Friday, December 12, 2008

ഐസി ചിപ്പിന്‌ 50


ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

വളരുന്തോറും ചെറുതാകും!!!!!
`വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍ ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില, അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌. ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.

ഐസി ചിപ്പിന്റെ ഇരുവര്‍ സംഘം
ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.

ജാക്‌ എസ്‌ കില്‍ബി: 1933 നവംബര്‍ എട്ടിന്‌ ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു. ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി. തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍ ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌. അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌, ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍ നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ, കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.

റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌: ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം. കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌ ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം. സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം.
1968ല്‍ ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും നോബല്‍സമ്മാനം നല്‍കാറില്ല.

Saturday, December 06, 2008

മുംബൈ: സൈബര്‍ തീവ്രവാദത്തിന്റെ ഇരയും

അജ്ഞാത ഇ-മെയില്‍ അയക്കാനുള്ള സംവിധാനവും ജി പി എസും സാറ്റലൈറ്റ്‌ ഫോണുകളുമെല്ലാം മുംബൈയിലും തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കാം. മുംബൈ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സൈബര്‍ സുരക്ഷയിലും ഇനി നാം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു

മുംബൈയെ നടുക്കിയ ഭീകരാക്രമണം വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കുപുസ്‌തകം തയ്യാറായിവരുന്നതേയുള്ളൂ. ഏകദേശം 50 മണിക്കൂര്‍ ഒരു വന്‍രാജ്യത്തെ സായുധസേനാസംവിധാനത്തെ പ്രതിരോധിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക്‌ തുണയായത്‌ അത്യാധുനിക റൈഫിളുകള്‍മാത്രമല്ല, സാങ്കേതികവിദ്യയുടെ ഉല്‍പ്പന്നങ്ങളുംകൂടിയായിരുന്നു.

നാലാംതലമുറ യുദ്ധതന്ത്രം എന്നാണിതിനെ അന്താരാഷ്‌ട്രസമൂഹം വിശേഷിപ്പിക്കുന്നത്‌. കൃത്യതയും രഹസ്യസ്വഭാവവുമാണിതിന്റെ മുഖമുദ്ര. ഇതിനു സഹായകമാകുന്നത്‌ സാങ്കേതിക ഉപകരണങ്ങളുടെ ദുരുപയോഗവും. നാലാംതലമുറയുദ്ധം ആരംഭിച്ചതും അമേരിക്കയില്‍നിന്നായത്‌ യാദൃച്ഛികമാകാം. 9/11 ആക്രമണത്തില്‍ വിമാനം നിയന്ത്രിക്കാന്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കിയിരുന്നുവെന്നാണ്‌ വര്‍ത്തമാനം. അതത്രേ ഇത്രമേല്‍ കൃത്യമായി ഇരട്ട ടവറുകള്‍ തകര്‍ത്തിടാന്‍ സഹായകമായത്‌.
കടല്‍മാര്‍ഗം എത്താമെന്നതും ഇന്ത്യയുടെ വാണിജ്യതലസ്ഥാനമെന്നതും മുംബൈ തെരഞ്ഞെടുക്കാന്‍ കാരണമായി എന്നുപറയാമെങ്കിലും രാജ്യത്തെ ഏറ്റവും മോശമായ സൈബര്‍സംവിധാനം ഈ സംസ്ഥാനത്താണെന്നത്‌ തീവ്രവാദികളെ ആകര്‍ഷിച്ചിരിക്കണം. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍ എങ്ങനെയാണ്‌ ഇ-മെയില്‍ കൈകാര്യംചെയ്‌തത്‌ എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഭാവി പ്രതിരോധസംവിധാനങ്ങള്‍ കരുപ്പിടിപ്പിക്കാനെങ്കിലും പ്രയോജനപ്പെടും. 1993 ലെ മുംബൈ സ്‌ഫോടനകാലത്ത്‌ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്‌ വന്നിട്ടുപോലുമില്ല. എന്നാല്‍, 15 വര്‍ഷത്തിനിടെ ആശയവിനിമയത്തില്‍ വിപ്ലവകരമായ ഗതിമാറ്റം സംഭവിച്ചു. എന്നാല്‍, ഇതിന്‌ കിടപിടിക്കുന്ന സാങ്കേതികമാറ്റം കേസന്വേഷണത്തില്‍ പൊലീസിനെയും ഇന്റലിജന്‍സിനെയും സഹായിച്ചില്ല. അടുത്തകാലത്ത്‌ നടന്ന സ്‌ഫോടനങ്ങളും അവയുമായി ബന്ധപ്പെട്ട്‌ പത്രദൃശ്യമാധ്യമങ്ങള്‍ക്കെത്തിയ ഇ-മെയിലിന്റെ രീതിയും പരിശോധിച്ചാല്‍ ഇത്‌ ബോധ്യമാകും.

സ്‌ഫോടനശേഷം വിവരം കാണിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും ഇ-മെയില്‍ മാധ്യമങ്ങളിലേക്ക്‌ പ്രവഹിച്ചിരുന്നത്‌ സൈബര്‍ കഫെകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഉത്തര്‍പ്രദേശിലും ജയപുരിലും നടന്ന സ്‌ഫോടനങ്ങള്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്‌ ഇത്തരം ഇ-മെയില്‍ ട്രാക്ക്‌ചെയ്‌ത്‌ സൈബര്‍കഫെകളെ നിരീക്ഷണവിധേയമാക്കിയായിരുന്നു. ഇതില്‍ അപകടം മണത്ത തീവ്രവാദികള്‍ പിന്നീട്‌ വൈ-ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങി. അഹമ്മദാബാദ്‌, ഡല്‍ഹി സ്‌ഫോടനങ്ങളില്‍ ഇതിന്റെ സാന്നിധ്യം കാണാമായിരുന്നു. എന്നാല്‍, ഇവ രണ്ടും പരീക്ഷിച്ചും പ്രയോഗിച്ചും പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ട തീവ്രവാദികള്‍ ഇത്തവണ `റീമെയിലര്‍' എന്ന സങ്കേതമാണ്‌ ഉപയോഗിച്ചത്‌.

എന്താണ്‌ റീമെയിലര്‍? സാധാരണ ഇ-മെയിലിനൊപ്പം ഐപി വിലാസം, മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ ഉണ്ടാകും. ഇത്‌ പരിശോധിക്കാനുള്ള സൈബര്‍ ഫോറന്‍സിക്‌ ടൂളുകള്‍ ഉപയോഗിച്ചാല്‍ ഏത്‌ ഇ-മെയില്‍ സേവനദാതാവുവഴി, ഏത്‌ കംപ്യൂട്ടര്‍വഴി, എപ്പോഴാണ്‌ ഇ-മെയില്‍ അയച്ചത്‌ എന്ന്‌ നിഷ്‌പ്രയാസം കണ്ടുപിടിക്കാം. എന്നാല്‍, `റീമെയിലര്‍' എന്ന പുതിയ കുരുക്കില്‍ ഐപി വിലാസം, മറ്റ്‌ അനുബന്ധവിവരങ്ങള്‍ എന്നിവ മായ്‌ച്ചുകളഞ്ഞശേഷം വേറെ ഒരു സ്ഥലത്തു സെര്‍വര്‍ വഴിയാകാം ഇ-മെയില്‍ കടത്തിവിടുന്നത്‌. സാങ്കേതികമായി ഏറെ പ്രയാസമാണ്‌ ഇത്തരം ഇ-മെയിലുകളെ തെരഞ്ഞുപിടിക്കാന്‍. എന്നാല്‍ എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍ ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും ഇത്തരം ഇ-മെയില്‍ വഴികളും കണ്ടുപിടിക്കാമെങ്കിലും അതു ഏറെ ശ്രമകരമാണെന്നു മാത്രം. മുംബൈ സ്‌ഫോടനം നടന്ന്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ടിവി ചാനലിനു ലഭിച്ച ഇ-മെയിലില്‍ ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഇ-മെയില്‍ ആണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതാകട്ടെ ഏതാനും ദിവസംമുമ്പ്‌ ഉണ്ടാക്കിയ ഐഡിയും ആയിരുന്നു. പാകിസ്ഥാനില്‍നിന്ന്‌ റഷ്യയിലുള്ള സെര്‍വര്‍വഴി ഇന്ത്യയിലെ ചാനല്‍ ഓഫീസിലേക്ക്‌ ഇ-മെയില്‍ എത്തി എന്നാണ്‌ ഇതുവരെയുള്ള വിവരം. ഇതു തന്നെ ശരിയാകണമെന്നില്ല. പല സെര്‍വറുകള്‍ ചുറ്റിത്തിരിഞ്ഞാകാം ഇ-മെയില്‍ സ്വീകര്‍ത്താവിനെ തേടിയെത്തുന്നത്‌. അതേ, നാം ഇനി `റീമെയിലിങ്‌' പ്രതിരോധം ശക്തിപ്പെടുത്തും. അടുത്ത സ്‌ഫോടനത്തില്‍ ഉപയോഗിക്കുന്നത്‌ മറ്റൊരു സാങ്കേതികപ്രയോഗം ആയിരിക്കാം. ചുരുക്കത്തില്‍ `സാങ്കേതിക ആയുധധാരി'കളുടെ ടെക്‌നോളജി അപഗ്രഥനത്തേക്കാള്‍ മികച്ചതല്ല നമ്മുടേതെങ്കില്‍ ഇനി ഇതിലും വലിയ വിലയാകും ഒാരോ രാജ്യവും നല്‍കാന്‍ ഉണ്ടാവുക.
ബ്ലാക്‌ബെറി ഫോണിന്റെ വിവരസുരക്ഷ ആക്രമണകാരികള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനകരമാകുമെന്നാദ്യം അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ട ടെലികമ്യൂണിക്കേഷന്‍ വകുപ്പും ട്രായ്‌യും ഇത്തരത്തിലെ ആഭ്യന്തരസുരക്ഷാപ്രശ്‌നങ്ങള്‍കൂടി ടെലിഫോണ്‍ അടിസ്ഥാന ഉപകരണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന്‌ ഗൗരവമായി വിലയിരുത്താത്ത കാലത്തോളം ദുരുപയോഗം വര്‍ധിക്കും. മുംബൈയില്‍ തീവ്രവാദികള്‍ സാറ്റലൈറ്റ്‌ ടെലഫോണും അതുവഴിയുള്ള ഇന്റര്‍നെറ്റും വഴി പുറംലോകവുമായും ബന്ധപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുന്ന വിവരങ്ങള്‍ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്‌റ്റം (ജിപിഎസ്‌) ഉപയോഗിച്ചും നല്‍കിയെന്നു കരുതുന്നു.

ബയോടെററിസം (ജൈവതീവ്രവാദം) നാമിതുവരെ കണ്ടിട്ടില്ല. ഇതൊക്കെയാകാം നാളത്തെ യുദ്ധമുറകള്‍ എന്ന്‌ ശാസ്‌ത്രകല്‍പ്പിതകഥകളില്‍ കുറേക്കാലമായി പ്രചരിക്കുന്നുണ്ട്‌. ഓരോവര്‍ഷം കഴിയുന്തോറും പുതുതലമുറ യുദ്ധതന്ത്രങ്ങളാണ്‌ നമുക്കു മുന്നിലേക്ക്‌ എത്തുന്നത്‌. വിവരസാങ്കേതികവിദ്യയുടെ കാലാവധി കഴിഞ്ഞെന്നും ബയോടെക്‌നോളജിയുടെ കാലമാണ്‌ വരാന്‍പോകുന്നതെന്നും ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാവിയുദ്ധ/ആക്രമണത്തില്‍ ഇതിന്റെ അതിപ്രസരം തള്ളിക്കളയാനാകില്ല.

വിവരസാങ്കേതിക വിദ്യ സഹായവുമായി
സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌ മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍ ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍, തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌.
ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍ പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി.
വിനുകുമാര്‍ രംഗനാഥന്‍ എന്ന ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍ എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു. ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.
നവംബര്‍ 2008 മുംബൈ അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍ പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌.

Tuesday, December 02, 2008

ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌

ഒരു മേശപ്പുറംമുഴുവന്‍ അപഹരിച്ചിരുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളെ വെല്ലുവിളിച്ചായിരുന്നു ലാപ്‌ടോപ്‌ രംഗപ്രവേശംചെയ്‌തത്‌. ഡെസ്‌ക്‌ ടോപ്‌ കംപ്യൂട്ടര്‍ എന്നാണല്ലോ സാധാരണ പിസിയുടെ വിളിപ്പേരുകളില്‍ ഒന്ന്‌. എന്നാല്‍, ലാപ്‌ടോപ്‌ എത്തിയത്‌ ഒട്ടേറെ സവിശേഷതകളുമായായിരുന്നു. ഭാരക്കുറവ്‌, സ്ഥലലാഭം, കൊണ്ടുനടക്കാവുന്ന രീതി, പിന്‍ഭാഗത്ത്‌ കണക്ടറുകളുടെയും കേബിളുകളുടെയും പെരുക്കമില്ല. എന്തുെകാണ്ടും ലാപ്‌ടോപ്‌ എല്ലാത്തരത്തിലുള്ള ജനങ്ങളുടെയും പ്രിയതോഴനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യവര്‍ഷങ്ങളില്‍ ലക്ഷത്തിനുമുകളിലായിരുന്നു വിലയെങ്കില്‍ ഇന്നിത്‌ ഡസ്‌ക്‌ടോപ്‌ കംപ്യൂട്ടറുമായി താരതമ്യംചെയ്യുമ്പോള്‍ ഏതാനും ആയിരം രൂപമാത്രം കൂടുതല്‍. ലാപ്‌ടോപ്പിനാണെങ്കില്‍ യുപിഎസിന്റെ സഹായം വേണ്ടതില്ല. അതായത്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില, അതിനുള്ള യുപിഎസ്‌ സംവിധാനം എന്നിവ കൂട്ടിയാല്‍ ലാപ്‌ടോപ്പാണ്‌ ലാഭമെന്ന്‌ ബോധ്യമാകും. മാത്രമോ വൈദ്യുതിച്ചെലവും വളരെ കുറവാണെന്നതും ലാപ്‌ടോപ്പിനു മേന്മയായി. മിക്ക ലാപ്‌ടോപ്പുകള്‍ക്കും 30 വാട്ടില്‍ താഴെയേ ഊര്‍ജച്ചെലവ്‌ ഉണ്ടാകൂ. 17 ഇഞ്ച്‌ സിആര്‍ടി സ്‌ക്രീന്‍ ഉള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആകട്ടെ ഇതിന്റെ അഞ്ചിരട്ടിയോളം വൈദ്യുതി ഉപയോഗിക്കും(ഏകദേശം 150 വാട്ട്‌). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ലാപ്‌ടോപ്പിന്റെ ഊര്‍ജ-പരിപാലനച്ചെലവ്‌ തുച്ഛമാണെന്ന്‌ പറയാം.

ഇങ്ങനെ ലാപ്‌ടോപ്പിന്റെ മേന്മകള്‍ വിസ്‌തരിക്കാന്‍ വരട്ടെ, ഇപ്പോള്‍ വിപണിയിലെ പുതുവര്‍ത്തമാനം ഇത്തിരികുഞ്ഞന്‍ ലാപ്‌ടോപ്പുകളാണ്‌. അതായത്‌ സ്‌ക്രീന്‍ വലുപ്പം വളരെ കുറഞ്ഞതരം. ഇവയെ നെറ്റ്‌ബുക്കുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ലാപ്‌ടോപ്പിന്‌ നോട്‌ബുക്‌ കംപ്യൂട്ടര്‍ എന്നൊരു പേര്‌ ഉണ്ടായിരുന്നല്ലോ. ലാപ്‌ടോപ്പിന്റെ ഈ ചെറുപതിപ്പിന്‌ (നെറ്റ്‌ബുക്‌) ഇന്ന്‌ ആവശ്യക്കാരേറുകയാണ്‌. ഇതു മുന്‍കൂട്ടി കണ്ട്‌ മിക്ക ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളും നെറ്റ്‌ബുക്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാം വായിക്കുന്ന ഒരു നോവലിന്റെയോ അല്ലെങ്കില്‍ ബാലമാസികയുടെയോ അത്രമാത്രം സ്‌ക്രീന്‍ വലുപ്പം ആണ്‌ ഇതിന്റെ ആകര്‍ഷണീയത.

മൂന്നുമുതല്‍ അഞ്ചു കിലോഗ്രാംവരെയാണ്‌ മിക്ക ലാപ്‌ടോപ്പിന്റെയും ഭാരം. ഇതുകൂടാതെ ചാര്‍ജര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയായി ലാപ്‌ടോപ്പിന്റെ ഭാരം ചെറുതല്ല! എന്നാല്‍, പുതിയ തരംഗമായ നെറ്റ്‌ബുക്കുകളുടെ ഭാരം ഒരുകിലോമാത്രം. ഏറിയാല്‍ ഒന്നരകിലോഗ്രാം. സാധാരണ ബാഗിലോ പായ്‌ക്കറ്റുകളിലോ ഒക്കെ കൊണ്ടുനടക്കുകയുംചെയ്യാം.

യാത്രാവേളയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ നെറ്റ്‌ബുക്കുകള്‍ ഉത്തമമാണ്‌. വിലയും കുറവാണ്‌. 14,000 രൂപമുതല്‍ 25,000 രൂപവരെയാണ്‌ ഇപ്പോഴത്തെ നിലവാരം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പോക്കറ്റ്‌ പിസിയുടെയും ലാപ്‌ടോപ്പിന്റെയും മധ്യത്തിലുള്ള ഒരു പുതിയ ഇടം നെറ്റ്‌ബുക്ക്‌ സൃഷ്ടിച്ചെടുത്തുവെന്നു പറയാം. ഓഫീസിനു പുറത്തോ ക്യാമ്പസിലോ, എന്തിന്‌ കടലോരത്തോ ഇരുന്ന്‌ ചാറ്റ്‌, ബ്ലോഗ്‌, വീഡിയോ ഷെയറിങ്‌, ഡൗണ്‍ലോഡിങ്‌ എന്നിവ ചെയ്യുന്നവര്‍ക്ക്‌ ഉത്തമമാണ്‌ നെറ്റ്‌ ബുക്കുകള്‍. ഹാര്‍ഡ്‌വെയര്‍ശേഷി പരിമിതമായിരിക്കുമെന്ന മുന്‍ധാരണയും വേണ്ട. ലാപ്‌ടോപ്പിന്റേതിനു തുല്യമായ റാം, പ്രോസസിങ്‌ശേഷി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ നെറ്റ്‌ബുക്കിനും സ്വന്തമായുണ്ട്‌. ഇന്റര്‍നെറ്റ്‌ കേന്ദ്രീകൃത ആവശ്യത്തിനായി ഇന്റര്‍കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ആറ്റം പ്രോസസറാണ്‌ മിക്ക നിര്‍മാതാക്കളും ഉപയോഗിക്കുന്നത്‌. സിനിമ കാണാനും പാട്ടു കേള്‍ക്കാനും ഇത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല, എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഇതിന്റെ ബാറ്ററി ദൈര്‍ഘ്യമാണ്‌. മിക്ക മോഡലുകളുടെയും കുറഞ്ഞ ബാറ്ററി ദൈര്‍ഘ്യം 3.5 മണിക്കൂറാണ്‌. ഒന്നോര്‍ക്കുക, ഏറ്റവും മുന്തിയ ഇനം ലാപ്‌ടോപ്പിന്റെ പരമാവധി ബാറ്ററി ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ മാത്രമാണ്‌.

ഒരു ലാപ്‌ടോപ്പുകൊണ്ട്‌ ചെയ്യുന്ന ഏകദേശം എല്ലാ ജോലികളും അതേ കൃത്യതയോടെ സൂക്ഷ്‌മതയോടെ നെറ്റ്‌ബുക്കും ചെയ്‌തുകൊള്ളും. വിന്‍ഡോസ്‌, ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തനസംവിധാനങ്ങള്‍ ഉപയോഗിക്കാം. മിക്ക നെറ്റ്‌ബുക്കുകള്‍ക്കും സിഡി/ഡിവിഡി ഡ്രൈവുകള്‍ ഉണ്ടാകില്ല. എന്നാല്‍, പുറമെനിന്ന്‌ ഇത്‌ യുഎസ്‌ബി വഴി ഘടിപ്പിക്കുകയുംചെയ്യാം. അസൂസ്‌ എന്ന സ്ഥാപനം ഈപിസി പേരിലാണ്‌ ഇത്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. തൊട്ടുപിന്നാലെ എച്ച്‌സിഎല്‍ മൈലീപ്‌ എന്ന സീരീസും പുറത്തിറക്കി. ഇപ്പോള്‍ ഡെല്‍ ഇന്‍സ്‌പൈറോണ്‍, ലെനവോ ഐഡിയാപാഡ്‌, എയ്‌സര്‍ ആസ്‌പയര്‍വണ്‍ എന്നീ മോഡലുകളും വിപണിയില്‍ വന്നുതുടങ്ങി. സാംസങ്‌, ബാവ്‌ലറ്റ്‌ പക്കാര്‍ഡ്‌, എല്‍ജി എന്നിവയും തങ്ങളുടെ പതിപ്പുകളുമായി വരാനിരിക്കുന്നു. ഒരു വയര്‍ലെസ്‌/മെബൈല്‍ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍കൂടിയുണ്ടെങ്കില്‍ നെറ്റ്‌ബുക്കിന്റെ പ്രയോജനം പരമാവധി ആകര്‍ഷകമാക്കാം. യാത്രയിലോ ഒഴിവുവേളയിലോ ലാപ്‌ടോപ്പിന്റെ `ഗംഭീര ആകര്‍ഷണം' ഇല്ലാതെതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ആകാം. മിക്ക മോഡലുകളും ആകര്‍ഷകമായ ഡിസൈനോടെയാണ്‌ എത്തിയിരിക്കുന്നത്‌

Saturday, November 22, 2008

എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയും അതിന്റെ വികസനത്തെയും അത്ര ഗൗരവമായി നാം വിശകലനം ചെയ്‌തിട്ടില്ല എന്നതാണ്‌ സത്യം. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വരവോടെ ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്ലാസ്‌ മുറികളിലും ലാബുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തൊട്ടുമുമ്പത്തെ അന്‍പത്‌ വര്‍ഷം ഉണ്ടാക്കിയ മാറ്റങ്ങളേക്കാളും വലിയ ഘടനാപരമായ മാറ്റം ഉണ്ടാക്കാന്‍ ഇക്കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനായി എന്നതുതന്നെയാണ്‌ ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയിലേക്ക്‌ നമ്മെ ആകര്‍ഷിക്കുന്നത്‌.

നിലത്തെഴുതി പഠിച്ചതും പിന്നീട്‌ സ്ലേറ്റിലേയും അവിടെനിന്ന്‌ നോട്ടുപുസ്‌തകത്തിലേക്കുമാണ്‌ നാമെത്തിയതെങ്കില്‍ ഇന്ന്‌ ഓരോ കുട്ടിയും ഓരോ കമ്പ്യൂട്ടര്‍ എന്നതാണ്‌ മിക്ക സംഘടനകളുടെയും സ്‌കൂളുകളുടെയും ലക്ഷ്യം. One Laptop Per Child (OLPC) എന്ന ദൗത്യം ഇവിടെ സ്‌മരണീയമാണ്‌. ഇവിടെയാണ്‌ സാങ്കേതികവിദ്യയ്‌ക്ക്‌ അനുഗുണമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ മാറ്റുന്നതിന്റെയും അതിനുള്ള പ്രൊഫഷണലുകളുടെയും ആവശ്യം വരുന്നത്‌. പാഠ്യവിഷയങ്ങള്‍ മാറ്റുക എന്നതുകൊണ്ട്‌ അതിലെ 'കണ്ടന്റി'നെ മാറ്റുക എന്നല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ അതിന്റെ രേഖപ്പെടുത്തലുകളുടെയും അനുബന്ധ വിവരങ്ങളുടെയും മാറ്റമാണ്‌. ഉദാഹരണത്തിന്‌ അക്ഷരമാല പഠിക്കുന്ന കുട്ടി അ എന്ന അക്ഷരത്തില്‍ തൊടുമ്പോള്‍ A for Apple എന്ന പരമ്പരാഗത വാചകവും ഒപ്പം ആപ്പിളിന്റെ ചിത്രവും അവന്റെ/അവളുടെ മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡിലോ ലാപ്‌ടോപ്പിലോ ദൃശ്യമായി വരണമെങ്കില്‍ ഇതിന്‌ യോജിച്ച രീതിയില്‍ പാഠഭാഗത്തിന്‌ ഡിജിറ്റല്‍ വകഭേദം വരുത്തേണ്ടതുണ്ട്‌.

ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്‌ ചെല്ലുന്തോറും ക്രമേണ ഇത്‌ സങ്കീര്‍ണമായ പ്രവര്‍ത്തനമായി മാറും. രസതന്ത്രത്തിലെ ഒരു പരീക്ഷണശാലതന്നെ കമ്പ്യൂട്ടറില്‍ ഒരുക്കാനാകും. രണ്ട്‌ ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന്‌ ജലമുണ്ടാകുന്ന സിമുലേഷന്‍ ഒരു ഉദാഹരണം മാത്രം. ഇതുപോലെ ആവര്‍ത്തനപട്ടികയിലെ ഓരോ ആറ്റത്തിന്റെയും എണ്ണമറ്റ കോമ്പിനേഷനുകള്‍ സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ രസതന്ത്രലാബാണ്‌ ഒരുക്കുന്നതെങ്കില്‍ രസതന്ത്രത്തിലും കമ്പ്യൂട്ടര്‍ സാങ്കേതികതയിലും ആഴത്തില്‍ അറിവുള്ള ഒരു ടീം ഉണ്ടായേ തീരൂ. ഇതിനെയാണ്‌ ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം (ITeS - IT enabled Learning) എന്നുപറയുന്നത്‌. വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്ക്‌ ഇത്തരം ഡിജിറ്റല്‍ ലാബുകള്‍ എത്തിക്കുന്നത്‌ സ്ഥലം-പണം-സൗകര്യം തുടങ്ങി ഏത്‌ തലത്തില്‍ നോക്കിയാലും എളുപ്പമായ സൗകര്യമാണ്‌. ആകെ വേണ്ടത്‌ വേണ്ടത്ര തയ്യാറെടുപ്പോടെയുള്ള ഒറ്റത്തവണ മുന്നൊരുക്കമാണ്‌. ഈ മേഖലയിലേക്ക്‌ കണ്ടന്റ്‌ ഉണ്ടാക്കാന്‍ സാധിക്കുന്ന പ്രൊഫഷണലുകള്‍ക്ക്‌ നിലവില്‍ ഡിമാന്റ്‌ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കാര്യം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇത്‌ ഒരു പാഠ്യപദ്ധതിയായി എത്തിയിട്ടില്ല എന്നതാണ്‌. അഭിരുചി ഉള്ളവര്‍ക്ക്‌ തിളങ്ങാനാകുന്ന രംഗമാണ്‌ എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌.

പാഠ്യപദ്ധതി ഡിജിറ്റലൈസേഷന്‍ കൂടാതെ ഫലപ്രദമായി എങ്ങിനെ ഇന്റര്‍നെറ്റില്‍ അവതരിപ്പിക്കാം, കമ്പ്യൂട്ടര്‍ വഴിയുള്ള പ്രസന്റേഷനുകള്‍ ഉണ്ടാക്കുക, വിദൂരസംവേദന ഉപാധികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക എന്നിവയും ജോലികളില്‍പ്പെടുന്നു.
ഇതുകൂടാതെ വീട്ടിലിരുന്ന പുറംരാജ്യത്തെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുന്ന രീതി കേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്‌. EPO അഥവാ എഡ്യുക്കേഷണല്‍ പ്രോസസിംഗ്‌ ഔട്ട്‌സോഴ്‌സിംഗ്‌ എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള പശ്ചാത്തലസൗകര്യമൊരുക്കുക എന്നതും ശ്രദ്ധ പതിപ്പിക്കാവുന്ന ഇടങ്ങളാണ്‌.

ഇന്റര്‍നെറ്റ്‌ കൂടാതെ മൊബൈല്‍ഫോണും ഇന്ന്‌ ആശയപ്രകാശനത്തിന്റെ ശക്തമായ ഉപാധിയാണ്‌. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പിഡിഎയുടെ (പെഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്‌) ചെറുസ്‌ക്രീന്‍ വലിപ്പത്തിലേക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ഭാവിയിലെ സാധ്യതകള്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതം മാത്രമാകണമെന്നില്ല.

ആനിമേഷന്‍, സൗണ്ട്‌ എഡിറ്റിംഗ്‌ എന്നിവയില്‍ പരിചയമുള്ള ശാസ്‌ത്ര-സാമൂഹിക പാഠ്യവിഷയങ്ങളില്‍ തല്‌പരരായവരെയാണ്‌ നിലവില്‍ ഇത്തരം ജോലിക്ക്‌ പരിഗണിക്കുന്നത്‌. ഇതുകൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നവരുടെയും പരിപാലിക്കുന്നവരുടെയും ജോലിസാധ്യതകളും എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്നുണ്ട്‌.

