Monday, July 30, 2007

സയന്‍സ്‌ ഫിക്ഷന്‍- ഭാവിയിലേക്കൊരു ജാലകം

ശാസ്‌ത്രത്തേയും സാഹിത്യത്തെയും ചേരുംപടി ചേര്‍ത്താല്‍ ശാസ്‌ത്രകല്‌പിത കഥ അഥവാ സയന്‍സ്‌ ഫിക്ഷന്‍ ആയി എന്നു പറയാം. ശാസ്‌ത്രീയമായി വസ്‌തുതകളെ മനസിലാക്കി, ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളെ ഇതിവൃത്തമാക്കി രചിക്കുന്നവയാണ്‌ സയന്‍സ്‌ ഫിക്ഷന്‍. ഒന്നോര്‍ക്കുക, ശാസ്‌ത്ര വസ്‌തുതകളുടെ പിന്‍ബലമൊന്നുമില്ലാതെ വെറും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വയിലേക്കുള്ള പറക്കും തളികയും, അന്യ ഗ്രഹത്തിലെ ഭയാനകമായ ജീവികളും സയന്‍സ്‌ ഫിക്ഷനെയല്ല. മറിച്ച്‌ ശാസ്‌ത്രീയമായി തെറ്റില്ലാത്ത ഒരു ഘടനയും ഒപ്പം ഭാവിയിലെ സംഭവത്തിലേക്ക്‌ എങ്ങനെ എത്തുമെന്ന്‌ ലളിതമായെങ്കിലും വിവരിക്കണം, മേമ്പൊടിയായി സാഹിത്യ സൗന്ദര്യവും കൂടിയായാല്‍ സയന്‍സ്‌ ഫിക്ഷന്റെ രസക്കൂട്ട്‌ തയ്യാര്‍. ഇതൊക്കെ വായിക്കേണ്ട ആവശ്യം എന്താണ്‌. ഇന്നിന്റെ സയന്‍സ്‌ ഫിക്ഷന്‍ നാളത്ത ശാസ്‌ത്രമോ സാങ്കേതികവിദ്യയോ ആണ്‌. അങ്ങനെനോക്കുമ്പോള്‍ ഇന്നലത്തെ സയന്‍സ്‌ ഫിക്ഷന്‍ ഇന്നത്തെ ലോകത്തെ സാങ്കതികവിദ്യ ആകണമല്ലോ. ശാസ്‌ത്രസാങ്കേതിക രംഗത്ത്‌ കഴിഞ്ഞ 200 വര്‍ഷത്തിനിടയ്‌ക്കുണ്ടായ മുന്നേറ്റങ്ങള്‍ ഏറെകുറെ സയന്‍സ്‌ ഫിക്ഷനില്‍ പ്രവചിച്ചിട്ടുണ്ട്‌. ശാസ്‌ത്ര നോവലുകളെ പൊതുവായി രണ്ടായി തിരിക്കാം. ഭ്രമാത്മകതയുടെ (speculative fiction/fantacy) തലത്തിലും പ്രവചനത്തിന്റെ (prediction) തലത്തിലും. പാശ്ചാത്യ സാഹിത്യത്തില്‍ ശാസ്‌ത്ര നോവലുകള്‍ പ്രമുഖമായ ഒരു സ്ഥാനം അലങ്കരിക്കുന്നു. പ്രവചനാത്മകമായ ശാസ്‌ത്ര നോവലുകള്‍ ഏറെയാണ്‌.1865 ല്‍ ഷ്യൂള്‍ വേണ്‍ 'ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്ക്‌' എന്ന ഗ്രന്ഥത്തിലൂടെ ചാന്ദ്രയാത്രയെ പ്രവചിച്ചു. 1865 ആണ്‌ കാലം എന്നോര്‍ക്കണം. സൂര്യ ചന്ദ്രന്മാരെ ആരാധനാമൂര്‍ത്തിയായി മാത്രം കണ്ടിരുന്ന കാലം. ദീര്‍ഘദര്‍ശിയായിരുന്ന ഷ്യൂള്‍ വേണ്‍ ചാന്ദ്രയാത്രയുടെ സാങ്കതികതയും യാത്രസംവിധാനങ്ങളും വരെ കൃത്യമായി അനുമാനിച്ചിരുന്നു. അന്നത്തെ സമൂഹം വേണിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല എന്ന്‌ പറയേണ്ടതില്ലല്ലോ. പിന്നീട്‌ 100 വര്‍ഷത്തിനു ശേഷം 1969 ല്‍ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ ഒരു സയന്‍സ്‌ ഫിക്ഷന്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 1865-ല്‍ ഷ്യൂള്‍ വേണ്‍ ചാന്ദ്രയാത്രയെപ്പറ്റി 'from the earth to the moon' എന്ന കൃതിയില്‍ വിവരിച്ചതിനും 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ചാന്ദ്രയാത്ര യഥാര്‍ത്ഥമായത്‌. ഇദ്ദേഹം ഇതുപോലെ സമുദ്രാന്തര്‍ യാത്രയും കൃത്യമായി പ്രവചിച്ചിരുന്നു. 1954 ല്‍ അമേരിക്കന്‍ നേവി സബ്‌ മറൈന്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഷ്യൂള്‍ വേണ്‍ എന്ന ശാസ്‌ത്രകഥാ ലോകത്തെ കുലപതി ബഹുമാനിക്കപെടുക കൂടിയായിരുന്നു.


