Monday, December 17, 2007

വെബ്‌ മാഗസിനുകള്‍

കനേഡിയന്‍ ശാസ്‌ത്രകഥാകാരനായ വില്യം ഗിബ്‌സണ്‍ ആണ്‌ ആദ്യമായി സൈബര്‍ സ്‌പേസ്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌. ന്യൂറോമാന്‍സര്‍ എന്ന തന്റെ സയന്‍സ്‌ ഫിക്‌ഷനില്‍ ഭാവിയില്‍ വരാന്‍ പോകുന്ന മാധ്യമാനുഭവമായി കംപ്യൂട്ടറുകളുടെ മഹാശൃംഖലയെ ഗിബ്‌സണ്‍ പ്രവചനമെന്നോണം സൂചിപ്പിക്കുന്നു. ഇത്‌ എഴുതുന്ന സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഒരു വാര്‍ത്താവിനിമയ സാധ്യതയായി വികസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്റര്‍നെറ്റ്‌ വിപ്ലവകരമായ മാധ്യമ-സംവേദന രൂപമായി വികസിച്ചപ്പോള്‍ ശാസ്‌ത്രകഥയിലെ സൈബര്‍ സ്‌പെയ്‌സ്‌ എന്ന പ്രയോഗം ശാസ്‌ത്രസാങ്കേതിക വിദഗ്‌ധര്‍ക്കിടയിലും പരിചിത പ്രയോഗമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നിന്റെ സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്ന സൈബര്‍ സ്‌പെയ്‌സ്‌ എന്ന പദം രൂപം കൊണ്ടത്‌ സാഹിത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. ആധുനികതയുടെ ഏറ്റവും വലിയ അടയാളം പുസ്‌തകവും അച്ചടിച്ച കടലാസുകളും ആയിരുന്നെങ്കില്‍ വര്‍ത്തമാനകാല സമൂഹത്തിന്റെ അടയാളം ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്‌ക്രീന്‍ ആണ്‌. പുസ്‌തകത്താളില്‍ നിന്ന്‌ സ്‌ക്രീന്‍ പകര്‍ന്നുതരുന്ന വായനാനുഭവമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

പുസ്‌തകങ്ങള്‍ക്ക്‌ പകരക്കാരനായോ ബദലായോ ഇ-ബുക്‌ റീഡറുകള്‍ എത്തിയതിനൊപ്പം തന്നെ, അച്ചടിച്ച മാഗസിനുകള്‍ക്കും വെബില്‍ പ്രതിരൂപങ്ങളുണ്ട്‌. വെബ്‌മാഗസിനുകള്‍ എന്നാണ്‌ ഇന്റര്‍നെറ്റിലെ മാഗസിനുകള്‍ അറിയപ്പെടുന്നത്‌. സാധാരണ അച്ചടിമാഗസിന്റെ എല്ലാ ഉള്ളടക്ക മികവും വെബ്‌ മാഗസിനുകള്‍ക്ക്‌ ഉണ്ട്‌. കഥ, കവിത, ലേഖനം, എഴുത്തുകള്‍, അഭിമുഖം എന്നിങ്ങനെ അച്ചടി മാഗസിന്റെ തരംതിരുവകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്‌ പ്രദാനം ചെയ്യുന്ന ഇന്ററാക്‌ടിവിറ്റിയുടെ തലവും വെബ്‌ മാഗസിനുകള്‍ക്കുണ്ട്‌. ഒരു മാഗസിന്റെ പ്രധാനപ്രശ്‌നം ഉയര്‍ന്ന അച്ചടി ചിലവും വിതരണ ചിലവും തന്നെയാണ്‌. എന്നാല്‍ ഇന്റര്‍നെറ്റില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വെബ്‌മാഗസിനുകളുടെ ചിലവ്‌ താരതമ്യേന കുറവാണ്‌, മാത്രമല്ല, നിലവാരം സൂക്‌ഷിച്ചാല്‍ ഏറെ വായനക്കാരെ ആകര്‍ഷിക്കാം. അതുവഴി പരസ്യവരുമാനവും കൂട്ടാം. ഗൂഗിള്‍ ആഡ്‌ സെന്‍സ്‌ പോലുള്ള പരസ്യസേവന ദാതാക്കളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ പരസ്യമെത്തിക്കുന്ന ജോലി അവര്‍ നോക്കിക്കോളൂം. പ്രചാരം കൂടുന്നതനുസരിച്ച്‌ പരസ്യവരുമാന വിഹിതം ഗൂഗിള്‍ അയച്ചുതരും. മിക്ക വെബ്‌ മാഗസിനുകളും സൗജന്യമായാണ്‌ വായനക്കാരിലേക്ക്‌ എത്തുന്നത്‌ അതുകൊണ്ട്‌ വായനക്കാരനും നേട്ടമാണ്‌. ഇന്റര്‍നെറ്റ്‌ ബന്ധമുള്ള ഏതൊരു കംപ്യൂട്ടറിലും ചുരുക്കം ചില സെറ്റിംഗ്‌സുകള്‍ (ഫോണ്ട്‌ ഇന്‍സ്റ്റലേഷന്‍) നടത്തിയാല്‍ ഏത്‌ സമയത്തും വായന നടത്താം.

