Thursday, February 14, 2008

ഇന്‍ഫോസിസ്‌: ഒരു ഇന്ത്യന്‍ ഐ.ടി വിജയഗാഥ

ഇന്ന്‌ ഇന്‍ഫോസിസ്‌ എന്ന പേര്‌ തൊഴില്‍ കമ്പോളത്തിലെ ഏറ്റവും മതിപ്പുള്ള സ്ഥാപനമാണ്‌, ഒപ്പം തന്നെ സ്വന്തം ബിസിനസ്‌ സ്വപ്‌നങ്ങളുമായി മുന്നേറുന്ന യുവാക്കള്‍ക്കും പൊതുസമൂഹത്തിനും ഇന്‍ഫോസിസ്‌ ഒരു മാതൃകയാകുന്നു.എന്താണ്‌ ഇന്‍ഫോസിസിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌. ഒന്നാമതായി എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രൊഫഷണന്‍ തികവുള്ള ഒരു ടീമിന്റെ പ്രതിഛായ തന്നെയാണ്‌ പറയാന്‍ കഴിയുക. വളരെ ചെറിയ മൂലധന മുതല്‍ മുടക്കുമായി ഇരുപത്തിയാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയ ഈ സ്ഥാപനം (ഇന്ത്യയിലെ മറ്റൊരു സ്ഥാപനത്തിന്റെ ഭാഗമാവുകയോ സഹായം സ്വീകരിക്കുകയോ ചെയ്യാതെ) പടിപടിയായി വളര്‍ന്ന്‌ ലോകോത്തര നിലവാരമുള്ള ഐ.ടി സ്ഥാപനമായത്‌ സമയബന്ധിതമായി ജോലി ചെയ്‌ത്‌ തീര്‍ക്കാനുള്ള കഴിവും ഒപ്പം അര്‍പ്പണ മനോഭാവം ഉള്ള ജീവനക്കാരുടെയും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനേജ്‌മെന്റിന്റെയും കൂടിച്ചേരല്‍ തന്നെയാണ്‌.വെറുമൊരു സ്ഥാപനം എന്നതിലുപരിയായി സാമൂഹികപരമായ ഉത്തരവാദിത്വങ്ങളും ഇന്‍ഫോസിസ്‌ വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്‌.

എണ്‍പതുകളുടെ തുടക്കത്തില്‍ പൂനെയിലുള്ള പട്‌നി കംപ്യൂട്ടേഴ്‌സില്‍ ജോലി ചെയ്‌തിരുന്ന ഏഴ്‌ ചെറുപ്പക്കാര്‍ക്ക്‌ സ്വന്തം സംരംഭം എന്ന ആശയം ഇഷ്‌ടപ്പെട്ടതിന്റെ പൂര്‍ത്തീകരണമായി സോഫ്‌ട്‌വെയര്‍ കോഡ്‌ എഴുതി വിപണനം ചെയ്യുന്ന ആശയം മാത്രം കൈമുതലാക്കി 1981 ജൂലായ്‌ 2 ന്‌ പൂനെയില്‍ ഇന്‍ഫോസിസ്‌ എന്ന ഐ.ടി വിസ്‌മയം ആരംഭിച്ചു. എന്‍. ആര്‍ നാരായണ മൂര്‍ത്തിയെക്കൂടാതെ നന്ദന്‍നിലേകാനി (ഇപ്പോള്‍ കോ-ചെയര്‍മാന്‍), ക്രിസ്‌ഗോപാലകൃഷ്‌ണന്‍ (ഇപ്പോള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍), എസ്‌.ഡി. ഷിബുലാല്‍(ഇപ്പോള്‍ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍),എന്‍.എസ്‌ രാഘവന്‍,കെ. ദിനേശ്‌, അശേക്‌ അറോറ എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്‌. ഇവരില്‍ അശോക്‌ അറോറ ഇന്‍ഫോസിസ്‌ വിട്ടു. എന്‍.എസ്‌. രാഘവന്‍ ജോയിന്റ്‌ മാനേജിംഗ്‌ ഡയറക്‌ടറായി 2000 ല്‍ വിരമിച്ചശേഷം ബാംഗ്ലൂര്‍ ഐ.ഐ.എം ല്‍ സംരഭകത്വ പ്രോഗ്രാമിന്‌ ചുക്കാന്‍ പിടിക്കുന്നു.

