Friday, June 29, 2007

ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്

ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ അറിയാമല്ലോ? ഇതുപോലെതന്നെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും (പ്രധാന പേജ്‌) തുടര്‍ പേജുകളും ഉണ്ടാകും.

പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടുതാഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ടും ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ്‌ എന്ന പദമാണ്‌ ബ്ലോഗ്‌ എന്നായി മാറിയത്‌. ബ്ലോഗുകള്‍ അതിന്റെ കരുത്ത്‌ കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു. യഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി ബ്ലോഗിലൂടെ പുറംലോകത്തെത്തിക്കൊണ്ടിരിക്കുന്നു. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി.

അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. 2005-ല്‍ ഒരു കോടിയിലധികം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ്‌ കണക്ക്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

ബ്ലോഗ്‌ നിര്‍മ്മാണം
ഇ-മെയില്‍ പോലെ തന്നെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ബ്ലോഗ്‌ സേവനം നല്‌കുന്നുണ്ട്‌. കൂട്ടത്തില്‍ പ്രചുരപ്രചാരം ഉള്ള ഒരു സൈറ്റാണ്‌ www.blogger.com പേഴ്‌സണല്‍ ഓണ്‍ലൈന്‍ പബ്ലിഷിങ്‌ എന്നും ബ്ലോഗിനെ പറയാം. ഒരു ബ്ലോഗര്‍ ആകുന്നതിന്‌ ആദ്യം നേടേണ്ടത്‌ ബ്ലോഗ്‌ സേവനം നല്‌കുന്ന ഏതെങ്കിലും ഒരു സൈറ്റിലെ അക്കൗണ്ടാണ്‌. നേരത്തെ സൂചിപ്പിച്ച blogger.com ഗൂഗ്‌ള്‍ നിയന്ത്രണത്തിലുള്ളതാണ്‌.

Create an account എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ നിര്‍ദ്ദേശാനുസരണം ഇ-മെയില്‍ വിലാസം, ബ്ലോഗിന്‌ ഒരു പേര്‌, മറ്റ്‌ അത്യാവശ്യ വിവരങ്ങള്‍ എന്നിവ നല്‌കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന ഘട്ടത്തില്‍ ഉചിതമായ ഒരു പശ്ചാത്തലം/ലേ ഔട്ട്‌ തിരഞ്ഞെടുക്കാം. ഇതോടെ ഘടനാപരമായി ഒരു ബ്ലോഗ്‌ തയ്യാറായി കഴിഞ്ഞു, ഇനി ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനായി ടൈപപ്പ്‌ ചെയ്‌താല്‍ മതിയാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. പുതിയ ലേഖനങ്ങള്‍/കുറിപ്പുകള്‍ ടൈപ്പ്‌ ചെയ്‌തു publish ബട്ടണ്‍ അമര്‍ത്തി പ്രസ്‌തുതവിവരം `ബൂലോക'ത്തെത്തിക്കാം.

ഇനി പബ്ലിഷ്‌ ചെയ്‌ത വിവരത്തിന്‌ ഭംഗി പോരെങ്കില്‍ എഡിറ്റ്‌ ചെയ്യുകയുമാകാം. ഇ-മെയിലില്‍ നിന്നും വിഭിന്നമായി ബ്ലോഗിന്‌ വ്യക്തിപരമായ പേര്‌ നല്‌കാറില്ല. പലപ്പോഴും പൊതുവായ പേരുകളാണ്‌ പ്രശസ്‌തമായ പല ബ്ലോഗിനും ഉള്ളത്‌. ഉദാ. എന്റെ മലയാളം. ചിലര്‍ കളിപേരുകളാണ്‌ ഉപയോഗിക്കുന്നത്‌. സുനാമി ദുരന്തമുണ്ടായപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ പോസ്‌റ്റ്‌ ചെയ്‌ത സുനാമി ഹെല്‍പ്‌ ബ്ലോഗ്‌ എന്ന വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം അപ്‌ഡേറ്റായ വിവരങ്ങള്‍ നല്‌കാന്‍ സുനാമി ഹെല്‍പ്‌ ബ്ലോഗിന്‌ കഴിഞ്ഞു. ഇ-മെയിലില്‍നിന്നും വിഭിന്നമായി ഭാഷാപരമായ ഒരു പ്രത്യേകതകൂടി ബ്ലോഗിനുണ്ട്‌. പ്രാദേശിക ഭാഷയിലെ ബ്ലോഗിനാണ്‌ വായനക്കാര്‍ കൂടുതല്‍. മലയാളത്തില്‍തന്നെ നൂറുകണക്കിന്‌ ബ്ലോഗുകള്‍ നിലവില്‍വന്നു കഴിഞ്ഞു. പ്രശസ്‌തരും അപ്രശസ്‌തരും തങ്ങളുടെ വിചാരധാരകള്‍ പങ്കുവയ്‌ക്കുന്നു.

