Saturday, March 22, 2008

ആര്‍തര്‍.സി. ക്ലാര്‍ക്ക്‌-ഭാവിയെ തൊട്ടറിഞ്ഞ പ്രതിഭ

ശാസ്‌ത്രകല്‍പിത കഥാ ലോകത്തിലെ (Science fiction) അതുല്യ പ്രതിഭ ആര്‍തര്‍. സി. ക്ലാര്‍ക്ക്‌ മാര്‍ച്ച്‌ 19 ന്‌ നമ്മോട്‌ വിട ചൊല്ലി. ഭാവിയുടെ അനന്ത സാധ്യതകള്‍ കഥയായും നോവലായും ലേഖനങ്ങളായും എഴുതി വായനക്കാരെ ഒരേ സമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ആര്‍തര്‍. സി.ക്ലാര്‍ക്കിന്റെ രചനാ ലോകം വിപുലമായിരുന്നു. എഴുപതോളം നോവലുകള്‍, അഞ്ഞൂറിലേറെ ചെറുകഥകളും ലേഖനങ്ങളും. ഇവയില്‍ പലതും ബെസ്റ്റ്‌ സെല്ലര്‍ പട്ടികയില്‍ ഇടം തേടി. സയന്‍സ്‌ ഫിക്ഷന്‍ ലോകത്തെ കുലപതിയെതേടിയെത്തിയ അംഗീകാരങ്ങള്‍ക്കും പദവികള്‍ക്കും കണക്കില്ല.

ശാസ്‌ത്ര സാങ്കേതിക വസ്‌തുതകള്‍ സൂക്ഷ്‌മമായി അപഗ്രഥിച്ച ശേഷം നിലവിലുള്ള ശാസ്‌ത്ര ഗതിവേഗം വച്ച്‌ വിദൂരഭാവിയില്‍ എന്താകും സംഭവിക്കുന്നത്‌ എന്ന്‌ പ്രവചിക്കുന്ന തരത്തിലാണ്‌ സയന്‍സ്‌ ഫിക്ഷന്റെ ഘടന. ഇങ്ങനെ തീര്‍ക്കുന്ന ഭാവിഇടങ്ങള്‍ വായനക്കാരെ ഇതുവരെ കാണാത്ത പുതിയ സാധ്യതകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നു.വെറും ഊഹം മാത്രമല്ല ശാസ്‌ത്ര കല്‌പിത കഥാകാരന്റെ കൈമുതല്‍. നിലവിലുള്ള ശാസ്‌ത്ര സാങ്കേതിക അറിവിന്റെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ട്‌ ഭാവിയെ പ്രവചിക്കുകയാണ്‌.

നാം ഇന്നു കാണുന്ന പല ഉപകരണങ്ങളും സങ്കേതങ്ങളും ഫിക്ഷന്റെ ഭാഗമായി വന്നിട്ടുണ്ട്‌. ഫ്രഞ്ച്‌ എഴുത്തുകാരനായ ഷ്യൂള്‍ വേണ്‍ (Joule verne) ചന്ദ്രനിലേക്കുള്ള യാത്രയെ പറ്റി എഴുതുന്നത്‌ 1869ല്‍ - അതായത്‌ ചന്ദ്രനിലേക്ക്‌ മനുഷ്യന്‍ കാലുകുത്തുന്നതിനും ഒരു നൂറ്റാണ്ട്‌ മുന്‍പ്‌. അന്നത്തെ സമൂഹം ഷ്യൂള്‍ വേണിനെ നിശിതമായി വിമര്‍ശിച്ചു. കാരണം ചന്ദ്രനെയും സൂര്യനെയും ആദരിക്കുകമാത്രം ചെയ്‌തിരുന്ന സമൂഹത്തിലേക്കാണ്‌ ഭാവി സാധ്യതകള്‍ ഇദ്ദേഹം പങ്കു വച്ചത്‌. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ യഥാര്‍ത്ഥ്യമായ സയന്‍സ്‌ ഫിക്ഷന്‍ പ്രവചനങ്ങളുടെ പട്ടിക നീണ്ടതാണെന്ന്‌ കാണാം. അന്യഗ്രഹസഞ്ചാരം, ചാന്ദ്രയാത്ര, റോക്കറ്റ്‌ വിദ്യ, ഇന്റര്‍നെറ്റ്‌, കംപ്യൂട്ടര്‍ വൈറസുകള്‍, അവയവ മാറ്റം, ജനിതക സാങ്കേതിക വിദ്യ, മൊബൈല്‍ ഫോണ്‍, ഭൂസ്ഥിര ഉപഗ്രഹങ്ങള്‍, റോബര്‍ട്ട്‌, സമയയന്ത്രം, ആണവ ഊര്‍ജ്ജം, മെഡിക്കല്‍ ഇമേജിംഗ്‌, വീഡിയോകോണ്‍ഫറന്‍സിംഗ്‌, ടെലിപോര്‍ട്ടേഷന്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഒരിക്കലോ പലപ്പോഴുമോ സയന്‍സ്‌ ഫിക്ഷനിലൂടെ വായനക്കാരെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌.