ഔദ്യോഗികമായി രാഘവനാണ്‌ ആദ്യ ജോലിക്കാരന്‍,രാഘവന്റെ മുബൈയിലുള്ള വസതിയുടെ വിലാസത്തിലാണ്‌ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്‌. നാരായണമൂര്‍ത്തി ഭാര്യ സുധമൂര്‍ത്തിയുടെ പക്കല്‍ നിന്ന്‌ കടം വാങ്ങിയ 10,000 രൂപയായിരുന്നു ആദ്യമൂലധനം. 1983 ല്‍ ബാംഗ്ലൂരെക്ക്‌ പ്രവര്‍ത്തന കേന്ദ്രം മാറ്റി. മറ്റേത്‌ സംരഭവും പോലെ ദുരിതകാലമായിരുന്നു ആദ്യവര്‍ഷങ്ങള്‍. ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ തന്നെ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയായിരുന്നു. 'ആദ്യ എട്ടുവര്‍ഷം വരെ ഞങ്ങള്‍ക്ക്‌ കാര്യമായ നേട്ടങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങളോടൊപ്പം കോളജില്‍ പഠിച്ചവര്‍ക്ക്‌ ഇക്കാലയളവിനിടെ കാറും ബംഗ്ലാവും ഒക്കെ ആയിക്കഴിഞ്ഞിരുന്നു".

പട്‌നി കംപ്യൂട്ടേഴ്‌സിലെ ജോലി സുരക്ഷിതത്വം ഉപേക്ഷിച്ച്‌ സംരംഭകത്വത്തിന്റെ മുള്‍വഴികള്‍ തിരഞ്ഞെടുത്തപ്പോള്‍ കൂട്ടിനുണ്ടായിരുന്നത്‌ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും തെളിഞ്ഞ ശുഭാപ്‌തി വിശ്വസവും മാത്രമായിരുന്നു. ചെറിയ സംരഭമായി തുടങ്ങിയ ഇന്‍ഫോസിസ്‌ ഇന്ന്‌ ഐ.ടി രംഗത്തെ ആഗോള ബ്രാന്‍ഡാണ്‌. ഇന്ത്യ സന്ദര്‍ശിക്കുന്ന മിക്കരാഷ്‌ട്രത്തലവന്മാരും ബാംഗ്ലൂരിലെ ഇന്‍ഫോസിസ്‌ ആസ്ഥാനം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്നു. ഒട്ടേറെ രാജ്യങ്ങളുടെ സാങ്കേതിക ഉപദേഷ്‌ടാക്കളാണ്‌ ഇന്‍ഫോസിസ്‌ സ്ഥാപകര്‍.

ആദ്യകാലത്ത്‌ ഒരു കംപ്യൂട്ടര്‍ പോലും സ്വന്തമായി ഇല്ലായിരുന്ന സ്ഥാപനമായിരുന്നു ഇന്‍ഫോസിസ്‌ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. ബാഗ്ലൂരിലെ മോട്ടോര്‍ കാര്‍ അനുബന്ധ വ്യവസായ കമ്പനിയായ MICO യുടെ കംപ്യൂട്ടര്‍ രാത്രി സമയങ്ങളില്‍ ഉപയോഗിച്ചാണ്‌ പ്രവര്‍ത്തനം നടത്തിയത്‌. 10,000 രൂപ മൂലധനവുമായി യാത്രയാരംഭിച്ച സ്ഥാപനം ഇന്ന്‌ 14,000 കോടി രൂപ റവന്യു വരുമാനവും നികുതിക്ക്‌ ശേഷം 3856 കോടി അറ്റാദായവുമുള്ള സംരഭമായി മാറിക്കഴിഞ്ഞതിന്‌ പിന്നില്‍ അര്‍പ്പണ മനോഭാവം ഉള്ള പ്രവര്‍ത്തകര്‍ തന്നെയാണ്‌. കണക്കുകള്‍ക്കപ്പുറം സൂചിപ്പിച്ചാല്‍ ഭാരതത്തിലെ അഭ്യസ്‌ത വിദ്യരായ ഇംഗ്ലീഷ്‌ സംസാരിക്കുന്ന 85,000 ഓളം എന്‍ജിനീയറിംഗ്‌ - സയന്‍സ്‌ മാനേജ്‌മെന്റ്‌ ബിരുദധാരികളാമ്‌ ഇന്‍ഫോസിസിന്റെ യഥാര്‍ത്ഥമൂലധനം എന്നു പറയാം. നാരായണ മൂര്‍ത്തിയുടെ തന്നെ വാക്കുകള്‍ കേള്‍ക്കുക. 'Our assets walk out of the door each evening. We have to make sure that they come back the next morning"

