Wednesday, January 09, 2008

വായിക്കാനുള്ള അവകാശം: റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍

വായിക്കാനുള്ള അവകാശം
(The Right to Read)
റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍

പരിഭാഷ: വി.കെ.ആദര്‍ശ്‌ / adarshpillai@gmail.com

(ACM കമ്യൂണിക്കേഷന്‍സിന്റെ 1997 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ച ഇതൊരു ശാസ്‌ത്ര കല്‌പിത കഥയാണ്‌. സാങ്കേതി വിദ്യയുടെ കടന്നുകയറ്റവും, ഇത്‌ മനുഷ്യസ്വാതന്ത്ര്യത്തിലേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമാണ്‌ ഈ കഥയുടെ പൊരുള്‍)

ഡോണ്‍ ഹാല്‍ബെര്‍ട്ടിന്റെ ടൈക്കോയിലേക്കുള്ള യാത്ര (Road to Tycho) തുടങ്ങിയത്‌ കോളേജില്‍ വച്ച്‌ ലിസ കംപ്യൂട്ടര്‍ കടം ചോദിച്ചതു മുതലാണ്‌. കംപ്യൂട്ടര്‍ കേടായതിനാല്‍ അവള്‍ക്ക്‌ മറ്റൊരു കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടത്‌ അനിവാര്യമായി. മാത്രവുമല്ല തന്റെ മധ്യകാല പ്രോജക്‌ട്‌ പരാജയപ്പെടുമെന്ന്‌ പേടിച്ചാണ്‌ അവള്‍ ഡാണ്‍ ഹാല്‍ബെര്‍ട്ടിനോട്‌ കംപ്യൂട്ടര്‍ ചോദിച്ചത്‌. അവള്‍ക്ക്‌ മറ്റാരോടും ചോദിക്കാന്‍ പറ്റില്ലായിരുന്നു.

ഇതോടെ ഡാണ്‍ വല്ലാത്തൊരു പ്രതിസന്ധിയിലായി. സഹായിക്കണമെന്ന്‌ അവന്‌ ആഗ്രഹമുണ്ടെങ്കില്‍ പോലും അവള്‍ തന്റെ പുസ്‌തകങ്ങള്‍ വായിക്കുമോ എന്ന്‌ അവന്‍ ഭയന്നു. മറ്റൊരാള്‍ക്ക്‌ മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്റെ പുസ്‌തകങ്ങള്‍ വായിക്കാന്‍ കൊടുക്കുക എന്നത്‌ തടവ്‌ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന വസ്‌തുത അവനെ വലച്ചു. പുസ്‌തകങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നത്‌ കുറ്റകരമാണെന്നത്‌ മറ്റെല്ലാവരെയും പോലെ ഡോണും പ്രൈമറി ക്ലാസുകള്‍ മുതലേ പഠിച്ചിട്ടുണ്ടായിരുന്നു. ഇത്തരം പണി കള്ളക്കോപ്പി ചെയ്യുന്നവര്‍ മാത്രം പിന്തുടരുന്നതാണ്‌, അവന്‍ കരുതി.