Friday, November 07, 2008

ഊര്‍ജസംരക്ഷണം മത്സരം

ദേശീയ ഊര്‍ജസംരക്ഷണദിനമായ ഡിസംബര്‍ 14 നോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (കേരള സര്‍ക്കാര്‍) നടത്തുന്ന വിവിധ മത്സരങ്ങളുടെ വിവരങ്ങള്‍.ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 ന് മുന്‍പ് അതാത് ജില്ലകളില്‍ വച്ച് നടത്തുന്നതാണ്. സംസ്‌ഥാന തല മത്സരങ്ങള്‍ ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വച്ച് നടക്കും. പിറ്റേന്ന്, ഊര്‍ജസംരക്ഷണ ദിനത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എ.കെ ബാലന്‍ സമ്മാനം നല്‍കും. വിശദവിവരങ്ങള്‍ക്ക് :

Energy Management Centre-Kerala
Thycaud
P. O, CV Raman Pillai Road,
Near Police Ground, Thiruvananthapuram
695014
Kerala, India
Tel:
Fax: +91-471-2323363,
Fax: +91-471-2323342.
e-mail: emck@keralaenergy.gov.in
മത്സര ഇനങ്ങള്‍
1. ഹൈസ്‌കൂള്‍: പോജക്ട് മത്സരം
വിഷയം: വീടുകളിലെ ഊര്‍ജസംരക്ഷണം
2. ഹയര്‍ സെക്കന്ററി: പ്രസംഗ മത്സരം
വിഷയം: ഊര്‍ജ ക്ഷമതയും ആഗോള തപനവും
3. പോളിടെക്‍നിക്ക്: പോജക്ട് മത്സരം
വിഷയം:ചെറുകിട സ്ഥാപനങ്ങളിലെ എനര്‍ജി ഓഡിറ്റ്
4. ആര്‍ട്സ് & സയന്‍സ് കോളജ്: പ്രസംഗ മത്സരം
വിഷയം: ഊര്‍ജ ക്ഷമതയും പാരിസ്ഥിതിക നേട്ടവും
5. എന്‍‌ജിനീയറിംഗ് കോളജ്: പ്രബന്ധം/പ്രോജക്ട്
വിഷയം: മാലിന്യത്തില്‍ നിന്നും ഊര്‍ജം
ഇതുകൂടാതെ ജൂനിയര്‍ (പത്താം ക്ലാസു വരെ), സീനിയര്‍ (പ്ലസ് വണ്‍ മുതല്‍) തലത്തില്‍ കാര്‍ട്ടൂണ്‍ വരപ്പ് മത്സരങ്ങളും സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്നതാണ്. കാര്‍ട്ടൂണ്‍ മത്സരം സംസ്ഥാന തലത്തില്‍ നേരിട്ടാണ് നടത്തുന്നത്. ഇതിലേക്കുള്ള കാര്‍ട്ടൂണുകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം എനര്‍ജി മാനേജ്‌മെന്റ് സെന്ററിലേക്ക് ‍അയക്കുക.

Monday, November 03, 2008

ഊര്‍ജ സംരക്ഷണ വെബ്‌ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു


ഊര്‍ജവും, ഊര്‍ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമകാലിക സാഹചര്യത്തില്‍ സമൂഹത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. ഊര്‍ജ ഉത്‌പാദനം പോലെ തന്നെ ഗൗരവമേറിയതാണ്‌ ഊര്‍ജസംരക്ഷണവും. ലഭ്യമായ വിഭവം യുക്തമായി ഉപയോഗിക്കേണ്ടത്‌ നമ്മുടെ മാത്രമല്ല, വരുംതലമുറയുടെ കൂടി സുഗമമായ ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണെന്നതും ഊര്‍ജസംരക്ഷണം പ്രകൃതിസൗഹൃദം കൂടിയാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഊര്‍ജ സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്ര അറിവുകള്‍ പൊതുജനത്തിന്‌ എത്തിക്കേണ്ടത്‌ നമ്മുടെ കടമകൂടിയാണ്‌. പലതരത്തിലുള്ള പുതിയ ഊര്‍ജ്ജോത്‌പാദനരീതികളും പ്രകൃതിയെ അത്രയ്‌ക്ക്‌ പരിക്കേല്‍പ്പിക്കാത്തതാണ്‌ ഇവയെ അക്ഷയ ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ഇതിനോടൊപ്പം തന്നെ ആണവോര്‍ജവും അന്തര്‍ദേശീയ തലത്തില്‍ തന്നെ പലതലങ്ങളിലായി ആശയവിനിമയത്തില്‍ സ്ഥാനം പിടിക്കുന്നു.
ഈ സാഹചര്യത്തിലാണ്‌ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച്‌ ഊര്‍ജസംരക്ഷണം.ഓര്‍ഗ്‌ (http://urjasamrakshanam.org) എന്ന മലയാള ഭാഷയിലുള്ള വെബ്‌പോര്‍ട്ടലിന്‌ രൂപം കൊടുക്കുന്നത്‌. വിദ്യാര്‍ത്ഥികളിലേക്ക്‌ ഊര്‍ജ അവബോധത്തിനായി പലമാര്‍ഗങ്ങള്‍ ഈ വെബ്‌പോര്‍ട്ടല്‍ ആശ്രയിക്കുന്നു. ഊര്‍ജസംരക്ഷണ ആശയങ്ങള്‍, നവ ഊര്‍ജ സ്രോതസുകളെ പറ്റിയുള്ള വിവരങ്ങള്‍ എന്നിവ കഥ, കവിത, നാടകം, കഥാപ്രസംഗം, ലേഖനം, കാര്‍ട്ടൂണ്‍, നുറുങ്ങറിവുകള്‍, കൗതുകലോകം എന്നീ വിവിധ ആശയവിനിമയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വെബ്‌പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ, ഊര്‍ജം, ഊര്‍ജസംരക്ഷണം, ഊര്‍ജവാര്‍ത്തകള്‍, ഊര്‍ജസ്രോതസുകള്‍ എന്ന പേജുകളിലായും വിവിധ ലേഖനങ്ങള്‍ ഉണ്ട്‌. മാറിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രോജക്‌ടുകള്‍ക്കും സെമിനാറുകള്‍ക്കും സവിശേഷപ്രാധാന്യം ഉണ്ടല്ലോ ഇത്‌ മുന്‍നിര്‍ത്തി ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രോജക്‌ടുകളും വെബ്‌പോര്‍ട്ടലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌. ക്വിസ്‌ മത്സരം, ബ്ലോഗ്‌, മറ്റ്‌ സമാന വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍, പോസ്റ്റര്‍ ഡൗണ്‍ലോഡ്‌, ഊര്‍ജവുമായി ബന്ധപ്പെട്ട മഹാരഥന്മാരായ ശാസ്‌ത്രജ്ഞരുടെ ജീവിതരേഖ എന്നിവയും വെബ്‌പോര്‍ട്ടലിന്റെ മറ്റ്‌ പ്രത്യേകതകളാണ്‌.
ഡോ.ആര്‍.വി.ജി.മേനോന്‍, പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ (കഥാപ്രസംഗം), ടോംസ്‌ (കാര്‍ട്ടൂണ്‍), ശ്രീ.കണ്ടച്ചിറ ബാബു (നാടകം) എന്നിവരെപ്പോലെയുള്ള പ്രഗത്ഭരോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രചനകളും ഈ വെബ്‌പോര്‍ട്ടലില്‍ വായിക്കാം. ബുക്ക്‌ ഷെല്‍ഫ്‌ എന്ന പേജില്‍ ഊര്‍ജവുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളെ റിവ്യൂ ചെയ്യുന്നു. നുറുങ്ങറിവുകള്‍ പേജില്‍ രസകരമായ അറിവുകള്‍ വളരെ ചെറിയ വാചകങ്ങളില്‍ പങ്കുവെയ്‌ക്കുന്നു, ഉദാ: 'നടന്നോളൂ മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യാം' .
വെബ്‌പോര്‍ട്ടലിലേക്ക്‌ പുതുതായി ചേര്‍ത്ത വാര്‍ത്തകള്‍ വിവരങ്ങള്‍ എന്നിവ വലതുവശത്ത്‌ ലേറ്റസ്റ്റ്‌ ന്യൂസ്‌ എന്ന സ്ഥലത്ത്‌ വായിക്കാമെന്നത്‌, വെബ്‌ പോര്‍ട്ടലിലേക്ക്‌ പതിവായി എത്തുന്നവര്‍ക്ക്‌ അപ്‌ഡേറ്റ്‌ ചെയ്യുന്ന വിവരങ്ങളിലേക്ക്‌ പെട്ടെന്ന്‌ എത്താന്‍ സാധിക്കും. വെബ്‌ 2.0 സേവനങ്ങളായ വായനക്കാരുടെ അഭിപ്രായങ്ങള്‍, യൂസര്‍ ഇന്ററാക്‌ടീവ്‌ പേജുകള്‍, വായനക്കാര്‍ക്ക്‌ കൂടി എഴുതാന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ വെബ്‌പോര്‍ട്ടലിന്റെ വിവരസമ്പുഷ്‌ടത വര്‍ദ്ധിപ്പിക്കും. പതിവ്‌ സന്ദര്‍ശകര്‍ക്ക്‌ ലേഖനമെഴുതാനും, കമന്റുകള്‍ പങ്കുവയ്‌ക്കാനും സാധ്യമാക്കുന്ന രീതിയില്‍ അക്കൗണ്ട്‌ തുടങ്ങാം, ഇ-മെയില്‍ പോലെ ഓരോ ഉപയോക്താക്കള്‍ക്കും യൂസര്‍നാമവും രഹസ്യവാക്കും ലഭ്യമാക്കാനും വെബ്‌സെറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌.
വിവര വിനിമയത്തില്‍ ഭാഷയ്‌ക്ക്‌ സുപ്രധാനവും വ്യക്തവുമായ സ്ഥാനമുണ്ട്‌. ആ ഭാഷ പറയുന്നവരും വായിക്കുന്നവരും കേള്‍ക്കുന്നവരും കൃത്യമായി, സംതൃപ്‌തിയോടെ മനസ്സിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അത്‌ ഉദ്ദേശിക്കുന്ന പൂര്‍ണഫലം താഴേതട്ടിലേക്ക്‌ വരെ എത്തുകയുള്ളൂ. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ എല്ലാവരും ഭയപ്പെട്ടിരുന്നത്‌ ഇംഗ്ലീഷിന്‌ ഒരു ആഗോള വാര്‍ത്താവിനിമയ ഉപാധി എന്ന നില കൈവരുമോ എന്നതായിരുന്നു. എന്നാല്‍ യുണികോഡ്‌ ഫോണ്ടുകളുടെയും മറ്റ്‌ വെബ്‌ അധിഷ്‌ഠിത ഉപകരണങ്ങളുടെയും വിന്യാസത്തോടെ കംപ്യൂട്ടറിന്റെ ഭാഷ നിങ്ങളുടെ ഭാഷയാണ്‌. കേരള സര്‍ക്കാര്‍ എന്റെ ഭാഷ എന്റെ കംപ്യൂട്ടറിന്‌ എന്ന കാംപെയിന്‌ തുടക്കം കുറിച്ചതും ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ്‌. കംപ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്നും അതുകൊണ്ട്‌ കംപ്യൂട്ടറില്‍ മലയാളം വരുന്നത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും എന്ന്‌ കരുതിയിരുന്നിടത്താണ്‌ പുതിയതും ചിലപ്പോള്‍ ഇംഗ്ലീഷ്‌ ഭാഷയിലുള്ളവയേക്കാള്‍ മികച്ചതും സാങ്കേതിക മികവുള്ള വെബ്‌സൈറ്റുകള്‍ എത്തുന്നത്‌. ഐ.ടി. അറ്റ്‌ സ്‌കൂളിലൂടെ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങള്‍ നമ്മുടെ സ്‌കൂളുകളില്‍ ഇന്ന്‌ സര്‍വസാധാരണമാണ്‌. ഇനി കംപ്യൂട്ടറിലേക്ക്‌ മലയാളം വന്നാല്‍ തന്നെ അത്‌ ഇ-മെയിലിലും ചാറ്റിലും ദിനപത്രങ്ങളുടെ വെബ്‌സൈറ്റിലും മാത്രം മതിയെന്ന പരിമിത ചിന്തയേയും കടന്ന്‌ വളരാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ക്കാകുന്നുണ്ട്‌.
കേരളസര്‍ക്കാരിന്റെ ഐടി വകുപ്പിന്‌ കീഴിലുള്ള സ്‌പെയ്‌സ്‌ മായി സഹകരിച്ച്‌ കൊല്ലം ഗ്രീന്‍ എനര്‍ജി ട്രസ്റ്റാണ്‌ വെബ്‌ രൂപസംവിധാനം ചെയ്‌തിരിക്കുന്നത്‌. വെബ്‌പോര്‍ട്ടലിന്റെ ഔപചാരിക ഉദ്‌ഘാടനം ബാംഗ്ലൂര്‍ ഐ.ഐ.എം സ്ഥാപക ഡയറക്‌ടര്‍ പദ്‌മഭൂഷണ്‍ ഡോ. എന്‍.എസ്‌.രാമസ്വാമി, കൊല്ലം യൂനുസ്‌കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗിലെ യുണീക്‌ ഫീയസ്റ്റ എന്ന ദേശീയ സാങ്കേതിക സിംപോസിയത്തില്‍ വച്ച്‌ 2008 ഒക്‌ടോബര്‍ 30 ന്‌ നിര്‍വ്വഹിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍, പ്രൊഫ. വി.കെ.ദാമോദരന്‍, ശ്രീ. എസ്‌. രത്‌നകുമാര്‍, ഡോ. മുഹമ്മദ്‌ അലി ഈസ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡോ. ഹോമി ജെ ഭാഭയുടെ 99-ആം ജന്മദിനത്തില്‍ (
ഒക്‌ടോബര്‍ 30 ന്‌ )ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വെബ് സൈറ്റ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായി

Thursday, October 02, 2008

കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌

ഒരു മേഖലയില്‍നിന്നും വിവരസാങ്കേതികവിദ്യയെ ഒഴിവാക്കി നിര്‍ത്താനാവില്ല. അതുപോലെത്തന്നെയാണ്‌ ഏത്‌ വിഷയം പഠിച്ചവരെയും ഐടി ജോലികളില്‍നിന്ന്‌ ഒഴിവാക്കാനാകില്ല എന്ന സത്യവും. സാധാരണഗതിയില്‍ ഭാഷാവിഷയങ്ങള്‍ക്ക്‌ ആകര്‍ഷത കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ഈ വിഷയത്തില്‍ അതീവ താല്‌പര്യമുള്ളവര്‍ക്ക്‌ തൊഴില്‍ജാലകം മലര്‍ക്കെ തുറന്നുകിടക്കുകയാണ്‌. കമ്പ്യൂട്ടറിനെയും ഭാഷയെയും പ്രണയിക്കുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ പോലുള്ള വന്‍കമ്പനികളില്‍ തുടങ്ങി നാട്ടിന്‍പ്രദേശത്തെ ചെറുകിട സോഫ്‌റ്റ്‌വെയര്‍ വികസന കേന്ദ്രത്തില്‍ വരെ അവസരങ്ങള്‍ കാത്തുനില്‍ക്കുന്നു.

കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്‌ വശമുള്ളവര്‍ക്ക്‌ മാത്രമുള്ളതാണന്ന ധാരണ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന ഈ മാറ്റം ഗ്ലോക്കലൈസേഷന്‍(global + local = glocalisation) എന്നറിയപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ ശൈശവകാലത്ത്‌ ഇത്‌ പ്രാദേശികഭാഷകളെ കുഴിച്ചുമൂടും എന്നാണ്‌ ഭയപ്പെട്ടിരുന്നത്‌. എന്നാല്‍ കമ്പ്യൂട്ടര്‍ ഭാഷാശാസ്‌ത്രത്തിന്റെ വളര്‍ച്ച മലയാളം പോലുള്ള ചെറുഭാഷകളെപ്പോലും ആഗോളവിപണിയില്‍ മത്സരസജ്ജമാക്കിക്കഴിഞ്ഞു.

മലയാളം യൂണികോഡ്‌ ഫോണ്ടുകളുടെ വരവോടെ ചാറ്റിംഗും മെയിലും ബ്ലോഗിംഗും ഒക്കെ മലയാളംകൊണ്ടു നിറഞ്ഞത്‌ അവിടെ നിലക്കട്ടെ. മൈക്രോസോഫ്‌റ്റ്‌, ഗൂഗിള്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും മലയാളം പതിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ സംരംഭങ്ങളുടെ ഇടപെടലാണ്‌ പ്രാദേശികഭാഷാ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക്‌ വഴിവെച്ചത്‌. ഗ്നു/ലിനക്‌സ്‌ മലയാളം ഓപ്പറേറ്റിംഗ്‌ സിസ്റ്റം കമ്പ്യൂട്ടറിനെ മൊത്തത്തില്‍ത്തന്നെ മലയാളിക്കിക്കഴിഞ്ഞുവല്ലോ.

എന്താണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌?
ഭാഷയെ കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ഉപകരണങ്ങള്‍ക്ക്‌ പ്രാപ്‌തമാക്കുന്ന ഉത്തരവാദിത്വമാണ്‌ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിനുള്ളത്‌. ഭാഷാശാസ്‌ത്രപഠനത്തില്‍ (MA മലയാളം പോലുള്ള പഠനപദ്ധതികള്‍) സമര്‍ത്ഥരായവര്‍ക്ക്‌ അല്‌പം കമ്പ്യൂട്ടര്‍ പ്രണയം കൂടിയുണ്ടെങ്കില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ നന്നായി ഇണങ്ങും. വിവരസാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെ പ്രാദേശികഭാഷയിലേക്ക്‌ കൂട്ടിയിണക്കി കൂടുതല്‍ ജനങ്ങളിലേക്ക്‌ കമ്പ്യൂട്ടറിനെ എത്തിക്കുകയാണ്‌ ഇവരുടെ ഉത്തരവാദിത്വം. വളരെ ലളിതമായി പറഞ്ഞാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുമ്പോഴും മലയാളത്തില്‍ ചാറ്റ്‌ ചെയ്യുമ്പോഴും മലയാളം വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്റെ നേട്ടമാണ്‌ നമുക്കനുഗ്രഹമാകുന്നത്‌. ഇതിന്‌ വിവിധ ഭാഷകളിലെ വാചകഘടന, വ്യാകരണം, അക്ഷരത്തെറ്റ്‌ പരിശോധന എന്നിവയില്‍ ആഴത്തിലുള്ള അറിവ ആവശ്യമുണ്ട്‌.
ഇതുവരെ ഭാഷാപഠനത്തെ ചെറിയൊരു വിഭാഗമെങ്കിലും ജനങ്ങള്‍ താല്‌പര്യപൂര്‍വം സമീപിക്കാത്തതിന്‌ കാരണം ഈ മേഖല വന്‍തുക ശമ്പളമായി നല്‍കാന്‍ പ്രാപ്‌തമല്ല എന്നതായിരുന്നു. എന്നാല്‍ കമ്പ്യൂട്ടറിന്റെ വരവോടെ ഉരുത്തിരിഞ്ഞ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ തുടക്കക്കാരായ ലിംഗ്വിസ്‌റ്റിക്‌സ്‌ പ്രൊഫഷണലുകള്‍ക്ക്‌ അഞ്ചക്ക ശമ്പളംതന്നെ തുടക്കത്തില്‍ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഐടി കമ്പനിയുടെ ആകര്‍ഷിപ്പിക്കുന്ന തൊഴില്‍ പരിസരവും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍, യുനസ്‌കോ തുടങ്ങിയ ഔദ്യോഗിക ഏജന്‍സികളും വന്‍സ്വകാര്യ കമ്പനികളും പ്രാദേശിക ഭാഷാകമ്പ്യൂട്ടിംഗില്‍ വന്‍തോതില്‍ നിക്ഷേപമിറക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ മേഖല കരിയര്‍ ആയി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ സന്തോഷിക്കാന്‍ വകയുണ്ട്‌.
പ്രോഗ്രാമിംഗില്‍ കൂടുതല്‍ താല്‌പര്യമുള്ള ഭാഷാസ്‌നേഹികള്‍ക്ക്‌ ടൈപ്പിംഗ്‌ ടൂളുകള്‍, ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡിസൈന്‍, ട്രാന്‍സ്‌്‌ലിറ്ററേഷന്‍ (ലിപ്യന്തരണം), ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ വികസിപ്പിക്കുന്ന ടീമില്‍ ചേക്കേറാം. ഫോണ്ടുകള്‍ രൂപകല്‌പന ചെയ്യുന്നതും മറ്റൊരു ആകര്‍ഷക ഐടി ഇടമാണ്‌.

എവിടെ പഠിക്കാം?
ഭാഷാശാസ്‌ത്രത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയശേഷം കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ എത്തുകയായിരിക്കും ഉചിതം. എന്നിരുന്നാലും ഭാഷയില്‍ ആഴത്തില്‍ അറിവുള്ള എഞ്ചിനീയറിംഗ്‌ ബിരുദധാരികള്‍ക്കും MCA ബിരുദധാരികള്‍ക്കും ഈ മേഖല ഇണങ്ങും. സംസാരഭാഷയോട്‌ പ്രതികരിക്കുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കത്തകരീതിയില്‍ ആണ്‌ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനപദ്ധതികള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (നിര്‍മ്മിതബുദ്ധി) മേഖലയുമായും ഈ പഠനസംവിധാനം ബന്ധപ്പെട്ടിരിക്കുന്നു. കാഴ്‌ചാവൈകല്യമുള്ളവര്‍ക്ക്‌ കമ്പ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്‌തിരിക്കുന്ന വിവരങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന സംവിധാനം ഏറെ അനുഗ്രഹമാകുന്നതും ഇതിന്റെ നേട്ടമാണ്‌.
കേരള സര്‍വകലാശാലയില്‍ ലിംഗ്വിസ്റ്റിക്‌സ്‌ പഠനത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്‌. ഗവേഷണപഠനത്തിനുള്ള സൗകര്യവുമുണ്ട്‌. തിരുവനന്തപുരത്തുള്ള സിഡാക്‌ (C DAC) ഈ മേഖലയില്‍ ഒട്ടേറെ സൗകര്യം ഒരുക്കിക്കഴിഞ്ഞു. ഒപ്പം ഭാഷാ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്ത്‌ പൊതുജനങ്ങള്‍ക്കെത്തിക്കുന്നതില്‍ വ്യാപൃതരുമാണ്‌. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സിഡിറ്റ്‌ (C DIT) മലയാളം ഓഫീസ്‌ പാക്കേജ്‌ തന്നെ വികസിപ്പിച്ചുകഴിഞ്ഞു (www.clickeralam.org).
ആന്ധ്രാപ്രദേശിലെ കുപ്പം എന്ന സ്ഥലത്തുള്ള ദ്രാവിഡ സര്‍വകലാശാല ഇന്ത്യയില്‍ ഈ മേഖലയിലെ ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ കേന്ദ്രം 1997ലാണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇവിടെ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിന്‌ പ്രത്യേകവകുപ്പുണ്ട്‌ (www.dravidianuniversity.ac.in). ഗവേഷണ സൗകര്യവും ഇവിടെയുണ്ട്‌.
കേന്ദ്രസര്‍ക്കാരിന്റെ മാനവശേഷിവികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യന്‍ ലാംഗ്വേജസും ഭാരതീയ ഭാഷാസാങ്കേതികവിദ്യയുടെ വികാസത്തിനും വളര്‍ച്ചയ്‌ക്കുമായി രൂപീകരിക്കപ്പെട്ടതാണ്‌. ഹൈദരാബാദ്‌ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ അപ്ലൈഡ്‌ ലിംഗ്വിസ്റ്റിക്‌സ്‌ ആന്‍ഡ്‌ ട്രാന്‍സ്‌്‌ലേഷന്‍ സ്റ്റഡീസിന്റെ ശ്രദ്ധ ലാംഗ്വേജ്‌ ഇന്റര്‍ഫേസ്‌ രൂപപ്പെടുത്തുന്ന തരത്തിലുള്ള പഠനപദ്ധതികളാണ്‌. ഹൈദരാബാദിലെ തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സില്‍ M.Tech പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്‌.
ഭാഷാശാസ്‌ത്രപഠനവും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും സന്നിവേശിപ്പിക്കുന്ന പഠനപദ്ധതികള്‍ ഇപ്പോഴും മിക്ക സര്‍വകലാശാലകളുടെയും പരിഗണനയിലാണ്‌. താമസിയാതെത്തന്നെ മലയാളം, ഇംഗ്ലീഷ്‌ പഠനവകുപ്പുകളിലും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഇടംപിടിക്കും.

എവിടെയാകും തൊഴില്‍?
നേരത്തെ സൂചിപ്പിച്ചതുപോലെ ഗൂഗിള്‍, മൈക്രോസോഫ്‌റ്റ്‌, യാഹൂ എന്നിവ പ്രാദേശിക ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‌പന ചെയ്യുന്ന പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. ഗൂഗിള്‍ മലയാളം യൂണികോഡ്‌ ഫോണ്ട്‌ ഉപയോഗിച്ചുള്ള സെര്‍ച്ചിംഗ്‌, ലിപ്യന്തരണം എന്നിവ കൊണ്ടുവന്നുകഴിഞ്ഞു. മൈക്രോസോഫ്‌റ്റാകട്ടെ www.bhashaindia.com എന്ന പോര്‍ട്ടല്‍ സജ്ജമാക്കി പ്രാദേശിക ഭാഷാപാക്കേജുകള്‍ എത്തിക്കാന്‍ പദ്ധതി തുടങ്ങിയിരിക്കുന്നു. മിക്ക പോര്‍ട്ടലുകളും വിവിധ ഭാരതീയ ഭാഷകളിലേക്ക്‌ ചുവടുമാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം സ്ഥാപനങ്ങള്‍ക്കൊപ്പം തന്നെ സിഡാക്‌, സിഡിറ്റ്‌ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും ഏറെ അവസരങ്ങള്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌ പ്രൊഫഷണലുകളെ കാത്തിരിപ്പുണ്ട്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ മേഖലയിലാണ്‌ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്‌.
ലെക്‌സിക്കണ്‍ റിസോഴ്‌സ്‌, ടൂളുകള്‍, അല്‍ഗോരിതം ഉണ്ടാക്കുക, ഭാഷാനിയമങ്ങള്‍ പാലിക്കുന്ന പ്രാദേശിക ടാസ്‌കുകള്‍ ഏറ്റെടുക്കുക എന്നിവയാകും ജോലിയുടെ സ്വഭാവം. ഇതുകൂടാതെ സോഫ്‌റ്റ്‌വെയര്‍ പരിശോധനയും (software testing and validation) ഭാഷാവിദഗ്‌ദരായ കമ്പ്യൂട്ടര്‍ സ്‌നേഹികള്‍ക്ക്‌ ഇടപെടാന്‍ സാധിക്കുന്ന രംഗമാണ്‌.

ഭാവിസാധ്യതകള്‍

ബഹുഭാഷാ നിഘണ്ടു, ഉപകരണ തര്‍ജ്ജമ (Machine translation), ടെക്‌സ്‌റ്റ്‌ ടു സ്‌പീച്ച്‌ എന്നിവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ പുതിയ കുറേയേറെ അവസരങ്ങള്‍ കൂടി കരഗതമാകും. മൊബൈല്‍ ഫോണിന്‌ ഉപയോഗിക്കുന്ന ആളിന്റെ ശബ്ദത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ത്തന്നെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടല്ലോ. ഇത്‌ കൂടുതല്‍ മൂല്യവര്‍ദ്ധിത പ്രയോഗങ്ങള്‍ ആകാനും മൊബൈല്‍ ഫോണ്‍ അധിഷ്‌ഠിത ലിംഗ്വിസ്‌റ്റിക്‌ ആപ്ലിക്കേഷനുകള്‍ വ്യാപകമാകാനും സാധ്യത വളരെ കൂടുതലാണ്‌. ആത്യന്തിക ലക്ഷ്യം കമ്പ്യൂട്ടര്‍ അഥവാ ഇതിനായി സജ്ജമാക്കിയ പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ വിവിധ ഭാഷകള്‍ക്കിടയില്‍ നിമിഷനേരംകൊണ്ട്‌ സാധ്യമാക്കുന്ന മൊഴിമാറ്റം/തര്‍ജ്ജമ തന്നെയാണ്‌. ഇന്ത്യയുടെ നാനാത്വം ഭാഷാപരമായി ഏറെ പ്രത്യേകതകളുള്ളതിനാല്‍ പ്രാദേശികമായി ആകും ഈ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നത്‌. അതിനാല്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌ പ്രൊഫഷണലുകള്‍ക്ക്‌ നാട്ടില്‍ത്തന്നെ ജോലിയും ചെയ്യാം.

