Wednesday, July 11, 2007

ഇ-മാലിന്യ മനുഷ്യന്‍
സാങ്കേതികവിദ്യയുടെ വികാസഫലമായുണ്ടായ ഉപകരണങ്ങളുടെ അഥവാ യന്ത്രങ്ങളുടെ ഉപയോഗമാണ്‌ മാനവരാശിയുടെ മുന്നോട്ടുളള പ്രയാണം ഉറപ്പാക്കിയത്‌. മൊബൈല്‍ ഫോണും കംപ്യൂട്ടറുമെല്ലാം ഇക്കൂട്ടത്തിലെ നവാഗതരാണെന്ന്‌ പറയാം. മനുഷ്യാധ്വാനത്തെ ചെറിയൊരളവെങ്കിലും കുറയ്‌ക്കാനുതകുന്ന സംവിധാനത്തെ യന്ത്രമെന്നോ ഉപകരണമെന്നോ പറയാം. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ഇലക്‌ട്രോണിക്‌സ്‌ അനുബന്ധമായ എത്രയെത്ര ഉപകരണങ്ങളുമായാണ്‌ സമ്പര്‍ക്കം പുലര്‍ത്തുന്നത്‌. ഇലക്‌ട്രോണിക്‌ സാധനങ്ങളില്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാനാകുമോ.രാവിലെ കൃത്യസമയത്ത്‌ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ഇലക്‌ട്രോണിക്‌ അലാറം മുതല്‍ തുടങ്ങുന്നു നമ്മുടെ ഇ-ചങ്ങാത്തം. കണക്കെടുത്താല്‍ തീരാത്തത്ര നവീന ഉപകരണങ്ങളാണ്‌ ഒരു കാര്‍ണിവലിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ വിപണിയിലേക്ക്‌ ദിനം പ്രതി എത്തികൊണ്ടിരിക്കുന്നത്‌. അവതരിക്കുന്ന കാലത്ത്‌ അത്യല്‍ഭുതമായും പിന്നീട്‌ ഉപകാരിയായും വാഴ്‌ത്തപ്പെടുന്ന ഇത്തരം ഉപകരണങ്ങള്‍ മാലിന്യമാകുമ്പോള്‍ അപകടകരമായ വിഷവസ്‌തുക്കളുടെ സഞ്ചയമായി ഒരു വന്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ സന്ദേശ വാഹകരാകുന്നു. ഈ രീതി തുടര്‍ന്നു പോയാല്‍ നമ്മുടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ഒരു ഇ- ചവറുകൂനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല . വളര്‍ന്നുവരുന്ന ഇ-മാലിന്യ പ്രശ്‌നത്തിന്‌ പ്രതീകാത്മകമായ ഒരു രേഖപ്പെടുത്തലുമായി യു.കെ യില്‍ `ഇ-മാലിന്യ മനുഷ്യന്‍' ഒരു എക്‌സിബിഷന്‍ പോലെ നഗരങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

എന്താണ്‌ ഇ-മാലിന്യ മനുഷ്യന്‍?

ഇ-മാലിന്യ മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത്‌ ഉപയോഗശൂന്യമായ ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ കൊണ്ടാണ്‌. WEEE Man (WEEE -Waste Electric & Electronic Equipment) എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ഏഴുമീറ്റര്‍ ഉയരവും 3300 കി.ഗ്രാം ഭാരവും ഇതിനുണ്ട്‌. ശാസ്‌ത്രീയമായാണ്‌ ഭാരം കണക്കാക്കിയിരിക്കുന്നത്‌. യു.കെ. യിലെ മൊത്തം ഇ മാലിന്യ അളവിനെ (ഒരു ദശലക്ഷം ടണ്‍) ജനസംഖ്യകൊണ്ട്‌ ഹരിച്ചു കിട്ടുന്ന തുകയാണ്‌ ഭാരമായി തിരഞ്ഞെടുത്തത്‌. യു.കെ. പൗരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 77 വയസ്സായി കണക്കാക്കിയാണ്‌ പഠനം നടത്തിയത്‌.

2003 ല്‍ 21 വയസ്സുള്ള ഒരു യുവാവ്‌ 2059 വരെ ജീവിക്കുന്നു എന്നിരിക്കട്ടെ. ഇ-മാലിന്യത്തിന്റെ വാര്‍ഷികവര്‍ദ്ധനവായ 4 ശതമാനം കൂടി കണക്കിലെടുക്കുമ്പോള്‍ 2059 ല്‍ മരിക്കുമ്പോള്‍ ഈ യുവാവ്‌ 3300 കി.ഗ്രാം, ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ത്ത്‌ മാലിന്യമാക്കിയിട്ടുണ്ടാകും. എന്നാല്‍ 2003 ല്‍ ജനിച്ച ഒരു കുട്ടി 2080 (അതേ 77 വയസ്സ്‌) വരെ ജീവിച്ചിരിക്കുമ്പോള്‍ ഉപയോഗിച്ചവശേഷിപ്പിക്കുന്നത്‌ 8000 കി.ഗ്രാം മാലിന്യമായിരിക്കുമെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്‌ ഇപ്പോഴത്തെ ഇ-മാലിന്യ നിരക്ക്‌ വര്‍ദ്ധനവ്‌ തുടര്‍ന്നാല്‍ ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍ ഇപ്പോഴുള്ളവര്‍ സൃഷ്‌ടിക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെ അളവ്‌ മാലിന്യം സൃഷ്‌ടിക്കുമെന്ന്‌ രത്‌നചുരുക്കം.