ഇനി നമ്മുടെ ചിന്തക്കുമപ്പുറമുള്ള ഒരു ഭാവി കാലം ഒന്നു സങ്കല്‌പിക്കന്‍ ശ്രമിച്ചുനോക്കൂ. എങ്ങനെയായിരിക്കും ആകാലഘട്ടത്തിലെ മനുഷ്യര്‍, ഉപകരണങ്ങള്‍, സഹജീവജാലങ്ങള്‍, ചൊവ്വയിലോമറ്റ്‌ ഗ്രഹങ്ങളിലോ മനുഷ്യര്‍ രാപ്പാര്‍ക്കുമായിരിക്കും, റോബര്‍ട്ടുകള്‍ പണിയെടുക്കുന്ന കൃഷിയിടങ്ങള്‍ ഒരു മൊട്ടുസൂചിയോളം ചെറുതാകുന്ന കംപ്യൂട്ടറുകള്‍, പഴയ വാല്‍വ്‌ റേഡിയോ ഇന്നത്തെ ഷോകേസ്‌ കാഴ്‌ച വസ്‌തു ആയതുപോലെ നാം ഇന്നുപയോഗിക്കുന്ന പല ഉപകരണങ്ങളും അന്നത്തെ മ്യൂസിയം ശേഷിപ്പുകളാകും, സര്‍ക്കാരുകളെ തിരഞ്ഞെടുക്കന്നത്‌ (അങ്ങനെയൊന്നുണ്ടെങ്കില്‍) ബഹുരാഷ്‌ട്ര കമ്പനികളായിരിക്കും. ഇപ്പോഴും വോട്ടിടുന്നത്‌ ജനങ്ങളാണെങ്കിലും പല കാര്യങ്ങളിലും പരോക്ഷമായി ഇടപെടുന്നത്‌ ബഹുരാഷ്‌ട്ര സ്ഥാപനങ്ങളാണല്ലോ (ദേഷ്യപ്പെടാന്‍ വരട്ടെ ഒരു ഇരുന്നൂറു കൊല്ലം മുന്‍പ്‌ രാജഭരണമായിരുന്നല്ലോ. അന്ന്‌ ആരെങ്കിലും രാജഭരണം തുലയുമെന്നും ജനാധിപത്യഭരണം വരുമെന്ന്‌ പറഞ്ഞിരുന്നെങ്കില്‍ തൂക്കിലേറ്റുമായിരുന്നു, പക്ഷെ എന്തായി ചരിത്രം . അതു പോലെ ജനാധിപത്യത്തിനും വെല്ലുവിളി നേരിട്ടേക്കാം !), മാത്രമോ വരാന്‍ പോകുന്ന കാലത്ത്‌ ലൈബ്രറി എന്ന സങ്കല്‌പം പോലും ഉണ്ടാകില്ല. കൈയിലോതുങ്ങുന്ന ഉപകരണത്തില്‍ ലോകത്തിലെ മുഴുവന്‍ സാമ്പ്രദായിക ഗ്രന്ഥശാലകളിലെ പുസ്‌തകങ്ങളും സദാസേവന സന്നദ്ധരായി ഉണ്ടാകും. ഇപ്പോള്‍ തന്നെ ഒരു സി.ഡി. റോമില്‍ 5000 ഓളം പുസ്‌തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാം............ ഇങ്ങനെ പോകും സയന്‍സ്‌ ഫിക്ഷന്‍ സാധ്യതകള്‍ . അതായത്‌ നാളത്തെ ഭാവിയെ അറിയണമെങ്കില്‍ ഇന്നത്തെ സയന്‍സ്‌ ഫിക്ഷന്‍ വായിച്ചാല്‍ മതിയാകും.

