Thursday, December 27, 2007

ശാസ്‌ത്ര വിജ്‌ഞാന വിപ്ലവത്തിന്‌ ഇ-വായന

വിവിധ സ്രോതസ്സുകളില്‍നിന്ന്‌ വളരെ വേഗത്തില്‍ അറിവ്‌ ശേഖരിക്കാമെന്നതും മറ്റു മാധ്യമരൂപങ്ങളെയും കോര്‍ത്തിണക്കാമെന്നതും ശാസ്‌ത്ര ഇ-വായനയെ ഏറെ ജനപ്രിയമാക്കുന്നു.

ന്‍റര്‍നെറ്റും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും വിജ്‌ഞാനപോഷണത്തിന്‌ എത്രമാത്രം ഗുണപരമായി ഉപയോഗിക്കാമെന്ന്‌ ആദ്യം കണ്ടെത്തിയത്‌ ശാസ്‌ത്രസമൂഹംതന്നെയായിരുന്നു. ഇന്‍റര്‍നെറ്റിന്‍െറ തുടക്കംതന്നെ ഇങ്ങനെയൊരര്‍ഥത്തില്‍ ആയിരുന്നല്ലോ. വായനയുടെ ലക്ഷ്യം വിജ്‌ഞാനസമ്പാദനവും വിതരണവുമാണെങ്കില്‍ നൂറുപേജില്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ അതിനേക്കാള്‍ വിവരസമ്പുഷ്‌ടതയോടെ സമഗ്രമായി അവതരിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ക്കാകുന്നു.

