Saturday, November 22, 2008

എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയും അതിന്റെ വികസനത്തെയും അത്ര ഗൗരവമായി നാം വിശകലനം ചെയ്‌തിട്ടില്ല എന്നതാണ്‌ സത്യം. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വരവോടെ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്ലാസ്‌ മുറികളിലും ലാബുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തൊട്ടുമുമ്പത്തെ അന്‍പത്‌ വര്‍ഷം ഉണ്ടാക്കിയ മാറ്റങ്ങളേക്കാളും വലിയ ഘടനാപരമായ മാറ്റം ഉണ്ടാക്കാന്‍ ഇക്കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനായി എന്നതുതന്നെയാണ്‌ ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയിലേക്ക്‌ നമ്മെ ആകര്‍ഷിക്കുന്നത്‌.

നിലത്തെഴുതി പഠിച്ചതും പിന്നീട്‌ സ്ലേറ്റിലേയും അവിടെനിന്ന്‌ നോട്ടുപുസ്‌തകത്തിലേക്കുമാണ്‌ നാമെത്തിയതെങ്കില്‍ ഇന്ന്‌ ഓരോ കുട്ടിയും ഓരോ കമ്പ്യൂട്ടര്‍ എന്നതാണ്‌ മിക്ക സംഘടനകളുടെയും സ്‌കൂളുകളുടെയും ലക്ഷ്യം. One Laptop Per Child (OLPC) എന്ന ദൗത്യം ഇവിടെ സ്‌മരണീയമാണ്‌. ഇവിടെയാണ്‌ സാങ്കേതികവിദ്യയ്‌ക്ക്‌ അനുഗുണമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ മാറ്റുന്നതിന്റെയും അതിനുള്ള പ്രൊഫഷണലുകളുടെയും ആവശ്യം വരുന്നത്‌. പാഠ്യവിഷയങ്ങള്‍ മാറ്റുക എന്നതുകൊണ്ട്‌ അതിലെ 'കണ്ടന്റി'നെ മാറ്റുക എന്നല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ അതിന്റെ രേഖപ്പെടുത്തലുകളുടെയും അനുബന്ധ വിവരങ്ങളുടെയും മാറ്റമാണ്‌. ഉദാഹരണത്തിന്‌ അക്ഷരമാല പഠിക്കുന്ന കുട്ടി അ എന്ന അക്ഷരത്തില്‍ തൊടുമ്പോള്‍ A for Apple എന്ന പരമ്പരാഗത വാചകവും ഒപ്പം ആപ്പിളിന്റെ ചിത്രവും അവന്റെ/അവളുടെ മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡിലോ ലാപ്‌ടോപ്പിലോ ദൃശ്യമായി വരണമെങ്കില്‍ ഇതിന്‌ യോജിച്ച രീതിയില്‍ പാഠഭാഗത്തിന്‌ ഡിജിറ്റല്‍ വകഭേദം വരുത്തേണ്ടതുണ്ട്‌.

ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്‌ ചെല്ലുന്തോറും ക്രമേണ ഇത്‌ സങ്കീര്‍ണമായ പ്രവര്‍ത്തനമായി മാറും. രസതന്ത്രത്തിലെ ഒരു പരീക്ഷണശാലതന്നെ കമ്പ്യൂട്ടറില്‍ ഒരുക്കാനാകും. രണ്ട്‌ ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന്‌ ജലമുണ്ടാകുന്ന സിമുലേഷന്‍ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആവര്‍ത്തനപട്ടികയിലെ ഓരോ ആറ്റത്തിന്റെയും എണ്ണമറ്റ കോമ്പിനേഷനുകള്‍ സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ രസതന്ത്രലാബാണ്‌ ഒരുക്കുന്നതെങ്കില്‍ രസതന്ത്രത്തിലും കമ്പ്യൂട്ടര്‍ സാങ്കേതികതയിലും ആഴത്തില്‍ അറിവുള്ള ഒരു ടീം ഉണ്ടായേ തീരൂ. ഇതിനെയാണ്‌ ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം (ITeS - IT enabled Learning) എന്നുപറയുന്നത്‌. വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്ക്‌ ഇത്തരം ഡിജിറ്റല്‍ ലാബുകള്‍ എത്തിക്കുന്നത്‌ സ്ഥലം-പണം-സൗകര്യം തുടങ്ങി ഏത്‌ തലത്തില്‍ നോക്കിയാലും എളുപ്പമായ സൗകര്യമാണ്‌. ആകെ വേണ്ടത്‌ വേണ്ടത്ര തയ്യാറെടുപ്പോടെയുള്ള ഒറ്റത്തവണ മുന്നൊരുക്കമാണ്‌. ഈ മേഖലയിലേക്ക്‌ കണ്ടന്റ്‌ ഉണ്ടാക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകള്‍ക്ക്‌ നിലവില്‍ ഡിമാന്റ്‌ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇത്‌ ഒരു പാഠ്യപദ്ധതിയായി എത്തിയിട്ടില്ല എന്നതാണ്‌. അഭിരുചി ഉള്ളവര്‍ക്ക്‌ തിളങ്ങാനാകുന്ന രംഗമാണ്‌ എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌.

