Thursday, July 24, 2008

പൊതുതിരഞ്ഞെടുപ്പിന്റെ (ഒബാമ)ഇന്റര്‍നെറ്റ്‌ യുഗം

തിരഞ്ഞെടുപ്പ്‌ പ്രചാരണം വോട്ടര്‍മാരിലേക്ക്‌ എത്താനുള്ള സകലവഴിയും പതിനെട്ടടവും പ്രയോഗിക്കുമെന്നത്‌ നമ്മുടെ നാട്ടിലേയും പതിവ്‌ കാഴ്‌ചയാണല്ലോ. വിവരവിനിമയ സാങ്കേതിക വിദ്യയുടെ രണ്ടാംഘട്ട രൂപമെന്ന്‌ വിശേഷിപ്പിക്കുന്ന വെബ്‌2.0 എങ്ങനെയാണ്‌, വരുന്ന നവംബറില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വിധിനിര്‍ണായകമായ തിരഞ്ഞെടുപ്പിലെ ഒഴിവാക്കാനാകാത്ത ഘടകമായത്‌ എന്ന്‌ പരിശോധിക്കുന്നത്‌ ഐ.ടി.യും സമൂഹവുമായുള്ള ഇഴപിരിക്കാനാകാത്ത ബന്ധത്തെ സൂചിപ്പിക്കും. ഏത്‌ സാങ്കേതിക വിദ്യയും ഒരോ സമൂഹവും സ്വീകരിക്കുന്നത്‌ ഒരോ തരത്തിലായിരിക്കും. പക്ഷെ ഇവയുടെ ഉചിതമായ പ്രയോഗം വരുത്തുന്ന നേട്ടം സാങ്കേതികവിദ്യയുടെ പിന്നീടുള്ള ഭാവിതന്നെ നിര്‍ണയിക്കുന്ന രീതിയിലാകും മുന്നേറുന്നത്‌. ഇന്റര്‍നെറ്റ്‌ സാന്ദ്രത കൂടിയ അമേരിക്കയെയും താരതമ്യേന കുറഞ്ഞതും എന്നാല്‍ കൂടിയ വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന ഇന്ത്യയേയും ഈ ഘട്ടത്തില്‍ രണ്ടു രീതിയില്‍ വീക്ഷിക്കാമെങ്കിലും ഇന്ത്യയിലും ഇനിയുള്ള വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളിലെ ശക്തിയേറി വരുന്ന ഒരു പ്രചരണഘടകമായി ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത സേവനങ്ങള്‍ മാറുമെന്നതില്‍ സംശയമില്ല, എന്നാകും ഇത്‌ നിര്‍ണായകമായ ഘടകമാകുമെന്ന കാര്യത്തിലെ തര്‍ക്കിക്കേണ്ടതുള്ളൂ.

അല്‍പം ചരിത്രം

സങ്കേതിക വിദ്യ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ്‌ പ്രക്രീയയിലേക്ക്‌ കടന്നുവരികയും പിന്നീടിങ്ങോട്ട്‌ ഇഴപിരിക്കാനാകാത്ത ബന്ധം സൃഷ്‌ടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. 1960 ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത പ്രക്രീയ പലതരത്തിലും പഠനാര്‍ഹമാണ്‌. വളരെ കുറഞ്ഞ ഭൂരിപക്ഷം, സാങ്കേതികവിദ്യയുടെ പ്രയോഗം എന്നീ തലങ്ങളില്‍ അന്ന്‌ ജോണ്‍ എഫ്‌ കെന്നഡി (ഡെമോക്രാറ്റ്‌ പാര്‍ട്ടി)യും റിച്ചാര്‍ഡ്‌ നിക്‌സണുമായി (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ്‌ ശ്രദ്ധനേടിയിരുന്നു. അതുവരെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ റേഡിയോ വഴിയായിരുന്നു നടന്നിരുന്നത്‌. ആദ്യമായി ടെലിവിഷന്‍ കടന്നു വന്നതും പ്രബല സാന്നിദ്ധ്യമായി പിന്നീടിങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ മാറിയതും 1960 ഇഫക്‌ട്‌ ആയി കണക്കാക്കുന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ എഫ്‌ കെന്നഡിക്ക്‌ 49.7 ശതമാനം വോട്ടും മുഖ്യ എതിരാളി റിച്ചാര്‍ഡ്‌ നിക്‌സണ്‍ 49.5 ശതമാനം വോട്ടും നേടി. ഹാരി എഫ്‌ ബേഡ്‌ എന്ന മറ്റോരു സ്ഥാനാര്‍ത്ഥികൂടി ഉണ്ടായിരുന്നെങ്കിലും അവഗണിക്കാവുന്ന സാന്നിദ്ധ്യമായിരുന്നു പ്രചാരണത്തിലും വോട്ടിലും രേഖപ്പെടുത്തിയത്‌. വളരെ കുറഞ്ഞ മാര്‍ജിനിലൂടെ ജോണ്‍ എഫ്‌ കെന്നഡി വിജയിച്ചത്‌ ടെലിവിഷന്റെ മാത്രം സഹായത്തിലായിരുന്നുവെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തി.

