Friday, December 12, 2008

ഐസി ചിപ്പിന്‌ 50


ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

വളരുന്തോറും ചെറുതാകും!!!!!
`വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍ ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില, അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌. ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.

ഐസി ചിപ്പിന്റെ ഇരുവര്‍ സംഘം
ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.

ജാക്‌ എസ്‌ കില്‍ബി: 1933 നവംബര്‍ എട്ടിന്‌ ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു. ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി. തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍ ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌. അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌, ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍ നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ, കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.

റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌: ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം. കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌ ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം. സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം.
1968ല്‍ ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും നോബല്‍സമ്മാനം നല്‍കാറില്ല.

Saturday, December 06, 2008

മുംബൈ: സൈബര്‍ തീവ്രവാദത്തിന്റെ ഇരയും

അജ്ഞാത ഇ-മെയില്‍ അയക്കാനുള്ള സംവിധാനവും ജി പി എസും സാറ്റലൈറ്റ്‌ ഫോണുകളുമെല്ലാം മുംബൈയിലും തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കാം. മുംബൈ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സൈബര്‍ സുരക്ഷയിലും ഇനി നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു

മുംബൈയെ നടുക്കിയ ഭീകരാക്രമണം വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കുപുസ്‌തകം തയ്യാറായിവരുന്നതേയുള്ളൂ. ഏകദേശം 50 മണിക്കൂര്‍ ഒരു വന്‍രാജ്യത്തെ സായുധസേനാസംവിധാനത്തെ പ്രതിരോധിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക്‌ തുണയായത്‌ അത്യാധുനിക റൈഫിളുകള്‍മാത്രമല്ല, സാങ്കേതികവിദ്യയുടെ ഉല്‍പ്പന്നങ്ങളുംകൂടിയായിരുന്നു.

നാലാംതലമുറ യുദ്ധതന്ത്രം എന്നാണിതിനെ അന്താരാഷ്‌ട്രസമൂഹം വിശേഷിപ്പിക്കുന്നത്‌. കൃത്യതയും രഹസ്യസ്വഭാവവുമാണിതിന്റെ മുഖമുദ്ര. ഇതിനു സഹായകമാകുന്നത്‌ സാങ്കേതിക ഉപകരണങ്ങളുടെ ദുരുപയോഗവും. നാലാംതലമുറയുദ്ധം ആരംഭിച്ചതും അമേരിക്കയില്‍നിന്നായത്‌ യാദൃച്ഛികമാകാം. 9/11 ആക്രമണത്തില്‍ വിമാനം നിയന്ത്രിക്കാന്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നുവെന്നാണ്‌ വര്‍ത്തമാനം. അതത്രേ ഇത്രമേല്‍ കൃത്യമായി ഇരട്ട ടവറുകള്‍ തകര്‍ത്തിടാന്‍ സഹായകമായത്‌.
കടല്‍മാര്‍ഗം എത്താമെന്നതും ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നതും മുംബൈ തെരഞ്ഞെടുക്കാന്‍ കാരണമായി എന്നുപറയാമെങ്കിലും രാജ്യത്തെ ഏറ്റവും മോശമായ സൈബര്‍സംവിധാനം ഈ സംസ്ഥാനത്താണെന്നത്‌ തീവ്രവാദികളെ ആകര്‍ഷിച്ചിരിക്കണം. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍ എങ്ങനെയാണ്‌ ഇ-മെയില്‍ കൈകാര്യംചെയ്‌തത്‌ എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഭാവി പ്രതിരോധസംവിധാനങ്ങള്‍ കരുപ്പിടിപ്പിക്കാനെങ്കിലും പ്രയോജനപ്പെടും. 1993 ലെ മുംബൈ സ്‌ഫോടനകാലത്ത്‌ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്‌ വന്നിട്ടുപോലുമില്ല. എന്നാല്‍, 15 വര്‍ഷത്തിനിടെ ആശയവിനിമയത്തില്‍ വിപ്ലവകരമായ ഗതിമാറ്റം സംഭവിച്ചു. എന്നാല്‍, ഇതിന്‌ കിടപിടിക്കുന്ന സാങ്കേതികമാറ്റം കേസന്വേഷണത്തില്‍ പൊലീസിനെയും ഇന്റലിജന്‍സിനെയും സഹായിച്ചില്ല. അടുത്തകാലത്ത്‌ നടന്ന സ്‌ഫോടനങ്ങളും അവയുമായി ബന്ധപ്പെട്ട്‌ പത്രദൃശ്യമാധ്യമങ്ങള്‍ക്കെത്തിയ ഇ-മെയിലിന്റെ രീതിയും പരിശോധിച്ചാല്‍ ഇത്‌ ബോധ്യമാകും.