പാഠ്യപദ്ധതി ഡിജിറ്റലൈസേഷന്‍ കൂടാതെ ഫലപ്രദമായി എങ്ങിനെ ഇന്റര്‍നെറ്റില്‍ അവതരിപ്പിക്കാം, കമ്പ്യൂട്ടര്‍ വഴിയുള്ള പ്രസന്റേഷനുകള്‍ ഉണ്ടാക്കുക, വിദൂരസംവേദന ഉപാധികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക എന്നിവയും ജോലികളില്‍പ്പെടുന്നു.
ഇതുകൂടാതെ വീട്ടിലിരുന്ന പുറംരാജ്യത്തെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുന്ന രീതി കേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്‌. EPO അഥവാ എഡ്യുക്കേഷണല്‍ പ്രോസസിംഗ്‌ ഔട്ട്‌സോഴ്‌സിംഗ്‌ എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള പശ്ചാത്തലസൗകര്യമൊരുക്കുക എന്നതും ശ്രദ്ധ പതിപ്പിക്കാവുന്ന ഇടങ്ങളാണ്‌.

ഇന്റര്‍നെറ്റ്‌ കൂടാതെ മൊബൈല്‍ഫോണും ഇന്ന്‌ ആശയപ്രകാശനത്തിന്റെ ശക്തമായ ഉപാധിയാണ്‌. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പിഡിഎയുടെ (പെഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്‌) ചെറുസ്‌ക്രീന്‍ വലിപ്പത്തിലേക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ഭാവിയിലെ സാധ്യതകള്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതം മാത്രമാകണമെന്നില്ല.

ആനിമേഷന്‍, സൗണ്ട്‌ എഡിറ്റിംഗ്‌ എന്നിവയില്‍ പരിചയമുള്ള ശാസ്‌ത്ര-സാമൂഹിക പാഠ്യവിഷയങ്ങളില്‍ തല്‌പരരായവരെയാണ്‌ നിലവില്‍ ഇത്തരം ജോലിക്ക്‌ പരിഗണിക്കുന്നത്‌. ഇതുകൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നവരുടെയും പരിപാലിക്കുന്നവരുടെയും ജോലിസാധ്യതകളും എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്നുണ്ട്‌.

4 comments:

വി. കെ ആദര്‍ശ് said...

ശ്രദ്ധ പതിപ്പിക്കാവുന്ന ഇടങ്ങളാണ്‌

V.R. Hariprasad said...

good info..

തറവാടി said...

വിദ്യാഭ്യാസകാലത്ത് പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസകാലത്ത് കമ്പ്യൂട്ടര്‍ ഓറിയന്‍‌ഡഡ് എജുക്കേഷന്‍ അല്ല കമ്പ്യൂട്ടര്‍ ഇങ്ക്ലൂഡഡ് എജുക്കേഷനാണ് വേണ്ടത്. കമ്പ്യൂട്ടര്‍ ഓറിയന്‍‌റ്റഡ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകുന്നത് അനാലിറ്റിക്കല്‍ പവര്‍ സാവധാനം നഷ്ടപ്പെടുന്ന , സ്വയം ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു പറ്റം കുട്ടികളായിരിക്കും.

ഐ.ടി എന്നും ഡിജിറ്റല്‍ യുഗം എന്നുമൊക്കെ കേള്‍ക്കാന്‍ നല്ല ഇമ്പമാണ്. സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ ലാപ് ടോപ് നിര്‍ബന്ധം പിടിക്കുന്ന സ്കൂളുകളാണ് ഏറ്റവും മുന്തിയ വിദ്യാഭ്യാസം നല്‍‌കുന്നവര്‍ എന്നായിരിക്കുമോ ഇനി?

തറവാടി said...
This comment has been removed by the author.