നാടാടെ ടെലിവിഷനില്‍ നടത്തിയ ഡിബേറ്റ്‌ നാല്‌ ഘട്ടങ്ങളിലായി ആയിരുന്നു സംഘടിപ്പിച്ചത്‌. കൂട്ടത്തില്‍ ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഗുണനിലവാരമുള്ള ഡിബേറ്റുകളാണ്‌ നടക്കുന്നത്‌. നയപരമായ എല്ലാ കാര്യങ്ങളിലും ഒരോ സ്ഥാനാര്‍ത്ഥിയും എതിര്‍ സ്ഥാനാര്‍ത്ഥിയുടെയും ജനങ്ങളുടെയും ചോദ്യത്തിനും മറുപടി പറയും. നല്ലോരു പങ്ക്‌ വോട്ടര്‍മാര്‍ ആര്‍ക്ക്‌ വോട്ടിടണം എന്ന്‌ തീരുമാനിക്കുന്നതുപോലും ഈ ഡിബേറ്റിനെ സസൂക്ഷ്‌മം വിലയിരുത്തിയിട്ടാണ്‌. അമേരിക്കയിലെ ആദ്യ ടി.വി. ഡിബേറ്റിന്റെ കൗതുകത്തിലേക്കും അതുണ്ടാക്കിയ മാറ്റത്തിലേക്കും തിരിച്ചു വരാം. ആദ്യമായി ടെലിവിഷന്‍ ഡിബേറ്റ്‌ എത്തുന്നതിനാല്‍ പങ്കെടുക്കുന്നവര്‍ക്കും കാഴ്‌ചക്കാര്‍ക്കും വ്യക്തമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. ആദ്യറൗണ്ട്‌ ടി.വി. ഡിബേറ്റില്‍ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ക്ഷീണിതനായി ആയിരുന്നു കാണപ്പെട്ടത്‌. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ തിരക്കും, രോഗാവസ്ഥയുടെ അലട്ടലും, എന്തിന്‌ ഇതിന്റെ ഭാഗമായുണ്ടായ ഭാരക്കുറവ്‌ പോലും ഇദ്ദേഹത്തിന്റെ ടെലിവിഷന്‍ പ്രകടനത്തിലെ ശരീരഭാഷയില്‍ നിന്ന്‌ വായിച്ചറിയാമായിരുന്നു. മാത്രമല്ല ടി.വി യിലെക്കെത്തുന്നതിന്‌ മുന്‍പ്‌ മേക്കപ്പ്‌ ഉപയോഗിക്കാന്‍ കൂട്ടാക്കിയതുമില്ല. എന്നാല്‍ മുഖ്യ എതിരാളി ജോണ്‍ എഫ്‌ കെന്നഡി വ്യക്തമായ മുന്നോരുക്കം നടത്തി ആത്മവിശ്വാസം തുളുമ്പുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടു. 80 ദശലക്ഷം പേര്‍ കാഴ്‌ചക്കാരെത്തിയ ആദ്യ ടി.വി ഡിബേറ്റിന്‌ ശേഷം നടത്തിയ അഭിപ്രായവോട്ടെടുപ്പിലും തിരഞ്ഞെടുപ്പ്‌ അവലോകനത്തിലും ചെറു മാര്‍ജിനിലുള്ള പിന്നോക്കത്തില്‍ നിന്ന്‌ തീരെ ചെറിയതാണെങ്കിലും ഒരു മുന്നേറ്റം കെന്നഡി നടത്തുന്നതായി കണ്ടു. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ നിക്‌സണ്‍ മേക്കപ്പും വര്‍ധിത ആത്മവിശ്വാസവുമായി പിന്നീടുള്ള ടി.വി ഡിബേറ്റ്‌ റൗണ്ടുകളില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യത്തെ ഡിബേറ്റ്‌ കഴിഞ്ഞ്‌ ടെലിവിഷന്‍ പ്രേക്ഷകര്‍ കുറഞ്ഞതായിരുന്നു കാരണം. നാടാടെ നടന്ന ഇലക്‌ട്രോണിക്‌ മാധ്യമ (കാഴ്‌ചയിലൂടെയുള്ള) ഡിബേറ്റായതിനാല്‍ കൗതുകത്തിന്റെ പേരിലെത്തിയതായിരുന്നു പ്രേക്ഷകരിലധികവും. 20 ശതമാനം പ്രേക്ഷകരാണ്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌. മാത്രമല്ല ആദ്യ ഡിബേറ്റില്‍ തന്നെ തങ്ങളുടെ വോട്ട്‌ ആര്‍ക്കാകണമെന്ന്‌ ഏറെ പേര്‍ തീരുമാനിക്കുകയും ചെയ്‌തു. ഏതായാലും ടെലിവിഷന്‍ എന്ന മാധ്യമം ഉചിതമായ സമയത്ത്‌ രക്ഷക്ക്‌ എത്തിയതും അതുണ്ടാക്കാന്‍ പോകുന്ന ഗുണപരമായ മാറ്റം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചതും അമേരിക്കന്‍ ഐക്യനാടുകളിലെ 35-മത്‌ പ്രസിഡന്റ്‌ പദവിയായിരുന്നു ജോണ്‍ എഫ്‌ കെന്നഡിക്ക്‌ നേടിക്കൊടുത്തത്‌.

