Tuesday, July 03, 2007

വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വൈയ് ല്‍ സുമായി അഭിമുഖംഅഭിമുഖം: ജിമ്മി വെയ്‌ല്‍സ്‌/ വി. കെ. ആദര്‍ശ്‌


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിശ്വവിജ്ഞാന കോശമായ വിക്കിപീഡിയയുടെ ശില്‌പിയാണ്‌ ജിമ്മിവെയ്‌ല്‍സ്‌. 1966 ആഗസ്റ്റ്‌ 7-ന്‌ ജനിച്ച ഈ ഐ.ടി. സംരഭകന്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ അകംപൊരുള്‍ ഉള്‍ക്കൊണ്ടാണ്‌ വിക്കിപീഡിയ്‌ക്ക്‌ ജന്മം നല്‍കിയത്‌. ഇപ്പോള്‍ വിക്കിമീഡിയ എന്ന്‌ ലാഭേച്ഛ ഇല്ലാത്ത സ്ഥാപനത്തിന്റെയും വിക്കിയ എന്ന സ്വകാര്യ ബിസിനസ്‌ സ്ഥാപനത്തിന്റെയും നേതൃത്വം വഹിക്കുന്നു. ലോകത്തിലെ ഏത്‌ പൗരനും ലോകത്തിന്റെ ഏത്‌ കോണിലുള്ള ഏത്‌ വിവരവും സ്വതന്ത്രമായി ലഭ്യമാക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും അതു തന്നെയാണ്‌ താന്‍ ചെയ്യുന്നതെന്നും ജിംബോ എന്ന്‌ വിളിക്കുന്ന ജിമ്മി വെയ്‌ല്‍സ്‌ നയം വ്യക്തമാക്കുന്നു. ലോകപ്രസിദ്ധമായ ഹര്‍വാഡ്‌ നിയമസ്‌കൂളില്‍ ബെര്‍ക്‌മാന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ സൊസൈറ്റിയില്‍ ഫെല്ലോ ആയി 2005 ല്‍ ജിമ്മി വെയ്‌ല്‍ നിയമിക്കപ്പെട്ടു. പ്രശസ്‌തമായ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിക്കുന്ന 100 പേരില്‍ ഒരാളായി 2006 മേയില്‍ ജിമ്മി വെയില്‍സിനെ തിരഞ്ഞെടുത്തിരുന്നു. ഇ-മെയില്‍ മുഖേന ജിമ്മി വെയ്‌ല്‍സുമായി വി. കെ. ആദര്‍ശ്‌ നടത്തിയ സംഭാഷണത്തില്‍ നിന്ന്‌.
താങ്കളുടെ വിക്കിപീഡിയാ പേജില്‍ നിന്നും കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ താങ്കള്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചതായി കാണുന്നു. അവിടെ വിക്കിപീഡിയ പ്രോജക്‌ട്‌ എങ്ങനെ പോകുന്നു.
ഇംഗ്ലീഷിലും ആഫ്രിക്കന്‍ പതിപ്പിലുമായി വിക്കിപീഡിയ നല്ലരീതിയില്‍ മുന്നോട്ട്‌ പോകുന്നുണ്ട്‌. ചില പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ കൂടുതല്‍ ആളുകളെയും പുതിയ പ്രോജക്‌ടുകളെയും വിക്കി പീഡിയയിലേക്ക്‌ കൊണ്ടുവരാന്‍ ആലോചനയുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ മറ്റ്‌ ഒന്‍പത്‌ ഭാഷകളിലും ഉള്ള പ്രാദേശിക പതിപ്പുകള്‍ക്കുള്ള വളര്‍ച്ചാനിരക്കും ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
? ജിമ്മി, താങ്കള്‍ ഇപ്പോള്‍ താങ്കള്‍ ജര്‍മ്മന്‍ ഭാഷാപഠനത്തിലാണ്‌ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ജര്‍മ്മന്‍ ഭാഷയിലെ വിക്കി പ്രവര്‍ത്തകരുമായും താങ്കള്‍ക്ക്‌ സംവദിക്കാനാകും. എന്തുകൊണ്ട്‌ താങ്കള്‍ ജര്‍മ്മന്‍ തിരഞ്ഞെടുത്തു. ഏതെങ്കിലും ഭാരതീയ ഭാഷകള്‍ പഠിക്കാന്‍ പദ്ധതിയുണ്ടോ?.
