Saturday, December 01, 2007

ഇ-പുസ്‌തകങ്ങളുടെ അമൂല്യശേഖരം

ച്ചടിയുടെ ലോകത്തിന്‌ പുറത്ത്‌ ഒരു വിജ്ഞാന ശേഖരമൊരുക്കുന്ന കഥ പ്രശസ്‌ത ശാസ്‌ത്രകഥാകാരനായ എച്ച്‌.ജി. വെല്‍സ്‌ തന്റെ വേള്‍ഡ്‌ ബ്രെയിന്‍(1937) എന്ന നോവലില്‍ സൂചിപ്പിക്കുന്നുണ്ട്‌. എച്ച്‌.ജി.വെല്‍സിന്റെ പ്രവചനത്തെ കവച്ചുവയ്‌ക്കുന്ന രീതിയിലാണ്‌ ഇന്ന്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന വിവര-വിജ്ഞാന വിസ്‌ഫോടനം. പകര്‍പ്പവകാശം കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തതോ ആയ പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ഏത്‌ പൗരനും ഇന്റര്‍നെറ്റിലൂടെ എവിടെയിരുന്നും വായിക്കാനും സ്വന്തം കംപ്യൂട്ടറിലേക്കോ ഇ-ബുക്ക്‌ റീഡറിലേക്കോ പകര്‍ത്തിവയ്‌ക്കാനോ സൗകര്യമൊരുക്കുന്ന സേവനമാണ്‌ പി.ജി എന്ന ചുരുക്കെഴുത്തില്‍ അിറയപ്പെടുന്ന പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌.


വിക്കീപീഡിയയിലേതുപോലെ വോളണ്ടിയര്‍മാരുടെ ശ്രമഫലമായാണ്‌ പകര്‍പ്പവകാശം കഴിഞ്ഞ അമൂല്യപുസ്‌തകങ്ങള്‍ ഇന്റര്‍നെറ്റിലേക്ക്‌ ശേഖരിക്കുന്നത്‌. ഒക്‌ടോബര്‍ 2007 വരെ 22,000ത്തോളം പുസ്‌തകങ്ങള്‍ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ എന്ന ഡിജിറ്റല്‍ പുസ്‌തകശാലയിലേക്ക്‌ ചേര്‍ത്തുകഴിഞ്ഞു.അമേരിക്കയിലെ ഇല്ലിനിയോസ്‌ സര്‍വകലാശാലയിലെ പഥാര്‍ത്ഥവിജ്ഞാനീയ വകുപ്പിലെ വിദ്യാര്‍ത്ഥിയായിരുന്ന മൈക്കേല്‍.എസ്‌.ഹാര്‍ട്ട്‌ 1971 ല്‍ തുടങ്ങിവച്ചതാണ്‌ ഇന്റര്‍നെറ്റിലെ ഏറ്റവും പഴക്കം ചെന്ന ഇ-ലൈബ്രറി. വിദ്യാര്‍ത്ഥിയായിരിക്കെ മൈക്കെല്‍ ഹാര്‍ട്ടിന്‌ സിറോക്‌സ്‌ സിഗ്‌മ മെയിന്‍ ഫ്രെയിം കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ ഇടപഴകാനും അവസരം കിട്ടി. ഇങ്ങനെ കിട്ടിയ വിലപിടിച്ച കംപ്യൂട്ടര്‍ സമയം ഭാവിതലമുറക്ക്‌ എക്കാലവും ഗുണകരമാകുന്ന ഒരു സംരംഭത്തിന്‌ വേണ്ടി വിനിയോഗിക്കണമെന്ന ആഗ്രഹത്തിനൊടുവിലാണ്‌ കംപ്യൂട്ടര്‍ ശൃംഖലകളില്‍ ലഭ്യമാകുന്ന പുസ്‌തകം എന്ന ആശയം പൊട്ടിമുളച്ചത്‌. തികച്ചും സ്വതന്ത്രവും സൗജന്യവുമായ ലഭ്യത ഭാവിയില്‍ ഏറെ വായനക്കാരെ ആകര്‍ഷിക്കുമെന്ന്‌ ഇദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു.