പിന്നീടിങ്ങോട്ട്‌ ടെലിവിഷന്‍ ഡിബേറ്റ്‌ ശക്തി പ്രാപിക്കുകയും ലൈവ്‌ സംപ്രേക്ഷണത്തിന്റെയും ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ടെലിവിഷന്‍ മുഖ്യപ്രചാരണ ഉപാധികളിലൊന്നായി തീരുകയും, ഇതിന്‌ വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ വ്യക്തമായ ആസൂത്രണം നടത്തി വരികയും ചെയ്‌യുന്നു. ഇവിടെ കേരളത്തില്‍ തിരുവനന്തപുരത്ത്‌ കുടപ്പനക്കുന്നില്‍ ദൂരദര്‍ശന്‍ പ്രാദേശിക കേന്ദ്രം വന്നപ്പോഴും പിന്നീടിങ്ങോട്ട്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷം സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ മത്സരം തുടങ്ങിയതിന്‌ ശേഷമോ അമേരിക്കയിലേതുപോലെ സുസംഘടിതമായ ഒരു തിരഞ്ഞെടുപ്പ്‌ ചര്‍ച്ച നടക്കാത്തത്‌ ദൗര്‍ഭാഗ്യകരമാണ്‌. പലപ്പോഴും ടി.വി. ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുമ്പോള്‍ ചര്‍ച്ചയുടെ ഗതിമാറ്റാനാണ്‌ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്‌, ഒപ്പം താരപരിവേഷമുള്ള ന്യൂസ്‌ റീഡര്‍മാര്‍/അവതാരകര്‍ ഒട്ടേറെ സംസാരിക്കുകയും അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ഇവരുടെതായ രാഷ്‌ട്രീയത്തിനനുസരിച്ച്‌ ചര്‍ച്ച നീക്കുകയും ചെയ്യും. അമേരിക്കയില്‍ നിലവില്‍ സി.എന്‍.എന്‍. നടത്തുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒന്നാണ്‌.

വര്‍ത്തമാനകാലത്തിലേക്ക്‌
റേഡിയോ ഡിബേററിനെ അപ്രസക്തമാക്കി ടെലിവിഷന്‍ എത്തിയതും മുഖ്യ ഘടകമായതും 1960 ലെ അമേരിക്കന്‍ ഐക്യനാടുകളിലെ മുഖ്യ തിരഞ്ഞെടുനെ ചരിത്രമാക്കിയെങ്കില്‍ 2008 ലെ തിരഞ്ഞെടുപ്പ്‌ രംഗം ടെലിവിഷനും ബൈ പറയുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇന്റര്‍നെറ്റ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന സാധ്യതകളാണ്‌ ഇവിടെ പ്രതിപാദ്യവിഷയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോണ്‍ മക്‌ കെയിന്‍ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റില്‍ പ്രകടമായ സ്വാധീനം കാണാനാകുക ഡെമോക്രാറ്റ്‌ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലാണ്‌ വിശേഷിച്ചും ബരാക്ക്‌ ഒബാമയുടെതില്‍. ഡമോക്രാറ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന തീരുമാനത്തിന്‌ വിധിതേടാന്‍ ആദ്യമെത്തിയത്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ക്ലിണ്‍ന്റെ ഭാര്യയും ന്യൂയോര്‍ക്കില്‍ നിന്നുള്ള സൈനറ്ററുമായ ഹിലാരി ക്ലിന്‍ണായിരുന്നു. രണ്ടാമതായാണ്‌ ബരാക്ക്‌ ഒബാമ എത്തിയത്‌. 1960 ലെ ജോണ്‍ എഫ്‌ കെന്നഡിയുടെ തിരഞ്ഞെടുക്കലും ഇതുമായി ഏറെ സാമ്യമുണ്ട,്‌ ഒരു പക്ഷെ ഇന്ന്‌ ചരിത്രം കുറിക്കാന്‍ പോകുന്നത്‌ ഇന്റര്‍നെറ്റിന്റെ പേരിലായിരിക്കുമെന്ന ഒറ്റ മാറ്റം മാത്രമേയുള്ളൂ.