പുഴ.കോം മലയാളത്തിലെ പ്രമുഖ വെബ്‌മാഗസിനുകളില്‍ ഒന്നാണ്‌. നാട്ടറിവുകള്‍, പുസ്‌തകങ്ങള്‍, പുഴ കിഡ്‌സ്‌, പുഴ മാഗസിന്‍, വാര്‍ത്തകളിലൂടെ എന്നീ വ്യത്യസ്‌ത ചാനലുകള്‍ http://www.puzha.com നുണ്ട്‌. ഒപ്പം സാഹിത്യ ക്യാമ്പുകള്‍, സാഹിത്യ പുരസ്‌കാരങ്ങള്‍ തുടങ്ങിയ അനുബന്ധ അറിയിപ്പുകളും വായനക്കാരനെ തേടിയെത്തും. പുഴ കിഡ്‌സ്‌ കുട്ടികള്‍ക്കുള്ള വെബ്‌ മാഗസിനാണ്‌. ബാലസാഹിത്യ സൃഷ്‌ടികള്‍ ഇവിടെ നിന്നും ഓണ്‍ ലൈനായി വായിക്കാം. പുഴ ക്ലാസിക്‌സില്‍ ഭാഷാശാസ്‌ത്ര ലേഖനങ്ങള്‍, പുരാണം എന്നിവ വായിക്കാം. മലയാളത്തില്‍ ഇ-പ്രസിദ്ധീകരണത്തിന്‌ തുടക്കം കുറിച്ച പുഴ.കോം ദൈനംദിന തിരക്കില്‍ അകപ്പെട്ട വായനക്കാരന്‌ നല്ല സൃഷ്‌ടികള്‍ എത്തിക്കാനായി ഇപ്പോള്‍ കേരള വാര്‍ത്തകള്‍, മലയാളം സൃഷ്‌ടികള്‍ എന്നീ രണ്ടു ചാനലുകള്‍ അനുബന്ധമായി തുടങ്ങിക്കഴിഞ്ഞു.കേരള വാര്‍ത്തകളില്‍ ദേശാഭിമാനിയടക്കമുള്ള മലയാള ദിനപത്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഒരു പേജില്‍ ഹൈപ്പര്‍ലിങ്ക്‌ രൂപത്തില്‍ ലഭ്യമാക്കുന്നു. യാഹൂ, എം.എസ്‌.എന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള വാര്‍ത്തകളും ലഭിക്കും. മലയാളം വാര്‍ത്തകളില്‍ ലിങ്ക്‌ ക്ലിക്ക്‌ ചെയ്‌ത്‌ അതാത്‌ പത്രത്തിന്റെ വെബ്‌ പേജിലേക്കുമെത്താം. വാര്‍ത്തകള്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗ്‌ വിശേഷങ്ങളും ഇവിടെയുണ്ട്‌. മലയാളം കൃതികള്‍ ചര്‍ച്ച ചെയ്യാനാവസരമൊരുക്കുന്ന ചാനലില്‍, വെബ്‌ മാഗസിനലേക്ക്‌ എത്തുന്നവരുടെ വായനാനുഭവം ചേര്‍ക്കാം. ഇഷ്‌ടപ്പെട്ടവയ്‌ക്ക്‌ വോട്ട്‌ ചെയ്യാം. ഏറ്റവും കൂടുതല്‍ വോട്ട്‌ നേടിയ കൃതി ലിസ്റ്റ്‌ ചെയ്യുന്നത്‌ പുതുവായനക്കാര്‍ക്ക്‌ സൗകര്യമാണ്‌.