മാത്രമല്ല, ഇങ്ങന ചെയ്‌താല്‍ സോഫ്‌ട്‌വെയര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഇവനെ പിടിക്കാതിരിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എല്ലാ പുസ്‌തകങ്ങളിലും പകര്‍പ്പവകാശ പിടികൂടല്‍ യന്ത്രങ്ങള്‍ (Copyright Monitor) പിടിപ്പിച്ചിട്ടുണ്ടെന്ന്‌ ഡോണ്‍ തന്റെ സോഫ്‌ട്‌വെയര്‍ എന്‍ജിനീയറിംഗ്‌ ക്ലാസില്‍ പഠിച്ചിട്ടുണ്ടായിരുന്നു. എവിടെ വച്ച്‌, എപ്പോള്‍, ആരാണ്‌ വായിക്കുന്നതെന്ന്‌ കേന്ദ്ര ലൈസന്‍സിംഗിന്‌ ഈ ഉപകരണം റിപ്പോര്‍ട്ട്‌ ചെയ്യും. അനധികൃത (Pirates) ഇ-പുസ്‌തകത്തെ കണ്ടെത്താനായി ഇത്തരം വിവരം ഉപയോഗിക്കുന്നതിനൊപ്പം തന്നെ, വായനക്കാരെക്കുറിച്ചുള്ള വിവരം വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ പകര്‍ത്തി കൊടുക്കുകയും ഇവര്‍ ചെയ്യുന്നു. ഈ വിവരം വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ തങ്ങളുടെ പുതിയ ഉത്‌പന്നം മാര്‍ക്കറ്റ്‌ ചെയ്യാനും പരസ്യം ചെയ്യാനും ഉപയോഗിക്കാം. തന്റെ സ്വന്തം ആവശ്യത്തിന്‌ ശേഖരിച്ചിട്ടുള്ള ഇ-പുസ്‌തകം ഇങ്ങനെ ആരെങ്കിലും അനധികൃതമായി വായിച്ചാല്‍ അടുത്ത തവണ നെറ്റ്‌വര്‍ക്കിലേക്ക്‌ സിസ്റ്റം കണക്‌ട്‌ ചെയ്യുമ്പോള്‍ കേന്ദ്ര ലൈസന്‍സിംഗ്‌ സംവിധാനം കംപ്യൂട്ടറിന്റെ ഉമെയെ കണ്ടെത്തും, കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും.

എന്തായാലും, ലിസയ്‌ക്ക്‌ തന്റെ ഇ-പുസ്‌തകങ്ങള്‍ വേണ്ടെന്ന്‌ അവനറിയാമായിരുന്നു. അര്‍ധവാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രോജക്‌ട്‌ പൂര്‍ത്തിയാക്കാന്‍ മാത്രമായിരുന്നു അവള്‍ക്ക്‌ തന്റെ കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിയിരുന്നത്‌.മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ്‌ ലിസ വരുന്നതെന്ന്‌ ഡോണിന്‌ അറിയാമായിരുന്നു, അതുകൊണ്ട്‌ തന്നെ തന്റെ പുസ്‌തകങ്ങള്‍ അവള്‍ക്ക്‌ ഏറെ ഉപയോഗപ്രദമാകും. ഡോണ്‍ പോലും റിസര്‍ച്ച്‌ പേപ്പര്‍ വായിക്കാന്‍ പുസ്‌തകങ്ങളും ജേണലുകകളും കടം വാങ്ങിയിട്ടുണ്ടായിരുന്നു. (മാത്രമല്ല ഇ-പുസ്‌തകങ്ങളുടെ വരിസംഖ്യയുടെ പത്ത്‌ ശതമാനം എഴുത്തുകാരനുള്ള റോയല്‍റ്റിയാണ്‌, ഡോണ്‍ ഒരു അക്കാദമിക്‌ കരിയര്‍ സ്വപ്‌നം കാണുന്നതിനാല്‍ ഭാവിയില്‍ ഇങ്ങനെ ലഭിക്കുന്ന പണം, തന്റെ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ ധാരാളം).

ഒരു പൈസയും കൊടുക്കാതെ ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന, ഏതു പുസ്‌തകവും വായാക്കാനാകുന്ന പഴയകാല ലൈബ്രറികളെ കുറിച്ച്‌ പിന്നീടാണ്‌ ഡോണ്‍ അറിഞ്ഞത്‌. അക്കാലത്ത്‌ സര്‍ക്കാര്‍ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ ഒട്ടേറെ സ്വതന്ത്ര ഗവേഷകര്‍ ആയിരക്കണക്കിന്‌ പുസ്‌തക പേജുകള്‍ വായിച്ചിരുന്നു. പക്ഷേ, 1990 ആയപ്പോഴേക്കും ലാഭേച്ഛയില്ലാത്ത സംഘങ്ങള്‍ക്കൊപ്പം തന്നെ വാണിജ്യ താത്‌പര്യമുള്ള സ്ഥാപനങ്ങളും പുസ്‌തകങ്ങള്‍ ഓരോ പ്രാവശ്യം വായിക്കുന്നതിനും തുക ഈടാക്കാന്‍ തുടങ്ങി.