യൂണികോഡിലുള്ള ഫോണ്ടില്‍ ടൈപ്പ്‌ ചെയ്‌താല്‍ മലയാളം പോലുള്ള ഭാഷകളില്‍ ബ്ലോഗ്‌ എഴുതുകയും വായിക്കുകയും ചെയ്യാം. വരമൊഴി പോലുള്ള സോഫ്‌ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യാം.

akshaya എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ `അക്ഷയ' എന്ന്‌ മലയാളത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വലിയ ചെറിയ (Lower case & Capital case) അക്ഷരങ്ങള്‍ക്ക്‌ വരമൊഴിയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കണം. ഒരേ അക്ഷരം തന്നെ സ്‌മാള്‍/ക്യാപിറ്റല്‍ വ്യത്യാസത്തിന്‌ രണ്ടുരീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. kari എന്നെഴുതിയാല്‍ `കരി' എന്നും KaRi എന്നെഴുതിയാല്‍ `കറി' എന്നുമാകും സ്‌ക്രീനില്‍. തുടക്കത്തില്‍ ഇത്‌ ബുദ്ധിമുട്ടാകുമെങ്കിലും സാവധാനം പരിചയിച്ചുകൊള്ളും.ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം.

സിഡ്‌നിയിലും, കൊളംബോയിലും, ചിക്കാഗോയിലും, ഷാര്‍ജയിലുമെല്ലാം ഇരുന്ന്‌ കുറിപ്പുകളെഴുതുന്നത്‌ തൊട്ടടുത്തവീട്ടിലെ കുറിപ്പുകളെന്നപോലെ വായിക്കാമെന്നത്‌ ബ്ലോഗിങ്‌ ഒരുക്കുന്ന വിശാലമായ ക്യാന്‍വാസിന്റെ പ്രത്യേകതയാണ്‌.ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം (2005) നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും.

അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

വൈദ്യുതി ലാഭിക്കാന്‍ എല്‍.സി.ഡി മോണിറ്ററുകള്‍

ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത്‌ നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ്‌ വൈദ്യുതിയാകും എന്ന്‌ ലളിതമായി പറയാം. കംപ്യൂട്ടറില്‍ തന്നെ മോണിറ്ററാണ്‌ വൈദ്യുതിയുടെ സിംഹഭാഗവും അപഹരിക്കുന്നത്‌.

കംപ്യൂട്ടര്‍ വഴി പാട്ട്‌ കേള്‍ക്കുമ്പോള്‍ മോണിറ്റര്‍ ഓഫ്‌ ചെയ്യുക. പാട്ടിന്‌ കാഴ്‌ചയുടെ സാധ്യത ഇല്ലാത്തിടത്തോളം മോണിറ്റര്‍ ഓഫാക്കി വയ്‌ക്കാമല്ലോ. ഇതു വഴി മാത്രം മോണിറ്ററിന്റെ വലിപ്പമനുസരിച്ച്‌ 60-70% വൈദ്യുതി ലാഭിക്കാനാകും.

എന്നാല്‍ ഇതിലൊക്കെ ഉപരിയായി, ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുന്ന എല്‍.സി.ഡി മോണിറ്ററുകള്‍ ഒരു വലിയ ഊര്‍ജസംരക്ഷണ സാധ്യതയാണ്‌ നമുക്ക്‌ മുന്നില്‍ തുറന്നിടുന്നത്‌. ഒരു 17 ഇഞ്ച്‌ സാധാരണ മോണിറ്റര്‍ (ഇതിനെ കാഥോഡ്‌ റേ ട്യൂബ്‌ ?CRT- മോണിറ്റര്‍ എന്നാണ്‌ പറയുക. ടി.വി യുടെ അതേ തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.)80 മുതല്‍ 100 വാട്ട്‌ വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതേ വലിപ്പത്തിലുള്ള സ്‌ക്രീന്‍ പ്രദാനം ചെയ്യുന്ന എല്‍.ഡി.സി മോണ്‌റ്റര്‍ 45 വാട്ട്‌ വരെ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു.