എനിക്ക്‌ തോന്നുന്നത്‌ ജര്‍മ്മന്‍ തിരഞ്ഞെടുത്തത്‌ അത്ര നല്ല തീരുമാനമായിരുന്നില്ല എന്നാണ്‌ പരിചയപ്പെടാന്‍ അത്ര ലളിതമായ ഭാഷയല്ലാ ജര്‍മ്മന്‍. അടുത്തതായി ഞാന്‍ സ്‌പാനീഷ്‌ പഠിക്കാന്‍ പദ്ധതിയിടുന്നുണ്ട്‌ (എന്റെ മകള്‍ സാപാനീഷ്‌ പഠനത്തിലാണ്‌ !) അല്ലെങ്കില്‍ ജാപനീസ്‌ ഭാഷ തിരഞ്ഞെടുക്കാം. എനിക്ക്‌ ജപ്പാനില്‍ ബന്ധുക്കളുണ്ട്‌. ഭാര്യയ്‌ക്ക്‌ ജപ്പാനീസ്‌ സംസാരിക്കാനും അറിയാം. യാത്രകളിലുടനീളം ഇന്ത്യ എന്റെ പ്രിയപ്പെട്ട ഇടമാണ്‌. ഒപ്പം ഒരു ഭാരതീയ ഭാഷ പഠിക്കാന്‍ ഞാന്‍ അതീവ താല്‌പരനുമാണ്‌. ഇത്‌ എത്ര ബുദ്ധിമുട്ടാകും എന്നെനിക്കറിയില്ല?
മലയാളം വിക്കിപീഡിയ പതിപ്പിന്‌ ഇപ്പോള്‍ വര്‍ധിച്ച പ്രചാരം ലഭിക്കുന്നുണ്ട്‌. കേവലം നാലുകോടിയില്‍ താഴെ ജനങ്ങളുടെ മാത്രം ഭാഷയായ മലയാളം പോലെയുള്ള ചെറുഭാഷകളിലെ പതിപ്പിന്റെ ഭാവിയെ താങ്കള്‍ ഏങ്ങനെ കാണുന്നു?
എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ചെറിയ വിക്കിപീഡിയ പതിപ്പുകള്‍ക്ക്‌ വന്‍ പ്രാധാന്യമാണുള്ളത്‌. പ്രാദേശിക ഭാഷകളിലെ വിക്കിപീഡിയ പതിപ്പുകള്‍ക്ക്‌ അതിന്റെതായ ഉള്ളടക്കവും ശൈലിയുമുണ്ട്‌, ഇതാകട്ടെ പൊതുവായുള്ള ഇംഗ്ലീഷ്‌ പതിപ്പുകളില്‍ നിന്നും വിഭിന്നവുമാണ്‌. ചെറു വിക്കിപീഡിയ സംരഭങ്ങള്‍ പല നൂതനാശയങ്ങളും ഉയര്‍ത്തികൊണ്ടുവരുന്നു. ആഗോളപരമായ മാതൃകകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നുവെന്ന്‌ സാരം.
വിജ്ഞാനകോശത്തിന്റെ ലോകത്ത്‌ വിക്കിപീഡിയ ഒരു വ്യത്യസ്‌തമായ കാല്‍വെപ്പായിരുന്നു. ഈ വേറിട്ട സംരംഭത്തിന്‌ താങ്കളെ ചിന്തിപ്പിച്ചത്‌ എന്തായിരുന്നു.?
സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഞാന്‍ ശ്രദ്ധാപൂര്‍വ്വം അടുത്തുനിന്ന്‌ വീക്ഷിക്കുകയായിരുന്നു. സഹവര്‍ത്തിത്വത്തിലൂടെയുള്ള സ്വതന്ത്ര ലൈസന്‍സുകള്‍ സമകാലികലോകത്ത്‌ വളരെ പ്രാധാന്യമുള്ളതാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ വിക്കിപീഡിയയിലേക്ക്‌ എന്നെ എത്തിച്ചത്‌.
ഭാഷകളില്‍ നിന്ന്‌ ഭാഷകളിലേക്ക്‌ വിക്കിപീഡിയ പ്രയാണം നടത്തുകയാണ്‌. എല്ലാ ഭാഷകളിലേയും വിജ്ഞാന നിര്‍മ്മിതിയുടെ പൊതുവായ ഒരിടം താങ്കള്‍ വിഭാവനം ചെയ്യുന്നു. യന്ത്രനിര്‍മ്മിതിയാല്‍ ഒരു ഭാഷയിലെ ലേഖനങ്ങള്‍ മറ്റോരു ഭാഷയിലേക്ക്‌ മനുഷ്യന്റെ നേരിട്ടുള്ള ഇടപെടല്‍ കൂടാതെ മാറ്റാന്‍ പറ്റുന്ന ഒരു സംവിധാനത്തിന്‌ സാധ്യതയുണ്ടോ?
ഇതുവരെയുള്ള അനുഭവം വച്ചു നോക്കുമ്പോള്‍ മെഷീന്‍ ട്രാന്‍സലേഷന്‍ നിലവാരം വളരെ പരിതാപകരമാണ്‌. വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്‌ ഉപയോഗശൂന്യമായാണ്‌ കാണുന്നത്‌. തത്‌കാലത്തേക്ക്‌ പുരോഗമനത്തിനും ഒരു സാധ്യതയും കാണുന്നില്ല. പക്ഷെ പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം കംപ്യൂട്ടറുകള്‍ ഇങ്ങനെ സ്‌മാര്‍ട്ടാവില്ലെന്ന്‌ ആര്‍ക്കറിയാം.!
ലേഖനങ്ങളുടെ ആധികാരികതയും വിശ്വാസ്യതയുമാണല്ലോ എല്ലായിടത്തും താങ്കള്‍ നേരിടുന്ന പ്രമുഖ ചോദ്യം. ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ആര്‍ക്കും വിക്കിപീഡിയയിലേക്ക്‌ എഴുതാം, എഡിറ്റ്‌ ചെയ്യാം. ഈ സ്വാതന്ത്രം തന്നെയാണ്‌ ശക്തിയും ദൗര്‍ബല്യവുമായി എടുത്തുകാട്ടുന്നത്‌. ലേഖനങ്ങളുടെ വിവരസമ്പുഷ്‌ടതയ്‌ക്ക്‌ വേണ്ടി എന്തെങ്കിലും നിയന്ത്രണ മാര്‍ഗങ്ങള്‍ പദ്ധതിയിലുണ്ടോ?
ലേഖനങ്ങളുടെ ഉള്ളടക്കം മികലാര്‍ന്നതാക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. വിക്കിപീഡിയയുടെ നിലവാരം പരിശോധിക്കാന്‍ ഉള്ള യുക്തമായ മാര്‍ഗം. കഴിഞ്ഞ കാലങ്ങളില്‍ ക്രമമായി ഉണ്ടായ നിലവാര മികവിന്റെ പ്രവണത പരിശോധിക്കുന്നതായിരിക്കും നല്ലതെന്ന്‌ തോന്നുന്നു. ഏതെങ്കിലും പത്ത്‌ വിക്കിപീഡിയ ലേഖനം എടുത്ത്‌ ഒരു താരതമ്യ പഠനം നടത്തി നോക്കുക. അഞ്ച്‌ വര്‍ഷം മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഈ ലേഖനം ശ്രദ്ധേയമായ മാറ്റത്തോയെ മികവാര്‍ന്ന്‌ വരുന്നത്‌ കാണാം.
