Friday, January 04, 2008

ഇനി വായന ഇ-വായന

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പുസ്‌തകത്തിന്റെ ഉള്ളടക്കത്തെ ഇലക്‌ട്രോണിക്‌ കോപ്പിയായി സൂക്ഷിച്ച്‌ വച്ച്‌, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലെയുള്ള സൈബര്‍ ഉപകരണങ്ങളിലൂടെ വായിക്കുന്ന രീതിയെയാണ്‌ ഇ-വായന എന്നു പറയുന്നത്‌. സാധാരണ പുസ്‌തകത്തന്റെ ഒട്ടേറെ പരിമിതികള്‍ ഇ-വായനയില്‍ ഇല്ലാതാകും. കടലാസില്‍ അച്ചടിച്ചവ/എഴുതിവ മാത്രമാണ്‌ ചിന്തക്കും വിശകലനത്തിനും കാരണമാകുന്നത്‌ എന്ന കാഴ്‌ചപ്പാടും മാറുകയാണ്‌. പ്രസാധകന്റെയോ രൂപകല്‌പന ചെയ്യുന്നയാളിന്റെയോ അഭിരുചിക്കനുസരിച്ച്‌ കടലാസില്‍ അച്ചടിച്ച്‌ വായനക്കാര്‍ക്ക്‌ മുന്നിലെത്തിക്കുന്ന രീതിയാണല്ലോ പുസ്‌തകവിപണയില്‍ അന്‍വര്‍ത്തിച്ചുവരുന്നത്‌. ഇലക്‌ട്രോണിക്‌ വായനയില്‍ പ്രസാധകന്റെ അഭിരുചിയെന്നത്‌ പൂര്‍ണമായും ഒഴിവാകുന്നു, പകരം വായനക്കാരന്‍ ആ ജോലി രസകരമായി ഏറ്റെടുക്കുന്നു.
ഇ-വായനയില്‍ പുസ്‌തകം ലഭ്യമാകുന്നത്‌ ഇലക്‌ട്രോണിക്‌ ഫോര്‍ മാറ്റിലായതിനാല്‍ വായനക്കാരന്റെ ഇഷ്‌ടാനുസരണം വായനയുടെ രീതി ക്രമീകരിക്കാം. അക്ഷരത്തിന്റെ നിറം, വലിപ്പം, പശ്ചാത്തല നിറം, ചിത്രം എന്നിവ യുക്തമായ രീതിയില്‍ മാറ്റാം. വെളുത്ത കടലാസില്‍ കറുത്തമഷിയില്‍ അച്ചടിച്ചിറങ്ങുന്നത്‌ പുസ്‌തകത്തിന്റെ സ്ഥിരം ശൈലിയാണങ്കില്‍ ഇ- പുസ്‌തകത്തില്‍ ഇങ്ങനെ ഏകീകൃതമായ ഒരു സംവിധാനം ഇല്ല. അക്ഷരശൈലി ക്രമീകരക്കാനുള്ള സംവിധാനങ്ങള്‍ ഉപകരണത്തില്‍ ഉണ്ടാകും ഇതനുസരച്ച്‌ വളരെയെളുപ്പത്തില്‍ പുസ്‌തകം നമ്മുടെ ഇഷ്‌ടത്തിന്‌ രൂപഘടന നല്‍കിയ ശേഷം വായന തുടങ്ങാം. ഇതേ പുസ്‌തകം അടുത്ത പ്രാവശ്യം വായനക്കായി എടുക്കുമ്പോള്‍ ഒട്ടും അധിക പണച്ചിലവില്ലാതെ മറ്റൊരു പേജ്‌ രൂപകല്‍പനയിലേക്ക്‌ മാറി പുതിയൊരു പുസ്‌തകാന്തരീക്ഷത്തിലും വായിക്കാം. ഇവിടെ വായനക്കാരന്‍ വിപണിയിലെ രാജാവാകുന്നു.
സാധാരണ പുസ്‌തകം അടുത്ത പതിപ്പ്‌ ഇറങ്ങുമ്പോഴാണ്‌ അക്ഷരതെറ്റുകള്‍ നീക്കം ചെയ്യുന്നതും കാലികമായ കൂട്ടിചേര്‍ക്കലുകള്‍ നടത്തുന്നതും. കാരണം ഇത്‌ ഏറെ പണച്ചിലവുള്ള ഏര്‍പ്പാട്‌ തന്നെയെന്നുള്ളതാണ്‌. അച്ചടിച്ചുപോയ പുസ്‌തകത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തുന്നതിന്‌ ബുദ്ധിമുട്ട്‌ ഏറെയാണ്‌. എന്നാല്‍ ഇ-പുസ്‌തകത്തില്‍ നിമിഷനേരം കൊണ്ട്‌ ഇത്തരത്തിലെ കൂട്ടിച്ചേര്‍ക്കലും ഇളക്കിയെടുക്കലും നടത്താമെന്ന്‌ മാത്രമല്ല, ഇത്‌ പണച്ചിലവും സമയനഷ്‌ടവും വിഭവനഷ്‌ടവും ഉണ്ടാക്കുന്ന ഏര്‍പ്പാടും അല്ല. കാരണം ഇ-പുസ്‌തകം എന്നതിന്‌ അച്ചടിക്കുന്ന ഭൗതികമായ ഒരു സംവിധാനമല്ല, മറിച്ച്‌ ഭൗതികമായ ഒരു ഉപകരണത്തിലൂടെ (ഹാര്‍ഡ്‌ വെയര്‍) ഇ-പുസ്‌തക(സോഫ്‌ട്‌വെയര്‍) വായന സാധ്യമാക്കുകയാണ്‌.

പ്രായമേറിയവര്‍ക്കും കാഴ്‌ചാ വൈകല്യമുള്ളവര്‍ക്കും സാധാരണ പുസ്‌തകം വായിക്കാനായി കണ്ണടയുടെ സഹായം വേണ്ടിവരും. വായനക്കാരന്റെ പ്രായം, കാഴ്‌ച എന്നിവ മുന്‍കൂട്ടി അറിഞ്ഞിട്ടില്ലല്ലോ പുസ്‌തകം കൈകളിലേക്കെത്തുന്നത്‌. എന്നാല്‍ ഇ-വായനയില്‍ അക്ഷരത്തിന്റെ വലിപ്പം വായനക്കാരന്‌ ക്രമീകരിക്കാം. അതായത്‌ പതിവായി കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ പോലും ഇ വായനയില്‍ വലിയ അക്ഷര ടൈപ്പിലേക്ക്‌ മാറിയാല്‍ ആയാസ രഹിതമായി വായന തുടരാം.

