Monday, July 30, 2007

സയന്‍സ്‌ ഫിക്ഷന്‍- ഭാവിയിലേക്കൊരു ജാലകം

ശാസ്‌ത്രത്തേയും സാഹിത്യത്തെയും ചേരുംപടി ചേര്‍ത്താല്‍ ശാസ്‌ത്രകല്‌പിത കഥ അഥവാ സയന്‍സ്‌ ഫിക്ഷന്‍ ആയി എന്നു പറയാം. ശാസ്‌ത്രീയമായി വസ്‌തുതകളെ മനസിലാക്കി, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ഇതിവൃത്തമാക്കി രചിക്കുന്നവയാണ്‌ സയന്‍സ്‌ ഫിക്ഷന്‍. ഒന്നോര്‍ക്കുക, ശാസ്‌ത്ര വസ്‌തുതകളുടെ പിന്‍ബലമൊന്നുമില്ലാതെ വെറും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വയിലേക്കുള്ള പറക്കും തളികയും, അന്യ ഗ്രഹത്തിലെ ഭയാനകമായ ജീവികളും സയന്‍സ്‌ ഫിക്ഷനെയല്ല. മറിച്ച്‌ ശാസ്‌ത്രീയമായി തെറ്റില്ലാത്ത ഒരു ഘടനയും ഒപ്പം ഭാവിയിലെ സംഭവത്തിലേക്ക്‌ എങ്ങനെ എത്തുമെന്ന്‌ ലളിതമായെങ്കിലും വിവരിക്കണം, മേമ്പൊടിയായി സാഹിത്യ സൗന്ദര്യവും കൂടിയായാല്‍ സയന്‍സ്‌ ഫിക്ഷന്റെ രസക്കൂട്ട്‌ തയ്യാര്‍. ഇതൊക്കെ വായിക്കേണ്ട ആവശ്യം എന്താണ്‌. ഇന്നിന്റെ സയന്‍സ്‌ ഫിക്ഷന്‍ നാളത്ത ശാസ്‌ത്രമോ സാങ്കേതികവിദ്യയോ ആണ്‌. അങ്ങനെനോക്കുമ്പോള്‍ ഇന്നലത്തെ സയന്‍സ്‌ ഫിക്ഷന്‍ ഇന്നത്തെ ലോകത്തെ സാങ്കതികവിദ്യ ആകണമല്ലോ. ശാസ്‌ത്രസാങ്കേതിക രംഗത്ത്‌ കഴിഞ്ഞ 200 വര്‍ഷത്തിനിടയ്‌ക്കുണ്ടായ മുന്നേറ്റങ്ങള്‍ ഏറെകുറെ സയന്‍സ്‌ ഫിക്ഷനില്‍ പ്രവചിച്ചിട്ടുണ്ട്‌. ശാസ്‌ത്ര നോവലുകളെ പൊതുവായി രണ്ടായി തിരിക്കാം. ഭ്രമാത്മകതയുടെ (speculative fiction/fantacy) തലത്തിലും പ്രവചനത്തിന്റെ (prediction) തലത്തിലും. പാശ്ചാത്യ സാഹിത്യത്തില്‍ ശാസ്‌ത്ര നോവലുകള്‍ പ്രമുഖമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. പ്രവചനാത്മകമായ ശാസ്‌ത്ര നോവലുകള്‍ ഏറെയാണ്‌.1865 ല്‍ ഷ്യൂള്‍ വേണ്‍ 'ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്ക്‌' എന്ന ഗ്രന്ഥത്തിലൂടെ ചാന്ദ്രയാത്രയെ പ്രവചിച്ചു. 1865 ആണ്‌ കാലം എന്നോര്‍ക്കണം. സൂര്യ ചന്ദ്രന്മാരെ ആരാധനാമൂര്‍ത്തിയായി മാത്രം കണ്ടിരുന്ന കാലം. ദീര്‍ഘദര്‍ശിയായിരുന്ന ഷ്യൂള്‍ വേണ്‍ ചാന്ദ്രയാത്രയുടെ സാങ്കതികതയും യാത്രസംവിധാനങ്ങളും വരെ കൃത്യമായി അനുമാനിച്ചിരുന്നു. അന്നത്തെ സമൂഹം വേണിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല എന്ന്‌ പറയേണ്ടതില്ലല്ലോ. പിന്നീട്‌ 100 വര്‍ഷത്തിനു ശേഷം 1969 ല്‍ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 1865-ല്‍ ഷ്യൂള്‍ വേണ്‍ ചാന്ദ്രയാത്രയെപ്പറ്റി 'from the earth to the moon' എന്ന കൃതിയില്‍ വിവരിച്ചതിനും 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ചാന്ദ്രയാത്ര യഥാര്‍ത്ഥമായത്‌. ഇദ്ദേഹം ഇതുപോലെ സമുദ്രാന്തര്‍ യാത്രയും കൃത്യമായി പ്രവചിച്ചിരുന്നു. 1954 ല്‍ അമേരിക്കന്‍ നേവി സബ്‌ മറൈന്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഷ്യൂള്‍ വേണ്‍ എന്ന ശാസ്‌ത്രകഥാ ലോകത്തെ കുലപതി ബഹുമാനിക്കപെടുക കൂടിയായിരുന്നു.


