Wednesday, September 24, 2008

സൈബര്‍ നിയമം പഠിക്കാം

കംപ്യൂട്ടര്‍ മുഖേനയുള്ള വിനിമയത്തിന്‌ ഇന്ന്‌ ബഹുമുഖ പ്രയോഗങ്ങളാണല്ലോ ഉള്ളത്‌. ഇ-മെയില്‍, ചാറ്റിംഗ്‌ തുടങ്ങിയ ആശയ സംവേദന ഇടപാടുകള്‍ മുതല്‍ ബാങ്ക്‌ അക്കൗണ്ട്‌ വരെ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടന്നു വരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടുകൂടി ലോകം ചുരുങ്ങി ഒരു ആഗോളഗ്രാമമായെന്നും രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ പതുക്കെ ഇല്ലാതാകുന്നുവെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണ്‌. യാഥാര്‍ത്ഥ ലോകത്ത്‌ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ സുശക്തമായ നിയമപരിരക്ഷയുണ്ട്‌. പേപ്പറില്‍ ഉള്ള (മുദ്രപത്രം) കരാറിന്‌ നിയമ സാധുതയും ഒപ്പം അംഗീകാരവും പൊതുസമൂഹത്തില്‍ ലഭിച്ചു പോരുന്നു. എന്നാല്‍ ഇന്ന്‌ കരാറുകള്‍ മാത്രമല്ല ഗൗരവതരമായ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ ഡിജിറ്റല്‍ ലോകം സാക്ഷ്യം വഹിക്കുന്നു.

ഇന്റര്‍നെറ്റില്‍ വ്യക്തികളും സ്ഥാപനങ്ങളും രാജ്യങ്ങളുമല്ല കരാറുകളിലും പണകൈമാറ്റങ്ങളിലും ഏര്‍പ്പെടുന്നത്‌ മറിച്ച്‌ അവരുടെ ഡിജിറ്റല്‍ പ്രതിരൂപങ്ങളാണ്‌. സ്വാഭാവികമായും ഇത്തരം കൈമാറ്റങ്ങളില്‍ തര്‍ക്കമുണ്ടാകാം, അന്തിമതീര്‍പ്പിനായി കോടതികളിലും അവിടെ നിന്നും മേല്‍കോടതികളിലും ട്രെബ്യൂണലുകളിലും എത്തിയേക്കാം. ഇവിടെയാണ്‌ പുതിയൊരു നിയമത്തിന്റെ ആവശ്യം. സാധാരണ കരാറില്‍ ഒരു മുദ്രപത്രം അല്ലെങ്കില്‍ ഒരു ചെക്ക്‌/ ഡ്രാഫ്‌റ്റ്‌ എന്നിവ കാണാവുന്ന തെളിവായി ഹാജരാക്കാം. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത്‌ ക്ഷണ നേരത്തില്‍ മിന്നി മറയുന്ന കംപ്യൂട്ടര്‍ സ്‌ക്രീനിലെ I Accept ബട്ടനുകളാണല്ലോ ഉടമ്പടി ഒപ്പുകള്‍. ഈ പ്രതീതിയാഥാര്‍ത്ഥ്യത്തെ (virtual reality) എങ്ങനെ നിയമത്തിന്റെ നാലതിരുകള്‍ക്കുള്ളിലെത്തിക്കും. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടക്കുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ മറുവശത്ത്‌ നിയമസംവിധാനങ്ങള്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനധികൃത സോഫ്‌ട്‌വെയര്‍, വ്യാജ സി.ഡി പകര്‍ത്തല്‍, പകര്‍പ്പവകാശ ലംഘനം, ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌വേഡ്‌ മോഷണം, എ.ടി.എം ദുരുപയോഗം എന്നിങ്ങനെ... അശ്ലീലചിത്രം, വീഡിയോ, നമ്മള്‍ അറിയാതെ പകര്‍ത്തുന്ന ചിത്രങ്ങളുടെ വിതരണം എന്നിവയില്‍ വരെ എത്തി നില്‍ക്കുന്നു ഡിജിറ്റല്‍ തട്ടിപ്പുകള്‍. 2004 ല്‍ പുറത്തുവന്ന ഇന്റര്‍നെറ്റ്‌ ഫില്‍ട്ടര്‍ റിവ്യൂപ്രകാരം അശ്ലീല വെബ്‌ പേജുകള്‍ 4.2 ദശലക്ഷം ഉണ്ടായിരുന്നു. അശ്ലീലവിപണിയുടെ വലിപ്പം 57 ശതകോടി ഡോളറും, നീല സി.ഡി റോം വിപണി 100 കോടി ഡോളറും വരും. ഇത്‌ നാലുവര്‍ഷം മുന്‍പത്തെ കണക്കാണ്‌ ഇന്നത്തെ സംഖ്യ ഭീതിജനകമായിരിക്കും.

