Sunday, February 24, 2008

N R നാരായണ മൂര്‍ത്തി

1981ല്‍ ഒരു ചെറു സംരംഭമായി തുടങ്ങിയ ഇന്‍ഫോസിസ്‌ എന്ന സ്ഥാപനത്തെ ആഗോളബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായക നേതൃത്വം വഹിച്ച നാഗവര രാമറാവു നാരായണമൂര്‍ത്തി ഇന്ത്യന്‍ ഐ.ടി പെരുമയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പേരുകളിലൊന്നാണ്‌. ഉന്നത മൂല്യങ്ങളും ചിട്ടയായ പ്രവര്‍ത്തനങ്ങളും നൂതനാശയവും കൊണ്ട്‌ അനുകരണീയ മാതൃകകള്‍ സൃഷ്‌ടിച്ച നാരായണമൂര്‍ത്തി യുവസംരഭകര്‍ക്ക്‌ ആവേശമാണ്‌. നാരായണ മൂര്‍ത്തിയുടെ നേതൃത്വമാണ്‌ ഇന്‍ഫോസിസിനെ മറ്റ്‌ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതും. 1946 ആഗസ്‌ത്‌ 20ന്‌ കര്‍ണാടകയിലെ മൈസൂരില്‍ ജനിച്ച നാരായണ മൂര്‍ത്തി മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീറിംഗില്‍ ബിരുദം നേടി. ബിരുദപഠനത്തിന്‌ ഐ.ഐ.ടി യില്‍ പ്രവേശനം ലഭിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണം പഠനത്തിനായി നാട്ടിലെ എന്‍ജിനീറിംഗ്‌ കോളേജ്‌ തിരെഞ്ഞെടുക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി പിന്നീട്‌ ഐ.ഐ.ടി യില്‍ തന്നെയെത്തി. 1969ല്‍ കാണ്‍പൂര്‍ ഐ.ഐ.ടിയിലെ ആദ്യ ബാച്ചില്‍ നിന്ന്‌ എം.ടെക്‌ ബിരുദവുമായി പുറത്തിറങ്ങുമ്പോള്‍ നാരായണമൂര്‍ത്തിക്കു മുന്നില്‍ കൈനിറയെ അവസരങ്ങളായിരുന്നു. എച്ച്‌.എം.ടി, ഇലക്‌ട്രോണിക്‌സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ടെല്‍ക്കോ, എയര്‍ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന്‌ ജോലി വാഗദാനം ലഭിച്ചെങ്കിലും, മൂര്‍ത്തി തിരെഞ്ഞെടുത്തത്‌ അഹമ്മദാബാദ്‌ ഐ.ഐ.എം ലെ ചീഫ്‌ സിസ്റ്റംസ്‌ പ്രോഗ്രാമര്‍ എന്ന ജോലിയായിരുന്നു. ആദ്യശമ്പളം പ്രതിമാസം 800 രൂപ. താരതമ്യേന കുറഞ്ഞ പ്രതിഫലമായിരുന്നെങ്കിലും പ്രൊഫഷണല്‍ മികവ്‌ പ്രകടിപ്പിക്കാനും സ്വായത്തമാക്കാനുമൂള്ള ആഗ്രഹമാണ്‌ നാരായണമൂര്‍ത്തിയെ ഐ.ഐ.എം അഹമ്മദാബാദിലെത്തിച്ചത്‌. തുടര്‍ന്ന്‌ പൂനെയിലെ പട്‌നി കംപ്യൂട്ടേഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ചു.

ട്‌നി കംപ്യൂട്ടേഴ്‌സില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട സുധാ കുല്‍ക്കര്‍ണി പിന്നീട്‌ ജീവിത സഖിയായി. സുധാമൂര്‍ത്തി എഴുത്തുകാരിയും, അധ്യാപികയും, സമൂഹപ്രവര്‍ത്തകയാണ്‌. ഇപ്പോള്‍ ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്‍ അധ്യക്ഷയാണ്‌.1982 മാര്‍ച്ച്‌ വരെ പട്‌നിയില്‍ തുടര്‍ന്നു. ഇവിടെവച്ചാണ്‌ ഒരു കൂട്ടം സുഹൃത്തുക്കളെ ലഭിച്ചതും അത്‌ ഇന്‍ഫോസിസിന്‌ നിമിത്തമായതും. ഇന്‍ഫോസിന്‌ ആദ്യ ദിനം മുതല്‍ നാരായണമൂര്‍ത്തിയെന്ന അപൂര്‍വ്വ എന്‍ജിനീയറിംഗ്‌ പ്രതിഭയുടെ മാനേജ്‌മെന്റ്‌ വൈഭവത്തിന്റെ മുദ്രകള്‍ കാണാം.

