Saturday, December 06, 2008

മുംബൈ: സൈബര്‍ തീവ്രവാദത്തിന്റെ ഇരയും

അജ്ഞാത ഇ-മെയില്‍ അയക്കാനുള്ള സംവിധാനവും ജി പി എസും സാറ്റലൈറ്റ്‌ ഫോണുകളുമെല്ലാം മുംബൈയിലും തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കാം. മുംബൈ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സൈബര്‍ സുരക്ഷയിലും ഇനി നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു

മുംബൈയെ നടുക്കിയ ഭീകരാക്രമണം വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കുപുസ്‌തകം തയ്യാറായിവരുന്നതേയുള്ളൂ. ഏകദേശം 50 മണിക്കൂര്‍ ഒരു വന്‍രാജ്യത്തെ സായുധസേനാസംവിധാനത്തെ പ്രതിരോധിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക്‌ തുണയായത്‌ അത്യാധുനിക റൈഫിളുകള്‍മാത്രമല്ല, സാങ്കേതികവിദ്യയുടെ ഉല്‍പ്പന്നങ്ങളുംകൂടിയായിരുന്നു.

നാലാംതലമുറ യുദ്ധതന്ത്രം എന്നാണിതിനെ അന്താരാഷ്‌ട്രസമൂഹം വിശേഷിപ്പിക്കുന്നത്‌. കൃത്യതയും രഹസ്യസ്വഭാവവുമാണിതിന്റെ മുഖമുദ്ര. ഇതിനു സഹായകമാകുന്നത്‌ സാങ്കേതിക ഉപകരണങ്ങളുടെ ദുരുപയോഗവും. നാലാംതലമുറയുദ്ധം ആരംഭിച്ചതും അമേരിക്കയില്‍നിന്നായത്‌ യാദൃച്ഛികമാകാം. 9/11 ആക്രമണത്തില്‍ വിമാനം നിയന്ത്രിക്കാന്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നുവെന്നാണ്‌ വര്‍ത്തമാനം. അതത്രേ ഇത്രമേല്‍ കൃത്യമായി ഇരട്ട ടവറുകള്‍ തകര്‍ത്തിടാന്‍ സഹായകമായത്‌.
കടല്‍മാര്‍ഗം എത്താമെന്നതും ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നതും മുംബൈ തെരഞ്ഞെടുക്കാന്‍ കാരണമായി എന്നുപറയാമെങ്കിലും രാജ്യത്തെ ഏറ്റവും മോശമായ സൈബര്‍സംവിധാനം ഈ സംസ്ഥാനത്താണെന്നത്‌ തീവ്രവാദികളെ ആകര്‍ഷിച്ചിരിക്കണം. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍ എങ്ങനെയാണ്‌ ഇ-മെയില്‍ കൈകാര്യംചെയ്‌തത്‌ എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഭാവി പ്രതിരോധസംവിധാനങ്ങള്‍ കരുപ്പിടിപ്പിക്കാനെങ്കിലും പ്രയോജനപ്പെടും. 1993 ലെ മുംബൈ സ്‌ഫോടനകാലത്ത്‌ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്‌ വന്നിട്ടുപോലുമില്ല. എന്നാല്‍, 15 വര്‍ഷത്തിനിടെ ആശയവിനിമയത്തില്‍ വിപ്ലവകരമായ ഗതിമാറ്റം സംഭവിച്ചു. എന്നാല്‍, ഇതിന്‌ കിടപിടിക്കുന്ന സാങ്കേതികമാറ്റം കേസന്വേഷണത്തില്‍ പൊലീസിനെയും ഇന്റലിജന്‍സിനെയും സഹായിച്ചില്ല. അടുത്തകാലത്ത്‌ നടന്ന സ്‌ഫോടനങ്ങളും അവയുമായി ബന്ധപ്പെട്ട്‌ പത്രദൃശ്യമാധ്യമങ്ങള്‍ക്കെത്തിയ ഇ-മെയിലിന്റെ രീതിയും പരിശോധിച്ചാല്‍ ഇത്‌ ബോധ്യമാകും.