ഇവിടെയാണ്‌ ടെക്‌നോളജിയും നിയമപഠനവും സമ്മേളിക്കുന്ന സൈബര്‍ നിയമം എന്ന അന്തര്‍വൈജ്ഞാനിക കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ പ്രസക്തമാകുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനിടെ സൈബര്‍ മേഖലയില്‍ ഒട്ടനവധി നിയമവിദഗ്‌ദരെ ആവശ്യമായി വരും. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്ക്‌ താരതമ്യേന സങ്കീര്‍ണമായ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ കടന്നു വരുന്ന ഈ മേഖലയുടെ കുരുക്കഴിക്കാന്‍ ബുദ്ധിമുട്ട്‌ നേരിട്ടേക്കാം. അതുകൊണ്ടാണ്‌ കംപ്യൂട്ടര്‍ തത്‌പരമായ നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിയുള്ളവര്‍ക്കും തിളങ്ങാനാകുന്ന രംഗമാണ്‌ സൈബര്‍ നിയമം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ നിന്നു തന്നെ ഒര്‍ക്കുട്ടിലെ വ്യാജ പ്രൊൈഫലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇന്റര്‍നെറ്റ്‌ ലോട്ടറി തട്ടിപ്പും എത്രയോ പ്രാവശ്യം പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ രൂപത്തില്‍ എത്തി. പുറത്തു പറയാത്ത കേസുകള്‍ ഇതിന്റെ പലമടങ്ങാകും. സൈബര്‍ നിയമത്തില്‍ സെപ്‌ഷ്യലൈസ്‌ ചെയ്‌ത അഭിഭാഷകന്‌ കൈ നിറയെ കേസ്‌ കിട്ടാന്‍ നിലവില്‍ പ്രയാസങ്ങളൊന്നുമില്ല. മാത്രമല്ല യുവ അഭിഭാഷകര്‍ക്ക്‌ ഏറെ അവസരങ്ങളാണുള്ളത്‌, കാരണം നിയമവൃത്തിയില്‍ പരിചയസമ്പത്ത്‌ അത്യാവശ്യഘടകമാണ്‌. സൈബര്‍ നിയമം പുതിയ ഗണമായതിനാല്‍ തലമുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ചിലപ്പോള്‍ ഇതില്‍ വൈദഗ്‌ദ്യം നേടുന്ന യുവ അഭിഭാഷകന്റെയത്ര പ്രാവീണ്യം ഉണ്ടാവാനിടയില്ലെന്ന്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്ക്‌ ലഭിക്കുന്ന കേസുകള്‍ ഇക്കാര്യത്തിലെങ്കിലും താരതമ്യേന ജൂനിയറായ വക്കിലുമാരിലേക്ക്‌ എത്താനുള്ള സാധ്യതയും ഉണ്ട്‌.

2000 ഒക്‌ടോബര്‍ 17 ന്‌ ഇന്ത്യയില്‍ ഐ.ടി ആക്‌ട്‌ 2000 നിലവില്‍ വരുമ്പോള്‍ ഇത്തരത്തിലെ ഒരു നിയമം പാസാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും ഭാരതത്തിന്‌ കൈവന്നു. ബ്രിട്ടനില്‍ ട്രാന്‍സാക്ഷന്‍സ്‌ ആക്‌ട്‌ 1990 ല്‍ നിലവില്‍ വന്നിരുന്നു. സാധാരണ നിയമത്തിന്റെ ഭൂമിശാസ്‌ത്രപരമായ അധികാര പരിധി അതാത്‌ രാഷ്‌ട്രത്തിന്റെ അതിര്‍ത്തിയിലൊതുങ്ങും അപൂര്‍വ്വം ചില കേസുകളില്‍ കുറ്റവാളികളെ പിടിക്കാനായി അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം തേടിയാലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഒക്കെ നിയമപ്രതിബന്ധങ്ങളുണ്ടാക്കും. എന്നാല്‍ സൈബര്‍ നിയമത്തില്‍ അത്‌ ഏതു രാജ്യത്തിന്റെതായാലും അധികാര പരിധി ഏല്ലാ രാജ്യങ്ങളിലും എത്തും. നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ വഴി അതിക്രമിച്ചുകയറുന്നത്‌ ചിലപ്പോള്‍ ആഫ്രിക്കയിലെയോ ആസ്‌ട്രേലിയയിലെയോ ഒരു രാജ്യത്തെ ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്നാകാം. (ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ - ബാങ്കിന്റെതിന്‌ സമാനമായ വെബ്‌സൈറ്റ്‌ ഉണ്ടാക്കിയശേഷം അക്കൗണ്ട്‌ നമ്പരും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന തരം വെബ്‌ പേജുകളാണ്‌ ഫിഷിംഗ്‌). കുറ്റവാളിയുടെ/കുറ്റകൃത്യം ചെയ്‌ത സ്ഥലം ആഗോള ഗ്രാമത്തില്‍ എവിടെയുമാകാം!

