Saturday, December 08, 2007

ഡിജിറ്റല്‍ ലൈബ്രറി-പുസ്‌തകം വിരല്‍ത്തുമ്പില്‍

പുസ്‌തകശേഖരമെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ലൈബ്രറിയെ ഡിജിറ്റല്‍ ലൈബ്രറി എന്ന്‌ വിളിക്കാം. കംപ്യൂട്ടര്‍, ഇ-വായനയ്‌ക്കുള്ള സവിശേഷ സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, പിഡി.എ., ഇ-ബുക്ക്‌ റീഡര്‍ എന്നിവ ഉപയോഗിച്ച്‌ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന്‌ പുസ്‌തകം എടുക്കാം. ലൈബ്രറി എക്കാലത്തെയും മികച്ച വിവര വ്യാപന ഉപാധി യായി നാം കണക്കാക്കുന്നു. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെയും അതിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിന്റെയും വളര്‍ച്ചയുടെയും പിന്‍ബലത്തില്‍ സ്ഥലകാല സീമകള്‍ ലംഘിച്ച്‌ ലൈബ്രറി കൂടുതല്‍ ജനകീയമാവുകയാണ്‌. തികച്ചും പരിമിതമായ പുസ്‌തകങ്ങളുടെ കലവറ എന്നതില്‍ നിന്നും ഭിന്നമായി അനന്തമായ വിജ്ഞാനശേഖരത്തിലേക്കുള്ള കവാടമായി മാറുകയാണ്‌ ഡിജിറ്റല്‍ ലൈബ്രറികള്‍. ഉപയോഗിക്കാനുള്ള എളുപ്പമാണ്‌ ഡിജിറ്റല്‍ ലൈബ്രറികളെ പ്രീയങ്കരമാക്കുന്നത്‌. അച്ചടി പതിപ്പുകളേക്കാള്‍ കൂടുതല്‍ എളുപ്പത്തിലും വേഗതയിലും വിവരലഭ്യത ഉണ്ടാകുന്നു എന്നതുതന്നെയാണ്‌ നേട്ടം. ഒപ്പം കാര്യമാത്ര പ്രസക്തമായ വിവരശകലങ്ങള്‍ സര്‍ച്ചു ചെയ്‌ത്‌ എടുക്കാനും കഴിയുന്നു. ഇതെല്ലാം ലൈബ്രറിയിലേക്ക്‌ നേരിട്ട്‌ വരാതെ തന്നെ സാധ്യവുമാണ്‌.

യര്‍ലെസ്‌ കണക്‌ടിവിറ്റി ഉണ്ടെങ്കില്‍ സമീപപ്രദേശത്ത്‌ എവിടെ നിന്നുവേണമെങ്കിലും പുസ്‌തകം എടുക്കുകയോ, വരിസംഖ്യ പുതുക്കുകയോ, പുസ്‌തകം മടക്കി നല്‍കുകയോ ചെയ്യാം. ഇന്റര്‍നെറ്റില്‍ മാത്രമുള്ള പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌, ഗൂഗിള്‍ബുക്‌ പ്രോജക്‌ട്‌ എന്നിവയെ ഡിജിറ്റല്‍ ലൈബ്രറി എന്നു പറയാം. നിലവിലുള്ള സാധാരണ ലൈബ്രറികളും ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌ ഔട്ട്‌ ഓഫ്‌ പ്രിന്റ്‌ ആയതും പേജുകള്‍ ജീര്‍ണിച്ച്‌ ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലായ പുസ്‌തകങ്ങളെല്ലാം ഇലക്‌ട്രോണിക്‌ സ്‌കാനര്‍ ഉപയോഗിച്ച്‌ ഡിജിറ്റല്‍ റെപ്പോസിറ്ററികളിലേക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു. ഗവേഷകര്‍ക്കോ കൂടുതല്‍ പഠനം വേണ്ടവര്‍ക്കോ വേണമെങ്കില്‍ പ്രിന്റ്‌ എടുത്ത്‌ വായിക്കുകയുമാകാം. ലോകത്തിലെ പഴക്കം ചെന്ന ലൈബ്രറികളെല്ലാം തന്നെ ഇത്തരത്തില്‍ പഴയപുസ്‌തകങ്ങള്‍ സ്‌കാന്‍ ചെയ്‌ത്‌ പബ്ലിക്‌ ഡൊമൈനിലേക്ക്‌ കൊണ്ടുവരുന്നുണ്ട്‌.