*******

Monday, September 29, 2008

വെബ്‌ ഡിസൈന്‍

ഇന്റര്‍നെറ്റിന്റെ ആദ്യനാളുകളില്‍ വെബ്‌ ഡിസൈന്‍ ചെയ്യുന്ന ജോലി അതീവ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൊന്നായി കണ്ടിരുന്നവരേറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്രയ്‌ക്ക്‌ സാങ്കേതികവശം സ്വായത്തമാക്കാത്തവര്‍ക്കുപോലും വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യാന്‍ പാകത്തില്‍ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്‌. അതേസമയം വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്കെന്നപോലെ വ്യക്തിഗത വെബ്‌സൈറ്റ്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും കൂടിവരുന്നു. ഒരു കംപ്യൂട്ടറും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്‌്‌ഷനുമുണ്ടെങ്കില്‍ വെബ്‌ ഡിസൈനിംഗിനുള്ള പശ്ചാത്തലസൗകര്യങ്ങളായി. പിന്നെ ഉചിതമായ സോഫ്‌റ്റ്‌വെയറുകള്‍കൂടി ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വല നെയ്‌തെടുക്കാന്‍ നിങ്ങളുടെ കംപ്യൂട്ടര്‍ തയ്യാര്‍.

ഇന്ന്‌ സ്വയംതൊഴില്‍ എന്ന നിലയ്‌ക്ക്‌ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പ്രൊഫഷണല്‍ തികവോടെ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്‌. കടല്‍ കടന്നെത്തുന്ന (ഔട്ട്‌സോഴ്‌സിംഗ്‌) ഇത്തരം ജോലികള്‍ കേരളത്തിലെ പട്ടണങ്ങളിലെന്നപോലെ ഗ്രാമപ്രദേശങ്ങളിലും നടക്കുന്നു. കൂടുതലും ചറെുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും വെബ്‌സൈറ്റാണ്‌ ഇത്തരത്തില്‍ അണിയിച്ചൊരുക്കുന്നത്‌. എന്നാല്‍ ബാങ്കിംഗ്‌, ഇ-കൊമേഴ്‌സ്‌, വന്‍കിട വെബ്‌ പോര്‍ട്ടലുകള്‍ എന്നിവ പരിപാലിക്കാനും രൂപസംവിധാനം ചെയ്യാനും ഒരു സംഘം തന്നെയുണ്ടാകും. ഇങ്ങനെയുള്ള വെബ്‌സൈറ്റുകള്‍ ഡേറ്റാബേസിനെ ആശ്രയിച്ച്‌ ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി, ആന്റിഹാക്കിംഗ്‌ പരിരക്ഷയും നടത്തേണ്ടതുണ്ട്‌.

വെബ്‌സൈറ്റുകളെ രണ്ടായി തരംതിരിക്കാം. സ്റ്റാറ്റിക്‌ (static) എന്ന ആദ്യഗണത്തില്‍പ്പെടുന്ന സൈറ്റുകള്‍ അടിക്കടി വിവരങ്ങള്‍ മാറുന്ന പേജുകളല്ല. ലേഔട്ടും പേജിലെ വിവരവും സ്ഥിരമായിരിക്കും. ഇത്തരം പേജുകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത്‌ വല്ലപ്പോഴും ആയിരിക്കും. എന്നാല്‍ ഡൈനാമിക്‌ (dynamic) എന്ന രണ്ടാമത്തെ ഗണം ഇന്ററാക്ടീവ്‌ ശൈലിയില്‍ ആണെന്നു പറയാം. ഉപയോഗിക്കുന്ന ആളിനോ സമയത്തിനോ അനുസരിച്ച്‌ ഇത്തരം പേജുകള്‍ അടിയ്‌ക്കടി മാറും. രൂപഘടനയിലും മാറ്റം വരും. ഉപയോഗിക്കുന്ന ആളിന്റെ ഇംഗിതത്തിനനുസരിച്ച്‌ വിവരങ്ങള്‍ ദൃശ്യമാക്കുന്ന രീതിയാണ്‌ ഡൈനാമിക്‌ വെബ്‌പേജുകള്‍. ഇന്ന്‌ ഏതാണ്ട്‌ എല്ലാ വെബ്‌സൈറ്റ്‌ പേജുകളും ഡൈനാമിക്‌ ആയിക്കൊണ്ടിരിക്കുന്നു.

ആര്‍ക്കൊക്കെ പഠിക്കാം?
സര്‍ഗശേഷിയും ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗിന്റെ അഥവാ ആപ്ലിക്കേഷന്‍ പാക്കേജുകളുടെ ഉപയോഗത്തിന്റെ മികവുമാണ്‌ ഒരു വെബ്‌ ഡിസൈനറുടെ പ്രവര്‍ത്തനത്തിന്റെ അളവുകോലാകുന്നത്‌. കുറ്റമറ്റ രീതിയില്‍ വിവരങ്ങള്‍ ദൃശ്യമാക്കാന്‍ സാങ്കേതികപരമായ കഴിവുകള്‍ ആര്‍ജിക്കേണ്ടതുണ്ട്‌. ഇതിനായുള്ള ആദ്യപാഠങ്ങള്‍ HTML കോഡ്‌ പഠിക്കുന്നിടത്ത്‌ ആരംഭിക്കും. ഓരോ മാസവും നവീകരിച്ച നിലവിലുള്ള ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും പാക്കേജുകളും കൂടാതെ പുതിയ ഇന്റര്‍നെറ്റ്‌ പ്രോഗ്രാമിംഗ്‌ ഭാഷകളും സാങ്കേതികലോകത്ത്‌ എത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഒരു പ്രത്യേകഭാഷയില്‍ മാത്രം പ്രാവീണ്യം നേടണം എന്നു പറയാനാകില്ല. C പ്രോഗ്രാമിംഗിലുള്ള കഴിവ്‌ മറ്റുള്ള പ്രോഗ്രാമിംഗ്‌ ഭാഷകള്‍ എളുപ്പത്തില്‍ പരിചയപ്പെടാന്‍ സഹായകമാകും എന്ന പൊതുതത്ത്വം ഇവിടെയും പറയാം. എന്നാല്‍ പ്രോഗ്രാമിംഗിലെ തികവ്‌ മാത്രം പോരാ, സര്‍ഗശേഷി കൂടി വിനിമയം ചെയ്യാന്‍ വെബ്‌ ഡിസൈനര്‍ക്കാകണം. കലാപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി, വെബ്‌ പേജുകള്‍ കാഴ്‌ചക്കാരനെ പിടിച്ചിരുത്തുന്ന രീതിയില്‍ അണിയിച്ചൊരുക്കാനുള്ള കഴിവുകൂടിയുണ്ടെങ്കില്‍ വെബ്‌ ഡിസൈനര്‍ എന്ന ജോലിക്ക്‌ നിങ്ങള്‍ അനുയോജ്യനാണ്‌. ഇതിനായി ഫോട്ടോഷോപ്പ്‌, ഫ്‌ളാഷ്‌, കോറല്‍ഡ്രോ പോലെയുള്ള ദൃശ്യവിസ്‌മയം സൃഷ്ടിക്കാനുതകുന്ന പാക്കേജുകളുമായി അയത്‌നലളിതമായി ഇടപെടാന്‍ സാധിക്കണം. ഇവിടെയാണ്‌ നിങ്ങളിലെ സര്‍ഗശേഷി പരീക്ഷിക്കപ്പെടുന്നതും.

വിവിധ തരം വെബ്‌ ബ്രൗസറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. രൂപകല്‌പന ചെയ്യുന്ന വെബ്‌സൈറ്റ്‌ ഇവയ്‌ക്കെല്ലാം കോംപാറ്റിബിളാകാന്‍ വെബ്‌ ഡിസൈനര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇതുകൂടാതെ വിവിധ വെബ്‌ സ്റ്റാന്‍ഡേര്‍ഡുകളെക്കുറിച്ച്‌ തികഞ്ഞ അറിവും ആവശ്യമാണ്‌. ഉപയോക്താവിന്‌ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം വെബ്‌ പേജുകളുടെ ഘടന. ഇത്‌ സാധ്യമാക്കാന്‍ ഇമേജ്‌ ഓപ്‌ടിമൈസേഷന്‍ പോലുള്ള യൂസബിലിറ്റി കാര്യങ്ങളില്‍ വെബ്‌ ഡിസൈനര്‍ അവഗാഹം നേടേണ്ടതാണ്‌.
വെബ്‌ ഡിസൈനര്‍ ആകാന്‍ തയ്യാറെടുക്കുന്ന ഒരാള്‍ കലാകാരനാണെങ്കില്‍ പ്രോഗ്രാമിംഗ്‌ ഭാഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും നേരെമറിച്ച്‌ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആണെങ്കില്‍ ഇമേജ്‌/വിഷ്വല്‍ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറില്‍ കൂടുതല്‍ പരിശീലനം നേടി മികവാര്‍ജിക്കേണ്ടതും പ്രൊഫഷണല്‍ ശൈലിയില്‍ മുന്നേറാന്‍ ആവശ്യമാണ്‌.

എവിടെ പഠിക്കാം?
എഞ്ചിനീയറിംഗ്‌/MCA/BFA പഠനപദ്ധതികളുടെ ഭാഗമായി വെബ്‌ ഡിസൈനിംഗ്‌ സ്‌പര്‍ശിച്ചു പോകുന്നതേയുള്ളൂ. ആഴത്തില്‍ അറിവുനേടി ഈ ജോലിക്ക്‌ പ്രാപ്‌തനാകണമെങ്കില്‍ സ്വകാര്യ/പൊതുമേഖലാ ഇന്‍സ്റ്റിറ്റിയൂട്ടുകളെ ആശ്രയിക്കേണ്ടിവരും. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിഡിറ്റ്‌, കെല്‍ട്രോണ്‍ എന്നിവ നേരിട്ടും സബ്‌ സെന്ററുകള്‍ വഴിയും ഇത്തരം പഠനസൗകര്യമൊരുക്കുന്നു. അരീന, ആനിമാസ്റ്റര്‍, ഇമേജ്‌ പോലെയുള്ള പ്രൊഫഷണല്‍ പഠനകേന്ദ്രങ്ങള്‍ മികച്ച വെബ്‌ ഡിസൈനര്‍മാരെ സൃഷ്ടിക്കാന്‍ ഉതകുന്ന രീതിയില്‍ പല പഠനപദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.

ഇതുകൂടാതെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈന്‍ ന്യൂ മീഡിയ ഡിസൈന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഇന്റര്‍ഫേസ്‌ ഡിസൈന്‍ എന്നീ രണ്ട്‌ പ്രോഗ്രാമുകളിലായി (15 സീറ്റ്‌ വീതം) വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്‌. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ ഇവിടെ പ്രവേശനം. അണ്ണാ സര്‍വകലാശാല ഇലക്ട്രോണിക്‌ മീഡിയയില്‍ M.Sc പ്രോഗ്രാം ഒരുക്കിയിരിക്കുന്നതില്‍ വെബ്‌ ഡിസൈന്‌ സവിശേഷ പ്രാധാന്യം നല്‍കിയിട്ടുണ്ട്‌.
പലപ്പോഴും ഇത്തരം ഇന്‍സ്‌റ്റിറ്റിയൂട്ടുകളിലെ പഠനവിഭവ ആസൂത്രണം പെട്ടെന്നുള്ള ജോലി മാത്രം മുന്‍കൂട്ടി കണ്ടാകില്ല. ദീര്‍ഘകാല പ്രവര്‍ത്തനത്തിനും സംയോജിത (Integrated) ഉപയോഗത്തിനും ഊന്നല്‍ നല്‍കുന്ന രീതിയാകും ഇക്കൂട്ടര്‍ പിന്തുടരുക. അതുകൊണ്ടുതന്നെ വെബ്‌ ഡിസൈനിംഗ്‌ രീതി മൊബൈല്‍, കിയോസ്‌ക്‌, ഇലക്ട്രോണിക്‌ എംബഡഡ്‌ സിസ്‌റ്റം എന്നിവയിലും ഉപയോഗിക്കുന്ന സാധ്യതകള്‍ ഇവര്‍ ഉപയോഗിക്കും. കിയോസ്‌ക്‌ എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാനായി ടച്ച്‌സ്‌ക്രീന്‍ രീതിയില്‍ വിവരദൃശ്യം സാധ്യമാക്കുന്ന ഇന്റര്‍ഫേസ്‌. നിലവിലെ കണക്കനുസരിച്ച്‌ പല മേഖലകളിലും വിവരവിനിമയത്തിനായി ടച്ച്‌ സ്‌ക്രീന്‍ കിയോസ്‌കുകള്‍ ഉടന്‍ വ്യാപകമാകും. അതായത്‌ വെബ്‌ ഡിസൈന്‍ പഠിക്കേണ്ടത്‌ കംപ്യൂട്ടറിനെ മാത്രം ലക്ഷ്യമാക്കി ആകരുത്‌. മൊബൈല്‍, കിയോസ്‌ക്‌, എംബഡഡ്‌ സിസ്‌റ്റം എന്നിവയെക്കൂടി ഉന്നംവെച്ചാകണം.

എന്താകും ജോലി?
കഴിവിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ വെബ്‌ പ്രോഗ്രാമര്‍, വെബ്‌ അനലിസ്‌റ്റ്‌, വെബ്‌ മാസ്‌റ്റര്‍, സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍, ടീം ലീഡര്‍ എന്നീ ജോലികള്‍ ഓരോരുത്തരെയും കാത്തിരിക്കുന്നു. ചില വലിയ സ്ഥാപനങ്ങള്‍ പ്രോഗ്രാമര്‍മാരെ സഹായിക്കാനായി അവരുടെ ആശയത്തിനനുസൃതമായി ഇമേജുകള്‍ എഡിറ്റ്‌ ചെയ്യുന്ന ഡിസൈനര്‍മാരെയും വെബ്‌ ടീമില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്‌. ആനിമേഷനുകള്‍ തയ്യറാക്കുന്ന വിദഗ്‌ധരേയും ഇപ്പോള്‍ ഇത്തരത്തില്‍ വല നെയ്യുന്ന (!) ടീമില്‍ പങ്കാളികളാക്കുന്നുണ്ട്‌. എന്നാല്‍ സെര്‍ച്ച്‌ എഞ്ചിന്‍ ഓപ്‌ടിമൈസര്‍ (SEO) ജോലിക്ക്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗില്‍ വെബ്‌സൈറ്റ്‌ ദൃശ്യമാക്കാനുള്ള സത്വര നടപടിയെടുക്കാനുള്ള ഉത്തരവാദിത്ത്വമാണുള്ളത്‌. വെബ്‌ മാര്‍ക്കറ്റിംഗിനെ ലക്ഷ്യം വെച്ച്‌ ഉദ്ദേശിക്കുന്ന യൂസറിലേക്കെത്തിക്കാനും, യൂസര്‍ ഉദ്ദേശിക്കുന്ന സൈറ്റിലേക്കെത്തുന്നതും ഇവരുടെ മിടുക്കാണ്‌.

സ്വയംതൊഴില്‍ ആയി വെബ്‌ ഡിസൈന്‍ ചെയ്യുന്നവര്‍ക്ക്‌ മൈക്രോസോഫ്‌റ്റ്‌ ഫ്രന്റ്‌പേജ്‌, ഡ്രുപാല്‍ ,ഡ്രീംവീവര്‍ തുടങ്ങിയവ ആദ്യകാലത്ത്‌ പ്രയോജനപ്പെടും. ഡ്രുപാല്‍ (Drupal)ഒരു മികച്ച കണ്ടന്റ്‌ മാനേജ്‌മെന്റ്‌ ആപ്ലിക്കേഷനാണ്‌. പ്രോഗ്രാമിംഗിന്റെ ഉള്‍വഴികള്‍ വശമാക്കാതെത്തന്നെ സാമാന്യം ഭംഗിയുള്ള വെബ്‌സൈറ്റുകള്‍ ഇത്തരം പാക്കേജുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാം.

ഭംഗി മാത്രമല്ല ഉപയോഗലാളിത്യവും പ്രവര്‍ത്തനമികവും വെബ്‌ ഡിസൈനിംഗിന്റെ മാറ്റുകൂട്ടും. ഒപ്പം ഏത്‌ വിഭാഗത്തിനാണ്‌ ഇത്‌ രൂപകല്‌പന ചെയ്യുന്നത്‌ എന്നുകൂടി കണക്കുകൂട്ടി രൂപകല്‌പന തുടങ്ങുന്നത്‌ ഒരു നല്ല വല നെയ്‌തെടുക്കാനും അതില്‍ നിന്ന്‌ മികച്ചൊരു കരിയറിന്റെ ഊടും പാവും ഇടാനും സാധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

*******

Wednesday, September 24, 2008

സൈബര്‍ നിയമം പഠിക്കാം

കംപ്യൂട്ടര്‍ മുഖേനയുള്ള വിനിമയത്തിന്‌ ഇന്ന്‌ ബഹുമുഖ പ്രയോഗങ്ങളാണല്ലോ ഉള്ളത്‌. ഇ-മെയില്‍, ചാറ്റിംഗ്‌ തുടങ്ങിയ ആശയ സംവേദന ഇടപാടുകള്‍ മുതല്‍ ബാങ്ക്‌ അക്കൗണ്ട്‌ വരെ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടന്നു വരുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടുകൂടി ലോകം ചുരുങ്ങി ഒരു ആഗോളഗ്രാമമായെന്നും രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ പതുക്കെ ഇല്ലാതാകുന്നുവെന്നതും ഇന്നിന്റെ യാഥാര്‍ത്ഥ്യവുമാണ്‌. യാഥാര്‍ത്ഥ ലോകത്ത്‌ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ സുശക്തമായ നിയമപരിരക്ഷയുണ്ട്‌. പേപ്പറില്‍ ഉള്ള (മുദ്രപത്രം) കരാറിന്‌ നിയമ സാധുതയും ഒപ്പം അംഗീകാരവും പൊതുസമൂഹത്തില്‍ ലഭിച്ചു പോരുന്നു. എന്നാല്‍ ഇന്ന്‌ കരാറുകള്‍ മാത്രമല്ല ഗൗരവതരമായ ഒട്ടേറെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ ഡിജിറ്റല്‍ ലോകം സാക്ഷ്യം വഹിക്കുന്നു.

ഇന്റര്‍നെറ്റില്‍ വ്യക്തികളും സ്ഥാപനങ്ങളും രാജ്യങ്ങളുമല്ല കരാറുകളിലും പണകൈമാറ്റങ്ങളിലും ഏര്‍പ്പെടുന്നത്‌ മറിച്ച്‌ അവരുടെ ഡിജിറ്റല്‍ പ്രതിരൂപങ്ങളാണ്‌. സ്വാഭാവികമായും ഇത്തരം കൈമാറ്റങ്ങളില്‍ തര്‍ക്കമുണ്ടാകാം, അന്തിമതീര്‍പ്പിനായി കോടതികളിലും അവിടെ നിന്നും മേല്‍കോടതികളിലും ട്രെബ്യൂണലുകളിലും എത്തിയേക്കാം. ഇവിടെയാണ്‌ പുതിയൊരു നിയമത്തിന്റെ ആവശ്യം. സാധാരണ കരാറില്‍ ഒരു മുദ്രപത്രം അല്ലെങ്കില്‍ ഒരു ചെക്ക്‌/ ഡ്രാഫ്‌റ്റ്‌ എന്നിവ കാണാവുന്ന തെളിവായി ഹാജരാക്കാം. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത്‌ ക്ഷണ നേരത്തില്‍ മിന്നി മറയുന്ന കംപ്യൂട്ടര്‍ സ്‌ക്രീനിലെ I Accept ബട്ടനുകളാണല്ലോ ഉടമ്പടി ഒപ്പുകള്‍. ഈ പ്രതീതിയാഥാര്‍ത്ഥ്യത്തെ (virtual reality) എങ്ങനെ നിയമത്തിന്റെ നാലതിരുകള്‍ക്കുള്ളിലെത്തിക്കും. ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും നടക്കുന്ന കുറ്റകൃത്യങ്ങളാണെങ്കില്‍ മറുവശത്ത്‌ നിയമസംവിധാനങ്ങള്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനധികൃത സോഫ്‌ട്‌വെയര്‍, വ്യാജ സി.ഡി പകര്‍ത്തല്‍, പകര്‍പ്പവകാശ ലംഘനം, ബാങ്ക്‌ അക്കൗണ്ട്‌ പാസ്‌വേഡ്‌ മോഷണം, എ.ടി.എം ദുരുപയോഗം എന്നിങ്ങനെ... അശ്ലീലചിത്രം, വീഡിയോ, നമ്മള്‍ അറിയാതെ പകര്‍ത്തുന്ന ചിത്രങ്ങളുടെ വിതരണം എന്നിവയില്‍ വരെ എത്തി നില്‍ക്കുന്നു ഡിജിറ്റല്‍ തട്ടിപ്പുകള്‍. 2004 ല്‍ പുറത്തുവന്ന ഇന്റര്‍നെറ്റ്‌ ഫില്‍ട്ടര്‍ റിവ്യൂപ്രകാരം അശ്ലീല വെബ്‌ പേജുകള്‍ 4.2 ദശലക്ഷം ഉണ്ടായിരുന്നു. അശ്ലീലവിപണിയുടെ വലിപ്പം 57 ശതകോടി ഡോളറും, നീല സി.ഡി റോം വിപണി 100 കോടി ഡോളറും വരും. ഇത്‌ നാലുവര്‍ഷം മുന്‍പത്തെ കണക്കാണ്‌ ഇന്നത്തെ സംഖ്യ ഭീതിജനകമായിരിക്കും.

ഇവിടെയാണ്‌ ടെക്‌നോളജിയും നിയമപഠനവും സമ്മേളിക്കുന്ന സൈബര്‍ നിയമം എന്ന അന്തര്‍വൈജ്ഞാനിക കോഴ്‌സിന്റെ ഭാവി സാധ്യതകള്‍ പ്രസക്തമാകുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനിടെ സൈബര്‍ മേഖലയില്‍ ഒട്ടനവധി നിയമവിദഗ്‌ദരെ ആവശ്യമായി വരും. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്ക്‌ താരതമ്യേന സങ്കീര്‍ണമായ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ കടന്നു വരുന്ന ഈ മേഖലയുടെ കുരുക്കഴിക്കാന്‍ ബുദ്ധിമുട്ട്‌ നേരിട്ടേക്കാം. അതുകൊണ്ടാണ്‌ കംപ്യൂട്ടര്‍ തത്‌പരമായ നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചിയുള്ളവര്‍ക്കും തിളങ്ങാനാകുന്ന രംഗമാണ്‌ സൈബര്‍ നിയമം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം കേരളത്തില്‍ നിന്നു തന്നെ ഒര്‍ക്കുട്ടിലെ വ്യാജ പ്രൊൈഫലുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇന്റര്‍നെറ്റ്‌ ലോട്ടറി തട്ടിപ്പും എത്രയോ പ്രാവശ്യം പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ രൂപത്തില്‍ എത്തി. പുറത്തു പറയാത്ത കേസുകള്‍ ഇതിന്റെ പലമടങ്ങാകും. സൈബര്‍ നിയമത്തില്‍ സെപ്‌ഷ്യലൈസ്‌ ചെയ്‌ത അഭിഭാഷകന്‌ കൈ നിറയെ കേസ്‌ കിട്ടാന്‍ നിലവില്‍ പ്രയാസങ്ങളൊന്നുമില്ല. മാത്രമല്ല യുവ അഭിഭാഷകര്‍ക്ക്‌ ഏറെ അവസരങ്ങളാണുള്ളത്‌, കാരണം നിയമവൃത്തിയില്‍ പരിചയസമ്പത്ത്‌ അത്യാവശ്യഘടകമാണ്‌. സൈബര്‍ നിയമം പുതിയ ഗണമായതിനാല്‍ തലമുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ചിലപ്പോള്‍ ഇതില്‍ വൈദഗ്‌ദ്യം നേടുന്ന യുവ അഭിഭാഷകന്റെയത്ര പ്രാവീണ്യം ഉണ്ടാവാനിടയില്ലെന്ന്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്ക്‌ ലഭിക്കുന്ന കേസുകള്‍ ഇക്കാര്യത്തിലെങ്കിലും താരതമ്യേന ജൂനിയറായ വക്കിലുമാരിലേക്ക്‌ എത്താനുള്ള സാധ്യതയും ഉണ്ട്‌.

2000 ഒക്‌ടോബര്‍ 17 ന്‌ ഇന്ത്യയില്‍ ഐ.ടി ആക്‌ട്‌ 2000 നിലവില്‍ വരുമ്പോള്‍ ഇത്തരത്തിലെ ഒരു നിയമം പാസാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്‌ എന്ന ഖ്യാതിയും ഭാരതത്തിന്‌ കൈവന്നു. ബ്രിട്ടനില്‍ ട്രാന്‍സാക്ഷന്‍സ്‌ ആക്‌ട്‌ 1990 ല്‍ നിലവില്‍ വന്നിരുന്നു. സാധാരണ നിയമത്തിന്റെ ഭൂമിശാസ്‌ത്രപരമായ അധികാര പരിധി അതാത്‌ രാഷ്‌ട്രത്തിന്റെ അതിര്‍ത്തിയിലൊതുങ്ങും അപൂര്‍വ്വം ചില കേസുകളില്‍ കുറ്റവാളികളെ പിടിക്കാനായി അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം തേടിയാലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ഒക്കെ നിയമപ്രതിബന്ധങ്ങളുണ്ടാക്കും. എന്നാല്‍ സൈബര്‍ നിയമത്തില്‍ അത്‌ ഏതു രാജ്യത്തിന്റെതായാലും അധികാര പരിധി ഏല്ലാ രാജ്യങ്ങളിലും എത്തും. നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ വഴി അതിക്രമിച്ചുകയറുന്നത്‌ ചിലപ്പോള്‍ ആഫ്രിക്കയിലെയോ ആസ്‌ട്രേലിയയിലെയോ ഒരു രാജ്യത്തെ ഒരു കംപ്യൂട്ടറിന്റെ മുന്നിലിരുന്നാകാം. (ഫിഷിംഗ്‌ വെബ്‌സൈറ്റ്‌ - ബാങ്കിന്റെതിന്‌ സമാനമായ വെബ്‌സൈറ്റ്‌ ഉണ്ടാക്കിയശേഷം അക്കൗണ്ട്‌ നമ്പരും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്ന തരം വെബ്‌ പേജുകളാണ്‌ ഫിഷിംഗ്‌). കുറ്റവാളിയുടെ/കുറ്റകൃത്യം ചെയ്‌ത സ്ഥലം ആഗോള ഗ്രാമത്തില്‍ എവിടെയുമാകാം!

എവിടെ പഠിക്കാം

നിലവില്‍ എല്‍എല്‍.ബി/എല്‍എല്‍.എം പോലെ യു.ജി.സി അംഗീകൃത പഠനപദ്ധതികള്‍ ഇല്ല എന്നു പറയാം. പക്ഷെ ഒട്ടേറെ സ്ഥാപനങ്ങള്‍ ബിരുദാനന്തരബിരുദ ഡിപ്ലോമകള്‍ നല്‍കുന്നുണ്ട്‌. അംഗീകൃത പഠനപദ്ധതികളില്‍ എടുത്തുപറയാവുന്നത്‌ അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നല്‍കുന്ന മാസ്റ്റര്‍ ഓഫ്‌ സയര്‍സ്‌ ഇന്‍ സൈബര്‍ ലോ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (MSCLIS). ഐ.ഐ.ഐ.ടി അലഹബാദിന്റെ വെബ്‌ അഡ്രസ്‌ http://iiita.ac.in.
ഹൈദരാബാദിലെ NALSAR ,ഡല്‍ഹി അമിറ്റി സ്‌കൂള്‍, ഹൈദരാബാദ്‌ സര്‍വകലാശാല, ഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ലാ ഇന്‍സ്റ്റിറ്റിയൂട്ട്‌, നാഗ്‌പൂര്‍ സര്‍വകലാശാലാ, ഏഷ്യന്‍ സ്‌കുള്‍ ഓഫ്‌ സൈബര്‍ ലാ ചെന്നൈ, ബോംബെ ലാ കോളെജ,്‌ ഇക്‌ഫായ്‌ എന്നിവ ഒരുവര്‍ഷ ബിരുദാനന്തരബിരുദ ഡിപ്‌ളോമ നല്‍കുന്നുണ്ട്‌. നിയമ ബിരുദാരികള്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്യും. ചിലസ്ഥാപനങ്ങള്‍ നിയമവിദ്യാര്‍ത്ഥികള്‍ക്ക്‌ ഒപ്പം പഠിക്കാവുന്ന തരത്തിലും കോഴ്‌സ്‌ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ഒരു വര്‍ഷ ഡിപ്‌ളോമയില്‍ മിക്കതും വിദൂര/ഓണ്‍ലൈന്‍ വിദ്യാഭ്യാസ ശൈലിയിലാണ്‌ സംഘടിപ്പിച്ചിട്ടുളളത്‌. താമസിയാതെ തന്നെ മിക്കവാറും എല്ലാ സര്‍വകലാശാലകളിലും സൈബര്‍ലാ പ്രത്യേക പ്രാധാന്യത്തോടെ പഠിപ്പിക്കുന്ന ബിരുദാനന്തരബിരുദം (M.L/LL.M)ഏര്‍പ്പെടുത്തിയേക്കാം. രാജ്യത്തെ വിഖ്യാത ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ഇഗ്നോ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇന്‍ സൈബര്‍ ലാ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്നുണ്ട്‌.


