Saturday, September 29, 2007

ഇ-മാലിന്യം


കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌.
നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം.
ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.

വിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.
ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌.
നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല.
വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 30 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം.
അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.

Saturday, September 01, 2007

എന്‍ജിനിയേഴ്‌സ്‌ ഡേ- വിശ്വേശ്വരയ്യ


ഭാരതം കണ്ടിട്ടുളള ഏറ്റവും കഴിവുറ്റ എന്‍ജിനീയര്‍മാരില്‍ ഒരാളാണ്‌ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ. മൈസൂര്‍ രാജ്യത്തിന്റെ ദിവാന്‍ പദവിവരെ അലങ്കരിച്ച വിശ്വേശ്വരയ്യയുടെ കയ്യൊപ്പുപതിഞ്ഞ ഒട്ടേറെ പ്രശസ്‌ത സ്ഥാപനങ്ങള്‍ ഇന്നും മികവിന്റെ പ്രതീകങ്ങളായി നില്‍ക്കുന്നു. മികച്ച ഉദാഹരണം കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും അനുബന്ധമായി നിര്‍മ്മിച്ചതും വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവും കൂടിയായ വൃന്ദാവന്‍ ഉദ്യാനവും തന്നെ. 1955 ല്‍ രാജ്യം ഇദ്ദേഹത്തിന്‌ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചു.അസാധരണ വൈഭവം ഉളള എന്‍ജിനീയര്‍, കഴിവുറ്റ ഭരണാധികാരി ദീര്‍ഘവീക്ഷണമുളള രാഷ്‌ട്ര തന്ത്രജ്ഞന്‍, വ്യവസായ വല്‍ക്കരണത്തിന്‌ നിസ്‌തുല സംഭവാനകള്‍ നല്‍കിയ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനായ വിശ്വേശ്വരയ്യ ജനിച്ചത്‌ മൈസൂര്‍ സംസ്ഥാനത്തെ മുദനഹളളി ഗ്രാമത്തിലായിരുന്നു. അച്ഛന്‍ ശ്രീനിവാസ ശാസ്‌ത്രി സംസ്‌കൃതപണ്ഡിതനും ആയുര്‍വേദചികില്‍സകനുമായിരുന്നു, അമ്മ വെങ്കടലക്ഷമ്മ. എം. വിശ്വേശ്വരയ്യയുടെ പൂര്‍വ്വസൂരികളെല്ലാം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മോക്ഷഗുണ്ടം പ്രദേശത്തില്‍ നിന്നുളളവരായിരുന്നു. അതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ പേരിനൊപ്പവും മോക്ഷഗുണ്ടം എന്ന പേര്‌ ചേര്‍ക്കപ്പെട്ടു. വിശ്വേശ്വരയ്യക്ക്‌ 12 വയസുളളപ്പോള്‍ ശ്രീനിവാസ ശാസ്‌ത്രിയെ നഷ്‌ടമായി. പിതാവിന്റെ മരണശേഷംകുട്ടികള്‍ക്ക്‌ ട്യൂഷനെടുത്തായിരുന്നു പഠനചിലവിനുളള തുക കണ്ടെത്തിയിരുന്നത്‌.
വിദ്യാഭ്യാസം
കോളാറിലെ ചിക്കാബെല്ലാപൂര്‍ ടൗണിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠത്തില്‍ അതിസമര്‍ത്ഥനായിരുന്നു. മദ്രാസ്‌ സര്‍വ്വകലാശാല യോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജില്‍ നിന്നും ഉന്നതനിലയില്‍ ബി. എ ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയന്‍സില്‍ നിന്നും ഒന്നാം റാങ്കോടെ സിവില്‍ എന്‍ജിനീയറില്‍ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌ പഠന കാലയളവില്‍ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലി മെഡല്‍ നേടുകയും ചെയ്‌തു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ 1959- ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച വേളയില്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനും, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സി. വി. രാമനും ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്ത സര്‍വകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്‌.
ഔദ്യോഗിക ജീവിതം