2047 ആയതോടുകൂടി സൗജന്യമായ ഗ്രന്ഥശാല എന്ന സങ്കല്‌പം തന്നെ മങ്ങിയ ഓര്‍മ്മ മാത്രമായി തീര്‍ന്നു.സോഫ്‌ട്‌വെയര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയെയും സെന്‍ട്രല്‍ ലൈസന്‍സിംഗിനെയും കടത്തിവെട്ടാന്‍ ഒരുപാട്‌ മാര്‍ഗങ്ങളുണ്ട്‌. ഇവയെല്ലാം തന്നെ നിയമവിരുദ്ധവുമാണ്‌. ഡോണിന്റെ സോഫ്‌ട്‌വെയര്‍ ക്ലാസ്സിലെ ചങ്ങാതിയായിരുന്ന ഫ്രാങ്കിന്റെ കൈവശം ഒരു വ്യാജ ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയര്‍ ഉണ്ടായിരുന്നു. ഇതുപയോഗിച്ച്‌ നേരത്തെ സൂചിപ്പിച്ച കോപ്പി റൈറ്റ്‌ മോണിട്ടര്‍ എന്ന ഉപകരണത്തെ ഭേദിച്ച്‌ പുസ്‌തകം വായിക്കാന്‍ കഴിഞ്ഞിരുന്നു. ഫ്രാങ്ക്‌ ഈ വിദ്യ എല്ലാ കൂട്ടുകാരോടും പറഞ്ഞുനടന്നു. അവരിലൊരാള്‍ SPA യ്‌ക്ക്‌ ഫ്രാങ്കിനെ ഒറ്റിക്കൊടുത്തു. അതും SPA വച്ച്‌ നീട്ടിയ നിസാര തുകയ്‌ക്കാണ്‌ ഒറ്റുകാരനായത്‌. 2047 ല്‍ ഫ്രാങ്ക്‌ ജയലഴികള്‍ക്കുള്ളിലായിരുന്നു, അനധികൃത മാര്‍ഗത്തിലൂടെ ഇ-പുസ്‌തകം വായിച്ചതിനല്ല മറിച്ച്‌ ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയര്‍ കൈവശം സൂക്ഷിച്ചതായിരുന്നു ഫ്രാങ്കിന്‌ മേല്‍ ചുമത്തിയ കുറ്റം.

ആര്‍ക്കും ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയര്‍ കയ്യില്‍ വയ്‌ക്കാന്‍ സാധിച്ചിരുന്ന ഒരു നല്ല കാലം പണ്ടുണ്ടായിരുന്നു എന്ന്‌ ഡോണ്‍ മനസ്സിലാക്കി. സി.ഡി. യിലും ഡൗണ്‍ലോഡ്‌ ചെയ്യാവുന്ന രീതിയിലും സൗജന്യ ഡീബഗ്ഗിംഗ്‌്‌ ടൂളുകള്‍ ലഭ്യമായിരുന്നു ഇതുപയോഗിച്ച്‌ ഒട്ടേറെ ആളുകള്‍ ഇ-പുസ്‌തകത്തില്‍ അനധികൃതമായി കടന്നുകയറി വായന തുടങ്ങി. ഇതിന്റെ ഫലമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന്‌ ജഡ്‌ജ്‌ പ്രഖ്യാപിക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഇതിനര്‍ത്ഥം ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌ വെയര്‍ എല്ലാം നിയമ വിരുദ്ധമെന്നും ഒപ്പം ഇതുപയോഗിച്ചാലോ ഡീബഗ്ഗിംഗ്‌ സോഫ്‌ട്‌വെയറുകള്‍ വികസിപ്പിച്ചെടുത്താലോ തടവുശിക്ഷ വരെ ലഭിക്കുകയും ചെയ്യും എന്നതാണ്‌.