നാളെയെകുറിച്ചുള്ള സ്വപ്‌നങ്ങള്‍ മനുഷ്യനെ എക്കാലവും വിസ്‌മയിപ്പിച്ചുട്ടുണ്ട്‌. ഈ സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥ്യമാകുമ്പോള്‍ മനുഷ്യന്‍ സന്തോഷിക്കാറുമുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ യഥാര്‍ത്ഥ്യമായ പ്രവചനങ്ങള്‍ നടത്തിയ ആര്‍തര്‍. സി. ക്ലാര്‍ക്കിന്‌ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ബഹുമതിയും ലഭ്യമായിട്ടുണ്ടെന്നത്‌ സയന്‍സ്‌ ഫിക്ഷന്‍ ചെപ്പിലൊളിപ്പിച്ചു വച്ച കൗതുകമാകാം. 1945 ല്‍ വയര്‍ലെസ്‌ വേള്‍ഡ്‌ എന്നി പ്രസിദ്ധീകരണത്തില്‍ "terrestrial relays"എന്ന പേരില്‍ ഭൂസ്ഥിര വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ കുറിച്ച്‌, അതിന്റെ സാധ്യതകളെ കുറിച്ച്‌ ആര്‍തര്‍. സി. ക്ലാര്‍ക്ക്‌ ഗഹനമായ ഒരു ലേഖനമെഴുതി. ചിത്രങ്ങളുടെയും ശാസ്‌ത്രീയ അനുമാനങ്ങളുടെയും സൂത്രവാക്യങ്ങളുടെയും പിന്‍ ബലത്തോടെയാണ്‌ വസ്‌തുതകള്‍ അവതരിപ്പിച്ചത്‌. ഭൂമിയിലെ വാര്‍ത്താ വിനിമയത്തിന്‌ ബഹിരാകാശത്തെ ഉപകരണത്തെ ആശ്രയിക്കുന്നത്‌ അന്ന്‌ ഭ്രാന്തന്‍ ആശയമായിരുന്നു. ആദ്യത്തെ കൃത്രിമോപഗ്രഹം സ്‌ഫുട്‌നിക്‌ റഷ്യ ഭ്രമണപഥത്തിലെത്തിച്ചത്‌ 1958 ല്‍ മാത്രമാണെന്ന്‌ ഓര്‍ക്കണം. നാല്‌പതുകളില്‍ തന്നെ ഈ ആശയം വ്യക്തമായി അവതരിപ്പിക്കുക മാത്രമല്ല ഭൂമിയില്‍ നിന്നും 36,000 കി.മി. അകലെയാണ്‌ ഇതിന്റെ സ്ഥാനം എന്ന്‌ ചിത്രത്തിന്റെ സഹായത്തെടെ സ്‌പഷ്‌ടമാക്കുക കൂടി ചെയ്‌തു.

കാലം കുറച്ചു കൂടി മുന്നോട്ട്‌ പോയി. ശാസ്‌ത്രസാങ്കേതിക രംഗം പൊതുവിലും ബഹിരാകാശ- റോക്കറ്റ്‌ വിദ്യ പ്രത്യേകിച്ചും അഭൂത പൂര്‍വ്വമായ കുതിച്ചുചാട്ടത്തിന്‌ സാക്ഷ്യം വഹിച്ചു. പിന്നീട്‌ ശാസ്‌ത്രജ്ഞര്‍ ഭൂസ്ഥിര ഉപഗ്രഹത്തിനുള്ള ഭ്രമണ പഥം കണ്ടെത്തിയപ്പോള്‍ ക്ലാര്‍ക്ക്‌ സൂചിപ്പിച്ച അതേ 36,000 കി.മീ നടുത്ത്‌ തന്നെയായിരുന്നു സ്ഥാനം. ദീര്‍ഘദര്‍ശിയായ ഈ മനുഷ്യനോടുള്ള ആദരവിന്റെ സൂചകമായി ഈ സഞ്ചാര പഥം ഇന്ന്‌ ക്ലാര്‍ക്ക്‌ ഓര്‍ബിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതു കൂടാതെ കാലാവസ്ഥാ പ്രവചനം, വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശഉല്ലാസയാത്ര എന്നിവയും ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ വിഖ്യാതമായ പ്രവചനങ്ങളില്‍ പെടുന്നു. ഭൂസ്ഥിര ഉപഗ്രഹത്തെ കുറിച്ച്‌ 1945 ല്‍ എഴുതിയ ലേഖനം http://www.clarkefoundation.org/docs/ClarkeWirelessWorldArticle.pdf ല്‍ അതേ പടി വായിക്കാം. ഈ പ്രവചനമാണ്‌ ആര്‍തര്‍. സി. ക്ലാര്‍ക്കിനെ പ്രശ്‌,#്‌തമാക്കിയതും വായനക്കാരുടെ പ്രീയപ്പെട്ട എഴുത്തുകാരനാക്കിയതും.

