Wednesday, January 09, 2008

ഇത്‌ ഇ-നിഘണ്ടുവിന്റെ കാലം

ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ ലഭ്യമാകുന്ന നിഘണ്ടു ഇന്ന്‌ വര്‍ധിച്ച സ്വീകാര്യത നേടുന്നതിന്‌ ഒട്ടേറെ കാരണങ്ങളുണ്ട്‌. വലുപ്പം, ലഭ്യത, ബഹുഭാഷാസൗകര്യം, വിലക്കുറവ്‌, സെര്‍ച്ചിങ്‌, ചിത്ര-ശബ്‌ദ-വീഡിയോ ഉള്ളടക്കം എന്നിവ ഇ-നിഘണ്ടുവിന്റെ എടുത്തുപറയാവുന്ന സവിശേഷതകളാണ്‌. ഒരു ഭാഷയില്‍ത്തന്നെ (ഉദാ. ഇംഗ്ലീഷ്‌ - ഇംഗ്ലീഷ്‌) രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന നിഘണ്ടുവിനെക്കാളും ഏറെപ്പേരും ആശ്രയിക്കുന്നത്‌ ദ്വിഭാഷാ, ബഹുഭാഷാ നിഘണ്ടുവിനെയാണ്‌. മാതൃഭാഷയിലേക്ക്‌ നിഘണ്ടുവിനെ കൊണ്ടുവരുന്നതുവഴി ലഭിക്കുന്ന മേന്മയേക്കാളും എത്രയോ അധികമാണ്‌ പല ഭാഷകളിലൂടെ ഒരു നിഘണ്ടു സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്നത്‌..

മൂന്ന്‌ ഭാഷയില്‍ ലഭ്യമാകുന്ന നിഘണ്ടുവിന്റെ വലുപ്പം ഒന്നാലോചിച്ചു നോക്കൂ. അച്ചടിനിഘണ്ടുവിന്റെ ക്രമാതീതമായ വലുപ്പം വിലകൂട്ടുകയും ഉപയോഗലാളിത്യം കുറയ്‌ക്കുകയുംചെയ്യും. 2000 പേജുള്ള ഒരു നിഘണ്ടുവിനെ ഒരു ഇ-മെയില്‍ അറ്റാച്ച്‌മെന്റായോ അല്ലെങ്കില്‍ സിഡി റോമിന്റെ ഒരു മൂലയിലോ ഒതുക്കാം. അതായത്‌ വലുപ്പം ഇ-നിഘണ്ടുവില്‍ ഒരു പ്രശ്‌നമേയല്ല. സാധാരണ നിഘണ്ടുവിന്റെ ഏറ്റവും വലിയ പ്രശ്‌നം ഏതെങ്കിലും ഒരു ഭാഷയിലാണ്‌ എല്ലാ പ്രവര്‍ത്തനങ്ങളും സജ്ജീകരിക്കേണ്ടിവരുമെന്നുള്ളതാണ്‌. ഇംഗ്ലീഷ്‌-ഹിന്ദി-മലയാളം നിഘണ്ടുവില്‍ സര്‍ച്ച്‌വേഡായി ഉപയോഗിക്കാന്‍ കഴിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയിലെ വാക്കുകള്‍ മാത്രമാണല്ലോ. അതുപോലെ മലയാളം-ഇംഗ്ലീഷ്‌-ഹിന്ദി നിഘണ്ടുവില്‍ മലയാളമാകും താക്കോല്‍വാക്ക്‌. അതായത്‌ ബഹുഭാഷാ നിഘണ്ടു ആണെങ്കിലും ഉപയോഗത്തിന്റെ കാര്യത്തില്‍ അടയാളവാക്യഭാഷയെമാത്രം അടിസ്ഥാനമാക്കിയേ മുന്നേറാനാകൂ. അച്ചടിരീതിയില്‍ ബഹുഭാഷാ നിഘണ്ടു മൂന്ന്‌ ഭാഷയ്‌ക്ക്‌ അപ്പുറം പോകാത്തതിന്റെ മുഖ്യകാരണമിതാണ്‌. എന്നാല്‍, ഇ-ഡിക്‌ഷണറിയില്‍ 50 ഭാഷയിലെ നിഘണ്ടുപോലും ഒരു സിഡി റോമില്‍ ഒതുങ്ങും. മാത്രമല്ല, ഏതു ഭാഷയിലെ വാക്കുപയോഗിച്ചും പദാര്‍ഥശേഖരണവും സംശയനിവാരണവും നടത്താം. ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ അല്‍ഗോരിതത്തിന്റെ സഹായമാണ്‌ ഇത്തരത്തില്‍ ബഹുഭാഷാനിഘണ്ടുവിനെ ഏതു ഭാഷയിലും ക്രമീകരിക്കാന്‍ നവമാധ്യമങ്ങളെ സഹായിക്കുന്നത്‌.