പഠന പ്രോജക്‌ടിന്റെ ഭാഗമായി `ഇ-മാലിന്യ മനുഷ്യനെ' പോലെ ഒരു `ഇ-മാലിന്യ കുട്ടി ' യെ സ്‌ക്കൂളില്‍ നിര്‍മ്മിക്കാന്‍ www.weeeman.org വെബ്‌സൈറ്റ്‌ കുട്ടികളോട്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇത്തരത്തിലെ `ഇ-മാലിന്യകുട്ടി ' കളുടെ ഫോട്ടോ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ സൈറ്റ്‌ രുപ കല്‌പന ചെയ്‌തവര്‍ ഉദ്ദേശിക്കുന്നു.

ഇ-മാലിന്യ മനുഷ്യനായി വാഷിംഗ്‌ മെഷീന്‍ (3), ടെലിവിഷന്‍ (6), ഫ്രിഡ്‌ജ്‌ (5), വാക്വം ക്ലീനര്‍ (7), മൊബൈല്‍ ഫോണ്‍ (35), സി.പി.യു (8) തുടങ്ങി ഒരു നിര ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പാഴായ 23 മൗസുകളാണ്‌ ഇ-മാലിന്യമനുഷ്യന്റെ പല്ലിനായി ഉപയോഗിച്ചിരിക്കുന്നത്‌. കൂടാതെ വാക്വം ക്ലീനര്‍ ട്യൂബ്‌ കഴുത്തായി വര്‍ത്തിക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദമായി ലിസ്റ്റ്‌ weeeman.org ല്‍ ലഭ്യമാണ്‌.തത്വാധിഷ്‌ഠിത വികസനത്തിനായി നിലകൊള്ളുന്ന ആര്‍.സി.എ (RCA - Royal Socirty for the Encouragement of Arts, manufacture & Commerce) ആണ്‌ ഈ പദ്ധതി വിഭാവനം ചെയ്‌തത്‌. 1754 ല്‍ നിലവില്‍ വന്ന സംഘടനയുടെ ലക്ഷ്യം മാലിന്യരഹിത (Zero Waste) സമൂഹ നിര്‍മ്മിതിയാണ്‌. ഇലക്‌ട്രോണിക്‌ ഉപകരണ നിര്‍മ്മാതാക്കളായ 'കാനോണ്‍'മായി സഹകരിച്ചാണ്‌ ഈ ഉദ്യമം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

പരസ്യമായി പ്രദര്‍ശിപ്പിച്ചു വരുന്ന ഇ.മാലിന്യ മനുഷ്യന്‍ ഏറെ കാണികളെ ആകര്‍ഷിക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ ഇതില്‍ നിന്നും അവര്‍ ജീവിക്കുന്ന ലോകത്തെ പറ്റിയുള്ള ഏകദേശ രൂപം കിട്ടുന്നു. അതു വഴിയുള്ള ബോധവല്‍ക്കരണമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നതും.ഈ വര്‍ഷം മുതല്‍ യു.കെ യിലെ ഇലക്‌ട്രിക്‌/ഇലക്‌ട്രോണിക്‌ ഉപകരണ നിര്‍മാതാക്കളും വിതരണക്കാരും യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമം അനുശാസിക്കുന്ന വിധം ശാസ്‌ത്രീയമായ ഇ-മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കേണ്ടതുണ്ട്‌.

2 comments:

v k adarsh said...

എന്താണ്‌ ഇ-മാലിന്യ മനുഷ്യന്‍.

v k adarsh said...

ഇ-മാലിന്യ മനുഷ്യനായി വാഷിംഗ്‌ മെഷീന്‍ (3), ടെലിവിഷന്‍ (6), ഫ്രിഡ്‌ജ്‌ (5), വാക്വം ക്ലീനര്‍ (7), മൊബൈല്‍ ഫോണ്‍ (35), സി.പി.യു (8) തുടങ്ങി ഒരു നിര ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പാഴായ 23 മൗസുകളാണ്‌ ഇ-മാലിന്യമനുഷ്യന്റെ പല്ലിനായി ഉപയോഗിച്ചിരിക്കുന്നത്‌. കൂടാതെ വാക്വം ക്ലീനര്‍ ട്യൂബ്‌ കഴുത്തായി വര്‍ത്തിക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദമായി ലിസ്റ്റ്‌ weeeman.org ല്‍ ലഭ്യമാണ്‌.തത്വാധിഷ്‌ഠിത വികസനത്തിനായി നിലകൊള്ളുന്ന ആര്‍.സി.എ (RCA - Royal Socirty for the Encouragement of Arts, manufacture & Commerce) ആണ്‌ ഈ പദ്ധതി വിഭാവനം ചെയ്‌തത്‌