ഇന്ന്‌ പുതുതായിറങ്ങുന്ന ചില പുസ്‌തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ പ്രിന്റ്‌ പതിപ്പിനൊപ്പം തന്നെ സി.ഡിയും ലഭ്യമാക്കുന്നുണ്ട്‌. ഉദാഹരണം ലോകപ്രസിദ്ധമായ മാനേജ്‌മെന്റ്‌ വിദഗ്‌ദന്‍ സി.കെ.പ്രഹ്‌ളാദ്‌ എഴുതിയ പുസ്‌തകം 'ഫോര്‍ച്യൂണ്‍ അറ്റ ദ ബോട്ടം ഓഫ്‌ ദ പിരമിഡ്‌'. ഈ പുസ്‌തകത്തിനൊപ്പം ലഭിക്കുന്ന സി.ഡിയില്‍ പുസ്‌തകത്തിന്റെ തനി ഇ-പകര്‍പ്പിനൊപ്പം പുസ്‌തകത്തിലില്ലാത്ത വിശദാംശങ്ങള്‍, ടെക്‌സ്റ്റ്‌, വീഡിയോ, ഇന്റര്‍നെറ്റ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌, കാലാകാലങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്‌. പുസ്‌തകത്തില്‍ പറയുന്ന കേസ്‌ സ്റ്റഡിക്കുവേണ്ടി തയ്യാറാക്കിയ വീഡിയോ ക്ലിപ്പിംഗുകള്‍ കൂടുതല്‍ അറിയേണ്ടവര്‍ക്ക്‌ ഉപകാരമാകും. ഇവിടെ പുസ്‌തകം സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഡിജിറ്റിലായിതന്നെ പുസ്‌തകം ജനിക്കുന്നത്‌ വായനക്കാര്‍ക്ക്‌ സൗകര്യമാണെന്ന്‌ മാത്രമല്ല ഉന്നത നിലവാരമുള്ള ഇ-പുസ്‌തകമാണ്‌ ഇത്തരത്തില്‍ ലഭിക്കുന്നത്‌, ഇതേ പുസ്‌തകം തന്നെ വായനക്കാര്‍ സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ ഇത്രത്തോളം സാങ്കേതിക ഗുണനിലവാരം ലഭിക്കണമെന്നില്ല. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓണ്‍ലൈനായി സബ്‌ക്രൈബ്‌ ചെയ്‌താല്‍ വിവരം തിരയില്‍ എളുപ്പമാകുന്നതിനൊപ്പം വളരെ കുരഞ്ഞ മുതല്‍മുടക്കം വളരെയധികം സ്ഥലലാഭവും ഉണ്ടാകും.