നീണ്ട ഇരുപത്‌ വര്‍ഷക്കാലം ഇന്‍ഫോസിസിന്റെ ചീഫ്‌ എക്‌സികുട്ടീവ്‌ ഓഫീസറായിരുന്നു. ഇക്കാലയളവിലാണ്‌ ഇന്‍ഫോസിസ്‌ ആഗോള സ്ഥാപനമായി പടര്‍ന്ന്‌ പന്തലിച്ചതും ബോംബെ, നസ്‌ഡാക്ക്‌ (അമേരിക്ക) സ്റ്റോക്ക്‌ എക്‌സചേഞ്ചുകളില്‍ ഓഹരി ലിസ്‌റ്റ്‌ ചെയ്‌തതും. 2006 ആഗസ്‌ത്‌ 20ന്‌ അറുപത്‌ വയസ്‌ തികഞ്ഞപ്പോള്‍ ഇന്‍ഫോസിസില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചു. ഇപ്പോള്‍ നോണ്‍ എക്‌സിക്യുട്ടീവ്‌ ചെയര്‍മാനും ചീഫ്‌ മെന്ററുമായി ജോലി നോക്കുന്നു.

ട്ടേറെ സ്ഥാപനങ്ങളുടെ ഭരണത്തിലും നാരയണമൂര്‍ത്തി ക്രീയാത്‌മക നിര്‍ദ്ദേശങ്ങള്‍ നല്‌കുന്നുണ്ട്‌. സിസ്റ്റംസ്‌ പ്രോഗ്രാമറായി തന്റെ ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ച ഐ.ഐ.എം അഹമ്മദാബാദില്‍ ഗവേണിംഗ്‌ ബോഡിയുടെ നേതൃത്വം വഹിച്ചിട്ടുണ്ട്‌. ഇതുകൂടാതെ ഐ.ഐ.ഐ.ടി ബാംഗ്ലൂര്‍, ടോക്കിയോ സര്‍വ്വകലാശാല, സിംഗപ്പൂര്‍ മാനേജ്‌മെന്റ്‌ യൂണിവേഴ്‌സിറ്റി, ഇ.എസ്‌.എസ്‌.ഇ.സി. പാരിസ്‌, ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌, വാര്‍ട്ടന്‍ ബിസിനസ്‌ സ്‌കൂള്‍, കോര്‍ണല്‍, സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലകള്‍ എന്നീ വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങളുടെ ഉപദേശകന്‍, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.യൂണിലിവര്‍ (മുന്‍പ്‌ ഹിന്ദ്‌ ലിവര്‍), ദി ഡവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ സിംഗപ്പൂര്‍, ഭാരതീയ റിസര്‍വ്‌ ബാങ്ക്‌, എന്‍.ഡി.ടി.വി എന്നീ സ്ഥാപനങ്ങളുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം. ഭാരതത്തിലെ കംപ്യൂട്ടര്‍-ഐ.ടി. സ്ഥപനങ്ങളുടെ കേന്ദ്രസംഘടനയായ നാസ്‌കോമിന്റെ പ്രസിഡന്റ്‌ (1992-94) ആയും സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌.

