Tuesday, June 26, 2007

സ്‌നേഹിതനേ സ്‌നേഹിതനേ

ഓര്‍കുട്ട്‌- ഇന്റര്‍നെറ്റിലെ ചങ്ങാതിക്കൂട്ടം`

എനിക്ക്‌ സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലല്ലോ എന്ന്‌ വലിയ സങ്കടത്തോടെ പറഞ്ഞത്‌ വിദേശത്തുള്ള എന്റെ മകന്‍ നിതീഷ്‌ കുമാറായിരുന്നുഇ.കെ കമലാക്ഷന്‍നായര്‍,എലുമ്പിലാശ്ശേരി വീട്‌, കുന്നശ്ശേരി ദേശം , മാക്കാട്ടുശ്ശേരി പോസ്റ്റ്‌ എന്നത്‌ ഒരു വിലാസമേ അല്ലെന്ന്‌ അവര്‍ തറപ്പിച്ചു പറഞ്ഞു. അവന്റെ ശബ്‌ദം വല്ലപ്പോഴും ഫോണിലൂടെ കേള്‍ക്കാന്‍ കാത്തിരുന്ന അവന്റെ അമ്മ ദാക്ഷായണിക്കും അത്‌ കേട്ടപ്പോള്‍ വലിയ വിഷമമായി. കമലാക്ഷനെന്ന പേര്‌ ഒരു കാലത്ത്‌ ഞങ്ങളുടെ ദേശത്തെ മുന്തിയ തറവാട്ടുകാര്‍ മാത്രം ഇട്ടിരുന്ന വലിയ പരിഷ്‌കാരമുള്ള പേരായിരുന്നല്ലോ മോനേ, എന്ന്‌ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ തീരെ മയമില്ലാത്ത രീതിയില്‍ ചിരിച്ചു. ഭൂഖണ്‌ഡങ്ങലിലൂടെ കടന്ന്‌ പോകുന്നത്‌ കൊണ്ടാകാം അവന്റെ ശബ്‌ദത്തില്‍ പ്രാചീനമായ ഏതോ തണുപ്പും രസക്കേടുമുണ്ടായിരുന്നു. വാക്കുകള്‍ക്കിടയില്‍ ചെറിയോരു വിടവും അന്തമില്ലായ്‌മയും.`സാരമില്ല വഴിയുണ്ട്‌` നിതീഷ്‌കുമാര്‍ എനിക്ക്‌ ധൈര്യം തരികയായി: `ഇനി ഞാനായിട്ട്‌ ഉണ്ടാക്കിതരാം അച്ഛന്‌ പുതിയ ഒരു മേല്‍വിലസം''
-അടയാളവാക്യങ്ങള്‍ - സേതു


മലയാളസാഹിത്യത്തിലെ സൈബര്‍ കഥകളിലോന്നായി വിലയിരുത്തപ്പെടുന്ന സേതുവിന്റെ ഈ കഥയിലെ കമലാക്ഷന്‍ നായര്‍ എന്ന സ്‌ക്കൂള്‍ അദ്ധ്യാപകന്‍ തുടര്‍ന്ന്‌ mash-99@hotmail.com എന്ന ഒറ്റവരി വിലാസത്തിലേക്ക്‌ ചുരുങ്ങേണ്ടിവരുന്നത്‌ രസകരമായി അവതരിപ്പിക്കുന്നു.ഇവിടെ സ്‌ക്കൂള്‍ മാഷിന്‌ ഈ മെയിലിന്റെ സൗകര്യമാണ്‌ പുതുതായി പരിചയപ്പെട്ടതെങ്കില്‍, ഒരു പടിക്കൂടിക്കടന്ന്‌ ഇ മെയിലുളളവര്‍ക്ക്‌ സുഹൃത്ത്‌ ബന്ധത്തിന്റെ നവിന ആശയം ഒരുക്കുകയാണ്‌ ഗൂഗിളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കൂട്ട്‌ .കോം. orkut.com.