1828ല്‍ ഫ്രാന്‍സിലാണ്‌ ഷ്യൂള്‍ വേണ്‍ ജനിച്ചത്‌. വിചിത്രായ ഒരു ആശയം ഉണ്ടാക്കി അതില്‍ ശാസ്‌ത്ര വസ്‌തുതകള്‍ ചേര്‍ത്ത്‌ വിശ്വസനീയമായ ഒരു സാഹിത്യ സൃഷ്‌ടി നടത്തുക. ഇതായിരുന്നു ഇദ്ദേഹത്തിന്റെ രചനാ രസതന്ത്രം.സയന്‍സ്‌ ഫിക്ഷന്‍ കഥയും നോവലുമായിമാത്രമല്ല, ടെലിവിഷന്‍ പരമ്പര, സിനിമ, കംപ്യൂട്ടര്‍ ഗെയിം, നാടകം എന്നീ ജനപ്രീയ മാധ്യമങ്ങളിലൂടെയും മനുഷ്യരെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്നു.


ഹാര്‍ഡ്‌-സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷനുകള്‍
സാഹിത്യത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച്‌ കാലാകാലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക്‌ സയന്‍സ്‌ ഫിക്ഷനും വിധേയമായിട്ടുണ്ട്‌. ഇതിന്റെ ഫലമായി വിഭിന്ന തരത്തിലുള്ള ശാസ്‌ത്ര കല്‌പിത കഥകളും ജന്മം കൊണ്ടു. ശാസ്‌ത്രവസ്‌തുതകളെ മുറുകെ പിടിച്ചും വിവരണങ്ങളില്‍ കൃത്യത പുലര്‍ത്തിയും ഭാവിയുടെ വര്‍ത്തമാനം പറയുന്നവയെ ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്നു വിളിയ്‌ക്കുന്നു.ശാസ്‌ത്ര തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാത്തതിനാലാണ്‌ ഇവയ്‌ക്ക്‌ ഹാര്‍ഡ്‌ എന്ന പേരു കിട്ടിയത്‌. സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷനാകട്ടെ നേരെ മറിച്ചും. ഭൗതിക ശാസ്‌ത്രം,രസതന്ത്രം,ജീവ ശാസ്‌ത്രം, എന്നീ ശുദ്ധശാസ്‌ത്ര ശാഖകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതിന്‌ പകരം ഇതര ശാഖകളായ സാമൂഹ്യ ശാസ്‌ത്രം,നരവംശ ശാസ്‌ത്രം, മനശാസ്‌ത്രം എന്നിവയെയാണ്‌ സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷന്‍ ഊന്നല്‍ നല്‍കുന്നത്‌.ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്റെ രചനയ്‌ക്ക്‌ നിരവധി പഠന ഗവേഷണങ്ങള്‍ ആവശ്യമാണ്‌. അമേരിക്കന്‍ ശാസ്‌ത്രകഥാകാരനും വിമര്‍ശകനും ആയ P. Schuyler Miller ആണ്‌ ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്ന വാക്ക്‌ രൂപപ്പെടുത്തിയതെങ്കില്‍ സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷന്‍ എന്ന രീതി ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷനെ പിന്‍പറ്റിയുണ്ടായതാണ്‌.


സോഷ്യല്‍ സയന്‍സ്‌ ഫിക്ഷന്‍.

മറ്റൊരു ശാഖയാണ്‌ സോഷ്യല്‍ സയന്‍സ്‌ ഫിക്ഷന്‍. ശാസ്‌ത്രവസ്‌തുതകള്‍ക്കൊപ്പം ഭാവിയിലുണ്ടാകുന്ന രാഷ്‌ട്രീയ പരിസരം കൂടി വിശദീകരിക്കുകയാണ്‌ ഇതില്‍. തന്റെ കൃതികളെ ഐസക്‌ അസിമോവ്‌ തന്നെ ഈ കൂട്ടത്തില്‍പ്പെടുത്തിയിട്ടുണ്ട്‌.

സൈബര്‍ പങ്ക്‌

സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വികസനം സയന്‍സ്‌ ഫിക്ഷന്‍ ശാഖയ്‌ക്കും ജന്മമേകിയിട്ടുണ്ട്‌. സൈബര്‍ പങ്ക്‌ എന്ന സയന്‍സ്‌ ഫിക്ഷന്‍ ശാഖ ഇത്തരത്തിലുള്ളതാണ്‌. കംപ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ നിയന്ത്രിതമായ ഭാവിയുടെ സാധ്യതകളും ഒപ്പം ആകുലതകളും സൈബര്‍ പങ്ക്‌ വിശദീകരിക്കുന്നു. സമൂഹത്തില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട്‌ നില്‍ക്കുന്നവണ്ണം ചില പ്രത്യേകതകള്‍ കാഴ്‌ച വയ്‌ക്കുന്ന വ്യക്തികളെയോ പ്രവൃത്തിയെയോ വിശേഷിപ്പിക്കാനാണ്‌ പങ്ക്‌ എന്ന ഉപയോഗിച്ചു വരുന്നത്‌. കംപ്യൂട്ടര്‍ ഹാക്കറുകളുടെയും, നിര്‍മ്മിത ബുദ്ധികളുടെയും (artificial Intelligence), മെഗാ കോര്‍പ്പറേഷനുകളുടെയും ലോകത്തെയാണ്‌ ഇവ പ്രവചിക്കുന്നത്‌. വില്യം ഗിബ്‌സണ്‍ എഴുതിയ ന്യൂറോ മാന്‍സര്‍ എന്ന ശാസ്‌ത്ര നോവലില്‍ സൈബര്‍ പങ്കിന്‌ ഉ്വാഹരണമാണ്‌.സൈബര്‍ പങ്കില്‍ നിന്നും മറ്റ്‌ പല ശാഖകളും രൂപപ്പെട്ടിട്ടുണ്ട്‌.