ഭാഷ ഒരു പ്രദേശത്ത്‌ തന്നെ വിവിധ തരത്തിലാകും ഉപയോഗിക്കുന്നത്‌ ഉദാഹരണത്തിന്‌ കേരളത്തില്‍ തെക്കന്‍ പ്രദേശത്തെ മലയാളവും വടക്കന്‍ ജില്ലകളിലെ മലയാളവും തമ്മില്‍ പ്രത്യക്ഷത്തില്‍ തന്നെ ശൈലി വ്യത്യാസമുണ്ട്‌. ഇ-പുസ്‌തകം പല വേര്‍ഷനുകളില്‍ ഒരു സമയം തന്നെ ലഭ്യമാക്കാം. വായനക്കാരന്റെ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കുകയും ചെയ്യാം. ഇങ്ങനെ പരമ്പരാഗതമായ അച്ചടി പുസ്‌തകവും അനുബന്ധവായനയും സൃഷ്‌ടിച്ച വേലിക്കെട്ടുകളെ തകര്‍ത്തെറിയാന്‍ ഇ-വായനക്ക്‌ സാധിക്കുന്നു.
ഒ.വി. വിജയന്റെ തലമുറകള്‍ ഒരു എഡിഷന്‍, രണ്ടായിരം കവര്‍ പേജുമായി പുറത്തിറങ്ങിയത്‌ അച്ചടി പുസ്‌തകലോകത്തെ കൗതുകമായിരുന്നെങ്കില്‍ ഇ-പുസ്‌തകത്തില്‍ ഇത്തരം കൗതുകങ്ങള്‍ ക്കൊന്നും സ്ഥാനമില്ല.

പുസ്‌തക വായന തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ വായനക്കാരന്റെ പേര്‌ ശേഖരിച്ചശേഷം, വായനയ്‌ക്കിടയ്‌ക്ക്‌ സന്ദര്‍ഭാനുസരണം ആശയത്തിന്റെ, കഥ പറച്ചിലിന്റെ ഒഴുക്കിനൊപ്പം വായനക്കാരന്റെ പേരില്‍ തന്നെ പ്രസ്‌തുത പുസ്‌തകത്തില്‍ കഥാപാത്രത്തെ കഥക്കൊപ്പം പ്രത്യക്ഷപ്പെടുത്താന്‍ സാധിക്കും. വായനക്കാരന്റെ സ്ഥലമാണ്‌ ആദ്യം ആവശ്യപ്പെട്ടതെങ്കില്‍ പ്രസ്‌തുത കഥ/നോവല്‍ നടക്കുന്നത്‌ നിങ്ങളുടെ പ്രദേശത്താകാം. ഇനി കടുകട്ടി ലേഖനമാണെങ്കില്‍ വായനക്കിടയില്‍, ഹേ! വായനക്കാരാ (പേര്‌ പറഞ്ഞശേഷം) എന്നൊക്കെ ഉള്‍പ്പെടുത്തി വായനയെ കൂടുതല്‍ ഇന്ററാക്‌ടീവ്‌ ആക്കാം. ഇത്തരം ഇന്ററാക്‌ടീവ്‌്‌ ഇടപാടുകളെ ഇമ്മേഴ്‌സിറ്റിവിറ്റി (Immersitivity) എന്നു പറയുന്നു. വായനക്കാരനുമായി അത്രയടുത്ത്‌ നിന്ന്‌ സംവേദനം ചെയ്യുന്ന രീതി.

സാധാരണ പുസ്‌തകം നേര്‍ വായന (linear reading) ആണ്‌ സാധ്യമാക്കുന്നത്‌. ഒരു പേജില്‍ നിന്ന്‌ അടുത്ത പേജിലേക്ക്‌ അങ്ങനെ. കൂടുതല്‍ വ്യക്തമാക്കേണ്ടി വരുന്ന അഥവാ സൂചിക ആവശ്യമുള്ള വാക്കുള്‍ക്കോ വാചകത്തിനോ മുകളില്‍ ചിഹ്നമോ അക്കമോ നല്‍കിയശേഷം, ഈ സൂചിക ഉപയോഗിച്ച്‌ വായനക്കാരന്‍ അതേ പേജിന്റെ താഴത്തെ വരിയിലോ ഗ്രന്ഥത്തിന്റെ അവസാന പേജുകളില്‍ നിന്നോ കൂടുതല്‍ വിവരം ഗ്രഹിക്കുന്ന രീതിയും ലേഖനങ്ങളിലും പ്രബന്ധങ്ങളിലും പിന്തുടരാറണ്ട്‌. എന്നാല്‍ ഇ-വായനയില്‍ സൂചികയ്‌ക്ക്‌ പകരം ഹൈപ്പര്‍ ലിങ്കുകളാണ്‌ കൂടുല്‍ വിവരഖനനത്തിനായി ലഭ്യമാക്കുന്നത്‌. കൂടുതല്‍ വ്യക്തമാക്കേണ്ട വാക്കുകള്‍ക്കോ വാചകത്തിനോ മുകളില്‍ മൗസ്‌/പോയിന്റര്‍ ഉപയോഗിച്ച്‌ അമര്‍ത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്ള പുതിയ പേജ്‌ ദൃശ്യമാകും. സമാധാനത്തിനുള്ള നോബെല്‍ പുരസ്‌കാരത്തിന്റെ ലേഖനം വായിക്കുന്നയാളിന്‌ അല്‍ഗോറിന്റെ പേരില്‍ ക്ലിക്ക്‌ ചെയ്‌താല്‍, അല്‍ഗോറിന്റെ സ്വന്തം വെബ്‌ സൈറ്റിലേക്കെത്താം. ഇപ്പോള്‍ വായിച്ചുക്കൊണ്ടിരുന്ന പുസ്‌തകത്തില്‍ നിന്നും അല്‍ഗോറിന്റെ വ്യക്തിഗത വെബ്‌ സൈറ്റിലേക്ക്‌ ഒട്ടും ആയാസമില്ലാതെ നിങ്ങളുടെ വായന നീങ്ങിയെത്തി. സാധാരണ വായനയില്‍ പുസ്‌തകത്തിനകത്ത്‌ മാത്രം വായന പരിമിതപ്പെടുത്തിയെങ്കില്‍ ഇ-വായനയില്‍ ഹൈപ്പര്‍ ലിങ്കുകളിലൂടെ വായനക്കാരനെപ്പോലും അറിയിക്കാതെ ഒരു പുസ്‌തകത്തില്‍ നിന്നും അടുത്ത പുസ്‌തകത്തിലേക്ക്‌ വായന മാറിയെത്തുകയാണ്‌. സാധാരണ പുസ്‌തകം ഉപയോഗിച്ച്‌ നടത്തുന്ന വായനയെ ലീനിയര്‍ വായന എന്നാണ്‌ വിളിക്കുന്നത്‌. ഹൈപ്പര്‍ ലിങ്കുകള്‍ ഉപയോഗിച്ചുള്ള വായനാനുഭവത്തെ നോണ്‍ ലീനിയര്‍ വായന എന്നും വിളിക്കുന്നു.