സിവില്‍ എന്‍ജിനീയറിംഗ്‌ ബിരുദമെടുത്തശേഷം ഉടന്‍തന്നെ ബോംബെയില്‍ പൊതുമരാമത്ത്‌ വകുപ്പില്‍ എന്‍ജിനീയറായി ചേര്‍ന്ന്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതല്‍ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എന്‍ജിനീയറുടെ പക്വതയാര്‍ന്ന രൂപകല്‌പന ഇദ്ദേഹത്തിന്‌ കുറഞ്ഞകാലയളവില്‍ തന്നെ സിന്ധ്‌ പ്രവിശ്യയിലെ (ഇപ്പോള്‍ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന) സുക്കൂര്‍ നഗരത്തിലെ ജലസേചനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന്‌ അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ്‌ പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്‌പനയ്‌ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എന്‍ജിനീയറുടെ പ്രൊഫഷണല്‍ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂര്‍, ബല്‍ഗാം, ധര്‍വാര്‍, ബീജാപൂര്‍, അഹമ്മദാബാദ്‌, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകള്‍ ജലസേചന സൗകര്യങ്ങള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതില്‍ വിശ്വേശ്വരയ്യയുടെ വൈദഗ്‌ദ്യം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്‌പന, നിര്‍മ്മാണം, തുടര്‍ന്നുള്ള പരിപാലനം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികള്‍ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസര്‍വോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയര്‍ത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈന്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.
1903 ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണം, റോഡുകള്‍ എന്നിവയുടെ രൂപസംവിധാനത്തില്‍ ഇടപെടുന്നതില്‍ വിശ്വേശ്വരയ്യ ഉല്‍സാഹ പൂര്‍വ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ (BSI) കനാല്‍ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.
മികവിന്റെ പുത്തന്‍മേച്ചില്‍പുറങ്ങളിലേക്ക്‌
48 വയസുള്ളപ്പോള്‍ ഔദ്യോഗിക പദവിയില്‍ നിന്ന്‌ സ്വയം വിരമിക്കല്‍ നേടിയ ശേഷം സ്വതന്ത്രമായ എന്‍ജിനീയറിംഗ്‌ സേവനമാരംഭിക്കാന്‍ പദ്ധതിയിട്ടു. ഇതിന്‌ മുന്നോടിയായി യൂറോപ്പിലെ വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ച്‌ വിജ്ഞാനത്തിന്റെയും പ്രായോഗികതയുടെയും തലം കൂടുതല്‍ വിപുലമാക്കി ഭാരതത്തിലേക്ക്‌ തിരികെയെത്തി, ജലസേചനം, വ്യവസായശാലകള്‍, എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു. ഉടന്‍തന്നെ ഹൈദരാബാദ്‌ നിസാം സാങ്കേതിക ഉപദേഷ്‌ടാവായി വിശ്വേശ്വരയ്യയെ ക്ഷണിച്ചു. ഇരട്ട നഗരങ്ങളായ സെക്കന്ദരാബാദ്‌ ഹൈദരാബാദ്‌ എന്നിവയെ പ്രളയത്തില്‍ നിന്നും കരകയറ്റുന്നതോടൊപ്പം ഫലപ്രദമായ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നിവയായിരുന്നു ഇദ്ദേഹത്തെ കാത്തിരുന്ന ദൗത്യം. വിജയകരമായ പൂര്‍ത്തീകരണത്തിന്‌ ശേഷം മൈസൂര്‍ സംസ്ഥാനത്തെ ചീഫ്‌ എന്‍ജിനീയര്‍ പദവി ലഭിച്ചു. പക്ഷെ വെറും പൊതുമരാമത്ത്‌ ജോലികള്‍ക്കപ്പുറം സ്വന്തം ആശയങ്ങള്‍ വിവിധ മേഖലകളില്‍ നടപ്പാക്കാനുളള വിപുലമായ അധികാരം ഉണ്ടാകണമെന്ന്‌ ഇദ്ദേഹം ആവശ്യപ്പെട്ടു. അന്നത്തെ ദിവാന്‍ ഒരു മടിയും കൂടാതെ ഇതു സ്വീകരിക്കുകയും ചെയ്‌തു.
1909 നവംമ്പര്‍ 15-ാം തീയതി സമാനതകളില്ലാത്ത മറ്റൊരു ഔദ്യോഗിക ഉത്തരവാദിത്വത്തിന്റെ തുടക്കം കുറിക്കുക കൂടിയായിരുന്നു. മൈസൂര്‍ മഹാരാജാവിന്റെ ആശീര്‍വാദം കൂടിയായപ്പോള്‍ ഏറ്റെടുത്ത പ്രോജക്‌ടുകളെല്ലാം വിജയകരമായി പൂര്‍ത്തികരിക്കാനായെന്നു മാത്രമല്ല ചരിത്രത്തിന്റെ ഭാഗമായ പദ്ധതികളുടെ ശില്‌പിയാകാനും സാധിച്ചു. ഇതോടൊപ്പം തന്നെ വ്യവസായം , വിദ്യാഭ്യാസം, റെയില്‍വേ എന്നിവയുടെ അധികചുമതല കൂടി നല്‍കുകയും ചെയ്‌തു. മൈസൂര്‍ ഇക്കണോമിക്‌ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ചുമതല ലഭിച്ചത്‌ നിലവിലുളള വ്യവസായത്തെ സാമ്പത്തികമായി പുഷ്‌ടിപ്പെടുത്താനും പുതിയ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനും സാധിച്ചു.