ത്യാന്വേഷണമാണ്‌ ശാസ്‌ത്രത്തിന്റെ മുഖമുദ്ര എന്നാല്‍ കലയുടെത്‌ സൗന്ദര്യന്വേഷണവും. സത്യാന്വേഷണത്തിനായി ശാസ്‌ത്രം ആശ്രയിക്കുന്നത്‌ പരീക്ഷണ നിരീക്ഷണങ്ങളെയാണ്‌. അതും പലകാലങ്ങളില്‍ പലസ്ഥലങ്ങളില്‍ ഒരേ പരീക്ഷണഫലം വന്നാല്‍ മാത്രമേ ശാസ്‌ത്രത്തില്‍ സ്ഥായിയായി അംഗീകരിക്കപ്പെടുകയുള്ളൂ. കൂടുതല്‍ പെട്ടെന്ന്‌ അറിവിന്റെ രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തത്തിന്റെ വ്യാപനം സാദ്ധ്യമായാല്‍ ശാസ്‌ത്രനേട്ടം ജനങ്ങളിലെത്തും. ശാസ്‌ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും രൂപപ്പെടുത്തിയെടുക്കുകയും സാങ്കേതിക വിദഗ്‌ദര്‍ ഇതേ ആശയങ്ങളെ പിന്‍പറ്റി ഉത്‌പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്ത്‌ പൊതുസമൂഹത്തില്‍ എത്തിക്കുകയും ചെയ്യുന്നതാണല്ലോ രീതി. ഇന്റര്‍നെറ്റിന്റെ സ്വാധീനം ഈ രൂപകല്‌പനാചക്രത്തെ വളരെ എളുപ്പമുള്ളതാക്കി. കൂടുതല്‍ എളുപ്പം ആശയ വിനിമയം ഉണ്ടായാല്‍ വളരെയെളുപ്പം സാങ്കേതിക പുരോഗതിയും അതുവഴി സാമൂഹിക പുരോഗതിയും കൈവരും. ശാസ്‌ത്രത്തിലെ ഒരറിവ്‌ / ആശയം സാങ്കേതിക വിദ്യയില്‍ ഒന്നിലേറെ ഉത്‌പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ കാരണമാകാറുണ്ട്‌.
പ്രമുഖ ഫ്യൂച്ചറോളജിസ്‌റ്റും എഴുത്തുകാരനുമായ ആല്‍വിന്‍ ടോഫ്‌ളര്‍ മനുഷ്യവികാസചരിത്രത്തെ മൂന്ന്‌ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. മൂന്ന്‌ തരംഗം എന്നാണ്‌ ഇദ്ദേഹം വിശേഷിപ്പിക്കുന്നത്‌. ഒന്നാം തരംഗം കാര്‍ഷികരംഗത്തിന്‍െറ ഉത്ഭവവും വളര്‍ച്ചയും, രണ്ടാം തരംഗം വ്യാവസായിക വളര്‍ച്ചയും വികസനവും, മൂന്നാം തരംഗം വാര്‍ത്താവിനിമയ ഉപാധികളുടെ കാലവുമാണ്‌. ഈ കാലഘട്ടത്തിലാണ്‌ നാമിപ്പോള്‍ ജീവിക്കുന്നത്‌. ശാസ്‌ത്രജ്‌ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കുമിടയില്‍ ഐടിയുടെയും അനുബന്‌ധ വിനിമയോപാധികളുടെയും സ്വാധീനം ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്‌. ശാസ്‌ത്രഅറിവുകള്‍ ഒരു സാമൂഹ്യ ഉല്‍പ്പന്നമാണ്‌. ശാസ്‌ത്രജ്‌ഞരോ സാങ്കേതിക വിദഗ്‌ധരോ ആശയങ്ങളും പുതുചിന്തകളും സ്‌ഥിതിവിവരക്കണക്കുകളും വിശകലനവും പങ്കുവയ്‌ക്കുന്നത്‌ കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക്‌ തുടക്കംകുറിക്കും. ശാസ്‌ത്ര പുരോഗതിയെ വളരെയേറെ സഹായിക്കുന്നതും ഇത്തരം സഹവര്‍ത്തിത്വത്തോടെയുള്ള ചര്‍ച്ചകളാണ്‌. വിവരശേഖരണം, ഏകോപനം, പുതുവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, വിവരവിപണനം, പ്രോജക്‌ട്‌ തയ്യാറാക്കല്‍, വിവരാപഗ്രഥനം എന്നിവയ്‌ക്ക്‌ ഐടി ഉപകരണങ്ങളും വിനിമയസംവിധാനങ്ങളും ഏറെ സഹായിക്കുന്നുണ്ട്‌. ഇലക്‌ട്രോണിക്‌ ആശയവിനിമയ ഉപാധികളായ ചാറ്റ്‌, ഇ-മെയില്‍, ഗ്രൂപ്‌സ്‌, ഇ-പുസ്‌തകങ്ങള്‍, ഓണ്‍ലൈന്‍ ജേണലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍, ബ്ലോഗുകള്‍, ഒരു പ്രത്യേക പ്രോജക്‌ടിനുവേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട സൈറ്റുകള്‍, പരിമിതമായ/നിയന്ത്രിത വിവര കൈമാറ്റം ഉറപ്പുവരുത്തുന്ന ഫയല്‍ ട്രാന്‍സ്‌ഫര്‍ രീതികള്‍ എന്നിവ ശാസ്‌ത്രസമൂഹം നിലവില്‍ ഉപയോഗിക്കുന്നു.

ശാസ്‌ത്രലേഖനങ്ങളിലും പ്രബന്‌ധങ്ങളിലും ബന്‌ധപ്പെട്ട ജേണലിലേക്കോ പുസ്‌തകത്തിലേക്കോ നമ്പര്‍/ചിഹ്‌നം എന്നിവ നല്‍കി അടിക്കുറിപ്പായി വിവര ഉറവിടം നല്‍കാറുണ്ട്‌. ഇ-വായനയില്‍ ഇത്തരം അടിക്കുറിപ്പുകളില്‍ (ഹൈപ്പര്‍ ലിങ്ക്‌) ക്ലിക്ക്‌ചെയ്‌ത്‌ യഥാര്‍ഥ വിവരത്തിലെത്തി കൂടുതല്‍ വായന സാധ്യമാക്കാം. വിവിധ സ്രോതസ്സുകളില്‍നിന്ന്‌ വളരെ വേഗത്തില്‍ അറിവ്‌ ശേഖരിക്കാമെന്നതും മറ്റു മാധ്യമരൂപങ്ങളെയും കോര്‍ത്തിണക്കാമെന്നതും ശാസ്‌ത്ര ഇ-വായനയെ മികച്ചതാക്കി. രാമന്‍ ഇഫക്‌ടിനെക്കുറിച്ച്‌ വായിക്കുന്നവര്‍ക്ക്‌ രാമന്‍ ഇഫക്‌ടിന്‍െറ ടെക്‌സ്‌റ്റ്‌, വീഡിയോ, രാമന്‍െറ പരീക്ഷണശാലയുടെ ഇമേജുകള്‍ എന്നിവയിലേക്ക്‌ വളരെ പെട്ടെന്ന്‌ സഞ്ചാരം നടത്താം എന്നതുതന്നെ ഉദാഹരണം.