2008 ജൂണ്‍ 7ന്‌ വാഷിംഗ്‌ടണിലെ നാഷണല്‍ ബില്‍ഡിംഗ്‌ മ്യൂസിയത്തില്‍ വച്ച്‌ ഹിലാരി ക്ലിന്റണ്‍ മത്സരത്തില്‍ നിന്ന്‌ പിന്മാറുന്നെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വിജയം ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രങ്ങളുടേതുകൂടിയായിരുന്നു. user interactive ആയ (പരസ്‌പരം വളരെയെളുപ്പം സംവദിക്കുന്ന) വെബ്‌ 2.0 ഒബാമ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിച്ചു എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഒരു പക്ഷെ ഭാവിയിലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനും ഉപകാരമാകും. വെബ്‌ 2.0 ല്‍ user അഥവാ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ആള്‍ തന്നെയാണ്‌ രാജാവ്‌. ഇത്‌ തിരിച്ചറിയാന്‍ ഒബാമക്ക്‌ കഴിഞ്ഞെന്ന്‌ മാത്രമല്ല ഈ നവമാധ്യമത്തിലൂടെ വോട്ടര്‍മാരുമായി അടുത്ത്‌ ഇടപഴകാനുള്ള ഒരവസരവും ഒബാമ പാഴാക്കിയില്ല. തന്റെ ഭരണകാലയളവില്‍ വികസന, വിദേശ, ഇറാഖ്‌, ആഭ്യന്തര-നയമെന്താണന്ന്‌ ഒബാമ പറയുന്നത്‌ വായനക്കാരുടെ ഇടപെടല്‍ കൂടി പരിഗണിച്ചാട്ടാണ്‌. ടെലിവിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വ്യത്യാസമുണ്ട്‌. റേഡിയോ, ടെലിവിഷന്‍ മുതലായ മാധ്യമരൂപങ്ങളില്‍ ഒരുവശത്തേക്ക്‌ മാത്രമേ ആശയവിനിമയം ശക്തിയായി നടക്കാറുള്ളൂ എന്നാല്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്നവരാണ്‌ ശക്തിയായ അഭിപ്രായ-ആശയവിനിമയം നടത്തുന്നത്‌. ടെലിവിഷനില്‍ നിന്നും നേരേ തിരിച്ചുള്ള ഘടന.