"സാധ്യതകളുടെ അതിരുകള്‍ കണ്ടറിയാനുള്ള മാര്‍ഗം അസാധ്യതയിലേക്ക്‌ കടന്നെത്തുക എന്നുള്ളതാണ്‌ "
ആര്‍തര്‍ സി. ക്ലാര്‍ക്ക്‌

സാധാരണഎഴുത്തുകാര്‍ അസാധ്യം അല്ലെങ്കില്‍ മാന്ത്രിക കഥകള്‍ എന്നാക്ഷേപിക്കുമ്പോഴും സയന്‍സ്‌ ഫിക്ഷന്‍ ആഖ്യാനതന്ത്രം കൊണ്ടും വ്യക്തമായ ഘടന കൊണ്ടും വേറിട്ടു നില്‍ക്കുന്നു. സാധാരണ നോവലുകളില്‍ കഥാപാത്രങ്ങള്‍ക്കും വൈകാരികമായ ബന്ധങ്ങള്‍ക്കും പ്രാധാന്യമുണ്ട്‌ എന്നാല്‍ സയന്‍സ്‌ ഫിക്ഷനില്‍ കഥാപാത്രങ്ങള്‍ വെറും അടിസ്ഥാന ഘടകങ്ങള്‍ മാത്രം. കഥാപാത്രങ്ങളെക്കാളും വായനക്കാര്‍ ഓര്‍ത്തിരിക്കുന്നത്‌ പറയുന്ന ആശയത്തെ അല്ലെങ്കില്‍ ഭാവി സാധ്യതകളെയാണ്‌.
1964ല്‍ ക്ലര്‍ക്ക്‌ എഴുതിയ ഒരു ചെറുകഥ (Dial F for Frankenstein) വായിച്ചത്‌ പില്‍ക്കാലത്ത്‌ വേള്‍ഡ്‌ ബെഡ്‌ വെബ്‌ (www) രൂപകല്‌പനചെയ്യുന്നതിലും അവതരിപ്പിക്കന്നതിലും കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ ടിം ബേര്‍ണേഴ്‌സ്‌ ലീ ക്ക്‌ പ്രചോദനമായിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ ഉപജ്ഞാതാവായ ടീം ബേണഴ്‌സ്‌ 1989 ലാണ്‌ തന്റെ ആശയം നടപ്പിലാക്കിയതെന്ന്‌ ഓര്‍ക്കണം.