പട്‌നി കംപ്യൂട്ടേഴ്‌സില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ ബന്ധമുണ്ടായിരുന്ന ഡാറ്റാ ബേസിക്‌സ്‌ കോര്‍പ്പറേഷന്‍ ഇന്‍ഫോസിസിന്റെ ആദ്യ വ്യാണിജ്യ ഉപഭോക്താവായി. തുടര്‍ന്ന്‌ കെ.എസ്‌.എ യുമായി ചേര്‍ന്ന്‌ ഒരു സംയുക്ത സംരംഭം വിദേശത്ത്‌ തുടക്കമിട്ടു. 1989 ആയപ്പോഴേക്കും സ്ഥാപനം അതിന്റെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ (അവസാനത്തേതും!) പ്രതിസന്ധിയിലകപ്പെട്ടു. വിദേശ സംയുക്ത സംരംഭം ഉപേക്ഷിക്കേണ്ടിവന്നു സ്ഥാപകരിലൊരാളായ അശോക്‌ അറോറ ഇന്‍ഫോസിസ്‌ വിട്ടു. പക്ഷെ നാരായണമൂര്‍ത്തി പ്രകടിപ്പിച്ച അസാധാരണമായ ആത്മവിശ്വസം കരുത്താക്കി ഇന്‍ഫി മുന്നോട്ട്‌ കുതിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട്‌ ഇന്‍ഫോസിസിന്‌ മാത്രം ചെയ്യാന്‍ സാധിക്കുന്ന അതുല്യമായ നേട്ടങ്ങളുടെ പട്ടിക ആവര്‍ത്തികയായിരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സാമ്പത്തികപരിഷ്‌കരണ നടപടികളും വിവരസാങ്കേതിക വിദ്യയുടെ അനുകൂല ആഗോളന്തരീക്ഷവും ശരിക്കും ഇന്‍ഫോസിസ്‌ മുതലെടുക്കുകയായിരുന്നു. 1990 ന്റെ തുടക്കം വരെ മൂലധന സമാഹരണത്തിനായി ഓഹരി വിപണിയെ സമീപിച്ചാല്‍ സൂചിത വില നിശ്‌ചയിക്കുന്നത്‌ കംപ്‌ട്രോളര്‍ ഓഫ്‌ കാപിറ്റല്‍ ഇഷ്യൂസ്‌ (CCI) എന്ന സംവിധാനമായിരുന്നു. സാമ്പത്തിക രംഗത്തെ മന്‍മോഹന്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി CCI യുടെ നിയന്ത്രണം അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ്‌ നീക്കിയത്‌ ഇന്‍ഫോസിസിസ്‌ അനുഗ്രഹമായി. ഫലമോ നേരത്തെ CCI നിശ്ചയിച്ചിരുന്ന 11 രൂപ എന്നതില്‍ നിന്നും മാറി 86 രൂപ പ്രീമിയം അടക്കം 96 രൂപക്ക്‌ പ്രാഥമിക വിപണിയില്‍ ഓഹരി വില്‌ക്കാനായി. ഈ ഓഹരിയില്‍ അന്ന്‌ അധികമാരും താത്‌പര്യം കാട്ടിയിരുന്നില്ല, എന്നാല്‍ താത്‌പര്യം കാട്ടിയ നിക്ഷേപകര്‍ പിന്നീട്‌ കോടിപതികളാവുകയും ചെയ്‌തു എന്നത്‌ ചരിത്രം.തൊണ്ണൂറുകളില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്‍ഫോസിസിന്റെ പങ്കാളികളായി.