ബരാക്ക്‌ ഒബാമയുടെ വെബ്‌സൈറ്റ്‌ തന്നെ (www.barackobama.com) ഉദാഹരണം. വെറുമൊരു വെബ്‌സൈറ്റല്ല ഇത്‌. നിരന്തരം നവീകരിക്കുന്നതും ഒബാമയെ പിന്താങ്ങുന്നവരിലേക്ക്‌ എത്തുന്നതും ഒക്കെ പ്രത്യേകതയായി എടുത്ത കാണിക്കാമെങ്കിലും തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനുള്ള ധനസമാഹരണവുമായി ഇതിന്‌ വലിയ പ്രാധാന്യവും പ്രത്യേകതയും ഉണ്ട്‌. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളിലായി അമേരിക്കയില്‍ ഇന്റര്‍നെറ്റിന്‌ രാഷ്‌ട്രീയമായി ഏറെ ബന്ധമുണ്ട്‌. ഇന്റര്‍നെറ്റിന്റെ ഇന്നറിയുന്ന പ്രശസ്‌ത പേരുകളിലൊന്നായ 'വിവര രാജ പാത' (information super high way) എന്ന പേരിട്ടിതും പ്രചരിപ്പിച്ചതും അമേരിക്കന്‍ വൈസ്‌ പ്രസിഡന്റായിരുന്ന, (പിന്നീട്‌ നോബല്‍ സമ്മാനിതനും) അല്‍ഗോറായിരുന്നു എന്നത്‌ കേവലം യാദൃശ്ചികമല്ല മറിച്ച്‌ രാഷ്‌ട്രീയ നേതൃത്വം ഇന്റര്‍നെറ്റിനെ എത്രമേല്‍ അടുത്ത്‌ നിന്ന്‌ വീക്ഷിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണ്‌.പ്രൈമറി(പ്രാഥമികം)കളില്‍ ഹിലാരിക്ക്‌ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന മേല്‍കൈ ബരാക്ക്‌ ഒബാമ എങ്ങനെ കുറച്ചുകൊണ്ടുവെന്ന്‌ നോക്കാം. സുസജ്ജമായ ഒരു വെബ്‌സൈറ്റ്‌ തയ്യാറാക്കിയിരുന്നെങ്കിലും ഹിലാരി നേരിട്ട്‌ സക്രീയമായി ഇന്റര്‍നെറ്റിലൂടെ ഇടപെട്ടിരുന്നില്ല. മറിച്ച്‌ ബരാക്ക്‌ ഒബാമയോ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളോ ഓരോ വോട്ടറുടേയും സംശയത്തിന്‌, നിര്‍ദ്ദേശങ്ങള്‍ക്ക്‌ ചെവികൊടുത്തിരുന്നു - തല്‍ക്ഷണം മറുപടിയും . ഈ മറുപടി തുടര്‍ ചോദ്യങ്ങളിലേക്കും അത്‌ സജീവമായ ബന്ധമായി ഇന്റര്‍നെറ്റ്‌ ഒരുക്കുന്ന വ്യക്തിഗത വിനിമയത്തിലൂടെ വളരുകയും ചെയ്‌തു. അലക്‌സാ ഡോട്ട്‌ കോം എന്ന വെബ്‌ നിരീക്ഷകര്‍ ബരാക്ക്‌ ഒബാമയുടെയും ഹിലാരിയുടെയും വെബ്‌സൈറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ ഒരു താരതമ്യപഠനം നടത്തിയുരുന്നു. അതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്‌ ബരാക്കിന്റെ വിജയം ഡിജിറ്റല്‍ ഡെമോക്രസിയുടേതുകൂടിയാണ്‌. ഇന്ത്യന്‍ വംശജനും ഇപ്പോള്‍ അമേരിക്കന്‍ പൗരനുമായ ഒരു വോട്ടര്‍ ഹിലാരിയുടെ തന്ത്രത്തെ 'അനലോഗ്‌ ഡെമോക്രസി' എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്‌ മുന്‍പെയുള്ളതും ഇന്ന്‌ ഔട്ട്‌ഡേറ്റഡായ ഘട്ടമാണ്‌ അനലോഗ്‌ സര്‍ക്യൂട്ടുകളുടെ കാലം.

നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ ഉണ്ടാക്കുന്നതു പോലെ തട്ടിക്കൂട്ട്‌ വെബ്‌ സൈറ്റ്‌ ആയിരുന്നില്ല ബരാക്ക്‌ ഒബാമയുടേത്‌. ഇന്ത്യയില്‍ വെബ്‌ സൈറ്റ്‌ ഗംഭീര പത്രസമ്മേളനത്തില്‍ ഉദ്‌ഘാടനം നടത്തുകയും പിന്നെ തിരിഞ്ഞുനോക്കുകയുമില്ല (തറക്കല്ലുകള്‍ പോലെ അനാഥമായിക്കിടക്കും!). എന്തിന്‌ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വെബ്‌സൈറ്റുകള്‍ പോലും ഇന്ററാക്‌ടീവോ നിരന്തരം നവീകരിക്കുന്നതോ അല്ലന്ന്‌ അതിലെ സന്ദര്‍ശകരുടെ എണ്ണം അപഗ്രഥിച്ചാല്‍ മാത്രം മനസ്സിലാകും. പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടതു പോലും ബരാക്ക്‌ ഒസാമയുടെതു പോലെ ഒരു വെബ്‌സൈറ്റ്‌ തനിക്ക്‌ വേണമെന്നാണ്‌.

