Friday, January 18, 2008

നാനോ പ്രിന്റര്‍

2008 മിക്കവാറും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌ നാനോവര്‍ഷം എന്നാകും. പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്‌ചകളില്‍ തന്നെ പുറത്ത്‌ വന്ന ടാറ്റാ മോട്ടോഴ്‌സിന്റെ നാനോകാര്‍ വാഹനപ്രേമികളുടെ ആവേശമായി. എന്തിന്‌ ഓട്ടോ എക്‌സ്‌പോ പോലും നാനോ ഓട്ടോ എക്‌സ്‌പോ എന്നറിയാന്‍ തുടങ്ങി. തുടര്‍ന്ന്‌ എച്ച്‌.സി.എല്‍ ന്റെ നാനോ ലാപ്‌ടോപ്പ്‌ കംപ്യൂട്ടര്‍ വിപണിയിലെത്തുന്നതിനും 2008 ന്റെ ആദ്യ ആഴ്‌ചകള്‍ തന്നെ സാക്ഷ്യം വഹിച്ചു. നാനോ ലാപ്‌ടോപ്പിന്റെ വലിപ്പവും വിലയും നാനോ പോലെ കുഞ്ഞനാണ്‌. എന്നാല്‍ പ്രിന്റര്‍ രംഗത്തെ ഇത്തിരിക്കുഞ്ഞനും ലാസ്‌വാഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ ഷോയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. രണ്ടു മൂന്ന്‌ മാസങ്ങള്‍ക്കകം ഇത്‌ വിപണിയിലെത്താന്‍ തയ്യാറെടുത്തുകഴിഞ്ഞു. കൈയ്യിലോ പോക്കറ്റിലോ കൊണ്ടുനടക്കാവുന്ന ഈ നാനോ പ്രിന്റര്‍ ഫോട്ടോഗ്രാഫിക്‌ രംഗത്തെ അതികായരായ പോളറോയ്‌ഡ്‌ ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. വില നൂറ്റമ്പത്‌ ഡോളര്‍ മാത്രം, വലിപ്പമോ ഒരു ചീട്ടുകെട്ടിന്റെയത്രയും. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 120 മി.മി നീളം, 72 മി.മി വീതി, 23.5 മി.മീ കനം ഉള്ള നാനോ പ്രിന്റര്‍ 7.2 വോള്‍ട്ട്‌ ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണില്‍ നിന്നോ, ഡിജിറ്റല്‍ കാമറയില്‍ നിന്നോ ബ്ലൂടൂത്ത്‌, പിക്‌ബ്രിഡ്‌ജ്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ച്‌ വയര്‍ലെസ്‌ ആയോ അല്ലെങ്കില്‍ ഡാറ്റാ കേബിള്‍ ഉപയോഗിച്ച്‌ നാനോയിലേക്ക്‌ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത്‌ പ്രിന്റ്‌ ചെയ്യാന്‍ കേവലം 60 സെക്കന്റ്‌ മതിയാകും.

തെര്‍മര്‍ പ്രിന്റിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഈ ഡിജിറ്റല്‍ ഇന്‍സ്റ്റന്റ ്‌ മൊബൈല്‍ ഫോട്ടോപ്രിന്റര്‍ പ്രവര്‍ത്തിക്കുന്നത്‌. സാധാരണ പ്രിന്ററില്‍ ടോണര്‍, കാറ്റ്‌റിഡ്‌ജ്‌ എന്നിവ ഉപയോഗിച്ചാണ്‌ അച്ചടിക്കുള്ള മഷി ശേഖരിച്ചിരിക്കുന്നത്‌. ഇതും ഇവിടെ അപ്രത്യക്ഷമായിരിക്കുന്നു. സിങ്ക്‌ (ZINK-Zero INK) സാങ്കേതികവിദ്യയാണ്‌ നാനോപ്രിന്റര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. അതായത്‌ അച്ചടിക്കാന്‍ മഷി വേണ്ട പകരം മഷിപോലെ ഉള്ള പദാര്‍ത്ഥം പുരട്ടിയ 2x3 ഇഞ്ച്‌ വലിപ്പമുള്ള ഫോട്ടോ പേപ്പര്‍ ആണ്‌ നാനോപ്രിന്റര്‍ ഉപയോഗിക്കുന്നത്‌.


ഡൈ തന്മാത്രകളുടെ മൂന്ന്‌ നേര്‍ത്ത പാളി (മഞ്ഞ, മജന്ത, സിയാന്‍) ചേര്‍ത്ത്‌ അടുക്കിയ ഒരു വെള്ള പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ ആണ്‌ പ്രിന്റ്‌ പേപ്പര്‍, ഒരിഞ്ച്‌ വിസ്‌തീര്‍ണ്ണത്തില്‍ 300 കൂര്‍ത്ത്‌, നേര്‍ത്ത ഹീറ്റര്‍ മുനകളിലേക്ക്‌ ചിത്രത്തിന്റെ ഇലക്‌ട്രിക്‌ സിഗ്‌നല്‍ പ്രവഹിക്കുന്നതോടെ ഓരോ മുനയിലും വ്യത്യസ്‌ത തോതില്‍ താപം അനുഭവപ്പെടും. ഈ താപ വ്യത്യാസത്തിനനുസരിച്ച്‌ സിങ്ക്‌ പേപ്പറില്‍ വര്‍ണ വിന്യാസം രേഖപ്പെടുത്തും. താപം പ്രവഹിക്കുന്നതോടെ ഡൈ തന്മാത്രകളുടെ അടുക്കല്‍ പ്രത്യേക രീതിയില്‍ ക്രമീകരിക്കും. താപത്തിന്റെയും സമയത്തിന്റെയും ദൈര്‍ഘ്യമനുസരിച്ചാണ്‌ പ്രിന്റിംഗ്‌. നമ്മുടെ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടിക്കറ്റ്‌ മെഷീനിലും സമാന സാങ്കേതിക സംവിധാനമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.താമസിയാതെ ഇത്തരം മൊബൈല്‍ പ്രിന്റര്‍ ഉള്ള സെല്‍ഫോണ്‍, ഡിജിറ്റല്‍ കാമറ എന്നിവ വിപണിയിലെത്തും എന്ന്‌ കരുതാം. ഫോട്ടോ എടുക്കണമെങ്കില്‍ പോളറോയ്‌ഡ്‌ 2 x 3 ഇഞ്ച്‌ പേപ്പര്‍ കൂടി പോക്കറ്റില്‍ കരുതണമെന്ന്‌ മാത്രം, പേപ്പറിന്റെ മറുവശം ഒട്ടിപ്പോ സ്റ്റൈലില്‍ ആയതിനാല്‍ പ്രിന്റ്‌ എടുത്ത്‌ ഉടനെ ഇഷ്‌ടപ്പെട്ട സ്ഥലത്ത്‌ ഒട്ടിച്ച്‌ വയ്‌ക്കുകയുമാകാം.


www.polaroid.com/onthego യില്‍ നാനോ പ്രിന്റര്‍ കാണാം. അഴുക്ക്‌, കറ എന്നിവ പിടിക്കാത്തതും, ചുളുക്ക്‌ വീഴാത്തതുമായ തെര്‍മോ ക്രോമാറ്റിക്‌ പേപ്പര്‍ വാട്ടര്‍ റെസിസ്റ്റന്റ്‌ കൂടിയാണ്‌. ഒറ്റത്തുള്ളി മഷിയും വേണ്ടാത്ത സിങ്ക്‌ സാങ്കേതിക വിദ്യ തന്നെയാണിതിന്റെ ഹൃദയം.