1828ല്‍ ഫ്രാന്‍സിലാണ്‌ ഷ്യൂള്‍ വേണ്‍ ജനിച്ചത്‌. വിചിത്രായ ഒരു ആശയം ഉണ്ടാക്കി അതില്‍ ശാസ്‌ത്ര വസ്‌തുതകള്‍ ചേര്‍ത്ത്‌ വിശ്വസനീയമായ ഒരു സാഹിത്യ സൃഷ്‌ടി നടത്തുക. ഇതായിരുന്നു ഇദ്ദേഹത്തിന്റെ രചനാ രസതന്ത്രം.സയന്‍സ്‌ ഫിക്ഷന്‍ കഥയും നോവലുമായിമാത്രമല്ല, ടെലിവിഷന്‍ പരമ്പര, സിനിമ, കംപ്യൂട്ടര്‍ ഗെയിം, നാടകം എന്നീ ജനപ്രീയ മാധ്യമങ്ങളിലൂടെയും മനുഷ്യരെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്നു.


ഹാര്‍ഡ്‌-സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷനുകള്‍
സാഹിത്യത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച്‌ കാലാകാലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക്‌ സയന്‍സ്‌ ഫിക്ഷനും വിധേയമായിട്ടുണ്ട്‌. ഇതിന്റെ ഫലമായി വിഭിന്ന തരത്തിലുള്ള ശാസ്‌ത്ര കല്‌പിത കഥകളും ജന്മം കൊണ്ടു. ശാസ്‌ത്രവസ്‌തുതകളെ മുറുകെ പിടിച്ചും വിവരണങ്ങളില്‍ കൃത്യത പുലര്‍ത്തിയും ഭാവിയുടെ വര്‍ത്തമാനം പറയുന്നവയെ ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്നു വിളിയ്‌ക്കുന്നു.ശാസ്‌ത്ര തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാത്തതിനാലാണ്‌ ഇവയ്‌ക്ക്‌ ഹാര്‍ഡ്‌ എന്ന പേരു കിട്ടിയത്‌. സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷനാകട്ടെ നേരെ മറിച്ചും. ഭൗതിക ശാസ്‌ത്രം,രസതന്ത്രം,ജീവ ശാസ്‌ത്രം, എന്നീ ശുദ്ധശാസ്‌ത്ര ശാഖകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതിന്‌ പകരം ഇതര ശാഖകളായ സാമൂഹ്യ ശാസ്‌ത്രം,നരവംശ ശാസ്‌ത്രം, മനശാസ്‌ത്രം എന്നിവയെയാണ്‌ സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷന്‍ ഊന്നല്‍ നല്‍കുന്നത്‌.ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്റെ രചനയ്‌ക്ക്‌ നിരവധി പഠന ഗവേഷണങ്ങള്‍ ആവശ്യമാണ്‌. അമേരിക്കന്‍ ശാസ്‌ത്രകഥാകാരനും വിമര്‍ശകനും ആയ P. Schuyler Miller ആണ്‌ ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷന്‍ എന്ന വാക്ക്‌ രൂപപ്പെടുത്തിയതെങ്കില്‍ സോഫ്‌ട്‌ സയന്‍സ്‌ ഫിക്ഷന്‍ എന്ന രീതി ഹാര്‍ഡ്‌ സയന്‍സ്‌ ഫിക്ഷനെ പിന്‍പറ്റിയുണ്ടായതാണ്‌.