ആദ്യ നാളുകളില്‍ ഇടപാടുകാരെ ലഭിക്കാന്‍ വിഷമിച്ചിരുന്ന ഇന്‍ഫോസിസിന്റെ ലിസ്റ്റില്‍ ഇന്ന്‌ ലോകത്തിലെ മിക്ക ശ്രദ്ധേയസ്ഥാപനങ്ങളും ഇടം പിടിച്ചിട്ടുണ്ട്‌. ജനറല്‍ ഇലക്‌ട്രിക്കല്‍സ്‌, റീബോക്ക്‌, വീസാകാര്‍ഡ്‌, ബോയിംഗ്‌ വിമാന കമ്പനി, സിസ്‌കോ, പെപ്‌സി, ന്യൂയോര്‍ക്ക്‌ ലൈഫ്‌, ഫിലിപ്‌സ്‌ എന്നിവ ഇവയില്‍ ചിലതുമാത്രം. ഇതിനിടെ കമ്പനി വികസിപ്പിച്ചെടുത്ത ഫിനാക്കിള്‍ എന്ന ഐ.ടി പ്രോഡക്‌ട്‌ ബാങ്കിംഗ്‌ മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഉത്‌പന്നമായിമാറി ആഗോള ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ മുതല്‍ കേരളത്തിലെ ബാങ്കുകള്‍ വരെ ഇതുപയോഗിച്ച്‌ ഇടപാടുകാരുമായുള്ള സേവനം കൂടുതല്‍ മികച്ചതും കാര്യക്ഷമമുള്ളതുമാകുന്നു.ഇങ്ങനെ വളരെ പെട്ടെന്ന്‌ വളര്‍ന്ന്‌ പന്തലിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ക്കും ആഗോള നിലവാരമുള്ള തൊഴില്‍ അന്തരീക്ഷം ഇന്‍ഫോസിസ്‌ സൃഷ്‌ടിച്ചു. ജിം, കഫെ, നീന്തല്‍ക്കുളം, ഭംഗിയായ ഓഫീസ്‌ അന്തരീക്ഷം എന്നിവയോടൊപ്പം തന്നെ ജീവനക്കാര്‍ക്കായുള്ള പ്രത്യേക ഓഹരി ഓഫറും (ESOP-Employees Stock Options) ഇന്‍ഫോസിസ്‌ നല്‍കി. ഇങ്ങനെ ജീവനക്കാരെ ഓഹരിയുടമകളാക്കുക വഴി സ്വന്തം സ്ഥാപനമെന്ന പ്രേരണക്കൂടി ജീവനക്കാര്‍ക്ക്‌ ലഭിച്ചു. പൊതുവിപണിയിലെ ഓഹരി വിലവച്ച്‌ നോക്കുമ്പോള്‍ ഇവര്‍ പലരും ഇന്ന്‌ പരോക്ഷമായി ലക്ഷങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞു. 1993 ല്‍ ഓഹരി കമ്പോളത്തിലെത്തിച്ച വിലയുമായി താരതമ്യപ്പെടുത്തിയാല്‍ ഇഷ്യൂവിലയെക്കാള്‍ നൂറുകണക്കിന്‌ മടങ്ങ്‌ വിലവര്‍ദ്ധിച്ചു. ഇഷ്യൂ വിലയുടെ എത്രയോ അധികം രൂപ ലാഭവിഹിതം (ഡിവിഡന്റ്‌) ആയും ഓഹരി ഉടമകള്‍ക്ക്‌ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.