കമ്പ്യൂട്ടറുകള്‍ രൂപപ്പെടുത്തിയേടുക്കുന്ന വിര്‍ച്വല്‍ റിയാലിറ്റിയില്‍ സുഹൃത്ത്‌ സംഘത്തിന്റെ നൂതനസാധ്യതകള്‍ മുന്നോട്ട്‌ വെയ്‌ക്കുകയാണ്‌ ഈ വെബ്‌സൈറ്റ്‌. ലോകത്തിന്റെ ഏതുഭാഗത്തായാലും സുഹൃത്തുക്കള്‍ കേവലം ഒരു മൗസ്‌ ക്‌ളിക്ക്‌ അകലെ മാത്രം.തൊഴില്‍, വിദ്യാഭ്യാസ, ആവശ്യങ്ങള്‍ക്കായി ലോകത്തിന്റെ പലകോണുകളിലേക്ക്‌ സ്‌ക്കൂളിലും കോളേജിലും വച്ച്‌ പരിചയപ്പെട്ട കൂട്ടുകാര്‍ എത്തുമ്പോഴേക്കും, പരിചയം പുതുക്കല്‍ ബുദ്ധിമുട്ടേറിയതാണ്‌. ഇ മെയില്‍ വഴി ബന്ധപ്പെടാമെങ്കില്‍ തന്നെയും ഒരു കൂട്ടം ആളുകളെ കൂട്ടിയിണക്കുന്നതിലുപരിയായി നേരിട്ടുളള കത്തിടപാടുകളാണ്‌ ഇ മെയില്‍ വഴി കൂടുതലും നടക്കുന്നത്‌. ഓര്‍ക്കൂട്ടില്‍ അംഗമായികഴിഞ്ഞാല്‍. സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും കാണാനും അഭിരുചി,(ഹോബി, പുസ്‌തകം, സിനിമ, സ്‌പോര്‍ട്‌സ്‌, മറ്റ്‌ വിവരങ്ങള്‍.. ) അറിയാനും നമ്മുടെ സുഹൃത്ത്‌ വലയത്തിലേക്ക്‌ അവരെ കൂടി കൂട്ടാനും സാധിക്കുന്നു. ഒര്‍ക്കുട്ടില്‍ നേരിട്ട്‌ അംഗമാകാന്‍ സാധിക്കില്ല. അംഗമായ ഒരാളുടെ ക്ഷണം അനുസരിച്ച്‌ മാത്രമേ ഒരര്‍ക്കുട്ടിലേക്ക്‌ പ്രവേശിക്കുവാന്‍ സാധിക്കുകയുളളൂ. ഈ കമ്മ്യൂണിറ്റി വെബ്‌ സൈറ്റില്‍ സുഹൃത്ത്‌ബന്ധത്തിന്‌ കൂടുതല്‍ സജീവതയും ചലനാത്‌മകതയും കൈവരുന്നു. ഇപ്പോഴുളള സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനോപ്പം ഓര്‍മ്മയുടെ വിസ്‌മ്യതിയിലാണ്ടു പോയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുളള സാധ്യതയും വെബ്‌ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്‌. നിങ്ങളുടെ ആശയം താത്‌പര്യം, സമകാലികസാഹചര്യങ്ങള്‍ തുടങ്ങി ബിസിനസ്സ്‌ ലക്ഷ്യങ്ങള്‍ വരെ പങ്കുവയ്‌ക്കാം.

മിക്കവരും ഫോട്ടോ ഉള്‍ക്കൊളളിച്ചുട്ടുളളതിനാല്‍ കണ്ടുപിടിക്കുന്നതിന്‌ എളുപ്പമാണ്‌. സുഹൃത്തായി ചേരണമെന്നുളള താത്‌പര്യം അറിയിച്ചാല്‍, സ്വീകരിക്കുന്ന ആളുടെ സമ്മതത്തോടെ അദ്ദേഹത്തെ നമ്മുടെ സുഹൃത്ത്‌ വലയത്തില്‍ ഉള്‍പ്പെടുത്താം. പുതിയ കമമൂണിറ്റികള്‍ ഉണ്ടാക്കാനും സാധിക്കും. ഉദാഹരണത്തിന്‌ അക്ഷയ പഠിതാക്കളുടെ കമ്യൂണിറ്റി ഉണ്ടാക്കി എന്നിരിക്കട്ടെ എല്ലാ അംഗങ്ങള്‍ക്കും സ്വന്തം വെബ്‌ സൈറ്റിന്‌ സമാനമായ പേജുകള്‍ ലഭ്യമാകും. അവിടെ അംഗങ്ങള്‍ക്ക്‌ പരിചയിച്ചിട്ടുള്ള സോഫ്‌ട്‌ വെയര്‍ പാക്കേജുകള്‍, കംപ്യൂട്ടര്‍ ഭാഷകള്‍ തുടങ്ങിയവ രേഖപ്പെടുത്താം, വികസിപ്പിച്ചെടുത്ത സോഫ്‌ട്‌ വെയര്‍ വിതരണം നടത്താം. അതായത്‌ ഒരാവശ്യത്തിന്‌ ഗ്രൂപ്പിലെ എല്ലാവര്‍ക്കും മെയില്‍ അയയ്‌ക്കേണ്ട ആവശ്യമില്ല. മറിച്ച്‌ ശരിയായ ആളിനെ തന്നെ സമീപിക്കാം. കൂടാതെ സമകാലീന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം. പുതിയ ആശയങ്ങള്‍ക്ക്‌ തുടക്കമിടാം. ഇന്ന്‌ ആയിരക്കണക്കിന്‌ ഒര്‍കൂട്ട്‌ കമ്മ്യൂണിറ്റികള്‍ നിലവിലുണ്ട്‌. ഇപുസ്‌തകത്തിന്റെ കമ്മ്യൂണിറ്റിയില്‍ 30,000 ലേറെയും സ്വതന്ത്രസോഫ്‌ട്‌വെയര്‍ സ്ഥാപകന്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനെ അനുകൂലിക്കുന്നവരുടെ സംഘത്തിന്റെ 12,000 ലേറെയും അംഗങ്ങള്‍ നിലവിലുണ്ട്‌.