പ്രോഗ്രാമര്‍ക്ക്‌ പക്ഷെ ഇപ്പോഴും ഡീബഗ്ഗിംഗ്‌ ടൂളുകള്‍ അനിവാര്യമായി വന്നു, 2047 ല്‍ ഡീബഗ്ഗിംഗ്‌ വിതരണക്കാര്‍ ഔദ്യോഗിക അംഗീകാരമുള്ള സോഫ്‌ട്‌വെയര്‍ വിദഗ്‌ധര്‍ക്കായി കുറച്ച്‌ കോപ്പികള്‍ വില്‍ക്കാന്‍ തുടങ്ങി. ഡോണ്‍ തന്റെ സോഫ്‌ട്‌വെയര്‍ ക്ലാസ്സില്‍ ഉപയോഗിച്ചിരുന്ന ഡീബഗ്ഗിങ്ങ്‌ ടൂള്‍ ഒരു പ്രത്യേക ഫയര്‍വാളിനൊപ്പമാണ്‌ കൈകാര്യം ചെയ്‌തുവന്നിരുന്നത്‌, അതുകൊണ്ട്‌ തന്നെ ഇതിന്റെ ഉപയോഗം ക്ലാസ്സ്‌ അന്തരീക്ഷത്തിനുള്ളില്‍ പരിമിതപ്പെടുത്തിയിരുന്നു.ഇതുകൂടാതെ പരിഷ്‌കരിച്ച ഒരു സിസ്റ്റം കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ പകര്‍പ്പവകാശ പിടികൂടല്‍ യന്ത്രങ്ങളെ (Copyright Monitor) മറികടക്കാന്‍ കഴിയും.

ഈ നൂറ്റാണ്ടിന്‌ മുന്‍പുണ്ടായിരുന്ന സൗജന്യവും സ്വതന്ത്രവുമായ കെര്‍ണലുകളെ കുറിച്ചും ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തെ കുറിച്ചും ഡോണ്‍ മനസ്സിലാക്കി. ഡീബഗേഴ്‌സിനെ പോലെ ഇവയും നിയമവിരുദ്ധമാണെന്ന്‌ മാത്രമല്ല ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടറിന്റെ റൂട്ട്‌ പാസ്‌വേഡ്‌ (Root Password) അറിയേണ്ടതും ഒരു അനിവാര്യതയായിരുന്നു. എഫ്‌.ബി.ഐ യോ മൈക്രോസോഫ്‌ടോ ഈ രഹസ്യ പാസ്‌വേഡ്‌ നമുക്ക്‌ പറഞ്ഞുതരികയുമില്ല.ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ലിസയ്‌ക്ക്‌ തന്റെ കംപ്യൂട്ടര്‍ കൊടുക്കാനാകില്ലെന്ന്‌ ഡോണ്‍ ഉറപ്പിച്ചു.

അത്രമേല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ അവളെ സഹായിക്കാതിരിക്കാനും അവന്‌ പറ്റില്ല. അവളോട്‌ സംസാരിക്കുന്ന ഓരോ തവണയും അവന്‍ അത്രയ്‌ക്കധികം സന്തുഷ്‌ടനായിരുന്നു. സഹായ അഭ്യര്‍ത്ഥന നടത്തിയതു തന്നെ അവനെ അത്രയ്‌ക്ക്‌ ഇഷ്‌ടമാണെന്നതിന്റെ തെളിവ്‌ കൂടിയായിരുന്നു.