1999 ല്‍ അമേരിക്കന്‍ ഓഹരി വിപണിയായ നസ്‌ഡാക്കില്‍ (NASDAQ) പ്രവേശിക്കുമ്പോള്‍ അവിടെ ലിസ്റ്റ്‌ ചെയ്യുന്ന ആദ്യ ഭാരതീയ സ്ഥാപനമായി ചരിത്രം കുറിക്കുകയായിരുന്നു ഇന്‍ഫോസിസ്‌. ഇപ്പോള്‍ നസ്‌ഡാക്ക്‌ 100 സൂചികയില്‍ ഇന്‍ഫോസിസ്‌ ഇടം നേടിക്കഴിഞ്ഞു. വിദേശ മൂലധന സമാഹരണത്തിനിറങ്ങുമ്പോള്‍ തദ്ദേശീയമായി ഭാരതത്തില്‍ നിന്നും തന്നെ ഫണ്ട്‌ ശേഖരിക്കാനുള്ള എല്ലാ സാധ്യതകളും ഇന്‍ഫോസിസിന്‌ മുന്നിലുണ്ടായിരുന്നു എന്നാല്‍ ഇന്‍ഫി സ്ഥാപകര്‍ ഇതിനെ ഒരു തന്ത്രപരമായ നീക്കമായികണ്ടു. അമേരിക്കന്‍ ഓഹരി വിപണിയിലെത്തുക വഴി ഇന്ത്യക്ക്‌ പുറത്തേക്കും ബ്രാന്‍ഡ്‌ പ്രതിഛായ വളരെയെളുപ്പം വ്യാപിപ്പിക്കാം ഒപ്പം അന്തര്‍ദേശീയ ധനകാര്യവിദഗ്‌ദരുടെയും നിരീക്ഷകരുടെയും ശ്രദ്ധയിലേക്കെത്തുകയും ചെയ്യാം. ഇന്ന്‌ നീക്കം പൂര്‍ണമായി ഫലം കണ്ടു.2004 ല്‍ ഒരു ബില്യണ്‍ (നൂറുകോടി) യു.എസ്‌ ഡോളര്‍ റവന്യൂവരുമാനം എന്ന കടമ്പ കടന്നു. ഈ സംഖ്യ ഇരട്ടിയാക്കാന്‍ കേവലം രണ്ടുവര്‍ഷം മാത്രമേ പീന്നീട്‌ വേണ്ടിവന്നുള്ളൂ. 2007 ല്‍ റവന്യൂവരുമാനം മൂന്ന്‌ ബില്യണ്‍ ഡോളര്‍ കടന്നു. ഇന്ന്‌ ബാംഗ്ലൂരില്‍ കേന്ദ്ര ഓഫീസും കേരളത്തിലടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപ ഓഫീസുകള്‍, ലോകത്തിലെ വിവധ രാജ്യങ്ങളില്‍ 40 ഓഫീസ്‌. ഇവിയിലെല്ലാമായി 88,601 പ്രൊഫഷണലുകള്‍ പണിയെടുക്കുന്നു. ഐ.ടി. സേവനങ്ങളില്‍ നിന്ന്‌ ഐ.ടി അധിഷ്‌ഠിത സേവനങ്ങളിലേക്കും, ഐ.ടി ഉത്‌പന്നങ്ങളിലേക്കും ശ്രദ്ധയൂന്നിക്കഴിഞ്ഞിരിക്കുന്നു. എന്‍ജിനീയറിംഗ്‌ സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്‌, ബി.പി.ഒ, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാനേജ്‌മെന്റ്‌ എന്നിവയും ഇന്‍ഫോസിസിന്റെ ഇഷ്‌ടമേഖലകളാണ്‌. Infosys - Powered by Intellects, Driven by Values. അതെ ലോഗോയിലെ വാചകങ്ങള്‍ക്ക്‌ ചൈതന്യം പകര്‍ന്ന്‌്‌ ഭാരതത്തിന്റെ യശസുയര്‍ത്തി ഇന്‍ഫോസിസ്‌ ഐ.ടി ലോകത്ത്‌ നിലകൊള്ളുന്നു.

ഇന്‍ഫോസിസിലെ കരിയര്‍ സാധ്യതകളറിയാന്‍ http://www.infosys.com/careers ഇവിടെയെത്തുക

ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്‍

‍സാമൂഹിക സേവന ജീവകാരുണ്യ ചുമതല ചീഫ്‌ മെന്റര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ നേതൃത്വം നല്‍കുന്ന ഇന്‍ഫോസിസ്‌ ഫൗണ്ടേഷനാണ്‌. 1996 ല്‍ സ്ഥാപിതമായ ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്‍ ഗ്രാമീണ പുനരുദ്ധാരണം, വിദ്യാഭ്യാസം, കലാ-സാംസ്‌കാരിക രംഗത്ത്‌ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നു. കര്‍ണാടകയില്‍ ആരംഭിച്ച ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേരളം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഓറീസ, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചിട്ടുണ്ട്‌. 2002 ല്‍ 3.75 കോടി രൂപ ചിലവഴിച്ചെങ്കില്‍ ഇന്നത്‌ 15 കോടിയിലെക്കെത്തിയിട്ടുണ്ട്‌. 10,000 ലേറെ ഗ്രാമീണ സ്‌കൂളുകള്‍ക്ക്‌ ഗ്രന്ഥശാല സംവിധാനം ഫൗണ്ടേഷന്‍ നല്‍കിക്കഴിഞ്ഞു.


