈ ബുക്ക്‌ റിപ്പബ്ലിക്കിന്റെ ആദ്യ പുസ്‌തകമെന്ന പ്രത്യേകതയുണ്ട്‌.

ദക്ഷിണകൊറിയയില്‍ രസതന്ത്ര ഗവേഷണവിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ടി പി വിനോദിന്റെ ലാപുട (lapuda.blogspot.com) എന്ന ബ്ലോഗ്‌ ആണ്‌ ഈ സംരംഭത്തില്‍നിന്നുള്ള ആദ്യപുസ്‌തകം. പഠനം നിര്‍വഹിച്ചിരിക്കുന്നത്‌ ഡോ. സോമന്‍ കടലൂര്‍. പുസ്‌തകരചനയും തെരഞ്ഞെടുപ്പും മാത്രമല്ല, പുസ്‌തകരൂപകല്‍പ്പന, കവര്‍പേജ്‌ എന്നിവയും സഹബ്ലോഗര്‍മാരുടെ സംഭാവനയാണ്‌. പ്രൊഫഷണല്‍ വൈദഗ്‌ധ്യത്തോടെ പുറംചട്ടയും പരസ്യവും രൂപസംവിധാനംചെയ്‌തിരിക്കുന്നത്‌ ഉന്മേഷ്‌ ദസ്‌തക്കിര്‍ എന്ന മറ്റൊരു ബ്ലോഗര്‍. ശ്രീനി ശ്രീധരന്‍ ടൈപ്‌സെറ്റിങ്ങിന്റെ ജോലി ഏറ്റെടുത്തപ്പോള്‍ മറ്റുള്ളവര്‍ ഏറ്റവും ചെലവുകുറച്ച്‌ എന്നാല്‍, ഗുണന്മേ ഒട്ടും കുറയാതെ അച്ചടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. പരമ്പരാഗത വിതരണശൈലി ഉപേക്ഷിച്ച്‌ നടന്ന ഓണ്‍ലൈന്‍ പ്രീപബ്ലിഷിങ്‌ വിപണനത്തില്‍ 500 കോപ്പിയോളം ഓര്‍ഡര്‍ ലഭിച്ചു. ജനുവരി 10ന്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പുസ്‌തകപ്രകാശനച്ചടങ്ങില്‍ മലയാളം ബ്ലോഗില്‍നിന്നുള്ള ആദ്യ ചലച്ചിത്രമായ `പരോള്‍'ന്റെ പ്രദര്‍ശനവും നടന്നു. ബ്ലോഗിലൂടെ വെളിച്ചംകണ്ട 35 കവിതകളടക്കം 49 എണ്ണം പുതിയ പുസ്‌തകത്തിലുണ്ട്‌. അച്ചടി മലയാളത്തിലേക്ക്‌ പ്രതിഭാധനരായ മലയാളി എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തി ക്കൊണ്ടുവരികയാണ്‌ ബുക്ക്‌ റിപ്പബ്ലിക്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം വികേന്ദ്രീകൃതമായ ഒരു വിതരണസംവിധാനം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്ന്‌ സംഘാടകര്‍ പറയുന്നു.

(ദേശാഭിമാനിയുടെ കിളിവാതില്‍- ജനുവരി 15,2009 വ്യാഴം- സപ്ലിമെന്റിന്റെ ആദ്യപേജില്‍ വന്ന ഞാന്‍ എഴുതിയ കുഞ്ഞു കുറിപ്പ്)

4 comments:

nariman said...

വളരെ നന്നായി ഇങ്ങനെയൊരു സംരംഭം.അച്ചടിയും പുസ്തകങ്ങളും കാലഹരണപ്പെട്ടു എന്നും ബ്ലോഗിനു മാത്രമേ ഭാവിയുള്ളു എന്നും ഘോഷിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഒരു മറുപടിയായി ഈ സംരംഭം.

nariman said...
This comment has been removed by the author.
കാന്താരിക്കുട്ടി said...

ബ്ലോഗ്ഗിൽ നിന്നും നല്ല എഴുത്തുകാരെ പുസ്തക പ്രസാധനത്തിന്റെ വേദിയിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞത് നല്ല ഒരു കാര്യമാണെന്നു തോന്നുന്നു.ബ്ലോഗ്ഗിനു വെളിയിലെ വായനക്കാർക്കും നല്ല നല്ല രചനകൾ കാണാൻ അവസരമുണ്ടാകുമല്ലോ
ആശംസകൾ

ദൃശ്യന്‍ | Drishyan said...

ഭാവുകങ്ങള്‍ ആദര്‍ശ്.

സസ്നേഹം
ദൃശ്യന്‍