മറ്റൊരു തരത്തില്‍ പരമ്പരാഗത മോണിറ്ററുകള്‍ക്ക്‌ കറണ്ട്‌ ആര്‍ത്തിയാണെന്നു പറയാം. കാരണം മറ്റൊന്നുമല്ല, മുമ്പ്‌ സൂചിപ്പിച്ചതുപോലെ കാഥോഡ്‌ റേ ട്യൂബിലെ കാഥോഡ്‌ ഒരു ചുട്ടു പഴുത്തഫിലമെന്റാണ്‌. കോണാകൃതിയിലുള്ള വാക്വം ട്യൂബിനുളിളില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഫിലമെന്റാണ്‌ വില്ലന്‍. ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്‌. സ്‌ക്രീനില്‍ പുരട്ടിയിട്ടുള്ള ഫോസ്‌ഫറില്‍ ഇലക്‌ട്രോണ്‍ ബീം വന്നു പതിക്കുമ്പോഴാണ്‌ ചിത്രമായി പ്രത്യക്ഷപ്പെടുക. ഈ പ്രവര്‍ത്തനം തന്നെയാണ്‌ വൈദ്യുതോര്‍ജം ഏറെയും ഉപയോഗിക്കുന്നത്‌. എന്നാല്‍ എല്‍.ഡി.സി. മോണിറ്ററുകളില്‍ ലിക്വിഡ്‌ ക്രിസ്റ്റലുക വര്‍ണ വിന്യാസം വഴി ചിത്രാലേഖനം നടക്കുന്നതിനാല്‍ വളരെ കുറച്ച്‌ വൈദ്യുതി മതിയാകും.

എന്തൊക്കെയാണ്‌ എല്‍.ഡി.സി മോണിറ്ററിന്റെ മറ്റു നേട്ടങ്ങള്‍

എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല. എന്നാല്‍ സാധാരണ മോണിറ്ററുകളാകട്ടെ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ താരതമ്യേന ഉയര്‍ന്ന അളവിലുള്ള താപം പുറത്തേയ്‌ക്ക്‌ വിടുന്നു. ഏകദേശം 50 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഹാളിലെ താപനില ക്രമാതീതമായി ഉയരാന്‍ ഇതു കാരണമാകും. അതോടൊപ്പം എസിയുടെ ലോഡ്‌ കൂടുകയും ചെയ്യും. ഇതേ ഹാളില്‍ എല്‍.സി.ഡി. മോണിറ്ററാണ്‌ ഉപയോഗിക്കുന്നത്‌ എന്നിരിക്കട്ടെ നേരിട്ടുള്ള ഊര്‍ജലാഭം 50 % വും പരോക്ഷമായിട്ടുള്ള എസി യുടെ ലോഡ്‌ കുറയുന്നതടക്കം) ഊര്‍ജ്ജലാഭം 10% വരെ വരികയും ചെയ്യും.

വൈദ്യുതിയുടെ പണിമുടക്കിനാശ്രയം യു.പി.എസ്‌ ആണല്ലോ. സാധാരണ മോണിറ്ററിന്‌ 10 മിനിറ്റ്‌ ബാക്ക്‌ അപ്‌ തരുന്ന യു.പി.എസ്‌ എല്‍.സി.ഡി മോണിറ്ററുള്ള കംപ്യൂട്ടറിനെ 20 മിനിറ്റ്‌ വരെ പ്രവര്‍ത്തിക്കാനനുവദിക്കും.

ഇതോടൊപ്പം ഭാരം വളരെ കുറവാണെന്നുള്ളതും എല്‍.സി.ഡിയുടെ മേന്‍മയാണ്‌.

ഇത്തരം മോണിറ്റര്‍ കൊണ്ടുള്ള സ്ഥലലാഭം 20% ഉണ്ടാകും. ഉന്തിനില്‍ക്കുന്ന പിന്‍ഭാഗം ഇല്ലാത്തതിനാലാണ്‌ ഇത്രയും സ്ഥലം ലാഭിക്കാന്‍ കഴിയുന്നത്‌.

കാഴ്‌ചയിലും കേമന്‍ എല്‍.സി.ഡി മോണിറ്ററുകള്‍ തന്നെ. ഇത്‌ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം മതിലിലോ, മേശപ്പുറത്തോ സൗകര്യപ്രദമായി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിറ്റ്‌ ടി.വി.ക്വിസ്‌ ഷോയില്‍ അമിതാബ്‌ ബച്ചന്‌ മുന്നില്‍ ആകര്‍ഷകമായി ചരിച്ചു പിടിപ്പിച്ചിരിക്കുന്ന എല്‍.സി.ഡി മോണിറ്റര്‍ നമുക്ക്‌ സുപരിചിതമാണല്ലോ.