സ്‌ഫോടനശേഷം വിവരം കാണിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും ഇ-മെയില്‍ മാധ്യമങ്ങളിലേക്ക്‌ പ്രവഹിച്ചിരുന്നത്‌ സൈബര്‍ കഫെകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഉത്തര്‍പ്രദേശിലും ജയപുരിലും നടന്ന സ്‌ഫോടനങ്ങള്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്‌ ഇത്തരം ഇ-മെയില്‍ ട്രാക്ക്‌ചെയ്‌ത്‌ സൈബര്‍കഫെകളെ നിരീക്ഷണവിധേയമാക്കിയായിരുന്നു. ഇതില്‍ അപകടം മണത്ത തീവ്രവാദികള്‍ പിന്നീട്‌ വൈ-ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങി. അഹമ്മദാബാദ്‌, ഡല്‍ഹി സ്‌ഫോടനങ്ങളില്‍ ഇതിന്റെ സാന്നിധ്യം കാണാമായിരുന്നു. എന്നാല്‍, ഇവ രണ്ടും പരീക്ഷിച്ചും പ്രയോഗിച്ചും പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ട തീവ്രവാദികള്‍ ഇത്തവണ `റീമെയിലര്‍' എന്ന സങ്കേതമാണ്‌ ഉപയോഗിച്ചത്‌.

എന്താണ്‌ റീമെയിലര്‍? സാധാരണ ഇ-മെയിലിനൊപ്പം ഐപി വിലാസം, മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ ഉണ്ടാകും. ഇത്‌ പരിശോധിക്കാനുള്ള സൈബര്‍ ഫോറന്‍സിക്‌ ടൂളുകള്‍ ഉപയോഗിച്ചാല്‍ ഏത്‌ ഇ-മെയില്‍ സേവനദാതാവുവഴി, ഏത്‌ കംപ്യൂട്ടര്‍വഴി, എപ്പോഴാണ്‌ ഇ-മെയില്‍ അയച്ചത്‌ എന്ന്‌ നിഷ്‌പ്രയാസം കണ്ടുപിടിക്കാം. എന്നാല്‍, `റീമെയിലര്‍' എന്ന പുതിയ കുരുക്കില്‍ ഐപി വിലാസം, മറ്റ്‌ അനുബന്ധവിവരങ്ങള്‍ എന്നിവ മായ്‌ച്ചുകളഞ്ഞശേഷം വേറെ ഒരു സ്ഥലത്തു സെര്‍വര്‍ വഴിയാകാം ഇ-മെയില്‍ കടത്തിവിടുന്നത്‌. സാങ്കേതികമായി ഏറെ പ്രയാസമാണ്‌ ഇത്തരം ഇ-മെയിലുകളെ തെരഞ്ഞുപിടിക്കാന്‍. എന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍ ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും ഇത്തരം ഇ-മെയില്‍ വഴികളും കണ്ടുപിടിക്കാമെങ്കിലും അതു ഏറെ ശ്രമകരമാണെന്നു മാത്രം. മുംബൈ സ്‌ഫോടനം നടന്ന്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ടിവി ചാനലിനു ലഭിച്ച ഇ-മെയിലില്‍ ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഇ-മെയില്‍ ആണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതാകട്ടെ ഏതാനും ദിവസംമുമ്പ്‌ ഉണ്ടാക്കിയ ഐഡിയും ആയിരുന്നു. പാകിസ്ഥാനില്‍നിന്ന്‌ റഷ്യയിലുള്ള സെര്‍വര്‍വഴി ഇന്ത്യയിലെ ചാനല്‍ ഓഫീസിലേക്ക്‌ ഇ-മെയില്‍ എത്തി എന്നാണ്‌ ഇതുവരെയുള്ള വിവരം. ഇതു തന്നെ ശരിയാകണമെന്നില്ല. പല സെര്‍വറുകള്‍ ചുറ്റിത്തിരിഞ്ഞാകാം ഇ-മെയില്‍ സ്വീകര്‍ത്താവിനെ തേടിയെത്തുന്നത്‌. അതേ, നാം ഇനി `റീമെയിലിങ്‌' പ്രതിരോധം ശക്തിപ്പെടുത്തും. അടുത്ത സ്‌ഫോടനത്തില്‍ ഉപയോഗിക്കുന്നത്‌ മറ്റൊരു സാങ്കേതികപ്രയോഗം ആയിരിക്കാം. ചുരുക്കത്തില്‍ `സാങ്കേതിക ആയുധധാരി'കളുടെ ടെക്‌നോളജി അപഗ്രഥനത്തേക്കാള്‍ മികച്ചതല്ല നമ്മുടേതെങ്കില്‍ ഇനി ഇതിലും വലിയ വിലയാകും ഒാരോ രാജ്യവും നല്‍കാന്‍ ഉണ്ടാവുക.
ബ്ലാക്‌ബെറി ഫോണിന്റെ വിവരസുരക്ഷ ആക്രമണകാരികള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനകരമാകുമെന്നാദ്യം അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ട ടെലികമ്യൂണിക്കേഷന്‍ വകുപ്പും ട്രായ്‌യും ഇത്തരത്തിലെ ആഭ്യന്തരസുരക്ഷാപ്രശ്‌നങ്ങള്‍കൂടി ടെലിഫോണ്‍ അടിസ്ഥാന ഉപകരണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന്‌ ഗൗരവമായി വിലയിരുത്താത്ത കാലത്തോളം ദുരുപയോഗം വര്‍ധിക്കും. മുംബൈയില്‍ തീവ്രവാദികള്‍ സാറ്റലൈറ്റ്‌ ടെലഫോണും അതുവഴിയുള്ള ഇന്റര്‍നെറ്റും വഴി പുറംലോകവുമായും ബന്ധപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുന്ന വിവരങ്ങള്‍ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്‌റ്റം (ജിപിഎസ്‌) ഉപയോഗിച്ചും നല്‍കിയെന്നു കരുതുന്നു.