സ്‌ഫോടനശേഷം വിവരം കാണിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും ഇ-മെയില്‍ മാധ്യമങ്ങളിലേക്ക്‌ പ്രവഹിച്ചിരുന്നത്‌ സൈബര്‍ കഫെകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഉത്തര്‍പ്രദേശിലും ജയപുരിലും നടന്ന സ്‌ഫോടനങ്ങള്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്‌ ഇത്തരം ഇ-മെയില്‍ ട്രാക്ക്‌ചെയ്‌ത്‌ സൈബര്‍കഫെകളെ നിരീക്ഷണവിധേയമാക്കിയായിരുന്നു. ഇതില്‍ അപകടം മണത്ത തീവ്രവാദികള്‍ പിന്നീട്‌ വൈ-ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങി. അഹമ്മദാബാദ്‌, ഡല്‍ഹി സ്‌ഫോടനങ്ങളില്‍ ഇതിന്റെ സാന്നിധ്യം കാണാമായിരുന്നു. എന്നാല്‍, ഇവ രണ്ടും പരീക്ഷിച്ചും പ്രയോഗിച്ചും പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ട തീവ്രവാദികള്‍ ഇത്തവണ `റീമെയിലര്‍' എന്ന സങ്കേതമാണ്‌ ഉപയോഗിച്ചത്‌.

എന്താണ്‌ റീമെയിലര്‍? സാധാരണ ഇ-മെയിലിനൊപ്പം ഐപി വിലാസം, മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ ഉണ്ടാകും. ഇത്‌ പരിശോധിക്കാനുള്ള സൈബര്‍ ഫോറന്‍സിക്‌ ടൂളുകള്‍ ഉപയോഗിച്ചാല്‍ ഏത്‌ ഇ-മെയില്‍ സേവനദാതാവുവഴി, ഏത്‌ കംപ്യൂട്ടര്‍വഴി, എപ്പോഴാണ്‌ ഇ-മെയില്‍ അയച്ചത്‌ എന്ന്‌ നിഷ്‌പ്രയാസം കണ്ടുപിടിക്കാം. എന്നാല്‍, `റീമെയിലര്‍' എന്ന പുതിയ കുരുക്കില്‍ ഐപി വിലാസം, മറ്റ്‌ അനുബന്ധവിവരങ്ങള്‍ എന്നിവ മായ്‌ച്ചുകളഞ്ഞശേഷം വേറെ ഒരു സ്ഥലത്തു സെര്‍വര്‍ വഴിയാകാം ഇ-മെയില്‍ കടത്തിവിടുന്നത്‌. സാങ്കേതികമായി ഏറെ പ്രയാസമാണ്‌ ഇത്തരം ഇ-മെയിലുകളെ തെരഞ്ഞുപിടിക്കാന്‍. എന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍ ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും ഇത്തരം ഇ-മെയില്‍ വഴികളും കണ്ടുപിടിക്കാമെങ്കിലും അതു ഏറെ ശ്രമകരമാണെന്നു മാത്രം. മുംബൈ സ്‌ഫോടനം നടന്ന്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ടിവി ചാനലിനു ലഭിച്ച ഇ-മെയിലില്‍ ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഇ-മെയില്‍ ആണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതാകട്ടെ ഏതാനും ദിവസംമുമ്പ്‌ ഉണ്ടാക്കിയ ഐഡിയും ആയിരുന്നു. പാകിസ്ഥാനില്‍നിന്ന്‌ റഷ്യയിലുള്ള സെര്‍വര്‍വഴി ഇന്ത്യയിലെ ചാനല്‍ ഓഫീസിലേക്ക്‌ ഇ-മെയില്‍ എത്തി എന്നാണ്‌ ഇതുവരെയുള്ള വിവരം. ഇതു തന്നെ ശരിയാകണമെന്നില്ല. പല സെര്‍വറുകള്‍ ചുറ്റിത്തിരിഞ്ഞാകാം ഇ-മെയില്‍ സ്വീകര്‍ത്താവിനെ തേടിയെത്തുന്നത്‌. അതേ, നാം ഇനി `റീമെയിലിങ്‌' പ്രതിരോധം ശക്തിപ്പെടുത്തും. അടുത്ത സ്‌ഫോടനത്തില്‍ ഉപയോഗിക്കുന്നത്‌ മറ്റൊരു സാങ്കേതികപ്രയോഗം ആയിരിക്കാം. ചുരുക്കത്തില്‍ `സാങ്കേതിക ആയുധധാരി'കളുടെ ടെക്‌നോളജി അപഗ്രഥനത്തേക്കാള്‍ മികച്ചതല്ല നമ്മുടേതെങ്കില്‍ ഇനി ഇതിലും വലിയ വിലയാകും ഒാരോ രാജ്യവും നല്‍കാന്‍ ഉണ്ടാവുക.
ബ്ലാക്‌ബെറി ഫോണിന്റെ വിവരസുരക്ഷ ആക്രമണകാരികള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനകരമാകുമെന്നാദ്യം അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ട ടെലികമ്യൂണിക്കേഷന്‍ വകുപ്പും ട്രായ്‌യും ഇത്തരത്തിലെ ആഭ്യന്തരസുരക്ഷാപ്രശ്‌നങ്ങള്‍കൂടി ടെലിഫോണ്‍ അടിസ്ഥാന ഉപകരണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന്‌ ഗൗരവമായി വിലയിരുത്താത്ത കാലത്തോളം ദുരുപയോഗം വര്‍ധിക്കും. മുംബൈയില്‍ തീവ്രവാദികള്‍ സാറ്റലൈറ്റ്‌ ടെലഫോണും അതുവഴിയുള്ള ഇന്റര്‍നെറ്റും വഴി പുറംലോകവുമായും ബന്ധപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുന്ന വിവരങ്ങള്‍ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്‌റ്റം (ജിപിഎസ്‌) ഉപയോഗിച്ചും നല്‍കിയെന്നു കരുതുന്നു.

