Monday, June 25, 2007

ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല


അദ്ധ്യാപകര്‍ക്ക്‌ അനന്തസാദ്ധ്യതകള്‍


ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന്റെ നല്ലൊരു ഭാഗം ഇന്ന്‌ ബി.പി.ഒ. (B.P.O- Business process outsourcing)എന്നറിയപ്പെടുന്ന പുറം ജോലി കരാര്‍ മേഖലയിലാണ്‌. ഉദാഹരണത്തിന്‌ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, കാള്‍ സെന്റര്‍ മുതലായവ. അതിനെ തുടര്‍ന്ന്‌ വിജ്ഞാന വ്യവസായത്തിന്റെ നല്ലൊരു പങ്കും ഇന്ത്യയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ കെ.പി.ഒ. (Knowledge process outsourcing) എന്നറിയപ്പെടുന്നു. വിജ്ഞാനപുറം ജോലി കരാറില്‍ ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ്‌, ഗവേഷണവികസന പദ്ധതികള്‍, ഡാറ്റാ ബേസ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികള്‍ ഉള്‍പ്പെടുന്നു. പക്ഷേ ഇവിടെ വിശകനശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും നിര്‍ണായക ഘടകങ്ങളാണ്‌. അതുകൊണ്ടുതന്നെ താരതമ്യേന വിദ്യാഭ്യാസമുള്ള സമൂഹത്തിലേക്ക്‌ ഈ ജോലികള്‍ പെട്ടന്നെത്തും. മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ഏജന്‍സികള്‍, മാധ്യമസ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവയാണ്‌ വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഐ.ടി കമ്പനികളെ സമീപിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ പുതിയതൊഴില്‍ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട്‌ വിദ്യാഭ്യാസ മേഖലയിലെ തൊഴിലും പുറം ജോലി കരാറിലൂടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. ഇത്‌ ഇ.പി.ഒ. (Educational process outsourcing) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അദ്ധ്യാപനവും പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. നവസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസബോധന സമ്പ്രദായങ്ങളെ ഐ.ടി. വളരെയേറെ മാറ്റി മറിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ ആനിമേഷനും മള്‍ട്ടീമീഡിയാ പ്രസന്റേഷനും ഓണ്‍ലൈന്‍ ആശയവിനിമയവും ഒക്കെയായി വിവരവിജ്ഞാനങ്ങളുടെ അക്ഷയഖനിതന്നെ സ്‌ക്കൂളുളെ കാത്തിരിക്കുന്നു. വെര്‍ച്ച്വല്‍ ലാബുവഴി ലാബോറട്ടറി പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍ സിമുലേഷനിലൂടെ ഇന്ന്‌ ചെയ്യാം. അതായത്‌ ബയോളജി പ്രായോഗിക ക്ലാസില്‍ തവളയെ കൊല്ലേണ്ട ആവശ്യമില്ലാതെയാകും. പകരം തവളയുടെ ആന്തരികാവയവങ്ങളുടെ വിശദമായ വിവരം കംപ്യൂട്ടറിലൂടെ മനസിലാക്കാനാകും. ഇതുകൂടാതെ പാഠ്യക്രമം, പാഠ്യപദ്ധതി എന്നിവയുടെ നിര്‍മ്മാണത്തിനും മനുഷ്യശേഷി വന്‍തോതില്‍ ആവശ്യമുണ്ട്‌. അതുകൊണ്ടുതന്നെ വന്‍ പണ ചിലവുവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ സാങ്കേതികപരമായി ഏറെ മുന്നേറിയ അമേരിക്ക, സിങ്കപ്പൂര്‍, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഐ.ടി.എനേബിള്‍ഡ്‌ വിദ്യാഭ്യാസം വ്യാപകമായിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രത്തിനും ഗണിത ശാസ്‌ത്രത്തിനും അമേരിക്കയിലും മറ്റും വിദ്യാര്‍ത്ഥികള്‍ പിന്നോക്കം പോകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇന്ത്യന്‍ അദ്ധ്യാപകരുടെ ഡിമാന്റ്‌ വര്‍ദ്ധിച്ചിരിക്കുകയാണ്‌. പഴയതുപോലെ അദ്ധ്യാപകര്‍ക്ക്‌ പഠിപ്പാക്കാനായി കടല്‍ കടന്ന്‌ പോകേണ്ടകാര്യമില്ല. ഇവിടെ നാട്ടിലിരുന്നുതന്നെ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാം. 2010-ഓടെ പത്ത്‌ ലക്ഷം അദ്ധ്യാപകരെ ഇത്തരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കേ വേണ്ടിവരുമെന്ന്‌ കണക്കുകൂട്ടുന്നു. അതാത്‌ രാജ്യങ്ങളിലെ രീതികള്‍ മനസിലാക്കുവാന്‍ അദ്ധ്യാപകര്‍ക്ക്‌ ബുദ്ധിമുട്ടനുഭപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഇത്‌ മറികടക്കുന്ന പരിശീലന പദ്ധതികള്‍ ഐ.ടി. കമ്പനികള്‍ അദ്ധ്യാപകര്‍ക്ക്‌ നല്‍കിവരുന്നു. അദ്ധ്യാപകര്‍ക്ക്‌ ക്ലാസ്‌ മുറിയിലെന്നപോലെ ഓണ്‍ലൈനായി ആശയവിനിമയം നടത്താം. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലെ ശീതീകരിച്ച ഓഫീസ്‌ മുറിയിലിരിക്കുന്ന അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ അമേരിക്കയിലെ ഏതെങ്കിലും സ്‌ക്കൂളിലെ വൈഡ്‌ സ്‌ക്രീന്‌ മുന്നില്‍ ശ്രദ്ധയോടെ ഇരിക്കുകയാവും. ചിലപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെല്ലാം തന്നെ അവരവരുടെ വീട്ടിലെ കംപ്യൂട്ടറിനുമുന്നില്‍ ഇരിക്കുകയുമാകാം. പ്രോജക്‌ടുകള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, അനുബന്ധവിവരങ്ങള്‍ സെര്‍ച്ചു ചെയ്യുക എന്നിവയും അദ്ധ്യാപകന്‌ ചെയ്യാനാകും. ഏതായാലും ബി.പി.ഒ.യ്‌ക്ക്‌ ശേഷം ഇ.പി.ഓയിലൂടെ പുതിയൊരു തൊഴില്‍ മേഖല നമുക്ക്‌ മുന്നിലേക്ക്‌ സാവധാനം തുറന്നിടുകയാണ്‌. ഈ മേഖലയില്‍ ചൈന ഇന്ത്യയ്‌ക്ക്‌ ഒരു വെല്ലുവിളിയേ അല്ല. മാനവവിഭവശേഷിയുടെ കാര്യത്തില്‍ നാം ഏറെ മുന്നിലാണെന്നത്‌ ഇവിടെ മുന്‍തൂക്കമാകുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ 380 സര്‍വ്വകലാശാലകളില്‍ നിന്നായി 6,000-ത്തില്‍ പരം ഡോക്‌ടറല്‍ ബിരുദധാരികളും 2.5 ദശലക്ഷത്തിലേറെ ബിരുദധാരികളും പുറത്തേക്കിറങ്ങുന്നുണ്ട്‌. മാത്രമല്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനമുള്ള ജനങ്ങള്‍ അതിവസിക്കുന്നതും ഇന്ത്യയിലാണ്‌. ഇതോടൊപ്പം വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയെ സഹായിക്കുന്നതിനായി വളരെ കൂടിയ ബാര്‍ഡ്‌വിഡ്‌ത്തുള്ള ഇന്റര്‍നെറ്റ്‌ ബന്ധവും ഇന്ന്‌ ലഭ്യമാണെന്നത്‌ അനുകൂല ഘടകമാണ്‌. അതുകൊണ്ടുതന്നെ മികച്ച ഇംഗ്ലീഷ്‌ പരിജ്ഞാനമുള്ള അദ്ധ്യാപകര്‍ക്ക്‌ ഐ.ടി.വിദഗ്‌ധരെപോലെ ഉയര്‍ന്ന ഡിമാന്റ്‌ ഉടനെ പ്രതീക്ഷിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല

ഇ -മാലിന്യം

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.
ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.