പഠനവിഷയങ്ങള്‍

ടെക്‌നോളജി,നിയമം എന്നിവയുടെ അടിസ്ഥാനപാഠങ്ങള്‍ക്കൊപ്പം, ഡിജിറ്റല്‍ ഉടമ്പടികള്‍, ബൗദ്‌ധിക സ്വത്തവകാശ നിയമം (IPR), ഇന്റര്‍നെറ്റിലെ അവകാശങ്ങള്‍ പെരുമാറ്റങ്ങള്‍, ഇ-ഗവണന്‍സ്‌, ഐടി ആക്‌ട്‌ 2000 ഉം സമാന നിയമങ്ങളും, ഹാക്കിംഗ്‌, പകര്‍പ്പവകാശനിയമം, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, ഇ കോമേഴ്‌സ്‌ എന്നിവയാണ്‌ മുഖ്യ പഠന വിഷയങ്ങള്‍. അശ്‌ളീല വീഡിയോ, മോര്‍ഫിംഗ്‌ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന സൈബര്‍ ഫോറന്‍സിക്‌ സയന്‍സും ചിലയിടങ്ങളില്‍ സവിശേഷ പ്രാധാന്യത്തോടെ അഭ്യസിപ്പിക്കുന്നുണ്ട്‌.

ആര്‍ക്കൊക്കെ പഠിക്കാം
നിയമ ബിരുദധാരികള്‍ക്കാണ്‌ ഈ കോഴ്‌സ്‌ ഏറെ ഇണങ്ങുന്നതെങ്കിലും എന്‍ജിനീയറിംഗ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ ബിരുദധാരികള്‍ക്കും ലീഗല്‍ അസിസ്റ്റന്റ്‌ എന്ന തസ്‌തികയില്‍ വന്‍കിട കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളിലും, ഈ മേഖലയില്‍ വേണ്ടത്ര പരിചയവും ജ്ഞാനവും ഇല്ലാത്ത മുതിര്‍ന്ന അഭിഭാഷകരെ സഹായിക്കാനായും ചേരാം. നിലവില്‍ മികച്ച പ്രതിഫലം ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌, നിയമ അധ്യാപകര്‍, ചാര്‍ട്ടേഡ്‌/ കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌, പോലീസ്‌ ഓഫീസര്‍, കമ്പനി എക്‌സിക്യൂട്ടീവ്‌, മാനേജ്‌മെന്റ്‌ വിദഗ്‌ദര്‍, ഐടി ബിസിനസ്‌ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്‌ പി.ജി ഡിപ്‌ളോമ പദ്ധതി ഏറെ ഉപകാരമാവുകയും നിലവിലെ തൊഴിലില്‍ തന്നെ കൂടുതല്‍ ശോഭിക്കാനുമാകും. താമസിയാതെ തന്നെ എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ ശേഷം എല്‍.എല്‍.ബി(സൈബര്‍ ലോ)ക്ക്‌ പോകുന്ന ഒരു പുതിയ രീതി ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. ഐ.ഐ.ടി ഖരക്‌പൂര്‍ ഇതുമായി ബന്ധപ്പെട്ട രീതി രൂപപ്പെടുത്തിയിരുന്നു.

സൈബര്‍ ലാ യുടെ മേഖല അനുദിനം വളരുകയാണ്‌. വാണിജ്യ മുദ്ര (ട്രേഡ്‌ മാര്‍ക്ക്‌), ലോഗോ, പേറ്റന്റ്‌, ബാങ്കിംഗ്‌, എന്നിവ ദിനം പ്രതി സൈബര്‍ലോകത്ത്‌ പുതിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും ഏറെ ശ്രദ്ധ പതിയേണ്ട പഠന പദ്ധതിയാണ്‌ സൈബര്‍നിയമം. ഇതോടൊപ്പം തന്നെ വൈറസ്‌, വേം, മാല്‍വെയര്‍ ആക്രമണങ്ങളും, അനധികൃതമായി നമ്മുടെ കംപ്യൂട്ടറിലോ ശൃംഖലയിലോ കടന്ന്‌ വിവര മോഷണം, വിവര മാറ്റം എന്നിവയും കൂടി വരുന്നുണ്ട്‌. പ്രതിരോധ കംപ്യൂട്ടര്‍ വ്യൂഹങ്ങളില്‍ വരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും വിലപിടിച്ചതും തന്ത്ര പ്രധാനവുമായ വിവരങ്ങള്‍ കൈക്കലാക്കുന്നതും അത്യന്തം ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്‌.

വരുംകാലങ്ങളില്‍ വിപുലമായ പ്രയോഗവും ഒട്ടേറെ ഭേദഗതികളും ഐ.ടി ആക്‌ടിനും അനുബന്ധ നിയമങ്ങള്‍ക്കും ഉണ്ടാവും. അതെ സൈബര്‍ നിയമത്തില്‍ ഇനിയും ഒട്ടേറെ ആക്‌ടുകളും റൂളുകളും വരും, സാധാരണ നിയമത്തിന്‌ ഒപ്പമോ അതിലധികമോ ഇത്‌ വളരാം, അതുകൊണ്ട്‌ തന്നെ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നവര്‍ക്ക്‌ ഈ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട്‌ മിടുക്കരാകാം.

Tuesday, September 23, 2008

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌

ഐ.ടി. വിപ്ലവത്തിന്‌ ശേഷം വിദ്യാഭ്യാസ-വ്യവസായ മേഖലകളെ കാത്തരിക്കുന്നത്‌ ബി.ടി(ബയോ ടെക്‌) വിപ്ലവമാണെന്ന്‌ സാങ്കേതിക വിദഗ്‌ദരും വിപണി നിരീക്ഷകരും ഒരു പോലെ അഭിപ്രായപ്പെടുന്നു. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ പഠന പദ്ധതികള്‍ നിലവിലുണ്ട്‌. എന്നാല്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ എന്ന നൂതന പഠനശാഖ വിവരവിനിമയ സാങ്കേതികവിദ്യയുടെയും ജീവശാസ്‌ത്ര വിഭാഗത്തിന്റെയും സമ്മിശ്രമായ പ്രയോഗമാണ്‌. ജനിതക എന്‍ജിനീയറിംഗ്‌, ഔഷധ നിര്‍മ്മാണം എന്നിവയ്‌ക്കാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അധിഷ്‌ഠിത ആപ്ലിക്കേഷനുകള്‍ നവചൈതന്യം പകരുന്നത്‌. കംപ്യൂട്ടര്‍ അഭിരുചിയുള്ള ജീവശാസ്‌ത്ര തത്‌പരര്‍ക്ക്‌ പഠിക്കാനും പ്രവര്‍ത്തിക്കാനും തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാനും സാധിക്കുമെന്നത്‌ ബയോഇന്‍ഫര്‍മാറ്റിക്‌സിനെ വേറിട്ട പഠന പദ്ധതിയാക്കുന്നു. കേരള സര്‍വകലാശാല ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രത്തിന്റെ ഹോണററി ഡയറക്‌ടര്‍ ഡോ: അച്യുത്‌ ശങ്കര്‍ എസ്‌. നായര്‍ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌ " ഇന്‍ഫര്‍മാറ്റിക്‌സും കമ്പ്യൂട്ടേഷണല്‍ ബയോളജിയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ പ്രാധാന്യം നേടുന്നുണ്ട്‌. ഇതിന്റെ ചിറകിലേറി അനുബന്ധ വ്യവസായങ്ങളും ത്വരിത ഗതിയില്‍ വളര്‍ച്ച നേടുന്നു. 1.82 ശതകോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിപണിമൂല്യമായി കണക്കാക്കിയത്‌".

എന്തൊക്കെയാണ്‌ പഠന വിഷയങ്ങള്‍

ജീവശാസ്‌ത്രമേഖലയില്‍ നിന്നും വരുന്നവര്‍ക്ക്‌ കംപ്യൂട്ടര്‍ സയന്‍സും, കംപ്യൂട്ടര്‍ സയന്‍സ്‌ മേഖലയില്‍നിന്നും വരുന്നവര്‍ക്ക്‌ അടിസ്ഥാന ജീവശാസ്‌ത്രവും ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ ഭാഗമായി പഠിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഉദാഹരണമായി കംപ്യൂട്ടര്‍ എന്‍ജിനീയറായ ഒരു വിദ്യാര്‍ത്ഥി എം.ടെക്‌, എം.എസ്‌സി ബിരുദാനന്തരബിരുദ പഠനത്തിനായി തിരഞ്ഞെടുത്താല്‍ ഇവര്‍ക്ക്‌ പത്താം ക്ലാസിന്‌ ശേഷം ജീവശാസ്‌ത്രത്തില്‍ അപ്‌ഡേറ്റ്‌ വിവരങ്ങള്‍ പഠനത്തിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ ജീവശാസ്‌ത്ര വിവരങ്ങള്‍ അരക്കിട്ട്‌ ഉറപ്പിക്കാനായി ഇക്കൂട്ടര്‍ ജീവശാസ്‌ത്രത്തില്‍ (ബയോളജി) ചില പേപ്പറുകള്‍ പഠിക്കേണ്ടത്‌ അനിവാര്യം. ജീവശാസ്‌ത്ര ബിരുദധാരി നേരേ തിരിച്ചും. Data structure & Algorithm, Genomics&Protenomics, Molecular Biology, Computer language & Algorithm, Gene Mapping & Sequencing എന്നിവയാണ്‌ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനശാഖയിലെ പ്രധാന പഠനവിഭവങ്ങള്‍. ഇതുകൂടാതെ മാത്‌ലാബ്‌ പോലെയുള്ള സോഫ്‌ട്‌ വെയര്‍ ടൂളിലും പഠന കാലയളവില്‍ പ്രാവിണ്യം നേടേണ്ടതുണ്ട്‌. ജീവശാസ്‌ത്രത്തില്‍ RNA, DNA, Protein Sequence എന്നിവയുമായി ബന്ധപ്പെട്ട്‌ വിവരപ്പെരുക്കമാണ്‌ ഒരു ഗവേഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഐ.ടിയുടെ പ്രയോഗം ഈ വിവരശേഖരത്തെ ക്രമപ്പെടുത്തുന്നു അഥവാ വിവരമെരുക്കം നടത്തി ഗവേഷണഫലം കുറ്റമറ്റ രീതിയിലും വേഗത്തിലും ശാസ്‌ത്ര സമൂഹത്തില്‍ എത്തിക്കുന്നു.
ജീവശാസ്‌ത്ര പഠനമേഖല ഗണിതവുമായി നേരിട്ട്‌ ബന്ധമില്ല എന്നതായിരുന്നു പൊതുവിശ്വാസം. മാത്രമല്ല ഗണിതത്തില്‍ അത്രയ്‌ക്ക്‌ താത്‌പര്യമില്ലാത്തവര്‍ ജീവശാസ്‌ത്രപഠനത്തിലേക്ക്‌ തിരിഞ്ഞതും ഈ കാരണത്താലായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌ ജീവലോകവും ഗണിതത്തിന്റെ വിഹാരമേഖലയാണെന്നാണ്‌. സ്ഥിതിവിവരശാസ്‌ത്രം(Statistics) ഉപയോഗിച്ച്‌ ജനിതക ഗവേഷണത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുന്നത്‌ തന്നെ ഉദാഹരണം.

എവിടെ പഠിക്കാം

ബിരുദം(B.Sc,B.Tech), ബിരുദാനന്തരബിരുദം(M.Sc,M.Tech), ഗവേഷണ ബിരുദം (M.Phil,Ph.D) എന്നിവയില്‍ ഇന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനത്തിന്‌ അവസരമൊരുക്കുന്നു. ബിരുദതലത്തില്‍ പ്രൊഫഷണല്‍ ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ നിലവിലില്ല. കേരളത്തിന്‌ പുറത്ത്‌ തമിഴ്‌നാട്‌ കാര്‍ഷിക സര്‍വ്വകലാശാല, അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജി, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി, 'ശാസ്‌ത്ര' സര്‍വ്വകലാശാല തഞ്ചാവൂര്‍ എന്നിവ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എന്‍ജിനീയറിംഗ്‌ ബിരുദം (B.Tech, B.E) നല്‍കുന്നുണ്ട്‌. നോര്‍ത്ത്‌ ഒറീസ സര്‍വ്വകലാശാലയില്‍ B.Sc (Hons) ലഭ്യമാണ്‌. ബിരുദപഠനത്തെ അപേക്ഷിച്ച്‌ ബിരുദാനന്തര ബിരുദത്തിന്‌ ഒട്ടേറെ വിശ്രുത സ്ഥാപനങ്ങള്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. കേരള സര്‍വകലാശാലയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കേന്ദ്രം M.Phil ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ കൂടാതെ M.Sc കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്‌. ഈ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ഇന്‍ഡസ്‌ട്രി ഇന്‍കുബേഷനില്‍ വിരിഞ്ഞ സൂര്യകിരണ്‍ (www.sooryakiran.com) എന്ന സ്ഥാപനം ഒരു ജോലി എന്നതിലുപരിയായി വിദ്യാര്‍ത്ഥികള്‍ക്കുതന്നെ തുടക്കം കുറിക്കാനാകുന്ന ഒരു വ്യവസായ സംരംഭത്തിന്റെ കഥകൂടിയാണ്‌. പൂനെ സര്‍വ്വകലാശാലയുടെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനകേന്ദ്രം ദേശീയ തലത്തില്‍ ശ്രദ്ധേയമായ സ്ഥാപനമാണ്‌. ഇവിടെ എം.ഫില്‍, പിഎച്ച്‌.ഡി എന്നീ ഗവേഷണ പഠന സൗകര്യങ്ങളും കൂടാതെ എം.എസ്‌സി പ്രോഗാമും നടത്തുന്നു. മദ്രാസ്‌, ഹൈദ്രാബാദ്‌, പോണ്ടിച്ചേരി, അണ്ണാമലൈ, ബനാറസ്‌ ഹിന്ദു എന്നീ സര്‍വ്വകലാശാലകളും ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദത്തിനുള്ള പഠന അവസരങ്ങള്‍ ഒരുക്കുന്നുണ്ട്‌. IIT,IISc അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിശ്രുത സ്ഥാപനങ്ങള്‍ക്കൊപ്പം ഡല്‍ഹി അരുണ ആസഫലി മാര്‍ഗിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്യൂണോളജി (www.nii.res.in/bioinfo.html) തുടങ്ങി ദേശീയ നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങളും ഡോക്‌ടറല്‍ പഠന സൗകര്യം നല്‍കുന്നു.

എവിടെയാകും ജോലി ലഭിക്കുക
നിലവില്‍ ഔഷധ നിര്‍മ്മാണവുമായിബന്ധപ്പെട്ട്‌ ഒട്ടേറെ അവസരങ്ങള്‍ ലഭ്യമാണ്‌. തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (http://rgcb.res.in) പോലുളള സ്ഥാപനങ്ങളുടെ R&D യില്‍ ഗവേഷകരാകാം. ജീന്‍ ഫൈന്റിംഗ്‌, ജിനോം അസംബ്ലി, പ്രോട്ടീന്‍ സീക്വന്‍സ്‌ അലൈന്‍മെന്റ്‌, പ്രോട്ടീന്‍ സ്‌ട്രക്‌ച്ചര്‍ അനാലിസിസ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മേഖലയിലും(Healthcare Sector) മെഡിക്കല്‍ ലാബുകളിലും ഒട്ടേറെ അവസരങ്ങളാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പ്രഫഷണലുകളെ കാത്തിരിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ്‌ പൂനെ സര്‍വ്വകലാശാലയുടെ അക്കാദമിക സഹകരണത്തോടെ BioInformatics National Certification- BINC എന്ന സര്‍ട്ടിഫിക്കേഷന്‍ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്‌.
വ്യത്യസ്ഥമായ ഈ മേഖല പഠനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ ഒന്നോര്‍ക്കുക, കേവലം ബിരുദത്തെക്കാള്‍ ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌, പോസ്റ്റ്‌ ഡോക്‌ടറല്‍ എന്നീ യോഗ്യതകള്‍ കൂടി കരസ്ഥമാക്കിയാലെ ഈ മേഖലയില്‍ തിളങ്ങാനാകൂ. ഈ ലക്ഷ്യവുമായി തുടങ്ങിയാല്‍ ശ്രദ്ധേയമായ കരിയര്‍ ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

Thursday, July 24, 2008

പൊതുതിരഞ്ഞെടുപ്പിന്റെ (ഒബാമ)ഇന്റര്‍നെറ്റ്‌ യുഗം

തിരഞ്ഞെടുപ്പ്‌ പ്രചാരണം വോട്ടര്‍മാരിലേക്ക്‌ എത്താനുള്ള സകലവഴിയും പതിനെട്ടടവും പ്രയോഗിക്കുമെന്നത്‌ നമ്മുടെ നാട്ടിലേയും പതിവ്‌ കാഴ്‌ചയാണല്ലോ. വിവരവിനിമയ സാങ്കേതിക വിദ്യയുടെ രണ്ടാംഘട്ട രൂപമെന്ന്‌ വിശേഷിപ്പിക്കുന്ന വെബ്‌2.0 എങ്ങനെയാണ്‌, വരുന്ന നവംബറില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വിധിനിര്‍ണായകമായ തിരഞ്ഞെടുപ്പിലെ ഒഴിവാക്കാനാകാത്ത ഘടകമായത്‌ എന്ന്‌ പരിശോധിക്കുന്നത്‌ ഐ.ടി.യും സമൂഹവുമായുള്ള ഇഴപിരിക്കാനാകാത്ത ബന്ധത്തെ സൂചിപ്പിക്കും. ഏത്‌ സാങ്കേതിക വിദ്യയും ഒരോ സമൂഹവും സ്വീകരിക്കുന്നത്‌ ഒരോ തരത്തിലായിരിക്കും. പക്ഷെ ഇവയുടെ ഉചിതമായ പ്രയോഗം വരുത്തുന്ന നേട്ടം സാങ്കേതികവിദ്യയുടെ പിന്നീടുള്ള ഭാവിതന്നെ നിര്‍ണയിക്കുന്ന രീതിയിലാകും മുന്നേറുന്നത്‌. ഇന്റര്‍നെറ്റ്‌ സാന്ദ്രത കൂടിയ അമേരിക്കയെയും താരതമ്യേന കുറഞ്ഞതും എന്നാല്‍ കൂടിയ വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന ഇന്ത്യയേയും ഈ ഘട്ടത്തില്‍ രണ്ടു രീതിയില്‍ വീക്ഷിക്കാമെങ്കിലും ഇന്ത്യയിലും ഇനിയുള്ള വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളിലെ ശക്തിയേറി വരുന്ന ഒരു പ്രചരണഘടകമായി ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത സേവനങ്ങള്‍ മാറുമെന്നതില്‍ സംശയമില്ല, എന്നാകും ഇത്‌ നിര്‍ണായകമായ ഘടകമാകുമെന്ന കാര്യത്തിലെ തര്‍ക്കിക്കേണ്ടതുള്ളൂ.

അല്‍പം ചരിത്രം

സങ്കേതിക വിദ്യ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ്‌ പ്രക്രീയയിലേക്ക്‌ കടന്നുവരികയും പിന്നീടിങ്ങോട്ട്‌ ഇഴപിരിക്കാനാകാത്ത ബന്ധം സൃഷ്‌ടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. 1960 ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റിനെ തിരഞ്ഞെടുത്ത പ്രക്രീയ പലതരത്തിലും പഠനാര്‍ഹമാണ്‌. വളരെ കുറഞ്ഞ ഭൂരിപക്ഷം, സാങ്കേതികവിദ്യയുടെ പ്രയോഗം എന്നീ തലങ്ങളില്‍ അന്ന്‌ ജോണ്‍ എഫ്‌ കെന്നഡി (ഡെമോക്രാറ്റ്‌ പാര്‍ട്ടി)യും റിച്ചാര്‍ഡ്‌ നിക്‌സണുമായി (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ്‌ ശ്രദ്ധനേടിയിരുന്നു. അതുവരെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ റേഡിയോ വഴിയായിരുന്നു നടന്നിരുന്നത്‌. ആദ്യമായി ടെലിവിഷന്‍ കടന്നു വന്നതും പ്രബല സാന്നിദ്ധ്യമായി പിന്നീടിങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ മാറിയതും 1960 ഇഫക്‌ട്‌ ആയി കണക്കാക്കുന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ എഫ്‌ കെന്നഡിക്ക്‌ 49.7 ശതമാനം വോട്ടും മുഖ്യ എതിരാളി റിച്ചാര്‍ഡ്‌ നിക്‌സണ്‍ 49.5 ശതമാനം വോട്ടും നേടി. ഹാരി എഫ്‌ ബേഡ്‌ എന്ന മറ്റോരു സ്ഥാനാര്‍ത്ഥികൂടി ഉണ്ടായിരുന്നെങ്കിലും അവഗണിക്കാവുന്ന സാന്നിദ്ധ്യമായിരുന്നു പ്രചാരണത്തിലും വോട്ടിലും രേഖപ്പെടുത്തിയത്‌. വളരെ കുറഞ്ഞ മാര്‍ജിനിലൂടെ ജോണ്‍ എഫ്‌ കെന്നഡി വിജയിച്ചത്‌ ടെലിവിഷന്റെ മാത്രം സഹായത്തിലായിരുന്നുവെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തി.

നാടാടെ ടെലിവിഷനില്‍ നടത്തിയ ഡിബേറ്റ്‌ നാല്‌ ഘട്ടങ്ങളിലായി ആയിരുന്നു സംഘടിപ്പിച്ചത്‌. കൂട്ടത്തില്‍ ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഗുണനിലവാരമുള്ള ഡിബേറ്റുകളാണ്‌ നടക്കുന്നത്‌. നയപരമായ എല്ലാ കാര്യങ്ങളിലും ഒരോ സ്ഥാനാര്‍ത്ഥിയും എതിര്‍ സ്ഥാനാര്‍ത്ഥിയുടെയും ജനങ്ങളുടെയും ചോദ്യത്തിനും മറുപടി പറയും. നല്ലോരു പങ്ക്‌ വോട്ടര്‍മാര്‍ ആര്‍ക്ക്‌ വോട്ടിടണം എന്ന്‌ തീരുമാനിക്കുന്നതുപോലും ഈ ഡിബേറ്റിനെ സസൂക്ഷ്‌മം വിലയിരുത്തിയിട്ടാണ്‌. അമേരിക്കയിലെ ആദ്യ ടി.വി. ഡിബേറ്റിന്റെ കൗതുകത്തിലേക്കും അതുണ്ടാക്കിയ മാറ്റത്തിലേക്കും തിരിച്ചു വരാം. ആദ്യമായി ടെലിവിഷന്‍ ഡിബേറ്റ്‌ എത്തുന്നതിനാല്‍ പങ്കെടുക്കുന്നവര്‍ക്കും കാഴ്‌ചക്കാര്‍ക്കും വ്യക്തമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. ആദ്യറൗണ്ട്‌ ടി.വി. ഡിബേറ്റില്‍ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ക്ഷീണിതനായി ആയിരുന്നു കാണപ്പെട്ടത്‌. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ തിരക്കും, രോഗാവസ്ഥയുടെ അലട്ടലും, എന്തിന്‌ ഇതിന്റെ ഭാഗമായുണ്ടായ ഭാരക്കുറവ്‌ പോലും ഇദ്ദേഹത്തിന്റെ ടെലിവിഷന്‍ പ്രകടനത്തിലെ ശരീരഭാഷയില്‍ നിന്ന്‌ വായിച്ചറിയാമായിരുന്നു. മാത്രമല്ല ടി.വി യിലെക്കെത്തുന്നതിന്‌ മുന്‍പ്‌ മേക്കപ്പ്‌ ഉപയോഗിക്കാന്‍ കൂട്ടാക്കിയതുമില്ല. എന്നാല്‍ മുഖ്യ എതിരാളി ജോണ്‍ എഫ്‌ കെന്നഡി വ്യക്തമായ മുന്നോരുക്കം നടത്തി ആത്മവിശ്വാസം തുളുമ്പുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടു. 80 ദശലക്ഷം പേര്‍ കാഴ്‌ചക്കാരെത്തിയ ആദ്യ ടി.വി ഡിബേറ്റിന്‌ ശേഷം നടത്തിയ അഭിപ്രായവോട്ടെടുപ്പിലും തിരഞ്ഞെടുപ്പ്‌ അവലോകനത്തിലും ചെറു മാര്‍ജിനിലുള്ള പിന്നോക്കത്തില്‍ നിന്ന്‌ തീരെ ചെറിയതാണെങ്കിലും ഒരു മുന്നേറ്റം കെന്നഡി നടത്തുന്നതായി കണ്ടു. സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ നിക്‌സണ്‍ മേക്കപ്പും വര്‍ധിത ആത്മവിശ്വാസവുമായി പിന്നീടുള്ള ടി.വി ഡിബേറ്റ്‌ റൗണ്ടുകളില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യത്തെ ഡിബേറ്റ്‌ കഴിഞ്ഞ്‌ ടെലിവിഷന്‍ പ്രേക്ഷകര്‍ കുറഞ്ഞതായിരുന്നു കാരണം. നാടാടെ നടന്ന ഇലക്‌ട്രോണിക്‌ മാധ്യമ (കാഴ്‌ചയിലൂടെയുള്ള) ഡിബേറ്റായതിനാല്‍ കൗതുകത്തിന്റെ പേരിലെത്തിയതായിരുന്നു പ്രേക്ഷകരിലധികവും. 20 ശതമാനം പ്രേക്ഷകരാണ്‌ ഒറ്റയടിക്ക്‌ കുറഞ്ഞത്‌. മാത്രമല്ല ആദ്യ ഡിബേറ്റില്‍ തന്നെ തങ്ങളുടെ വോട്ട്‌ ആര്‍ക്കാകണമെന്ന്‌ ഏറെ പേര്‍ തീരുമാനിക്കുകയും ചെയ്‌തു. ഏതായാലും ടെലിവിഷന്‍ എന്ന മാധ്യമം ഉചിതമായ സമയത്ത്‌ രക്ഷക്ക്‌ എത്തിയതും അതുണ്ടാക്കാന്‍ പോകുന്ന ഗുണപരമായ മാറ്റം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചതും അമേരിക്കന്‍ ഐക്യനാടുകളിലെ 35-മത്‌ പ്രസിഡന്റ്‌ പദവിയായിരുന്നു ജോണ്‍ എഫ്‌ കെന്നഡിക്ക്‌ നേടിക്കൊടുത്തത്‌.

പിന്നീടിങ്ങോട്ട്‌ ടെലിവിഷന്‍ ഡിബേറ്റ്‌ ശക്തി പ്രാപിക്കുകയും ലൈവ്‌ സംപ്രേക്ഷണത്തിന്റെയും ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ടെലിവിഷന്‍ മുഖ്യപ്രചാരണ ഉപാധികളിലൊന്നായി തീരുകയും, ഇതിന്‌ വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ വ്യക്തമായ ആസൂത്രണം നടത്തി വരികയും ചെയ്‌യുന്നു. ഇവിടെ കേരളത്തില്‍ തിരുവനന്തപുരത്ത്‌ കുടപ്പനക്കുന്നില്‍ ദൂരദര്‍ശന്‍ പ്രാദേശിക കേന്ദ്രം വന്നപ്പോഴും പിന്നീടിങ്ങോട്ട്‌ തൊണ്ണൂറുകള്‍ക്ക്‌ ശേഷം സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ മത്സരം തുടങ്ങിയതിന്‌ ശേഷമോ അമേരിക്കയിലേതുപോലെ സുസംഘടിതമായ ഒരു തിരഞ്ഞെടുപ്പ്‌ ചര്‍ച്ച നടക്കാത്തത്‌ ദൗര്‍ഭാഗ്യകരമാണ്‌. പലപ്പോഴും ടി.വി. ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരം മുട്ടുമ്പോള്‍ ചര്‍ച്ചയുടെ ഗതിമാറ്റാനാണ്‌ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്‌, ഒപ്പം താരപരിവേഷമുള്ള ന്യൂസ്‌ റീഡര്‍മാര്‍/അവതാരകര്‍ ഒട്ടേറെ സംസാരിക്കുകയും അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ഇവരുടെതായ രാഷ്‌ട്രീയത്തിനനുസരിച്ച്‌ ചര്‍ച്ച നീക്കുകയും ചെയ്യും. അമേരിക്കയില്‍ നിലവില്‍ സി.എന്‍.എന്‍. നടത്തുന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ എന്തുകൊണ്ടും മാതൃകയാക്കാവുന്ന ഒന്നാണ്‌.