സുഹൃത്തിന്റെ ഒര്‍ക്കൂട്ട്‌ ഹോം പേജ്‌ നന്നായിട്ടുണ്ടെങ്കില്‍ ആ പേജിന്‌ താഴെ നിങ്ങള്‍ക്ക്‌ അഭിപ്രായം '' ടെസ്റ്റിമോണിയല്‍'' ആയി രേഖപ്പെടുത്താം. കൂടാതെ സ്‌ക്രാപ്‌ ബുക്ക്‌ എന്ന നൂതന ആശയവും വിവരം രേഖപ്പെടുത്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌ക്രാപ്‌ ബുക്കിന്റ ഏറ്റവും വലിയ മെച്ചം രേഖപ്പെടുത്തിയ അഭിപ്രായം മാറ്റാമെന്നുളളതാണ്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ സുഹൃത്തിന്റെ സ്‌ക്രാപ്‌ ബുക്കില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയെന്നിരിക്കട്ടെ പിന്നീട്‌ കൂറേകൂടി വിശദമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തണമെങ്കിലോ അഥവാ ഒഴിവാക്കണമെങ്കിലോ അതിനും സൗകര്യമുണ്ട്‌. ഇത്തരത്തില്‍ സ്വന്തം സ്‌ക്രാപ്‌ ബുക്കിലും വിവരം എഴുതാം.

നിയമവിധേയമല്ലാത്തതോ, സഭ്യേതരവുമായതോ ആശയങ്ങളോ, കമ്മ്യൂണിറ്റികളോ കാണുന്ന പക്ഷം `ബോഗസ്‌ ` ആയി രേഖപ്പെടുത്തുവാനുളള സൗകര്യം ഉപഭോക്താവിന്‌ ലഭ്യമാക്കിയിട്ടുളളതിനാല്‍ ഇത്തരത്തിലുളള വിവരങ്ങള്‍ ഉടനടി റദ്ദാക്കപ്പെടും എന്ന്‌ ഗൂഗ്‌ള്‍ ഓര്‍ക്കൂട്ട്‌ ലൈസന്‍സ്‌ എഗ്രിമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌ ഓര്‍ക്കൂട്ട്‌ കമ്യൂണിറ്റി നിലവാരങ്ങള്‍ ശരിയായി പാലിക്കുന്നവര്‍ക്ക്‌ ഓര്‍ക്കൂട്ട്‌ സര്‍ട്ടിഫൈഡ്‌ അടയാളം ലഭ്യമാക്കി യഥാര്‍ത്ത ആള്‍ തന്നെയാണ്‌ വിവരങ്ങള്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ അറിയാനുളള സംവിധാനവും ഏര്‍പ്പെടുത്തിവരുന്നു.

ഗൂഗിള്‍ ഒര്‍കൂട്ടിന്‌ സമാനമായ.യാഹൂ സംരംഭമാണ്‌ യാഹൂ 360degree, ഇതില്‍ ബ്ലോഗിംഗിന്‌ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒര്‍കൂട്ടിനെ പോലെ ജനപ്രീതി നേടാനായിട്ടില്ല. ഗൂഗിള്‍ എന്‍ജിനീയറായ ഒര്‍കൂട്ട്‌ ബയ്‌ക്കോക്‌ടെന്‍ (Orkot Buyukkokten) തനിക്കനുവദിച്ച ഒഴിവുസമയത്ത്‌ രൂപകല്‍പ്പന ചെയ്‌ത സംവിധാനമാണ്‌ ഇന്ന്‌ വന്‍ജനപ്രീതി നേടുന്നത്‌. മറ്റൊരു മാധ്യമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുളള യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഭിന്നമായ ഒരന്തരീക്ഷത്തിലാണ്‌ നാം ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്തുകയും ചെയ്യുന്നു ഈ സംവിധാനം. പുതിയ കമ്മ്യൂണിറ്റി ഉണ്ടാക്കുന്നതിന്‌ മുന്‍പ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്ന കമ്മ്യൂണിറ്റി നിലവിലുണ്ടോ എന്ന്‌ പരിശോധിക്കുക. നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ചേര്‍ന്നാല്‍ മാത്രം മതിയാകുമല്ലോ.പുതിയത്‌ ഉണ്ടാക്കണമെങ്കില്‍ അതുമാകാം, സമാന കമ്മ്യൂണിറ്റിയില്‍പ്പെട്ട സുഹൃത്തുക്കളെ ക്ഷണിക്കുകയുമാകാം.