ഐ.ടിയുടെ വ്യാപനത്തിന്‌ മുന്‍പ്‌ 10,12 മാസം വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ഗവേഷകരുടെ (Literature Scan) വിവരശേഖരണ കാലം. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ സഹായത്തോടെ ഒരു മാസം കൊണ്ട്‌ പ്രസ്‌തുത വിവരതിരച്ചിലിണക്കാളും മികച്ച വിവരശേഖരണം നടത്താം. വേണമെങ്കില്‍ റഫറന്‍സ്‌ പുസ്‌തകം വായിച്ച ശേഷം ആമസോണിലോ (www.amazon.com) മറ്റ്‌ സമാന ഇ-പുസ്‌തകശാലകളിലോ ഓഡര്‍ ചെയ്‌ത്‌ വരുത്തുകയുമാകാം. ഗവേഷണത്തിനായി തയ്യാറാക്കിയ കുറിപ്പുകള്‍ വളരെപ്പെട്ടെന്ന്‌ എഡിറ്റ്‌ ചെയ്യാം. ഗൈഡിന്‌, അദ്ദേഹം എവിടെയിരുന്നാലും അയച്ചുകൊടുക്കാം. സഹഗവേഷകരുമായി ഫയല്‍ കൈമാറ്റം വരുത്തി വിവര സമ്പുഷ്‌ടത ഉറപ്പുവരുത്താം. അതേ സമയം തന്നെ പ്രസ്‌തുത പ്രബന്ധത്തിലെ ഏതെങ്കിലും ഒരു വരിയോ ഭാഗമോ അടര്‍ത്തിയെടുത്ത്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ ഗവേഷകന്‍ 'വിവര മോഷണം' നടത്തിയോ എന്ന്‌ ഗൈഡിനും അറിയാം. ഏതായാലും ശാസ്‌ത്ര പ്രബന്ധങ്ങളുടെ നിലവാരത്തെ ഇന്റര്‍നെറ്റ്‌ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌.

ന്‍ജിനീയറിംഗ്‌ മേഖലയിലെ രൂപകല്‌പനയ്‌ക്ക്‌ ഡ്രായിംഗ്‌ ബോഡുകള്‍ അനിവാര്യഘടകമായിരുന്നല്ലോ. ഇന്ന്‌ ഓട്ടോകാഡ്‌ പോലുള്ള സോഫ്‌ട്‌വെയര്‍ പാങ്കേജിലൂടെ വളരെ പെട്ടെന്ന്‌ രൂപകല്‌പനയും, വിശകലനവും (analysis) നടത്താം. മുന്‍പ്‌ മാസങ്ങള്‍ എടുത്തിരുന്ന പ്രക്രീയയാണ്‌ ഇന്ന്‌ കേവലം മണിക്കൂറുകളിലേക്ക്‌ ചുരുങ്ങിയത്‌.ഗഹനങ്ങളായ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതാനും അത്യന്തം ലളിതവും സരസവുമായ പോപ്പുലര്‍ സയന്‍സ്‌ ലേഖനം എഴുതാനും ഇന്ന്‌ വിദഗ്‌ദരെന്നപോലെ പൊതുസമൂഹവും ഇന്റര്‍നെറ്റ്‌ സര്‍ച്ചിനെയും ഓണ്‍ലൈന്‍ ജേണലുകളെയും ആശ്രയിക്കുന്നുണ്ട്‌.