ആരോഗ്യരംഗത്ത്‌ ശസ്‌ത്രക്രീയാ മുറികളില്‍ മതിലില്‍ പിടിപ്പിക്കുന്ന 40 ഇഞ്ച്‌ സ്‌ക്രീനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. ഊര്‍ജലാഭത്തിലുപരിയായി അനവധി നേട്ടങ്ങളാണ്‌ ഇവിടെ ഇത്തരം മോണിറ്ററുകളെ ഉപയുക്തമാക്കുന്നത്‌. സാധാരണ മോണിറ്ററുകള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ വഴിയാണ്‌ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇലക്‌ട്രോ മാഗ്നെറ്റിക്‌ പ്രതിബന്ധങ്ങള്‍ (elecro magnetic interference) ഉണ്ടാക്കും, ശസ്‌ത്രക്രിയാ മുറിയില്‍ സൂക്ഷ്‌മതയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഏറെ ഉള്ളതിനാല്‍ സാധാരണ മോണിറ്ററില്‍ നിന്നുള്ള ഇത്തരം സാങ്കേതിക തടസങ്ങള്‍ ഏറെ പ്രശ്‌നങ്ങല്‍ സൃഷ്‌ടിക്കുന്നുണ്ടായിരുന്നു, ഇത്‌ കൂടാതെ ചെറിയ തോതില്‍ എക്‌സ്‌റെ പ്രസരണവും സാധാരണ മോണിറ്ററുകള്‍ ഉണ്ടാക്കുന്നു.

സാധാരണ മോണിറ്ററുകളിലെ ഫ്‌ളിക്കര്‍ ഇഫക്‌റ്റ്‌ (ഇലക്‌ട്രോണ്‍ ബീം സ്‌കാനിങ്ങിനോടൊപ്പം ഉണ്ടാകുന്ന പ്രതിഭാസം) മനുഷ്യനേത്രത്തിന്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ എല്‍.സി.ഡി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കംപ്യൂട്ടറിലൂടെ വായിക്കുമ്പോള്‍ എല്‍.സി.ഡി സാധാരണ മോണിറ്ററിനെ അപേക്ഷിച്ച്‌ 20% അധികം നേരം വായിക്കാന്‍ സാധിക്കുന്നു എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഏറെ നേരം ബുദ്ധിമുട്ടില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും സാധിക്കുന്നു. ചുരുക്കി പരഞ്ഞാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം താരതമ്യേന എല്‍.സി.ഡി മോണിറ്ററുകള്‍ക്ക്‌ കുറവാണ്‌.

പ്രവര്‍ത്തനകാലം വെച്ചുള്ള താരതമ്യ പഠനത്തിലും എല്‍.സി.ഡി മോണിറ്ററുകള്‍ 25-50% അധികം നാള്‍ നിലനില്‍ക്കുന്നു എന്ന്‌ കാണാം. സാധാരണ മോണിറ്ററുകളുടെ പുറം ഭിത്തി ഗ്ലാസ്സ്‌ കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌. അതുകൊണ്ട്‌ തന്നെ ടി.വി യുടേത്‌ പോലെ -ഗ്ലെയര്‍- കാഴ്‌ചയ്‌ക്ക്‌ തടസ്സം സൃഷ്‌ടിക്കും. എല്‍.സി.ഡി മോണിറ്ററില്‍ ഗ്ലാസ്സ്‌ ഉപയോഗിച്ചുള്ള പുറം ഭിത്തി ഇല്ലാത്തതിനാല്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകുന്നില്ല.

ഇതൊക്കെ വിലയിരുത്തുമ്പോള്‍ സാധാരണ മോണിറ്റര്‍ അത്രയ്‌ക്ക്‌ പിന്നോക്കകാരനാണെന്ന്‌ കരുതണ്ട. വിലയില്‍ ഇപ്പോഴും കുറവ്‌ ഇവയ്‌ക്കുതന്നെ. എന്നാല്‍ വാങ്ങുന്ന വില മാത്രം കണക്കാക്കി ഒരു ഉപകരണത്തിന്റെ മികവ്‌ എങ്ങനെ രേഖപ്പെടുത്താനാകും. അതിന്റെ ഊര്‍ജഉപഭോഗ ചെലവ്‌ കൂടി കണക്കാക്കുമ്പോള്‍ ഈ വിലക്കുറവ്‌ ആത്യന്തികമായി നഷ്‌ടമാണെന്ന്‌ ബോദ്ധ്യമാകും.