ടൈറ്റാനിക്‌ കപ്പലിനെക്കുറിച്ചുള്ള ലേഖനം വായിക്കുമ്പോള്‍ കൂടുതല്‍ വിവരം ശേഖരിക്കാനായി ഹൈപ്പര്‍ ലിങ്കുവഴി ടൈറ്റാനിക്‌ എന്ന വന്‍ കപ്പലിന്റെ ചിത്ര ശേഖരത്തിലേക്കോ, അല്ലെങ്കില്‍ സമുദ്രാന്തര്‍ ഭാഗത്ത്‌ ഗവേഷകര്‍ കണ്ടെത്തിയ പൊളിഞ്ഞ കപ്പല്‍ ഭാഗത്തേക്കോ, അതുമല്ലെങ്കില്‍ വിഖ്യാതമായ ടൈറ്റാനിക്‌ എന്ന ചലചിത്രത്തിന്റെ വീഡിയോ ഭാഗത്തേക്കോ എത്താം. ചില അവസരത്തില്‍ കപ്പല്‍ അപകടത്തില്‍ പെടുന്നതിന്റെ ആനിമേഷനും ലഭിച്ചേക്കാം. അതായത്‌ ഹൈപ്പര്‍ ലിങ്കുവഴി വിവര സമ്പുഷ്‌ടതയും വായനക്കാരന്റെ ഇംഗിതം അനുസരിച്ചുള്ള മാധ്യമങ്ങളിലൂടെയുളള സഞ്ചാരവും ലഭിക്കും.

നോണ്‍ ലീനിയര്‍ വായന ഏകാഗ്രതയെ തകര്‍ക്കും എന്ന വാദഗതി നിലവിലുണ്ട്‌. മാത്രമല്ല. വായിച്ചു തുടങ്ങുന്ന പുസ്‌തകത്തിലായിരിക്കണമെന്നില്ല നിങ്ങള്‍ വായന അവസാനിപ്പിക്കുന്നത്‌. ചില അവസരങ്ങളില്‍ വിവര പെരുക്കത്തില്‍പ്പെട്ട്‌ വിവരത്തോടൊപ്പം വിവരാരജകത്വവും (Information Anarchy) സൃഷ്‌ടിക്കപ്പെട്ടേക്കാം എന്നീ വാദങ്ങള്‍ നിലവിലുണ്ട്‌. എന്നാല്‍ വായന വിവരം ഗ്രഹിക്കാനുള്ള ഉപാധിയാണെങ്കില്‍ കൂടുതല്‍ ആഴത്തില്‍ വിവരം അറിയുന്നതിലെന്താണ്‌ തെറ്റ്‌. ഇന്ററാക്ടിവിറ്റിയും ഹൈപ്പര്‍ ലിങ്കുമാണ്‌ നവമാധ്യമത്തിന്റെ സവിശേഷത, അതിനാല്‍ അസ്വാദകന്റെ അഭിരുചിക്കനുസരിച്ച്‌ ഇടപെടാന്‍ സാധിക്കുന്നു.

ച്ചടി യന്ത്രം വന്നതോടെ കൈകൊണ്ടുള്ള എഴുത്ത്‌ കൂടുതല്‍ ജനകീയമാവുകയും കൂടുതല്‍ പേരിലേക്ക്‌ വിവരം വളരെയെളുപ്പത്തില്‍ എത്തിച്ചേര്‍ക്കുകയും ചെയ്‌തു എന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍ കൈയ്യെഴുത്തിനെ അച്ചടിയന്ത്രം മാറ്റിയതിനേക്കാള്‍ വിശാലമായ ഒരു തലത്തിലേക്കാണ്‌ ഇലക്‌ട്രോണിക്‌ മാധ്യമ സാധ്യതകള്‍ അച്ചടിയെ മാറ്റുന്നത്‌. സാങ്കേതികവിദ്യയുടെ പ്രയോഗം തന്നെ ഒരു മാധ്യമത്തെ അതേ പടി മറ്റോരു മാധ്യമതലത്തിലേക്ക്‌ മാറ്റാനുള്ളതല്ല. മറിച്ച്‌ ഒരു പുതു മാധ്യമത്തിന്റെ എല്ലാ സാധ്യതകളും പരമാവധി ഉള്‍ക്കൊണ്ട ശേഷം നിലവിലുള്ള സംവിധാനം പൊളിച്ചെഴുതുകയാണ്‌. Application of technology is to transform the existing system not to translate the existing system.

പുസ്‌തക വായനയുടെ മറ്റു ചില പരിമിതികളെയും ഇ-വായന മറികടക്കുന്നുവെന്ന്‌ പറയാം. ബീഥോവന്റെ സിംഫണിയെക്കുറച്ച്‌ എത്ര വായിച്ചാലും വര്‍ണിച്ചാലും അത്‌ അതു കേള്‍ക്കന്നതു പോലെയാവില്ലല്ലോ. സിംഫണി എത്ര കേട്ടാലും ബീഥോവന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചോ ശാരീരികമായ അവശതകളെ മറികടന്ന്‌ സര്‍ഗപ്രക്രിയ നടത്തിയ വിവരമോ നിങ്ങള്‍ക്ക്‌ കിട്ടുകയുമില്ല!. ഇത്‌ രണ്ടും രണ്ടു വ്യത്യസ്ഥ സാങ്കേതിക വിദ്യയുടെ (അച്ചടി, ഓഡിയോ) പരിമിതിയാണ്‌. എന്നാല്‍ ഇവയുടെ ശരിയായ കൂടി ചേരലാണ്‌ ഇ-വായന. ബീഥോവന്റെ സിംഫണി, ബീഥോവന്റെ രചനാ പശ്ചാത്തലത്തെക്കുറിച്ചുള്ള ലേഖനം അഥവാ ഇവ ഒരുമിച്ചും. ഈ മൂന്ന്‌ സാധ്യതകളും വായനക്കാരന്റെ അഭിരൂചിക്കും സന്ദര്‍ഭത്തിനും അനുസരിച്ച്‌ ഇ-വായനയില്‍ ഉപയോഗിക്കാം.

ഹൈപ്പര്‍ ലിങ്ക്‌ വഴി വായന പല സാധ്യതകളിലൂടെ മുന്നേറുന്നതിനെ പല രീതിയില്‍ ഉപമിക്കാം. മുത്തശ്ശി കുഞ്ഞുങ്ങളോട്‌ കഥ പറയുന്നത്‌ കേട്ടിട്ടില്ലേ. കുട്ടികളുടെ താത്‌പര്യത്തിനനുസരുച്ച്‌ ഒരു കഥയില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ കഥ പറഞ്ഞു പോകും, കഥയില്‍ നിന്ന്‌ ശ്രദ്ധ തിരിഞ്ഞാല്‍ പാട്ടുപാടി കൊടുക്കും. ചിലപ്പോള്‍ കുട്ടികള്‍ തന്നെ മുത്തശ്ശികഥയിലെ കഥാപാത്രമായെന്നുവാരാം. കഥകളില്‍ നിന്ന്‌ ഉപകഥകളിലൂടെ മുത്തശ്ശി വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും തുടങ്ങിയ കഥയില്‍ തന്നെയായിരിക്കില്ല കഥചൊല്ലല്‍ അവസാനിക്കുന്നത്‌. മഹാഭാരതവും പഞ്ചതന്ത്രം കഥകളും ഇത്തരത്തില്‍ വ്യത്യസ്‌തമായ ആഖ്യാന ശൈലിയിലൂടെ കഥയില്‍ നിന്ന്‌ ഉപകഥകളിലേക്ക്‌ കണക്‌ട്‌ ചെയ്‌തിരുന്നുവെങ്കിലും കഥാഗതി ഒരിക്കലും മുഖ്യചട്ടക്കൂടില്‍ നിന്ന്‌ വഴുതി മാറിയിരുന്നില്ല. പക്ഷെ ഇ-വായനയില്‍ ഒരു പുസ്‌തകത്തില്‍ നിന്ന്‌ ഹൈപ്പര്‍ ലിങ്കുവഴി മറ്റൊരു പുസ്‌തകത്തിലോ എഴുത്തുകാരനിലേക്കോ ആകാം എത്തുന്നത്‌.