ഒരിക്കലും ചിന്തിക്കാന്‍ പറ്റാന്‍ സാധിക്കാത്തതായ ഒരു കാര്യം ചെയ്‌ത്‌ ഡോണ്‍ തന്റെ ധര്‍മ്മസങ്കടം തീര്‍ത്തു. അവള്‍ക്ക്‌ തന്റെ കംപ്യൂട്ടര്‍ കൊടുത്തെന്ന്‌ മാത്രമല്ല അതിന്റെ രഹസ്യ പാസ്‌വേഡും പറഞ്ഞുകൊടുത്തു. ഇതുപയോഗിച്ച്‌ ഡോണിന്റെ പുസ്‌തകം ലിസ വായിച്ചാല്‍ സെന്‍ട്രല്‍ ലൈസന്‍സിംഗ്‌ സംഘം ഡോണ്‍ ആണ്‌ വായിക്കുന്നതെന്ന്‌ കരുതിക്കോളും. കുറ്റകരമായ സംഗതി ആണെങ്കിലും SPA സ്വമേധയാ ഇത്‌ കണ്ടെത്തില്ല. ലിസ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ മാത്രമേ അവനെ പിടികൂടാനോ കേസ്‌ എടുക്കാനോ അവര്‍ക്ക്‌ കഴിയൂ.

പക്ഷേ, പഠനസ്ഥലത്ത്‌ ഇതറിഞ്ഞാല്‍ രണ്ടുപേരും പുറത്താകും. എന്തിനാണ്‌ ലിസ ഇതുപയോഗിച്ചത്‌ എന്നതിന്‌ കോളജ്‌ അധികൃതര്‍ ഒരു വിലയും കല്‌പിക്കില്ല. വിദ്യാര്‍ത്ഥികളുടെ കംപ്യൂട്ടര്‍ ഉപയോഗം കോളജിന്റെ പ്രാമുഖ്യമുള്ള ഡിസിപ്ലിനറി ആക്ഷന്‍ ഘടകമായിരുന്നു. ആപ്‌തകരമോ ഹാനികരമോ ആയ എന്തെങ്കിലും പ്രവര്‍ത്തി ചെയ്‌തോ എന്നത്‌ ഒട്ടും പ്രാധാന്യം അര്‍ഹിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഇത്തരം പ്രവര്‍ത്തികളെല്ലാം വിലക്കപ്പെട്ടവയുടെ പട്ടികയിലുള്ളതായിരുന്നു.

കോളജില്‍ നിന്നും പുറത്താക്കുകയൊന്നുമില്ല. പക്ഷെ, ഔദ്യോഗിക കംപ്യൂട്ടറിലോ കംപ്യൂട്ടര്‍ ശൃംഖലയോ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഫലത്തില്‍ ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ എല്ലാ ക്ലാസ്സിലും പരാജയപ്പെടും.1980 മുതലാണ്‌ സര്‍വകലാശാലകള്‍ ഇത്തരത്തിലുള്ള നയം കൈക്കൊണ്ടതെന്ന്‌ ഡോണ്‍ പിന്നീട്‌ മനസ്സിലാക്കി. അതിനുമുന്നെ സര്‍വകലാശാലകള്‍ മറിച്ചായിരുന്നു ഡിസിപ്ലിന്‍ നിലനിര്‍ത്തിക്കൊണ്ടിരുന്നത്‌. ആപത്‌കരമായ എന്തും അവര്‍ ശിക്ഷിക്കുമായിരുന്നു. അല്ലാതെ സംശയത്തിന്റെ പേരില്‍ ഒന്നും ചെയ്യില്ലായിരുന്നു.

ഡോണിന്റെ കംപ്യൂട്ടര്‍ ഉപയോഗിച്ച വിവരം ലിസ SPA യില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തില്ല. അവളെ സഹായിക്കാന്‍ അവനെടുത്ത തീരുമാനം അവരുടെ വിവാഹത്തിലേക്ക്‌ എത്തിക്കുകയും ഒപ്പം കുട്ടിക്കാലം മുതല്‍ക്കു തന്നെ സോഫ്‌ട്‌വെയര്‍ പൈറസിയെക്കുറിച്ച്‌ അവരെ പഠിപ്പിച്ചു വന്നിരുന്ന വിവരങ്ങളെ ചോദ്യം ചെയ്യാനും ഇടവരുത്തി. ഈ ദമ്പതികള്‍ പിന്നീട്‌ പകര്‍പ്പവകാശ ചരിത്രം, സോവിയറ്റ്‌ യൂണിയന്‍, അവിടുത്തെ പകര്‍പ്പവകാശ നിയന്ത്രണം എന്നിവയെ വിശദമായി മനസ്സിലാക്കി ഒപ്പം അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനയും പഠിച്ചു. അവര്‍ ലൂണയിലേക്ക്‌ താമസം മാറി, അവിടെ അവര്‍ SPA യില്‍ നിന്നും അകലം പാലിച്ച്‌ മുന്നേറിക്കൊണ്ടിരുന്ന കുറച്ചുപേരെ കണ്ടുമുട്ടി. 2062 ല്‍ Tycho uprising തുടങ്ങിയപ്പോള്‍ 'സാര്‍വലൗകിക വായനാവകാശം' (universal right to read) കേന്ദ്രലക്ഷ്യങ്ങളിലൊന്നായി തീര്‍ന്നു.