വശങ്ങളില്‍ നിന്ന്‌ കാണുമ്പോള്‍ എല്‍.സി.ഡി യിലെ ചിത്രത്തിന്‌ മിഴിവ്‌ ഉണ്ടായിരിക്കുകയില്ലെന്ന്‌ മാത്രമല്ല പലപ്പോഴും കാഴ്‌ചയ്‌ക്ക്‌ വിഘാതം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ കംപ്യൂട്ടര്‍ സാധാരണയായി അഭിമുഖമായി ഇരുന്നാണല്ലോ ഉപയോഗിക്കാറുള്ളത്‌. കൈകാര്യം ചെയ്യാന്‍ സാധാരണ മോണിറ്ററുകളാണ്‌ സൗകര്യപ്രദം. സ്‌ക്രീന്‍ ഏല്‍ക്കുന്ന ചെറിയതോതിലുള്ള ക്ഷതമൊന്നും സാധാരണ മോണിറ്ററുകള്‍ക്ക്‌ ഭീഷണിയല്ല. എന്നാല്‍ തീരെ ചെറിയ മര്‍ദമാണ്‌ ഉണ്ടാകുന്നതെങ്കില്‍ പോലും എല്‍.സി.ഡി ഉപയോഗശൂന്യമായി പോയേക്കാം.

ഇന്ന്‌ ലോകത്തിലെ മോണിറ്റര്‍ വില്‌പനയുടെ 30% ളം എല്‍.സി.ഡി കൈയടക്കിക്കഴിഞ്ഞു. ഇതോടൊപ്പം ഈ മേഖലയില്‍ നല്ല വളര്‍ച്ചാ നിരക്കും എല്‍.സി.ഡി കാണിക്കുന്നുണ്ട്‌. ഇന്നത്തെ നിരക്ക്‌ വച്ച്‌ 2008 ആകുമ്പോഴേക്കും 90%ലേറെ കംപ്യൂട്ടറുകളിലും എല്‍.സി.ഡി ആകും ഉണ്ടാകുക. ജപ്പാനില്‍ മാത്രം മൊത്തം കംപ്യൂട്ടറിന്റെ 75% എല്‍.സി.ഡി കൈയടക്കിയാല്‍ 3 ബില്യന്‍ യൂണിറ്റ്‌ വൈദ്യുതിയായിരിക്കും ലാഭിക്കുക. അതായത്‌ അവിടുത്തെ 3 വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക്‌ തുല്യം.(source: http://home.jeita.or.jp/device/lirec/english/enviro/contribut.htm ) എല്‍.സി.ഡി യുടെ നേട്ടം ആരംഭം തൊട്ടേ ലഭ്യമാക്കിയ ഏക ഉപകരണം ലാപ്‌ ടോപ്പ്‌ കംപ്യൂട്ടറുകള്‍ തന്നെയാണ്‌. ഏതായാലും വാല്‍വ്‌ റേഡിയോ സ്വീകരണമുറിയില്‍ നിന്ന്‌ ഷോക്കേസിലേക്ക്‌ ഒരു കാഴ്‌ച വസ്‌തു ആയി മാറിയതുപോലെ മോണിറ്ററുകളും തൊട്ടടുത്ത്‌ സ്ഥാനം പിടിച്ചേക്കുന്ന കാലം വിദൂരമല്ല.

_______________15ഇഞ്ച്‌എല്‍.സി.ഡി* _____17ഇഞ്ച്‌ സി.ആര്‍.ടി.
ഊര്‍ജഉപഭോഗം ___________25 W ______________70 W
വൈദ്യുതചാര്‍ജ്‌ ________Rs 7 /യൂണിറ്റ്‌ _________Rs 7 /യൂണിറ്റ്‌ .
ഉപയോഗം/ദിവസം ______12 മണിക്കൂര്‍__________ 12 മണിക്കൂര്‍
ഉപയോഗം/വര്‍ഷം_______4380 മണിക്കൂര്‍_______ 4380 മണിക്കൂര്‍
വൈദ്യുതിയൂണിറ്റ്‌്‌/വര്‍ഷം_______109.5units__________ 306.6Units
വൈദ്യുതചാര്‍ജ്‌/വര്‍ഷം ________Rs.766.50/ _________Rs.2146.20/
വൈദ്യുതചാര്‍ജ്‌/5 വര്‍ഷം** _____Rs.3832.50/________ Rs.10731/