ന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഒരു ഇ-പുസ്‌തകത്തിന്റെ സാധ്യത വിപുലമാണ്‌. എണ്ണമറ്റ വായനക്കാരെയും വിമര്‍ശകരെയും സൃഷ്‌ടിച്ച ഡാണ്‍ ബ്രൗണിന്റെ ഡാവിഞ്ചികോഡ്‌ എന്ന ജനപ്രീയ ഗ്രന്ഥം തന്നെയെടുക്കുക ലൂവ്‌ര്‍ മ്യൂസിയത്തില്‍ വച്ച്‌ നടക്കുന്ന സംഭവങ്ങള്‍ നാടകീയതയോടെ കഥാകാരന്‍ പുസ്‌തകത്തില്‍ വിശദീകരിക്കുമ്പോള്‍ ലൂവ്‌്‌ര്‍ മ്യൂസിയം എന്ന പേര്‌ മാത്രമേ വായനക്കാരന്‌ ലഭിക്കുകയുള്ളൂ. എന്നാല്‍ ഡാവിഞ്ചികോഡിന്റെ ഇന്ററാക്‌ടീവ്‌ ഇ-പുസ്‌തകമാണ്‌ വായിക്കുന്നതെങ്കില്‍ ലൂവ്‌ര്‍ എന്ന പേരില്‍ ക്ലിക്ക്‌ ചെയ്‌താല്‍ സ്ഥലത്തെ അതിപുരാതനമായ മ്യൂസിയം എന്നു മാത്രമല്ല ഇതിന്റെ ഇപ്പോഴത്തെ ക്യൂറേറ്ററുടെ വരെ വിശദമായ വിവരങ്ങള്‍ വായനക്കാരന്‌ ലഭിക്കും. വിവരശേഖരണത്തിന്‌ ശേഷം നോവലില്‍ തിരച്ചെത്തി വായന തുടരാം. ഇനി അച്ചടി പുസ്‌തകമാണ്‌ ഉപയോഗിക്കുന്നതെന്നിരിക്കട്ടെ. ലൂവ്‌ര്‍ മ്യൂസിയത്തെ ക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ തൊട്ടടുത്ത ഗ്രന്ഥശാലയിലോ പുസ്‌തകക്കടയിലോ എത്തി കാറ്റലോഗിന്റെ സഹായത്തോടെ ലൂവ്‌റുമായി ബന്ധപ്പെട്ട വിവരം/പുസ്‌തകം സംഘടിപ്പിക്കാം. ഇത്‌ ഏറെ സമയം അപഹരിക്കന്നതോടൊപ്പം പണച്ചിലവും ഉള്ള രീതിയാണ്‌. യഥാര്‍ത്ഥ വിവര ലഭ്യതക്കുള്ള സാധ്യത ഒരു വിജ്ഞാനകോശത്തിലേക്കോ ഇയര്‍ ബുക്കിലേക്കോ മാത്രമായി പരിമിതപ്പെടുത്തേണ്ടിവരും. റോണ്‍ ഹൊവാര്‍ഡ്‌ സംവിധാനം ചെയ്‌ത പ്രശസ്‌തമായ ഡാവിഞ്ചികോഡ്‌ സിനിമ, പുസ്‌തക വായന നടത്തിയ സ്‌ക്രീന്‍ ഉപയോഗിച്ച്‌ അവിടെയിരുന്നു തന്നെ കാണാം. അതുമല്ല ലൂവ്‌ര്‍ മ്യൂസിയം സ്ഥാപിച്ച സാഹചര്യത്തെ പറ്റിയോ അവിടെയുള്ള മറ്റ്‌ അമൂല്യവിവരങ്ങളെപ്പറ്റിയോ മനസ്സിലാക്കണമെങ്കില്‍ അതുമാകാം. മുന്‍പ്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ മാത്രം ശേഖരിക്കാന്‍ സാധിച്ചിരുന്ന വിവരങ്ങള്‍ ഇന്ന്‌ ഞൊടിയിടയിലാണ്‌ കരഗതമാകുന്നത്‌. ഇന്റര്‍നെറ്റ്‌ എന്ന വിവര വിനിമയ ശൃംഖലയുടെ അവിഭാജ്യഭാഗമായി മാറുകയാണ്‌ ഓരോ പുസ്‌തകവും അതുവഴി വായനക്കാരനും. പ്രിന്റ്‌ എന്ന മാധ്യമത്തില്‍ നിന്ന്‌ സൈബര്‍ സ്‌പെയ്‌സി (അമൂര്‍ത്ത മാധ്യമം എന്നും പറയാം) ലേക്ക്‌ മാറുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങളാണിതെല്ലാം. മാനവ ചരിത്രത്തിലിന്നോളം വിജയമുഹൂര്‍ത്തങ്ങളിലും ദശാസന്ധികളിലും ചരിത്രത്തിന്റെ രേഖപ്പെടുത്തലായി നിന്ന നേരിട്ട്‌ കാണാനാകുന്ന കടലാസ്‌ എന്ന സ്‌പര്‍ശിച്ചറിയാവുന്ന വസ്‌തുവിനെ സ്‌ക്രീനുകള്‍ സൃഷ്‌ടിക്കുന്ന ടെലി പ്രസന്‍സ്‌ പകരം വയ്‌ക്കുന്നു.