ധനസമാഹരണത്തിന്‌ വെബ്‌ സൈറ്റ്‌

തിരഞ്ഞെടുപ്പിലെ ധനസമാഹരണം അമേരിക്കയില്‍ ഏറെക്കുറെ സുതാര്യവും വ്യക്തമായ കണക്കുള്ളതുമാണ്‌. ഒബാമക്ക്‌ 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. മിക്കവാറും എല്ലാസ്ഥാനാര്‍ത്ഥികള്‍ക്കും ധനാഠ്യരും വന്‍കിടസ്ഥാപനങ്ങളുമാണ്‌ സംഭാവന നല്‍കുന്നത്‌, ഇതവിടെ പതിവുമാണ്‌. എന്നാല്‍ ഈ പതിവിന്‌ പോലും മാറ്റമുണ്ടാക്കാന്‍ ബരാക്ക്‌ ഒബാമയ്‌ക്കായി അതും വെബ്‌ സൈറ്റ്‌ ഉപയോഗിച്ച്‌ 10 ഡോളര്‍ 25 ഡോളര്‍ നിരക്കില്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ ചെറുസംഖ്യകളായി ബരാക്ക്‌ പണം സംഘടിപ്പിച്ചത്‌. ഇത്‌ വളരെ വേഗത്തിലുള്ളതും, അതേസമയം പണച്ചിലവില്ലാത്തതുമായ ധനസമാഹരണ മാര്‍ഗവുമാണ്‌. 2004 ല്‍ ജോണ്‍കെറി ഇത്തരത്തില്‍ സമാഹതിച്ചതിന്റെ പന്ത്രണ്ട്‌ ഇരട്ടിയാണ്‌ ബരാക്ക്‌ ഒബാമയുടെ ടീം കണക്കുകൂട്ടുന്നത്‌, ഇതില്‍ നിന്നുമാത്രം ധനസമാഹരണത്തിന്‌ വെബ്‌ സൈറ്റിന്റെ സ്വാധീനം വ്യക്തമാകുമല്ലോ. ഇങ്ങനെ സമാഹരിച്ച തുകയില്‍ തൊണ്ണൂറ്‌ ശതമാനവും നൂറോ അതില്‍ കുറവോ ഡോളറുമാണ്‌. വെബ്‌ സൈറ്റിലൂടെ ചെറുപ്പക്കാരോട്‌ അവരുടെ തട്ടകമായ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ SMS രൂപത്തിലൂടെയും ഇടപെടുകയും ഒരോ ദിവസത്തെയും തിരഞ്ഞെടുപ്പ്‌ പര്യടനത്തിന്റെ വിശദവിവരങ്ങള്‍ (സമയക്രമം, സ്ഥലം) ഇ-മെയില്‍, SMS വഴി അവരിലേക്കെത്തിക്കുന്നു. ഇത്‌ പര്യടനകാലത്ത്‌ ഒബാമയ്‌ക്ക്‌ അഭൂതപൂര്‍വ്വമായ ജനത്തിരക്കുണ്ടാക്കി.

ഒപ്പം സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌ സൈറ്റുകളുമായി പ്രത്യേക ബന്ധം തന്നെ ബരാക്ക്‌ ഒബാമ സ്ഥാപിച്ചിടുത്തു. ഇന്ത്യയിലും ബ്രസീലിലും ഗൂഗിളിന്റെ ഒര്‍ക്കൂട്ട്‌.കോം എന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌ സൈറ്റ്‌ ഏറെ ജനപ്രീയമാണമെങ്കില്‍ അമേരിക്കയില്‍ ഫേസ്‌ബുക്ക്‌, മൈസ്‌പെയ്‌സ്‌ എന്നീ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളാണ്‌ ജനപ്രീതിയില്‍ മുന്നില്‍. (ആളുകളെ പരസ്‌പരം ബന്ധിപ്പിക്കുകയും പെട്ടെന്ന്‌ സന്ദേശങ്ങളും മറ്റ്‌ ഫയലുകളും കൈമാറാന്‍ സഹായിക്കുന്ന വെബ്‌സെറ്റുകളാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍. ഒരാളിന്റെ പേജില്‍ നിന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലേക്കും സുഹൃത്തുക്കളില്‍ നിന്ന്‌ അവരുടെ സുഹൃത്തുക്കളിലേക്കുമുള്ള യാത്ര എളുപ്പവും രസകരവുമാണ്‌. വെബ്‌ 2.0 യുടെ മുഖ്യ കേന്ദ്രങ്ങളിലൊന്നാണ്‌ ഇത്തരം സൈറ്റുകള്‍) ഫേസ്‌ബുക്കില്‍ മാത്രം 9,22,141 അനുയായികളോ ആരാധകരോ ഒബാമക്കുണ്ട്‌. ഹിലാരിക്കും(1,50,000), മക്‌ കെയിനും(1,17,000) ഇതുപോലെ ആരാധക-അനുയായികളും ഫേസ്‌ ബുക്കിലുണ്ട്‌, (ജൂണ്‍ 12, 2008 വരെ) പക്ഷെ എണ്ണത്തില്‍ പിന്നില്‍. ഒബാമയുടെ ഉപദേശകരില്‍ ഒരാള്‍ ഫേസ്‌ബുക്കിന്റെ സഹസ്ഥാപനായ Chris huges ആണെന്നത്‌ ഇന്റര്‍നെറ്റ്‌ ഡമോക്രസിയുടെ ഗൗരവമാണ്‌ സൂചിപ്പിക്കുന്നത്‌. ഹ്യൂവ്‌ലറ്റ്‌ പക്കാര്‍ഡിലെ എന്‍ജിനീയറും മലയാളിയുമായ നിഖില്‍ നാരായണന്‌ ഒബാമയുടെ ടീമിനൊപ്പം ഒബാമയും ഇമെയില്‍ ചെയ്യുന്നുണ്ട്‌. തിരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ ഇദ്ദേഹത്തെ തത്സമയം അറിയിക്കുകയും ചെയ്യുന്നു. താന്‍ വോട്ടറല്ല എന്ന്‌ നിഖില്‍ വ്യക്തമാക്കിയപ്പോഴും അത്‌ സാരമില്ല എന്നതാണ്‌ പ്രതികരണം. അതായത്‌ തദ്ദേശീയമായ വോട്ടര്‍മാരെ മാത്രമല്ല രാജ്യത്തിന്‌ പുറത്തുനിന്നുള്ളവരുടെ വിശ്വാസവും നേടാന്‍ ഒബാമക്കാകുന്നുണ്ട്‌. ഇത്‌ ഭരണത്തിലെത്തിയാല്‍ വ്യക്തമായ ലക്ഷ്യത്തോടെ നയങ്ങള്‍ രൂപപ്പെടുത്താനും ഉപയോഗിക്കും. ഒരോകാര്യത്തിലും (ഇറാഖ്‌ യുദ്ധം, വിദേശനയം, ആഭ്യന്തരസുരക്ഷ.....അടക്കമുള്ള) ഒബാമയുടെ നിലപാട്‌ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഹിലാരിക്ലിന്റണ്‍ പിന്തുണ നല്‍കിയതിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഒബാമ എഴുതിയ ഇമെയിലിന്‌ വന്‍ പ്രതികരണമാണ്‌ ലഭിച്ചത്‌. ഹിലാരിയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവരെയും അനുയായികളെയും മുഖ്യ തിരഞ്ഞെടുപ്പ്‌ കാംപെയ്‌ന്‌ ക്ഷണിക്കുകയും ചെയ്‌തു കൊണ്ടുള്ള ഒബാമയുടെ ഇമെയില്‍ സന്ദേശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരുന്നു ഇതിന്‌ മാത്രം 1160 അഭിപ്രായം വളരെ ചെറിയ സമയത്തിനുള്ളില്‍ ലഭിച്ചു.