* 15 ഇഞ്ച്‌ എല്‍.സി.ഡി = 17 ഇഞ്ച്‌ സി.ആര്‍.ടി
** മോണിറ്റര്‍ പ്രവര്‍ത്തന കാലം 5 വര്‍ഷമായി കണക്കാക്കിയിരിക്കുന്നു
1. എല്‍.സി.ഡി 5 വര്‍ഷത്തിനുശേഷം രൂ.6898.50/ ലാഭമാണ്‌. (രൂ 10731 - രൂ 3832.50)
2. എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല അതുകൊണ്ടുണ്ടാകുന്ന എ.സി യുടെ ലോഡ്‌ ലാഭം ഇവിടെ കണക്കാക്കിയിട്ടില്ലവൈദ്യുതി ചാര്‍ജ്‌ രൂ 3 പ്രതി യൂണിറ്റ്‌ എന്ന്‌ കണക്കുകൂട്ടിയാലും 5 വര്‍ഷത്തിനുശേഷം രൂ. 2956.5 ലാഭം

ടെലിമെഡിസിന്‍

മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ കുറഞ്ഞ ചിലവില്‍ ഒരുക്കുക എന്നത്‌ വികസ്വര, അവികസിത രാജ്യങ്ങളെ സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി തന്നെയാണ്‌. ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം, 100 കോടിയിലേറെ ജനങ്ങള്‍ അവരില്‍ 70% ത്തോളം ഗ്രാമങ്ങളില്‍ വസിക്കുന്നു. ലഭ്യമായ ആരോഗ്യസംവിധാനങ്ങളുടെ 80% ത്തിലേറെ നഗരങ്ങള്‍ കേന്ദ്രമാക്കിയും. ഇത്‌ വിരല്‍ചൂണ്ടുന്നത്‌ ടെലിമെഡിസിന്‍പോലെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ അനിവാര്യതയാണ്‌.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഐ.റ്റി.വകുപ്പ്‌ ടെലിമെഡിസിന്‍ മുഖ്യശ്രദ്ധപതിയ്‌ക്കേണ്ട മേഖലകളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്‌. എന്താണ്‌ ടെലിമെഡിസിന്‍ ? വിവര, വിനിമയ സാങ്കേതിക വിദ്യയും, വൈദ്യശാസ്‌ത്രവും ഇണക്കിച്ചേര്‍ത്തുപയോഗിക്കുന്നു എന്ന്‌ ലളിതമായി പറയാം. വിദൂരഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ രോഗിയെ പരിശോധിക്കാന്‍ നഗരത്തിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പ്പിറ്റലിലെ വിദഗ്‌ധന്‌ ഇന്ന്‌ സാധിക്കും. രോഗിയ്‌ക്ക്‌ നഗരത്തിലെ വന്‍കിട ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ല. തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയാല്‍ നഗരവാസികള്‍ക്ക്‌ മാത്രം ലഭ്യമായിരുന്ന സേവനം അവര്‍ക്കും ലഭ്യമാകും. രാജ്യത്തെ എല്ലാ ഗ്രാമീണനേയും ഇതിന്റെ സേവനത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടര്‍, ക്യാമറ, സ്‌ക്യാനര്‍, മറ്റ്‌ മെഡിക്കല്‍ ഉപകരണങ്ങല്‍ എന്നിവ വി.സാറ്റ്‌ , ഇന്റര്‍നെറ്റ്‌ എന്നിവ വഴി ബന്ധിപ്പിക്കുക. എന്ന പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയാല്‍ മുഖ്യമായ ജോലി അവസാനിച്ചു എന്ന്‌ പറയാം. സമഗ്രമായ ഒരു സോഫ്‌റ്റ്‌ വെയറിന്റെ സഹായത്താല്‍ രോഗനിര്‍ണയവും അപഗ്രഥനവും തുടര്‍ന്ന്‌ നടത്താവുന്നതാണ്‌.