കവിതയ്‌ക്കായി മാത്രമുള്ള വെബ്‌ മാഗസിനാണ്‌ ഹരിതകം.കോം. സമകാലീനം, ക്ലാസിക്‌ പ്രാചീനം, വിവര്‍ത്തനം, ലേഖനം, അഭിമുഖം, ചര്‍ച്ച, നിരൂപണം, പെയിന്റിംഗ്‌ എന്നിവ വളരെ ഭംഗിയായി രൂപകല്‌പന ചെയ്‌ത വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കവികളുടെ സ്വന്തം വെബ്‌സൈറ്റ്‌, സമാനസ്വഭാവമുള്ള വെബ്‌ജേര്‍ണലുകള്‍ എന്നിവയിലേക്കുള്ള ലിങ്കുകളും http://www.harithakam.com ല്‍ കാണാം.യുദ്ധത്തിനും, ഭീകരവാദത്തിനും, ദൈവത്തിനും, പ്രേതത്തിനും എതിരാണെന്ന്‌ മുഖവരയോടെ എത്തുന്ന തണല്‍ ഓണ്‍ലൈന്‍.കോം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്‌. രാഷ്‌ട്രീയ പരിഗണനക്കതീതയമായി പ്രവാസി മലയാളികളുടെ കൂട്ടായ്‌മ പ്രസിദ്ധീകരിക്കുന്ന വെബ്‌മാഗസിനാണ്‌ അയനം. നാലുവര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയനത്തിന്റെ പ്രധാന സവിശേഷ ഓപ്പണ്‍ഫോറം ആണ്‌. ഭംഗിയോടെ രൂപകല്‌പന ചെയ്‌ത തുഷാരം മികച്ച വായന പ്രദാനം ചെയ്യുന്ന മറ്റൊരു സംരംഭമാണ്‌. ആര്‍ക്കീവ്‌സില്‍ പഴയ ലക്കങ്ങള്‍ ചിട്ടയോടെ വിന്യസിച്ചിട്ടുണ്ട്‌.പുഴ.കോം കേരളത്തില്‍ തന്നെയുള്ള സംരംഭമാണെങ്കില്‍ മറ്റ്‌ മിക്ക വെബ്‌മാഗസിനുകളും പ്രവാസി മലയാളികളുടെ ശ്രമഫലമായുള്ളതാണ്‌.

9 comments:

v k adarsh said...

പുഴ.കോം കേരളത്തില്‍ തന്നെയുള്ള സംരംഭമാണെങ്കില്‍ മറ്റ്‌ മിക്ക വെബ്‌മാഗസിനുകളും പ്രവാസി മലയാളികളുടെ ശ്രമഫലമായുള്ളതാണ്‌.

ഞാന്‍ ഇരിങ്ങല്‍ said...

ആദര്‍ശിന്‍ റെ ഓരോ പോസ്റ്റും വായനക്കാരില്‍ പുതിയ അറിവുകള്‍ നിറക്കുന്നത് തന്നെയാണ്. ഗൌരവമേറിയ കാര്യങ്ങള്‍ ലളിതമായി പറയുന്നതും ഈ ബ്ലോഗിനെ മറ്റ് ഇ - വായനയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു.
‘വെബ് മാഗസീനുകള്‍ ‘ വളരെ പെട്ടെന്ന് തയ്യാറാക്കിയ തു പോലെ തോന്നി. വെബ് മാഗസീനുകളില്‍ സാധാരണ വായനക്കാരനും അതുപോലെ ബ്ലോക്സ് പോട്ട് പോലുള്ള ഗൂഗീള്‍ സംരഭങ്ങളില്‍ നിന്ന് പരസ്യം വഴി അധ്വാനത്തിന് പ്രതിഫലം കിട്ടിത്തുടങ്ങുകയാണെങ്കില്‍ ഈ രംഗത്തെ വിപ്ലവകരമായ ഒരു മാറ്റം തന്നെയാണ്.
എന്നാല്‍ ഇന്ന് 80% ഇ- ഉപയോക്തക്കള്‍ക്കും ഇത്തരം പരസ്യ സൈറ്റുകളെ കുറിച്ച് വേണ്ടത്ര അറിവുകള്‍ ഇല്ല. താരതമ്യേന ഐടി ഫീല്‍ഡിലുള്ള ആളുകളെ അപേക്ഷിച്ച്.

പരസ്യം നമ്മുടെ ബ്ലോഗുകളിലും അതു പോലെ മറ്റ് സൈറ്റുകളിലും എങ്ങിനെ ഉള്‍പ്പെടുത്താം എന്നും അതിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ ഒരു പോസ്റ്റ് കൂടി ആദര്‍ശില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

ഇ വായനയുടെ പ്രത്യേകതകളുമായി വീണ്ടും സന്ധിക്കും വരെ വണക്കം
“ അവാര്‍ഡ് കിട്ടിയതിന്‍റെ ചിലവുണ്ട് കേട്ടോ..”