നാഴികകല്ലുകള്‍
1981 - ഏഴു യുവസംരഭകര്‍ ചേര്‍ന്ന്‌ ജൂലൈ രണ്ടിന്‌ പൂെനയില്‍ ഇന്‍ഫോസിസിന്‌ തുടക്കം കുറിച്ചു.
1983 - ബാംഗ്ലൂരിലേക്ക്‌ പ്രവര്‍ത്തന കേന്ദ്രം മാറ്റി ആദ്യഗ്ലോബല്‍ പങ്കാളിയെ ലഭിച്ചു.
1984 - ആദ്യ കംപ്യൂട്ടര്‍ വാങ്ങി.
1989 -ഇന്‍ഫോസിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രശ്‌ന വര്‍ഷം. ഒരു വിദേശ സംയൂക്ത സംരംഭം പരാജയപ്പെട്ടു. സ്ഥാപകരിലൊരാളായ അശോക്‌അറോറ ഇന്‍ഫോസിസ്‌ വിട്ടു.
1992 - ബ്രാന്‍ഡ്‌ ഇമേജ്‌ സൃഷ്‌ടിക്കാനുള്ള നീക്കങ്ങള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം എന്നിവ ആരംഭിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ ആദ്യ വിദേശ ഓഫീസ്‌ തുറന്നു.
1993 - പ്രാഥമിക വിപണിയിലൂടെ ഓഹരിക്കമ്പോളത്തിലേക്ക്‌ പ്രവേശിച്ച്‌ ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി. 95 രൂപക്കായിരുന്നു ഓഹരി വിറ്റത്‌. 13 കോടി രൂപ ശേഖരിച്ചു.
1994 - ജീവനക്കാര്‍ക്കുള്ള ഓഹരി വില്‌പന (ESOP) ആരംഭിച്ചു. അമേരിക്കയില്‍ സോഫ്‌ട്‌വെയര്‍ വികസന കേന്ദ്രം, ബാഗ്ലൂരില്‍ പുതിയ ഓഫീസ്‌ എന്നിവ തുടങ്ങി.
1995 - ജനറല്‍ ഇലക്‌ട്രിക്കല്‍സുമായുള്ള വാണിജ്യ ബന്ധം ഉപേക്ഷിച്ചു. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക്‌ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ തുടക്കമായി മംഗലപുരത്ത്‌ ഓഫീസ്‌ തുറന്നു.
1996 - ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനത്തിനായി സുധാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഇന്‍ഫോസിസ്‌ ഫൗണ്ടേഷന്‍ ആരംഭിച്ചു.
1997 -അമേരിക്കന്‍ ഓഹരിവിപണിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി. ദി എക്കണോമിക്‌ ടൈംസിന്റെ സര്‍വേയില്‍ ?ഇന്ത്യയിലെ ഏറ്റവും ആരാധ്യമായ കമ്പനി? എന്ന ഖ്യാതിനേടി.
2000 - കോര്‍പ്പറേറ്റ്‌ ഭരണമികവിന്‌ ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ്‌ ലഭിച്ചു.
2002 - പ്രോജിയോണ്‍ (Progeon) എന്ന പേരില്‍ ബി.പി.ഒ സേവനത്തിനായി അനുബന്ധ കമ്പനിതുടങ്ങി.
2003 - ചൈന, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങള്‍ ആരംഭിച്ചു.
2004 - ബില്യണ്‍ യു.എസ്‌ ഡോളര്‍ റവന്യൂ വരുമാനം എത്തി. ഇന്‍ഫോസിസ്‌ കണ്‍സള്‍ട്ടിംഗ്‌ ഇന്‍കോര്‍പ്പറേറ്റഡ്‌ ആരംഭിച്ചു.
2006 - രണ്ട്‌ ബില്ലണ്‍ ഡോളര്‍ വരുമാനം. ജീവനക്കാരുടെ എണ്ണം 50,000 കടന്നു. സില്‍വര്‍ ജൂബിലി നിറവില്‍.
2007 - മലയാളിയായ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ചാര്‍ജെടുത്തു. റവന്യൂ വരുമാനം മൂന്ന്‌ ബില്യണ്‍ ഡോളര്‍ കടന്നു.