(ഈ ലേഖനം ഏതു മാധ്യമത്തിലും ആര്‍ക്കും പ്രസിദ്ധീകരിക്കാവുന്നതാണ്‌, ഈ കുറിപ്പു കൂടി ഉണ്ടായിരിക്കണമെന്ന നിബന്ധന മാത്രമേയുള്ളൂ)

*****

റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ തന്നെ 2007 ല്‍ കൂട്ടിചേര്‍ത്ത അനുബന്ധംഇത്‌ ഉടനെ പരിഭാഷപ്പെടുത്തി ഇവിടെ ചേര്‍ക്കുന്നതാണ്‌.

ഇത്‌ ഇ-നിഘണ്ടുവിന്റെ കാലം

ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ ലഭ്യമാകുന്ന നിഘണ്ടു ഇന്ന്‌ വര്‍ധിച്ച സ്വീകാര്യത നേടുന്നതിന്‌ ഒട്ടേറെ കാരണങ്ങളുണ്ട്‌. വലുപ്പം, ലഭ്യത, ബഹുഭാഷാസൗകര്യം, വിലക്കുറവ്‌, സെര്‍ച്ചിങ്‌, ചിത്ര-ശബ്‌ദ-വീഡിയോ ഉള്ളടക്കം എന്നിവ ഇ-നിഘണ്ടുവിന്റെ എടുത്തുപറയാവുന്ന സവിശേഷതകളാണ്‌. ഒരു ഭാഷയില്‍ത്തന്നെ (ഉദാ. ഇംഗ്ലീഷ്‌ - ഇംഗ്ലീഷ്‌) രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന നിഘണ്ടുവിനെക്കാളും ഏറെപ്പേരും ആശ്രയിക്കുന്നത്‌ ദ്വിഭാഷാ, ബഹുഭാഷാ നിഘണ്ടുവിനെയാണ്‌. മാതൃഭാഷയിലേക്ക്‌ നിഘണ്ടുവിനെ കൊണ്ടുവരുന്നതുവഴി ലഭിക്കുന്ന മേന്മയേക്കാളും എത്രയോ അധികമാണ്‌ പല ഭാഷകളിലൂടെ ഒരു നിഘണ്ടു സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്നത്‌..