ഇവയില്‍ പ്രധാനമാണ്‌ ബയോപങ്കും റിബോപങ്കും സ്റ്റിംപങ്കുമൊക്ക. ബയോ ടെക്‌നോളജി പോലുള്ള ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട കൃത്രിമരീതികളാണ്‌ ബയോപങ്കുകള്‍ പ്രവചിക്കുന്നത്‌. എന്നാല്‍ ഡി എന്‍ എ യുടെ അഭിവാജ്യ ഘടകമായ ആര്‍ എന്‍ എ യെ രചനാ വസ്‌തു വായി ഉപയോഗിക്കുന്നതാണ്‌ റിബോപങ്കുകള്‍.വ്യാവസായിക യുഗത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട സയന്‍സ്‌ ഫിക്ഷനുകളാണ്‌ സ്റ്റീം പങ്കുകള്‍. ആവി യന്ത്രത്തിന്റെ(Steam Engine) കണ്ടുപിടുത്തമായിരുന്നല്ലോ വ്യാവസായിക വിപ്ലവത്തിന്‌ വിത്തുപാകിയത്‌.


മിലിട്ടറി സയന്‍സ്‌ ഫിക്ഷന്‍

ഭാവി യുദ്ധങ്ങളെ പ്രവചനാപൂര്‍വം സമീപിക്കുന്ന രീതിയാണ്‌ മിലിട്ടറി സയന്‍സ്‌ ഫിക്ഷനില്‍ രേഖപ്പടുത്തുന്നത്‌. സ്ഥിര നക്ഷത്രസമൂഹങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവ തമ്മിലുള്ള യുദ്ധം അല്ലെങ്കില്‍ മനുഷ്യരും അന്യഗ്രഹവാസികളും തമ്മിലുള്ള ഉരസല്‍ ഒക്കെ മിലിട്ടറി സയന്‍സ്‌ ഫിക്ഷനില്‍ ചര്‍ച്ച ചെയ്യുന്നു. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇതില്‍ വിവരിക്കുന്നു. ശാസ്‌ത്രസാങ്കതിക മുന്നറ്റങ്ങള്‍ സൃഷ്‌ടിക്കാനിടയുള്ള ഭാവി ആയുധങ്ങള്‍ ഇവിടെ നവ പോര്‍മുനകളാകുന്നു.


മഹാപ്രളയ സയന്‍സ്‌ ഫിക്ഷന്‍

ആണവയുദ്ധവും പേമാരിയും പോലുള്ള മഹാവിപത്തുകള്‍ മനുഷ്യന്റെ അന്ത്യത്തിന്‌ നിദാനമാകുന്നതാണ്‌ മഹാപ്രളയ (Apocalyptic) സയന്‍സ്‌ ഫിക്ഷന്റെ അകം പൊരുള്‍. മഹാപ്രളയത്തിന്‌ ശേഷം വരാനിടയുള്ള നവലോകത്തിന്റെ മാതൃകയും ഇതിവൃത്തമാകാം. ലോകത്തിലെ മിക്ക മതങ്ങളും മഹാപ്രളയമോ, അല്ലാതെയോ സംഭവിക്കുന്ന ലോകാന്ത്യം വിവരിക്കുന്നുണ്ട്‌.


പ്രവചനങ്ങള്‍: സയന്‍സ്‌ ഫിക്ഷന്‍

ലോകത്തെ മറ്റോരതികായനായ ആര്‍തര്‍.സി.ക്ലര്‍ക്ക്‌ 1946 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ആശയ വിനിമയാവശ്യങ്ങള്‍ക്കായി കൃത്രിമ ഉപഗ്രഹം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടിയിരുന്നു. നടക്കാത്ത സ്വപ്‌നം എന്ന്‌ വിമര്‍ശകര്‍ അക്കാലത്ത്‌ പരിഹസിച്ചിരുന്നെങ്കിലും 1958 ല്‍ റഷ്യ സ്‌ഫുട്‌നിക്‌ വിക്ഷേപിച്ചപ്പോള്‍ ശാസ്‌ത്രലോകത്തിന്റെ മുക്തകണ്‌ഠ പ്രശംസ ആര്‍തര്‍.സി.ക്ലര്‍ക്ക്‌ നേടുകയുണ്ടായി. ഇന്ന്‌ ഒരു ഓര്‍ബിറ്റ്‌ തന്നെ ജ്യോതിശാസ്‌ത്രജ്ഞന്‍ കൂടിയായ ആര്‍തര്‍.സി.ക്ലര്‍ക്കിന്റെ പേരിലാണ്‌.