സോഷ്യല്‍ സയന്‍സ്‌ ഫിക്ഷന്‍.

മറ്റൊരു ശാഖയാണ്‌ സോഷ്യല്‍ സയന്‍സ്‌ ഫിക്ഷന്‍. ശാസ്‌ത്രവസ്‌തുതകള്‍ക്കൊപ്പം ഭാവിയിലുണ്ടാകുന്ന രാഷ്‌ട്രീയ പരിസരം കൂടി വിശദീകരിക്കുകയാണ്‌ ഇതില്‍. തന്റെ കൃതികളെ ഐസക്‌ അസിമോവ്‌ തന്നെ ഈ കൂട്ടത്തില്‍പ്പെടുത്തിയിട്ടുണ്ട്‌.

സൈബര്‍ പങ്ക്‌

സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വികസനം സയന്‍സ്‌ ഫിക്ഷന്‍ ശാഖയ്‌ക്കും ജന്മമേകിയിട്ടുണ്ട്‌. സൈബര്‍ പങ്ക്‌ എന്ന സയന്‍സ്‌ ഫിക്ഷന്‍ ശാഖ ഇത്തരത്തിലുള്ളതാണ്‌. കംപ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ നിയന്ത്രിതമായ ഭാവിയുടെ സാധ്യതകളും ഒപ്പം ആകുലതകളും സൈബര്‍ പങ്ക്‌ വിശദീകരിക്കുന്നു. സമൂഹത്തില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട്‌ നില്‍ക്കുന്നവണ്ണം ചില പ്രത്യേകതകള്‍ കാഴ്‌ച വയ്‌ക്കുന്ന വ്യക്തികളെയോ പ്രവൃത്തിയെയോ വിശേഷിപ്പിക്കാനാണ്‌ പങ്ക്‌ എന്ന ഉപയോഗിച്ചു വരുന്നത്‌. കംപ്യൂട്ടര്‍ ഹാക്കറുകളുടെയും, നിര്‍മ്മിത ബുദ്ധികളുടെയും (artificial Intelligence), മെഗാ കോര്‍പ്പറേഷനുകളുടെയും ലോകത്തെയാണ്‌ ഇവ പ്രവചിക്കുന്നത്‌. വില്യം ഗിബ്‌സണ്‍ എഴുതിയ ന്യൂറോ മാന്‍സര്‍ എന്ന ശാസ്‌ത്ര നോവലില്‍ സൈബര്‍ പങ്കിന്‌ ഉ്വാഹരണമാണ്‌.സൈബര്‍ പങ്കില്‍ നിന്നും മറ്റ്‌ പല ശാഖകളും രൂപപ്പെട്ടിട്ടുണ്ട്‌.