ഇത്തവണ CNN, യൂടൂബ്‌ എന്ന വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റ്‌ മായി ചേര്‍ന്ന്‌ ഔദ്യോഗികമായാണ്‌ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ നടത്തിയത്‌. ഇതുകൂടാതെ ഏകദേശം ആയിരത്തോളം വീഡിയോ വിവിധ പ്രചരണ സ്ഥലങ്ങളില്‍ നിന്നായി ഡിജിറ്റല്‍ കാമറകളിലൂടെയും മൊബൈല്‍ ഫോണിലൂടെയും വീഡിയോ യൂടൂബിലേക്ക്‌ ഒഴുകിയെത്തി www.youtube.com/barackobama എന്ന ഇന്റര്‍നെറ്റ്‌ വിലാസത്തില്‍ ഇവയെല്ലാം കാണാം. Hilari Clinton endores barack obama എന്ന പേരിട്ട ഹിലാരി ക്ലിന്റണ്‍ ഔദ്യോഗികമായി ഒബാമയെ പിന്തുണക്കുന്ന സംഭവത്തിന്റെ വീഡിയോ യൂടൂബിലേക്കെത്തിച്ചതിന്റെ ആദ്യ 22 മണിക്കൂറിനിടെ 75,979 പേര്‍ കാഴ്‌ചക്കാരായെത്തി, ഇതു വരെ 3,41,952 പേരും.