ചില വിക്കി വോളന്റിയര്‍മാര്‍ കള്ളപേരില്‍ രജിസ്റ്റര്‍ ചെയുന്ന അനാരോഗ്യമായ പ്രവണത വിക്കിപീഡിയയ്‌ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ടല്ലോ. ഈ അവസ്ഥയെ എങ്ങനെ മറികടക്കാം.?
ഇത്തരം ആരോപണങ്ങള്‍ക്ക്‌ ഒരടിസ്ഥാനവും ഇല്ല. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യേണ്ടതുണ്ടന്നു തോന്നുന്നില്ല.
ഏറ്റവും കൂടുതല്‍ പണം ഹാര്‍ഡ്‌ വെയര്‍ ഭാഗങ്ങള്‍ വാങ്ങാനാണ്‌ ചിലവഴിക്കുന്നത്‌. പിന്നെ സോഫ്‌ട്‌ വെയറുകള്‍ സംഘടിപ്പിക്കാനും. പക്ഷെ വേതനം പറ്റികൊണ്ടുള്ള എഡിറ്റര്‍മാരെ നിയോഗിച്ച്‌ ഉള്ളടക്ക നവീകരണത്തിനും പരിശോധനക്കും പദ്ധതിയുണ്ടോ.?
ഇല്ല. ഇത്തരത്തില്‍ ആലോചിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഇപ്പോഴുള്ള സ്വതന്ത്ര വിക്കി സമൂഹം മികച്ച രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
സാധാരണക്കാരും എഴുത്തുകാരും നിത്യജീവിതത്തില്‍ ഉദ്ധരിണികളും മഹത്‌വചനവും ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌. അതുതന്നെയാകും വിക്കിക്വോട്‌സ്‌ (wikiquote.org) എന്ന ആശയത്തിനു പിന്നിലും. ഇതെങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ സ്വീകരിച്ചു?
നിങ്ങള്‍ തന്നെ സൈറ്റിലൂടെ ഒന്ന്‌ ഓടിച്ച്‌ നോക്കൂ. വിക്കിക്വോട്‌സ്‌ ഡോട്ട്‌ ഓര്‍ഗിലേക്ക്‌ ആളുകള്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തുന്നുണ്ട്‌. അതിലെറെ പേര്‍ അത്‌ ഉപയോഗിക്കുന്നുമുണ്ട്‌. ഇത്‌ ഒരു മികച്ച സൈറ്റാണ്‌. നിങ്ങള്‍ക്ക്‌ തന്നെ പരിശോധിച്ച്‌ എന്റെ മറുപടിയെക്കാളും നല്ല നിഗമനത്തില്‍ എത്താവുന്നതേയുള്ളൂ.
വിക്കിമീഡിയ ഫൗണ്ടേഷന്‍ പൊതുജനങ്ങള്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്നു. ഇതിനുള്ള ധനശേഖരണം എങ്ങനെയാണ്‌ നടത്തുന്നത്‌. ഗ്രാന്റുകളും, വാണിജ്യാടിസ്ഥാനത്തിലുള്ള കരാറുകളും ഉണ്ടോ. സ്വകാര്യ സ്ഥാപനങ്ങള്‍ വിക്കിപീഡിയയുടെ സേവനം തേടുമ്പോള്‍ തുക ഈടാക്കാവുന്നതേയുള്ളൂ. കാരണം ഇങ്ങനെ സ്വതന്ത്രമായ ഒരു സൈറ്റില്‍ നിന്ന്‌ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ അവര്‍ പണം ഉണ്ടാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ അതിലൊരു പങ്ക്‌ സേവനത്തിനുള്ള പ്രതിഫലമായി വിക്കി പീഡിയ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇതിനോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?.