വര്‍ത്തമാനകാലത്തിലേക്ക്‌
റേഡിയോ ഡിബേററിനെ അപ്രസക്തമാക്കി ടെലിവിഷന്‍ എത്തിയതും മുഖ്യ ഘടകമായതും 1960 ലെ അമേരിക്കന്‍ ഐക്യനാടുകളിലെ മുഖ്യ തിരഞ്ഞെടുനെ ചരിത്രമാക്കിയെങ്കില്‍ 2008 ലെ തിരഞ്ഞെടുപ്പ്‌ രംഗം ടെലിവിഷനും ബൈ പറയുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇന്റര്‍നെറ്റ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന സാധ്യതകളാണ്‌ ഇവിടെ പ്രതിപാദ്യവിഷയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോണ്‍ മക്‌ കെയിന്‍ നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റില്‍ പ്രകടമായ സ്വാധീനം കാണാനാകുക ഡെമോക്രാറ്റ്‌ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലാണ്‌ വിശേഷിച്ചും ബരാക്ക്‌ ഒബാമയുടെതില്‍. ഡമോക്രാറ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന തീരുമാനത്തിന്‌ വിധിതേടാന്‍ ആദ്യമെത്തിയത്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ക്ലിണ്‍ന്റെ ഭാര്യയും ന്യൂയോര്‍ക്കില്‍ നിന്നുള്ള സൈനറ്ററുമായ ഹിലാരി ക്ലിന്‍ണായിരുന്നു. രണ്ടാമതായാണ്‌ ബരാക്ക്‌ ഒബാമ എത്തിയത്‌. 1960 ലെ ജോണ്‍ എഫ്‌ കെന്നഡിയുടെ തിരഞ്ഞെടുക്കലും ഇതുമായി ഏറെ സാമ്യമുണ്ട,്‌ ഒരു പക്ഷെ ഇന്ന്‌ ചരിത്രം കുറിക്കാന്‍ പോകുന്നത്‌ ഇന്റര്‍നെറ്റിന്റെ പേരിലായിരിക്കുമെന്ന ഒറ്റ മാറ്റം മാത്രമേയുള്ളൂ.

2008 ജൂണ്‍ 7ന്‌ വാഷിംഗ്‌ടണിലെ നാഷണല്‍ ബില്‍ഡിംഗ്‌ മ്യൂസിയത്തില്‍ വച്ച്‌ ഹിലാരി ക്ലിന്റണ്‍ മത്സരത്തില്‍ നിന്ന്‌ പിന്മാറുന്നെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വിജയം ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രങ്ങളുടേതുകൂടിയായിരുന്നു. user interactive ആയ (പരസ്‌പരം വളരെയെളുപ്പം സംവദിക്കുന്ന) വെബ്‌ 2.0 ഒബാമ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിച്ചു എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഒരു പക്ഷെ ഭാവിയിലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനും ഉപകാരമാകും. വെബ്‌ 2.0 ല്‍ user അഥവാ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ആള്‍ തന്നെയാണ്‌ രാജാവ്‌. ഇത്‌ തിരിച്ചറിയാന്‍ ഒബാമക്ക്‌ കഴിഞ്ഞെന്ന്‌ മാത്രമല്ല ഈ നവമാധ്യമത്തിലൂടെ വോട്ടര്‍മാരുമായി അടുത്ത്‌ ഇടപഴകാനുള്ള ഒരവസരവും ഒബാമ പാഴാക്കിയില്ല. തന്റെ ഭരണകാലയളവില്‍ വികസന, വിദേശ, ഇറാഖ്‌, ആഭ്യന്തര-നയമെന്താണന്ന്‌ ഒബാമ പറയുന്നത്‌ വായനക്കാരുടെ ഇടപെടല്‍ കൂടി പരിഗണിച്ചാട്ടാണ്‌. ടെലിവിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വ്യത്യാസമുണ്ട്‌. റേഡിയോ, ടെലിവിഷന്‍ മുതലായ മാധ്യമരൂപങ്ങളില്‍ ഒരുവശത്തേക്ക്‌ മാത്രമേ ആശയവിനിമയം ശക്തിയായി നടക്കാറുള്ളൂ എന്നാല്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്നവരാണ്‌ ശക്തിയായ അഭിപ്രായ-ആശയവിനിമയം നടത്തുന്നത്‌. ടെലിവിഷനില്‍ നിന്നും നേരേ തിരിച്ചുള്ള ഘടന.

ബരാക്ക്‌ ഒബാമയുടെ വെബ്‌സൈറ്റ്‌ തന്നെ (www.barackobama.com) ഉദാഹരണം. വെറുമൊരു വെബ്‌സൈറ്റല്ല ഇത്‌. നിരന്തരം നവീകരിക്കുന്നതും ഒബാമയെ പിന്താങ്ങുന്നവരിലേക്ക്‌ എത്തുന്നതും ഒക്കെ പ്രത്യേകതയായി എടുത്ത കാണിക്കാമെങ്കിലും തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനുള്ള ധനസമാഹരണവുമായി ഇതിന്‌ വലിയ പ്രാധാന്യവും പ്രത്യേകതയും ഉണ്ട്‌. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളിലായി അമേരിക്കയില്‍ ഇന്റര്‍നെറ്റിന്‌ രാഷ്‌ട്രീയമായി ഏറെ ബന്ധമുണ്ട്‌. ഇന്റര്‍നെറ്റിന്റെ ഇന്നറിയുന്ന പ്രശസ്‌ത പേരുകളിലൊന്നായ 'വിവര രാജ പാത' (information super high way) എന്ന പേരിട്ടിതും പ്രചരിപ്പിച്ചതും അമേരിക്കന്‍ വൈസ്‌ പ്രസിഡന്റായിരുന്ന, (പിന്നീട്‌ നോബല്‍ സമ്മാനിതനും) അല്‍ഗോറായിരുന്നു എന്നത്‌ കേവലം യാദൃശ്ചികമല്ല മറിച്ച്‌ രാഷ്‌ട്രീയ നേതൃത്വം ഇന്റര്‍നെറ്റിനെ എത്രമേല്‍ അടുത്ത്‌ നിന്ന്‌ വീക്ഷിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണ്‌.പ്രൈമറി(പ്രാഥമികം)കളില്‍ ഹിലാരിക്ക്‌ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന മേല്‍കൈ ബരാക്ക്‌ ഒബാമ എങ്ങനെ കുറച്ചുകൊണ്ടുവെന്ന്‌ നോക്കാം. സുസജ്ജമായ ഒരു വെബ്‌സൈറ്റ്‌ തയ്യാറാക്കിയിരുന്നെങ്കിലും ഹിലാരി നേരിട്ട്‌ സക്രീയമായി ഇന്റര്‍നെറ്റിലൂടെ ഇടപെട്ടിരുന്നില്ല. മറിച്ച്‌ ബരാക്ക്‌ ഒബാമയോ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളോ ഓരോ വോട്ടറുടേയും സംശയത്തിന്‌, നിര്‍ദ്ദേശങ്ങള്‍ക്ക്‌ ചെവികൊടുത്തിരുന്നു - തല്‍ക്ഷണം മറുപടിയും . ഈ മറുപടി തുടര്‍ ചോദ്യങ്ങളിലേക്കും അത്‌ സജീവമായ ബന്ധമായി ഇന്റര്‍നെറ്റ്‌ ഒരുക്കുന്ന വ്യക്തിഗത വിനിമയത്തിലൂടെ വളരുകയും ചെയ്‌തു. അലക്‌സാ ഡോട്ട്‌ കോം എന്ന വെബ്‌ നിരീക്ഷകര്‍ ബരാക്ക്‌ ഒബാമയുടെയും ഹിലാരിയുടെയും വെബ്‌സൈറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ ഒരു താരതമ്യപഠനം നടത്തിയുരുന്നു. അതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്‌ ബരാക്കിന്റെ വിജയം ഡിജിറ്റല്‍ ഡെമോക്രസിയുടേതുകൂടിയാണ്‌. ഇന്ത്യന്‍ വംശജനും ഇപ്പോള്‍ അമേരിക്കന്‍ പൗരനുമായ ഒരു വോട്ടര്‍ ഹിലാരിയുടെ തന്ത്രത്തെ 'അനലോഗ്‌ ഡെമോക്രസി' എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്‌ മുന്‍പെയുള്ളതും ഇന്ന്‌ ഔട്ട്‌ഡേറ്റഡായ ഘട്ടമാണ്‌ അനലോഗ്‌ സര്‍ക്യൂട്ടുകളുടെ കാലം.

നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ ഉണ്ടാക്കുന്നതു പോലെ തട്ടിക്കൂട്ട്‌ വെബ്‌ സൈറ്റ്‌ ആയിരുന്നില്ല ബരാക്ക്‌ ഒബാമയുടേത്‌. ഇന്ത്യയില്‍ വെബ്‌ സൈറ്റ്‌ ഗംഭീര പത്രസമ്മേളനത്തില്‍ ഉദ്‌ഘാടനം നടത്തുകയും പിന്നെ തിരിഞ്ഞുനോക്കുകയുമില്ല (തറക്കല്ലുകള്‍ പോലെ അനാഥമായിക്കിടക്കും!). എന്തിന്‌ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വെബ്‌സൈറ്റുകള്‍ പോലും ഇന്ററാക്‌ടീവോ നിരന്തരം നവീകരിക്കുന്നതോ അല്ലന്ന്‌ അതിലെ സന്ദര്‍ശകരുടെ എണ്ണം അപഗ്രഥിച്ചാല്‍ മാത്രം മനസ്സിലാകും. പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടതു പോലും ബരാക്ക്‌ ഒസാമയുടെതു പോലെ ഒരു വെബ്‌സൈറ്റ്‌ തനിക്ക്‌ വേണമെന്നാണ്‌.

ധനസമാഹരണത്തിന്‌ വെബ്‌ സൈറ്റ്‌

തിരഞ്ഞെടുപ്പിലെ ധനസമാഹരണം അമേരിക്കയില്‍ ഏറെക്കുറെ സുതാര്യവും വ്യക്തമായ കണക്കുള്ളതുമാണ്‌. ഒബാമക്ക്‌ 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. മിക്കവാറും എല്ലാസ്ഥാനാര്‍ത്ഥികള്‍ക്കും ധനാഠ്യരും വന്‍കിടസ്ഥാപനങ്ങളുമാണ്‌ സംഭാവന നല്‍കുന്നത്‌, ഇതവിടെ പതിവുമാണ്‌. എന്നാല്‍ ഈ പതിവിന്‌ പോലും മാറ്റമുണ്ടാക്കാന്‍ ബരാക്ക്‌ ഒബാമയ്‌ക്കായി അതും വെബ്‌ സൈറ്റ്‌ ഉപയോഗിച്ച്‌ 10 ഡോളര്‍ 25 ഡോളര്‍ നിരക്കില്‍ ഇന്റര്‍നെറ്റിലൂടെയാണ്‌ ചെറുസംഖ്യകളായി ബരാക്ക്‌ പണം സംഘടിപ്പിച്ചത്‌. ഇത്‌ വളരെ വേഗത്തിലുള്ളതും, അതേസമയം പണച്ചിലവില്ലാത്തതുമായ ധനസമാഹരണ മാര്‍ഗവുമാണ്‌. 2004 ല്‍ ജോണ്‍കെറി ഇത്തരത്തില്‍ സമാഹതിച്ചതിന്റെ പന്ത്രണ്ട്‌ ഇരട്ടിയാണ്‌ ബരാക്ക്‌ ഒബാമയുടെ ടീം കണക്കുകൂട്ടുന്നത്‌, ഇതില്‍ നിന്നുമാത്രം ധനസമാഹരണത്തിന്‌ വെബ്‌ സൈറ്റിന്റെ സ്വാധീനം വ്യക്തമാകുമല്ലോ. ഇങ്ങനെ സമാഹരിച്ച തുകയില്‍ തൊണ്ണൂറ്‌ ശതമാനവും നൂറോ അതില്‍ കുറവോ ഡോളറുമാണ്‌. വെബ്‌ സൈറ്റിലൂടെ ചെറുപ്പക്കാരോട്‌ അവരുടെ തട്ടകമായ ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ SMS രൂപത്തിലൂടെയും ഇടപെടുകയും ഒരോ ദിവസത്തെയും തിരഞ്ഞെടുപ്പ്‌ പര്യടനത്തിന്റെ വിശദവിവരങ്ങള്‍ (സമയക്രമം, സ്ഥലം) ഇ-മെയില്‍, SMS വഴി അവരിലേക്കെത്തിക്കുന്നു. ഇത്‌ പര്യടനകാലത്ത്‌ ഒബാമയ്‌ക്ക്‌ അഭൂതപൂര്‍വ്വമായ ജനത്തിരക്കുണ്ടാക്കി.

ഒപ്പം സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌ സൈറ്റുകളുമായി പ്രത്യേക ബന്ധം തന്നെ ബരാക്ക്‌ ഒബാമ സ്ഥാപിച്ചിടുത്തു. ഇന്ത്യയിലും ബ്രസീലിലും ഗൂഗിളിന്റെ ഒര്‍ക്കൂട്ട്‌.കോം എന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ വെബ്‌ സൈറ്റ്‌ ഏറെ ജനപ്രീയമാണമെങ്കില്‍ അമേരിക്കയില്‍ ഫേസ്‌ബുക്ക്‌, മൈസ്‌പെയ്‌സ്‌ എന്നീ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളാണ്‌ ജനപ്രീതിയില്‍ മുന്നില്‍. (ആളുകളെ പരസ്‌പരം ബന്ധിപ്പിക്കുകയും പെട്ടെന്ന്‌ സന്ദേശങ്ങളും മറ്റ്‌ ഫയലുകളും കൈമാറാന്‍ സഹായിക്കുന്ന വെബ്‌സെറ്റുകളാണ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍. ഒരാളിന്റെ പേജില്‍ നിന്ന്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലേക്കും സുഹൃത്തുക്കളില്‍ നിന്ന്‌ അവരുടെ സുഹൃത്തുക്കളിലേക്കുമുള്ള യാത്ര എളുപ്പവും രസകരവുമാണ്‌. വെബ്‌ 2.0 യുടെ മുഖ്യ കേന്ദ്രങ്ങളിലൊന്നാണ്‌ ഇത്തരം സൈറ്റുകള്‍) ഫേസ്‌ബുക്കില്‍ മാത്രം 9,22,141 അനുയായികളോ ആരാധകരോ ഒബാമക്കുണ്ട്‌. ഹിലാരിക്കും(1,50,000), മക്‌ കെയിനും(1,17,000) ഇതുപോലെ ആരാധക-അനുയായികളും ഫേസ്‌ ബുക്കിലുണ്ട്‌, (ജൂണ്‍ 12, 2008 വരെ) പക്ഷെ എണ്ണത്തില്‍ പിന്നില്‍. ഒബാമയുടെ ഉപദേശകരില്‍ ഒരാള്‍ ഫേസ്‌ബുക്കിന്റെ സഹസ്ഥാപനായ Chris huges ആണെന്നത്‌ ഇന്റര്‍നെറ്റ്‌ ഡമോക്രസിയുടെ ഗൗരവമാണ്‌ സൂചിപ്പിക്കുന്നത്‌. ഹ്യൂവ്‌ലറ്റ്‌ പക്കാര്‍ഡിലെ എന്‍ജിനീയറും മലയാളിയുമായ നിഖില്‍ നാരായണന്‌ ഒബാമയുടെ ടീമിനൊപ്പം ഒബാമയും ഇമെയില്‍ ചെയ്യുന്നുണ്ട്‌. തിരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ ഇദ്ദേഹത്തെ തത്സമയം അറിയിക്കുകയും ചെയ്യുന്നു. താന്‍ വോട്ടറല്ല എന്ന്‌ നിഖില്‍ വ്യക്തമാക്കിയപ്പോഴും അത്‌ സാരമില്ല എന്നതാണ്‌ പ്രതികരണം. അതായത്‌ തദ്ദേശീയമായ വോട്ടര്‍മാരെ മാത്രമല്ല രാജ്യത്തിന്‌ പുറത്തുനിന്നുള്ളവരുടെ വിശ്വാസവും നേടാന്‍ ഒബാമക്കാകുന്നുണ്ട്‌. ഇത്‌ ഭരണത്തിലെത്തിയാല്‍ വ്യക്തമായ ലക്ഷ്യത്തോടെ നയങ്ങള്‍ രൂപപ്പെടുത്താനും ഉപയോഗിക്കും. ഒരോകാര്യത്തിലും (ഇറാഖ്‌ യുദ്ധം, വിദേശനയം, ആഭ്യന്തരസുരക്ഷ.....അടക്കമുള്ള) ഒബാമയുടെ നിലപാട്‌ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഹിലാരിക്ലിന്റണ്‍ പിന്തുണ നല്‍കിയതിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഒബാമ എഴുതിയ ഇമെയിലിന്‌ വന്‍ പ്രതികരണമാണ്‌ ലഭിച്ചത്‌. ഹിലാരിയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവരെയും അനുയായികളെയും മുഖ്യ തിരഞ്ഞെടുപ്പ്‌ കാംപെയ്‌ന്‌ ക്ഷണിക്കുകയും ചെയ്‌തു കൊണ്ടുള്ള ഒബാമയുടെ ഇമെയില്‍ സന്ദേശം ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരുന്നു ഇതിന്‌ മാത്രം 1160 അഭിപ്രായം വളരെ ചെറിയ സമയത്തിനുള്ളില്‍ ലഭിച്ചു.

ഇത്തവണ CNN, യൂടൂബ്‌ എന്ന വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റ്‌ മായി ചേര്‍ന്ന്‌ ഔദ്യോഗികമായാണ്‌ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ നടത്തിയത്‌. ഇതുകൂടാതെ ഏകദേശം ആയിരത്തോളം വീഡിയോ വിവിധ പ്രചരണ സ്ഥലങ്ങളില്‍ നിന്നായി ഡിജിറ്റല്‍ കാമറകളിലൂടെയും മൊബൈല്‍ ഫോണിലൂടെയും വീഡിയോ യൂടൂബിലേക്ക്‌ ഒഴുകിയെത്തി www.youtube.com/barackobama എന്ന ഇന്റര്‍നെറ്റ്‌ വിലാസത്തില്‍ ഇവയെല്ലാം കാണാം. Hilari Clinton endores barack obama എന്ന പേരിട്ട ഹിലാരി ക്ലിന്റണ്‍ ഔദ്യോഗികമായി ഒബാമയെ പിന്തുണക്കുന്ന സംഭവത്തിന്റെ വീഡിയോ യൂടൂബിലേക്കെത്തിച്ചതിന്റെ ആദ്യ 22 മണിക്കൂറിനിടെ 75,979 പേര്‍ കാഴ്‌ചക്കാരായെത്തി, ഇതു വരെ 3,41,952 പേരും.

ഏകദേശം 9,000 പേര്‍ ഒബാമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്ലോഗിംഗിലൂടെ പങ്കുവയ്‌ക്കുന്നുണ്ട്‌. ഫ്‌ളിക്കര്‍ (Flickr) എന്ന ഫോട്ടോഷെയറിംഗ്‌ സൈറ്റില്‍ (www.flickr.com/photos/barackobamadotcom) പതിനായിരത്തിലേറെ ചിത്രങ്ങളുണ്ട്‌. 2008 ജനുവരി മാസം മാത്രം 17 ലക്ഷം സന്ദര്‍ശകര്‍ ഒബാമയുടെ ഔദ്യോഗിക വെബ്‌സൈറ്റിനുണ്ടായി, ഇത്‌ തന്റെ തന്നെ വെബ്‌സൈറ്റിന്റെ ഡിസംബറിലെ കണക്കിനേക്കാള്‍ മൂന്നിരട്ടിയധികവും ഹിലാരിയുടേതിനേക്കാള്‍ രണ്ടിരട്ടി അധികവുമായിരുന്നു. 2,80,000 ലേറെ അനുയായികള്‍ ഒബാമ.കോമില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ 6,500 ലേറെ വോളണ്ടിയര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ജനങ്ങളുടെ ഇടയില്‍ സക്രീയമായി പ്രവര്‍ത്തിക്കുന്നു. പല സ്ഥലങ്ങളിലായി ചിതറി കിടക്കുന്ന ഒബാമയുടെ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ജോലിയും ഔദ്യോഗിക വെബ്‌സൈറ്റിനുണ്ട്‌. അതാണ്‌ നേരത്തേ സൂചിപ്പിച്ചത്‌, തിരഞ്ഞെടുപ്പ്‌ പോസ്റ്റര്‍ മാതിരിയുള്ള സാധനം അല്ല ഒബാമയെ സംബന്ധിച്ചിടത്തോളം വെബ്‌സൈറ്റ്‌. വിവരം എഴുതി പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒട്ടും പ്രാധാന്യം കല്‍പിക്കുന്നില്ല, മറിച്ച്‌ ധനസമാഹരണം, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളുമായുള്ള ബന്ധം, ഫോട്ടോ-വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, നയപരമായ കാര്യങ്ങളില്‍ വോട്ടര്‍മാരുടെ അഭിപ്രായം തേടുക, എന്തിനേറെ പിറ്റേ ദിവസത്തെ തിരഞ്ഞെടുപ്പ്‌ പ്രചരണ അജണ്ട നിശ്ചയിക്കുന്നതുപോലും വെബ്‌ ഇടങ്ങളിലൂടെ പങ്കുവച്ച ആശയങ്ങളെ അപഗ്രഥിച്ചു കൂടിയാണ്‌ എന്നറിയുമ്പോള്‍ ഹൈടെക്‌ പ്രചാരണത്തിന്റെ ഗൗരവം ബോധ്യമാകും.വെബ്‌ സൈറ്റിനൊപ്പമുള്ള ഇ-കോമേഴ്‌സ്‌ പോര്‍ട്ടലില്‍ ഒബാമയുടെ ചിത്രം പതിച്ച ടിഷര്‍ട്ട്‌, സ്റ്റിക്കര്‍, തൊപ്പി, ബട്ടനുകള്‍, പിന്‍, ഡി.വി.ഡി, മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ എന്നിവ വില്‌പനക്കും വച്ചിട്ടുണ്ട്‌.സര്‍ച്ച്‌ എന്‍ജിന്‍ മാര്‍ക്കറ്റിംഗിനും ഒബാമ ടീം ശ്രദ്ധയോടെ കൈവയ്‌ക്കുന്നു. ഗൂഗിള്‍ പോലെയുള്ള സര്‍ച്ച്‌ എന്‍ജിനില്‍ പണം കൊടുത്തത്‌ സ്‌പോണ്‍സേഡ്‌ലിങ്ക്‌ ആയി ഒബാമയുടെ സൈറ്റ്‌ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്‌. ഇന്റര്‍ നെറ്റില്‍ obama, barack obama എന്നീ വാക്കുകള്‍ ഉപയോഗിച്ച്‌ തിരയുമ്പോള്‍ സാധാരണ അന്വേഷണഫലത്തിനൊപ്പം സ്‌പോണ്‍സേഡ്‌ ലിങ്കിന്റെ കൂട്ടത്തിലും വിവര സൂചിക ദൃശ്യമാക്കാനാണ്‌ ഇത്തരത്തില്‍ പണം കൊടുക്കുന്നത്‌.

"Barack Obama is already using technology to transform presidential politics and to help unprecedented numbers of citizens take back the political process. Obama's Internet campaign is only the beginning of how Obama would harness the power of the Internet to transform government and politics"
http://www.barackobama.com/issues/technology/

നവംബറിലെ തിരഞ്ഞെടുപ്പ്‌ ഫലം ഒബാമയ്‌ക്കും ഇന്റര്‍നെറ്റ്‌ പ്രചരണത്തിനും നിര്‍ണായകമാണ്‌. ഇതിനോടകം തന്നെ ഹിലാരിയുടെ പിന്മാറ്റം ബരാക്ക്‌ ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രങ്ങളുടെ കൂടി വിജയമാണ്‌. ഇറാഖ്‌ കാര്യങ്ങളിലെ നിലപാടും, സാമൂഹിക സുരക്ഷാപദ്ധതികള്‍ ബുഷ്‌ഭരണകൂടം വെട്ടി ചുരുക്കിയതും തിരഞ്ഞെടുപ്പ്‌ വിജയത്തില്‍ മുഖ്യ പങ്കുവഹിക്കുന്നു, ഒപ്പം ഡിജിറ്റല്‍ ഇടപെടലുകളും. 1960 ലേതുപോലെ ഭൂരിപക്ഷം നേര്‍ത്തതാവുകയാണെങ്കില്‍ പ്രത്യേകിച്ചും.

*******

Saturday, June 07, 2008

ഫയര്‍ഫോക്‌സ്‌ ലോക റെക്കോഡിന്‌ ഒരുങ്ങുന്നു

Download Day 2008
ഇന്റര്‍നെറ്റ്‌ വെബ്‌പേജുകള്‍ കംപ്യൂട്ടറില്‍ ദൃശ്യമാകാന്‍ സഹായിക്കുന്ന സോഫ്‌റ്റ്‌വെയറുകളാണ്‌ ബ്രൗസറുകള്‍. ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍, ഹയര്‍ ഫോക്‌സ്‌ മോസില്ല എന്നിവയാണ്‌ ഏറെ പ്രശസ്‌തമായ ബ്രൗസിങ്‌ സോഫ്‌റ്റ്‌വെയര്‍. ആദ്യത്തേത്‌ ബഹുരാഷ്‌ട്ര കംപ്യൂട്ടര്‍ കുത്തകസ്ഥാപനമായ മൈക്രോസോഫ്‌റ്റ്‌ നിയന്ത്രണത്തിലുള്ളതാണെങ്കില്‍ മോസില്ല ഫയര്‍ഫോക്‌സ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്‍െറ വിജയോദാഹരണങ്ങളില്‍ ഒന്നാണ്‌. നിലവില്‍ ഫയര്‍ഫോക്‌സ്‌ മോസില്ല-2 എന്ന പതിപ്പാണ്‌ ജനം ഉപയോഗിക്കുന്നത്‌. അടുത്ത പതിപ്പിന്‍െറ വിതരണവുമായി ബന്‌ധപ്പെട്ട്‌ ഒരു ഗിന്നസ്‌ബുക്ക്‌ റെക്കോഡിന്‌ തയ്യാറെടുക്കുകയാണ്‌ മോസില്ലയുടെ അണിയറപ്രവര്‍ത്തകര്‍. 24 മണിക്കൂറിനിടയില്‍ ലോകത്ത്‌ ഇന്നേവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത സോഫ്‌റ്റ്‌വെയര്‍ എന്ന ഖ്യാതി നേടുകയാണ്‌ ഉദ്ദേശ്യം. 2008 ജൂണില്‍ ആണ്‌ ഈ ഡൗണ്‍ലോഡ്‌ ദിവസം. കൃത്യമായ ദിവസം പ്രഖ്യാപിക്കുകയും രജിസ്‌റ്റര്‍ചെയ്‌തവരെ ഇ-മെയില്‍വഴി അറിയിക്കുകയുംചെയ്യും. ഇതില്‍ പങ്കാളിയാവാന്‍ spread firefox pledge n download എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. നിലവില്‍ 18.41 ശതമാനം വിപണി പങ്കാളിത്തം സൗജന്യമായി ലഭ്യമാകുന്ന ഈ ബ്രൗസിങ്‌ സോഫ്‌റ്റ്‌വെയറിനുണ്ട്‌. തുടക്കകാലത്ത്‌ മൈക്രോസോഫ്‌റ്റ്‌ അധികൃതര്‍ മോസില്ലയുമായി ശീതസമരത്തിലായിരുന്നു. എന്നാല്‍ വിന്‍ഡോസ്‌ വിസ്‌തയുടെ രൂപകല്‍പ്പനവേളയില്‍ അതിലുള്‍പ്പെടുത്താന്‍ മോസില്ല അധികൃതരുടെ അനുവാദം ചോദിക്കുകയും, മോസില്ല അത്‌ നല്‍കുകയും ചെയ്‌തതുതന്നെ വര്‍ധിച്ച ജനപ്രീതിയുടെ ഉദാഹരണം. ഇതുവരെ spread firefox web site സന്ദര്‍ശിച്ച്‌ 6,09,287 പേര്‍ ഡൗണ്‍ലോഡ്‌ ചെയ്യാമെന്ന പ്രതിജ്‌ഞയെടുത്തുകഴിഞ്ഞു. ഫയര്‍ഫോക്‌സ്‌ 2ന്‌ 16 ലക്ഷം ഡൗണ്‍ലോഡാണ്‌ ഉണ്ടായത്‌. മൂന്നാംപതിപ്പിന്‌ ഏകദേശം 60 ലക്ഷം ഡൗണ്‍ലോഡ്‌ ലക്ഷ്യമിടുന്നത്‌ വെറുതെയാവില്ല.
നിങ്ങള്‍ക്ക്‌ എന്തുചെയ്യാനാകും: ഇത്തരം സ്വതന്ത്രസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടത്‌ നമ്മുടെകൂടി കടമയാണ്‌. ഈ വിവരം നമ്മുടെ സുഹൃത്തുക്കളുമായി പങ്കുവയ്‌ക്കാം. വെബ്‌സൈറ്റ്‌ വിലാസവും വിശദവിവരവും കാണിച്ച്‌ ഇ-മെയില്‍ അയക്കാം. ഇന്റര്‍നെറ്റ്‌ ഗ്രൂപ്പുകള്‍, ഓര്‍കൂട്ട്‌, ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ ഇടങ്ങള്‍ വഴി ഈ വിവരം പങ്കുവയ്‌ക്കാം. സ്‌പ്രെഡ്‌ഫയര്‍ ഫോക്‌സ്‌ കേരളത്തില്‍ നിങ്ങളുടെ വെബ്‌പേജ്‌, ബ്ലോഗ്‌ എന്നിവയില്‍ ഒട്ടിക്കാനുള്ള(!) ബട്ടണ്‍, ബാനര്‍ എന്നിവയുടെ സോഴ്‌സ്‌കോഡ്‌ ലഭ്യമാണ്‌. ഭംഗിയുള്ള പലതരം ബാനര്‍, ബട്ടണ്‍ - ഇവയൊന്നിന്‍െറ സോഴ്‌സ്‌ കോഡ്‌ പകര്‍ത്തിയെടുത്ത്‌ ബ്ലോഗിലേക്കെത്തിച്ചാല്‍ നിങ്ങള്‍ക്കും പ്രചാരണപരിപാടിയില്‍ പങ്കാളികളാകാം. ഡൗണ്‍ലോഡ്‌ ദിവസം അത്‌ ചെയ്‌തശേഷം ലോക റെക്കോഡില്‍ നിങ്ങളുംകൂടി പങ്കാളിയായ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഇത്‌ പ്രിന്റ്‌ചെയ്‌ത്‌ ഒട്ടിക്കാനുള്ള സൗകര്യവും സജ്‌ജീകരിച്ചിട്ടുണ്ട്‌. പുതിയ ഫയര്‍ഫോക്‌സില്‍ പതിനാലായിരത്തോളം പുതുമകള്‍ ഉണ്ട്‌. ഏറെ വേഗവും സുരക്ഷിതത്വവുമുള്ള ഇന്റര്‍നെറ്റ്‌ സഞ്ചാരവും ഉറപ്പുതരുന്നു.
Download Day 2008

Friday, May 23, 2008

വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയo

വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കാനും പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകള്‍ ഇന്ന്‌ ഏറെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വെബ്‌ സൈറ്റുകളില്‍ മുന്‍പന്തിയിലാണ്‌. ബ്ലോഗിംഗ്‌ അച്ചടി മാധ്യമത്തെ സ്വാധീനിക്കുന്നുവെങ്കില്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റുകള്‍ ഉന്നം വയ്‌ക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളെയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനപ്രകാരം ഇന്റര്‍നെറ്റിലെത്തുന്ന മുതിര്‍ന്ന പ്രായക്കാരില്‍ 48 ശതമാനം പേരും വീഡിയോ കാണാറുണ്ടെന്ന്‌ എടുത്തു പറയുന്നു. യുവാക്കളുടെ ഇടയില്‍ ഈ ശതമാനക്കണക്ക്‌ ഇതിലുമധികമാണ്‌. 2007 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്‌ക്ക്‌ 2054 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ വീഡിയോ അപ്‌ലോഡിംഗിന്റെ വര്‍ദ്ധിച്ച സ്വീകാര്യത വെളിവാക്കുന്ന പഠനം നടത്തിയത്‌. വീഡിയോ പങ്കിടലിന്റെ വെബ്‌സൈറ്റുകളില്‍ ഏറ്റവും പോപ്പുലറായ യൂടൂബില്‍ മാത്രം 2008 ജനുവരി മാസം 79 ദശലക്ഷം ഉപയോക്താക്കള്‍ 3 ബില്യണ്‍ വീഡിയോ കാണുകയുണ്ടായി. ഓരോ മിനിട്ടിലും ഏകദേശം പത്തുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യൂടുബിലേക്കെത്തുന്നു.