(ആര്‍തര്‍.സി.ക്ലര്‍ക്ക്‌ ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശ്രീലങ്കാഭിമന്യ പ്രസിഡന്റ്‌ ചന്ദ്രിക കുമാരതുംഗെയില്‍ നിന്നും സ്വീകരിക്കുന്നു) >>>>>>>


സയന്‍സ്‌ ഫിക്ഷന്‍ കിട്ടാവുന്നത്ര ശേഖരിച്ച്‌ വായിക്കണം. ഭാവനയെ വികസിപ്പിക്കുവാനും ഭാവിയില്‍ സാങ്കതിക വിദഗ്‌ദരോ, ശാസ്‌ത്രജ്ഞരോ, സാഹിത്യകാരോ ആകുകയാണങ്കില്‍ കൂടുതല്‍ വിശാലമായി വസ്‌തുതകളെ കാണാനും നൂതനമായി ചിന്തിക്കുവാനും ഇത്തരം വേറിട്ട വായന വഴിയൊരുക്കും. ശാസ്‌ത്ര ഗവേഷണ വികസന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാവനയെ ശാസ്‌ത്രനോവലുകള്‍ ഗുണപരമായി സ്വാധീനിക്കാറുണ്ട്‌. അമേരിക്കയിലെ പ്രശസ്‌തമായ പ്രതിരോധ ഗവേഷണ സ്ഥാപനമായ നാസ, പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ശാസ്‌ത്രജ്ഞര്‍ക്കായി സയന്‍സ്‌ ഫിക്ഷന്‍ ഒരു പഠന പദ്ധതിയായി തന്നെ നല്‍കുന്നു.


സ്വപ്‌നം കാണുന്നവര്‍ക്കേ മികച്ച ശാസ്‌ത്രജ്ഞരാകാന്‍ പറ്റൂ എന്ന്‌ നമ്മുടെ പ്രീയപ്പെട്ട ഡോ. എ.പി.ജെ.അബ്‌ദുള്‍ കലാം ഓര്‍മ്മിപ്പിക്കാറില്ലേ. ഇവിടെ സയന്‍സ്‌ ഫിക്ഷനിലൂടെ യഥാര്‍ത്ഥ്യബോധമുള്ള സ്വപ്‌നങ്ങള്‍ തന്നെയാണ്‌ നിങ്ങള്‍ കടന്നുപോകുന്നത്‌. സയന്‍സ്‌ ഫിക്ഷന്‍ നടക്കാനിടയുള്ള സ്വപ്‌നം തന്നെയാണ്‌. ഇന്ന്‌ അമേരിക്കയിലെ പുസ്‌തകശാലകളില്‍ പകുതിയോളം സയന്‍സ്‌ ഫിക്ഷന്‍ കയ്യടക്കികഴിഞ്ഞു.


റോബര്‍ട്ട്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ 1921 ല്‍ കാരെല്‍ കാപെക്‌ എന്ന ചെക്കോസ്ലോവ്‌ക്‌ എഴുത്തുകാരനാണ്‌. ചെക്ക്‌ ഭാഷയില്‍ റോബര്‍ട്ടോ എന്ന പദത്തിന്‌ എപ്പോഴും മടുപ്പിക്കുന്ന ഒരേ ജോലി തന്നെ ചെയ്യുന്ന റോബര്‍ട്ടിനുണ്ടോ മടി എന്നാണ്‌ അര്‍ത്ഥം. ആര്‍തര്‍ സി ക്ലര്‍ക്കിന്റെ സുഹൃത്തും ശാസ്‌ത്രകഥാ രംഗത്തെ മറ്റൊരു ഇതിഹാസവുമായ ഐസക്‌ അസിമോവ്‌ റോബര്‍ട്ടുകളെ കേന്ദ്ര പ്രമേയമാക്കി ഒട്ടേറെ കഥകള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ട്‌. അസിമോവിന്റെ രചനകളില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയാണ്‌ ഫൗണ്ടഷന്‍ നോവലുകളും റോബര്‍ട്ട്‌ കഥകളും. അസിമോവ്‌ രചിച്ച റോബര്‍ട്ടുകളെല്ലാം തന്നെ മനുഷ്യനുമായി സൗഹൃദത്തിലാണ്‌. റോബര്‍ട്ട്‌ നിര്‍മ്മാണത്തിനായി അസിമോവിന്റെതായ മൂന്ന്‌ നീയമങ്ങളും നിലവിലുണ്ട്‌. എന്നാല്‍ രാക്ഷസരൂപിയായ റോബര്‍ട്ടുകളും സയന്‍സ്‌ ഫിക്ഷന്റെ ഭാഗമായുണ്ട്‌. ആംഗലേയ മഹാകവി പി.ബി ഷെല്ലി യുടെ ഭാര്യ മേരി ഷെല്ലി യുടെ രചനയില്‍ ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്‌ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണശാലയില്‍ നിന്നും പുറത്തുവരുന്ന ഭീകരമനുഷ്യന്‍ സൃഷ്‌ടാവിനെ തന്നെ നശിപ്പിക്കുന്നു. ഐസക്‌ അസിമോവ്‌ സ്വകാര്യത ഇല്ലാത്ത ഒരു ഭാവി സമൂഹത്തെ സ്വപ്‌നം കാണുകയും അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. വ്യക്തി സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നില്ല സ്വകാര്യതമാത്രമേ നഷ്‌ടപ്പെടുന്നുള്ളൂ. മൊബീല്‍ ഫോണ്‍ കാമറകളുടെയും ജേര്‍ണലിസത്തിലെ സ്റ്റിംഗ്‌ ഓപ്പറേഷനുകളുടെയും സമകാലിക ലോകത്ത്‌ ആസിമോവിന്റെ അഭിപ്രായം പ്രവചനാത്മകം തന്നെയായി.