സാധാരണ ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയാകാന്‍ മൂന്ന്‌ ഘട്ടങ്ങളായുള്ള പ്രവര്‍ത്തനം ആണ്‌ നടപ്പാക്കേണ്ടത്‌. ആദ്യഘട്ടത്തില്‍ ഇപ്പോഴുള്ള പുസ്‌തകങ്ങളുടെ കാറ്റലോഗും അനുബന്ധ വിവരങ്ങളും ബാര്‍കോഡിന്റെ സഹായത്തോടെയോ അല്ലാതെയോ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ പകര്‍ത്തുന്നു. ഇതുവഴി സാധാരണ ലൈബ്രറി പ്രവര്‍ത്തനങ്ങളെ കംപ്യൂട്ടര്‍ ശൃംഖലവഴി നിരീക്ഷിക്കാനും കാലാവധി കഴിഞ്ഞ്‌ പുതുക്കാനുള്ള പുസ്‌തകങ്ങളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍ നിലവിലുള്ള അച്ചടി പുസ്‌തകങ്ങളുടെ കംപ്യൂട്ടറൈസ്‌ഡ്‌ മാനേജ്‌മെന്റാണ്‌ ഒന്നാം ഘട്ടത്തില്‍ ശ്രദ്ധപതിപ്പിക്കേണ്ടത്‌. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍, ഇ-ജേര്‍ണലുകളിലേക്കുള്ള അക്‌സസ്‌ ആണ്‌ ശ്രദ്ധിക്കേണ്ടത്‌. മിക്ക ദിനപത്രങ്ങലും മാസികകളും ജേണലുകളും ഓണ്‍ലൈന്‍ പതിപ്പുകള്‍ അച്ചടി പതിപ്പുകള്‍കൊപ്പം പുറത്തിറക്കുന്നുണ്ട്‌. ഇ-ജേണലുകള്‍ക്ക്‌ വിലകുറവായിരിക്കുമെന്നതിനൊപ്പം ഒരു ജേര്‍ണലിന്റെ വിലക്ക്‌ ലൈബ്രറിയിലെ കംപ്യൂട്ടര്‍ ശൃംഖലയിലെ ഏത്‌ ടെര്‍മിനല്‍ വച്ചും ഇത്‌ വായിക്കാം എന്ന മേന്മയുമുണ്ട്‌. ചിലതരം ജേണലുകള്‍ സജീവ ഇന്റര്‍നെറ്റ്‌ ബന്ധം ഉള്ളപ്പോള്‍ വായിക്കാന്‍ അനുവദിക്കുമെങ്കില്‍ മറ്റു ചിലത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കുകയോ അച്ചടി പതിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സി.ഡിയില്‍ നിന്നും പകര്‍ത്തിയെടുത്ത്‌ വായിക്കുകയോ ആകാം. മൂന്നാംഘട്ടത്തില്‍ നിലവിലുള്ള പുസ്‌തകങ്ങളെ, പ്രത്യേകിച്ച്‌ പഴക്കം ചെന്ന പുസ്‌തകങ്ങളെയും കയ്യെഴുത്ത്‌ പ്രതികളെയും ഡിജിറ്റല്‍ രൂപത്തിലേക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ കംപ്യൂട്ടര്‍ വ്യൂഹത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുക എന്നുള്ളതാണ്‌.