ഇവയില്‍ പ്രധാനമാണ്‌ ബയോപങ്കും റിബോപങ്കും സ്റ്റിംപങ്കുമൊക്ക. ബയോ ടെക്‌നോളജി പോലുള്ള ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട കൃത്രിമരീതികളാണ്‌ ബയോപങ്കുകള്‍ പ്രവചിക്കുന്നത്‌. എന്നാല്‍ ഡി എന്‍ എ യുടെ അഭിവാജ്യ ഘടകമായ ആര്‍ എന്‍ എ യെ രചനാ വസ്‌തു വായി ഉപയോഗിക്കുന്നതാണ്‌ റിബോപങ്കുകള്‍.വ്യാവസായിക യുഗത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട സയന്‍സ്‌ ഫിക്ഷനുകളാണ്‌ സ്റ്റീം പങ്കുകള്‍. ആവി യന്ത്രത്തിന്റെ(Steam Engine) കണ്ടുപിടുത്തമായിരുന്നല്ലോ വ്യാവസായിക വിപ്ലവത്തിന്‌ വിത്തുപാകിയത്‌.


മിലിട്ടറി സയന്‍സ്‌ ഫിക്ഷന്‍

ഭാവി യുദ്ധങ്ങളെ പ്രവചനാപൂര്‍വം സമീപിക്കുന്ന രീതിയാണ്‌ മിലിട്ടറി സയന്‍സ്‌ ഫിക്ഷനില്‍ രേഖപ്പടുത്തുന്നത്‌. സ്ഥിര നക്ഷത്രസമൂഹങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവ തമ്മിലുള്ള യുദ്ധം അല്ലെങ്കില്‍ മനുഷ്യരും അന്യഗ്രഹവാസികളും തമ്മിലുള്ള ഉരസല്‍ ഒക്കെ മിലിട്ടറി സയന്‍സ്‌ ഫിക്ഷനില്‍ ചര്‍ച്ച ചെയ്യുന്നു. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇതില്‍ വിവരിക്കുന്നു. ശാസ്‌ത്രസാങ്കതിക മുന്നറ്റങ്ങള്‍ സൃഷ്‌ടിക്കാനിടയുള്ള ഭാവി ആയുധങ്ങള്‍ ഇവിടെ നവ പോര്‍മുനകളാകുന്നു.


മഹാപ്രളയ സയന്‍സ്‌ ഫിക്ഷന്‍

ആണവയുദ്ധവും പേമാരിയും പോലുള്ള മഹാവിപത്തുകള്‍ മനുഷ്യന്റെ അന്ത്യത്തിന്‌ നിദാനമാകുന്നതാണ്‌ മഹാപ്രളയ (Apocalyptic) സയന്‍സ്‌ ഫിക്ഷന്റെ അകം പൊരുള്‍. മഹാപ്രളയത്തിന്‌ ശേഷം വരാനിടയുള്ള നവലോകത്തിന്റെ മാതൃകയും ഇതിവൃത്തമാകാം. ലോകത്തിലെ മിക്ക മതങ്ങളും മഹാപ്രളയമോ, അല്ലാതെയോ സംഭവിക്കുന്ന ലോകാന്ത്യം വിവരിക്കുന്നുണ്ട്‌.


പ്രവചനങ്ങള്‍: സയന്‍സ്‌ ഫിക്ഷന്‍

ലോകത്തെ മറ്റോരതികായനായ ആര്‍തര്‍.സി.ക്ലര്‍ക്ക്‌ 1946 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ആശയ വിനിമയാവശ്യങ്ങള്‍ക്കായി കൃത്രിമ ഉപഗ്രഹം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടിയിരുന്നു. നടക്കാത്ത സ്വപ്‌നം എന്ന്‌ വിമര്‍ശകര്‍ അക്കാലത്ത്‌ പരിഹസിച്ചിരുന്നെങ്കിലും 1958 ല്‍ റഷ്യ സ്‌ഫുട്‌നിക്‌ വിക്ഷേപിച്ചപ്പോള്‍ ശാസ്‌ത്രലോകത്തിന്റെ മുക്തകണ്‌ഠ പ്രശംസ ആര്‍തര്‍.സി.ക്ലര്‍ക്ക്‌ നേടുകയുണ്ടായി. ഇന്ന്‌ ഒരു ഓര്‍ബിറ്റ്‌ തന്നെ ജ്യോതിശാസ്‌ത്രജ്ഞന്‍ കൂടിയായ ആര്‍തര്‍.സി.ക്ലര്‍ക്കിന്റെ പേരിലാണ്‌.


