Wednesday, December 05, 2007

ഗൂഗിള്‍ ബുക്‌ പ്രോജക്‌ട്‌

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്‌ത്‌ ഇന്റര്‍നെറ്റിന്റെ ഭാഗമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടര്‍ വഴി വായനക്കാനരന്‌ ലഭ്യമാക്കുന്ന സേവനമാണ്‌ ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌. ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ രംഗത്തെ നൂതനമായ സംവിധാനങ്ങളിലൂടെയും സേവന മികവിന്റെയും അടിസ്ഥാനത്തില്‍ പ്രശസ്‌തിയിലേക്കും മികച്ച വിപണി പങ്കാളിത്തത്തിലേക്കും വളരെ പെട്ടെന്ന്‌ ഉയര്‍ന്നുവന്ന സ്ഥാപനമാണ്‌ ഗൂഗിള്‍. പത്തുവര്‍ഷത്തിനുള്ളില്‍ 15 ദശലക്ഷം പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ലോകത്താകമാനമുള്ള വായനാപ്രേമികള്‍ക്കായി ഏതു സമയത്തും വായിക്കാന്‍ എത്തിക്കുകയെന്നതാണ്‌ ഗൂഗിള്‍ ദൗത്യം.ബുക്‌ സര്‍ച്ചിലേക്കുള്ള കൃതികള്‍ ഗൂഗിള്‍ പ്രോജക്‌ടില്‍ പങ്കാളികളായ എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നുമാണ്‌ ലഭിക്കുന്നത്‌. പുസ്‌തകത്തിന്റെ എത്രമാത്രം ഭാഗം വായിക്കാന്‍ അനുവദിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇവരാണ്‌. ചിലപ്പോള്‍ പുസ്‌തകം അപ്പാടെ വായിക്കാന്‍ അനുവദിക്കും. അല്ലെങ്കില്‍ പ്രസക്തമായ പേജുകള്‍ ഇ-വായന നടത്താം. പകര്‍പ്പവകാശ സമയപരിധി കഴിഞ്ഞ പുസ്‌തകങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനിലൂടെ വായിക്കുകയോ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക്‌ പകര്‍ത്തുകയോ ചെയ്യാം.

ഗൂഗിള്‍ പ്രോജക്‌ടില്‍ പങ്കാളികളല്ലാത്ത സ്ഥാപനങ്ങളുടെ പുസ്‌തകങ്ങളെക്കുറിച്ച്‌ പരിമിതമായ വിശദാംശങ്ങളേ ലഭിക്കൂ. എന്നിരുന്നാലും സമീപത്തുള്ള ഒരു പുസ്‌തകക്കടയിലേക്ക്‌ പോകാതെ തന്നെ മറിച്ചുനോക്കുന്ന വായനാനുഭവം ലഭിക്കും. ഒപ്പം വേണമെങ്കില്‍ ഓണ്‍ലൈനാലോ ഓഫ്‌ ലൈനാലോ പുസ്‌തകം ഓഡര്‍ ചെയ്‌ത്‌ വായിക്കുകയും ആകാം.ബുക്‌ സര്‍ച്ച്‌, ഓണ്‍ലൈന്‍ പുസ്‌തക വായന, ബുക്‌ റിവ്യൂ, വെബ്‌ റഫറന്‍സുകള്‍, പുസ്‌തകം ഓണ്‍ലൈനായി വില്‍ക്കുന്ന ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക്‌, പുസ്‌തകം ഉള്ള ലൈബ്രറിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിന്റെ പ്രധാന സവിശേഷതകളാണ്‌.പകര്‍പ്പവകാശം കഴിഞ്ഞതും വിസ്‌മൃതിയിലായതുമായ പുസ്‌തകങ്ങള്‍ക്കും പുരാതന വിവരശേഖരങ്ങളും ഡിജിറ്റലൈസ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നത്‌ പുതുവായനക്കാര്‍ക്കും ഗവേഷകര്‍ക്കും അനുഗ്രഹമാണ്‌. മിക്കപ്പോഴും ഇത്തരം പുസ്‌തകങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറെയില്ലാത്തതിനാല്‍ വിപണി സാദ്ധ്യതയുണ്ടാകില്ല. അതുകൊണ്ട്‌ തന്നെ അച്ചടി പതിപ്പുകളിറക്കാന്‍ പ്രസാധകര്‍ തയ്യാറാവുകയുമില്ല.