നോവലുകളുടെ പേരുകള്‍ക്ക്‌ ഭാരതീയമിത്തെളജിയിലെ പേരുകളും ഉപയോഗിച്ചിരുന്നു (ഉദാ. Rendezvous with Rama) ഗ്രീക്ക്‌, റോമന്‍ മിഥോളജിയിലെ പേര്‌കളെല്ലാം ഉപയോഗിച്ച്‌ തീര്‍ന്നെന്നും അടുത്തതായി ഭാരത്തിന്റെ ഊഴമെന്നും ക്ലാര്‍ക്ക്‌ ഭാഷ്യം.ക്ലാര്‍ക്കിന്റെ ഇനിയും സാധിക്കാനിരിക്കുന്ന പ്രവചനങ്ങളില്‍ പ്രകൃതി സൗഹൃദ ഇന്ധനങ്ങള്‍,റോക്കറ്റ്‌ ഉപയോഗിക്കാതെ ഭ്രമണ പഥത്തിലേക്ക്‌ സാധനങ്ങള്‍ എത്തിക്കുന്ന സ്‌പെയ്‌സ്‌ എലിവേറ്റര്‍, അന്യഗ്രഹ ജീവികളുമായുള്ള ആശയവിനിമയം, മനുഷ്യന്‌ അനശ്വരത എന്നിവ പെടുന്നു. ഏതായാലും ശാസ്‌ത്ര സാഹിത്യ രംഗത്തിന്‌ സുവര്‍ണ്ണശോഭ നല്‍കിയ ജീവിതമാണ്‌ അവസാനിച്ചത്‌. ആര്‍തര്‍ സി ക്ലാര്‍ക്കിന്റെ പ്രവചനങ്ങള്‍ യഥാര്‍ത്ഥ്യമാക്കാനാവുമെന്ന രീതിയില്‍ തന്നെയാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കുതിക്കുന്നതും.

ആര്‍തര്‍. സി. ക്ലാര്‍ക്ക്‌ - ജീവിതരേഖ

1917 ഡിസംബര്‍ 16 ന്‌ ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ മൈന്‍ഹെഡ്‌ എന്ന പ്രദേശത്ത്‌ ചാള്‍സിന്റെയും നോറയുടെയും പുത്രനായി ജനിച്ചു. ഒരു വാര്‍ത്താവിനിമയ കുടുംബമായിരുന്നു ക്ലാര്‍ക്കിന്റെതെന്ന്‌ പറയാം. പിതാവ്‌ ചാള്‍സ്‌ ടെലഫോണ്‍ മെക്കാനിക്കും മാതാവ്‌ നോറാ തൊട്ടടുത്ത പോസ്റ്റ്‌ ഓഫീസിലെ ടെലഗ്രാഫ്‌ ഓപ്പറേറ്ററും ആയിരുന്നു. പിതാവ്‌ പിന്നീട്‌ കാര്‍ഷിക അനുബന്ധ ജോലിയിലേക്ക്‌ തിരിഞ്ഞു. അമ്മയില്‍ നിന്നും കുട്ടിക്കാലത്ത്‌ തന്നെ മോഴ്‌സ്‌ കോഡ്‌ പഠിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ ശേഷം 1936 ല്‍ ലണ്ടനിലെത്തി. ആ സമയത്ത്‌ തന്നെ ബ്രട്ടീഷ്‌ ഇന്റര്‍പ്ലാനറ്ററി സൊസൈറ്റിയുമായി (BIS) ബന്ധപ്പെടുകയും ചെറിയതോതില്‍ ശാസ്‌ത്രകഥാ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. ലണ്ടനില്‍ തന്നെ ഒരു സ്ഥാപനത്തില്‍ ഓഡിറ്ററായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‌ മറ്റ്‌ ചെറുപ്പക്കാരെ പോലെ ക്ലാര്‍ക്കും റോയല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നു. 1946 ല്‍ സൈനിക സേവനം ഉപേക്ഷിച്ച്‌ ഔപചാരിക വിദ്യാഭ്യാസം തുടര്‍ന്നു. ലണ്ടന്‍ കിംഗ്‌സ്‌ കോളജില്‍ നിന്നും ഭൗതിക-ഗണിത ശാസ്‌ത്ര ബി.എസ്‌.സി. ബിരുദം നേടി. ഇതിനിടെ 1945 ല്‍ വയര്‍ലെസ്‌ വേള്‍ഡ്‌ മാഗസിനില്‍ വന്ന ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കുറിച്ചുള്ള പ്രവചനാത്മകമായ പ്രൗഢലേഖനം ക്ലാര്‍ക്കിന്‌ പ്രശസ്‌തി നേടിക്കൊടുത്തിരുന്നു. 1947 മുതല്‍ 1950 വരെ ബ്രട്ടീഷ്‌ ഇന്റര്‍പ്ലാനറ്ററി സൊസൈറ്റിയുടെ പ്രസിഡന്റ്‌ പദവി. ഇക്കാലയളവില്‍ ക്ലാര്‍ക്കിന്‌ 90 വയസ്സുള്ള ഒരാളുടെ അംഗത്വ അപേക്ഷകിട്ടി. സന്തോഷത്തോടെ അംഗത്വം നല്‌കിയതു ആര്‍ക്കാണെന്നറിയാമോ? സാക്ഷാല്‍ ജോര്‍ജ്‌ ബര്‍ണാഡ്‌ ഷാ.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റോയല്‍ എയര്‍ ഫോഴ്‌സില്‍ ഓഫിസറായിരിക്കെ റഡാര്‍ ഉപകരണങ്ങളുമായി ഇടപഴകിയത്‌ പില്‍ക്കാലത്ത്‌ ഏറെ പ്രയോജനപ്പെട്ടു. "ഗ്ലൈഡ്‌ പാത്ത്‌' എന്ന ഏക ശാസ്‌ത്ര കഥാ ഇതര കൃതിയ്‌ക്ക്‌ പ്രചോദനമായതും ഈ റഡാര്‍ ചങ്ങാത്തമായിരുന്നു.
1953 ല്‍ വിവാഹം, പക്ഷെ വിവാഹ ജീവിതം അധികകാലം നീണ്ടുനിന്നില്ല. 1964 ല്‍ നിയമപരമായി മോചനം തേടി. എഴുത്തു കഴിഞ്ഞാല്‍ സമുദ്രാന്തര്‍യാത്രയും പരീക്ഷണങ്ങളുമായിരുന്നു ക്ലാര്‍ക്കിന്റെ ഇഷ്‌ട മേഖല. 1954 ഡിസംബറില്‍ ശ്രീലങ്ക സന്ദര്‍ശിച്ചത്‌ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരവായി. സമുദ്രാന്തര്‍യാത്രകള്‍ പ്രണയിച്ചിരുന്ന ക്ലാര്‍ക്കിന്‌ ജലത്താല്‍ ചുറ്റപ്പെട്ട ശ്രീലങ്ക ഇഷ്‌ടപ്പെടാതിരിക്കാന്‍ കാരണമൊന്നുമുണ്ടായിരുന്നില്ല. പിന്നീടിങ്ങോട്ട്‌ ശ്രീലങ്ക തന്റെ സ്വന്തം കര്‍മ മണ്ഡലമാക്കി. ശ്രീലങ്ക സര്‍ക്കാരും പ്രത്യേക പരിഗണനയോടെ (റസിഡന്റ്‌ ഗസ്റ്റ്‌) ആര്‍തര്‍. സി. ക്ലാര്‍ക്കിന്‌ സ്വാഗതമരുളി.