ബയോടെററിസം (ജൈവതീവ്രവാദം) നാമിതുവരെ കണ്ടിട്ടില്ല. ഇതൊക്കെയാകാം നാളത്തെ യുദ്ധമുറകള്‍ എന്ന്‌ ശാസ്‌ത്രകല്‍പ്പിതകഥകളില്‍ കുറേക്കാലമായി പ്രചരിക്കുന്നുണ്ട്‌. ഓരോവര്‍ഷം കഴിയുന്തോറും പുതുതലമുറ യുദ്ധതന്ത്രങ്ങളാണ്‌ നമുക്കു മുന്നിലേക്ക്‌ എത്തുന്നത്‌. വിവരസാങ്കേതികവിദ്യയുടെ കാലാവധി കഴിഞ്ഞെന്നും ബയോടെക്‌നോളജിയുടെ കാലമാണ്‌ വരാന്‍പോകുന്നതെന്നും ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാവിയുദ്ധ/ആക്രമണത്തില്‍ ഇതിന്റെ അതിപ്രസരം തള്ളിക്കളയാനാകില്ല.

വിവരസാങ്കേതിക വിദ്യ സഹായവുമായി
സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌ മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍ ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍, തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌.
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍ പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി.
വിനുകുമാര്‍ രംഗനാഥന്‍ എന്ന ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍ എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു. ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.
നവംബര്‍ 2008 മുംബൈ അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍ പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌.