ഫ്രാങ്ക്‌ഫര്‍ട്ട്‌ ബുക്‌ഫെയറില്‍ ഈ ആശയം 2004 ഒക്‌ടോബറില്‍ അവതരിപ്പിക്കുമ്പോള്‍ ഗൂഗിള്‍ പ്രിന്റ്‌ എന്നാണ്‌ ഈ പ്രോജക്‌ട്‌ അിറയപ്പെട്ടിരുന്നത്‌. എന്നാല്‍ 2005 നവംബര്‍ 17 ന്‌ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ എന്ന പുതിയ പേര്‌ സ്വീകരിച്ചു. പകര്‍പ്പവകാശം നിലനില്‍ക്കുന്ന പുസ്‌തകങ്ങളുടെ വിശദാംശങ്ങള്‍ പലതും ബുക്‌സര്‍ച്ചില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാദത്തിലും ഈ പ്രോജക്‌ട്‌ അകപ്പെട്ടു കഴിഞ്ഞു. ആഥേഴ്‌സ്‌ ഗില്‍ഡ്‌ പോലുള്ള സംഘടനകള്‍ പകര്‍പ്പവകാശ ലംഘനം, ബൗദ്ധിക സ്വത്തവകാശത്തിനെതിരെയുള്ള കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാണിച്ച്‌ വിവിധ കോടതികളില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പക്ഷേ, എഴുത്തുകാരനും പ്രസാധകനും കൂടുതല്‍ വായനക്കാരനിലേക്ക്‌ പുസ്‌തക വിവരം എത്തിക്കാന്‍ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ വഴി സാധിക്കുന്നുവെന്ന്‌ കണക്കുകള്‍ ഉദ്ധരിച്ച്‌ ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്‌.

പുസ്‌തകങ്ങള്‍ ഇത്തരത്തില്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നത്‌ അച്ചടി പതിപ്പുകളുടെ വില്‌പനയെ പ്രതികൂലമായി ബാധിക്കുമെന്ന സംശയം മിക്ക കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്‌. എന്നാല്‍ ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ അനുഭവം മറിച്ചാണ്‌. 1534 ല്‍ കിംഗ്‌ ഹെന്‍ട്രി എട്ടാമന്‍ സ്ഥാപിച്ച ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രസാധകരിലൊന്നാണ്‌. അക്കാദമിക്‌, പ്രൊഫഷണല്‍ പുസ്‌തകങ്ങളില്‍ ഗുണമേന്മ കൊണ്ടും, മികച്ച വില്‌പനക്കണക്കുകള്‍ കൊണ്ടും ഇന്നും ഈ പ്രസാധകര്‍ മുന്നില്‍ തന്നെയാണ്‌. ഓരോ വര്‍ഷവും 1200 ലേറെ മികച്ച പുസ്‌തകങ്ങള്‍ വായനക്കാരനിലേക്കെത്തിക്കുന്ന ഇവര്‍ക്ക്‌ 24,000 ലേറെ പുസ്‌തകം പ്രിന്റിലുണ്ട്‌. ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ ഗുണനിലവാരവും ഗൂഗിളിന്റെ സേവന നൂതനത്വവും കൂടി ചേരുമ്പോള്‍ നേട്ടം വായനക്കാരനും പ്രസാധകനുമാണ്‌. ഗൂഗിള്‍ ബുക്‌ സര്‍ച്ചിലേക്ക്‌ ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ പങ്കാളിയായതോടെ പുസ്‌തക വിലപ്‌നയെ പറ്റി ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്‌ടില്‍ ചേരുന്നതിനു മുന്നിലെ (2003 ലെ) വില്‌പനയും 2006 ലെ വില്‌പനയും തമ്മില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം നടത്തി. 20 ശതമാനം കൂടുതല്‍ വില്‌പന ഗൂഗിള്‍ സര്‍ച്ച്‌ വഴി ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസിനുണ്ടായി എന്ന്‌ പഠനത്തില്‍ വ്യകതമായി. ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ വഴി വായനക്കാര്‍ ഓണ്‍ലൈനായി പുസ്‌തകം ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു. ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കെത്തുന്ന 65 ശതമാനം പേരും ബുക്‌ സെര്‍ച്ച്‌ വഴിയാണെന്ന്‌ ഗൂഗ്‌ള്‍ അനലിറ്റിക്‌സ്‌ സേവനം ഉപയോഗിച്ച്‌ നടത്തിയ വെബ്‌ നിരീക്ഷണത്തിലും തെളിഞ്ഞു. പ്രസാധകര്‍ ഉപേക്ഷിച്ചതും എന്നാല്‍ വായനക്കാര്‍ സ്‌നേഹിക്കുന്നതുമായ പുസ്‌തകങ്ങള്‍ ഇത്തരത്തില്‍ കണ്ടുപിടിച്ച്‌ പഴയ പുസ്‌തകങ്ങള്‍ക്ക്‌ പുതുവിപണി കണ്ടെത്താനും ബുക്‌സര്‍ച്ച്‌ സഹായകമാകുന്നുണ്ട്‌.

ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ പ്രോജക്‌ടുമായി ലോകത്തിലെ മിക്ക സര്‍വകലാശാലകളും പബ്ലിക്‌ ലൈബ്രറികളും സഹകരിക്കുന്നുണ്ട്‌. ഹാര്‍വാഡ്‌, ഒക്‌സ്‌ഫഡ്‌, സ്റ്റാന്‍ഫഡ്‌, കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നീ സര്‍വകലാശാലകള്‍, ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറി പോലുള്ള സ്ഥാപനങ്ങള്‍ എന്നിവ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിലെ പങ്കാളികളില്‍ ചിലരാണ്‌. മൈസൂര്‍ സര്‍വകലാശാലയിലെ എട്ട്‌ ലക്ഷത്തോളം പുസ്‌തകങ്ങളും ഡിജിറ്റലൈസ്‌ ചെയ്യാന്‍ സാങ്കേതിക സഹകരണം ആയി കഴിഞ്ഞു. താളിയോലകളും കൈയ്യെഴുത്തു പ്രതികളും അടക്കമുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പേറ്റന്റ്‌ നേടിയശേഷം പൊതുജന ഉപയോഗത്തിനായി ലഭ്യമാക്കുന്നതിനാണ്‌ പദ്ധതിയിട്ടിട്ടുള്ളത്‌. പുരാതന രേഖകളും പുസ്‌തകങ്ങളും ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ആര്‍ക്കീവ്‌സ്‌ ലേക്ക്‌ സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക്‌ ലഭ്യമാക്കുന്നതിനും യു.ജി.സി.യുടെ സാമ്പത്തിക സഹായവും മൈസൂര്‍ സര്‍വകലാശാലക്ക്‌ ലഭിക്കുന്നുണ്ട്‌.200 ദശലക്ഷം യു.എസ്‌ ഡോളര്‍ ചിലവഴിച്ച്‌ 2015 ഓടെ ലക്ഷക്കണക്കിന്‌ പുസ്‌തകങ്ങള്‍ ലോകത്തിലെ ഏത്‌ വ്യക്തിക്കും ഏതു സമയത്തും എത്തിക്കുക എന്നതാണ്‌ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ ലക്ഷ്യമിടുന്നത്‌. പുസ്‌തകങ്ങള്‍ റോബര്‍ട്ട്‌ നിയന്ത്രിത സ്‌കാനര്‍ ഉപയോഗിച്ച്‌ വളരെ വേഗത്തിലാണ്‌ ഒപ്പിയെടുക്കുന്നത്‌.