സയന്‍സ്‌ ഫിക്ഷന്റെ പിതാവെന്ന്‌ വിശേഷിപ്പിക്കുന്ന എച്‌.ജി. വെല്‍സ്‌ സമയ യന്ത്രത്തെ പറ്റി ശ്രദ്ധേയമായ രചന നടത്തിയിട്ടുണ്ട്‌. The Time Machine, The War of the Worlds, The Invisible Man, The First Men in the Moon and The Island of Doctor Moreau. എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികള്‍


ടൈം മെഷീന്‍ എന്നാല്‍ ഭാവിയിലേക്കും ഭൂതകാലത്തക്കും ഇഷ്‌ടം പോലെ യാത്ര നടത്താവുന്ന അവസ്ഥ. തീര്‍ന്നില്ല The Invisible Man ല്‍ അദൃശ്യമനുഷ്യനെ പറ്റിയാണ്‌ വിവരിക്കുന്നത്‌.ഗ്രിഫിന്‍ എന്ന ശാസ്‌ത്രജ്ഞന്റെ വിചിത്രവും സംഭവബഹുലവുമായ കഥയാണിത്‌. വാര്‍ ഓഫ്‌ വേള്‍ഡില്‍ എച്‌.ജി വെല്‍സ്‌ ഇന്നത്തെ ലേസര്‍ രശ്‌മിക്ക്‌ തുല്യമായ ഒരു പ്രകാശത്തപറ്റി വിവരിക്കുന്നുണ്ട്‌. ഒപ്പം ജൈവ ആയുധങ്ങള്‍ ഭാവി പടക്കോപ്പുകളാകാനുള്ള സാധ്യതയും പങ്കുവയ്‌ക്കുന്നു. ജനിതകസാങ്കേതികവിദ്യയും അതിന്റെ ഫലമായുണ്ടാകുന്ന സങ്കരയിനം ജിവികളെയും എച്‌.ജി.വെല്‍സ്‌ The Island of Doctor Moreau ല്‍ പ്രവചിക്കുന്നു.


പ്രശസ്‌തമായ സയന്‍സ്‌ ഫിക്ഷന്‍ പ്രവചനങ്ങള്‍

1948-ല്‍ റോബര്‍ട്ട്‌ ഹെയന്‍ലെന്‍ സ്‌പെയ്‌സ്‌ കേഡറ്റ്‌ എന്ന നോവലില്‍ മൊബൈല്‍ ഫോണ്‍ ഭാവനയുടെ തലത്തില്‍ നിന്നുകൊണ്ട്‌ അവതരിപ്പിച്ചു. ഈ ഫോണിനദ്ദേഹം നല്‍കിയ പേര്‌ പോക്കറ്റ്‌ ഫോണ്‍ എന്നായിരുന്നു. ഇന്ന്‌ മൊബൈല്‍ ഫോണ്‍ സര്‍വ്വവ്യാപിയായി കഴിഞ്ഞിട്ടുണ്ടല്ലോ ? ഇന്റര്‍നെറ്റിന്‌ സൈബര്‍ സ്‌പെയ്‌സ്‌ എന്ന പേരുതന്നെ കിട്ടിയത്‌ 1984-ല്‍ വില്യം ഗിബ്‌സണ്‍ എഴുതിയ ന്യൂറോ മാന്‍സര്‍ എന്ന ശാസ്‌ത്ര നോവലില്‍ നിന്നാണ്‌. കംപ്യൂട്ടര്‍ ഹാക്കിംഗും ഭാവിയുടെ ഭീഷണിയായി ഗിബ്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമകാലീന കംപ്യൂട്ടര്‍ ലോകത്തിന്റെ ഏറ്റവും വലീയ ഭീതിയും ഹാക്കിംഗ്‌ അല്ലാതെ മറ്റൊന്നല്ല.