ഇന്‍ഫോസിസ്‌ ഇവര്‍ക്കെന്ത്‌ പറയാനുണ്ട്‌
"സംരംഭക്ത്വത്തെ ജനാധിപത്യവല്‍കൃതമാക്കി എന്നതാണ്‌ ഇന്‍ഫോസിസിന്റെ പാരമ്പര്യമായി പറയാനാവുക. ഇതിന്റെ കോര്‍പ്പറേറ്റ്‌ മാതൃക രാജ്യത്തുടനീളമുള്ള യുവാള്‍ക്കള്‍ക്ക്‌ ശക്തമായ പ്രചോദനമായും പ്രോല്‍സാഹനവുമായും നിലകൊള്ളുന്നു"
-സി.കെ പ്രഹ്‌ളാദ്‌
എഴുത്തുകാരന്‍, മാനേജ്‌മെന്റ്‌ ചിന്തകന്‍, മിഷിഗണ്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ പ്രൊഫസര്‍

"സമൂഹത്തിന്‌ തിരികെ നല്‌കാനുള്ളതില്‍ ഇന്‍ഫോസിസ്‌ ശ്രദ്ധിക്കുന്നു. ഇന്‍ഫോസിസിനെപറ്റി ഏറ്റവും പ്രധാനമെന്ന്‌ എനിക്ക്‌ തോന്നുന്നത്‌ ഇതു തന്നെയാണ്‌"
സ്‌നേഹ അഭയന്‍കര്‍
നാഷണല്‍ പബ്ലിക്‌ സ്‌കൂള്‍ (സ്‌നേഹ, ഇന്‍ഫോസിസ്‌ നടത്തിയ ഖേഖന മത്സരത്തില്‍ സമ്മാനം നേടുകയും 25-ാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇടം നേടുകയും ചെയ്‌തു)

"ഇന്‍ഫോസിസിന്‌ റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാമോ? ഇന്ത്യ എത്രയും പെട്ടെന്നുണ്ടാക്കിയ ഈ മാജിക്‌ സോഫ്‌ട്‌വെയര്‍ വിജയം, റഷ്യയ്‌ക്ക്‌ എങ്ങനെ അനുകരിക്കാനാകും"
-പ്ലാദിമര്‍ പുടിന്‍.

നിങ്ങള്‍ക്കറിയോമോ?
ഇന്‍ഫോസിസിലെ ആദ്യത്തെ ജോലിക്കാരന്‍ നാരായണ മൂര്‍ത്തിയല്ല. 1980 ഡിസംബര്‍ 29ന്‌ തന്നെ പട്‌നി കംപ്യൂട്ടേഴ്‌സില്‍ നാരായണമൂര്‍ത്തി രാജിക്കത്ത്‌ നല്‍കിയെങ്കിലും രാജി പ്രാബല്യത്തില്‍ വരാന്‍ അല്‌പം വൈകി. 1981 ജൂലൈ രണ്ടിന്‌ ഔദ്യോഗികമായി ഇന്‍ഫോസിസ്‌ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇദ്ദേഹം ഉണ്ടായിരുന്നില്ല. എന്‍.എസ്‌ രാഘവനായിരുന്നു എംപ്ലോയി നമ്പര്‍ 1. പട്‌നയില്‍ ചെയ്‌തു കൊണ്ടിരുന്ന ജോലി പൂര്‍ത്തിയാക്കിയശേഷം 1982 മാര്‍ച്ച്‌ 18 നാണ്‌ ഔദ്യോഗികമായി ഇന്‍ഫോസിസിലേക്ക്‌ നാരായണമൂര്‍ത്തിയെത്തുന്നത്‌.

3 comments:

v k adarsh said...

1981ല്‍ ഒരു ചെറു സംരംഭമായി തുടങ്ങിയ ഇന്‍ഫോസിസ്‌ എന്ന സ്ഥാപനത്തെ ആഗോളബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായക നേതൃത്വം വഹിച്ച

കുട്ടന്‍മേനൊന്‍ said...

വളരെ വിശദമായി എഴുതിയിരിക്കുന്നു.

കലേഷ് കുമാര്‍ said...

good write up!