മൂന്ന്‌ ഭാഷയില്‍ ലഭ്യമാകുന്ന നിഘണ്ടുവിന്റെ വലുപ്പം ഒന്നാലോചിച്ചു നോക്കൂ. അച്ചടിനിഘണ്ടുവിന്റെ ക്രമാതീതമായ വലുപ്പം വിലകൂട്ടുകയും ഉപയോഗലാളിത്യം കുറയ്‌ക്കുകയുംചെയ്യും. 2000 പേജുള്ള ഒരു നിഘണ്ടുവിനെ ഒരു ഇ-മെയില്‍ അറ്റാച്ച്‌മെന്റായോ അല്ലെങ്കില്‍ സിഡി റോമിന്റെ ഒരു മൂലയിലോ ഒതുക്കാം. അതായത്‌ വലുപ്പം ഇ-നിഘണ്ടുവില്‍ ഒരു പ്രശ്‌നമേയല്ല. സാധാരണ നിഘണ്ടുവിന്റെ ഏറ്റവും വലിയ പ്രശ്‌നം ഏതെങ്കിലും ഒരു ഭാഷയിലാണ്‌ എല്ലാ പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കേണ്ടിവരുമെന്നുള്ളതാണ്‌. ഇംഗ്ലീഷ്‌-ഹിന്ദി-മലയാളം നിഘണ്ടുവില്‍ സര്‍ച്ച്‌വേഡായി ഉപയോഗിക്കാന്‍ കഴിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയിലെ വാക്കുകള്‍ മാത്രമാണല്ലോ. അതുപോലെ മലയാളം-ഇംഗ്ലീഷ്‌-ഹിന്ദി നിഘണ്ടുവില്‍ മലയാളമാകും താക്കോല്‍വാക്ക്‌. അതായത്‌ ബഹുഭാഷാ നിഘണ്ടു ആണെങ്കിലും ഉപയോഗത്തിന്റെ കാര്യത്തില്‍ അടയാളവാക്യഭാഷയെമാത്രം അടിസ്ഥാനമാക്കിയേ മുന്നേറാനാകൂ. അച്ചടിരീതിയില്‍ ബഹുഭാഷാ നിഘണ്ടു മൂന്ന്‌ ഭാഷയ്‌ക്ക്‌ അപ്പുറം പോകാത്തതിന്റെ മുഖ്യകാരണമിതാണ്‌. എന്നാല്‍, ഇ-ഡിക്‌ഷണറിയില്‍ 50 ഭാഷയിലെ നിഘണ്ടുപോലും ഒരു സിഡി റോമില്‍ ഒതുങ്ങും. മാത്രമല്ല, ഏതു ഭാഷയിലെ വാക്കുപയോഗിച്ചും പദാര്‍ഥശേഖരണവും സംശയനിവാരണവും നടത്താം. ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ അല്‍ഗോരിതത്തിന്റെ സഹായമാണ്‌ ഇത്തരത്തില്‍ ബഹുഭാഷാനിഘണ്ടുവിനെ ഏതു ഭാഷയിലും ക്രമീകരിക്കാന്‍ നവമാധ്യമങ്ങളെ സഹായിക്കുന്നത്‌.

ഇലക്‌ട്രോണിക്‌ നിഘണ്ടുവെന്നാല്‍, സി.ഡി റോം രൂപത്തില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ നിഘണ്ടു, മൊബൈല്‍ ഫോണ്‍, ഐ പോഡ്‌, ഇ-ബുക്ക്‌ എന്നിവയിലേക്ക്‌ കൂട്ടിയിണക്കാന്‍ സാധിക്കുന്ന തരത്തിലും ഉണ്ട്‌. ചെറു എം.പി ത്രീ പ്ലെയര്‍പോലെ ഇ-ഡിക്‌ഷണറികള്‍ക്കുമാത്രമായുള്ള ഉപകരണവും ഡിക്‌ഷണറിയുടെ ഇ-സാധ്യതകളാണ.്‌ ഇത്തരത്തില്‍ കൈയില്‍ കൊണ്ടുനടക്കാവുന്ന നിഘണ്ടു (Hand Hold Dictionary) വിന്‌ ചെറു കീബോര്‍ഡ്‌ (ചിലപ്പോള്‍ ടച്ച്‌സ്‌ക്രീന്‍), ശബ്ദാനുവര്‍ത്തി സംവിധാനം (Voice Recognition), വിവരങ്ങള്‍ ഒപ്പിയെടുക്കാനുള്ള (scanning) ഭാഗം എന്നിവ ഉണ്ടാകും.
അച്ചടിനിഘണ്ടുവിനില്ലാത്ത ഏറ്റവും പ്രധാന കുറവ്‌ പദത്തിന്റെ ഉച്ചാരണവുമായി ബന്ധപ്പെട്ടതാണ്‌. വാക്കുകള്‍ക്കുമുകളില്‍ മൗസ്‌ക്ലിക്ക്‌ നടത്തിയാല്‍ ടെക്‌സ്‌റ്റ്‌ ടു സ്‌പീച്ച്‌ രീതിയിലൂടെ ഇ-നിഘണ്ടുവില്‍ വാക്കുകളുടെ ഉച്ചാരണം ശ്രവിക്കാം. ഈ രീതി ഭാഷാപഠനത്തിന്‌ ഏറെ ഉപകാരമാവുമെന്നതിനൊപ്പംതന്നെ കാഴ്‌ചാവൈകല്യം ഉള്ളവര്‍ക്കും നിഘണ്ടു അനായാസം ഉപയോഗിക്കാം. വിവിധ സാങ്കേതികവിദ്യയുടെ കൂടിച്ചേരല്‍ (Convergence) ആണ്‌ ഇ-മാധ്യമത്തിന്റെ മുഖമുദ്ര.