ഹൈപ്പര്‍ ലിങ്കുവഴി കണക്‌ട്‌ ചെയ്‌ത്‌ പുസ്‌തകത്തിന്റെ പുറത്തേക്ക്‌ പോയില്ല എന്നിരിക്കട്ടെ. പുസ്‌തകത്തിന്റെയുള്ളില്‍ തന്നെ സൃഷിടിക്കാനാകുന്ന ലിങ്ക്‌ സാധ്യതകളെപ്പറ്റിയൊന്ന്‌ ആലോചിച്ചുനോക്കൂ. സാമാന്യം വലിപ്പമുള്ള നോവലില്‍ അനേകം കഥാപാത്രങ്ങള്‍ ഉണ്ടാകുമല്ലോ. ഇവര്‍ തമ്മിലുള്ള ബന്ധം വായന പുരോഗമിക്കുന്തോറും ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്‌ടിച്ചേക്കാം. കേന്ദ്ര കഥാപാത്രത്തിന്റെ പേരിന്‌ മുകളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ആരാണ്‌ ഇവരുടെ അച്ഛന്‍, അമ്മ അല്ലെങ്കില്‍ സുഹൃത്തുക്കള്‍,ബന്ധുക്കള്‍ എന്നറിയാം. ഇതിനുശേഷം പഴയ പേജിലേക്കെത്താം. ഇതുപോലെ തന്നെ ഒരു കഥാസന്ദര്‍ഭത്തില്‍ നിന്ന്‌ പേജുകള്‍ അകലെയുള്ള മറ്റൊരു കഥാസന്ദര്‍ഭത്തിലേക്കെത്താം. ഇങ്ങനെ സംശയനിവാരണം നടത്തിയശേഷം വായിച്ചു നിര്‍ത്തിയ സ്ഥലത്തെത്തി വായന തുടരാം. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മാത്രമല്ല സ്ഥലങ്ങള്‍, വര്‍ഷം, മറ്റ്‌ സൂചകങ്ങള്‍ എന്നിവയും ഹൈപ്പര്‍ലിങ്കായി പുസ്‌തകത്തിനുള്ളില്‍ തന്നെ ലഭ്യമാക്കി വായനയുടെ ആഴം കൂട്ടാം. ഇതു കൊണ്ട്‌ തന്നെയാകണം ഇ-പുസ്‌തകങ്ങളെ ഹൈപ്പര്‍ പുസ്‌തകങ്ങള്‍ എന്നും വിളിക്കുന്നത്‌.

വായനയെ പ്രധാനമായും രണ്ടായിതിരിക്കാം ഗൗരവമായവായനയും അല്ലാത്തവയും. പത്രവായനയും മാസികവായനയും അത്രയ്‌ക്ക്‌ ബൗദ്ധികമായ അധ്വാനം ആവശ്യപ്പെടുന്നില്ല. വെറുമൊരു നേരം പോക്ക്‌ പോലെ മറ്റ്‌ പല പരിപാടികള്‍ക്കൊപ്പമാണ്‌ നാം ഇത്തരം വായന നടത്തുന്നത്‌. കൂടുതലും വിവരശേഖരണത്തിനാണ്‌ ഈ രീതി ഉപയുക്തമാകുന്നത്‌. എന്നാല്‍ ഗൗരവമായ വായന: വായിക്കുന്ന അന്തരീക്ഷം, മാധ്യമം, തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പത്രം വായിക്കുന്നത്‌ പോലെയല്ലല്ലോ നാം പരിഗണിക്കുക. ഇലക്‌ട്രോണിക്‌ വായനയുടെ കാര്യത്തില്‍ ഗൗരവമായ വായനയെ രണ്ടായി തിരിക്കാം. വൈജ്‌ഞാനിക ശാഖയിലെ വായനയും സര്‍ഗസാഹിത്യ വായനയും സര്‍ഗസാഹിത്യ വായനയ്‌ക്ക്‌ ഇതുവരെ ഇ-പുസ്‌തകങ്ങള്‍ കാര്യമായ വെല്ലുവിളിയായിട്ടില്ല. എന്നാല്‍ വൈജ്ഞാനിക ശാഖയില്‍ ഇ-വായന അപരിമിതമായ അവസരങ്ങളാണ്‌ തുറന്നിടുന്നത്‌. വൈജ്ഞാനികമായ വായനയ്‌ക്ക്‌ വസ്‌തുനിഷ്‌ടമായ സമീപനം ആവശ്യം. പലപ്പോഴും ശാസ്‌ത്ര തത്വങ്ങളും, വിവരാപഗ്രഥനവും, സ്ഥിതി വിവരക്കണക്കുകളും അഭിവാജ്യഘടകമാണ്‌. ഇവിടെയാണ്‌ ഇ-വായനയുടെ പ്രസക്തി. സാധാരണ വിവര സ്രോതസായി ഇയര്‍ ബുക്കിനെ നാം ആശ്രയിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ എത്രമാത്രം അപ്‌ഡേറ്റാണ്‌. ഇന്ത്യയിലെ ടെലഫോണ്‍ സാന്ദ്രതയ്‌ക്ക്‌ ഇയര്‍ ബുക്ക്‌ നല്‍കുന്ന ഉത്തരം മിക്കവാറും തൊട്ട്‌ മുന്‍പവസാനിച്ച ഡിസംബര്‍ മാസത്തെ സ്ഥിതി വിവരക്കണക്കായിരിക്കും. ഓരോ മാസവും ലക്ഷക്കണക്കിന്‌ ടെലഫോണ്‍ കണക്ഷന്‍ പുതുതായി കൂട്ടി ചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ ഇയര്‍ ബുക്കുകളെ എത്ര മാത്രം ആശ്രയിക്കാനാകും.

ഇ-ബുക്കുകളുടെ അടുത്ത പ്രത്യേകത ഇതിന്റെ തിരച്ചില്‍ ശേഷിയാണ്‌. സര്‍ച്ച്‌ ബോക്‌സില്‍ ആവശ്യമുളള വാക്കോ വാചകമോ ടൈപ്പ്‌ ചെയ്‌താല്‍ ലേഖനത്തില്‍ എവിടെയൊക്കെ സര്‍ച്ച്‌ വാക്ക്‌ ആവര്‍ത്തിക്കപ്പെടുന്നുവെന്ന്‌ എളുപ്പത്തില്‍ അറിയുവാനും അവിടേക്ക്‌ എത്തുവാനും സാധിക്കും. സര്‍ച്ച്‌ ഏന്‍ജിനേയേയും ഇത്തരം സര്‍ച്ചിനേയും ഇ-വായനയില്‍ രണ്ട്‌ വീക്ഷണ കോണുകളില്‍ നിന്ന്‌ കാണേണ്ടതുണ്ട്‌. ഒരു ലേഖനത്തിലെ/ബുക്കിനുളളിലെ സര്‍ച്ച്‌ ക്ലിപ്‌തമായ വിവരം ലഭ്യമാക്കുമ്പോള്‍, സര്‍ച്ച്‌ എന്‍ജിനിലെ ഇതേ വാചകം ഉപയോഗിച്ചുളള പ്രയോഗം ഹൈപ്പര്‍ലിങ്കുകളുടെ ഒരു പെരുക്കമായിരിക്കും നിരത്തുക. ഈ ഇന്‍ഫര്‍മേഷന്‍ ഓവര്‍ ലോഡ്‌ പലപ്പോഴും ശരിയായ വിവരം കിട്ടാന്‍ ഉപകരിക്കണമെന്നില്ല. നിമിഷാര്‍ധത്തില്‍ ദശലക്ഷക്കണക്കിന്‌ വിവരസുചികകള്‍ ഡസ്‌ക്‌ ടോപ്പിലേക്കെത്തുമ്പോള്‍ വിവരപ്പെരുക്കത്തിന്റെ തലവേദന ശരിക്കും ബോധ്യമാകും.