ഏകദേശം 9,000 പേര്‍ ഒബാമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്ലോഗിംഗിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്‌. ഫ്‌ളിക്കര്‍ (Flickr) എന്ന ഫോട്ടോഷെയറിംഗ്‌ സൈറ്റില്‍ (www.flickr.com/photos/barackobamadotcom) പതിനായിരത്തിലേറെ ചിത്രങ്ങളുണ്ട്‌. 2008 ജനുവരി മാസം മാത്രം 17 ലക്ഷം സന്ദര്‍ശകര്‍ ഒബാമയുടെ ഔദ്യോഗിക വെബ്‌സൈറ്റിനുണ്ടായി, ഇത്‌ തന്റെ തന്നെ വെബ്‌സൈറ്റിന്റെ ഡിസംബറിലെ കണക്കിനേക്കാള്‍ മൂന്നിരട്ടിയധികവും ഹിലാരിയുടേതിനേക്കാള്‍ രണ്ടിരട്ടി അധികവുമായിരുന്നു. 2,80,000 ലേറെ അനുയായികള്‍ ഒബാമ.കോമില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 6,500 ലേറെ വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ജനങ്ങളുടെ ഇടയില്‍ സക്രീയമായി പ്രവര്‍ത്തിക്കുന്നു. പല സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ഒബാമയുടെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ജോലിയും ഔദ്യോഗിക വെബ്‌സൈറ്റിനുണ്ട്‌. അതാണ്‌ നേരത്തേ സൂചിപ്പിച്ചത്‌, തിരഞ്ഞെടുപ്പ്‌ പോസ്റ്റര്‍ മാതിരിയുള്ള സാധനം അല്ല ഒബാമയെ സംബന്ധിച്ചിടത്തോളം വെബ്‌സൈറ്റ്‌. വിവരം എഴുതി പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒട്ടും പ്രാധാന്യം കല്‍പിക്കുന്നില്ല, മറിച്ച്‌ ധനസമാഹരണം, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളുമായുള്ള ബന്ധം, ഫോട്ടോ-വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, നയപരമായ കാര്യങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായം തേടുക, എന്തിനേറെ പിറ്റേ ദിവസത്തെ തിരഞ്ഞെടുപ്പ്‌ പ്രചരണ അജണ്ട നിശ്ചയിക്കുന്നതുപോലും വെബ്‌ ഇടങ്ങളിലൂടെ പങ്കുവച്ച ആശയങ്ങളെ അപഗ്രഥിച്ചു കൂടിയാണ്‌ എന്നറിയുമ്പോള്‍ ഹൈടെക്‌ പ്രചാരണത്തിന്റെ ഗൗരവം ബോധ്യമാകും.വെബ്‌ സൈറ്റിനൊപ്പമുള്ള ഇ-കോമേഴ്‌സ്‌ പോര്‍ട്ടലില്‍ ഒബാമയുടെ ചിത്രം പതിച്ച ടിഷര്‍ട്ട്‌, സ്റ്റിക്കര്‍, തൊപ്പി, ബട്ടനുകള്‍, പിന്‍, ഡി.വി.ഡി, മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ എന്നിവ വില്‌പനക്കും വച്ചിട്ടുണ്ട്‌.സര്‍ച്ച്‌ എന്‍ജിന്‍ മാര്‍ക്കറ്റിംഗിനും ഒബാമ ടീം ശ്രദ്ധയോടെ കൈവയ്‌ക്കുന്നു. ഗൂഗിള്‍ പോലെയുള്ള സര്‍ച്ച്‌ എന്‍ജിനില്‍ പണം കൊടുത്തത്‌ സ്‌പോണ്‍സേഡ്‌ലിങ്ക്‌ ആയി ഒബാമയുടെ സൈറ്റ്‌ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്‌. ഇന്റര്‍ നെറ്റില്‍ obama, barack obama എന്നീ വാക്കുകള്‍ ഉപയോഗിച്ച്‌ തിരയുമ്പോള്‍ സാധാരണ അന്വേഷണഫലത്തിനൊപ്പം സ്‌പോണ്‍സേഡ്‌ ലിങ്കിന്റെ കൂട്ടത്തിലും വിവര സൂചിക ദൃശ്യമാക്കാനാണ്‌ ഇത്തരത്തില്‍ പണം കൊടുക്കുന്നത്‌.

"Barack Obama is already using technology to transform presidential politics and to help unprecedented numbers of citizens take back the political process. Obama's Internet campaign is only the beginning of how Obama would harness the power of the Internet to transform government and politics"
http://www.barackobama.com/issues/technology/

നവംബറിലെ തിരഞ്ഞെടുപ്പ്‌ ഫലം ഒബാമയ്‌ക്കും ഇന്റര്‍നെറ്റ്‌ പ്രചരണത്തിനും നിര്‍ണായകമാണ്‌. ഇതിനോടകം തന്നെ ഹിലാരിയുടെ പിന്മാറ്റം ബരാക്ക്‌ ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രങ്ങളുടെ കൂടി വിജയമാണ്‌. ഇറാഖ്‌ കാര്യങ്ങളിലെ നിലപാടും, സാമൂഹിക സുരക്ഷാപദ്ധതികള്‍ ബുഷ്‌ഭരണകൂടം വെട്ടി ചുരുക്കിയതും തിരഞ്ഞെടുപ്പ്‌ വിജയത്തില്‍ മുഖ്യ പങ്കുവഹിക്കുന്നു, ഒപ്പം ഡിജിറ്റല്‍ ഇടപെടലുകളും. 1960 ലേതുപോലെ ഭൂരിപക്ഷം നേര്‍ത്തതാവുകയാണെങ്കില്‍ പ്രത്യേകിച്ചും.

*******