എഴുത്തുകാരന്‍ കൃതി പ്രവചനം

ഐസക്‌ അസിമോവ്‌ ഫാന്റാസ്റ്റിക്‌ വോയേജ്‌ നാനോടെക്‌നോളജി

ജെര്‍മി ജെര്‍ഫ്‌കിന്‍ ബയോടെക്‌ സെഞ്ചറി ജൈവസാങ്കതികവിദ്യ

ഇ.എം. ഫോസ്റ്റര്‍ ദി മെഷീന്‍ സ്റ്റോപ്‌സ്‌ എം.ആര്‍.ഐ സ്‌കാനിംഗ്‌, വീഡിയോ കോണ്‍ഫറന്‍സിംഗ്‌

ജോണ്‍ ബ്രണര്‍ ഷോക്ക്‌ വേവ്‌ റൈഡര്‍ കംപ്യൂട്ടര്‍ വൈറസ്‌

വില്യം ഗിബ്‌സണ്‍ ന്യൂറോ മാന്‍സര്‍ പ്രതിതി യാഥാര്‍ത്ഥ്യം (virtual reality)

ആല്‍ഡസ്‌ ഹക്‌സ്‌ ലി ബ്രേവ്‌ ന്യൂ വേള്‍ഡ്‌ ക്ലോണിംഗ്‌

എച്‌.ജി. വെല്‍സ്‌ ദ വേള്‍ഡ്‌ സെറ്റ്‌ ഫ്രീ ആണവ ഊര്‍ജം


സയന്‍സ്‌ ഫിക്ഷനെ സംബന്ധിച്ച്‌ സമഗ്രമായ പഠനം ഏതോരു വികസിത സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ നവ ഊര്‍ജം പകരും. എന്തെന്നാല്‍ പില്‍ക്കാലത്തെ വളരെ പ്രസക്തമായ കണ്ടുപിടുത്തങ്ങളോ ലോക ക്രമമോ പ്രവചിക്കാന്‍ ഇവയ്‌ക്കായിട്ടുണ്ട്‌ എന്നതു തന്നെ.


നാനോ ടെക്‌നോളജിയില്‍ ഒരു മലയാള നോവല്


‍ശാസ്‌ത്ര നോവലുകള്‍ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം. ഈ വിടവിലേക്കാണ്‌ ജി.ആര്‍. ഇന്ദുഗോപന്റെ ഐസ്‌ -196oC എന്ന കൃതി കടന്നുവരുന്നത്‌. പൊതുവെ മലയാളി മനസിന്‌ സാങ്കേതിക വിദ്യയോട്‌ ഒരു ചെറിയ അകലമുണ്ടെന്നത്‌ സമ്മതിക്കാതെ വയ്യ. ഇതുകൊണ്ടു തന്നെ ആയിരിക്കണം ഒരു ശാസ്‌ത്രനോവല്‍ മലയാളത്തില്‍ പുറത്തിറങ്ങാഞ്ഞത്‌. എന്നാല്‍ ജി. ആര്‍. ഇന്ദുഗോപന്‍ ഐസ്‌ -196 ഡിഗ്രി സെല്‍ഷ്യസ്‌ എന്ന നോവലിലൂടെ സാങ്കേതിക വിദ്യയുടെ മായിക ലോകത്ത്‌ സംഭവിക്കുന്ന മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.


സാങ്കേതിക വിദ്യ അതിന്റെ നല്ല വശത്താണോ നാം സ്വായത്തമാക്കുന്നത്‌ എന്ന സന്ദേഹം നോവല്‍ പങ്കുവയ്‌ക്കുന്നു. ന്യൂറോ സയന്‍സിന്റേയും ബയോ ടെക്‌നോളജിയുടേയും നാനോ ഇലക്‌ട്രോണിക്‌സിന്റേയും അന്തരീക്ഷം സൃഷ്‌ടിക്കുന്ന പുതിയ സാദ്ധ്യതകള്‍ പകര്‍ന്നു തരുന്ന ലോകം അതിവിശാലമാണ്‌. ഹൃദയം നിലച്ചുപോയതും മസ്‌തിഷ്‌ക മരണം സംഭവിക്കാത്തതുമായ ശരീരങ്ങളെ ഡീപ്പ്‌ ഫ്രീസറിലിട്ട്‌ സൂക്ഷിച്ച്‌ അതി വിദൂര ഭാവിയില്‍ അനുയോജ്യമായ വൈദ്യശാസ്‌ത്ര വിദ്യ തെളിയുന്ന പക്ഷം ഒരു തിരിച്ചുവരവിനായി തയ്യാറെടുത്തുകൊണ്ട്‌ കിടക്കുന്ന കഥ ഇന്നിന്റെ ശാസ്‌ത്രകൗതുകമാകാം. കുറഞ്ഞപക്ഷം കേരളീയര്‍ക്കെങ്കിലും. ഏതെങ്കിലും ഒരു കാലത്ത്‌ ജീവിപ്പിച്ചെടുക്കാമെന്നുള്ള അവസരമാണ്‌ ഇന്ദുഗോപന്‍ നോവലിന്റെ നട്ടെല്ലായി തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്‌.