1968 ല്‍ എഴുതിയ '2001: ഒരു സ്‌പെയ്‌സ്‌ ഒഡീസി' ഒരേസമയം നോവല്‍, സിനിമ എന്നീ മാധ്യമങ്ങളിലൂടെ ജനങ്ങളെ തേടിയെത്തി. സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്ക്‌ ഇതിന്‌ ചലചിത്ര ഭാഷ്യം ചമച്ചു. പിന്നീട്‌ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുകയും ഇന്നെ വരെയുണ്ടായ ഏറ്റവും ശ്രേഷ്‌ഠമായ സയന്‍സ്‌ ഫിക്ഷന്‍ സിനിമയെന്ന്‌ നിരുപകര്‍ വാഴ്‌ത്തുകയും ചെയ്‌തു.പോളിയോ ബാധയെതുടര്‍ന്നുണ്ടായ അവശതകള്‍ ശാരീരികമായി ഇദ്ദേഹത്തെ തളര്‍ത്തുകയും യാത്ര വീല്‍ചെയറിലേക്ക്‌ മാറ്റുകയും ചെയ്‌തുവെങ്കിലും ക്ലാര്‍ക്കിന്റെ എല്ലാ ദിവസങ്ങളും സജീവമായിരുന്നു. നൂറുകണക്കിന്‌ ഇമെയില്‍ സന്ദേശങ്ങള്‍ക്ക്‌ മറുപടി അയക്കുവാന്‍ ഇദ്ദേഹം പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. ഉപദേശം തേടിവരാറുള്ള യുവ എഴുത്തുകാരുടെ ഇ മെയിലിനുള്ള മറുപടിയില്‍ പതിവായി ഉള്‍ക്കൊള്ളിക്കാറുള്ള വരി ഇതായിരുന്നു.
"എഴുത്തുകാര്‍ക്കുള്ള ഉപദേശം : ദിവസം തോറും ഒരു പുസ്‌തകമെങ്കിലും വായിക്കുക"