അംഗീകാരങ്ങള്‍ : ജെ.ആര്‍.ഡി. ടാറ്റാ കോര്‍പ്പറേറ്റ്‌ ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌ (1996-97), ഇന്‍ഡോ ഫ്രഞ്ച്‌ ഫോറത്തിന്റെ ആദ്യമെഡല്‍ (2003), എണസ്റ്റ്‌ ആന്റ്‌ യംഗിന്റെ വേള്‍ഡ്‌ എന്‍ട്രപ്രണര്‍ ഓഫ്‌ ദ ഇയര്‍ (2007), ടൈം മാഗസിന്‍ ഭാവിയുടെ സാങ്കേതിക വിദ്യ കരുപ്പിടിപ്പിക്കുന്ന പത്ത്‌ ആഗോളനായകരില്‍ ഒരാളായി തിരഞ്ഞെടുത്തു, ദി എക്കണോമിസ്റ്റ്‌ 15 ആഗോളനായകരില്‍ ഒരാളായി (8-ാം സ്ഥാനത്ത്‌) തിരഞ്ഞെടുത്തു, ഫിനാന്‍ഷ്യല്‍ ടൈംസ്‌ ഏറ്റവും ആദരിക്കപ്പെടുന്ന ലോകബിസിനസ്‌ നായകനായി (2005) തിരഞ്ഞെടുത്തു. ഏഷ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഏഷ്യന്‍ നായകരിലൊരാളായി 2006-ല്‍ ടൈം മാഗസിന്‍ നാരണമൂര്‍ത്തിയെ തിരഞ്ഞെടുത്തു, IEEE യുടെ ഏണസ്റ്റ്‌ വെബര്‍ അവാര്‍ഡ്‌ എന്നിവ എന്‍ജിനീയറിംഗ്‌ ബോഡികളില്‍നിന്നും മാധ്യമസ്ഥാപനങ്ങളില്‍ നിന്നും വഭിച്ച അംഗീകാരങ്ങളില്‍പ്പെടുന്നു.2000 ല്‍ പത്മശ്രീ, 2008 ല്‍ പത്മവിഭൂഷണ്‍ എന്നിവ രാജ്യത്തിന്റെ ആദരവില്‍പ്പെടുന്നു. പത്മവിഭൂഷണ്‍ ബഹുമതി രാഷ്‌ട്രം പ്രഖ്യാപിച്ച ദിനം തന്നെ മറ്റൊരു അപൂര്‍വ അംഗീകാരത്തിന്റെ ദിനംകൂടിയായിരുന്നു. ഫ്രഞ്ച്‌ സര്‍ക്കാരിന്റെ, ബഹുമതിയായ Officer of the legion of Honour നല്‌കി ആദരിച്ചു. ഒട്ടേറെ വിശ്രുത സ്ഥാപനങ്ങളില്‍ നിന്നും ബഹുമതി ഡോക്‌ടറേറ്റുകളും നാരായണ മൂര്‍ത്തിയെ തേടിയെത്തിയിട്ടുണ്ട്‌.

സുധാ മൂര്‍ത്തി
കര്‍ണ്ണാടകയിലെ ഹവേരി ജില്ലയിലെ ഷിഗോണില്‍ 1950ല്‍ ജനിച്ചു. ഇന്‍ഫോസിസ്‌ സ്ഥാപകനായ നാരായണ മൂര്‍ത്തിയാണ്‌ ഭര്‍ത്താവ്‌. എഴുത്തുകാരി, അധ്യാപിക, സാമൂഹിക പ്രവര്‍ത്തക, എന്നീ നിലകളില്‍ പ്രശസ്‌ത. ഇപ്പോള്‍ ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്റെ അധ്യക്ഷ. ബാഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ സുധാമൂര്‍ത്തി ടെല്‍ക്കോയിലെ ആദ്യത്തെ വനിതാ എന്‍ജിനായറായിരുന്നു ഇന്‍ഫോസിസ്‌ സ്ഥാപിക്കാനുള്ള ആദ്യമൂലധനമായ 10,000 രൂപ നല്‍കിയത്‌ സുധാമൂര്‍ത്തിയായിരുന്നു. ഇന്‍ഫോസിസിലെ ആദ്യകാല പ്രോഗ്രാമര്‍മാരില്‍ ഒരാളായി ചേര്‍ന്നു. നിലവില്‍ ഇന്‍ഫോസിസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ച്‌ പാവപ്പെട്ട കുട്ടികളെ കംപ്യൂട്ടര്‍ പഠിപ്പിക്കുന്നതിലും ഗ്രാമീണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യം. നോവല്‍, കഥ, യാത്രാവിവരണം, അനുഭവകുറിപ്പുകള്‍, സാങ്കേതികശാസ്‌ത്രം എന്നീ മേഖലകളിലായി 20 ലേറെ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. 2005-ലെ റോയല്‍റ്റി വരുമാനം 4 ലക്ഷത്തോളം. മഹാശ്വേത, ഡോളര്‍ മരുമകള്‍, തിരി കൊളുത്തൂ ഇരുള്‍ മായട്ടെ എന്നീ കൃതികള്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2006 ല്‍ പത്മശ്രീ പുരസ്‌കാരം.

3 comments:

v k adarsh said...

നാരായണമൂര്‍ത്തി ഇന്ത്യന്‍ ഐ.ടി പെരുമയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പേരുകളിലൊന്നാണ്‌.

v k adarsh said...

നാരായണമൂര്‍ത്തി ഇന്ത്യന്‍ ഐ.ടി പെരുമയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പേരുകളിലൊന്നാണ്‌.

keralafarmer said...

അതെ ആദര്‍ശ്.