Tuesday, December 02, 2008

ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌

ഒരു മേശപ്പുറംമുഴുവന്‍ അപഹരിച്ചിരുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളെ വെല്ലുവിളിച്ചായിരുന്നു ലാപ്‌ടോപ്‌ രംഗപ്രവേശംചെയ്‌തത്‌. ഡെസ്‌ക്‌ ടോപ്‌ കംപ്യൂട്ടര്‍ എന്നാണല്ലോ സാധാരണ പിസിയുടെ വിളിപ്പേരുകളില്‍ ഒന്ന്‌. എന്നാല്‍, ലാപ്‌ടോപ്‌ എത്തിയത്‌ ഒട്ടേറെ സവിശേഷതകളുമായായിരുന്നു. ഭാരക്കുറവ്‌, സ്ഥലലാഭം, കൊണ്ടുനടക്കാവുന്ന രീതി, പിന്‍ഭാഗത്ത്‌ കണക്ടറുകളുടെയും കേബിളുകളുടെയും പെരുക്കമില്ല. എന്തുെകാണ്ടും ലാപ്‌ടോപ്‌ എല്ലാത്തരത്തിലുള്ള ജനങ്ങളുടെയും പ്രിയതോഴനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യവര്‍ഷങ്ങളില്‍ ലക്ഷത്തിനുമുകളിലായിരുന്നു വിലയെങ്കില്‍ ഇന്നിത്‌ ഡസ്‌ക്‌ടോപ്‌ കംപ്യൂട്ടറുമായി താരതമ്യംചെയ്യുമ്പോള്‍ ഏതാനും ആയിരം രൂപമാത്രം കൂടുതല്‍. ലാപ്‌ടോപ്പിനാണെങ്കില്‍ യുപിഎസിന്റെ സഹായം വേണ്ടതില്ല. അതായത്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില, അതിനുള്ള യുപിഎസ്‌ സംവിധാനം എന്നിവ കൂട്ടിയാല്‍ ലാപ്‌ടോപ്പാണ്‌ ലാഭമെന്ന്‌ ബോധ്യമാകും. മാത്രമോ വൈദ്യുതിച്ചെലവും വളരെ കുറവാണെന്നതും ലാപ്‌ടോപ്പിനു മേന്മയായി. മിക്ക ലാപ്‌ടോപ്പുകള്‍ക്കും 30 വാട്ടില്‍ താഴെയേ ഊര്‍ജച്ചെലവ്‌ ഉണ്ടാകൂ. 17 ഇഞ്ച്‌ സിആര്‍ടി സ്‌ക്രീന്‍ ഉള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആകട്ടെ ഇതിന്റെ അഞ്ചിരട്ടിയോളം വൈദ്യുതി ഉപയോഗിക്കും(ഏകദേശം 150 വാട്ട്‌). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ലാപ്‌ടോപ്പിന്റെ ഊര്‍ജ-പരിപാലനച്ചെലവ്‌ തുച്ഛമാണെന്ന്‌ പറയാം.

ഇങ്ങനെ ലാപ്‌ടോപ്പിന്റെ മേന്മകള്‍ വിസ്‌തരിക്കാന്‍ വരട്ടെ, ഇപ്പോള്‍ വിപണിയിലെ പുതുവര്‍ത്തമാനം ഇത്തിരികുഞ്ഞന്‍ ലാപ്‌ടോപ്പുകളാണ്‌. അതായത്‌ സ്‌ക്രീന്‍ വലുപ്പം വളരെ കുറഞ്ഞതരം. ഇവയെ നെറ്റ്‌ബുക്കുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ലാപ്‌ടോപ്പിന്‌ നോട്‌ബുക്‌ കംപ്യൂട്ടര്‍ എന്നൊരു പേര്‌ ഉണ്ടായിരുന്നല്ലോ. ലാപ്‌ടോപ്പിന്റെ ഈ ചെറുപതിപ്പിന്‌ (നെറ്റ്‌ബുക്‌) ഇന്ന്‌ ആവശ്യക്കാരേറുകയാണ്‌. ഇതു മുന്‍കൂട്ടി കണ്ട്‌ മിക്ക ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളും നെറ്റ്‌ബുക്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാം വായിക്കുന്ന ഒരു നോവലിന്റെയോ അല്ലെങ്കില്‍ ബാലമാസികയുടെയോ അത്രമാത്രം സ്‌ക്രീന്‍ വലുപ്പം ആണ്‌ ഇതിന്റെ ആകര്‍ഷണീയത.

മൂന്നുമുതല്‍ അഞ്ചു കിലോഗ്രാംവരെയാണ്‌ മിക്ക ലാപ്‌ടോപ്പിന്റെയും ഭാരം. ഇതുകൂടാതെ ചാര്‍ജര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയായി ലാപ്‌ടോപ്പിന്റെ ഭാരം ചെറുതല്ല! എന്നാല്‍, പുതിയ തരംഗമായ നെറ്റ്‌ബുക്കുകളുടെ ഭാരം ഒരുകിലോമാത്രം. ഏറിയാല്‍ ഒന്നരകിലോഗ്രാം. സാധാരണ ബാഗിലോ പായ്‌ക്കറ്റുകളിലോ ഒക്കെ കൊണ്ടുനടക്കുകയുംചെയ്യാം.