പ്രത്യേകിച്ച്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ്‌ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങള്‍ പടര്‍ന്നു പന്തലിച്ചത്‌. ഇതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണുള്ളത്‌. ഒന്നാമതായി ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ മേഖലയിലെ കടുത്ത മല്‍സരവും ഗവേഷണവികസന (R&D) മേഖലയിലെ ചടുലമായ മുന്നേറ്റവും ഉപകരണങ്ങളുടെ വലിപ്പം കുറയ്‌ക്കാനിടയാക്കി ഒപ്പം ക്യാമറയുടെ വിവരസംഭരണശേഷി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്‌തു. കാസറ്റ്‌-വി.സി.ആര്‍. കൂട്ടുകെട്ടിനെ തകര്‍ത്താണ്‌ സി.ഡി പ്ലയറുകളും ഡിജിറ്റല്‍ മൂവിക്യാമുകളും വിപണിയിലെത്തിയത്‌. ഇവയുടെ ഭാരമോ വളരെ കുറവും. എന്തിന്‌ പോക്കറ്റിലൊതുങ്ങുന്ന വീഡിയോ പ്ലയറുകളും മൊബൈല്‍ ഫോണിന്റെ സൗകര്യത്തിലൊളിഞ്ഞിരിക്കുന്ന ക്യാമറകളും വീഡിയോ ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയമാക്കി. രണ്ടാമതായി എടുത്തുപറയേണ്ടത്‌ പകര്‍ത്തിയ ഫയലിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ വരവോടെ ഇന്റര്‍നെറ്റിലൂടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ പോലും വളരെയെളുപ്പം കൈമാറ്റം ചെയ്യാമെന്നായിരിക്കുന്നു. ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌ എന്നീ വയര്‍ലെസ്‌ സങ്കേതങ്ങള്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണില്‍നിന്നും മറ്റൊരു മൊബൈല്‍ ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ ദൃശ്യശേഖരം പകര്‍ത്താം. മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌/എം.എം.എസ്‌ സൗകര്യം മുഖേന ചെറിയ ദൈര്‍ഘ്യം ഉള്ള ഫയലുകള്‍ ലോകത്തെവിടേയും അയയ്‌ക്കാം. ഇതെല്ലാം സമൂഹത്തെ ഗുണപരമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്‌.

അമേരിക്കയില്‍ ഇന്‍ര്‍നെറ്റില്‍ നിന്നും വായിക്കുന്നവരുടെ എണ്ണത്തെക്കാളും വീഡിയോ കാണുന്നവരുടെ എണ്ണമാണ്‌ കൂടുതല്‍. ഇവിടെ പ്രസക്തമാകുന്ന ചോദ്യം വായനയുടെ കുറവ്‌ ആണ്‌. നാഷണല്‍ എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ആര്‍ട്‌സ്‌ നടത്തിയ പഠനത്തില്‍ ഫലപ്രദമായ വായന നല്‍കുന്ന ആനന്ദത്തിനും ബുദ്ധിവികാസത്തിനും ഇത്തരം ഇല്‌ക്‌ട്രോണിക്‌ സംവിധാനങ്ങള്‍ ബദലാകില്ല എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വായിക്കണോ അതോ കാണണോ എന്ന ചോദ്യമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ സജ്ജീവമായ ചര്‍ച്ചയ്‌ക്ക്‌ വീധേയമാകേണ്ടത്‌. 18നും 24നും മദ്ധ്യേ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പങ്കാളികളായവരില്‍ പകുതിയിലേറെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ല എന്നു സമ്മതിച്ചു. വിവരം ഗ്രഹിക്കാനുള്ള ഉപാധിയായാണ്‌ വായനയെ കാണുന്നതെങ്കില്‍ വീഡിയോ ചിത്രങ്ങളിലൂടെയും അത്‌ തന്നെയല്ലേ നടക്കുന്നതെന്നും, ഒട്ടേറെ പേജുകളില്‍ പരത്തി പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്തത്‌ ഒന്നോ രണ്ടോ മിനിട്ട്‌ വീഡിയോയ്‌ക്ക്‌ നല്‍കാനാകുമെന്നതും മറുവാദം ആയി ഉയരുന്നു.

ഒരു സാഹിത്യകൃതിയുടെ വായനാനുഭവം ആസ്വാദകന്റെ മനസില്‍ ചില പ്രത്യേക ഇമേജുകള്‍ സൃഷ്‌ടിക്കുന്നു. എഴുത്തുകാരന്റെ ആഖ്യാനശൈലിയും വായനക്കാരന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുമായി ഇടചേര്‍ന്നതാണ്‌ മനസ്സില്‍ രൂപപ്പെടുന്ന വായനയുടെ തലവും അതുമായി ബന്ധപ്പെട്ട്‌ നെയ്‌തെടുക്കുന്ന ഇമേജുകളും. എന്നാല്‍ ഇതേ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരം സംവിധായകന്റെ നിയന്ത്രണത്തിലാണ്‌. ഇദ്ദേഹത്തിന്റെ സൗന്ദര്യ-ദൃശ്യാവിഷ്‌ക്കാരത്തിന്‌ ചുവടുപിടിച്ചാണ്‌ പ്രേക്ഷകന്റെ മനസ്സ്‌ ചലിക്കുന്നത്‌. ചെമ്മീന്‍ വായിച്ചതിനുശേഷം ചലച്ചിത്രം കണ്ടവരുടെയും, ചലച്ചിത്രം കണ്ടശേഷം കൃതി വായിച്ചവരുടേയും, ഇനി ഇതുവരെ ചലച്ചിത്രം കാണാത്ത വായനക്കാരുടേയും മനസ്സിലെ ഇമേജുകള്‍ പല തരത്തിലായിരിക്കുമല്ലോ? ഇത്രയും സൂചിപ്പിച്ചത്‌ അച്ചടിരൂപത്തിന്‌ (Text) വീഡിയോ ഉയര്‍ത്തുന്ന വെല്ലുവിളി സൂചിപ്പിക്കാനാണ്‌. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്ന ഒരു ബ്ലോഗില്‍ വന്ന കമന്റ്‌ ഇവിടെ പ്രസക്തമാണ്‌.
``ഇന്നാകട്ടെ ചിത്രകഥകളും നോവലുകളുമെല്ലാം സിനിമകളായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം കാഴ്‌ചകള്‍ക്ക്‌ നല്‍കുന്നത്‌ കാലഘട്ടത്തിന്റെ സ്വഭാവമാണെന്ന്‌ പറയാം. ജീവിതം അത്രമേല്‍ `വേഗാതുര' മായിരിക്കുന്നു. ഭാവനാ ദാരിദ്രമായിരിക്കും ഇതിന്റെ ഫലം'' - റോബി.
വേഗാതുരമായ ഒരു സമൂഹത്തില്‍ അക്ഷരങ്ങളോടുള്ള ചങ്ങാത്തം കുറയുകയും കാഴ്‌ചകളോടുള്ള പ്രണയം കൂടുകയും ചെയ്യും എന്നതിന്റെ തെളിവ്‌ ഒരോ മിനിട്ടിലും വീഡിയോ ഷെയറിംഗ്‌ ഇടങ്ങളിലേക്കെത്തുന്ന ദൃശ്യങ്ങളുടെ എണ്ണവും, അതിന്റെ ദൈര്‍ഘ്യവും തന്നെയാണ്‌. അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന്‌ പറയാം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ വസിക്കുന്ന ഇന്ത്യയിലും ചൈനയിലും ഇന്റര്‍നെറ്റ്‌ സാന്ദ്രത 15 ശതമാനത്തില്‍ താഴെയാണ്‌. എന്നാല്‍ ഇതൊരു കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുത്തിരിക്കുന്നവേളയില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വീഡിയോ പങ്കിടല്‍ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും. 2007 ഡിസംബറിലെ കണക്കുപ്രകാരം 210 ദശലക്ഷം ഇന്റര്‍നെറ്റ്‌ പൗരന്മാര്‍ (Netizen) ചൈനയിലുണ്ട്‌. അമേരിക്കയുടെ നെറ്റിസണ്‍മാരുടെ എണ്ണമാകട്ടെ 215 ദശലക്ഷം. ചൈനയുടെ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 53.3 ശതമാനവും. അതായത്‌ അടുത്ത വര്‍ഷത്തോടെ അമേരിക്ക രണ്ടാം സ്ഥാനത്തോ അല്ലെങ്കില്‍ ഇന്ത്യയ്‌ക്ക്‌ പിന്നിലായി മൂന്നാം സ്ഥാനത്തോ എത്തും. ഇന്ത്യയിലേയും ചൈനയിലേയും ടെലകോം രംഗമാണെങ്കില്‍ മുന്‍പെങ്ങുമില്ലാത്ത വളര്‍ച്ചാനിരക്കും രേഖപ്പെടുത്തുന്നുണ്ട്‌.

വിവരവിനിമയ സാങ്കേതിക മേഖലയിലെ നവ ഇടപെടലുകളെ വെബ്‌ 2.0 എന്നാണ്‌ വിവക്ഷിക്കുന്നത്‌. പുതിയ തലമുറ വെബ്‌ അധിഷ്‌ഠിതസേവനങ്ങളും ഇതുപയോഗിക്കുന്ന സമൂഹവും ചേര്‍ന്നതാണ്‌ വെബ്‌ 2.0. 2004-ല്‍ O Reilly Media നടത്തിയ സമ്മേളനത്തോടെയാണ്‌ വെബ്‌ 2.0 പ്രസിദ്ധിയാര്‍ജിച്ചത്‌. സാങ്കേതികപരമായ പുതിയ ഉപകരണങ്ങളെയല്ല രണ്ടാം തലമുറ വെബ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ മറിച്ച്‌, വെബ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവ രൂപകല്‌പന ചെയ്യുന്നവരും ഇത്‌ ഉപയോഗിക്കുന്ന അന്തിമ ഉപഭോക്താക്കളും (End User) എങ്ങനെ വെബിനെ നോക്കിക്കാണുന്നു എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അന്തിമ ഉപയോക്താക്കള്‍ക്ക്‌ പരമാവധി ഇടപെടാനും അവരുടെ സര്‍ഗവാസന (creativity), വിവരകൈമാറ്റം, സഹവര്‍ത്തിത്വം എന്നിവ ത്വരിതപ്പെടുത്തുന്നതാണ്‌ വെബ്‌ 2.0 ഘടന. പരസ്‌പരം സക്രീയമായി സഹകരിക്കുന്ന ഉപയോക്താവും വിവരശേഖര സംവിധാന സ്ഥാപനവും ഇക്കാലത്തെ അവിഭാജ്യഘടകമാണ്‌. വര്‍ദ്ധിച്ച അധികാരങ്ങള്‍ അന്തിമ ഉപഭോക്താവിന്‌ ലഭിക്കുന്നുണ്ട്‌. അവര്‍ അത്‌ ഫലപ്രദമായോ അല്ലാതെയോ ഉപയോഗിക്കുകയും ചെയ്യുന്നു. വെറും വിവരം വായിക്കുന്ന ഒരാളല്ല ഇന്ന്‌ ഇന്റര്‍നെറ്റിലെത്തുന്ന ഒരോ പൗരനും, മറിച്ച്‌ ബ്ലോഗിലൂടെ പുറംലോകത്തോട്‌ തനിക്കുപറയാനുള്ളത്‌ പറയുന്നവനും, ഫ്‌ളിക്കര്‍,പിക്കാസ എന്നീ ഫോട്ടോഷെയറിംഗ്‌ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ക്യാമറ വഴി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നവരും, യൂടൂബ്‌,ബ്ലിപ്‌.ടിവി എന്നിവയിലൂടെ വീഡിയോ ചിത്രങ്ങള്‍ കൈമാറുന്നവരും സമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇടപെടുകയാണ്‌. ഇതിനൊക്കെ കാരണമാകുന്നതോ മൊബൈല്‍ ഫോണും അതിലുള്‍പ്പെടുത്തിയിട്ടുള്ള ക്യാമറയും.

മൊബൈല്‍ ഫോണ്‍ ക്യാമറയെ ആദ്യകാലത്ത്‌ നമ്മുടേതുപോലുള്ള സമൂഹം ഒരു തരം സംശയദൃഷ്‌ടിയോടെയാണ്‌ വീക്ഷിച്ചത്‌. അല്‍പം അകലം വായ്‌ക്കുകയും ചെയ്‌തു. വ്യക്തികളുടെ പ്രത്യേകിച്ച്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറും എന്ന ആശങ്കയായിയിരുന്നു ആദ്യം നിലനിന്നത്‌. ഇതേ ആശങ്ക ചെറിയതോതില്‍ ഇന്നും സ്ഥായിയായി ഉണ്ടെങ്കിലും മറ്റുപയോഗങ്ങള്‍ സുതാര്യമായ ഒരു സമൂഹ നിര്‍മ്മിതിക്കായി ചെറുക്യാമറകളെ സജ്ജമാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള പൂര്‍ണമായ വിശ്വാസമാകണം ദൃശ്യത്തിന്റെ സ്വീകാര്യതയ്‌ക്ക്‌ പിന്നില്‍. ലൈവ്‌ ടെലികാസ്‌റ്റുകള്‍ക്ക്‌ ചാനല്‍ വാര്‍ത്താഘടനയില്‍ മുഖ്യസ്ഥാനം ലഭിക്കുന്നതും ഇതു കൊണ്ടാണല്ലോ? കരുണാനിധിയുടെ അറസ്റ്റ്‌, തെഹല്‍ക്ക ഒളിക്യാമറപ്രയോഗം എന്നിവയെല്ലാം ഈ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. തെഹല്‍ക്ക എപ്പിസോഡ്‌ അവതരിച്ച നാളുകളില്‍ ചെറുക്യാമറയുടെ (ഒളിക്യാമറ എന്നും പറയാം) സാങ്കേതികപരമായ വിവരങ്ങള്‍, അത്‌ എവിടെ വാങ്ങാന്‍ കിട്ടും, എത്ര വിലയാകും എങ്ങനെയൊക്കെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം എന്നിവയുടെ സചിത്ര വിശദീകരണങ്ങള്‍ പത്രതാളുകളില്‍ നിറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ അന്നത്തെ തെഹല്‍ക്ക ക്യാമറെയെക്കാളും ദൃശ്യവ്യക്തതയോടെ ചിത്രീകരണം നടത്താന്‍ നമ്മെ അനുവദിക്കുന്നു. പ്രസക്തമായ ചോദ്യം ഇത്‌ സമൂഹം, വ്യക്തി എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌.

ഇതിന്റെ ദുരുപയോഗത്തെപറ്റി സൂചിപ്പിച്ച്‌ കൊണ്ട്‌ തുടങ്ങാം!

ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടുകാരിയുമായുള്ള പ്രണയപ്രകടനം അതിരുകടന്നത്‌ മൊബൈല്‍ കാമറ ഉപയോഗിച്ച്‌ പകര്‍ത്തിയെന്ന്‌ മാത്രമല്ല അത്‌ എം.എം.എസ്‌ വഴി കൂട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുകയും അവരില്‍ നിന്ന്‌ പല കൈമാറ്റം നടന്ന്‌ അവസാനം ഒരു വിരുതന്‍ ബാസി.കോം. എന്ന ഇ കോമേഴ്‌സ്‌ പോര്‍ട്ടലില്‍ പ്രണയ പ്രകടനം സി.ഡി. രൂപത്തിലാക്കി വില്‌പനയ്‌ക്ക്‌ വയ്‌ക്കുകയും ചെയ്‌ത്‌ ഏറെ വാര്‍ത്താ കോലാഹലം സൃഷ്‌ടിച്ചിരുന്നല്ലോ. അന്ന്‌ യൂടൂബ്‌ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ ഒരു പക്ഷേ ഇത്‌ ആദ്യം എത്തുക യൂടൂബ്‌ വഴിയുള്ള പൊതു പ്രദര്‍ശനത്തിനായിരുന്നേനെ, എന്നാല്‍ സ്ഥിതി ഇതിലും വഷളായി തീരുകയും ചെയ്യുമായിരുന്നു. അക്കാലത്ത്‌ തന്നെ ഷാഹ്‌ദ്‌-കരീന കപൂര്‍ മാര്‍ ചുംബിക്കുന്ന രംഗം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മേല്‍ പറഞ്ഞ രീതിയില്‍ വിന്യസിക്കുകയും ചെയ്‌തു. ബോംബെയില്‍ നിന്നിറങ്ങിയ ഉച്ച പത്രങ്ങളില്‍ ഫോട്ടോ രൂപത്തില്‍ ഇത്‌ അച്ചടിച്ച്‌ വരികയും ചെയ്‌തു. ഇവിടെ ആദ്യസംഭവത്തില്‍ അറിവോടെ പകര്‍ത്തിയ വീഡിയോ രണ്ടാമത്തേത്‌ പ്രണയജോഡികളുടെ സ്വകാര്യതയിലേക്കുള്ള ക്യാമറ കടന്നുകയറ്റവും. ഇപ്പോഴും പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വികാര പ്രകടനം നടത്തുകയും ഈ രംഗം മൂന്നാമത്‌ ഒരാളെ ഉപയോഗിച്ച്‌ റെക്കോഡ്‌ ചെയ്‌ത ശേഷം പിന്നീട്‌ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ മറ്റോ ഉപയോഗിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഇവിടെ ചര്‍ച്ച മുന്നേറിയതില്‍ പ്രസ്‌തുത ചെയ്‌തികള്‍ വിഷയമായിരുന്നില്ല മറിച്ച്‌ അത്‌ പകര്‍ത്തിയ സാങ്കേതികത മാത്രമാണ്‌ കുറ്റാരോപണത്തിന്റെ മുന്നിലേക്ക്‌ എത്തുന്നത്‌. പകര്‍ത്തിയത്‌ തെറ്റാണ്‌ എങ്കില്‍ ചെയ്‌തതും ഇതുപോലെ വിമര്‍ശന വിധേയമാക്കേണ്ടതല്ലേ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വ്യാപകമായ ഇക്കാലത്ത്‌ പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ സദാനിരീക്ഷണ വലയത്തിലാണ്‌.

സിറ്റിസണ്‍ ജേണലിസവുമായി ബന്ധപെട്ട്‌ ഇതേ ക്യാമറാ-ഇന്റര്‍നെറ്റ്‌ കൂട്ടുകെട്ട്‌ ഒട്ടനവധി സാധ്യതകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സിനിമാ നടന്‍ മമ്മൂട്ടിയുമായി ബന്ധപെട്ട്‌ വന്ന വീഡിയോ അടുത്തകാലത്ത്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സിനിമയുടെ പ്രചരണവുമായി ബന്ധപെട്ട്‌ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മമ്മൂട്ടിയെ ഒരു ആരാധകന്‍ തൊടാന്‍ ശ്രമിക്കുന്നു.. `അതിരുകടന്ന' തൊടലില്‍ കുപിതനായ താരം ആരാധകനെ തല്ലുന്നു. ഈ സംഭവം ഏതോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും തല്‍ക്ഷണം ബ്ലോഗില്‍ എത്തിക്കുകയും ചെയ്‌തു. ബ്ലോഗില്‍ എത്തിയ ഉടനെ തന്നെ ഇത്‌ ചൂടന്‍ വിഭവമായി കമന്റുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഏറെ താമസിച്ചില്ല ഇതേ വീഡിയോ ഓര്‍കൂട്ട്‌, ഇ മെയില്‍ എന്നിവ വഴിയും വ്യാപിക്കാന്‍ തുടങ്ങി. അന്നുതന്നേയോ അതോ തൊട്ടടുത്ത ദിവസമോ ഒരു ഇംഗ്ലീഷ്‌ ദേശിയ ടി.വി ചാനലില്‍ മൊബൈലില്‍ പകര്‍ത്തിയ ഈ വീഡിയോ ചര്‍ച്ച വിഷയമാകുകയും ചെയ്‌തു. മമ്മൂട്ടി കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ടി.വി. ചാനലിലൂടെ വീഡിയോ വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

സിറ്റിസണ്‍ ജേണലസത്തിന്റെ ഒട്ടനവധി സാധ്യതകളിലൊന്നു മാത്രമാണ്‌ മമ്മൂട്ടി ആരാധകനെ തല്ലുന്ന സംഭവത്തിലൂടെ വെളിവായത്‌. Mammootty beats his fan at Malappuram എന്ന വീഡിയോയ്‌ക്ക്‌ യൂടൂബിലും ബ്ലോഗിലും പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ചൂടേറിയതായിരുന്നു. ഇത്‌ യഥാര്‍ത്ഥ വീഡിയോ അല്ലന്നും മോര്‍ഫിംഗ്‌/വിദഗ്‌ദമായി എഡിറ്റ്‌ ചെയ്‌തതുമാണന്ന കമന്റിന്‌ വീഡിയോ ചിത്രം വിശദമായി Analyse ചെയ്‌ത്‌ ബദല്‍ വാദങ്ങളും കമന്റ്‌ രൂപത്തിലെത്തി. ഇതിനു സമാനമായ മറ്റൊരു സംഭവം ഒരു സുവിശേഷ പ്രാസംഗികന്‍ ദേശീയ പതാകയെ മതവുമായി ബന്ധപ്പെടുത്തി വികാരമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതാണ്‌. മമ്മൂട്ടി സംഭവം പോലെ ഇതും വളരെ വേഗം പ്രചരിച്ചു. എന്നാല്‍ ഭീഷണിക്ക്‌ വശംവദനായോ അതോ മറ്റ്‌ പ്രേരണകള്‍ മൂലമോ ആദ്യമായി ഈ വീഡിയോ ഇന്റര്‍നെറ്റിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്‌തയാള്‍ തന്നെ ഇത്‌ അവിടെ നിന്ന്‌ നീക്കം ചെയ്‌തു. ചിത്രം ആസ്വദിച്ചവര്‍ സുഹൃത്തുക്കളുമായി ഇതേ പേജില്‍ വീണ്ടും എത്തിയപ്പോള്‍ 'ഇതിവിടെ ലഭ്യമല്ല' എന്നറിയിപ്പാണ്‌ ലഭിച്ചത്‌. പക്ഷേ സംഗതി നീക്കല്‍ ചെയ്യല്‍ കൊണ്ട്‌ അവസാനിച്ചില്ല. മറ്റാരോ സ്വന്തം കംപ്യൂട്ടറിലേക്ക്‌ ഇത്‌ ആദ്യം കണ്ട മാത്രയില്‍ തന്നെ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരാളാണ്‌ ദേശീയ പതാക വീഡിയോ ആദ്യം നെറ്റിലെത്തിച്ചതെങ്കില്‍ (പിന്നീട്‌ നീക്കം ചെയ്‌തതും) പിന്നീട്‌ ഒട്ടേറെ പേര്‍ ഇതേ ദൃശ്യം നെറ്റില്‍ ലഭ്യമാക്കാന്‍ തുടങ്ങി. അതായത്‌ തൊടുത്തുവിട്ട അസ്‌ത്രത്തേക്കാളും പറഞ്ഞ വാക്കിനേക്കാളും ശക്തമായതും ഒരിക്കലും തിരിച്ചെടുക്കാന്‍ ആകാത്തതുമാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിക്കുന്ന ഫയലുകളും. നമ്മളുദ്ദേശിക്കുന്ന പാതകള്‍ വിട്ടാകും ഇതു മുന്നേറുന്നത്‌. മമ്മൂട്ടിയുടെ വീഡിയോ ഗൗരവമായും, മതവികാരം ഇളക്കി വിടുന്ന സുവിശേഷ പ്രസംഗം നര്‍മ്മ ബോധത്തോടെയുമാണ്‌ കണ്ടെതെങ്കിലും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സിറ്റിസണ്‍ ജേണലിസത്തിന്റെ അപാര സാധ്യതകള്‍ സമൂഹം ഗുണപരമായി തന്നെ ഉപയോഗിക്കണം.

ട്രാഫിക്‌ പോലീസ്‌ കൈക്കൂലി വാങ്ങുന്നത്‌, വില്ലേജ്‌ ഓഫീസിലെ അഴിമതി, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭൂമികൈയ്യേറ്റം, രാഷ്‌ട്രീയ അന്തര്‍ നാടകങ്ങള്‍ ഇങ്ങനെ എത്രയെത്ര വിവാദ വിഷയങ്ങള്‍ക്കാണ്‌ നാം ഓരോ ദിവസവും സാക്ഷിയാകുന്നത്‌. ഇതൊക്കെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്താമല്ലോ. ഇനി പകര്‍ത്തിയ വിവരം എങ്ങനെ പുറം ലോകത്തോട്‌ വിളിച്ചുപറയും എന്നാലോചിച്ച്‌ വിഷമിക്കേണ്ട. ബ്ലോഗിംഗ്‌, യൂടൂബ്‌, വെബ്‌സെറ്റുകള്‍ എന്നിവ വഴി സ്വന്തം പേരിലോ മറ്റൊരു പേര്‌ ഉപയോഗിച്ചോ ഇത്‌ വെളിച്ചത്തുകൊണ്ടുവരാം. അച്ചടിമാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ എക്‌സ്‌ക്ലൂസീവായി പത്രത്തില്‍ മുഖ്യ ശ്രദ്ധ പതിയുന്ന ഭാഗത്തുതന്നെ ലഭ്യമാക്കുന്നുണ്ടല്ലോ, ഇതുപോലെ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ വഴി നിങ്ങള്‍ പ്രകാശിപ്പിക്കുന്ന വീഡിയോ ഇലക്‌ട്രോണിക്‌ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന കാലം വിദൂരത്തിലല്ല.