കേന്ദ്ര ഐ.ടി.വകുപ്പ്‌, ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ചണ്‌ഡീഗഡിലെ നെഹ്‌റു ഹോസ്‌പ്പിറ്റല്‍, ലക്‌നൗവിലെ സഞ്ചയ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നീ തലസ്ഥാനനഗര ആശുപത്രികളെ മുഖ്യകേന്ദ്രങ്ങളാക്കി 'സഞ്‌ജീവനി' എന്ന സോഫ്‌റ്റ്‌ വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെഡിക്കല്‍ സമൂഹം കാര്യക്ഷമമായി ഇതിനോട്‌ സംവദിക്കാന്‍ സാധിക്കുന്ന രീതിയില്‍ യൂസര്‍ഫ്രെണ്ട്‌ലി ആയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇതില്‍ രോഗിയുടെ സമഗ്രമായ ചികിത്സാ വിവരം, ഇമേജിംഗ്‌ സംവിധാനം, വീഡിയോ കോണ്‍ഫറന്‍സിംഗ്‌, മെഡിക്കല്‍ ഫിലിം സ്‌ക്യാനര്‍ എന്നിവ സൗകര്യമായും ചിട്ടയോടും ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ കുറഞ്ഞചിലവും ആഗോളമായ ലഭ്യതയും ഇതിലേക്ക്‌ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചുരുക്കത്തില്‍ ടെലിമെഡിസിന്റെ ആവിര്‍ഭാവത്തോടുകൂടി ഏത്‌ വിദൂരഗ്രാമത്തിലും നിലവാരമുളള ആരോഗ്യ സംവിധാനങ്ങള്‍ എത്തിക്കാമെന്നത്‌ എളുപ്പമാണ്‌. അപ്പോളോ, എസ്‌കോട്‌സ്‌, ബത്‌രാ, നാരായണാ, ഹൃദയാലയ, അമൃത, ശങ്കരാനേത്രാലയ തുടങ്ങിയ പ്രമുഖ ആശുപത്രികളെല്ലാം വിവിധ സംസ്ഥാനസര്‍ക്കാരുകളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന്‌ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. അതും സൗജന്യനിരക്കില്‍. വൈദ്യശാസ്‌ത്രരംഗത്ത്‌ സ്‌പെഷ്യലൈസേഷന്‍ വര്‍ത്തമാനകാല പ്രവണതയാണ്‌. ഒരു ഹൃദ്രോഗവിദഗ്‌ദ്ധന്‌ തന്റെ വിഷയത്തില്‍ ആഴത്തിലും പരപ്പിലും അറിവുണ്ടായിരിക്കും. എന്നാല്‍ അടിയന്തിരഘട്ടത്തില്‍ മറ്റ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ ടെലി മെഡിസിന്‍ സങ്കേതം ഉപയോഗിച്ച്‌ ആ മേഖലയിലെ വിദഗ്‌ധന്റെ സേവനം രോഗിയ്‌ക്ക്‌ നല്‍കാന്‍ സാധിക്കും. ഇന്ത്യയില്‍ ടെലി മെഡിസിന്‍ ആരംഭിച്ച അപ്പോളോ ഗ്രൂപ്പ്‌ ഇന്ന്‌ ശ്രീലങ്ക, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്‌.

ഭൂമിശാസ്‌ത്രപരമായ അതിരുകളും കടന്ന്‌ സാങ്കേതിക വിദ്യ മനുഷ്യരെ കോര്‍ത്തിണക്കുകയാണിവിടെ. ഏതാണ്ട്‌ അറുപതിനായിരത്തോളം ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ അമേരിക്കയിലും മുപ്പത്തയ്യായിരത്തോളം പേര്‍ ബ്രിട്ടണിലും സേവനം അനുഷ്‌ടിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ ഏറെവ്യാപരിച്ച ഈ നാടുകളിലെ ഡോക്‌ടര്‍മാര്‍ക്ക്‌ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നുതന്നെ ജന്മനാട്ടിലും സേവനം ലഭ്യമാക്കാം. കൂടാതെ ഡോക്‌ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസം, പുതിയ സാങ്കേതിക വിദ്യസ്വായത്തമാക്കല്‍, എന്നിവയും ടെലിമെഡിസിന്‍ വിഭാവനം ചെയ്യുന്നു. ആന്ധ്രാപ്രദേശില്‍ അപ്പോളോ ഗ്രൂപ്പ്‌ സംസ്ഥാനഗവണ്‍മെന്റുമായി സഹകരിച്ച്‌ മുഴുവന്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികളേയും പരിശോധന നടത്തിയിട്ടുണ്ട്‌. ഒരു പിന്നോക്ക ജില്ലയില്‍ മാത്രം 100 ലേറെ കുട്ടികള്‍ക്ക്‌ ശസ്‌ത്രക്രീയയും നടന്നുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്‌ മുഖ്യമന്ത്രി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പിന്നോക്ക ജില്ലയായ കുടപ്പ, ഹൈദ്രാബാദിലെ അപ്പോളോ ഹോസ്‌പിറ്റലുമായി നെറ്റ്‌ വര്‍ക്ക്‌ ചെയ്‌തുകഴിഞ്ഞു.