യാത്രാവേളയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ നെറ്റ്‌ബുക്കുകള്‍ ഉത്തമമാണ്‌. വിലയും കുറവാണ്‌. 14,000 രൂപമുതല്‍ 25,000 രൂപവരെയാണ്‌ ഇപ്പോഴത്തെ നിലവാരം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പോക്കറ്റ്‌ പിസിയുടെയും ലാപ്‌ടോപ്പിന്റെയും മധ്യത്തിലുള്ള ഒരു പുതിയ ഇടം നെറ്റ്‌ബുക്ക്‌ സൃഷ്ടിച്ചെടുത്തുവെന്നു പറയാം. ഓഫീസിനു പുറത്തോ ക്യാമ്പസിലോ, എന്തിന്‌ കടലോരത്തോ ഇരുന്ന്‌ ചാറ്റ്‌, ബ്ലോഗ്‌, വീഡിയോ ഷെയറിങ്‌, ഡൗണ്‍ലോഡിങ്‌ എന്നിവ ചെയ്യുന്നവര്‍ക്ക്‌ ഉത്തമമാണ്‌ നെറ്റ്‌ ബുക്കുകള്‍. ഹാര്‍ഡ്‌വെയര്‍ശേഷി പരിമിതമായിരിക്കുമെന്ന മുന്‍ധാരണയും വേണ്ട. ലാപ്‌ടോപ്പിന്റേതിനു തുല്യമായ റാം, പ്രോസസിങ്‌ശേഷി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ നെറ്റ്‌ബുക്കിനും സ്വന്തമായുണ്ട്‌. ഇന്റര്‍നെറ്റ്‌ കേന്ദ്രീകൃത ആവശ്യത്തിനായി ഇന്റര്‍കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ആറ്റം പ്രോസസറാണ്‌ മിക്ക നിര്‍മാതാക്കളും ഉപയോഗിക്കുന്നത്‌. സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഇത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല, എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഇതിന്റെ ബാറ്ററി ദൈര്‍ഘ്യമാണ്‌. മിക്ക മോഡലുകളുടെയും കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യം 3.5 മണിക്കൂറാണ്‌. ഒന്നോര്‍ക്കുക, ഏറ്റവും മുന്തിയ ഇനം ലാപ്‌ടോപ്പിന്റെ പരമാവധി ബാറ്ററി ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ മാത്രമാണ്‌.

ഒരു ലാപ്‌ടോപ്പുകൊണ്ട്‌ ചെയ്യുന്ന ഏകദേശം എല്ലാ ജോലികളും അതേ കൃത്യതയോടെ സൂക്ഷ്‌മതയോടെ നെറ്റ്‌ബുക്കും ചെയ്‌തുകൊള്ളും. വിന്‍ഡോസ്‌, ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തനസംവിധാനങ്ങള്‍ ഉപയോഗിക്കാം. മിക്ക നെറ്റ്‌ബുക്കുകള്‍ക്കും സിഡി/ഡിവിഡി ഡ്രൈവുകള്‍ ഉണ്ടാകില്ല. എന്നാല്‍, പുറമെനിന്ന്‌ ഇത്‌ യുഎസ്‌ബി വഴി ഘടിപ്പിക്കുകയുംചെയ്യാം. അസൂസ്‌ എന്ന സ്ഥാപനം ഈപിസി പേരിലാണ്‌ ഇത്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. തൊട്ടുപിന്നാലെ എച്ച്‌സിഎല്‍ മൈലീപ്‌ എന്ന സീരീസും പുറത്തിറക്കി. ഇപ്പോള്‍ ഡെല്‍ ഇന്‍സ്‌പൈറോണ്‍, ലെനവോ ഐഡിയാപാഡ്‌, എയ്‌സര്‍ ആസ്‌പയര്‍വണ്‍ എന്നീ മോഡലുകളും വിപണിയില്‍ വന്നുതുടങ്ങി. സാംസങ്‌, ബാവ്‌ലറ്റ്‌ പക്കാര്‍ഡ്‌, എല്‍ജി എന്നിവയും തങ്ങളുടെ പതിപ്പുകളുമായി വരാനിരിക്കുന്നു. ഒരു വയര്‍ലെസ്‌/മെബൈല്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍കൂടിയുണ്ടെങ്കില്‍ നെറ്റ്‌ബുക്കിന്റെ പ്രയോജനം പരമാവധി ആകര്‍ഷകമാക്കാം. യാത്രയിലോ ഒഴിവുവേളയിലോ ലാപ്‌ടോപ്പിന്റെ `ഗംഭീര ആകര്‍ഷണം' ഇല്ലാതെതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ആകാം. മിക്ക മോഡലുകളും ആകര്‍ഷകമായ ഡിസൈനോടെയാണ്‌ എത്തിയിരിക്കുന്നത്‌