ഗൂഗിള്‍ ഇത്തരത്തില്‍ വന്‍ പദ്ധതികളുമായി മുന്നോട്ട്‌ പോകുമ്പോള്‍ പ്രതിയോഗികളും വിവര വിനിമയ സാങ്കേതികവിദ്യാ രംഗത്തെ മറ്റു സ്ഥാപനങ്ങളും ഒന്നിച്ചണിനിരന്നു കഴിഞ്ഞു. ഗൂഗിളിന്റെ സാങ്കേതിക വൈദഗ്‌ദ്യത്തെ നേരിടാനായി യാഹൂ, അഡോബി, ഹെവ്‌ലറ്റ്‌ പക്കാര്‍ഡ്‌, സിറോക്‌സ്‌ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന്‌ ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സ്‌ എന്ന പേരില്‍ കുറച്ചുകൂടി സ്വതന്ത്രമായ ഒരു ഡിജിറ്റല്‍ ലൈബ്രറി സംവിധാനം രൂപ്പെടുത്തിക്കഴിഞ്ഞു. ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ ആയാലും യാഹൂ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സ്‌ ആയാലും ഒരുകാര്യം ഉറപ്പാണ്‌ 2015 ഓടെ മിക്ക പുസ്‌തകങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. ഓട്ട്‌ ഓഫ്‌ പ്രിന്റ്‌ ഗണത്തില്‍പ്പെട്ട പുസ്‌തകങ്ങള്‍ ഇനി അന്വേഷിച്ച്‌ ഏറെ അലയേണ്ടിവരില്ല എന്ന്‌ ചുരുക്കം. ഒരു അദൃശ്യ ഗ്രന്ഥ#ാല (ഇന്‍വിസിബിള്‍ ലൈബ്രറി) പതുക്കെ രൂപം കൊള്ളുകയാണ്‌ എന്ന്‌ അനുമാനിക്കാം.

വിവിധ സ്രോതസുകളില്‍ നിന്ന്‌ വളരെ ലളിതമായി അറിവ്‌ ശേഖരിക്കാനുള്ള ഉപകരണം എന്ന നിലയില്‍ ഇന്റര്‍നെറ്റിനെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റിന്റെ ലഭ്യതയുടെയും പ്രാപ്യതയുടെയും തോത്‌ നോക്കിയാല്‍ വികസത രാജ്യങ്ങള്‍ വളരെ മുന്നിലാണെന്ന്‌ കാണാം. ടെലഫോണ്‍ സാന്ദ്രത കുറവായ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനും തടസങ്ങളുണ്ടാകാം. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ പുരോഗമിക്കുന്നതോടുകൂടി ഇന്റര്‍നെറ്റിന്റെ ചിലവും കുറയുകയും ലഭ്യത ഏറുകയും ചെയ്യും. ഇങ്ങനെയുള്ള അവസരത്തില്‍ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിനും യാഹൂ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സിനും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുടെ ചാലകശക്തിയാകാന്‍ കഴിയും.

ന്റര്‍നെറ്റിന്‌ ബഹുമുഖ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍, വര്‍ത്തമാനപത്രങ്ങള്‍, റേഡിയോ, ടെലഫോണ്‍ എന്നിവയില്‍ നിന്നും വളരെ വ്യത്യസ്‌തവും ഒപ്പം ഈ വ്യത്യസ്‌ത മാധ്യമങ്ങളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഘടനയുമാണ്‌. ടെക്‌സ്റ്റ്‌ (പാഠം), ശബ്‌ദം, വീഡിയോ, ആനിമേഷന്‍ എന്നിവ യഥേഷ്‌ടം ഉള്‍പ്പെടുത്താമെന്നതും ഇന്ററാക്‌ടിവിറ്റിയുടെ തലം ഉണ്ടെന്നതും വിവരശേഖരണത്തെ ഏറെ സഹായിക്കുകയും ചെയ്യുന്നു. ഒരു ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയായി മാറുന്നതോടെ സഹവര്‍ത്തിത്വത്തിന്റെ നേട്ടം വര്‍ദ്ധിക്കുന്നതോടൊപ്പം ഒരു സാമൂഹിക ശൃംഖലയായി മാറുകയും ചെയ്യുന്നു. പുസ്‌തകങ്ങള്‍ ലൈബ്രറിയുടെ നാലുചുമരുകള്‍ക്കപ്പുറം കടന്ന്‌ ഭൂമിശാസ്‌ത്ര അതിരുകള്‍ ഭേദിച്ച്‌ ഒരു സാമൂഹിക ആസ്‌തിയായി മാറുന്നു. ഇതുതന്നെയാണ്‌ ഇന്റര്‍നെറ്റ്‌ മുന്നോട്ടുവയ്‌ക്കുന്ന വിവരശേഖരണത്തിന്റെയും വ്യാപനത്തിന്റെയും ശക്തിയും സൗന്ദര്യവും.