യു.ജി.സി ഇന്‍ഫ്‌ളിബ്‌നെറ്റ്‌ (INFLIBNET) എന്ന പേരില്‍ ഒരു ഇ-ലൈബ്രറി സേവനം തുടങ്ങിക്കഴിഞ്ഞു. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഫിലിയേറ്റഡ്‌ കോളേജുകളിലേക്ക്‌ കുറഞ്ഞ ചിലവില്‍ ഇലക്‌ട്രോണിക്‌ ജേണലുകള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഇത്‌. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എം, എന്‍.ഐ.ടി എന്നിവ ലൈബ്രറിയെ സ്വന്തം വെബ്‌സൈറ്റുമായി കൂട്ടിയിണക്കിക്കഴിഞ്ഞു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഹോസ്റ്റലിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചോ, ക്യാംപസില്‍ ലഭ്യമായ വൈ-ഫൈ ഇന്റര്‍നെറ്റിലൂടെ ലാപ്‌ടോപ്‌ ഉപയോഗിച്ചോ ലൈബ്രറിയിലേക്ക്‌ പ്രവേശിക്കാം. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സേവനത്തിലൂടെ കൂടുതല്‍ ഇ-ജേണലുകള്‍ ലഭ്യമാക്കാനായി യു.ജി.സി പ്രസാധകരുമായി ചര്‍ച്ചയിലാണ്‌. ഇതിന്റെ എടുത്തു പറയത്തക്കനേട്ടം ഓരോ കോളേജും പ്രത്യേകമായി പ്രസാധകരെ സമീപിക്കേണ്ടതില്ലെന്നതും. ലഭ്യമായ ജേര്‍ണലുകള്‍ വളരെ കുറഞ്ഞ ചിലവില്‍ വികേന്ദ്രീകൃതമായ രീതിയില്‍ വിവിധ അഫിലിയേറ്റഡ്‌ കോളേജുകളിലെ കംപ്യൂട്ടര്‍ നോഡുകളിലൂടെ ലഭ്യമാക്കാമെന്നതുമാണ്‌.
ഇ-ലൈബ്രറി നേട്ടങ്ങള്‍:
(1) ഭൂമിശാസ്‌ത്രപരമായ പരിധികള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇല്ലാതാകുന്നു. ലൈബ്രറി അംഗങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ബന്ധം ഉണ്ടെങ്കില്‍ ലോകത്ത്‌ എവിടെ നിന്നും വിവരശേഖരണം നടത്താം. ലൈബ്രറിയിലേക്ക്‌ നേരിട്ട്‌ പോകേണ്ട ആവശ്യമില്ല.
(2) 24X7 സേവനം - 24 മണിക്കൂറും എല്ലാദിവസവും ലൈബ്രറിയിലേക്ക്‌ പ്രവേശിക്കാം. മേല്‍സൂചിപ്പിച്ച രണ്ട്‌ നേട്ടങ്ങളിലൂടെ സ്ഥലത്തിന്റെയും സമയത്തിന്റെയും കടമ്പകളെയാണ്‌ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മറികടക്കുന്നത്‌.
(3) ഗുണനിലവാരം ഒരുപോലെ സൂക്ഷിച്ചുകൊണ്ട്‌ എത്രകോപ്പി വേണമെങ്കിലും അംഗങ്ങള്‍ക്ക്‌ കൊടുക്കാം. സാധാരണ ലൈബ്രറിയില്‍ ലഭ്യമായ/വാങ്ങിയ കോപ്പിയെ ആശ്രയിച്ചു മാത്രമേ പുസ്‌തക വിവരണം സാധ്യമാകൂ. എന്നാല്‍ ഇ-ലൈബ്രറിയില്‍ മാസ്റ്റര്‍ കോപ്പിയുടെ എത്ര ഇമേജുകള്‍ വേണമെങ്കിലും വിതരണം ചെയ്യാം.
(4) കാറ്റലോഗ്‌ സര്‍ച്ച്‌: എഴുത്തുകാരന്റെ പേര്‌, പുസ്‌തകത്തിന്റെ പേര്‌, പുസ്‌തക നമ്പര്‍ (ISBN), പുസ്‌തകത്തിന്റെ മേഖല/ഗണം എന്നിവ അടിസ്ഥാനമാക്കി കാറ്റലോഗ്‌ സര്‍ച്ച്‌ നടത്തിയ ശേഷം ഉദ്ദേശിച്ച പുസ്‌തകത്തിലേക്ക്‌ പെട്ടെന്ന്‌ എത്താം. പുസ്‌തകത്തില്‍ നിന്നും ഇത്തരത്തില്‍ ഇന്‍ഡക്‌സ്‌ സര്‍ച്ച്‌ വഴി ചാപ്‌റ്ററുകളിലേക്കും എത്താം.
(5) പരമ്പരാഗത ലൈബ്രറിയുടെ ഏറ്റവും വലിയ പ്രശ്‌നം പുസ്‌തകം വയ്‌ക്കാനുള്ള സ്ഥലവും കെട്ടിട സൗകര്യങ്ങളുമാണ്‌. ഇ-ലൈബ്രറിക്ക്‌ കംപ്യൂട്ടര്‍ ഡാറ്റാബേസ്‌ സ്ഥലം മാത്രമാണ്‌ ആവശ്യം. ഇതാണെങ്കില്‍ വളരെ കുറവാണ്‌ താനും. ഇന്ന്‌ ലഭ്യമായിട്ടുള്ള സി.ഡി.റോമില്‍ ഒരുലക്ഷം പുസ്‌തകപേജ്‌ വരെ ഉള്‍ക്കൊള്ളുമെന്ന്‌ പറഞ്ഞാല്‍ ലാഭിക്കാനാകുന്ന സ്ഥലം ഊഹിക്കാവുന്നതേയുള്ളൂ.
(6) ലൈബ്രറി ശൃംഖല: ചെറുലൈബ്രറികളെ ഒരു കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ കൊണ്ടുവന്നാല്‍ ഒട്ടേറെ പുസ്‌തകങ്ങളെ കൂടുതല്‍ പ്രദേശത്തിലേക്ക്‌ ജനാധിപത്യപരമായി എത്തിക്കാം.
(7) കുറഞ്ഞ മുതല്‍മുടക്ക്‌.