സെന്‍സറിംഗ്‌ വേണോ!
പൂഞ്ഞാറിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഒരു മ്യൂസിക്‌ വീഡിയോ ആല്‍ബം ഷൂട്ട്‌ ചെയ്‌തു. നാടന്‍ കള്ളുഷാപ്പും, മദ്യപാനവും ഒക്കെ പശ്ചാത്തലത്തില്‍ വരുന്ന ഗാനമായിരുന്നു റെക്കോഡ്‌ ചെയ്‌തത്‌. കള്ളു ഷാപ്പില്‍ മദ്യപിക്കാനെത്തുന്ന നായകനും അയാള്‍ക്ക്‌ സഹായിയാവുന്ന സഹമദ്യപന്മാരുമൊക്കെ ആടിത്തിമിര്‍ത്ത വീഡിയോ ആല്‍ബത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതായിരുന്നു നിഷേധത്തിന്‌ നിദാനം. പക്ഷെ ഇതെങ്ങനെയോ ഇന്റര്‍നെറ്റിലെ ഫയല്‍ ഷെയറിംഗ്‌ സംവിധാനമായ യൂടൂബിലെത്തി പതിനഞ്ചു ദിവസത്തിനകം അയ്യായിരത്തോളം കാഴ്‌ചക്കാരെത്തി. സാമ്പത്തികലാഭം ഉണ്ടായില്ലെങ്കിലും സംഭവം ചര്‍ച്ചയായതിന്റെയും പ്രേക്ഷകരെ കിട്ടിയതിന്റേയും സന്തോഷം പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉണ്ടായിക്കാണുമല്ലോ. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അപ്‌ലോഡ്‌ ചെയ്യുന്നവരുമായി പരസ്യ വരുമാനവും വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ പങ്കുവയ്‌ക്കും. അതോടെ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കിട്ടാത്തതും, ചാനല്‍ പ്രക്ഷേപണ സൗകര്യം കിട്ടാത്തതുമായ സംരഭംങ്ങള്‍ക്ക്‌ പ്രേക്ഷകരെയും ഒപ്പം വരുമാനവും ലഭിക്കും.

ബ്ലോഗിലേക്ക്‌ വീഡിയോ എത്തിക്കുന്ന രീതിയെ വ്‌ളോഗിംഗ്‌ (VLOG-Video LOG) എന്നാണ്‌ വിളിക്കുന്നത്‌. വീഡിയോയ്‌ക്ക്‌ ഒപ്പം വിവരണപാഠവും (Supporting text) നല്‍കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. പുതുതലമുറ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകളില്‍ ദൃശ്യം ഒപ്പിയെടുക്കുന്ന അതേ വേളയില്‍ തന്നെ എം.എം.എസ്‌/മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ബ്‌ളോഗ്‌ പേജില്‍ ഫയല്‍ തത്‌സമയം എത്തിക്കാനുള്ള സംവിധാനങ്ങളുമുണ്ട്‌. ഇതിനൊക്കെ വലിയ തോതില്‍ പണം, സാങ്കേതിക ജ്ഞാനം എന്നിവ ആവശ്യമില്ലതാനും. മറിച്ച്‌ ലോകമാകെ ലഭ്യത, തടസങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിതരണം എന്നിവ നേട്ടങ്ങളുമാണ്‌.

ബ്ലോഗിംഗിലെ, വീഡിയോ ഷെയറിംഗിലെ ഓരോ പ്രവര്‍ത്തനവും എത്ര ചെറുതുമാകട്ടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പകര്‍ന്നു തരുന്ന വിവര നിര്‍മ്മിതിയിലെ ഒരു അഭിവാജ്യഘടകമാവുകയാണ്‌ നിങ്ങളും. സുതാര്യമായ സമൂഹവും ആശയ പ്രകാശനവുമാണ്‌ അന്തിമനേട്ടം. `എന്റെ ചോര തിളയ്‌ക്കുന്നു`, `പൗര വാര്‍ത്ത` എന്നിവയിലൂടെ മാതൃഭൂമി ദിനപ്പത്രം ചെയ്യുന്നതും സിറ്റിസണ്‍ ജേണലിസത്തിന്റെ ഇതേ നീക്കങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി വാര്‍ത്താചാനലുകള്‍ പ്രേക്ഷകര്‍ ചിത്രീകരിക്കുന്ന വീഡിയോ വാര്‍ത്തകള്‍ക്ക്‌ പ്രൈം ടൈമില്‍ ഇടം നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ വരുമ്പോഴാണ്‌ സമൂഹം കൂടുതല്‍ സുതാര്യമാവുകയും അഴിമതി സാധ്യത ചെറിയ ഒരളവുവരെയെങ്കിലും കുറയുന്നതും. വിജിലന്‍സ്‌ നല്‍കിയ രാസപദാര്‍ത്ഥം വിതറിയ നോട്ടുകെട്ടുകളുമായി കൈക്കൂലി നല്‍കുന്നതിനേക്കാള്‍, ഇതേ രംഗം വീഡിയോയില്‍ ഒപ്പിടെയുത്ത്‌ വിജിലന്‍സിന്‌ നല്‍കുക, ഒപ്പം വീഡിയോ ഷെയറിംഗ്‌ സൈറ്റുകളിലും ഇടാം. വെബില്‍ ചിത്രമെത്തിയത്‌ കാര്യക്ഷമമായ നടപടിക്ക്‌ വിജിലന്‍സിനെ പ്രേരിപ്പിക്കാതിരിക്കില്ല.

വാര്‍ത്താമൂല്യത്തിനായി എക്‌സ്‌ക്ലൂസീവ്‌ അഴിമതിക്കഥകള്‍ തന്നെ വേണമെന്നില്ല. ഈ മാസം തെക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ റിക്‌ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വീഡിയോ Sichuan സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂടൂബില്‍ അപ്‌ ലോഡ്‌ ചെയ്‌തു. മേയ്‌ 15 വരെ ഈ വീഡിയോ പ്രേക്ഷകരായി 58,713 പേരെത്തി. ഈ കാലയളവില്‍ യൂടൂബ്‌ ഹോം പേജില്‍ രണ്ടാം സ്ഥാനം നേടിയത്‌ ഭൂകമ്പത്തിന്റെ തികച്ചും വ്യത്യസ്ഥമായ ഈ വീഡിയോ ആയിരുന്നു. സന്ദര്‍ഭ വശാലോ അല്ലെങ്കില്‍ അബദ്ധത്തിലോ റെക്കോര്‍ഡ്‌ ചെയ്യുന്ന വീഡിയോയ്‌ക്കും ഇതുപോലെ ഒട്ടേറെ പ്രേക്ഷകരെ ലഭിക്കാം.

മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ ചെയ്യുന്ന ഫയലുകള്‍ ഇന്റര്‍നെറ്റിലെത്തിക്കാതെതന്നെ ജനങ്ങളിലേക്കെത്തിക്കാനും വഴിയുണ്ട്‌. സിനിമാ പ്രോജക്‌ടര്‍ പോലെയുള്ള ഒരു ചെറു സംവിധാനം (കംപ്യൂട്ടറില്‍ ഘടിപ്പിക്കുന്ന ഓവര്‍ഹെഡ്‌ പ്രോജക്‌ടറുകള്‍ക്ക്‌ സമാനം) മൊബൈല്‍ ഫോണില്‍ കൂട്ടിയിണക്കുന്ന ഗവേഷണം വിജയം കണ്ടുകഴിഞ്ഞു. ഫോണിലുള്ള വീഡിയോ ഭിത്തിയിലേക്കോ, വലിച്ചു കെട്ടിയ വെളുത്ത പ്രതലത്തിലേക്കോ പ്രോജക്‌ട്‌ ചെയ്‌തു കാണിക്കാം. മൊബൈല്‍ ഫോണ്‍ വഴി റെക്കോഡ്‌ ചെയ്‌ത്‌, ഇതില്‍ തന്നെ ഉള്ള ചെറിയ എഡിറ്റിംഗ്‌ സൗകര്യം ഉപയോഗിച്ച്‌ ചിട്ടപ്പെടുത്തിയ വീഡിയോ ചിത്രം ഇതേ ഫോണ്‍ ഉപയോഗിച്ച്‌ തന്നെ പ്രദര്‍ശിപ്പിക്കുന്ന രീതി. ഒരു ചെറു സിനിമാ ലാബായി, പ്രദര്‍ശനശാലയായി മാറുകയാണ്‌ കൈയിലൊതുക്കാവുന്ന മൊബൈല്‍ ഫോണ്‍. ചെറിയ മെമ്മറികാര്‍ഡ്‌ ഉള്‍പ്പെടുത്തിയാല്‍ സാധാരണ സിഡിയില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ സിനിമ ഫോണില്‍ പകര്‍ത്തിയെടുത്ത്‌ ഇതേ പ്രൊജക്‌ടറില്‍ കൂടി കാണിക്കുകയുമാകാം. നിലിവില്‍ എഫ്‌. എം റേഡിയോയുടെ രണ്ടാം വരവോടെ മൊബൈല്‍ ഫോണിന്‌ റേഡിയോ പെട്ടി എന്ന പേര്‌ ലഭിച്ചു. ഇനി സിനിമ തിയേറ്റര്‍ എന്ന പേരാകും മൊബൈല്‍ ഫോണിനെ കാത്തിരിക്കുന്നത്‌ !
********

യൂടൂബ്‌
ഇന്റര്‍നെറ്റിലേക്ക്‌ വീഡിയോ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കാനും മറ്റുള്ളവരുടെ മുന്‍പില്‍ അത്‌ പ്രദര്‍ശിപ്പിക്കുവാനും സഹായിക്കുന്ന സംവിധാനമാണ്‌ യൂടൂബ്‌. നവംബര്‍ 2005ല്‍ sequoia ക്യാപ്പിറ്റല്‍ എന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തെടെ സ്റ്റീവ്‌ ചെന്‍ (ഇപ്പോള്‍ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍), ചാഡ്‌ ഹര്‍ലി (ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍), ജാവേദ്‌ കരീം (ഉപദേശകസമിതിയംഗം) എന്നിവര്‍ ചേര്‍ന്ന്‌ രൂപം കൊടുത്ത സ്ഥാപനമായിരുന്നു യൂടൂബ്‌. മറ്റ്‌ ഡോട്ട്‌കോം കമ്പനികളെ പോലെ വളരെ മുന്‍പെ പൊട്ടി മുളയ്‌ക്കുകയും അകാലമൃത്യു വരിക്കുകയും ചെയ്യേണ്ട ദൗര്‍ഭാഗ്യം യൂടൂബിനുണ്ടായില്ല. യൂടൂബ്‌ വന്ന സമയം എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെയും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെയും ആദ്യ സമയത്ത്‌ തന്നെ രൂപം കൊണ്ടതിനാല്‍ പ്രശസ്‌തിയിലേക്ക്‌ ഉയരാന്‍ അധികസമയമെടുത്തില്ല. ആളുകള്‍ കൂട്ടത്തോടെ യൂടൂബ്‌ ഉപയോഗിക്കാന്‍ തുടങ്ങി. ഏറ്റെടുക്കലുകളും ലയനങ്ങളും കോര്‍പ്പറേറ്റ്‌ ലോകത്ത്‌ പുതുമയല്ല. ഏറെ വൈകിയില്ല (ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ) ഇന്റര്‍നെറ്റ്‌ സര്‍ച്ച്‌ എന്‍ജിന്‍ രംഗത്തെ പ്രബലസാന്നിദ്ധ്യമായ ഗൂഗിള്‍ 2006 ഒക്‌ടോബര്‍ 9 ന്‌ യൂടൂബിനെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ഗൂഗിളില്‍ ലയിപ്പിക്കുന്നതിന്‌ പകരം സ്വതന്ത്രമായി (Subsidary) പ്രവര്‍ത്തിക്കാനാണ്‌ ഗൂഗിള്‍ യൂടൂബിനെ അനുവദിച്ചത്‌. ഗൂഗിളിന്‌ നേരത്തെ തന്നെ വീഡിയോ സേവനം (video.google.com) ഉണ്ടായിരുന്നു. യൂടൂബിന്റെ ഉടമസ്ഥാവകാശം ഗൂഗിളിനായെങ്കിലും സ്ഥാപകര്‍ തന്നെ മാനേജ്‌മെന്റില്‍ തുടര്‍ന്നു. ഗൂഗിള്‍ പോലെയുളള ഒരു ആഗോള കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ യൂടൂബ്‌ സാങ്കേതിക തികവും കൈവരിച്ചു തുടങ്ങി. ഇന്ന്‌ 70 ദശലക്ഷത്തിലേറെ ഉപയോക്താക്കളും 100 ദശലക്ഷത്തിലേറെ വീഡിയോ ക്ലിപ്പിംഗുകളും യൂടൂബിലുണ്ട്‌. ഇന്ത്യന്‍ പതിപ്പ്‌ ഈ മാസമാണ്‌ (മേയ്‌7, 2008) നിലവില്‍ വന്നത്‌. അമേരിക്കയിലെ കാലിഫോണിയയിലുള്ള San Bruno എന്ന സ്ഥലത്താണ്‌ യൂടൂബ്‌ ആസ്ഥാനം.

മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ചെടുക്കുന്ന പത്തു മിനിട്ടില്‍ താഴെയുള്ള വീഡിയോ യൂടൂബിലേക്ക്‌ ചേര്‍ക്കാം. ഇതുകൂടാതെ സിനിമാ ക്ലിപ്പിംഗ്‌, മ്യൂസിക്‌ ആല്‍ബം, ടി.വി പരിപാടികള്‍, പരസ്യങ്ങള്‍ എന്നിവയും ഉപയോക്താക്കള്‍ യൂടൂബിലേക്കെത്തിക്കുന്നുണ്ട്‌. റിയാലിറ്റി ഷോകളിലെ പ്രിയ അവതാരകരുടെ വീഡിയോ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ അപ്‌ലോഡ്‌ ചെയ്യുന്നു. യൂടൂബില്‍ ലഭ്യമാക്കിയിരിക്കുന്ന വീഡിയോ ആസ്വദിക്കാനായി രജിസ്‌ട്രേഷനോ പ്രത്യേക നടപടി ക്രമങ്ങളോ ആവശ്യമില്ല. ആര്‍ക്കും എപ്പോഴും കാണാനും ആസ്വദിക്കാനും പറ്റുന്ന രീതിയില്‍ സര്‍ച്ചിംഗ്‌ സൗകര്യത്തോടെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തിരിക്കന്നത്‌. എന്നാല്‍ കണ്ടന്റ്‌ യൂടൂബിലേക്ക്‌ കൂട്ടിചേര്‍ക്കാന്‍ ചെറിയ രജിസ്‌ട്രേഷന്‍ നടപടിക്രമമുണ്ട്‌. ബ്ലോഗിംഗ്‌ പോലെ ഇമെയില്‍ ഐ.ഡി ഉള്ള ആര്‍ക്കും ലളിതമായ സ്റ്റെപ്പുകളിലൂടെ യൂടൂബ്‌ അംഗമാകാം. യൂടൂബിലെത്തിച്ച വീഡിയോ ആരൊക്കെ കാണണമെന്നും അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ തീരുമാനിക്കാം. ഒന്നുകില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി മാത്രം പങ്കുവയ്‌ക്കാം. ഇത്‌ പൊതു ഇടത്തില്‍ (Public domain) ലഭ്യമാവുകയില്ല. അല്ലെങ്കില്‍ ആര്‍ക്കും എപ്പോഴും ആസ്വദിക്കാവുന്ന രീതിയില്‍ അപ്‌ലോഡ്‌ ചെയ്യാം. വീഡിയോ കൂട്ടിചേര്‍ക്കുന്ന വേളയില്‍ തന്നെ എങ്ങനെ (private or public) കാണമെന്ന വിവരം നല്‍കിയാല്‍ മതിയാകും.

വിവാദങ്ങളിലൂടെ യാത്ര
അശ്ലീല വീഡിയോ, സ്വകാര്യതയുടെ പരിധികള്‍ ലംഘിക്കുന്നവ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപകീര്‍ത്തി(defamatory) ഉണ്ടാക്കുന്നവ, വര്‍ഗ-വര്‍ണവിവേചനം ഉയര്‍ത്തുന്ന തൂടങ്ങി വാണിജ്യതാത്‌പര്യമുള്ള പരസ്യങ്ങളും, ക്രിമിനല്‍ സ്വാഭാവം പ്രകടിപ്പിക്കുന്ന വീഡിയോ ചിത്രങ്ങളും വന്‍തോതില്‍ യൂടൂബിലേക്കെത്തുകയും അതിലേറെ പേര്‍ ഇതിന്റെ കാഴ്‌ചക്കാരാക്കുകയും ചെയ്‌തതോടെ വിവാദത്തിന്റെ വഴികളിലും യൂടൂബിന്റെ യാത്രയെത്തി. ഉചിതമല്ലാത്ത(inappropriate) വീഡിയോ ശ്രദ്ധയില്‍ പെട്ടാല്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള രീതി യൂടൂബ്‌ വെബ്‌സൈറ്റില്‍ ഇതിനെ തുടര്‍ന്ന്‌ എല്ലാ വീഡിയോയ്‌ക്കും ഒപ്പം ലഭ്യമാക്കി തുടങ്ങി. സാങ്കേതിക ഭാഷയില്‍ ഇതിനെ ഫ്‌ളാഗ്‌ ചെയ്യുക എന്നാണ്‌ വിളിക്കുക. 'ഫ്‌ളാഗ്‌' റിപ്പോര്‍ട്ട്‌ ചെയ്‌ത വീഡിയോ യൂടൂബ്‌ അധികൃതര്‍ വിശദമായി പരിശോധിക്കുകയും സ്വാകാര്യതയുടെയും സഭ്യതയുയുടെയും പരിധികള്‍ ലംഘിക്കുന്നവ മിനിട്ടുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യും. യൂടൂബ്‌ പോളിസിയില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ട്‌. നിയന്ത്രണങ്ങള്‍ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും പരിധികള്‍ ലംഘിക്കുന്ന ലക്ഷകണക്കിന്‌ വീഡിയോ ഇപ്പോള്‍ യൂടൂബ്‌ ശേഖരത്തിലുണ്ട്‌. ദിനം പ്രതി ഒട്ടേറെ പുതുതായി എത്തുകയും. ചെയ്യുന്നു. Broadcast yourself എന്നതാണ്‌ യൂടുബിന്റെ പരസ്യതല വാചകം. ബ്ലോഗിംഗ്‌ നിങ്ങളെ ഓരോരുത്തരെയും പ്രസാധകനും, എഡിറ്ററും, എഴുത്തുകാരനുമാക്കിയെങ്കില്‍, യൂടൂബ്‌ നിങ്ങളെ സംപ്രേഷകനും (Broadcaster), സംവിധായകനും, കാമറാമാനും ആക്കുകയാണ്‌. നിങ്ങളുടെ സ്വന്തം ടെലിവിഷന്‍, വീഡിയോ ചാനല്‍ ആണ്‌ യൂടൂബ്‌ .

ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ തത്സമയം തന്നെ ആസ്വദിക്കണമെങ്കില്‍ ഇവിടെ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളില്‍ ഏത്‌ ചിത്രവും ഏത്‌ സമയത്തും കാണാം. മലയാളം ടെലിവിഷന്‍ ചാനലുകള്‍ പ്രേത-ഭൂത പരമ്പരകള്‍ രാത്രി പത്തുമണിക്ക്‌ മത്സരിച്ച്‌ കാഴ്‌ചക്കാരിലെത്തിക്കുമെങ്കില്‍. യൂടൂബിലിട്ട ഭൂത-പ്രേത വീഡിയോ നട്ടുച്ചയ്‌ക്ക്‌ വേണമെങ്കിലും ആസ്വദിക്കാം. ഒരു മണിക്കുള്ള വാര്‍ത്തയില്‍ നങ്ങള്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന വാര്‍ത്താശകലം പോയത്‌ ഓര്‍ത്ത്‌ വിഷമിക്കേണ്ട, യൂടൂബിലേക്കെത്തിക്കോളൂ ഏതെങ്കിലും ഒരു ഉപയോക്താവ്‌ ഇത്‌ അവിടെയും ഇട്ടിട്ടുണ്ടാകും. മലയാളം വാര്‍ത്താ ക്ലിപ്പിംഗുകള്‍ വീഡിയോ ട്യൂണര്‍/കാപ്‌ചറിംഗ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ മുഖേന യൂടൂബിലേക്കെത്തിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്‌.

ഇത്തരത്തില്‍ ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചാരം നേടുന്ന വീഡിയോയെ Viral video എന്ന്‌ വിളിച്ചുതുടങ്ങിക്കഴിഞ്ഞു. (വൈറസ്‌ പോലെ പടരുന്നത്‌ എന്നര്‍ത്ഥത്തിലാകാം!) ഇ-മെയില്‍, ഇന്റര്‍നെറ്റ്‌ മെസഞ്ചര്‍ സര്‍വീസ്‌, ബ്ലോഗ്‌, യൂടൂബ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ പലരുടെയും കംപ്യൂട്ടറിലേക്ക്‌ എത്തുന്നു എന്നത്‌ വര്‍ത്തമാനകാല സത്യമാണ്‌.

യൂടൂബിലൂടെ വരുമാനവും
യൂടൂബ്‌ വീഡിയോ കാണുന്നവരോ, അല്ലെങ്കില്‍ ഇതിലേക്ക്‌ വീഡിയോ കൂട്ടിച്ചേര്‍ക്കുന്നവരോ യാതൊരു പണച്ചെലവുമില്ലാതെയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പരസ്യവരുമാനം ആശ്രയിച്ചാണ്‌ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളുടെ നിലനില്‌പ്‌. ബ്ലോഗിംഗ്‌ പോലെയുള്ള സംരഭങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ ഉപയോക്താവിനും താരതമ്യേന ഉയര്‍ന്ന സെര്‍വര്‍സ്‌പെയ്‌സ്‌ (വീഡിയോ സൂക്ഷിച്ച്‌ വച്ച്‌ ലഭ്യമാക്കുന്ന ഇടം) ലഭ്യമാക്കേണ്ടതുണ്ട്‌. എന്നിരുന്നാലും സന്ദര്‍ശകരുടെ തള്ളിക്കയറ്റം പരസ്യവരുമാനവും കുത്തനെ കൂട്ടുന്നു. ഇത്‌ കണ്ടന്റ്‌ കൂട്ടി ചേര്‍ക്കുന്നവരുമായി പങ്കിടാന്‍ ഒരുക്കമാണെന്ന്‌ യൂടൂബ്‌ സഹസ്ഥാപകനും ഇപ്പോള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ Chaud Hurley സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ വച്ച്‌ നടന്ന വേള്‍ഡ്‌ എക്കണോമിക്‌ ഫോറത്തില്‍ പ്രഖ്യാപിച്ചത്‌ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ക്കും അമച്വര്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ആശ്വാസം പകരുന്ന സന്ദേശമാണ്‌. ചാഡ്‌ ഹര്‍ലി ഇതിനെ "desire to motivate and reward creativity'' എന്നാണ്‌ വിശേഷിപ്പിച്ചത്‌. അതായത്‌ ഗൗരവമായി ജേണലിസത്തെയും സിനിമയെയും സമീപിക്കുന്നവര്‍ക്ക്‌ ആശ്രയിക്കാവുന്ന ഇടങ്ങളിലൊന്നായി ഇത്തരം വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ മാറുന്ന കാലം വിദൂരമല്ല എന്നു ചുരുക്കം. നിലവില്‍ 10 മെഗാബൈറ്റില്‍ താഴെയെ വീഡിയോ വലിപ്പം അനുവദിക്കുന്നുള്ളുവെന്നത്‌ ഒരു പരിമിതിയായി തോന്നാമെങ്കിലും ഉടന്‍തന്നെ ഒരു മുഴുനീള ഫീച്ചര്‍ ഫിലിമിന്റെയത്ര സംഭരണസ്ഥലം ലഭ്യമാകുമെന്നത്‌ തീര്‍ച്ചയാണ്‌, മാത്രമല്ല ഇത്‌ കാലഘട്ടത്തിന്റെ ആവശ്യപ്പെടല്‍ കൂടിയാണ്‌. ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ ആണ്‌ ഉപയോഗിക്കുന്നുവെങ്കില്‍ യാതൊരു തടസ്സവും കൂടാതെ ഈ വീഡിയോ ചിത്രങ്ങളെല്ലാം ആസ്വദിക്കുകയും അഭിപ്രായങ്ങള്‍ തല്‍സമയം രേഖപ്പെടുത്തുകയും ചെയ്യും.

ടെസ്റ്റ്‌ ട്യൂബ്‌
ഗവേഷണ-വികസന വിഭാഗം (Research and Development Department) ഏതൊരു സ്ഥാപനത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ ഊര്‍ജ്ജം പകരുന്ന ഏര്‍പ്പാട്‌ ആണല്ലോ. ഈ പരീക്ഷണശാലയില്‍ നിന്നാണ്‌ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും നമ്മെ തേടിയെത്തുന്നത്‌. യൂടൂബിന്റെ ഗവേഷണവിഭാഗം 'ടെസ്റ്റ്‌ ട്യൂബ്‌' എന്നാണ്‌ അറിയപ്പെടുന്നത്‌. www.youtube.com/testtube ലൂടെ ഇവിടെയെത്താം. ഉടനെ യൂടൂബിലെത്തുന്ന സൗകര്യങ്ങള്‍ സൈറ്റില്‍ വിവരിച്ചിട്ടുണ്ട്‌. ഉപയോക്തക്കള്‍ക്ക്‌ പുതിയതായി വരാന്‍ പോകുന്ന യൂടൂബ്‌ സൗകര്യങ്ങളെക്കുറിച്ച്‌ വായിച്ചറിയാനുള്ള സൗകര്യവും അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ടെസ്റ്റ്‌ ട്യൂബിലുണ്ട്‌. ഗൂഗിളിന്റെ ശാസ്‌ത്രജ്ഞരിലേക്കും സാങ്കേതികവിദഗ്‌ദരിലേക്കുമാണ്‌ ഈ അഭിപ്രായങ്ങള്‍ എത്തുമെന്നതിനാല്‍ നിങ്ങള്‍ കൂടി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണ്‌. ടെസ്റ്റ്‌ ട്യൂബിലൂടെ ലഭിക്കുന്ന ഒട്ടേറെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഉള്ളടക്കം നവീകരിക്കുന്നതും നൂതനമായ സേവനങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതും. ഗുഗിളിന്റെ ഭാഷയില്‍ ടെസ്റ്റ്‌ ട്യൂബ്‌ ഒരു ഇന്‍ക്യുബേറ്റര്‍ പോലെയാണ്‌ വര്‍ത്തിക്കുന്നത്‌.

ശ്രദ്ധിക്കാന്‍
കരുതലോടെ നീങ്ങിയാല്‍ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങളും ബ്‌ളോഗിംഗും സാമൂഹികമായ ഇടപെടലുകളുടെ ശക്തമായ വേദിയാണ്‌. നിങ്ങളുടെയോ കുടുംബാംഗങ്ങളുടേയോ വീഡിയോ വെബിലേക്കെത്തിക്കുന്നത്‌ കൗതുകവും ആവേശജനകവുമൊക്കെയാകാം പക്ഷെ ഇത്‌ ആരൊക്കെ കാണുമെന്ന്‌ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി പറയാനാകില്ല. ദൃശ്യപരമായോ, ഉള്ളടക്കപരമായോ മെച്ചമാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ പകര്‍ത്തിയ വീഡിയോ യൂടൂബ്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഇടം നേടി, ഒട്ടേറെ പേര്‍ പെട്ടെന്ന്‌ കാഴ്‌ചക്കാരാകാം. അതില്‍ കുറച്ചുപേര്‍ സ്വന്തം കംപ്യൂട്ടറിലേക്കോ മൊബൈല്‍ഫോണിലേക്കോ പകര്‍ത്തിയെന്നും വരാം. അതുകൊണ്ട്‌ പൊതു മണ്‌ഡലത്തിലെക്കെത്തേണ്ട എന്നു കരുതുന്ന വീഡിയോ നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരിലേക്ക്‌ മാത്രമായി പരിമിതപ്പെടുത്തുക. കണ്ടന്റ്‌ കൂട്ടിച്ചേര്‍ക്കുന്ന വേളയില്‍ ഇതിനുള്ള നിര്‍ദ്ദേശം നല്‍ശിയാല്‍ മാത്രം മതി, സുരക്ഷിതമായി വീഡിയോ പങ്കുവയ്‌ക്കാം.