മൈക്കേല്‍ ജോലി ചെയ്‌തിരുന്ന കംപ്യൂട്ടര്‍ ഇന്റര്‍നെറ്റിലേക്ക്‌ ആദ്യമായി കൂട്ടിയിണക്കപ്പെട്ട കംപ്യൂട്ടറുകളിലൊന്നായിരുന്നുവെന്നത്‌ ഏറെ സൗകര്യമായി. ഒരു കാലത്ത്‌ ഈ ചെറുകംപ്യൂട്ടര്‍ ശൃംഖല ലോകത്തെ നിരവധി രാജ്യങ്ങളിലേക്ക്‌ പടര്‍ന്നുകിടക്കുന്ന വന്‍ ശൃംഖലയാകുമെന്ന്‌ മൈക്കേല്‍ സ്വപ്‌നം കണ്ടത്‌ വെറുതെയായില്ല. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോനാസ്‌ ഗുട്ടന്‍ബര്‍ഗിന്റെ പേരിലാണ്‌ പ്രോജക്‌ട്‌ നാമകരണം ചെയ്‌തത്‌. ഇന്ന്‌ ഒണ്‍ലൈന്‍ കാറ്റലോഗും, സര്‍ച്ചിംഗ്‌ സംവിധാനവുമൊക്കയായി വിവിധ ഭാഷകളിലും രാജ്യങ്ങളിലും സ്വതന്ത്രമായ പതിപ്പുകളുമായി ഇ-പുസ്‌തകശേഖരം വളരുകയാണ്‌. ഓരോ ആഴ്‌ചയിലും അന്‍പതോളം പുസ്‌തകങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.ആദ്യകാലത്ത്‌ മൈക്കേല്‍ ഹാര്‍ട്ട്‌ തന്നെയായിരുന്നു എല്ലാ ജോലികളും ഇതിലേക്കായി ചെയ്‌തിരുന്നത്‌. ഇന്ന്‌ ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന വോളണ്ടിയര്‍മാര്‍ ടൈപ്പിംഗും പ്രൂഫ്‌റീഡിംഗും വികേന്ദ്രീകൃതമായ രീതിയില്‍ കുറ്റമറ്റ ശൈലിയില്‍ ചെയ്‌തുതീര്‍ക്കുന്നു. സ്ഥാപകനായ മൈക്കലിന്റെ ഇപ്പോഴത്തെ ജോലി ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഗുട്ടന്‍ബര്‍ഗ്‌ വോളണ്ടിയര്‍മാരെ ഏകോപിപ്പിക്കുക എന്നതാണ്‌.

ളരെ ലളിതമാണ്‌ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗിന്റെ ഘടന. പുസ്‌തകം കമനീയമായി രൂപകല്‌പന ഒന്നും ചെയ്യില്ല. ഏത്‌ കംപ്യൂട്ടര്‍ ഫോര്‍മാറ്റിലേക്കും മാറ്റാവുന്ന തരത്തില്‍ പ്ലെയിന്‍ ടെക്‌സ്റ്റ്‌ ആയി ആണ്‌ ഇത്‌ ലഭ്യമാക്കിയിട്ടുള്ളത്‌. ആര്‍ക്കുവേണമെങ്കിലും ഇത്‌ പകര്‍ത്തിയെടുത്ത്‌ അച്ചടിക്കുകയോ, കമനീയമായി രൂപകല്‌പന ചെയ്‌ത്‌ ഇന്റര്‍നെറ്റില്‍ തന്നെയോ സി ഡി/ഡി വി ഡി രൂപത്തിലോ സ്വതന്ത്രമായി വിതരണം ചെയ്യാനുള്ള സ്വാതന്ത്രവും പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ നല്‌കുന്നുണ്ട്‌. പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗിനെ അനുകരിച്ചും രൂപഭേദത്തോടെയും നവസംരഭങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇന്ന്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ഴുത്തുകാരന്റെ പേരോ, കൃതിയുടെ പേരോ, ബുക്ക്‌ നമ്പരോ ഉപയോഗിച്ച്‌ എളുപ്പത്തില്‍ പുസ്‌തക ശേഖരത്തില്‍ തിരച്ചില്‍ നടത്താം. വളരെ ലളിതമായ രൂപകല്‌പനയായതിനാല്‍ ഇന്റര്‍നെറ്റ്‌ വേഗത കുറഞ്ഞ (ഡയല്‍ അപ്‌) കംപ്യൂട്ടറില്‍ പോലും അനായാസമായി പുസ്‌തകം ഡൗണ്‍ലോഡ്‌ ആകുമെന്നത്‌ എടുത്തു പറയേണ്ട സവിശേഷതയാണ്‌. ലോകത്തിലെ വന്‍കിട സ്ഥാപനങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ വായനക്കാരനില്‍ നിന്നും പണമൊന്നും ഈടാക്കാതെ, ജനങ്ങളാല്‍ അപ്‌ലോഡ്‌ ചെയ്യുന്ന അവര്‍ തന്നെ പ്രൂഫ്‌റീഡ്‌ ചെയ്യുന്ന ജനങ്ങളുടെ സ്വന്തം ഗ്രന്ഥശേഖരം ഇന്റര്‍നെറ്റ്‌ പ്രദാനം ചെയ്യുന്ന നേട്ടങ്ങളിലൊന്നാണ്‌.ചില സന്നദ്ധസേവകര്‍ 'ബെസ്റ്റ്‌ ഓഫ്‌ ഗുട്ടന്‍ ബര്‍ഗ്‌' എന്ന പേരില്‍ ഒരുകൂട്ടം ഇ-പുസ്‌തകങ്ങളെ സി ഡി/ഡി വി ഡി രൂപത്തിലേക്ക്‌ പകര്‍ത്തിയെടുത്ത്‌ വായനക്കാര്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. ഇതുവഴി ഇന്റര്‍നെറ്റ്‌ ചെന്നെത്താത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഗുട്ടന്‍ബര്‍ഗ്‌ കൂട്ടായ്‌മയുടെ ഗുണഫലവും വായനയുടെ പുതുസാദ്ധ്യതകളും എത്തും. സിഡിയില്‍ നിന്നും ഒരു കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തിയ ശേഷം സുഹൃത്തിനോ മറ്റൊരു വിദ്യാലയത്തിനോ നല്‍കിയാല്‍ അവര്‍ക്കും ഇതുപോലെ പകര്‍ത്തിയ ശേഷം മറ്റൊരാള്‍ക്ക്‌ നല്‍കാം. പണച്ചിലവില്ലാതെ നടക്കുന്ന ഇത്തരം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ വായനയുടെ പുതിയ സാദ്ധ്യതകളാണ്‌.