ഞങ്ങള്‍ക്ക്‌ പൊതുജനങ്ങളില്‍ സംഭവന ലഭിക്കുന്നുണ്ട്‌. വിക്കിപീഡിയയിലെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാന്‍ പ്രതിഫലം പറ്റുന്നുമില്ല. പക്ഷെ എന്റെ തന്നെ വിക്കിയ എന്ന സ്ഥാപനം ലാഭാടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിന്‌ എനിക്ക്‌ പ്രതിഫലം ലഭിക്കുന്നുമുണ്ട്‌. പിന്നെ വാണിജ്യപരമായ കരാറുകള്‍ വിക്കിമീഡിയ ഫൗണ്ടേഷന്‌ ഇല്ല. ആളുകള്‍ ഇത്‌ ഉപയോഗിച്ച്‌ പണമുണ്ടാക്കിക്കോട്ടെ, ഞങ്ങള്‍ അതു കാര്യമാക്കുന്നില്ല. ആര്‍ക്കും ഏതുരീതിയില്‍ വേണമെങ്കിലും ഈ സ്വതന്ത്ര വിശ്വവിജ്ഞാന കോശത്തിലെ വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌.
താങ്കള്‍ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ദക്ഷിണേന്ത്യ സന്ദര്‍ശിച്ചിരുന്നു. സ്ഥലത്തെകുറിച്ച്‌ എന്താണ്‌ അഭിപ്രായം?
ഞാന്‍ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളെയും ഇഷ്‌ടപെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലായി സന്ദര്‍ശനം നടത്തുന്നു. (എങ്കിലും ഇനിയും എത്രയോ സ്ഥലങ്ങള്‍ കാണാനിരിക്കുന്നു!). ഒരു കാര്യം എനിക്കു വ്യക്തമായി പറയാന്‍ കഴിയും. ഇന്ത്യയാണ്‌ എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട യാത്രാദേശം. വൈവിധ്യമായ ഭക്ഷണം, ആളുകളുടെ ഊര്‍ജസ്വലത........ ഒട്ടേറെ താത്‌പര്യമുള്ള വിഷയങ്ങള്‍. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.
ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കൊച്ചി ഒക്കെ ഐ.ടി നഗരങ്ങളായി വികസിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ വമ്പന്‍ കംപ്യൂട്ടര്‍, ഐ.ടി സ്ഥാപനങ്ങളെല്ലാം ഇവിടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. വിക്കിപീഡിയക്ക്‌ ഇന്ത്യയില്‍ ഭാവിപദ്ധതികള്‍ എന്തൊക്കെയാണ്‌?
ഇന്ത്യയിലെ വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന തോതിലാണ്‌. അതോടൊപ്പം തന്നെം പ്രാദേശിക ഭാഷയിലുള്ള വിക്കിപീഡിയ പതിപ്പുകളും അതിശയിപ്പിക്കുന്ന വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്‌.
ഇവിടെ കേരളത്തില്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലിനക്‌സ്‌ അധിഷ്‌ഠിതമാക്കി കഴിഞ്ഞു. ലിനക്‌സിനും സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ ചിന്തകള്‍ക്കും ഇവിടെ നല്ല പോരാട്ടമുണ്ട്‌. സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ സൈദ്ധാന്തികനായ റിച്ചര്‍ഡ്‌ സ്റ്റാള്‍മാന്‍ ഒന്നിലേറെ തവണ ഇവിടം സന്ദര്‍ശിച്ചു വിദ്യാര്‍ത്ഥികളും സംരഭകരും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ കേരള ബഡ്‌ജറ്റില്‍ സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനായി പ്രത്യേക ഫണ്ട്‌ തന്നെ അനുവദിച്ചു. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ എന്തെങ്കിലും ഇന്ത്യാ കേന്ദ്രീകൃത പദ്ധതിയുണ്ടോ. പരമ്പരാഗതമായി അറിവിന്റെ അക്ഷയഖനി തന്നെ ഇന്ത്യയിലെ പലദേശങ്ങളായി ഉണ്ട്‌. വൈദ്യശാസ്‌ത്രം, എന്‍ജിനീയറിംഗ്‌, ജ്യേതിശാസ്‌ത്രം ഇങ്ങനെ വിവിധ മേഖലകളിലായി ഭാരതീയര്‍ കാലങ്ങളിലായി ആര്‍ജിച്ചെടുക്കുന്നതും കൈമാറിവരുന്നതുമായ വിവരങ്ങളെ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ലോകത്തിന്‌ മുഴുവന്‍ ഉപയോഗിക്കത്തക്കവിധത്തില്‍ സ്വതന്ത്രമായി വിന്യസിക്കാമല്ലോ.?
കഴിഞ്ഞ പത്തുമാസത്തിനിടക്കു തന്നെ ഞാന്‍ മൂന്ന്‌ പ്രാവശ്യം ഇന്ത്യസന്ദര്‍ശിച്ചു കഴിഞ്ഞു. മാത്രവുമല്ല വരും വര്‍ഷങ്ങളിലും സാധ്യമായത്ര തവണ ഇന്ത്യസന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ട്‌. ഞങ്ങളുടെത്‌ വളരെ ചെറിയ ഒരുസ്ഥാപനമാണ്‌. അതുകൊണ്ടുതന്നെ താങ്കള്‍സൂചിപ്പിച്ചതുപോലെ പ്രത്യേകമായ ഒരു പ്രോഗ്രാമിന്‌ ഒരു ഫണ്ടും നീക്കിവച്ചിട്ടുമില്ല. പക്ഷെ എന്റെ ഓരോ യാത്രയിലും എനിക്ക്‌ ധാരാളം മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ട്‌. മാധ്യമങ്ങളില്‍ വിക്കിപീഡിയ ചര്‍ച്ചയാകുന്നുണ്ട്‌. ഇത്‌ പ്രാദേശികഭാഷയിലുളള വിക്കി പീഡിയ പതിപ്പുകളെ ത്വരിതഗതിയില്‍ വളരാന്‍ സാധിക്കുന്നു.
വിജ്ഞാനത്തിലേക്ക്‌ ഉളള പാത മനുഷ്യവകാശമാണല്ലോ പക്ഷെ ചൈനയില്‍ വിക്കി പീഡിയ വിലക്കിയതായി വാര്‍ത്തയുണ്ട്‌ എന്താണിതിനു പിന്നില്‍?
എനിക്കിപ്പോള്‍ ഒരറിവും ഇല്ല. ഈ വര്‍ഷവസാനം ഇത്‌ കണ്ടു പിടിക്കണം. പരിഹരിക്കാന്‍ ഞാന്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്‌.
ഇത്രയും നാളത്തെ അനുഭവത്തില്‍ ഏറ്റവും മികച്ചത്‌ അല്ലെങ്കില്‍ ഇഷ്‌ടപ്പെട്ടത്‌ എന്നു തോന്നുന്ന വിക്കിപീഡിയ ലേഖനം ഏതാണ്‌?
ഒട്ടേറെ ഇഷ്‌ടപ്പെട്ട ലേഖനങ്ങള്‍ ഉണ്ട്‌, ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക ദുഷ്‌കരമായ ജോലിയാണ്‌
ഇപ്പോള്‍ വിക്കി പീഡിയയില്‍ പരസ്യം ഒന്നും അനുവദിച്ചിട്ടില്ല. തന്ത്രപരമായ രീതിയില്‍ പരസ്യം അനുവദിച്ചുകൂടെ?
ഇക്കാര്യത്തില്‍ തത്‌കാലം പദ്ധതികള്‍ ഒന്നും തന്നയില്ല.