(ആര്‍തര്‍.സി.ക്ലര്‍ക്ക്‌ ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ശ്രീലങ്കാഭിമന്യ പ്രസിഡന്റ്‌ ചന്ദ്രിക കുമാരതുംഗെയില്‍ നിന്നും സ്വീകരിക്കുന്നു) >>>>>>>


സയന്‍സ്‌ ഫിക്ഷന്‍ കിട്ടാവുന്നത്ര ശേഖരിച്ച്‌ വായിക്കണം. ഭാവനയെ വികസിപ്പിക്കുവാനും ഭാവിയില്‍ സാങ്കതിക വിദഗ്‌ദരോ, ശാസ്‌ത്രജ്ഞരോ, സാഹിത്യകാരോ ആകുകയാണങ്കില്‍ കൂടുതല്‍ വിശാലമായി വസ്‌തുതകളെ കാണാനും നൂതനമായി ചിന്തിക്കുവാനും ഇത്തരം വേറിട്ട വായന വഴിയൊരുക്കും. ശാസ്‌ത്ര ഗവേഷണ വികസന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാവനയെ ശാസ്‌ത്രനോവലുകള്‍ ഗുണപരമായി സ്വാധീനിക്കാറുണ്ട്‌. അമേരിക്കയിലെ പ്രശസ്‌തമായ പ്രതിരോധ ഗവേഷണ സ്ഥാപനമായ നാസ, പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ശാസ്‌ത്രജ്ഞര്‍ക്കായി സയന്‍സ്‌ ഫിക്ഷന്‍ ഒരു പഠന പദ്ധതിയായി തന്നെ നല്‍കുന്നു.


സ്വപ്‌നം കാണുന്നവര്‍ക്കേ മികച്ച ശാസ്‌ത്രജ്ഞരാകാന്‍ പറ്റൂ എന്ന്‌ നമ്മുടെ പ്രീയപ്പെട്ട ഡോ. എ.പി.ജെ.അബ്‌ദുള്‍ കലാം ഓര്‍മ്മിപ്പിക്കാറില്ലേ. ഇവിടെ സയന്‍സ്‌ ഫിക്ഷനിലൂടെ യഥാര്‍ത്ഥ്യബോധമുള്ള സ്വപ്‌നങ്ങള്‍ തന്നെയാണ്‌ നിങ്ങള്‍ കടന്നുപോകുന്നത്‌. സയന്‍സ്‌ ഫിക്ഷന്‍ നടക്കാനിടയുള്ള സ്വപ്‌നം തന്നെയാണ്‌. ഇന്ന്‌ അമേരിക്കയിലെ പുസ്‌തകശാലകളില്‍ പകുതിയോളം സയന്‍സ്‌ ഫിക്ഷന്‍ കയ്യടക്കികഴിഞ്ഞു.