എവിടെ പഠിക്കാം

നിലവില്‍ എല്‍എല്‍.ബി/എല്‍എല്‍.എം പോലെ യു.ജി.സി അംഗീകൃത പഠനപദ്ധതികള്‍ ഇല്ല എന്നു പറയാം. പക്ഷെ ഒട്ടേറെ സ്ഥാപനങ്ങള്‍ ബിരുദാനന്തരബിരുദ ഡിപ്ലോമകള്‍ നല്‍കുന്നുണ്ട്‌. അംഗീകൃത പഠനപദ്ധതികളില്‍ എടുത്തുപറയാവുന്നത്‌ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നല്‍കുന്ന മാസ്റ്റര്‍ ഓഫ്‌ സയര്‍സ്‌ ഇന്‍ സൈബര്‍ ലോ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (MSCLIS). ഐ.ഐ.ഐ.ടി അലഹബാദിന്റെ വെബ്‌ അഡ്രസ്‌ http://iiita.ac.in.
ഹൈദരാബാദിലെ NALSAR ,ഡല്‍ഹി അമിറ്റി സ്‌കൂള്‍, ഹൈദരാബാദ്‌ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ലാ ഇന്‍സ്റ്റിറ്റിയൂട്ട്‌, നാഗ്‌പൂര്‍ സര്‍വകലാശാലാ, ഏഷ്യന്‍ സ്‌കുള്‍ ഓഫ്‌ സൈബര്‍ ലാ ചെന്നൈ, ബോംബെ ലാ കോളെജ,്‌ ഇക്‌ഫായ്‌ എന്നിവ ഒരുവര്‍ഷ ബിരുദാനന്തരബിരുദ ഡിപ്‌ളോമ നല്‍കുന്നുണ്ട്‌. നിയമ ബിരുദാരികള്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്യും. ചിലസ്ഥാപനങ്ങള്‍ നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒപ്പം പഠിക്കാവുന്ന തരത്തിലും കോഴ്‌സ്‌ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഒരു വര്‍ഷ ഡിപ്‌ളോമയില്‍ മിക്കതും വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശൈലിയിലാണ്‌ സംഘടിപ്പിച്ചിട്ടുളളത്‌. താമസിയാതെ തന്നെ മിക്കവാറും എല്ലാ സര്‍വകലാശാലകളിലും സൈബര്‍ലാ പ്രത്യേക പ്രാധാന്യത്തോടെ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദം (M.L/LL.M)ഏര്‍പ്പെടുത്തിയേക്കാം. രാജ്യത്തെ വിഖ്യാത ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ഇഗ്നോ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇന്‍ സൈബര്‍ ലാ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്നുണ്ട്‌.


പഠനവിഷയങ്ങള്‍

ടെക്‌നോളജി,നിയമം എന്നിവയുടെ അടിസ്ഥാനപാഠങ്ങള്‍ക്കൊപ്പം, ഡിജിറ്റല്‍ ഉടമ്പടികള്‍, ബൗദ്‌ധിക സ്വത്തവകാശ നിയമം (IPR), ഇന്റര്‍നെറ്റിലെ അവകാശങ്ങള്‍ പെരുമാറ്റങ്ങള്‍, ഇ-ഗവണന്‍സ്‌, ഐടി ആക്‌ട്‌ 2000 ഉം സമാന നിയമങ്ങളും, ഹാക്കിംഗ്‌, പകര്‍പ്പവകാശനിയമം, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, ഇ കോമേഴ്‌സ്‌ എന്നിവയാണ്‌ മുഖ്യ പഠന വിഷയങ്ങള്‍. അശ്‌ളീല വീഡിയോ, മോര്‍ഫിംഗ്‌ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ സയന്‍സും ചിലയിടങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ അഭ്യസിപ്പിക്കുന്നുണ്ട്‌.

ആര്‍ക്കൊക്കെ പഠിക്കാം
നിയമ ബിരുദധാരികള്‍ക്കാണ്‌ ഈ കോഴ്‌സ്‌ ഏറെ ഇണങ്ങുന്നതെങ്കിലും എന്‍ജിനീയറിംഗ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ ബിരുദധാരികള്‍ക്കും ലീഗല്‍ അസിസ്റ്റന്റ്‌ എന്ന തസ്‌തികയില്‍ വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളിലും, ഈ മേഖലയില്‍ വേണ്ടത്ര പരിചയവും ജ്ഞാനവും ഇല്ലാത്ത മുതിര്‍ന്ന അഭിഭാഷകരെ സഹായിക്കാനായും ചേരാം. നിലവില്‍ മികച്ച പ്രതിഫലം ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌, നിയമ അധ്യാപകര്‍, ചാര്‍ട്ടേഡ്‌/ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌, പോലീസ്‌ ഓഫീസര്‍, കമ്പനി എക്‌സിക്യൂട്ടീവ്‌, മാനേജ്‌മെന്റ്‌ വിദഗ്‌ദര്‍, ഐടി ബിസിനസ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്‌ പി.ജി ഡിപ്‌ളോമ പദ്ധതി ഏറെ ഉപകാരമാവുകയും നിലവിലെ തൊഴിലില്‍ തന്നെ കൂടുതല്‍ ശോഭിക്കാനുമാകും. താമസിയാതെ തന്നെ എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ ശേഷം എല്‍.എല്‍.ബി(സൈബര്‍ ലോ)ക്ക്‌ പോകുന്ന ഒരു പുതിയ രീതി ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. ഐ.ഐ.ടി ഖരക്‌പൂര്‍ ഇതുമായി ബന്ധപ്പെട്ട രീതി രൂപപ്പെടുത്തിയിരുന്നു.

സൈബര്‍ ലാ യുടെ മേഖല അനുദിനം വളരുകയാണ്‌. വാണിജ്യ മുദ്ര (ട്രേഡ്‌ മാര്‍ക്ക്‌), ലോഗോ, പേറ്റന്റ്‌, ബാങ്കിംഗ്‌, എന്നിവ ദിനം പ്രതി സൈബര്‍ലോകത്ത്‌ പുതിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ഏറെ ശ്രദ്ധ പതിയേണ്ട പഠന പദ്ധതിയാണ്‌ സൈബര്‍നിയമം. ഇതോടൊപ്പം തന്നെ വൈറസ്‌, വേം, മാല്‍വെയര്‍ ആക്രമണങ്ങളും, അനധികൃതമായി നമ്മുടെ കംപ്യൂട്ടറിലോ ശൃംഖലയിലോ കടന്ന്‌ വിവര മോഷണം, വിവര മാറ്റം എന്നിവയും കൂടി വരുന്നുണ്ട്‌. പ്രതിരോധ കംപ്യൂട്ടര്‍ വ്യൂഹങ്ങളില്‍ വരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും വിലപിടിച്ചതും തന്ത്ര പ്രധാനവുമായ വിവരങ്ങള്‍ കൈക്കലാക്കുന്നതും അത്യന്തം ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്‌.

വരുംകാലങ്ങളില്‍ വിപുലമായ പ്രയോഗവും ഒട്ടേറെ ഭേദഗതികളും ഐ.ടി ആക്‌ടിനും അനുബന്ധ നിയമങ്ങള്‍ക്കും ഉണ്ടാവും. അതെ സൈബര്‍ നിയമത്തില്‍ ഇനിയും ഒട്ടേറെ ആക്‌ടുകളും റൂളുകളും വരും, സാധാരണ നിയമത്തിന്‌ ഒപ്പമോ അതിലധികമോ ഇത്‌ വളരാം, അതുകൊണ്ട്‌ തന്നെ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നവര്‍ക്ക്‌ ഈ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട്‌ മിടുക്കരാകാം.

3 comments:

വി. കെ ആദര്‍ശ് said...

അതെ സൈബര്‍ നിയമത്തില്‍ ഇനിയും ഒട്ടേറെ ആക്‌ടുകളും റൂളുകളും വരും, സാധാരണ നിയമത്തിന്‌ ഒപ്പമോ അതിലധികമോ ഇത്‌ വളരാം

SHIHAB KARUVARAKUNDU said...

സൈബര് നിയമങ്ങൾ ഇതൊക്കെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്

fasil kurikkal said...

സൈബർ നിയമത്തെ കുുറിച്ചും സൈബർ ക്രൈമിനെ കുുറിച്ചും മലയാളത്തിൽ നല്ല പുസ്തകങ്ങൾ വല്ലതുമുണ്ടോ സാർ