ന്ധരായ വായനക്കാര്‍ക്കായി പുസ്‌തകം ബ്രെയില്‍ ലിപിയിലേക്ക്‌ മാറ്റുന്നത്‌ എല്ലാ സന്ദര്‍ഭത്തിലും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ സൗകര്യത്തിലൂടെ ഇ-വായനയില്‍ പുസ്‌തകം കേട്ട്‌ ആസ്വദിക്കാനുമാകുമെന്നത്‌ അംഗവൈകല്യമുള്ളവരോടൊപ്പം മറ്റുള്ളവര്‍ക്കും പുതിയൊരു സൗകര്യമാണ്‌. ഇതിനാകട്ടെ പ്രത്യേകിച്ച്‌ ഒരു ഉപകരണവും കൂട്ടിയിണക്കേണ്ടതില്ല ഒരു സോഫ്‌ട്‌ വെയര്‍ മാത്രം അധികമായി ഉള്‍പ്പെടുത്തിയാല്‍ കൃതിയുടെ ശബ്‌ദാസ്വാദനമാകാം. ഇതു പോലെ തന്നെ നമ്മുടെ ശബ്‌ദം പിടിച്ചടുത്ത്‌ പ്രവര്‍ത്തിക്കുന്ന ശബ്‌ദാനുവര്‍ത്തി ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്ന്‌ പ്രചാരം നേടിവരുന്നു.\

ഇ-വായനയെ പ്പറ്റി ഒരു ഏകദേശധാരണയുണ്ടാക്കാന്‍ ഒരു താരതമ്യം നടത്താം. സാധാരണ പുസ്‌തകവും ഇ-പുസ്‌തകവും തമ്മില്‍. ഇ-ബുക്ക്‌ റീഡര്‍ എന്ന സാമാന്യം പുസ്‌തകത്തിന്റെ വലിപ്പമുള്ള ഒരു ഉപകരണം ഉപയോഗിച്ചാണ്‌ ഇ-വായന നടത്തുന്നത്‌. സാധാരണ പുസ്‌തകം ഒരെണ്ണം വായിച്ച ശേഷമാണ്‌ അടുത്തത്‌ എടുത്ത്‌ വായന തുടരുന്നത്‌. ഉദാഹരണത്തിന്‌ ഒരു മാസത്തെ ദൂരയാത്രക്ക്‌ പോകുന്ന വായനാപ്രേമികൂടിയായ ഒരു യാത്രക്കാരന്റെ കയ്യില്‍ പതിനഞ്ച്‌ പുസ്‌തകം ഉണ്ടെന്നിരിക്കട്ടെ. യാത്രാ സാമഗ്രികളുടെ കൂട്ടത്തില്‍ നല്ലോരു ഭാരം 'പുസ്‌തക ഭാരം' തന്നെയായിരിക്കും. എന്നാല്‍ ഒരു ഇ-പുസ്‌തകത്തിനും ആയിരം ഇ-പുസ്‌തകത്തിനും ഒരേ ഭാരം തന്നെയായിരിക്കും. ഒരു ഇ-ബുക്ക്‌ റീഡറില്‍ ഡാറ്റാ സംഭരണശേഷിക്കനുസരിച്ച്‌ അന്‍പത്‌ മുതല്‍ ആയിരമോ അതിലേറെയോ പുസ്‌തകങ്ങള്‍ ശേഖരിക്കാം എന്നാല്‍ ഇതിനനുസരിച്ച്‌ ഭാരം വര്‍ദ്ധിക്കുകയില്ല. 80 ജി.ബി സംഭരണശേഷിയുണ്ടെങ്കില്‍ സാമാന്യം വലിപ്പമുള്ള ഒരു ലൈബ്രറി തന്നെ യാത്രാവേളയില്‍ കൂടെ കൊണ്ടുപോകാം! 2000 പേജുള്ള നിഘണ്ടുവിനെ സി.ഡി റോമിന്റെ ഒരു മൂലയിലേക്ക്‌ ഒതുക്കാം.

നി മൂന്ന്‌ ഭാഷയില്‍ ലഭ്യമാകുന്ന നിഘണ്ടുവിന്റെ വലിപ്പം ഒന്നാലോചിച്ച്‌ നോക്കൂ. ഒന്ന്‌ അതിന്റെ ക്രമാതീതമായ വലിപ്പം വിലയും കൂട്ടുകയും ഉപയോഗ ലാളിത്യം കുറക്കുകയും ചെയ്യും. രണ്ടാമതായി ബഹുഭാഷാ നിഘണ്ടു ഏതെങ്കിലും ഒരു ഭാഷയെ അടിസ്ഥാനമാക്കി സജ്ജീകരിക്കേണ്ടിവരും. ഉദാഹരണം ഇംഗ്ലീഷ്‌-ഹിന്ദി-മലയാളം നിഘണ്ടുവില്‍ സര്‍ച്ച്‌ വേഡായി ഉപയോഗിക്കുന്നത്‌ ഇംഗ്ലീഷ്‌ ഭാഷയിലെ വാക്കുകള്‍.. എന്നാല്‍ മലയാളം-ഇംഗ്ലീഷ്‌-ഹിന്ദി നിഘണ്ടുവില്‍ മലയാളമാകും അടയാളവാക്യം. അതായത്‌ ബഹുഭാഷാനിഘണ്ടു ആണെങ്കിലും ഉപയോഗത്തിന്റെ കാര്യത്തില്‍ അടയാളവാക്യ ഭാഷയെ മാത്രം ബന്ധപ്പെടുത്തിയെ മുന്നേറാനാകൂ. അച്ചടി രീതിയില്‍ ബഹുഭാഷാ നിഘണ്ടു എത്താതിന്റെ പ്രധാന കാരണങ്ങളാണ്‌ ഇത്‌. എന്നാല്‍ ഒരു ഇ-ഡിക്ഷണറിയുടെ കാര്യമെടുക്കുക 50 ഭാഷകള്‍ ഉള്‍ക്കൊള്ളുന്ന നിഘണ്ടു പോലും കേവലം ഒരു സി.ഡി റോമിലേക്ക്‌ ഉള്‍ക്കൊള്ളിക്കാം എന്ന്‌ മാത്രമല്ല, ഏത്‌ ഭാഷയിലെ വാക്കുപയോഗിച്ചും സംശയനിവാരണവും പദാര്‍ത്ഥ ശേഖരണവും നടത്താം. ഇന്റര്‍നെറ്റ്‌ സര്‍ച്ച്‌ അല്‍ഗോരിതത്തിന്റെ സാധ്യതകളാണ്‌ ഇത്തരം ബഹു ഭാഷാ നിഘണ്ടുവിന്റെ സഹായത്തിനെത്തുന്നത്‌. ഒപ്പം അച്ചടിനിഘണ്ടുവിലില്ലാത്ത മറ്റൊരു സവിശേഷത കൂടി ഇ-ഡിക്ഷണറിക്കുണ്ട്‌. യഥാര്‍ത്ഥ ഉച്ചാരണം ഒരു മൗസ്‌ ക്ലിക്ക്‌ കൊണ്ട്‌ കേള്‍വിയിലൂടെ ഗ്രഹിക്കുകയുമാകാം. ഇത്‌ വഴി പുതിയൊരു സൗകര്യം കൂടി സാങ്കേതികവിദ്യയുടെ സഹായത്തോടെ നിഘണ്ടുവിലേക്ക്‌ ഇണക്കിച്ചേര്‍ക്കുകയാണ്‌.