മിക്ക ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പഴയ ലക്കങ്ങള്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്‌ ആയി അതാത്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.ഒരു പഴയ വാര്‍ത്തയോ ലേഖനമോ തിരയാന്‍ പത്രക്കൂമ്പാരത്തില്‍ ഊളിയിടേണ്ടി വരില്ല. തീയതി അല്ലെങ്കില്‍ സര്‍ച്ച്‌ വേഡ്‌ ഉപയോഗിച്ച്‌ തിരഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പ്രസ്‌തുത വിവരം നിങ്ങള്‍ക്കു മുന്നിലെത്തും.പത്ര കടലാസ്‌,മാസിക കൂമ്പാരത്തില്‍ നിന്ന്‌ ഇതൊന്നു ചെയ്യണമെങ്കില്‍ താമസം നേരിട്ടേക്കാം.

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ്‌ അമേരിക്കയിലെ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസ്‌. 30 ദശലക്ഷം കാറ്റലോഗ്‌ ചെയ്യപ്പെട്ട പുസ്‌തകവും മറ്റ്‌ പ്രിന്റ്‌ ചെയ്‌ത മാറ്ററുകളും 470 ലോക ഭാഷകളിലായി ശേഖരിച്ചിരിക്കുന്നു. അച്ചടി ദിനപത്രങ്ങളുടെയും കോമിക്‌ പുസ്‌തകങ്ങളുടെയും ഒരു അതിശയ ശേഖരം തന്നെ ഇവിടെയുണ്ട്‌. 1994 ഒക്‌ടോബര്‍ 13 ന്‌ 'അമേരിക്കന്‍ മെമ്മറി' (www.memory.loc.gov) എന്ന പേരില്‍ ഇന്റര്‍നെറ്റ്‌ അടിസ്ഥാനമാക്കിയുള്ള ഒരു ആര്‍ക്കിവ്‌സ്‌ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസ്‌ മുന്‍കൈ എടുത്ത്‌ ആരംഭിച്ചു. അച്ചടിച്ചതും എഴുതപ്പെട്ടതുമായ വിവരങ്ങളുടെ ഡിജിറ്റല്‍ ശേഖരത്തോടൊപ്പം ശബ്‌ദ റെക്കോര്‍ഡുകളും വീഡിയോ റെക്കോര്‍ഡുകളും ശാസ്‌ത്രീയമായി ഇന്റര്‍നെറ്റിലേക്ക്‌ ശേഖരിക്കുന്നുണ്ട്‌. അമേരിക്കയുടെ ചരിത്രത്തിലെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും നിദാനമായ സ്ഥാപനങ്ങള്‍,ചരിത്രവൃത്താന്തം,വ്യക്തികള്‍, സ്ഥലങ്ങള്‍, ആശയങ്ങള്‍ എന്നിവ പഠിക്കാനും ഈ നവസംരഭം ഉപകരിക്കും.ആദ്യകാലത്ത്‌ സി.ഡി റോം ഫോര്‍മാറ്റിലേക്ക്‌ വികേന്ദ്രീകൃതമായി വിവരങ്ങള്‍ ഡിജിറ്റല്‍ ശേഖരിക്കാനായിരുന്നു ശ്രമം. എന്നാല്‍ വിവര വ്യാപനത്തിനും ശേഖരണത്തിനും ഇത്‌ തടസമായി. മാത്രമല്ല, ചിലവേറുകയും ചെയ്‌തു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സമയോചിതമായ കടന്നു വരവിലൂടെ ഇത്‌ വ്യക്തമായ മാറ്റവും പുരോഗതിയും കാണിച്ചു. 2000 ല്‍ തന്റെ 5 ദശലക്ഷം പുസ്‌തകം എന്ന ലക്ഷ്യം പിന്നിട്ട 'അമേരിക്കന്‍ മെമ്മറി' മറ്റ്‌ ലൈബ്രറികള്‍ക്ക്‌ മാതൃകയാണ്‌. ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഇതുവരെ 89 ദശലക്ഷം സന്ദര്‍ശകര്‍, 458 ദശലക്ഷം പേജ്‌ വായന, 4.6 ബില്യണ്‍ ഹിറ്റുകള്‍. ഓണ്‍ലൈന്‍ ഹിസ്റ്റോറിക്കല്‍ ശേഖരത്തില്‍ 11 ദശലക്ഷം ഫയലുകളും ഉണ്ട്‌.

ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറിയുടെ ഡിജിറ്റല്‍ വായനാമുറിയിലേക്കെത്താന്‍ http://new.www.nypl.org/digital/ സന്ദര്‍ശിക്കുക. കോഴിക്കോട്ടുള്ള രാജ്യാന്തര പ്രശസ്‌ത എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ടെക്‌നോളജി (മുന്‍ അര്‍.ഇ.സി) ഡിജിറ്റല്‍ തയാറെടുപ്പുകള്‍ 1997 ല്‍ തുടങ്ങി.ഭാരതീയ അക്കാദമിക പാരമ്പര്യത്തിന്റെ പെരുമയുള്ള നളന്ദ (http://www.nalanda.nitc.ac.in) എന്ന പേരിലാണ്‌ എന്‍.ഐ.ടി യുടെ ഡിജിറ്റല്‍ ലൈബ്രറി അറിയപ്പെടുന്നത്‌. നളന്ദ 'Network of Automated Library ANd Digital Archives' എന്നതിന്റെ ചുരുക്കരൂപമാണ്‌.

ഹവര്‍ത്തിത്വത്തിലൂടെ ലൈബ്രറി അധികൃതരും വായനക്കാരുമെല്ലാം ചേര്‍ന്നാണ്‌ മിക്ക ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌. അതുകൊണ്ട്‌ തന്നെ ചിലവ്‌ കുറയുമെന്ന്‌ മാത്രമല്ല വേഗത്തില്‍ വികേന്ദ്രീകൃതമായ രീതിയില്‍, ഡിജിറ്റല്‍ പാഠാന്തരം നടക്കും. പ്രൂഫ്‌ റീഡിംഗ്‌, സ്‌കാനിംഗ്‌, രൂപകല്‌പന എന്നിവയെല്ലാം ഒരു കൂട്ടായ്‌മയാണ്‌.