കാവേരി വൃഷ്‌ടി പ്രദേശത്ത്‌ സര്‍വ്വേ നടത്തി ബഹുമുഖ ആവശ്യത്തിനുതകുന്ന രീതിയില്‍ ഒരു അണക്കെട്ടിന്റെ പദ്ധതിരേഖ തയ്യാറാക്കി. അക്കാലത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു. അമേരിക്കയിലെ ടെന്നസ്‌വാലി അതോറിറ്റിയുടെ മാതൃകയിലുളളതായിരുന്നു ഇത്‌. സമീപ പ്രദേശത്തെ ജലലഭ്യത ഉറപ്പാക്കുന്നതിനോപ്പെംവ്യവസായശാലകളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ സഹായകരമായ രീതിലായിരുന്നു രൂപകല്‌പന. അക്കാലത്ത്‌ ഏറെ പണചിലവുളള ഈ പദ്ധതി മൈസൂര്‍പോലുളള ഒരു ചെറു സംസ്ഥാനത്തിന്‌ താങ്ങാവുന്ന തല്ലായിരുന്നു. എന്നിരുന്നാലും 3% എന്ന നിരക്കില്‍ മുടക്കുമുതല്‍ വര്‍ഷംതോറും വൈദ്യൂതി വിറ്റ്‌ നാടിന്‌ നേടാനാകുമെന്ന്‌ അദ്ദേഹം മഹാരാജാവിനെ ബോധ്യപ്പെടുത്തി അംഗീകാരം നേടി. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്‌ ശേഷം നേരിട്ടും അല്ലാതെയും പ്രസ്‌തുതപദ്ധതികൊണ്ടുളള തിരിച്ചടവ്‌ 15 ശതമാനമായിരുന്നു വെന്നത്‌ വിശ്വേശ്വരയ്യയുടെ എന്‍ജിനീയറിംഗ്‌ വൈഭവത്തിനൊപ്പം ആസൂത്രണത്തിനും തിളക്കമേകി.
രാഷ്‌ട്രീയധികാരത്തിലേക്ക്‌
കൃഷ്‌ണരാജസാഗര്‍ അണ ക്കെട്ടിന്റെയും വൃന്ദാവന്‍ ഗാര്‍ഡന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ ദിവാന്‍ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാന്‍ പദവി. റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌ മഹാരാജാവിനോട്‌ മാത്രമെന്നത്‌ നവംനവങ്ങളായ പദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന്‌ ഇദ്ദേഹത്തിന്‌ കരുത്തുപകര്‍ന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകള്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍വ്വകലാശാല എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പാകാനുളള ഒരു നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌ അറിഞ്ഞ ഉടന്‍തന്നെ നിരസിക്കുകയും ശമ്പളവര്‍ദ്ധവേണ്ടെന്ന്‌ വയ്‌ക്കുകയും ചെയ്‌തു. ബാഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ സയന്‍സിന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്‌ത്രത്തിലും പ്രയുക്ത ശാസ്‌ത്രത്തിലും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലക ശക്തിയാകാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ ഈ കാലയളവില്‍ സാധിച്ചു. ഒരു വലിയ സ്റ്റീല്‍ ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവില്‍ സ്റ്റീല്‍ ഉല്‌പ്പാദനം നടത്തിയിരുന്നെന്ന്‌ മാത്രമല്ല അമേരിക്കയിലേക്ക്‌ പിഗ്‌ അയണ്‍ കയറ്റുമതി ചെയ്യുകയും ചെയ്‌തു. വ്യോമയാനരംഗത്തും ഒരു ഫാക്‌ടറി ആരംഭിച്ചു പില്‍ക്കാലത്ത്‌ ഇത്‌ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ്‌ ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരില്‍ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ മൈസൂര്‍ സോപ്പ്‌ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തില്‍ വിശ്വേശ്വരയ്യ എന്ന എന്‍ജിനീയര്‍ ഉയര്‍ത്തിപിടിച്ചു.
1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍നെഹ്‌റുവിനും ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു. 101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രില്‍ 12 ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു.
‌വിശ്വേശ്വരയ്യ വിഭാവനം ചെയ്‌ത പ്രമൂഖ സ്ഥാപനങ്ങള്‍
1.കൃഷ്‌ണരാജ സാഗര്‍ അണക്കെട്ട്‌
2.വൃന്ദാവന്‍ ഗാര്‍ഡന്‍
3.മൈസൂര്‍ അയണ്‍ ആന്റ്‌ സ്റ്റീല്‍ വര്‍ക്‌സ്‌-ഭദ്രാവതി
4.മൈസൂര്‍ സോപ്പ്‌ ഫാക്‌ടറി
5.ദി ബാങ്ക്‌ ഓഫ്‌ മൈസൂര്‍. പിന്നീട്‌ ദി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍.എന്ന്‌ പേര്‌ മാറ്റി
1952 ല്‍ പട്‌നയില്‍ ഗംഗനദിയുടെ കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുര്‍ഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളില്‍ കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒരു കസേരയില്‍ പല്ലക്ക്‌ മാതൃകയില്‍ ഇദ്ദേഹത്തെകൊണ്ടുപോകാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു. എന്നാല്‍ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാല്‍നടയായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഇന്നത്തെ തലമുറ ഓര്‍ക്കണം.
എന്‍ജിനിയേഴ്‌സ്‌ ഡേ
മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്‌തംബര്‍ 15 ഇന്ത്യയില്‍ എന്‍ജിനിയേഴ്‌സ്‌ ദിനമായി ആചരിക്കുന്നു.