ബയോടെററിസം (ജൈവതീവ്രവാദം) നാമിതുവരെ കണ്ടിട്ടില്ല. ഇതൊക്കെയാകാം നാളത്തെ യുദ്ധമുറകള്‍ എന്ന്‌ ശാസ്‌ത്രകല്‍പ്പിതകഥകളില്‍ കുറേക്കാലമായി പ്രചരിക്കുന്നുണ്ട്‌. ഓരോവര്‍ഷം കഴിയുന്തോറും പുതുതലമുറ യുദ്ധതന്ത്രങ്ങളാണ്‌ നമുക്കു മുന്നിലേക്ക്‌ എത്തുന്നത്‌. വിവരസാങ്കേതികവിദ്യയുടെ കാലാവധി കഴിഞ്ഞെന്നും ബയോടെക്‌നോളജിയുടെ കാലമാണ്‌ വരാന്‍പോകുന്നതെന്നും ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാവിയുദ്ധ/ആക്രമണത്തില്‍ ഇതിന്റെ അതിപ്രസരം തള്ളിക്കളയാനാകില്ല.

വിവരസാങ്കേതിക വിദ്യ സഹായവുമായി
സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌ മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍ ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍, തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌.
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍ പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി.
വിനുകുമാര്‍ രംഗനാഥന്‍ എന്ന ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍ എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു. ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.
നവംബര്‍ 2008 മുംബൈ അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍ പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌.

1 comment:

വി. കെ ആദര്‍ശ് said...

അജ്ഞാത ഇ-മെയില്‍ അയക്കാനുള്ള സംവിധാനവും ജി പി എസും സാറ്റലൈറ്റ്‌ ഫോണുകളുമെല്ലാം മുംബൈയിലും തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കാം. മുംബൈ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സൈബര്‍ സുരക്ഷയിലും ഇനി നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു