Monday, September 29, 2008

വെബ്‌ ഡിസൈന്‍

ഇന്റര്‍നെറ്റിന്റെ ആദ്യനാളുകളില്‍ വെബ്‌ ഡിസൈന്‍ ചെയ്യുന്ന ജോലി അതീവ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൊന്നായി കണ്ടിരുന്നവരേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്രയ്‌ക്ക്‌ സാങ്കേതികവശം സ്വായത്തമാക്കാത്തവര്‍ക്കുപോലും വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യാന്‍ പാകത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്‌. അതേസമയം വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്കെന്നപോലെ വ്യക്തിഗത വെബ്‌സൈറ്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും കൂടിവരുന്നു. ഒരു കംപ്യൂട്ടറും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്‌്‌ഷനുമുണ്ടെങ്കില്‍ വെബ്‌ ഡിസൈനിംഗിനുള്ള പശ്ചാത്തലസൗകര്യങ്ങളായി. പിന്നെ ഉചിതമായ സോഫ്‌റ്റ്‌വെയറുകള്‍കൂടി ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വല നെയ്‌തെടുക്കാന്‍ നിങ്ങളുടെ കംപ്യൂട്ടര്‍ തയ്യാര്‍.

ഇന്ന്‌ സ്വയംതൊഴില്‍ എന്ന നിലയ്‌ക്ക്‌ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രൊഫഷണല്‍ തികവോടെ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്‌. കടല്‍ കടന്നെത്തുന്ന (ഔട്ട്‌സോഴ്‌സിംഗ്‌) ഇത്തരം ജോലികള്‍ കേരളത്തിലെ പട്ടണങ്ങളിലെന്നപോലെ ഗ്രാമപ്രദേശങ്ങളിലും നടക്കുന്നു. കൂടുതലും ചറെുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും വെബ്‌സൈറ്റാണ്‌ ഇത്തരത്തില്‍ അണിയിച്ചൊരുക്കുന്നത്‌. എന്നാല്‍ ബാങ്കിംഗ്‌, ഇ-കൊമേഴ്‌സ്‌, വന്‍കിട വെബ്‌ പോര്‍ട്ടലുകള്‍ എന്നിവ പരിപാലിക്കാനും രൂപസംവിധാനം ചെയ്യാനും ഒരു സംഘം തന്നെയുണ്ടാകും. ഇങ്ങനെയുള്ള വെബ്‌സൈറ്റുകള്‍ ഡേറ്റാബേസിനെ ആശ്രയിച്ച്‌ ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി, ആന്റിഹാക്കിംഗ്‌ പരിരക്ഷയും നടത്തേണ്ടതുണ്ട്‌.

വെബ്‌സൈറ്റുകളെ രണ്ടായി തരംതിരിക്കാം. സ്റ്റാറ്റിക്‌ (static) എന്ന ആദ്യഗണത്തില്‍പ്പെടുന്ന സൈറ്റുകള്‍ അടിക്കടി വിവരങ്ങള്‍ മാറുന്ന പേജുകളല്ല. ലേഔട്ടും പേജിലെ വിവരവും സ്ഥിരമായിരിക്കും. ഇത്തരം പേജുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത്‌ വല്ലപ്പോഴും ആയിരിക്കും. എന്നാല്‍ ഡൈനാമിക്‌ (dynamic) എന്ന രണ്ടാമത്തെ ഗണം ഇന്ററാക്ടീവ്‌ ശൈലിയില്‍ ആണെന്നു പറയാം. ഉപയോഗിക്കുന്ന ആളിനോ സമയത്തിനോ അനുസരിച്ച്‌ ഇത്തരം പേജുകള്‍ അടിയ്‌ക്കടി മാറും. രൂപഘടനയിലും മാറ്റം വരും. ഉപയോഗിക്കുന്ന ആളിന്റെ ഇംഗിതത്തിനനുസരിച്ച്‌ വിവരങ്ങള്‍ ദൃശ്യമാക്കുന്ന രീതിയാണ്‌ ഡൈനാമിക്‌ വെബ്‌പേജുകള്‍. ഇന്ന്‌ ഏതാണ്ട്‌ എല്ലാ വെബ്‌സൈറ്റ്‌ പേജുകളും ഡൈനാമിക്‌ ആയിക്കൊണ്ടിരിക്കുന്നു.

ആര്‍ക്കൊക്കെ പഠിക്കാം?
സര്‍ഗശേഷിയും ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗിന്റെ അഥവാ ആപ്ലിക്കേഷന്‍ പാക്കേജുകളുടെ ഉപയോഗത്തിന്റെ മികവുമാണ്‌ ഒരു വെബ്‌ ഡിസൈനറുടെ പ്രവര്‍ത്തനത്തിന്റെ അളവുകോലാകുന്നത്‌. കുറ്റമറ്റ രീതിയില്‍ വിവരങ്ങള്‍ ദൃശ്യമാക്കാന്‍ സാങ്കേതികപരമായ കഴിവുകള്‍ ആര്‍ജിക്കേണ്ടതുണ്ട്‌. ഇതിനായുള്ള ആദ്യപാഠങ്ങള്‍ HTML കോഡ്‌ പഠിക്കുന്നിടത്ത്‌ ആരംഭിക്കും. ഓരോ മാസവും നവീകരിച്ച നിലവിലുള്ള ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും പാക്കേജുകളും കൂടാതെ പുതിയ ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും സാങ്കേതികലോകത്ത്‌ എത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പ്രത്യേകഭാഷയില്‍ മാത്രം പ്രാവീണ്യം നേടണം എന്നു പറയാനാകില്ല. C പ്രോഗ്രാമിംഗിലുള്ള കഴിവ്‌ മറ്റുള്ള പ്രോഗ്രാമിംഗ്‌ ഭാഷകള്‍ എളുപ്പത്തില്‍ പരിചയപ്പെടാന്‍ സഹായകമാകും എന്ന പൊതുതത്ത്വം ഇവിടെയും പറയാം. എന്നാല്‍ പ്രോഗ്രാമിംഗിലെ തികവ്‌ മാത്രം പോരാ, സര്‍ഗശേഷി കൂടി വിനിമയം ചെയ്യാന്‍ വെബ്‌ ഡിസൈനര്‍ക്കാകണം. കലാപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, വെബ്‌ പേജുകള്‍ കാഴ്‌ചക്കാരനെ പിടിച്ചിരുത്തുന്ന രീതിയില്‍ അണിയിച്ചൊരുക്കാനുള്ള കഴിവുകൂടിയുണ്ടെങ്കില്‍ വെബ്‌ ഡിസൈനര്‍ എന്ന ജോലിക്ക്‌ നിങ്ങള്‍ അനുയോജ്യനാണ്‌. ഇതിനായി ഫോട്ടോഷോപ്പ്‌, ഫ്‌ളാഷ്‌, കോറല്‍ഡ്രോ പോലെയുള്ള ദൃശ്യവിസ്‌മയം സൃഷ്ടിക്കാനുതകുന്ന പാക്കേജുകളുമായി അയത്‌നലളിതമായി ഇടപെടാന്‍ സാധിക്കണം. ഇവിടെയാണ്‌ നിങ്ങളിലെ സര്‍ഗശേഷി പരീക്ഷിക്കപ്പെടുന്നതും.

വിവിധ തരം വെബ്‌ ബ്രൗസറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. രൂപകല്‌പന ചെയ്യുന്ന വെബ്‌സൈറ്റ്‌ ഇവയ്‌ക്കെല്ലാം കോംപാറ്റിബിളാകാന്‍ വെബ്‌ ഡിസൈനര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇതുകൂടാതെ വിവിധ വെബ്‌ സ്റ്റാന്‍ഡേര്‍ഡുകളെക്കുറിച്ച്‌ തികഞ്ഞ അറിവും ആവശ്യമാണ്‌. ഉപയോക്താവിന്‌ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം വെബ്‌ പേജുകളുടെ ഘടന. ഇത്‌ സാധ്യമാക്കാന്‍ ഇമേജ്‌ ഓപ്‌ടിമൈസേഷന്‍ പോലുള്ള യൂസബിലിറ്റി കാര്യങ്ങളില്‍ വെബ്‌ ഡിസൈനര്‍ അവഗാഹം നേടേണ്ടതാണ്‌.
വെബ്‌ ഡിസൈനര്‍ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ കലാകാരനാണെങ്കില്‍ പ്രോഗ്രാമിംഗ്‌ ഭാഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും നേരെമറിച്ച്‌ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആണെങ്കില്‍ ഇമേജ്‌/വിഷ്വല്‍ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറില്‍ കൂടുതല്‍ പരിശീലനം നേടി മികവാര്‍ജിക്കേണ്ടതും പ്രൊഫഷണല്‍ ശൈലിയില്‍ മുന്നേറാന്‍ ആവശ്യമാണ്‌.

എവിടെ പഠിക്കാം?
എഞ്ചിനീയറിംഗ്‌/MCA/BFA പഠനപദ്ധതികളുടെ ഭാഗമായി വെബ്‌ ഡിസൈനിംഗ്‌ സ്‌പര്‍ശിച്ചു പോകുന്നതേയുള്ളൂ. ആഴത്തില്‍ അറിവുനേടി ഈ ജോലിക്ക്‌ പ്രാപ്‌തനാകണമെങ്കില്‍ സ്വകാര്യ/പൊതുമേഖലാ ഇന്‍സ്റ്റിറ്റിയൂട്ടുകളെ ആശ്രയിക്കേണ്ടിവരും. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിഡിറ്റ്‌, കെല്‍ട്രോണ്‍ എന്നിവ നേരിട്ടും സബ്‌ സെന്ററുകള്‍ വഴിയും ഇത്തരം പഠനസൗകര്യമൊരുക്കുന്നു. അരീന, ആനിമാസ്റ്റര്‍, ഇമേജ്‌ പോലെയുള്ള പ്രൊഫഷണല്‍ പഠനകേന്ദ്രങ്ങള്‍ മികച്ച വെബ്‌ ഡിസൈനര്‍മാരെ സൃഷ്ടിക്കാന്‍ ഉതകുന്ന രീതിയില്‍ പല പഠനപദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

ഇതുകൂടാതെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈന്‍ ന്യൂ മീഡിയ ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഇന്റര്‍ഫേസ്‌ ഡിസൈന്‍ എന്നീ രണ്ട്‌ പ്രോഗ്രാമുകളിലായി (15 സീറ്റ്‌ വീതം) വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്‌. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഇവിടെ പ്രവേശനം. അണ്ണാ സര്‍വകലാശാല ഇലക്ട്രോണിക്‌ മീഡിയയില്‍ M.Sc പ്രോഗ്രാം ഒരുക്കിയിരിക്കുന്നതില്‍ വെബ്‌ ഡിസൈന്‌ സവിശേഷ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.
പലപ്പോഴും ഇത്തരം ഇന്‍സ്‌റ്റിറ്റിയൂട്ടുകളിലെ പഠനവിഭവ ആസൂത്രണം പെട്ടെന്നുള്ള ജോലി മാത്രം മുന്‍കൂട്ടി കണ്ടാകില്ല. ദീര്‍ഘകാല പ്രവര്‍ത്തനത്തിനും സംയോജിത (Integrated) ഉപയോഗത്തിനും ഊന്നല്‍ നല്‍കുന്ന രീതിയാകും ഇക്കൂട്ടര്‍ പിന്തുടരുക. അതുകൊണ്ടുതന്നെ വെബ്‌ ഡിസൈനിംഗ്‌ രീതി മൊബൈല്‍, കിയോസ്‌ക്‌, ഇലക്ട്രോണിക്‌ എംബഡഡ്‌ സിസ്‌റ്റം എന്നിവയിലും ഉപയോഗിക്കുന്ന സാധ്യതകള്‍ ഇവര്‍ ഉപയോഗിക്കും. കിയോസ്‌ക്‌ എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാനായി ടച്ച്‌സ്‌ക്രീന്‍ രീതിയില്‍ വിവരദൃശ്യം സാധ്യമാക്കുന്ന ഇന്റര്‍ഫേസ്‌. നിലവിലെ കണക്കനുസരിച്ച്‌ പല മേഖലകളിലും വിവരവിനിമയത്തിനായി ടച്ച്‌ സ്‌ക്രീന്‍ കിയോസ്‌കുകള്‍ ഉടന്‍ വ്യാപകമാകും. അതായത്‌ വെബ്‌ ഡിസൈന്‍ പഠിക്കേണ്ടത്‌ കംപ്യൂട്ടറിനെ മാത്രം ലക്ഷ്യമാക്കി ആകരുത്‌. മൊബൈല്‍, കിയോസ്‌ക്‌, എംബഡഡ്‌ സിസ്‌റ്റം എന്നിവയെക്കൂടി ഉന്നംവെച്ചാകണം.

എന്താകും ജോലി?
കഴിവിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ വെബ്‌ പ്രോഗ്രാമര്‍, വെബ്‌ അനലിസ്‌റ്റ്‌, വെബ്‌ മാസ്‌റ്റര്‍, സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍, ടീം ലീഡര്‍ എന്നീ ജോലികള്‍ ഓരോരുത്തരെയും കാത്തിരിക്കുന്നു. ചില വലിയ സ്ഥാപനങ്ങള്‍ പ്രോഗ്രാമര്‍മാരെ സഹായിക്കാനായി അവരുടെ ആശയത്തിനനുസൃതമായി ഇമേജുകള്‍ എഡിറ്റ്‌ ചെയ്യുന്ന ഡിസൈനര്‍മാരെയും വെബ്‌ ടീമില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌. ആനിമേഷനുകള്‍ തയ്യറാക്കുന്ന വിദഗ്‌ധരേയും ഇപ്പോള്‍ ഇത്തരത്തില്‍ വല നെയ്യുന്ന (!) ടീമില്‍ പങ്കാളികളാക്കുന്നുണ്ട്‌. എന്നാല്‍ സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍ (SEO) ജോലിക്ക്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗില്‍ വെബ്‌സൈറ്റ്‌ ദൃശ്യമാക്കാനുള്ള സത്വര നടപടിയെടുക്കാനുള്ള ഉത്തരവാദിത്ത്വമാണുള്ളത്‌. വെബ്‌ മാര്‍ക്കറ്റിംഗിനെ ലക്ഷ്യം വെച്ച്‌ ഉദ്ദേശിക്കുന്ന യൂസറിലേക്കെത്തിക്കാനും, യൂസര്‍ ഉദ്ദേശിക്കുന്ന സൈറ്റിലേക്കെത്തുന്നതും ഇവരുടെ മിടുക്കാണ്‌.

സ്വയംതൊഴില്‍ ആയി വെബ്‌ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ ഫ്രന്റ്‌പേജ്‌, ഡ്രുപാല്‍ ,ഡ്രീംവീവര്‍ തുടങ്ങിയവ ആദ്യകാലത്ത്‌ പ്രയോജനപ്പെടും. ഡ്രുപാല്‍ (Drupal)ഒരു മികച്ച കണ്ടന്റ്‌ മാനേജ്‌മെന്റ്‌ ആപ്ലിക്കേഷനാണ്‌. പ്രോഗ്രാമിംഗിന്റെ ഉള്‍വഴികള്‍ വശമാക്കാതെത്തന്നെ സാമാന്യം ഭംഗിയുള്ള വെബ്‌സൈറ്റുകള്‍ ഇത്തരം പാക്കേജുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം.

ഭംഗി മാത്രമല്ല ഉപയോഗലാളിത്യവും പ്രവര്‍ത്തനമികവും വെബ്‌ ഡിസൈനിംഗിന്റെ മാറ്റുകൂട്ടും. ഒപ്പം ഏത്‌ വിഭാഗത്തിനാണ്‌ ഇത്‌ രൂപകല്‌പന ചെയ്യുന്നത്‌ എന്നുകൂടി കണക്കുകൂട്ടി രൂപകല്‌പന തുടങ്ങുന്നത്‌ ഒരു നല്ല വല നെയ്‌തെടുക്കാനും അതില്‍ നിന്ന്‌ മികച്ചൊരു കരിയറിന്റെ ഊടും പാവും ഇടാനും സാധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

*******

Wednesday, September 24, 2008

സൈബര്‍ നിയമം പഠിക്കാം

കംപ്യൂട്ടര്‍ മുഖേനയുള്ള വിനിമയത്തിന്‌ ഇന്ന്‌ ബഹുമുഖ പ്രയോഗങ്ങളാണല്ലോ ഉള്ളത്‌. ഇ-മെയില്‍, ചാറ്റിംഗ്‌ തുടങ്ങിയ ആശയ സംവേദന ഇടപാടുകള്‍ മുതല്‍ ബാങ്ക്‌ അക്കൗണ്ട്‌ വരെ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടന്നു വരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടുകൂടി ലോകം ചുരുങ്ങി ഒരു ആഗോളഗ്രാമമായെന്നും രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ പതുക്കെ ഇല്ലാതാകുന്നുവെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണ്‌. യാഥാര്‍ത്ഥ ലോകത്ത്‌ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ സുശക്തമായ നിയമപരിരക്ഷയുണ്ട്‌. പേപ്പറില്‍ ഉള്ള (മുദ്രപത്രം) കരാറിന്‌ നിയമ സാധുതയും ഒപ്പം അംഗീകാരവും പൊതുസമൂഹത്തില്‍ ലഭിച്ചു പോരുന്നു. എന്നാല്‍ ഇന്ന്‌ കരാറുകള്‍ മാത്രമല്ല ഗൗരവതരമായ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ ഡിജിറ്റല്‍ ലോകം സാക്ഷ്യം വഹിക്കുന്നു.

ഇന്റര്‍നെറ്റില്‍ വ്യക്തികളും സ്ഥാപനങ്ങളും രാജ്യങ്ങളുമല്ല കരാറുകളിലും പണകൈമാറ്റങ്ങളിലും ഏര്‍പ്പെടുന്നത്‌ മറിച്ച്‌ അവരുടെ ഡിജിറ്റല്‍ പ്രതിരൂപങ്ങളാണ്‌. സ്വാഭാവികമായും ഇത്തരം കൈമാറ്റങ്ങളില്‍ തര്‍ക്കമുണ്ടാകാം, അന്തിമതീര്‍പ്പിനായി കോടതികളിലും അവിടെ നിന്നും മേല്‍കോടതികളിലും ട്രെബ്യൂണലുകളിലും എത്തിയേക്കാം. ഇവിടെയാണ്‌ പുതിയൊരു നിയമത്തിന്റെ ആവശ്യം. സാധാരണ കരാറില്‍ ഒരു മുദ്രപത്രം അല്ലെങ്കില്‍ ഒരു ചെക്ക്‌/ ഡ്രാഫ്‌റ്റ്‌ എന്നിവ കാണാവുന്ന തെളിവായി ഹാജരാക്കാം. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത്‌ ക്ഷണ നേരത്തില്‍ മിന്നി മറയുന്ന കംപ്യൂട്ടര്‍ സ്‌ക്രീനിലെ I Accept ബട്ടനുകളാണല്ലോ ഉടമ്പടി ഒപ്പുകള്‍. ഈ പ്രതീതിയാഥാര്‍ത്ഥ്യത്തെ (virtual reality) എങ്ങനെ നിയമത്തിന്റെ നാലതിരുകള്‍ക്കുള്ളിലെത്തിക്കും. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടക്കുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ മറുവശത്ത്‌ നിയമസംവിധാനങ്ങള്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനധികൃത സോഫ്‌ട്‌വെയര്‍, വ്യാജ സി.ഡി പകര്‍ത്തല്‍, പകര്‍പ്പവകാശ ലംഘനം, ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌വേഡ്‌ മോഷണം, എ.ടി.എം ദുരുപയോഗം എന്നിങ്ങനെ... അശ്ലീലചിത്രം, വീഡിയോ, നമ്മള്‍ അറിയാതെ പകര്‍ത്തുന്ന ചിത്രങ്ങളുടെ വിതരണം എന്നിവയില്‍ വരെ എത്തി നില്‍ക്കുന്നു ഡിജിറ്റല്‍ തട്ടിപ്പുകള്‍. 2004 ല്‍ പുറത്തുവന്ന ഇന്റര്‍നെറ്റ്‌ ഫില്‍ട്ടര്‍ റിവ്യൂപ്രകാരം അശ്ലീല വെബ്‌ പേജുകള്‍ 4.2 ദശലക്ഷം ഉണ്ടായിരുന്നു. അശ്ലീലവിപണിയുടെ വലിപ്പം 57 ശതകോടി ഡോളറും, നീല സി.ഡി റോം വിപണി 100 കോടി ഡോളറും വരും. ഇത്‌ നാലുവര്‍ഷം മുന്‍പത്തെ കണക്കാണ്‌ ഇന്നത്തെ സംഖ്യ ഭീതിജനകമായിരിക്കും.

ഇവിടെയാണ്‌ ടെക്‌നോളജിയും നിയമപഠനവും സമ്മേളിക്കുന്ന സൈബര്‍ നിയമം എന്ന അന്തര്‍വൈജ്ഞാനിക കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ പ്രസക്തമാകുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനിടെ സൈബര്‍ മേഖലയില്‍ ഒട്ടനവധി നിയമവിദഗ്‌ദരെ ആവശ്യമായി വരും. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്ക്‌ താരതമ്യേന സങ്കീര്‍ണമായ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ കടന്നു വരുന്ന ഈ മേഖലയുടെ കുരുക്കഴിക്കാന്‍ ബുദ്ധിമുട്ട്‌ നേരിട്ടേക്കാം. അതുകൊണ്ടാണ്‌ കംപ്യൂട്ടര്‍ തത്‌പരമായ നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിയുള്ളവര്‍ക്കും തിളങ്ങാനാകുന്ന രംഗമാണ്‌ സൈബര്‍ നിയമം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ നിന്നു തന്നെ ഒര്‍ക്കുട്ടിലെ വ്യാജ പ്രൊൈഫലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇന്റര്‍നെറ്റ്‌ ലോട്ടറി തട്ടിപ്പും എത്രയോ പ്രാവശ്യം പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ രൂപത്തില്‍ എത്തി. പുറത്തു പറയാത്ത കേസുകള്‍ ഇതിന്റെ പലമടങ്ങാകും. സൈബര്‍ നിയമത്തില്‍ സെപ്‌ഷ്യലൈസ്‌ ചെയ്‌ത അഭിഭാഷകന്‌ കൈ നിറയെ കേസ്‌ കിട്ടാന്‍ നിലവില്‍ പ്രയാസങ്ങളൊന്നുമില്ല. മാത്രമല്ല യുവ അഭിഭാഷകര്‍ക്ക്‌ ഏറെ അവസരങ്ങളാണുള്ളത്‌, കാരണം നിയമവൃത്തിയില്‍ പരിചയസമ്പത്ത്‌ അത്യാവശ്യഘടകമാണ്‌. സൈബര്‍ നിയമം പുതിയ ഗണമായതിനാല്‍ തലമുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ചിലപ്പോള്‍ ഇതില്‍ വൈദഗ്‌ദ്യം നേടുന്ന യുവ അഭിഭാഷകന്റെയത്ര പ്രാവീണ്യം ഉണ്ടാവാനിടയില്ലെന്ന്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്ക്‌ ലഭിക്കുന്ന കേസുകള്‍ ഇക്കാര്യത്തിലെങ്കിലും താരതമ്യേന ജൂനിയറായ വക്കിലുമാരിലേക്ക്‌ എത്താനുള്ള സാധ്യതയും ഉണ്ട്‌.

2000 ഒക്‌ടോബര്‍ 17 ന്‌ ഇന്ത്യയില്‍ ഐ.ടി ആക്‌ട്‌ 2000 നിലവില്‍ വരുമ്പോള്‍ ഇത്തരത്തിലെ ഒരു നിയമം പാസാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും ഭാരതത്തിന്‌ കൈവന്നു. ബ്രിട്ടനില്‍ ട്രാന്‍സാക്ഷന്‍സ്‌ ആക്‌ട്‌ 1990 ല്‍ നിലവില്‍ വന്നിരുന്നു. സാധാരണ നിയമത്തിന്റെ ഭൂമിശാസ്‌ത്രപരമായ അധികാര പരിധി അതാത്‌ രാഷ്‌ട്രത്തിന്റെ അതിര്‍ത്തിയിലൊതുങ്ങും അപൂര്‍വ്വം ചില കേസുകളില്‍ കുറ്റവാളികളെ പിടിക്കാനായി അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം തേടിയാലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഒക്കെ നിയമപ്രതിബന്ധങ്ങളുണ്ടാക്കും. എന്നാല്‍ സൈബര്‍ നിയമത്തില്‍ അത്‌ ഏതു രാജ്യത്തിന്റെതായാലും അധികാര പരിധി ഏല്ലാ രാജ്യങ്ങളിലും എത്തും. നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ വഴി അതിക്രമിച്ചുകയറുന്നത്‌ ചിലപ്പോള്‍ ആഫ്രിക്കയിലെയോ ആസ്‌ട്രേലിയയിലെയോ ഒരു രാജ്യത്തെ ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്നാകാം. (ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ - ബാങ്കിന്റെതിന്‌ സമാനമായ വെബ്‌സൈറ്റ്‌ ഉണ്ടാക്കിയശേഷം അക്കൗണ്ട്‌ നമ്പരും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന തരം വെബ്‌ പേജുകളാണ്‌ ഫിഷിംഗ്‌). കുറ്റവാളിയുടെ/കുറ്റകൃത്യം ചെയ്‌ത സ്ഥലം ആഗോള ഗ്രാമത്തില്‍ എവിടെയുമാകാം!

എവിടെ പഠിക്കാം

നിലവില്‍ എല്‍എല്‍.ബി/എല്‍എല്‍.എം പോലെ യു.ജി.സി അംഗീകൃത പഠനപദ്ധതികള്‍ ഇല്ല എന്നു പറയാം. പക്ഷെ ഒട്ടേറെ സ്ഥാപനങ്ങള്‍ ബിരുദാനന്തരബിരുദ ഡിപ്ലോമകള്‍ നല്‍കുന്നുണ്ട്‌. അംഗീകൃത പഠനപദ്ധതികളില്‍ എടുത്തുപറയാവുന്നത്‌ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നല്‍കുന്ന മാസ്റ്റര്‍ ഓഫ്‌ സയര്‍സ്‌ ഇന്‍ സൈബര്‍ ലോ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (MSCLIS). ഐ.ഐ.ഐ.ടി അലഹബാദിന്റെ വെബ്‌ അഡ്രസ്‌ http://iiita.ac.in.
ഹൈദരാബാദിലെ NALSAR ,ഡല്‍ഹി അമിറ്റി സ്‌കൂള്‍, ഹൈദരാബാദ്‌ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ലാ ഇന്‍സ്റ്റിറ്റിയൂട്ട്‌, നാഗ്‌പൂര്‍ സര്‍വകലാശാലാ, ഏഷ്യന്‍ സ്‌കുള്‍ ഓഫ്‌ സൈബര്‍ ലാ ചെന്നൈ, ബോംബെ ലാ കോളെജ,്‌ ഇക്‌ഫായ്‌ എന്നിവ ഒരുവര്‍ഷ ബിരുദാനന്തരബിരുദ ഡിപ്‌ളോമ നല്‍കുന്നുണ്ട്‌. നിയമ ബിരുദാരികള്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്യും. ചിലസ്ഥാപനങ്ങള്‍ നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒപ്പം പഠിക്കാവുന്ന തരത്തിലും കോഴ്‌സ്‌ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഒരു വര്‍ഷ ഡിപ്‌ളോമയില്‍ മിക്കതും വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശൈലിയിലാണ്‌ സംഘടിപ്പിച്ചിട്ടുളളത്‌. താമസിയാതെ തന്നെ മിക്കവാറും എല്ലാ സര്‍വകലാശാലകളിലും സൈബര്‍ലാ പ്രത്യേക പ്രാധാന്യത്തോടെ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദം (M.L/LL.M)ഏര്‍പ്പെടുത്തിയേക്കാം. രാജ്യത്തെ വിഖ്യാത ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ഇഗ്നോ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇന്‍ സൈബര്‍ ലാ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്നുണ്ട്‌.


പഠനവിഷയങ്ങള്‍

ടെക്‌നോളജി,നിയമം എന്നിവയുടെ അടിസ്ഥാനപാഠങ്ങള്‍ക്കൊപ്പം, ഡിജിറ്റല്‍ ഉടമ്പടികള്‍, ബൗദ്‌ധിക സ്വത്തവകാശ നിയമം (IPR), ഇന്റര്‍നെറ്റിലെ അവകാശങ്ങള്‍ പെരുമാറ്റങ്ങള്‍, ഇ-ഗവണന്‍സ്‌, ഐടി ആക്‌ട്‌ 2000 ഉം സമാന നിയമങ്ങളും, ഹാക്കിംഗ്‌, പകര്‍പ്പവകാശനിയമം, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, ഇ കോമേഴ്‌സ്‌ എന്നിവയാണ്‌ മുഖ്യ പഠന വിഷയങ്ങള്‍. അശ്‌ളീല വീഡിയോ, മോര്‍ഫിംഗ്‌ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ സയന്‍സും ചിലയിടങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ അഭ്യസിപ്പിക്കുന്നുണ്ട്‌.

ആര്‍ക്കൊക്കെ പഠിക്കാം
നിയമ ബിരുദധാരികള്‍ക്കാണ്‌ ഈ കോഴ്‌സ്‌ ഏറെ ഇണങ്ങുന്നതെങ്കിലും എന്‍ജിനീയറിംഗ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ ബിരുദധാരികള്‍ക്കും ലീഗല്‍ അസിസ്റ്റന്റ്‌ എന്ന തസ്‌തികയില്‍ വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളിലും, ഈ മേഖലയില്‍ വേണ്ടത്ര പരിചയവും ജ്ഞാനവും ഇല്ലാത്ത മുതിര്‍ന്ന അഭിഭാഷകരെ സഹായിക്കാനായും ചേരാം. നിലവില്‍ മികച്ച പ്രതിഫലം ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌, നിയമ അധ്യാപകര്‍, ചാര്‍ട്ടേഡ്‌/ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌, പോലീസ്‌ ഓഫീസര്‍, കമ്പനി എക്‌സിക്യൂട്ടീവ്‌, മാനേജ്‌മെന്റ്‌ വിദഗ്‌ദര്‍, ഐടി ബിസിനസ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്‌ പി.ജി ഡിപ്‌ളോമ പദ്ധതി ഏറെ ഉപകാരമാവുകയും നിലവിലെ തൊഴിലില്‍ തന്നെ കൂടുതല്‍ ശോഭിക്കാനുമാകും. താമസിയാതെ തന്നെ എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ ശേഷം എല്‍.എല്‍.ബി(സൈബര്‍ ലോ)ക്ക്‌ പോകുന്ന ഒരു പുതിയ രീതി ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. ഐ.ഐ.ടി ഖരക്‌പൂര്‍ ഇതുമായി ബന്ധപ്പെട്ട രീതി രൂപപ്പെടുത്തിയിരുന്നു.

സൈബര്‍ ലാ യുടെ മേഖല അനുദിനം വളരുകയാണ്‌. വാണിജ്യ മുദ്ര (ട്രേഡ്‌ മാര്‍ക്ക്‌), ലോഗോ, പേറ്റന്റ്‌, ബാങ്കിംഗ്‌, എന്നിവ ദിനം പ്രതി സൈബര്‍ലോകത്ത്‌ പുതിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ഏറെ ശ്രദ്ധ പതിയേണ്ട പഠന പദ്ധതിയാണ്‌ സൈബര്‍നിയമം. ഇതോടൊപ്പം തന്നെ വൈറസ്‌, വേം, മാല്‍വെയര്‍ ആക്രമണങ്ങളും, അനധികൃതമായി നമ്മുടെ കംപ്യൂട്ടറിലോ ശൃംഖലയിലോ കടന്ന്‌ വിവര മോഷണം, വിവര മാറ്റം എന്നിവയും കൂടി വരുന്നുണ്ട്‌. പ്രതിരോധ കംപ്യൂട്ടര്‍ വ്യൂഹങ്ങളില്‍ വരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും വിലപിടിച്ചതും തന്ത്ര പ്രധാനവുമായ വിവരങ്ങള്‍ കൈക്കലാക്കുന്നതും അത്യന്തം ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്‌.

വരുംകാലങ്ങളില്‍ വിപുലമായ പ്രയോഗവും ഒട്ടേറെ ഭേദഗതികളും ഐ.ടി ആക്‌ടിനും അനുബന്ധ നിയമങ്ങള്‍ക്കും ഉണ്ടാവും. അതെ സൈബര്‍ നിയമത്തില്‍ ഇനിയും ഒട്ടേറെ ആക്‌ടുകളും റൂളുകളും വരും, സാധാരണ നിയമത്തിന്‌ ഒപ്പമോ അതിലധികമോ ഇത്‌ വളരാം, അതുകൊണ്ട്‌ തന്നെ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നവര്‍ക്ക്‌ ഈ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട്‌ മിടുക്കരാകാം.

Tuesday, September 23, 2008

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌

ഐ.ടി. വിപ്ലവത്തിന്‌ ശേഷം വിദ്യാഭ്യാസ-വ്യവസായ മേഖലകളെ കാത്തരിക്കുന്നത്‌ ബി.ടി(ബയോ ടെക്‌) വിപ്ലവമാണെന്ന്‌ സാങ്കേതിക വിദഗ്‌ദരും വിപണി നിരീക്ഷകരും ഒരു പോലെ അഭിപ്രായപ്പെടുന്നു. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പഠന പദ്ധതികള്‍ നിലവിലുണ്ട്‌. എന്നാല്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ എന്ന നൂതന പഠനശാഖ വിവരവിനിമയ സാങ്കേതികവിദ്യയുടെയും ജീവശാസ്‌ത്ര വിഭാഗത്തിന്റെയും സമ്മിശ്രമായ പ്രയോഗമാണ്‌. ജനിതക എന്‍ജിനീയറിംഗ്‌, ഔഷധ നിര്‍മ്മാണം എന്നിവയ്‌ക്കാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അധിഷ്‌ഠിത ആപ്ലിക്കേഷനുകള്‍ നവചൈതന്യം പകരുന്നത്‌. കംപ്യൂട്ടര്‍ അഭിരുചിയുള്ള ജീവശാസ്‌ത്ര തത്‌പരര്‍ക്ക്‌ പഠിക്കാനും പ്രവര്‍ത്തിക്കാനും തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നത്‌ ബയോഇന്‍ഫര്‍മാറ്റിക്‌സിനെ വേറിട്ട പഠന പദ്ധതിയാക്കുന്നു. കേരള സര്‍വകലാശാല ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രത്തിന്റെ ഹോണററി ഡയറക്‌ടര്‍ ഡോ: അച്യുത്‌ ശങ്കര്‍ എസ്‌. നായര്‍ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌ " ഇന്‍ഫര്‍മാറ്റിക്‌സും കമ്പ്യൂട്ടേഷണല്‍ ബയോളജിയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രാധാന്യം നേടുന്നുണ്ട്‌. ഇതിന്റെ ചിറകിലേറി അനുബന്ധ വ്യവസായങ്ങളും ത്വരിത ഗതിയില്‍ വളര്‍ച്ച നേടുന്നു. 1.82 ശതകോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിപണിമൂല്യമായി കണക്കാക്കിയത്‌".

എന്തൊക്കെയാണ്‌ പഠന വിഷയങ്ങള്‍

ജീവശാസ്‌ത്രമേഖലയില്‍ നിന്നും വരുന്നവര്‍ക്ക്‌ കംപ്യൂട്ടര്‍ സയന്‍സും, കംപ്യൂട്ടര്‍ സയന്‍സ്‌ മേഖലയില്‍നിന്നും വരുന്നവര്‍ക്ക്‌ അടിസ്ഥാന ജീവശാസ്‌ത്രവും ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ ഭാഗമായി പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണമായി കംപ്യൂട്ടര്‍ എന്‍ജിനീയറായ ഒരു വിദ്യാര്‍ത്ഥി എം.ടെക്‌, എം.എസ്‌സി ബിരുദാനന്തരബിരുദ പഠനത്തിനായി തിരഞ്ഞെടുത്താല്‍ ഇവര്‍ക്ക്‌ പത്താം ക്ലാസിന്‌ ശേഷം ജീവശാസ്‌ത്രത്തില്‍ അപ്‌ഡേറ്റ്‌ വിവരങ്ങള്‍ പഠനത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ ജീവശാസ്‌ത്ര വിവരങ്ങള്‍ അരക്കിട്ട്‌ ഉറപ്പിക്കാനായി ഇക്കൂട്ടര്‍ ജീവശാസ്‌ത്രത്തില്‍ (ബയോളജി) ചില പേപ്പറുകള്‍ പഠിക്കേണ്ടത്‌ അനിവാര്യം. ജീവശാസ്‌ത്ര ബിരുദധാരി നേരേ തിരിച്ചും. Data structure & Algorithm, Genomics&Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനശാഖയിലെ പ്രധാന പഠനവിഭവങ്ങള്‍. ഇതുകൂടാതെ മാത്‌ലാബ്‌ പോലെയുള്ള സോഫ്‌ട്‌ വെയര്‍ ടൂളിലും പഠന കാലയളവില്‍ പ്രാവിണ്യം നേടേണ്ടതുണ്ട്‌. ജീവശാസ്‌ത്രത്തില്‍ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട്‌ വിവരപ്പെരുക്കമാണ്‌ ഒരു ഗവേഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഐ.ടിയുടെ പ്രയോഗം ഈ വിവരശേഖരത്തെ ക്രമപ്പെടുത്തുന്നു അഥവാ വിവരമെരുക്കം നടത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്‌ത്ര സമൂഹത്തില്‍ എത്തിക്കുന്നു.
ജീവശാസ്‌ത്ര പഠനമേഖല ഗണിതവുമായി നേരിട്ട്‌ ബന്ധമില്ല എന്നതായിരുന്നു പൊതുവിശ്വാസം. മാത്രമല്ല ഗണിതത്തില്‍ അത്രയ്‌ക്ക്‌ താത്‌പര്യമില്ലാത്തവര്‍ ജീവശാസ്‌ത്രപഠനത്തിലേക്ക്‌ തിരിഞ്ഞതും ഈ കാരണത്താലായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌ ജീവലോകവും ഗണിതത്തിന്റെ വിഹാരമേഖലയാണെന്നാണ്‌. സ്ഥിതിവിവരശാസ്‌ത്രം(Statistics) ഉപയോഗിച്ച്‌ ജനിതക ഗവേഷണത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുന്നത്‌ തന്നെ ഉദാഹരണം.

എവിടെ പഠിക്കാം

ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനത്തിന്‌ അവസരമൊരുക്കുന്നു. ബിരുദതലത്തില്‍ പ്രൊഫഷണല്‍ ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ നിലവിലില്ല. കേരളത്തിന്‌ പുറത്ത്‌ തമിഴ്‌നാട്‌ കാര്‍ഷിക സര്‍വ്വകലാശാല, അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, 'ശാസ്‌ത്ര' സര്‍വ്വകലാശാല തഞ്ചാവൂര്‍ എന്നിവ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എന്‍ജിനീയറിംഗ്‌ ബിരുദം (B.Tech, B.E) നല്‍കുന്നുണ്ട്‌. നോര്‍ത്ത്‌ ഒറീസ സര്‍വ്വകലാശാലയില്‍ B.Sc (Hons) ലഭ്യമാണ്‌. ബിരുദപഠനത്തെ അപേക്ഷിച്ച്‌ ബിരുദാനന്തര ബിരുദത്തിന്‌ ഒട്ടേറെ വിശ്രുത സ്ഥാപനങ്ങള്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. കേരള സര്‍വകലാശാലയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രം M.Phil ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കൂടാതെ M.Sc കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്‌. ഈ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ഇന്‍ഡസ്‌ട്രി ഇന്‍കുബേഷനില്‍ വിരിഞ്ഞ സൂര്യകിരണ്‍ (www.sooryakiran.com) എന്ന സ്ഥാപനം ഒരു ജോലി എന്നതിലുപരിയായി വിദ്യാര്‍ത്ഥികള്‍ക്കുതന്നെ തുടക്കം കുറിക്കാനാകുന്ന ഒരു വ്യവസായ സംരംഭത്തിന്റെ കഥകൂടിയാണ്‌. പൂനെ സര്‍വ്വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനകേന്ദ്രം ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാണ്‌. ഇവിടെ എം.ഫില്‍, പിഎച്ച്‌.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്‌സി പ്രോഗാമും നടത്തുന്നു. മദ്രാസ്‌, ഹൈദ്രാബാദ്‌, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ്‌ ഹിന്ദു എന്നീ സര്‍വ്വകലാശാലകളും ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്‍ക്കൊപ്പം ഡല്‍ഹി അരുണ ആസഫലി മാര്‍ഗിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്‌ടറല്‍ പഠന സൗകര്യം നല്‍കുന്നു.

എവിടെയാകും ജോലി ലഭിക്കുക
നിലവില്‍ ഔഷധ നിര്‍മ്മാണവുമായിബന്ധപ്പെട്ട്‌ ഒട്ടേറെ അവസരങ്ങള്‍ ലഭ്യമാണ്‌. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (http://rgcb.res.in) പോലുളള സ്ഥാപനങ്ങളുടെ R&D യില്‍ ഗവേഷകരാകാം. ജീന്‍ ഫൈന്റിംഗ്‌, ജിനോം അസംബ്ലി, പ്രോട്ടീന്‍ സീക്വന്‍സ്‌ അലൈന്‍മെന്റ്‌, പ്രോട്ടീന്‍ സ്‌ട്രക്‌ച്ചര്‍ അനാലിസിസ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മേഖലയിലും(Healthcare Sector) മെഡിക്കല്‍ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പ്രഫഷണലുകളെ കാത്തിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്‌ പൂനെ സര്‍വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.
വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ ഒന്നോര്‍ക്കുക, കേവലം ബിരുദത്തെക്കാള്‍ ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌, പോസ്റ്റ്‌ ഡോക്‌ടറല്‍ എന്നീ യോഗ്യതകള്‍ കൂടി കരസ്ഥമാക്കിയാലെ ഈ മേഖലയില്‍ തിളങ്ങാനാകൂ. ഈ ലക്ഷ്യവുമായി തുടങ്ങിയാല്‍ ശ്രദ്ധേയമായ കരിയര്‍ ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.