കേരളവും ഇക്കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്‌. കൊച്ചിയിലെ അമൃതാ ഹോസ്‌പിറ്റല്‍ ഐ.എസ്‌.ആര്‍.ഒയുമായി സഹകരിച്ച്‌ ആന്‍ഡമാന്‍, ലക്ഷദ്വീപ്‌ എന്നിവടങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ പമ്പയിലെ എമര്‍ജെന്‍സി കെയര്‍ യൂണിറ്റില്‍ വച്ച്‌ ടെലിസര്‍ജറി നടത്തി ഒരു തീര്‍ത്ഥാടകന്റെ ജീവന്‍ രക്ഷിച്ച്‌ അമൃതാ ഹോസ്‌പിറ്റല്‍ മാതൃകകാട്ടി. കൊച്ചി മുഖ്യ ആശുപത്രിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജന്റെ മേല്‍നോട്ടത്തില്‍ പമ്പായൂണിറ്റിലെ ഡോക്‌ടറാണ്‌ ഈ ശസ്‌ത്രക്രീയ നടത്തിയത്‌. വിദൂരഗ്രാമങ്ങളിലേക്ക്‌ സുസജ്ജമായ മൊബൈല്‍ ആശുപത്രിയും ഇവരുടെ പദ്ധതിയിലുണ്ട്‌. ഇവിടെ സാങ്കേതിക വിദ്യയ്‌ക്ക്‌ ഗ്രാമീണന്‍ നന്ദിപറയുന്നു. കംപ്യൂട്ടര്‍ വഴി ഏറ്റവും മുന്തിയ സേവനം ലഭ്യമാകുന്നു എന്ന സംതൃപ്‌തിയുമുണ്ട്‌.

നേട്ടങ്ങള്‍
അനാവശ്യമായ റഫറന്‍സുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും, നഗരപ്രദേശത്തെ ആശുപത്രിയ്‌ക്ക്‌ വിദൂരസ്ഥലങ്ങളില്‍ പോലും വളരെ കുറഞ്ഞ ചിലവില്‍ അതേ സേവനം ലഭ്യമാക്കുന്നു, ശസ്‌ത്രക്രീയാനന്തരം രോഗിയ്‌ക്ക്‌ വീണ്ടും പ്രധാന ആശുപത്രി സന്ദര്‍ശിക്കേണ്ടതില്ല. പ്രാരംഭമായ രോഗവിവര ശേഖരണത്തിന്‌ ശേഷം ആവശ്യമായ രോഗികള്‍ക്ക്‌ ആവശ്യമായ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കും. തിരക്ക്‌ കാര്യക്ഷമമായി കുറയുന്നുമുണ്ട്‌. മറ്റ്‌ ആശുപത്രിയിലെ വിദഗ്‌ദരുമായി ചര്‍ച്ച ചെയ്‌ത്‌ മെച്ചപ്പെട്ട തീരുമാനത്തില്‍ എത്താന്‍ സാധിക്കും. അത്യപൂര്‍വ്വമായ ശസ്‌ത്രക്രീയയും അനുബന്ധവിവരങ്ങളും ലൈവായിതന്നെ മെഡിക്കല്‍ സമൂഹത്തിന്‌ മുന്നിലേക്ക്‌ എത്തിക്കാന്‍ സാധിക്കും അതോടൊപ്പം അവരുടെ ഉപദേശവും തല്‍ക്ഷണം ലഭ്യമാകുന്നു. ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ ചര്‍ച്ചകള്‍ക്കായി ഒരു സ്ഥലത്ത്‌ ഒത്തുകൂടേണ്ട ആവശ്യമില്ല. എല്ലാത്തിലും ഉപരിയായി ഏതുപൗരനും ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യസേവനം ലഭ്യമാകുന്നു. ഇപ്പോള്‍ വി-സാറ്റ്‌ സാങ്കേതിക വിദ്യയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ കടന്ന്‌ വരവ്‌ ടെലി മെഡിസിനെ ജനകീയമാക്കും എന്ന്‌ പ്രതീക്ഷിക്കാം.