ശാസ്‌ത്രവും സാഹിത്യവും തത്വചിന്തയും തുടങ്ങി ഒട്ടേറെ പുസ്‌തകങ്ങളുള്ള ഒരു സ്വകാര്യഗ്രന്ഥ ശേഖരവും ക്ലാര്‍ക്കിനുണ്ടായിരുന്നു. 2007 ഡിസംബര്‍ 16 ന്‌ തൊണ്ണൂറാം പിറന്നാളാഘോഷിക്കുവാന്‍ ഗവണ്‍മെന്റ്‌ ഉദ്ദ്യോഗസ്ഥര്‍, ശാസ്‌ത്രജ്ഞര്‍, കലാകാരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ആരാധകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ ഒത്തുകൂടിയിരുന്നു. 2008 മാര്‍ച്ച്‌ 19 ന്‌ കൊളംബൊയിലെ അപ്പോളോ ആശുപത്രിയില്‍ വച്ച്‌ അന്തരിച്ചു. മരിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വരെ കര്‍മമണ്ഡലത്തില്‍ വ്യാപൃതനായിരുന്നു ആര്‍തര്‍.സി.ക്ലാര്‍ക്ക്‌ കുറച്ച്‌ ദിവസം മുന്‍പാണ്‌ തന്റെ ഏറ്റവും പുതിയ കൃതിയായ 'the last theorem' ന്റെ അവസാനവട്ടമിനുക്കു പണികള്‍ നടത്തിയത്‌. ഈ വര്‍ഷം അവസാനത്തോടെ ഈ കൃതി വായനക്കാരുടെ കൈകളിലെത്തും. മതപരമായ ആചാരങ്ങളേതുമില്ലാതെയായിരിക്കണം തന്റെ ശവസംസ്‌കാര ചടങ്ങുകളെന്ന്‌ ക്ലാര്‍ക്ക്‌ നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ തികച്ചും ലളിതമായിരുന്നു അന്ത്യകര്‍മങ്ങള്‍

‍പ്രശസ്‌ത രചനകള്‍ : "2001 :a space odyssey", "Rendezvous with Rama", "Childhood's End","2010: odyssey two","2061: odyssey three","3001: the final odyssey"

അംഗീകാരങ്ങള്‍, ബഹുമതികള്‍ : 1979 മുതല്‍ 2002 വരെ ശ്രീലങ്കയിലെ മൊറാത്‌വാ (Moratuwa) ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ ചാന്‍സലര്‍, സര്‍ ബഹുമതി, യുനസ്‌കോ നല്‍കുന്ന കലിംഗ പുരസ്‌കാരം, മാര്‍ക്കോണി ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ്‌, ഫ്രാങ്ക്‌ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഗോള്‍ഡ്‌ മെഡല്‍, ശ്രീലങ്ക സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ശ്രീലങ്കാഭിമാന്യ' 2005 ല്‍ പ്രസിഡന്റ്‌ ശ്രീമതി ചന്ദ്രിക കുമാരതുംഗെയില്‍ നിന്നും ലഭിച്ചു. ഒട്ടേറേ വിദേശ സര്‍വകലാശാലകളില്‍ നിന്നും ബഹുമതി ഡോക്‌ടറേറ്റുകള്‍.ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ ഭൂമിയില്‍ നിന്നും 36,000 കി.മി അകലെയുള്ള സഞ്ചാര പഥത്തിന്‌ 'ക്ലാര്‍ക്ക്‌സ്‌ ഓര്‍ബിറ്റ്‌' എന്ന്‌ പേര്‌ നല്‌കി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച്‌ ലാബോറട്ടറിയില്‍ വിക്രം സാരാഭായി പ്രൊഫസര്‍ പദവി. ബാഹ്യാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായി ഐക്യരാഷ്‌ട്രസഭയിലടക്കം നിരവധി പ്രഭാഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്‌.

പ്രശസ്‌തമായ വാചകം : "I am rather proud of the fact that I know several astronauts who became astronauts through reading my books"- Arthur C Clarke.
"Any sufficiently advanced technology is indistinguishable from magic"-Arthur C Clarke.