1857ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഓക്‌സ്‌ഫ്‌ഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറി ഇന്ന്‌ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. ഇംഗ്ലീഷ്‌ ഭാഷയിലെ സമഗ്രഹവും അമൂല്യവുമായ പദാര്‍ഥശേഖരം, അച്ചടിരീതിയില്‍ ഇരുപതിലേറെ വാള്യം 21,730 പേജുകളിലായി പരന്നുകിടക്കുന്നു. 2000 മാര്‍ച്ചില്‍ ഓണ്‍ലൈന്‍ (www.oed.com) പതിപ്പ്‌ ആരംഭിച്ചു. ഓരോ മൂന്നുമാസംകൂടുന്തോറും 1800 ഓളം വാക്കുകള്‍ പദശേഖരത്തിലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.
ഓക്‌സ്‌ഫഡ്‌ നിഘണ്ടുവിന്‌ പണം ചെലവാക്കേണ്ടതുണ്ടെങ്കില്‍ ഒട്ടും പണച്ചെലവില്ലാതെ ഒരു സ്വതന്ത്ര ബഹുഭാഷാനിഘണ്ടു വിക്കിപീഡിയയുടെ സഹയാത്രികനായുണ്ട്‌-വിക്ഷണറി . 151 ഭാഷകളിലായി എണ്ണമറ്റ പദസമ്പത്തുമുണ്ട്‌.

ഇതിന്റെ മലയാളം അനുബന്ധം ചെറിയ നിലയില്‍ തുടക്കംകുറിച്ചുകഴിഞ്ഞു. വിക്കിസോഫ്‌ട്‌ വെയറിന്റെ സഹായത്തൊടെ വോളണ്ടിയര്‍മാരാണ്‌ സഹകരണത്തിലൂടെ നിഘണ്ടു നിര്‍മ്മിക്കുന്നത്‌.ഇംഗ്ലീഷില്‍ 5,32,611 എന്‍ട്രിയും 29,90,719 എഡിറ്റിംഗും 2008 ജനുവരി 1 വരെ നടന്നു കഴിഞ്ഞു. 57 അഡ്‌മിനസ്‌ട്രേറ്റര്‍മാരും 45,444 ഉപയോക്താക്കളും ഇംഗ്ലീഷ്‌ വിക്കി നിഘണ്ടുവിനുണ്ട്‌.

നിങ്ങള്‍ക്ക്‌ റൊമേനിയന്‍ ഭാഷയിലെ ഒരു നിഘണ്ടു വേണമെന്നിരിക്കട്ടെ. കേരളത്തിലെയോ ഒരു പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേയോ ഗ്രന്ഥശാലകളിലോ ബുക്‌ ഷോപ്പിലോ ഇത്തരം ചെറു വിദേശ ഭാഷകളിലെ നിഘണ്ടു ലഭിക്കണമെന്നില്ല, എന്നാല്‍ വിഷമിക്കേണ്ട. വിക്കിനിഘണ്ടുവിലേക്കെത്തൂ.യൂണികോഡിലുളള റൊമേനിയ ഫോണ്ട്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നതൊടെ നിങ്ങളുടെ കംപ്യൂട്ടറില്‍ റൊമേനിയന്‍ ഭാഷയിലെ നിഘണ്ടു വായന തുടങ്ങാം.