സാങ്കേതിക വിദ്യയ്‌ക്ക്‌ മധുരമായ ഒരു വശം മാത്രമല്ല, മനുഷ്യരാശിയുടെ വെറുപ്പിനും പകയ്‌ക്കും ഇത്‌ നീചമായി ഉപയോഗിക്കാന്‍ പറ്റുമെന്നും നോവല്‍ നമ്മോട്‌ പറയുന്നു. സാങ്കേതിക വിദ്യ കൊണ്ടുവരുന്ന വൈദ്യശാസ്‌ത്രപരവും സാമൂഹികപരവുമായ സാദ്ധ്യതകളെ വിപണനത്തിന്റേയും അധികാരത്തിന്റേയും തലത്തില്‍ മാറ്റുന്ന ആസുരകാലം ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സാങ്കേതിക വിദ്യ ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും എത്തിയ അവസ്ഥ ഇന്ന്‌ ഇന്ത്യയിലില്ല. അതുകൊണ്ടു തന്നെ പ്രവചനാത്മകമായ ഒരു കാലം ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഒരു ഇംഗ്ലീഷ്‌ ക്രൈം ത്രില്ലര്‍ സിനിമ പോലെയാണ്‌ ഈ നോവലിന്റെ ക്യാന്‍വാസ്‌. ജന്മജന്മാന്തരങ്ങളില്‍ പോലും അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകാന്‍ സാദ്ധ്യതയില്ലാത്ത ഒരു കൊടും വിഷമായി ശത്രുത മാറുമ്പോള്‍ നിലവിലുള്ള സാങ്കേതി വിദ്യയെ പോലും ശത്രുതയ്‌ക്കുള്ള രാസത്വരകമായി ഉപയോഗിക്കുകയാണ്‌ ഇവിടെ.


നോവലില്‍ ഒരിടത്ത്‌ ഇങ്ങനെ പറയുന്നുണ്ട്‌. 'ഒരാളെ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടു വരാനുള്ള ടെക്‌നോളജി ഇല്ലായ്‌മയാണ്‌ മരണം.' ഒരര്‍ത്ഥത്തില്‍ എത്രശരിയാണിത്‌. ഒരു നോവലിനുപരിയായി സാങ്കേതിക വിദ്യയും സയന്‍സുമായി ബന്ധപ്പെട്ട ഒട്ടനവധി വിവരങ്ങള്‍ വിദഗ്‌ധമായി കോര്‍ത്തിണക്കി കൊണ്ടാണ്‌ നോവല്‍ വായന മുന്നേറുന്നത്‌. പൊട്ടിപ്പോയ ഇടുപ്പെല്ലിനു പകരം മധുര സംഗീതം പൊഴിക്കുന്ന സ്‌മാര്‍ട്ട്‌ ഇടിപ്പെല്ല്‌ പകരം പിടിപ്പിക്കുന്നതും ഒളിമ്പിക്‌സില്‍ ജനിതകമാറ്റത്തിലൂടെ ഉത്തേജക മരുന്നുപയോഗിക്കുന്നതിന്റെ സാദ്ധ്യതകളും എന്നിങ്ങനെ ഒട്ടനവധി വിജ്ഞാന ശകലങ്ങളും കൊണ്ട്‌ സമൃദ്ധമാണ്‌ ഈ നോവല്‍. ഒടുവില്‍ പഴയ മൂല്യങ്ങളുടേയും സമാധാനത്തിന്റേയും ഭൂമികയിലേക്ക്‌ എത്തുന്നു. മാധ്യമം ആഴ്‌ചപതിപ്പില്‍ ഖണ്‌ഡശ: പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഏറെ വായനക്കാരെ ആകര്‍ഷിച്ചതാണ്‌ ഈ നോവല്‍. കൊച്ചിന്‍ സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. ബാബു ജോസഫിന്റെ പഠനവും കൃതിയുടെ മാറ്റു കൂട്ടുന്നു. പ്രസാധകര്‍ : ഡി.സി. ബുക്‌സ്‌. വില : 115 രൂപ.


വി.കെ ആദര്‍ശ്‌, സ്‌മിത.എം എന്നിവര്‍ തയാറാക്കിയ ലേഖനം.


വി.കെ ആദര്‍ശ്‌,കൊല്ലം യൂനുസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗില്‍ലക്‌ചറര്‍,
adarshpillai@gmail.commob: 93879 07485

സ്‌മിത.എം, കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷില്‍ ഗവേഷക വിദ്യാര്‍ത്ഥിനി


9 comments:

v k adarsh said...

ശാസ്‌ത്രത്തേയും സാഹിത്യത്തെയും ചേരുംപടി ചേര്‍ത്താല്‍ ശാസ്‌ത്രകല്‌പിത കഥ അഥവാ സയന്‍സ്‌ ഫിക്ഷന്‍ ആയി എന്നു പറയാം. ശാസ്‌ത്രീയമായി വസ്‌തുതകളെ മനസിലാക്കി, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ഇതിവൃത്തമാക്കി രചിക്കുന്നവയാണ്‌ സയന്‍സ്‌ ഫിക്ഷന്‍.

Haree | ഹരീ said...

നന്നായിരിക്കുന്നു... :)
ഒന്നുകൂടി ചിട്ടപ്പെടുത്താമെന്നു കരുതുന്നു.
--

Kalidas Pavithran said...

Excellent article, seems to be well researched.. you may want to add somthing about the science fiction movies as well... latest example being the technology shown in the picture "Minority report" came out as Microsofts surface computing,,,, anyway congratulations.
Not familiar with malayalam typing yet,, so typing the comment in english. bear with me.

sanju said...