ന്ത്രം ഉപയോഗിച്ച്‌ ഒരു ഭാഷയിലെ ലേഖനം മറ്റൊരു ഭാഷയിലേക്ക്‌ മാറ്റുന്ന രീതിയാണ്‌ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍. ഐന്‍സ്‌റ്റീന്‍െറ ശാസ്‌ത്രകണ്ടുപിടിത്തങ്ങള്‍ സത്യേന്ദ്രനാഥ്‌ ബോസും മേഘനാഥ്‌ സാഹയും ചേര്‍ന്നാണ്‌ ഇംഗ്ലീഷിലേക്ക്‌ എത്തിച്ച്‌ കൂടുതല്‍ വായന സാധ്യമാക്കിയതെങ്കില്‍ ഇന്ന്‌ ഈ ജോലി കംപ്യൂട്ടര്‍ നിര്‍വഹിച്ചുകൊള്ളും. ഗൂഗിള്‍ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ രീതി പരീക്ഷണാടിസ്‌ഥാനത്തില്‍ വികസിപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഈ സംവിധാനത്തിന്‌ പോരായ്‌മകളുണ്ടെങ്കിലും സാവധാനം ഉള്ളടക്കമികവ്‌ കൈവരിക്കുന്ന രീതിയില്‍ ഇത്‌ വികസിക്കും. ഇതുവഴി ശാസ്‌ത്ര സാങ്കേതിക മേഖലയില്‍ ഭാഷയുടെ അതിര്‍വരമ്പുകളും ഇല്ലാതായേക്കാം.

പകരണങ്ങളുടെ, ഗവേഷണപുസ്‌തകങ്ങളുടെ മറ്റ്‌ അനുബന്‌ധ സംവിധാനങ്ങളുടെ വര്‍ധിച്ച മുതല്‍മുടക്കും ആവര്‍ത്തനച്ചെലവുമാണ്‌ വികസ്വര/അവികസിത മേഖലകളിലെ ശാസ്‌ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കും അറിവിന്‍െറ ശേഖരണത്തിനും ഉല്‍പ്പാദനത്തിനും തടസ്സമായി നിന്നത്‌. ശാസ്‌ത്രത്തില്‍ ഐടി യുടെ ഫലപ്രദമായ ഇടപെടല്‍ ജനാധിപത്യപരമായ അറിവിന്‍െറ വിതരണം നിര്‍വഹിക്കും. ഇതുവഴി ഇതുവരെ പങ്കാളിത്തമില്ലാതിരുന്ന ശാസ്‌ത്രജ്‌ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കും ആഗോളശാസ്‌ത്രസമൂഹത്തില്‍ ഇടംനേടിക്കൊടുക്കുകയും ചെയ്യുന്നു.
Knowledge is Power അറിവാണ്‌ ശക്‌തി. അറിവിന്‍െറ നീതിപൂര്‍വമായ വിതരണമാണ്‌ സമൂഹത്തിന്‍െറ ശക്‌തി. ഇതിന്‌ ഇന്‍റര്‍നെറ്റ്‌ അധിഷ്‌ഠിത വായന സഹായകമാകുമെങ്കില്‍ ശാസ്‌ത്ര സാങ്കേതിക മേഖലയിലെ അറിവിന്‍െറ നേട്ടം വളരെ പെട്ടെന്ന്‌ എത്തും. കഴിഞ്ഞ പത്തുവര്‍ഷത്തെ സാങ്കേതികവളര്‍ച്ച അതിനുമുമ്പ്‌ അമ്പതുവര്‍ഷം ഉണ്ടായതിനേക്കാള്‍ മികവാര്‍ന്നതാണെന്ന്‌ കാണാം. ഇതിനു സഹായിച്ചത്‌ ഇലക്‌ട്രോണിക്‌ വിനിമയോപാധികളാണെന്നത്‌ വസ്‌തുതയുമാണ്‌.