വിവരം രേഖപ്പടുത്തിവയ്‌ക്കുന്ന ശീലം അതിപുരാതന കാലം മുതല്‍ക്കുതന്നെ മനുഷ്യര്‍ ശീലിച്ചു വന്നിരുന്നു.അറിവ്‌ തലമുറകളിലേക്ക്‌ കൈമാറണമെന്നും അതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകൂ എന്നുമുള്ള ഉത്തമ ബോധ്യമാണ്‌ അറിവിനെ അക്ഷരങ്ങളായോ,ചിത്രരൂപേണെയോ സൂക്ഷിച്ചു വയ്‌ക്കാന്‍ പ്രേരിപ്പിച്ചതും.കല്ലും,എല്ലും,തുകലും,മരത്തോലും ഒക്കെയായിരുന്നു ആദ്യകാല വിവര ശേഖരണോപാധികള്‍. ലൈബ്രറി എന്ന വാക്കിന്‌ അച്ചടി പുസ്‌തകവുമായി ഒരു ബന്ധവും ഇല്ല.ലാറ്റിന്‍ ഭാഷയിലെ 'Liber' എന്ന വാക്കില്‍ നിന്നാണ്‌ ലൈബ്രറി ലോകവ്യാപകമായി ഉപയോഗത്തിലെത്തുന്നത്‌. ലാറ്റിനില്‍ മരത്തൊലിക്ക്‌ പറയുന്ന വാക്കാണ്‌ ലിബര്‍. അക്കാലത്ത്‌ റോമാക്കാര്‍ വിവരാലേഖനത്തിനായി മരത്തൊലിയും മരപ്പലകയുമൊക്കെ ഉപയോഗിച്ചിരുന്നതിനാല്‍ ഈ വാക്ക്‌ മറ്റ്‌ ഭാഷകളിലേക്കെത്തി.

പിന്നീട്‌ കടലാസിന്റെ കടന്നു വരവോടെ അക്ഷരവിപ്ലവത്തിനും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ലോകം സാക്ഷിയാവുകയായിരുന്നു.പേപ്പറില്‍ എഴുതിയും അച്ചടിച്ചും വിവരങ്ങള്‍ സൂക്ഷിച്ചുവന്നു.ഇങ്ങനെയുള്ളവ ഗ്രന്ഥങ്ങളാക്കി സംരക്ഷിക്കുകയും ചെയ്‌തു.ഗ്രന്ഥശാലകള്‍ ഇതോടൊപ്പം ഉയര്‍ന്നു വരികയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അറിവ്‌ പകര്‍ന്നെത്തിക്കുകയും ചെയ്‌തു.കാലചക്രം വീണ്ടും ഉരുണ്ട്‌ ഇപ്പോള്‍ അച്ചടിച്ച സ്‌കീന്‌ പകരക്കാരനായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്‌ക്രീന്‍ എത്തുമ്പോഴും ഇത്‌ ഒരു തുടര്‍ച്ചയുടെ ഭാഗമായി കാണാം.ഒരു മാധ്യമത്തില്‍ നിന്ന്‌ അടുത്തതിലേക്കെത്തുമ്പോള്‍ വിവര വ്യാപനം കൂടുതല്‍ വികസിക്കുന്നതു കാണാം. ഒരു കാര്യം സ്‌പഷ്‌ടമാണ്‌.വായന മരിക്കുന്നില്ല,വായനയുടെ സങ്കേതം മാത്രമേ മാറുന്നുള്ളൂ.കാലചക്രമിനിയും മാറും കംപ്യൂട്ടര്‍ സ്‌ക്രീനെയും വെല്ലുന്ന സാങ്കേതികവിദ്യ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ വരില്ലെന്ന്‌ പറയാനാകില്ല.വായന മരിച്ചാല്‍ മാനവരാശിയും മരിച്ചുവെന്ന്‌ പറയാം അതുകൊണ്ട്‌ നാം വളരുന്നതിനൊപ്പം വായനയും വളരും,പുതിയ മേച്ചില്‍ പുറങ്ങളിലൂടെ.വര്‍ത്തമാന കാലത്ത്‌ ഇ-വായനയാണ്‌ പുതുമയെങ്കില്‍ നാളെ മറ്റൊന്നാകാം.