1971 ജൂലൈ നാലാം തീയതി ഒരു പ്രവചനമെന്നോണം മൈക്കേല്‍ ഹാര്‍ട്ട്‌ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയായിരുന്നു ?ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നായ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിലെ പുസ്‌തശേഖരം ഒരു കയ്യിലൊതുങ്ങുന്ന കാലം വരും?. അക്കാലത്തെ കംപ്യൂട്ടറിന്റെ വലിപ്പം വച്ചുനോക്കുമ്പോള്‍ ഇത്‌ തമാശയായി കാണാനെ തരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട്‌ കംപ്യൂട്ടറിന്റെ സംഭരണശേഷയിലും വലിപ്പത്തിലും അത്ഭുതകരമായ മാറ്റങ്ങളാണ്‌ സംഭവിച്ചത്‌, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. 2007 ല്‍ ഭൗതികശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതും കംപ്യൂട്ടര്‍ മാഗ്‌നറ്റിക്‌ മെമ്മറിയുടെ വലിപ്പം കുറയ്‌ക്കാനുതകുന്ന കണ്ടുപിടിത്തത്തിനാണെന്നതും എടുത്തു പറയേണ്ടതുണ്ട്‌. ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്‌ വച്ച്‌ നോക്കുകയാണെങ്കില്‍ അടുത്ത പത്ത്‌ വര്‍ഷത്തിനകം ലോകത്തില്‍ ഇന്നോളം പുറത്തിറങ്ങിയ പുസ്‌തകങ്ങളെല്ലാം ഉള്ളം കൈയ്യിലൊതുക്കാവുന്ന തരത്തില്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ വികാസം പ്രാപിക്കുമെന്ന്‌ നിസംശയം പറയാം.

പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗിലേക്ക്‌ ആദ്യം പകര്‍ത്തപ്പെട്ട പുസ്‌തകം അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനരേഖയായിരുന്നു ഇതിനെ തുടര്‍ന്ന്‌ അന്നത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനയായ ബില്‍ ഓഫ്‌ റൈറ്റസ്‌ ഡിജിറ്റലൈസ്‌ ചെയ്‌തു. ഇതിലേക്ക്‌ ശേഖരിക്കുന്ന പുസ്‌തകങ്ങളെല്ലാം പകര്‍പ്പവകാശം കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തവയോ ആണ്‌. പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരാത്ത പുരാതന രേഖകളും സര്‍ക്കാരിന്റെയും സര്‍ക്കാരിതര സംഘടനകളുടെയും ഔദ്യോഗിക രേഖകളും മതഗ്രന്ഥങ്ങളും ഗുട്ടന്‍ബര്‍ഗ്‌ ശേഖരത്തിലേക്ക്‌ ചേര്‍ക്കുന്നുണ്ട്‌.