വിക്കിപീഡിയയും എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും തമ്മില്‍ താരതമ്യം ചെയ്‌താല്‍......?
ചില മേഖലകളിലും വീക്ഷണകോണുകളിലും ബ്രിട്ടണിക്ക മികവുറ്റതാണ്‌. മറ്റു ചിലമേഖലകളില്‍ ഞങ്ങളും മികച്ചപ്രകടനം കാഴ്‌ചവെയ്‌ക്കുന്നു. പോയകാലത്തെ ശ്രദ്ധേയമായ സാംസ്‌കാരിക ചിഹ്നമെന്ന നിലയില്‍ ബ്രീട്ടാണിക്കയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു:-)
വിവരശേഖരണത്തിനും ചികയിലിനുമായുളള 'സര്‍ച്ച്‌ എന്‍ജിന്‍' രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതിയെ പറ്റി......?
സ്വതന്ത്ര ലൈസന്‍സോടു കൂടി ഉപയോക്താക്കളുടെ കൂട്ടായ്‌മ നിയനിയന്ത്രിക്കുന്ന സര്‍ച്ച്‌ എന്‌ജില്‍ വിക്കിയ എന്ന എന്റെ സ്വകാര്യകമ്പനിക്ക്‌ വേണ്ടി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌.

4 comments:

v k adarsh said...

വിക്കിപീഡിയയും എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും തമ്മില്‍ താരതമ്യം ചെയ്‌താല്‍......?
ചില മേഖലകളിലും വീക്ഷണകോണുകളിലും ബ്രിട്ടണിക്ക മികവുറ്റതാണ്‌. മറ്റു ചിലമേഖലകളില്‍ ഞങ്ങളും മികച്ചപ്രകടനം കാഴ്‌ചവെയ്‌ക്കുന്നു. പോയകാലത്തെ ശ്രദ്ധേയമായ സാംസ്‌കാരിക ചിഹ്നമെന്ന നിലയില്‍ ബ്രീട്ടാണിക്കയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു

Benny said...

ആദര്‍ശ്, നല്ല അഭിമുഖം... ഇന്‍ഫൊര്‍‌മേറ്റീവായ ഇത്തരം സംരംഭങ്ങള്‍ ഇനിയും പ്രതീക്ഷിച്ചുകൊണ്ട്, ബെന്നി

ഞാന്‍ said...

wikiquotes.org എന്ന ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടോ?.... ലേഖനം ഇഷ്ടപ്പെട്ടു...

Jambavaan said...

വളരെ പ്രസക്തമായ ഒരു ചോദ്യം വിട്ടുപോയി. വിക്കിപീഡിയയ്ക്കു വേണ്ടി Jimbo Wales പണമിറക്കിയെങ്കിലും അതിന്റെ അടിസ്ഥാന ആശയങ്ങള് ഉദാഹരണത്തിന്, Five Pillars of Wikipedia രൂപീകരിച്ച ലേറി സേങ്ഗര്‍ എന്ന ആളെപ്പറ്റി. വിക്കിപീഡിയയുടെ സ്ഥാപകരില് ഒരാളാണ് അദ്ദേഹം. ഇക്കാര്യം ആദ്യകാലത്ത് അംഗീകരിച്ചിരുന്ന Jimbo Wales തന്നെ പിന്നീട് സേങ്ഗര്ക്ക് ഈ റോള് നിഷേധിക്കുകയായിരുന്നു. ഇതു വളരെ അശ്ലീലമായും അധികാര പ്രമത്തമായും നിഷേധിച്ചതിലൂടെ Jimmy Wales സ്വയം അവമതി സമ്പാദിച്ചു . ഇക്കാര്യം വിക്കിപീഡിയയില് തന്‍റെ അവസാനത്തെ ചില എഡിറ്റുകളിലൂടെ Sanger വ്യക്തമാക്കുകയുണ്ടായി. ഇവിടെ നോക്കുക.