ഇ-വായന സമകാലീന സത്യമാണോ അല്ലെങ്കില്‍ സമീപഭാവിയിലെങ്കിലും ഇവിടെ ഇത്‌ സംഭവിക്കുമോ എന്ന്‌ ചിന്തിക്കുന്നവരുണ്ടാകും. ശരിയാണ്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും സമസ്‌ത ജീവിതത്തെയും സ്വാധീനിക്കുന്ന രീതിയില്‍ ഒരു സാമൂഹികാവസ്ഥ ഇനിയും രൂപപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ ഇ-വായനക്ക്‌ സാധ്യതകള്‍ കല്‍പിക്കാം. ഇന്ത്യയില്‍ ടെലഫോണ്‍ സാന്ദ്രതയിലും ഇ-സാക്ഷരതയിലും ഏറ്റവും മുന്നില്‍ നില്‌ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഒരു കാര്യം നിസംശയം പറയാം ഇന്ത്യയില്‍ പ്രാദേശിക ഭാഷയില്‍ ഇ-വായന ആദ്യമെത്തുന്നതും ഇവിടെ തന്നെയാകും. നിലവില്‍ ഭാരതീയ പ്രദേശികഭാഷകളിലുള്ള ബ്ലോഗ്‌, വിക്കിപീഡിയ ലേഖനങ്ങളില്‍ എണ്ണം, ഗുണനിലവാരം എന്നിവ കൊണ്ട്‌ മലയാളഭാഷ മുന്നേറിക്കഴിഞ്ഞു എന്നത്‌ വസ്‌തുതയാണ്‌.

ഇ-വായന സമകാലീന സത്യമാണോ അല്ലെങ്കില്‍ സമീപഭാവിയിലെങ്കിലും ഇവിടെ ഇത്‌ സംഭവിക്കുമോ എന്ന്‌ ചിന്തിക്കുന്നവരുണ്ടാകും. ശരിയാണ്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും സമസ്‌ത ജീവിതത്തെയും സ്വാധീനിക്കുന്ന രീതിയില്‍ ഒരു സാമൂഹികാവസ്ഥ ഇനിയും രൂപപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ ഇ-വായനക്ക്‌ സാധ്യതകള്‍ കല്‍പിക്കാം. ഇന്ത്യയില്‍ ടെലഫോണ്‍ സാന്ദ്രതയിലും ഇ-സാക്ഷരതയിലും ഏറ്റവും മുന്നില്‍ നില്‌ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഒരു കാര്യം നിസംശയം പറയാം ഇന്ത്യയില്‍ പ്രാദേശിക ഭാഷയില്‍ ഇ-വായന ആദ്യമെത്തുന്നതും ഇവിടെ തന്നെയാകും. നിലവില്‍ ഭാരതീയ പ്രദേശികഭാഷകളിലുള്ള ബ്ലോഗ്‌, വിക്കിപീഡിയ ലേഖനങ്ങളില്‍ എണ്ണം, ഗുണനിലവാരം എന്നിവ കൊണ്ട്‌ മലയാളഭാഷ മുന്നേറിക്കഴിഞ്ഞു എന്നത്‌ വസ്‌തുതയാണ്‌.

ന്ധമായ ഒരു കംപ്യൂട്ടര്‍വല്‍ക്കരണ ഭയം നിലനിന്നിരുന്ന എണ്‍പതുകളുടെ അനുഭവത്തിന്റെ തുടര്‍ച്ചയാകാം ടി.വി കൊച്ചു ബാവ 1992 ല്‍ എഴുതിയ 'കൊക്കരണി' എന്ന കഥ. ഇതില്‍ കംപ്യൂട്ടറിന്റെ ഇടപെടലിനെ ഭീതിയോടെ നോക്കി കാണുന്നു. എന്നാല്‍ 15 വര്‍ഷത്തിനിപ്പുറം കംപ്യൂട്ടറുകളും അനുബന്ധ ഡിജിറ്റല്‍ ഉപകരണങ്ങളും ഭീതിയുടെ തലത്തില്‍ നിന്നും ഉപയോഗ സൗഹൃദ തലത്തിലേക്കെത്തിക്കഴിഞ്ഞു. ചിലപ്പോള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ടി.വി കൊച്ചു ബാവയുടേതടക്കമുള്ള നോവലുകളും കഥകളും ഇ-പുസ്‌തകമായി വിപണിയിലിറങ്ങി ദേശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച്‌ വിവിധ രാജ്യങ്ങളിലുള്ള മലയാളി വായനക്കാരുടെ കൈകളിലെത്തി പുതുവായന വിപ്ലവത്തിന്‌ തുടക്കമിടില്ല എന്ന്‌ എങ്ങനെ പറയാനാകും.

11 comments:

v k adarsh said...

അന്ധമായ ഒരു കംപ്യൂട്ടര്‍വല്‍ക്കരണ ഭയം നിലനിന്നിരുന്ന എണ്‍പതുകളുടെ അനുഭവത്തിന്റെ തുടര്‍ച്ചയാകാം ടി.വി കൊച്ചു ബാവ 1992 ല്‍ എഴുതിയ 'കൊക്കരണി' എന്ന കഥ.

lekhavijay said...

പ്രിയ,ആദര്‍ശ്,
ഞാന്‍ വായിച്ചു.കുറച്ച് റ്റൈപ്പിങ് മിസ്റ്റേക്സ് വന്നിട്ടുണ്ട്.അതൊഴിച്ചാല്‍ ,എനിക്കുറപ്പുണ്ട് ഈ ലേഖനം ഏറെ ശ്രദ്ധിക്കപ്പെടും.എന്റെ എല്ലാവിധ ആശംസകളും.പിന്നെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പുസ്തകത്തിനോട് തോന്നുന്ന ഒരു വൈകാരിക അടുപ്പം ഈ ‌‌‌- വായനയോട് തോന്നുമോ എന്നൊരു സംശയം.പുസ്തകങ്ങളുടെ ഒരു മണം,പാതി വായിച്ച പുസ്തകം കയ്യില്‍ വച്ചുറങ്ങുന്നതിന്റെ ഒരു സുഖം..അതൊക്കെ ഇത്തരം വായനകളില്‍ നിന്നും ലഭിക്കുമോ?എങ്കിലും യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെയും വയ്യ.ഒരിക്കല്‍ കൂടി ആശംസകള്‍ !

കിനാവ് said...

ആദര്‍ശ് ലേഖനം നന്നായി.
ഒരു ഓഫ്
ലേഖചേച്ചീ,‘പുസ്തകങ്ങളുടെ ഒരു മണം,പാതി വായിച്ച പുസ്തകം കയ്യില്‍ വച്ചുറങ്ങുന്നതിന്റെ ഒരു സുഖം...’ ഹഹഹഹി.

Cartoonist said...

ആദര്‍ശ്,
അസ്സലായി. എങ്കിലും, ഒരു നിര്‍ദ്ദേശം...

എന്നെപ്പോലുള്ള മദ്ധ്യവയസ്ക്കരെ അലട്ടുന്ന സാധാരണ വായനാസമയത്തോളം എടുത്തുള്ള ദീര്‍ഘ ഇ-വായനകൊണ്ട് കണ്ണിനുണ്ടാവാനിടയുള്ള പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നൊരു ഖണ്ഡിക കൂടി ഇതോടൊപ്പം തന്നെ ഇനിയും ചേര്‍ക്കാമല്ലൊ. :)

അങ്കിള്‍ said...

ദിവസേന രണ്ടും മൂന്ന്‌ മണിക്കൂറുകള്‍ സ്ക്രീനില്‍ കൂടി വായിക്കുമ്പോള്‍ കണ്ണിനുള്ള പ്രശ്നം എന്നെ യും വല്ലാതെ ബാധിക്കുന്നു.

G.manu said...

ഇ-ബുക്ക്‌ പരീക്ഷിക്കപ്പെടുന്നുണ്ട്‌..

പക്ഷേ സാമ്പത്തില ലാഭം ഒരു പ്രശ്നം തന്നെയാണു.
പ്രസാധകനു/എഴുത്തുകാരനു പ്രതിഫലം വേണ്ടവിധം (പ്രിണ്റ്റ്‌ മീഡിയപോലെ) കിട്ടുന്ന കാര്യം ബുദ്ധിമുട്ടാവും.
ഡിജിറ്റല്‍ സെക്യുറിറ്റി കൊടുത്താലും പൈറേറ്റഡ്‌ കോപ്പികള്‍ നെറ്റില്‍ പറന്നുനടക്കും എന്നൊരു വന്‍കടമ്പ കടക്കാനുണ്ട്‌..

ലേഖനം വളരെ നന്നായി

Sebin Abraham Jacob said...

വിപണിയില്‍ മുമ്പുവന്നിരുന്ന ഇ-ബുക്കു് റീഡറുകള്‍ വിജയിക്കാതിരുന്നതിന്റെ കാരണം, സ്ക്രീനില്‍ ദീര്‍ഘനേരം നോക്കിയിരിക്കുന്നതു് കണ്ണുകള്‍ക്കു് തളര്‍ച്ചയുണ്ടാക്കുന്നു എന്നതായിരുന്നു. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാണു് ആമസോണിന്റെ കിന്‍ഡില്‍ എന്ന ഇ-ബുക്‍ റീഡര്‍ വിപണിയിലെത്തിയതു്. ഇതിനെ കുറിച്ചു് ജോസഫ് ആന്റണിയുടെ കുറിഞ്ഞി ഓണ്‍ലൈനില്‍ മുമ്പു് ഒരു ലേഖനം വന്നിരുന്നു. കാര്‍ട്ടൂണിസ്റ്റും അങ്കിളും ഉന്നയിച്ച പ്രശ്നത്തിനു് ഉത്തരമാണു് കിന്‍ഡില്‍.

ആദര്‍ശ് പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുംമുമ്പു് വായിച്ചുനോക്കി അക്ഷരത്തെറ്റുതിരുത്തുന്നതു് നന്നായിരിക്കും. ഇതേപോലുള്ള ഇന്‍ഫര്‍മേറ്റീവ് ബ്ലോഗുകളില്‍ അക്ഷരപ്പിശകു് കല്ലുകടിയാണു്.

ടി.വി. കൊച്ചുബാവയുടെ പുതിയ നോവലും കഥയുമൊന്നും ഇനി ഏതായാലും വരില്ല. അദ്ദേഹം മരിച്ചിട്ടു് കുറേക്കാലമായി. പഴയ കൃതികള്‍ ഇനി ഇ-ബുക്കിലേക്കു് മാറ്റിയാലേ ഉള്ളൂ.

ലേഖനം നന്നായി. Information Anarchy യെ കുറിച്ചു് ആദര്‍ശിന്റെ വിശദമായ ഒരു ലേഖനം പ്രതീക്ഷിക്കുന്നു.

അങ്കിള്‍ said...

പ്രീയ സെബിന്‍,
'Kindle' നെ പറ്റി തന്നിരിക്കുന്ന രണ്ടു ലിങ്കുകളും എനിക്ക്‌ വളരെ വിലപ്പെട്ടതാണ്. അതിനു വേണ്ടി സമയമുണ്ടാക്കിയ താങ്കളോട്‌ നന്ദിയുണ്ട്‌.

എങ്ങനെയും ഒരണ്ണം സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. തല്‍ക്കാലം യൂ.ഏസ്സ്‌. ന് പുറത്ത്‌ വിലപ്പനയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്‌. അതു സാരമില്ല. യു.എസ്സ്. നു പുറത്തു കൊണ്ടുവന്നാല്‍ ഉപയോഗശൂന്യമാകുമോ എന്നൊരു സംശയം. മാത്രമല്ല, ബ്ലോഗ്‌ വായിക്കാന്‍ US$.99 ചാര്‍ജ്ജ്‌ ചെയ്യുമെന്നും പറയുന്നുണ്ട്‌. ഇവിടെ 99 ന് മുമ്പ്‌ കിടക്കുന്ന ഒരു കുത്ത്‌ എന്തര്‍ത്ഥത്തിലെടുക്കണമെന്നറിയില്ല. വാസ്തവത്തില്‍ ഒരു ഡോളറില്‍ താഴെയെന്നാണോ അര്‍ത്ഥമെന്നറിയില്ല. ആണെങ്കില്‍ കുഴപ്പമില്ല, അല്ലെങ്കില്‍ മുതലാവുകയുമില്ല, തല്‍ക്കാലം വേണ്ടെന്ന്‌ വക്കേണ്ടി വരും.

ഏതായാലും, എന്റെ അന്വേഷണം തുടരുന്നു.

v k adarsh said...

thanks all.
lekha, sebin...the spelling mistakes have been sorted out.any way take a look. and get me the spelling mistakes, if its existing. :-)

naveen said...

പ്രിയ സുഹൃത്തെ,
കാലം മാറുന്നതിനനുസരിച്ചു വായനയും മാറുമെന്നു നമ്മുക്കു പ്രത്യാശിക്കം. ഇ-വായനയുടെ വാതായനങ്ങള്‍ നമ്മുക്കു മുന്നില്‍ ഒരു വലിയ ലോകം തന്നെ തുറന്നിടുകയാണു. പ്രത്യേകിച്ചും അടുത്ത തലമുറയുടെ വായന "ഇ" രൂപത്തില്‍ ആയിരിക്കുമല്ലോ?
ഇത്തരം പുതിയ വാര്‍ത്തകള്‍  ഇനിയും പ്രതീക്ഷിക്കുന്നു.

എല്ലാ ആശംസകളും....

ALAPPAN said...

adarsh
very well. the article is very informative. thank u very much.