നല്ല ലേഖനം,ആദര്‍ശ്. നല്ലത് പോലെ റിസര്‍ച്ച് ചെയ്ത് contents ശേഖരിച്ചെഴുതിയതാണെന്ന് മനസ്സിലാക്കുന്നു...ഇത് വായിചപ്പൊഴാ പണ്ട് ഗവേഷണ വിദ്യാര്‍ത്ഥിയായ എന്റെയൊരു സുഹൃത്തിനോട് അവന്റെ പേറ്റന്റ്സിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പൊള്‍ മറ്റൊന്നുമല്ല,സയന്‍സ് ഫിക്ഷനുകളാണെന്നവന്‍ തമാശ പറഞ്ഞത് ഓര്‍മ്മ വന്നത്..
തുടര്‍ന്നും ഇതുപോലുള്ള എഴുതുക

JA said...

മികച്ച ലേഖനം, നന്നായിരിക്കുന്നു

Vazhiyariv said...

very good..article.this is for children and try to start with a little story.then come to the point.in a sense every scientist is a fiction writer...he is not writing,he is doing...that is the difference.you can point malayalam fictions of malayaattoor,parishath books...ok.good article.one thing more...fictions are not only in science,there are in history,ecconomics,commerce (kl mohanavarma yute OoHARI)art (NS Madhavan's Carmen)also.

Glocalindia said...

നല്ല ലേഖനം ആദര്‍ഷേ,

ടെര്‍മിനേറ്റര്‍ സീരീസും മാട്രിക്സുമൊക്കെ എത്രയോ തവണ കണ്ടിരിക്കുന്നു. ഭാവനയുടെ അതിരില്ലാത്ത ലോകത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണ് സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളും സിനിമകളും ഗെയിമുകളും. അതുകൊണ്ട് തന്നെയാവണം ഇവയ്ക്കൊക്കെ ഇത്രയധികം ആരാധകര്‍. സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളേക്കാള്‍ സിനിമകളും ഗെയിമുകളുമാണ് എനിക്ക് പഥ്യമെന്നും പറയട്ടെ.

സയന്‍സ് ഫിക്ഷനുകളുടെ പ്രവചനസ്വഭാവത്തെ പറ്റി എനിക്ക് എതിരഭിപ്രായം ഉണ്ട്. രാവണന്റെ പുഷ്പകവിമാനമാണ് ഇന്നത്തെ വിമാനം എന്ന രീതിയിലുള്ള മണ്ടന്‍ നിഗമനത്തിലെത്താന്‍ മാത്രമേ ഈ പ്രവചനസ്വഭാവ സിദ്ധാന്തം ഉപകരിക്കൂ.

അസിമോവിനെ പോലുള്ള അപൂര്‍വ്വം ചിലരൊക്കെ ഭാവനയ്ക്കുള്ള പ്രായോഗികത കൂടി കണക്കിലെടുത്താണ് എഴുതുന്നതെന്ന് മറക്കുന്നില്ല. അതിന് കാരണവുമുണ്ട്. അവരൊക്കെ സയന്‍സിനെ ശരിക്കും അറിഞ്ഞിട്ടുള്ളവരാണ്. റോബോട്ടിക്സിന് മൂന്ന് അടിസ്ഥാന നിയമങ്ങള്‍ നിശ്ചയിച്ച അസിമോവാകട്ടെ ബയോകെമിസ്‌ട്രി പ്രൊഫസ്സറായിരുന്നു.

സയന്‍സ് ഫിക്ഷന്‍ കാറ്റഗറിയില്‍ പെടുത്താവുന്ന ബാലസാഹിത്യ കൃതികള്‍ മലയാളത്തില്‍ ഏറെയുണ്ട്. “അത്ഭുതവാനരന്മാര്‍” ഓര്‍മ്മയില്ലേ? സയന്‍സ് ഫിക്ഷനെ മലയാളികള്‍ ബാലസാഹിത്യമായിട്ടേ പരിഗണിക്കുന്നുള്ളൂ എന്ന് തോന്നുന്നു.

വിവരസാങ്കേതികവിദ്യയുടെ ചൊരുക്ക് കാട്ടിത്തരുന്ന ചില പുസ്തകങ്ങളെങ്കിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എം നന്ദകുമാര്‍ എഴുതിയ എസ്കിമോയും എം മുകുന്ദന്റെ നൃത്തവും ഓര്‍ക്കുക.

പിന്നെ “അസിമോവിന്റെ റോബര്‍ട്ട് കഥകള്‍” എന്ന് പരാമര്‍ശിച്ച് കണ്ടു. “റോബോട്ട് കഥകള്‍” എന്നല്ലേ ശരി?

ബെന്നി

Bharath said...

നന്നായിരിക്കുന്നു.
തുടര്‍ന്നും ഇത്തരം രചനകള്‍ നടത്തണം.
മലയാളത്തില്‍ സയന്‍സ് ഫിക്ഷന്‍ കുറവാണ്,(could you try to create one?)

Anwar Shah Umayanalloor (Poet) said...

ഉമയനല്ലൂരിന്റെയഭിമാന താരകം
അവതരിപ്പിക്കുന്നയറിവിന്റെ ദര്‍ശനം
അവനിയിലേവര്‍ക്കുമേറെ പ്രയോജനം
തുടരുകസോദരാ, നിസ്വാര്‍ത്ഥസേവനം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