നിലവില്‍ കൂടുതല്‍ പുസ്‌തകങ്ങളും ഇംഗ്ലീഷിലാണെന്നതും പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ മാത്രമാണ്‌ ലഭ്യമാണെന്നതും ന്യൂനതയായി തോന്നാം. വിപണിയിലെ ബെസ്റ്റ്‌ സെല്ലറുകള്‍ പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇവിടെ കാണാനാകില്ലെങ്കിലും ഭാവിയില്‍ പകര്‍പ്പവകാശകാലം കുറയുമെന്ന്‌ പ്രതീക്ഷിക്കാം. മാത്രവുമല്ല, ഇപ്പോള്‍ ലഭ്യമായ ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക്‌ വോളണ്ടിയര്‍മാര്‍ തര്‍ജിമ ചെയ്യാനും പദ്ധതിയിടുന്നുണ്ട്‌. വിശ്വോത്തര ക്ലാസ്സിക്കുകള്‍ യൂണികോഡ്‌ ഫോണ്ടില്‍ പ്രാദേശിക ഭാഷയിലൂടെ എത്തിയാല്‍ ഇന്റര്‍നെറ്റിന്റെ ഇംഗ്ലീഷ്‌ മേധാവിത്വം കുറയുകയും ഇപ്പോഴും ഇന്റര്‍നെറ്റ്‌ മാധ്യമത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ജനങ്ങളെ കൂടി നവമാധ്യമസാധ്യതകളിലേക്ക്‌ ആകര്‍ഷിക്കാനും സാധിക്കും.1989 വരെ എല്ലാ പുസ്‌തകങ്ങളും കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ നേരിട്ട്‌ ടൈപ്പ്‌ ചെയ്‌ത്‌ ഡിജിറ്റലൈസ്‌ ചെയ്യുന്ന രീതിയായിരുന്നു തുടര്‍ന്നുവന്നത്‌. എന്നാല്‍ ടൈപ്പ്‌ ചെയ്യാത്ത തന്നെ പുസ്‌തകങ്ങള്‍ അക്ഷരങ്ങളായി ഒപ്പിയെടുക്കാവുന്ന ഒപ്‌ടിക്കല്‍ സ്‌കാനിംഗ്‌ സാങ്കേതികവിദ്യയുടെ വരവോടെ ഇ-പുസ്‌തകശേഖരത്തിലേക്ക്‌ കൂടുതല്‍ പുസ്‌തകങ്ങള്‍ കടുന്നുവരാന്‍ തുടങ്ങി.

ഭാവിയില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ തന്നെ ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക്‌ ടെക്‌സ്റ്റിനെ മാറ്റാനുള്ള രീതി (മെഷീന്‍ ട്രാന്‍സ്‌ലേഷന്‍) യും വ്യാപകമാകും. ഒപ്പം ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ എന്ന പ്രയോഗം കാര്യക്ഷമമാകുന്നതോടെ സാഹിത്യ കൃതി കേട്ട്‌ ആസ്വദിക്കുകയുമാകാം. 1994 വരെയുള്ള ആദ്യ മുപ്പത്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ 5000 പുസ്‌തകങ്ങള്‍ ശേഖരിക്കപ്പെട്ടെങ്കില്‍ പിന്നീടുള്ള 5000 പുസ്‌തകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ മുപ്പത്‌ മാസങ്ങള്‍ പോലും വേണ്ടി വന്നില്ലെന്നത്‌ സാങ്കേതിക വിദ്യയുടെ വികാസം ഇത്തരത്തിലുള്ള സംരഭങ്ങളെ ഗുണപരമായി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ്‌.