5 comments:

v k adarsh said...

നാം വളരുന്നതിനൊപ്പം വായനയും വളരും,പുതിയ മേച്ചില്‍ പുറങ്ങളിലൂടെ.വര്‍ത്തമാന കാലത്ത്‌ ഇ-വായനയാണ്‌ പുതുമയെങ്കില്‍ നാളെ മറ്റൊന്നാകാം.

ഉമ്പാച്ചി said...

ഉപകാരം

ഞാന്‍ ഇരിങ്ങല്‍ said...

വായനയുടെയും ഇ-വായനയുടേയും അത്യുല്‍ഭതങ്ങളുടെ ലോകം ആദര്‍ശ് തുറന്ന് വയ്ക്കുന്നു.

ആദര്‍ശ് മലയാളം ബ്ലോഗ് ചരിത്രം തന്നെ മാറ്റാനും ബ്ലോഗ് ചരിത്രത്തെ ഉണ്ടാക്കിയെടുക്കാനും പ്രാപ്തനാണെന്ന് ചില പോസ്റ്റുകളെങ്കിലും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വിവര സാങ്കേതിക വിദ്യയുടേയും ഊര്ജ്ജ നഷ്ടത്തിന്‍ റേയും അതു പോലെ ഐടി വിപ്ലവത്തില്‍ നമ്മുടെ മണ്ണീന് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചു പോലും ഈ ചെറുപ്പക്കാരന്ന്‍ ഗാഡമായി ചിന്തിക്കുന്നു.

ബ്ലോഗെഴുത്ത് നോബല്‍ സമ്മാനത്തിനു വേണ്ടിയല്ല ഞാനെഴുതുന്നതെന്ന് വീമ്പിളിക്കുന്ന ആളുകള്‍ , ബ്ലോഗെഴുത്ത് അടുക്കള കുറിപ്പുകള്‍ മാത്രമായി മാറുന്ന മലയാളം ബ്ലോഗ് സംസ്കാരം കാറ്റില്‍ പറത്തി തന്‍ റേടവും ആര്‍ജ്ജവും കാണിക്കുന്നു ആദര്‍ശിനെ പോലുള്ള മുന്‍ കാഴ്ചയുള്ള എഴുത്തുകാര്‍.

ആദര്‍ശ്... താങ്കളുടേ ശ്രമം ഓരോ പുതു തലമുറയ്ക്കും പ്രചോദനവും അഭിമാനകരവുമാണ്.

വിരല്‍ തുമ്പിലെത്തുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ സാങ്കേതിക തികവും വരും തലമുറയ്ക്ക് ഇത് എങ്ങിനെ ഉപകാരപ്രദമാകും എന്ന് എത്ര ലളിതമായാണ് പറഞ്ഞു വയ്ക്കുന്നത്. വളരെ വിരസമായേക്കാവുന്ന ഇത്തരം വിഷയങ്ങള്‍ കൈയടക്കത്തോടെയും വിശ്വാസതയോടെയും അവതരിപ്പിക്കാന്‍ ആദര്‍ശിന് സാധിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.
ഇനിയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടാന്‍ കരുത്താകട്ടേ ഓരോ പോസ്റ്റും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anwar Shah Umayanalloor (Poet) said...

പായിച്ചകാലംവരില്ല!തിരികെ;യെന്നാല്‍
വായിച്ചിടട്ടെയേവരുമിതുലകിലാദരം
നേദിച്ചിടാംമതമനുവാചകര്‍ക്കാര്‍ക്കുമെന്നാ-
ലാസ്വദിച്ചിട്ടാകണമെന്നുമാത്രമാണെന്‍മതം*

-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
9846703746

മതം=അഭിപ്രായം

siham krt said...

അംഗത്വം എങ്ങനെ ലഭിക്കും (ഓൺലൈൻ)