ഇലക്‌ട്രോണിക്‌ നിഘണ്ടുവെന്നാല്‍, സി.ഡി റോം രൂപത്തില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ നിഘണ്ടു, മൊബൈല്‍ ഫോണ്‍, ഐ പോഡ്‌, ഇ-ബുക്ക്‌ എന്നിവയിലേക്ക്‌ കൂട്ടിയിണക്കാന്‍ സാധിക്കുന്ന തരത്തിലും ഉണ്ട്‌. ചെറു എം.പി ത്രീ പ്ലെയര്‍പോലെ ഇ-ഡിക്‌ഷണറികള്‍ക്കുമാത്രമായുള്ള ഉപകരണവും ഡിക്‌ഷണറിയുടെ ഇ-സാധ്യതകളാണ.്‌ ഇത്തരത്തില്‍ കൈയില്‍ കൊണ്ടുനടക്കാവുന്ന നിഘണ്ടു (Hand Hold Dictionary) വിന്‌ ചെറു കീബോര്‍ഡ്‌ (ചിലപ്പോള്‍ ടച്ച്‌സ്‌ക്രീന്‍), ശബ്ദാനുവര്‍ത്തി സംവിധാനം (Voice Recognition), വിവരങ്ങള്‍ ഒപ്പിയെടുക്കാനുള്ള (scanning) ഭാഗം എന്നിവ ഉണ്ടാകും.
അച്ചടിനിഘണ്ടുവിനില്ലാത്ത ഏറ്റവും പ്രധാന കുറവ്‌ പദത്തിന്റെ ഉച്ചാരണവുമായി ബന്ധപ്പെട്ടതാണ്‌. വാക്കുകള്‍ക്കുമുകളില്‍ മൗസ്‌ക്ലിക്ക്‌ നടത്തിയാല്‍ ടെക്‌സ്‌റ്റ്‌ ടു സ്‌പീച്ച്‌ രീതിയിലൂടെ ഇ-നിഘണ്ടുവില്‍ വാക്കുകളുടെ ഉച്ചാരണം ശ്രവിക്കാം. ഈ രീതി ഭാഷാപഠനത്തിന്‌ ഏറെ ഉപകാരമാവുമെന്നതിനൊപ്പംതന്നെ കാഴ്‌ചാവൈകല്യം ഉള്ളവര്‍ക്കും നിഘണ്ടു അനായാസം ഉപയോഗിക്കാം. വിവിധ സാങ്കേതികവിദ്യയുടെ കൂടിച്ചേരല്‍ (Convergence) ആണ്‌ ഇ-മാധ്യമത്തിന്റെ മുഖമുദ്ര.

1857ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഓക്‌സ്‌ഫ്‌ഡ്‌ ഇംഗ്ലീഷ്‌ ഡിക്‌ഷണറി ഇന്ന്‌ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്‌. ഇംഗ്ലീഷ്‌ ഭാഷയിലെ സമഗ്രഹവും അമൂല്യവുമായ പദാര്‍ഥശേഖരം, അച്ചടിരീതിയില്‍ ഇരുപതിലേറെ വാള്യം 21,730 പേജുകളിലായി പരന്നുകിടക്കുന്നു. 2000 മാര്‍ച്ചില്‍ ഓണ്‍ലൈന്‍ (www.oed.com) പതിപ്പ്‌ ആരംഭിച്ചു. ഓരോ മൂന്നുമാസംകൂടുന്തോറും 1800 ഓളം വാക്കുകള്‍ പദശേഖരത്തിലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.
ഓക്‌സ്‌ഫഡ്‌ നിഘണ്ടുവിന്‌ പണം ചെലവാക്കേണ്ടതുണ്ടെങ്കില്‍ ഒട്ടും പണച്ചെലവില്ലാതെ ഒരു സ്വതന്ത്ര ബഹുഭാഷാനിഘണ്ടു വിക്കിപീഡിയയുടെ സഹയാത്രികനായുണ്ട്‌-വിക്ഷണറി . 151 ഭാഷകളിലായി എണ്ണമറ്റ പദസമ്പത്തുമുണ്ട്‌.

ഇതിന്റെ മലയാളം അനുബന്ധം ചെറിയ നിലയില്‍ തുടക്കംകുറിച്ചുകഴിഞ്ഞു. വിക്കിസോഫ്‌ട്‌ വെയറിന്റെ സഹായത്തൊടെ വോളണ്ടിയര്‍മാരാണ്‌ സഹകരണത്തിലൂടെ നിഘണ്ടു നിര്‍മ്മിക്കുന്നത്‌.ഇംഗ്ലീഷില്‍ 5,32,611 എന്‍ട്രിയും 29,90,719 എഡിറ്റിംഗും 2008 ജനുവരി 1 വരെ നടന്നു കഴിഞ്ഞു. 57 അഡ്‌മിനസ്‌ട്രേറ്റര്‍മാരും 45,444 ഉപയോക്താക്കളും ഇംഗ്ലീഷ്‌ വിക്കി നിഘണ്ടുവിനുണ്ട്‌.

നിങ്ങള്‍ക്ക്‌ റൊമേനിയന്‍ ഭാഷയിലെ ഒരു നിഘണ്ടു വേണമെന്നിരിക്കട്ടെ. കേരളത്തിലെയോ ഒരു പക്ഷെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേയോ ഗ്രന്ഥശാലകളിലോ ബുക്‌ ഷോപ്പിലോ ഇത്തരം ചെറു വിദേശ ഭാഷകളിലെ നിഘണ്ടു ലഭിക്കണമെന്നില്ല, എന്നാല്‍ വിഷമിക്കേണ്ട. വിക്കിനിഘണ്ടുവിലേക്കെത്തൂ.യൂണികോഡിലുളള റൊമേനിയ ഫോണ്ട്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നതൊടെ നിങ്ങളുടെ കംപ്യൂട്ടറില്‍ റൊമേനിയന്‍ ഭാഷയിലെ നിഘണ്ടു വായന തുടങ്ങാം.

3 comments:

v k adarsh said...

ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍ ലഭ്യമാകുന്ന നിഘണ്ടു.

കണ്ണൂരാന്‍ - KANNURAN said...

ഉപകാരപ്രദമായ വിവരം

സന്തോഷ് തോട്ടിങ്ങല്‍ said...

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ ഒരു നിഘണ്ടു സെര്‍വര്‍ സ്വന്തം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നറിയാന്‍ ഈ ലേഖനം വായിയ്ക്കുക