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കണ്ണൂരാന്‍ - KANNURAN said...

ചിന്ത.കോമിന്റെ തര്‍ജ്ജനി നല്ലൊരു വെബ് മാഗസിനാണ്. ഇപ്പോള്‍ കണ്ണൂരില്‍ നിന്നും സമയം ഓണ്‍‌ലൈനും (www.samayamonline.in/)ആരംഭിച്ചിട്ടുണ്ട്.

അങ്കിള്‍ said...

:)

വെള്ളെഴുത്ത് said...

വേറെയും കുറേ വെബ്മാഗസീനുകളില്ലേ..ആകെ രണ്ടെണ്ണം മാത്രമേയുള്ളൂ വെബില്‍ എന്ന് സാധാരണക്കാര്‍ വിചാരിക്കില്ലേ ഇങ്ങനെയൊരു ലേഖനം മുഖ്യധാരയില്‍ വന്നാല്‍... സംഗതി കുറച്ചുകൂടീ ഗവേഷണാത്മകമാവണ്ടേ ആദര്‍ശേ, ഇതു പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയതാണെങ്കില്‍..?

ഉറുമ്പ്‌ /ANT said...

:)

v k adarsh said...

thanks to urumbu,uncle,kannooran and iringan

yes, vellezhuthu. athe namukku otteRe web magazine undu. Thats y i posted this here, u can add more and more webmagazine as comments or as a special post. so that we can prepare a new post after a couple of weeks. or in other way, blog can be used to collect maximum information on a special topic. here it s web magazine thats all.
puzha.com
jayakeralam.com
harithakam.com
Unma
Chintha
ayanam
thanal online
indulekaha
moonnamidam
nilaav
thiNa
jyothis
indian kavitha


i think you can add more in this list.last but not the least, how many of these magazines are updating their work atleast once in a month. they had started it with a special interest, but after that .....no updating and editing. that needs a change and attention.

Ramanunni.S.V said...

നല്ല ലേഖനം..പക്ഷെ ഒന്നു കൂടെ ഡെപ്ത് വേണമായിരുന്നു.ഡീറ്റയ്ല്സ് പോരാ..പുഴ വെബ്സൈറ്റ് ആണു..ഹരിതകം വെബ് സൈറ്റ് ആണു.ബ്ലോഹ് മാഗസീന്‍കളുടെ സാധ്യത ചൂണ്ടിക്കാട്ടണം.നന്നയിട്ടുണ്ട്...അഭിനന്ദനം

വെള്ളെഴുത്ത് said...

വൈകിപ്പോയി..ഇത്രയൊക്കെതന്നെയേ എനിക്കുമറിയാവൂ.. ഭാഷ എന്ന പ്രസിദ്ധീകരണം വീണ്ടും തുടങ്ങി എന്നു ബ്ലോഗു കണ്ടിരുന്നു. അതു സൂക്ഷിച്ചു വച്ചിട്ടില്ല. മൂന്നമിടം പ്രവര്‍ത്തനമില്ലാതെ കിടക്കുകയാണ്..
http://www.pallikkoodam.com/
ഇതു നോക്കുക. 'മലയാളവേദി’ എന്നൊരു മാഗസീനോ സൈറ്റോ ഉണ്ടായിരുന്നു ഇപ്പോള്‍ നോക്കിയിട്ട് കാണുന്നില്ല.ബ്ലോഗുകള്‍ പ്രചാരത്തില്‍ വന്നതോടെ മാഗുകള്‍ക്ക് റീച്ച് /ഹിറ്റ് കുറവാണ്.മലയാളത്തില്‍ സജീവമായിരുന്ന ചര്‍ച്ചാഫോറങ്ങള്‍ തീര്‍ന്നു. ഇനിയും കിട്ടുന്ന/കാണുന്ന മുറയ്ക്ക് അയയ്ക്കാം. മലയാളത്തിലെ ഇമാഗുകളെക്കുറിച്ച് ഒരു ചേറിയ ലേഖനം ഐ ടി ലോകത്തിന്റെ ഫെബ്രുവരി 2006 പതിപ്പില്‍ വന്നിരുന്നു. അതില്‍ ചിന്ത, മൂന്നാമിടം, പുഴ, അയനം ഇത്രേയുള്ളൂ