കര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ മാത്രമാണ്‌ ഇവിടെ ലഭ്യമാകന്നത്‌ എന്ന്‌ സൂചിപ്പിച്ചല്ലോ. എന്നാല്‍ പുതുതായെത്തുന്ന പുസ്‌തകങ്ങളും ബെസ്റ്റ്‌ സെല്ലറുകളും ഡിജിറ്റല്‍ ശേഖരത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെങ്കിലും ഷേക്‌സ്‌പിയര്‍ കൃതികള്‍, ആര്‍തര്‍കോനന്‍ഡോയിലിന്റെ ഷെര്‍ലക്‌ ഹോംസ്‌ കഥകള്‍, എൗ്‌ഗാര്‍ റൈസ്‌ ബൗറസിന്റെ ടാര്‍സന്‍, മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ഗീതാജ്ഞലി അടക്കമുള്ള മിക്ക കൃതികള്‍ തുടങ്ങി എക്കാലവും വായനക്കാരെ ആകര്‍ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കൃതികള്‍ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗില്‍ സുലഭമാണ്‌.ഗുട്ടന്‍ബര്‍ഗ്‌ ഇ-പുസ്‌തക ശേഖരത്തെ മുഖ്യമായും മൂന്നായി തിരിക്കാം. ഒന്നാമത്തെ വിഭാഗമായ മൃദുസാഹിത്യത്തില്‍ (light literature) ആലീസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡ്‌, ഈസോപ്പ്‌ കഥകള്‍ തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ വിഭാഗമായ കനപ്പെട്ട സാഹിത്യത്തില്‍ (Heavy literature) ഷേക്‌സ്‌പിയര്‍ കൃതികള്‍, ബൈബിള്‍ പോലുള്ള മതഗ്രന്ഥങ്ങള്‍ എന്നിവയും മൂന്നാമത്തെ വിഭാഗത്തില്‍ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍, നിഘണ്ടു, തിസോറസ്‌, വിജ്ഞാനകോശങ്ങള്‍ എന്നിവയുമാണ്‌.

ദ്യത്തെ നൂറോളം പുസ്‌തകങ്ങള്‍ ഗുട്ടന്‍ബര്‍ഗ്‌ സ്ഥാപകന്‍ മൈക്കേല്‍ ഹേര്‍ട്ട്‌ സ്വയം ടൈപ്പ്‌ ചെയ്‌തതാണെങ്കില്‍ ഇന്ന്‌ വോളണ്ടിയര്‍മാരുടെ ശ്രമഫലമായി മാസംതോറും 400 ഓളം പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക്‌ മാറ്റുന്നു. ഓരോ മാസവും ലക്ഷക്കണക്കിന്‌ ഡൗണ്‍ലോഡും വായനക്കാര്‍ വെബ്‌സൈറ്റ്‌ വഴി നടത്തുന്നുവെന്നത്‌ വോളണ്ടിയര്‍ ശ്രമങ്ങളുടെ ഫലപ്രാപ്‌തിയെയാണ്‌ സൂചിപ്പിക്കുന്നത്‌. 13-ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന്‌ 'ദി മാഗ്‌നാകാര്‍ട്ട' യാണ്‌ ഈ ശേഖരത്തിലേക്ക്‌ 10,000 -ാമത്‌ ആയി കൂട്ടിചേര്‍ക്കപ്പെട്ട പുസ്‌തകം ഓരോ ദിവസവും അഞ്ഞൂറോളം പ്രൂഫ്‌ റീഡര്‍മാര്‍ 8,000 ഓളം പേജുകള്‍ തെറ്റുതിരുത്തുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. യൂറോപ്പ്‌, ആസ്‌ട്രേലിയ തുടങ്ങിയ ദേശങ്ങളില്‍ സ്വതന്ത്രമായ പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗ്‌ സംരഭങ്ങളും നിലവില്‍ വന്നുകഴിഞ്ഞു. 2015 ആകുമ്പോഴേക്കും പത്തുലക്ഷം പുസ്‌തകങ്ങളാണ്‌ ഈ ഡിജിറ്റല്‍ പുസ്‌തകശാലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. നിലവിലുള്ള വളര്‍ച്ചാനിരക്കും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലെ വികാസവും വച്ച്‌ പരിശോധിക്കുമ്പോള്‍ 2015 ന്‌ മുന്‍പ്‌ തന്നെ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.ഹോം പേജില്‍ തന്നെ ഓണ്‍ലൈന്‍ കാറ്റലോഗ്‌, അഡ്‌വാന്‍സ്‌ഡ്‌ സര്‍ച്ച്‌, പുതിയ ഇ-ബുക്കുകള്‍, കൂടുതല്‍ ഡൗണ്‍ ലോഡ്‌ ചെയ്യപ്പെട്ട ഇ-ബുക്കുകള്‍, കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാര്‍ എന്നിവ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌ ഈ വെബ്‌സൈറ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഓപ്പണ്‍ ഫോര്‍മാറ്റില്‍ ലഭിക്കുന്നതിനാല്‍ വായനക്കാരന്‌ ഇഷ്‌ടമുള്ള രീതിയില്‍ രൂപകല്‌പന നടത്തി വായിക്കാമെന്നതും എടുത്തു പറേണ്ട മേന്മയാണ്‌.പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ വെബ്‌സൈറ്റ്‌ - http://www.gutenberg.org