പൊതുതാല്‌പര്യമുള്ള വിഷയങ്ങള്‍ (സിറ്റിസണ്‍ ജേണലിസം) അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ സ്വന്തം പേരോ, മറ്റൊരു പേരോ തിരഞ്ഞെടുക്കാം. മറ്റൊരു പേരില്‍ അപ്‌ലോഡ്‌ ചെയ്‌ത്‌ തിരശീലക്ക്‌ പിന്നിലേക്ക്‌ മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീഡിയോ പകര്‍ത്തുന്നവേളയില്‍ നിങ്ങളെ തിരിച്ചറിയാന്‍ കാരണമായേക്കാവുന്ന വിവരങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന്‌ ഒഴിവാക്കുക (കാര്‍-ബൈക്ക്‌ നമ്പര്‍ പ്ലേറ്റ്‌, വീടിനെ-സ്ഥാപനത്തെ തിരിച്ചറിയാന്‍ സഹായകമായേക്കാവുന്ന ചിഹ്നങ്ങള്‍,നമ്പറുകള്‍). വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം വീട്ടുപേര്‌, നമ്പര്‍, ടെലഫോണ്‍ നമ്പര്‍ എന്നിവ നല്‍കുന്നത്‌ ഒഴിവാക്കൂ. കാഴ്‌ചക്കാരുടെ അഭിപ്രായം കമന്റ്‌ രൂപത്തിലോ, ഇ മെയില്‍ വഴിയോ എത്തുമല്ലോ, അതനുസരിച്ച്‌ അവരെ വിളിക്കുകയോ മറുപടി രേഖപ്പെടുത്തുകയോ ചെയ്യുന്നതാണ്‌ അഭികാമ്യം. ഇങ്ങനെ ചെയ്‌താല്‍ അപരിചിതര്‍ നിങ്ങളെ ശല്യം ചെയ്യുന്നത്‌ ഒഴിവാക്കാം.

അശ്ലീല-അപകീര്‍ത്തി, മതസ്‌പര്‍ധ വളര്‍ത്തുന്ന, സ്വകാര്യതയില്‍ കൈകടത്തുന്ന, ദേശവിരുദ്ധ, വര്‍ഗ-വര്‍ണ വിവേചനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളാഗ്‌ ലിങ്കില്‍ അമര്‍ത്തി, പ്രസ്‌തുത വീഡിയോ നീക്കം ചെയ്യുന്ന യത്‌നത്തില്‍ പങ്കാളിയാവുക. നഗരമാലിന്യം നീക്കം ചെയ്യുന്നതുപോലെ തന്നെ ഇന്റര്‍നെറ്റിലെ ഇത്തരം മാലിന്യം നീക്കം ചെയ്യേണ്ടതും ഒരു നെറ്റ്‌ പൗരന്റെ (Netizen) കടമയാണ്‌. ശുദ്ധീകരിക്കുന്ന ഒരു പൊതു ഇടം ശക്തമായ സാമൂഹിക ഇടപെടലുകളുടെയും, സംവാദങ്ങളുടേയും തുറന്ന വേദിയാവുകയും ചെയ്യും.


നിങ്ങള്‍ക്കെന്ത്‌ ചെയ്യാനാകും
അഴിമതിയുടെയും സ്വജനപക്ഷത്തിന്റെയും അഴിമതികഥകള്‍ പേറുന്ന സര്‍ക്കാര്‍-പൊതുമേഖലസ്ഥാപനങ്ങളില്‍ നിന്ന്‌ മൊബല്‍ഫോണ്‍ ക്യാമറയോ ചെറു ഡിജിറ്റല്‍ ക്യാമറയോ ഉപയോഗിച്ച്‌ വാര്‍ത്ത ശേഖരിച്ച ശേഷം യൂടൂബിലോ ബ്ലോഗിലോ ഇട്ട്‌ 'അഴിമതിക്കഥ്‌'യായി ടാഗ്‌ ചെയ്യുക. സംഗതി ഗൗരവമുള്ളതാണെങ്കില്‍ കാഴ്‌ചക്കാര്‍ നിങ്ങളറിയാതെ എത്തിക്കൊളും. ഇത്തരത്തില്‍ ഒന്നോ രണ്ടോ സിറ്റിസണ്‍ ജേണലിസ്റ്റ്‌ സ്റ്റോറി ബ്ലോഗ്‌, യൂബ്‌ വഴി പൊതുജന മദ്ധ്യത്തിലേക്കെത്തുമ്പോഴേക്കും പൊതുജനത്തിന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും അഴിമതി ചെറിയരളവുവരെ കുറയാന്‍ ഇത്‌ ഇടയാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം, പൊതുസ്ഥലത്ത്‌ പുകവലിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരാകാം, സ്‌ത്രീകളെ ശല്യം ചെയ്യുന്നവരാകാം, ബാലതൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്വകാര്യ മുതലാളിമാരാകാം, കപടസന്യാസി ആശ്രമങ്ങളാകാം?...ഇങ്ങനെ മൊബൈല്‍ ക്യാമറ സാമൂഹികശുദ്ധീകരണത്തിന്റെ ശക്തിയേറിയ ഉപകരണമാകുന്ന കാലത്തിലുടെയാണ്‌ നാം നീങ്ങുന്നത്‌. ഉപയോക്താവ്‌ നിയന്ത്രിക്കുന്ന വീഡിയോ ആയതിനാല്‍ മാധ്യമ സ്ഥാപങ്ങളുടെ മുകളില്‍ ഇടപെട്ട്‌ വാര്‍ത്തയുടെ പ്രാധാന്യം കുറയ്‌ക്കുമെന്നോ, മുക്കുമെന്നോ ഭയക്കുകയും വേണ്ട. ഇനി ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചാല്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റിലേക്കെത്തിച്ച വിവരം വര്‍ത്തമാന പത്രത്തിന്റെയോ വാര്‍ത്തചാനലുകളുടെയോ മുഖ്യസ്ഥാനം പിടിക്കുകയും ചെയ്യും. വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റ്‌ പോലുള്ള സൗജന്യ സേവനം ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ശേഖരിച്ച വീഡിയോ ക്ലിപ്പുമായി ചാനല്‍ എഡിറ്ററുടെ കാലുപിടിക്കുന്ന അവസ്ഥ വരുമായിരുന്നു. എന്നാല്‍ ശക്തമായ ഉള്‍ക്കാമ്പുള്ള വീഡിയോ ആണ്‌ വെബിലൂടെ പ്രചരിപ്പിച്ച്‌ ഉചിതമായ സ്ഥാനത്ത്‌ നിങ്ങള്‍ കൊള്ളിച്ചതെങ്കില്‍, നേരത്തെ തിരിച്ചയച്ച ടി.വി വാര്‍ത്താ ചാനലിലേക്ക്‌ 'എക്‌സ്‌ക്ലൂസിവ്‌' ആയെത്തിക്കാന്‍ ചാനല്‍ എഡിറ്റര്‍ നിങ്ങളെ തേടിയെത്തിക്കൊള്ളും. ?Mammooty beats his fan at Malappuram? എന്ന വീഡിയോ ദേശീയ മാധ്യമ ശ്രദ്ധയിലേക്കെത്തിയതു തന്നെ സമീപകാല ഉദാഹരണം.


പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍
മൂവികാമറ സ്വന്തമായുള്ളവരുടെയും സിനിമാഭിരുചിയുള്ളവരുടെയും മോഹമാണല്ലോ ഒരു ഡോക്കുമെന്ററി എങ്കിലും സ്വന്തമായി എടുക്കുക എന്നുള്ളത്‌. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ വരവിനും മുന്‍പ്‌ സിനിമാ നിര്‍മ്മാണം ഏറെ പണച്ചിലവുള്ളതും അതിലേറെ സമയത്തിന്റെയും സിനിമാ സാങ്കേതിക വിദഗ്‌ദരുടെയും സഹായം കൂടി ആവശ്യമുള്ള ഒന്നായിരുന്നു. ഭാരമേറിയ ക്യാമറ, വിലപിടിച്ച എഡിറ്റിംഗ്‌ ഉപകരണങ്ങള്‍, ഇതുപയോഗിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആളുകളുടെ അഭാവം, അനുബന്ധ സ്റ്റുഡിയോ സംവിധാനം എന്നു വേണ്ട ഒരുനിര പ്രശ്‌നങ്ങള്‍ നവാഗത സംവിധായകനെ പ്രതീക്ഷിച്ച്‌ നില്‍പുണ്ടാവുമായിരുന്നു. എന്നാല്‍ ഇന്നോ കേവലം മൊബൈല്‍ ഫോണിലെ കാമറ ഉപയോഗിച്ചെടുക്കുന്ന ലഘുചിത്രങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഫിലിം ഫെസ്റ്റിവലുകളില്‍ വരെ ഇടം നേടുന്നു, അംഗീകാരം സ്വന്തമാക്കുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ അഹമ്മദാബാദ്‌ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച്‌ ഒപ്പിയെടുത്ത ഷോര്‍ട്ട്‌ ഫിലിം അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധനേടുകയും ചെയ്‌തു. ഇവിടെ സിനിമ റെക്കോഡ്‌ ചെയ്യുന്ന രീതിയല്ല ശ്രദ്ധ പിടിച്ചു പറ്റിയത്‌ മറിച്ച്‌ അതിലെ ഉള്ളടക്കം തന്നെയാണ്‌. പക്ഷെ ഇത്തരം ഉള്‍ക്കാമ്പുള്ള പ്രമേയങ്ങള്‍ ഉണ്ടായിരുന്ന സിനിമാ പ്രേമികള്‍ക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ വരെ ഇങ്ങനെയൊന്ന്‌ ചിന്തിക്കാനാവുമായിരുന്നില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിലും അല്ലാതെയും വ്യാപകമായ ഡിജിറ്റല്‍ ക്യാമറ മികച്ച നിലവാരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു ഒപ്പം എഡിറ്റ്‌ ചെയ്യാനുള്ള സോഫ്‌ട്‌വെയറുകള്‍ എവിടെയും ലഭ്യവും. അനധികൃത പതിപ്പാണ്‌ (Pirated copy) ഏറെയും ഉപയോഗിക്കുന്നത്‌, അതുകൊണ്ട്‌ തന്നെ പണച്ചിലവ്‌ കുറയുന്നു! സ്വതന്ത്ര സോഫ്‌ട്‌ വെയര്‍ സംവിധാനങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യത്ത്‌ വ്യാപകമായി മുന്നേറുന്നതിനാല്‍ ഭാവിയില്‍ 'പൈറസി പോലീസ്‌ ' (അനധികൃത സോഫ്‌ട്‌ വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന കുത്തക സോഫ്‌ട്‌ വെയര്‍ രീതി) പുതുസിനിമാ നിര്‍മ്മാതാക്കളുടെ പണച്ചിലവ്‌ കൂട്ടാനും സാധ്യത കാണുന്നില്ല. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ (GUI) സഹായത്തോടെ രൂപകല്‌പന ചെയ്‌തിരിക്കുന്ന എഡിറ്റിംഗ്‌ സോഫ്‌ട്‌ വെയറുകള്‍ പുതിയ ഐ.ടി സാക്ഷരര്‍ക്കുവരെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നുള്ളതും എഡിറ്റിംഗ്‌ ജോലിയിലെ സാങ്കേതിക വിദഗ്‌ദരുടെ ലഭ്യതയില്ലായ്‌മയെ മറികടക്കാന്‍ സിനിമാ നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ തലമുറയെ സഹായിക്കുന്നുണ്ട്‌.
'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന പേരില്‍ യൂടൂബില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം നടന്നു. ഹെവ്‌്‌ലറ്റ്‌ പക്കാര്‍ഡുമായി (HP) സഹകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഈ നൂതന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്‌. ഏഴുമിനിട്ട്‌ വരെ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷിലുള്ളതോ ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോടു കൂടിയതോ ആയ ഹൃസ്വചിത്രം യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌താല്‍ മാത്രം മതി. അതായത്‌ പ്രദര്‍ശനം നടക്കുന്നത്‌ യൂടൂബില്‍ അതും ലോകത്ത്‌ ആര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍-ന്റെ (Jason Reitman) നേതൃത്വത്തിലുള്ള ജൂറി പാനലായിരുന്നു ഈ നവസംരഭത്തിനെത്തിയ ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ നിന്ന്‌ ഇരുപതെണ്ണം അവസാനവട്ട പ്രേക്ഷക പരിഗണനയ്‌ക്കായി തിരഞ്ഞെടുത്ത്‌ യൂടൂബില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചത്‌. ഈ ഇരുപതെണ്ണത്തില്‍ നിന്ന്‌ യൂടൂബ്‌ പ്രേക്ഷകര്‍ വോട്ട്‌ രേഖപ്പെടുത്തിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍ 'Thank you for not smocking'2006), 'Juno' (2007) എന്നീ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സംവിധായകനുമാണ്‌.
2007 ഒക്‌ടോബര്‍ 7 മുതല്‍ നവംബര്‍ 9 വരെ സമര്‍പ്പിക്കപ്പെട്ട വീഡിയോ ചിത്രങ്ങളില്‍ നിന്ന്‌ ജൂറി പാനല്‍ തിരഞ്ഞെടുത്ത 20 ചിത്രങ്ങള്‍ യൂടൂബ്‌ വോട്ടെടുപ്പിനെ തുടര്‍ന്ന്‌ ഡിസംബര്‍ ആദ്യ വാരം ഫലം പ്രഖ്യാപിച്ചു. ?Laoos? (Ties) എന്ന ചിത്രം ഒന്നാം സ്ഥനത്തെത്തി. ഇതുവരെ 8,86,041 പേര്‍ ഈ ചിത്രം ആസ്വദിക്കുകയും ചെയ്‌തു. 'Gone in the flash'രണ്ടാം സ്ഥാനത്തും, 'My name is Lisa' മൂന്നാം സ്ഥനത്തുമെത്തി. ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണാന്‍ www.youtube.com/projectdirectgallery യില്‍ എത്തുക. 'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന ആശയം നവസിനിമാ സംവിധായകരെ ആഹ്ലാദം കൊള്ളിക്കുന്നതാണ്‌.
നിലവിലെ കംപ്യൂട്ടര്‍ വിവരവിനിമയശേഷിയുടെ അടിസ്ഥാനത്തില്‍ ഓരോ ചിത്രത്തിനും പത്തുമിനിട്ടില്‍ താഴെയെ യൂടൂബ്‌ സംഭരണശേഷി (memory) അനുവദിക്കുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കാലത്തെ പ്രോസസിംഗ്‌ ശേഷി, സംഭരണശേഷി എന്നിവയുടെ ക്രമമായ വളര്‍ച്ച പരിശോധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം അപ്‌ലോഡ്‌ ചെയ്യാവുന്ന തരത്തില്‍ യൂടൂബുകള്‍ സജ്ജമാകും എന്ന്‌ വിശ്വസിക്കാം.
രണ്ടാമതായി എടുത്തു പറയേണ്ടകാര്യം ലോകത്തിലെ ഏതുകോണില്‍ നിന്നും നിങ്ങളുടെ സിനിമയ്‌ക്ക്‌ ആസ്വാദകരെ ലഭിക്കുമെന്നതും അവരുടെ പ്രതികരണം കമന്റ്‌ രൂപത്തില്‍ തത്സമയം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്‌.. സിനിമാ സംവിധായകനും കാഴ്‌ചക്കാരനും തമ്മില്‍ നേരിട്ട്‌ സംവദിക്കാനുള്ള ഇടം കൂടിയാണ്‌ സൈബര്‍ സ്‌പെയ്‌സ്‌ ഒരുക്കുന്നത്‌. മൊബൈല്‍ കാമറ ഉപയോഗിച്ച്‌ ചെറുപരീക്ഷണസിനിമ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ചിലവുകുറഞ്ഞ മാര്‍ഗമെന്നതിലുപരി ആഗോള പ്രേക്ഷക സമൂഹത്തെ ലഭിക്കാനും വീഡീയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകള്‍ ഉപകരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ഒപ്പം മറ്റു രാജ്യങ്ങളിലെ സമാന സംരഭവുമായി ചേര്‍ന്നു പ്രവര്‍ത്തികയോ അല്ലെങ്കില്‍ ഗൗരവമുള്ള കാഴ്‌ചക്കാരനാവുകയോ ചെയ്യാം. യൂടൂബിലെ പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍ വിജയികളെ തേടി 5000 യു.എസ്‌.ഡോളര്‍ സമ്മാനതുകയും യൂടൂബ്‌ ഹോം പേജില്‍ ഒരു നിശ്ചിത സമയം പ്രസ്‌തുത ചിത്രത്തിന്‌ പ്രദര്‍ശനാനുമതി കിട്ടുകയും ചെയ്‌തു.

തിരെഞ്ഞെടുപ്പ്‌ പ്രചരണത്തിനും
യൂടൂബ്‌ പോലെയുള്ള വീഡിയോ ഷെയറിംഗ്‌ സംവിധാനം തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ സാന്ദ്രത ഏറ്റവുമേറിയ അമേരിക്കയിലും താരതമ്യേന കുറവ്‌ ഉപയോക്താക്കളുള്ള ഇന്ത്യയിലും ഇതിന്റെ സ്വാധീനത്തില്‍ ഏറ്റകുറച്ചിലുണ്ടാകാമെന്നു മാത്രം. കഴിഞ്ഞ ഗുജറാത്ത്‌, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബ്ലോഗിംഗ്‌, പ്രത്യേകമായി രൂപസംവിധാനം ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌, എസ്‌.എം.എസ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ എന്നിവ വിപുലമായി ഉപയോഗിച്ചിട്ടുണ്ട്‌. പക്ഷേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ സാക്ഷരത കുറഞ്ഞതുകൊണ്ടോ അതോ സാധാരണക്കാരനെ അഭിമുഖീകരിക്കാന്‍ ഇത്‌ പര്യാപ്‌തമല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടോ ആകാം മുഖ്യ പ്രചരണ ഉപാധികളില്‍ ഒന്നാകാത്തത്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ വീഡിയോ ഷെയറിംഗ്‌ സംവിധാനത്തിന്റെ ഉപയോഗം എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ്‌.
ജനങ്ങള്‍ യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ഹിലരി ക്ലിന്റണും, ഒബാമയും മറുപടി പറയുന്നു. സംഗതിയുടെ ഗൗരവം ഇവിടെ തീരുന്നില്ല. സി.എന്‍.എന്‍ എന്ന ടെലിവിഷന്‍ ശൃംഖല യൂടൂബുമായി സഹകരിച്ച്‌ 'CNN-Yotube presidential debate' എന്ന പ്രോഗ്രാം തന്നെ നടത്തുന്നു. സി.എന്‍.എന്‍ ന്റെ ലേഖകര്‍ക്ക്‌ ഓരോ വോട്ടര്‍മാരെയും തേടിയെത്താന്‍ പരിമിതികളുണ്ടാകും, ചിലപ്പോള്‍ ക്യാമറാസഘം എത്തുമ്പോള്‍ ഉചിതമായ/പ്രസക്തമായ ചോദ്യംവോട്ടറുടെ നാവിന്‍ തുമ്പില്‍ എത്തിയില്ലന്നും വരാം. ഇതിനു രണ്ടിനും പരിഹാരമായി ഏത്‌ വോട്ടര്‍ക്ക്‌ വേണമെങ്കിലും ചോദ്യങ്ങള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത ശേഷം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനുള്ള ചോദ്യം എന്ന്‌ യൂടൂബിലേക്ക്‌ ടാഗ്‌ ചെയ്യുക. വീഡിയോ, ബ്ലോഗ്‌, ചിത്രം എന്നിവ ഏത്‌ കാറ്റഗറിയില്‍ പെടുന്നു എന്ന്‌ സൂചിപ്പിക്കാനുള്ള ചെറുവാചകം അല്ലെങ്കില്‍ വാക്ക്‌ ആണ്‌ ടാഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇന്റര്‍നെറ്റില്‍ വിവരത്തിനായി പരതുമ്പോള്‍ നമ്മുടെ 'ടാഗ്‌' ശരിയായ വിവരം ലഭിക്കാന്‍ ഉപകാരമാകും. ഇത്തരത്തില്‍ യു. എസ്‌ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്‌ എന്ന ടാഗ്‌ വാക്ക്‌ ഉള്ള യൂടൂബ്‌ വീഡിയോ സി.എന്‍.എന്‍ അധികൃതര്‍ സര്‍ച്ച്‌ ചെയ്‌ത്‌ എടുക്കുകയും പ്രസക്തവും ഗൗരവുമുള്ളതുമായ ചോദ്യങ്ങള്‍ വേര്‍തിരിച്ച്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുന്‍പാകെ അവതരിപ്പിക്കുന്നു ഇതിനുള്ള പ്രതികരണം സി.എന്‍.എന്‍ പ്രൈം ടൈമില്‍ തന്നെ പ്രക്ഷേപണം ചെയ്യുന്നു. മാധ്യമ നിരീക്ഷകരായ നീല്‍സണ്‍ ന്റെ പഠനപ്രകാരം 2.6 ദശലക്ഷം പ്രേക്ഷകര്‍ ഇത്‌ കാണുകയും ചെയ്‌തു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികളില്‍ രണ്ടാം സ്ഥാനവും ഇതായിരുന്നു എന്നത്‌ സിറ്റിസണ്‍ ജേണലിസത്തിന്റെ വര്‍ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു. ടൈം വാര്‍ണര്‍ ഗ്രൂപ്പിന്റെ സി.എന്‍.എന്‍ ഉം ഇന്റര്‍നെറ്റ്‌ സര്‍ച്ചിംഗ്‌ രംഗത്തെ അതികായരായ ഗൂഗിളിന്റെ യൂടൂബും ഇവിടെ സഹകരിക്കുന്നത്‌ ഇനി വരാനിരിക്കുന്ന പല രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ പുത്തന്‍ പ്രചരണ ഉപാധികളുടെ ആദ്യ പാഠം കൂടിയാണ്‌.
2006 ലെ സമാനമായ ഒരു അവസരത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോര്‍ജ്ജ്‌ അലന്‍ (george Allen)ന്‌ യൂടൂബ്‌ യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്‌തു. Racism മായി ബന്ധപ്പെട്ട്‌ ജോര്‍ജ്‌ അലന്‍ നടത്തിയ ഒരഭിപ്രായ പ്രകടനം യൂടൂബിലൂടെ പ്രചരിക്കുകയും ആവര്‍ത്തിച്ച്‌ കാണുകയും ചെയ്‌തു.
Virginia Senator George Allen was regularly followed by a young man named S.R. Sidarth, who was working for the campaign of his challenger, Jim Webb. Sidarth's role was to record Allen's public appearances on video, in order to capture everything he said publicly, in case it could be used by the Webb campaign. On a campaign visit in August of that year, Allen publicly acknowledged Sidarth's presence to participants at the rally, referring to Sidarth on two occasions as "Macaca." Sidarth, who is of Indian descent, posted the video clip of Allen's comments on YouTube and other Web sites, where it was soon viewed by hundreds of thousands of Internet users. Soon the video became a major campaign issue, as Allen had to fend off charges that the word "macaca," which is a genus of primate, was used in a racially derogatory way. Allen apologized and maintained that the word held no derogatory meaning to him. Later that November, Allen lost his reelection bid by a narrow vote, and many commentators speculated that the user-generated content shot by Sidarth played a role in Jim Webb's defeat of Allen.

(Source: U.S. Department of State's Bureau of International Information Programs Official website : http://usinfo.state.gov/journals/itdhr/1007/ijde/carvin.htm )
ഈ യൂടൂബ്‌ വീഡിയോ തിരഞ്ഞെടുപ്പ്‌ വിധിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയെന്ന്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷകരും മാധ്യമങ്ങും പിന്നീട്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണും ക്യാമറയും വ്യാപകമായി വരുന്നതേയുള്ളൂ. ഒരു ചിത്രത്തിന്റെയോ വീഡിയോയുടെയോ തിരഞ്ഞെടുപ്പിലെ സ്വാധീനം നാം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂ. ചുരുക്കത്തില്‍ പറഞ്ഞാല്‍ യൂടൂബ്‌ പോലെയുള്ള ഫയല്‍ കൈമാറ്റയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ തക്കശക്തിയുള്ളതാണ്‌. ഇതിന്‌ കാരണമാകുന്നതോ ഒരോ വോട്ടറുടെയും കയ്യില്‍ കൊണ്ടു നടക്കാവുന്ന മൊബൈല്‍ / ഡിജിറ്റല്‍ കാമറയും വിവരവിനിമയത്തിന്‌ അരങ്ങൊരുക്കുന്ന ഇന്റര്‍നെറ്റും. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ഒരോ പാര്‍ട്ടിയുടെയും/ സ്ഥാനാര്‍ത്ഥികളുടെയും പിന്നണി പ്രവര്‍ത്തകര്‍ ഒരോന്നിന്റെയും ഗുണദോഷങ്ങള്‍ വിശദികരിക്കുന്ന വീഡിയോചിത്രങ്ങള്‍ യൂടൂബില്‍ ഇട്ട്‌ ഇലക്‌ട്രോണിക്‌ മത്സരത്തിന്‌ തീവ്രത കൂട്ടുകയും ചെയ്യും.

പഠന പ്രവര്‍ത്തനങ്ങള്‍ക്കും വീഡിയോ ഷെയറിംഗ്‌
കലാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചതാണ്‌ നമ്മുടെ നാട്ടിലെ വാര്‍ത്തയെങ്കില്‍ അമേരിക്കയിലെ വിശ്രുത സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്‌ മുറിയിലെ വീഡിയോ ക്ലിപ്പിംഗുകള്‍ വെബിലെത്തിക്കുന്നുണ്ട്‌. അടിയന്തിര സാഹചര്യങ്ങളില്‍ ക്ലാസിലെത്താന്‍ കഴിയാതിരുന്നവര്‍ക്കോ, കോളജില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കോ, വിദൂര വിദ്യാഭ്യാസത്തിനുള്ള (ഏകലവ്യന്‍) അവസരമാണ്‌ ഇത്തരം വീഡിയോ ക്ലാസിലൂടെ നല്‍കുന്നത്‌.

ശാസ്‌ത്രസാങ്കേതിക രംഗത്തെ പുകള്‍ പെറ്റ സ്ഥാപനമായ അമേരിക്കയിലെ എം.ഐ.ടി (മസാച്യൂസൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി) പാഠഭാഗങ്ങളെല്ലാം തന്നെ ഇന്റര്‍ നെറ്റില്‍ എത്തിച്ചുകഴിഞ്ഞു. പാഠം(text),ചിത്രം(image),വീഡിയോ എന്നീ രൂപത്തില്‍ പാഠഭാഗങ്ങള്‍ ഉപയോഗിക്കുന്നു. എം.ഐ.ടി യിലെ വിദ്യാര്‍ത്ഥികളല്ലാത്തവരാണ്‌ ഈ അവസരം പ്രയോജനപ്പെടുത്തുന്നവരിലധികവും. പഠന-ഗവേഷണകാര്യത്തില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന എം.ഐ.ടിയില്‍ ഇപ്പോഴുള്ള അധ്യാപകരില്‍ ഏഴുപേര്‍ നോബല്‍ സമ്മാനിതരാണ്‌. ഇതുവരെ ഈ കലാലയത്തില്‍ പഠിപ്പിച്ചവരില്‍ എഴുപത്തിയൊന്നു പേര്‍ നോബല്‍ സമ്മാനിതരായിട്ടുണ്ടന്ന്‌ പറയുമ്പോള്‍ എം.ഐ.ടി യുടെ അക്കാദമിക്‌ പെരുമ വ്യക്തമാകും. ഇന്റര്‍നെറ്റിലൂടെ വിദ്യാര്‍ത്ഥികളും അവരവര്‍ പകര്‍ത്തുന്ന വീഡിയോയും യൂടൂബ്‌ പോലുള്ള വീഡിയോ ഷെയറിംഗ്‌ സൈറ്റുകളില്‍ എത്തിക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ക്ലാസ്സുകള്‍ കാണുന്നതിനും http://www.ocw.mit.edu/ ഉം www.youtube.com/mit ഉം സന്ദര്‍ശിക്കുക.

ബെര്‍ക്ക്‌ലി കാലിഫോണിയ സര്‍വകലാശാലയാണ്‌ യൂടൂബില്‍ ആദ്യമെത്തിയ സര്‍വകലാശാല എന്നവകാശപ്പെടുന്നത്‌. 2007 ഒക്‌ടോബറില്‍ തന്നെ ഒട്ടേറെ വീഡിയോ ക്ലാസുകള്‍ കാലിഫോണിയ സര്‍വകലാശാലയില്‍ നിന്നും യൂടൂബിലെക്കെത്തി. സ്ഥല-കാല അതിര്‍ത്തികള്‍ ഭേദിച്ചാണ്‌ മികച്ച നിലവാരമുള്ള ക്ലാസ്‌റൂം വീഡിയോ എത്തുന്നത്‌. 2007 ഡിസംബറിലെ കണക്കുപ്രകാരം എം.ഐ.ടി യുടെ ഓപ്പണ്‍ കോഴ്‌സ്‌വെയര്‍ പ്രോജക്‌ടിലേക്ക്‌ മാസം തോറും 20 ലക്ഷം സന്ദര്‍ശകര്‍ എത്തുന്നു. ഇവരില്‍ 61 ശതമാനം പേരും അമേരിക്കക്ക്‌ പുറത്തുനിന്നും ഉള്ളവരും ആണ്‌.

*******