റോബര്‍ട്ട്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ 1921 ല്‍ കാരെല്‍ കാപെക്‌ എന്ന ചെക്കോസ്ലോവ്‌ക്‌ എഴുത്തുകാരനാണ്‌. ചെക്ക്‌ ഭാഷയില്‍ റോബര്‍ട്ടോ എന്ന പദത്തിന്‌ എപ്പോഴും മടുപ്പിക്കുന്ന ഒരേ ജോലി തന്നെ ചെയ്യുന്ന റോബര്‍ട്ടിനുണ്ടോ മടി എന്നാണ്‌ അര്‍ത്ഥം. ആര്‍തര്‍ സി ക്ലര്‍ക്കിന്റെ സുഹൃത്തും ശാസ്‌ത്രകഥാ രംഗത്തെ മറ്റൊരു ഇതിഹാസവുമായ ഐസക്‌ അസിമോവ്‌ റോബര്‍ട്ടുകളെ കേന്ദ്ര പ്രമേയമാക്കി ഒട്ടേറെ കഥകള്‍ക്ക്‌ ജന്മം നല്‍കിയിട്ടുണ്ട്‌. അസിമോവിന്റെ രചനകളില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയാണ്‌ ഫൗണ്ടഷന്‍ നോവലുകളും റോബര്‍ട്ട്‌ കഥകളും. അസിമോവ്‌ രചിച്ച റോബര്‍ട്ടുകളെല്ലാം തന്നെ മനുഷ്യനുമായി സൗഹൃദത്തിലാണ്‌. റോബര്‍ട്ട്‌ നിര്‍മ്മാണത്തിനായി അസിമോവിന്റെതായ മൂന്ന്‌ നീയമങ്ങളും നിലവിലുണ്ട്‌. എന്നാല്‍ രാക്ഷസരൂപിയായ റോബര്‍ട്ടുകളും സയന്‍സ്‌ ഫിക്ഷന്റെ ഭാഗമായുണ്ട്‌. ആംഗലേയ മഹാകവി പി.ബി ഷെല്ലി യുടെ ഭാര്യ മേരി ഷെല്ലി യുടെ രചനയില്‍ ഫ്രാന്‍കെന്‍സ്റ്റൈന്‍ എന്ന ശാസ്‌ത്രജ്ഞന്‍ നടത്തുന്ന പരീക്ഷണശാലയില്‍ നിന്നും പുറത്തുവരുന്ന ഭീകരമനുഷ്യന്‍ സൃഷ്‌ടാവിനെ തന്നെ നശിപ്പിക്കുന്നു. ഐസക്‌ അസിമോവ്‌ സ്വകാര്യത ഇല്ലാത്ത ഒരു ഭാവി സമൂഹത്തെ സ്വപ്‌നം കാണുകയും അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. വ്യക്തി സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നില്ല സ്വകാര്യതമാത്രമേ നഷ്‌ടപ്പെടുന്നുള്ളൂ. മൊബീല്‍ ഫോണ്‍ കാമറകളുടെയും ജേര്‍ണലിസത്തിലെ സ്റ്റിംഗ്‌ ഓപ്പറേഷനുകളുടെയും സമകാലിക ലോകത്ത്‌ ആസിമോവിന്റെ അഭിപ്രായം പ്രവചനാത്മകം തന്നെയായി.


സയന്‍സ്‌ ഫിക്ഷന്റെ പിതാവെന്ന്‌ വിശേഷിപ്പിക്കുന്ന എച്‌.ജി. വെല്‍സ്‌ സമയ യന്ത്രത്തെ പറ്റി ശ്രദ്ധേയമായ രചന നടത്തിയിട്ടുണ്ട്‌. The Time Machine, The War of the Worlds, The Invisible Man, The First Men in the Moon and The Island of Doctor Moreau. എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികള്‍


ടൈം മെഷീന്‍ എന്നാല്‍ ഭാവിയിലേക്കും ഭൂതകാലത്തക്കും ഇഷ്‌ടം പോലെ യാത്ര നടത്താവുന്ന അവസ്ഥ. തീര്‍ന്നില്ല The Invisible Man ല്‍ അദൃശ്യമനുഷ്യനെ പറ്റിയാണ്‌ വിവരിക്കുന്നത്‌.ഗ്രിഫിന്‍ എന്ന ശാസ്‌ത്രജ്ഞന്റെ വിചിത്രവും സംഭവബഹുലവുമായ കഥയാണിത്‌. വാര്‍ ഓഫ്‌ വേള്‍ഡില്‍ എച്‌.ജി വെല്‍സ്‌ ഇന്നത്തെ ലേസര്‍ രശ്‌മിക്ക്‌ തുല്യമായ ഒരു പ്രകാശത്തപറ്റി വിവരിക്കുന്നുണ്ട്‌. ഒപ്പം ജൈവ ആയുധങ്ങള്‍ ഭാവി പടക്കോപ്പുകളാകാനുള്ള സാധ്യതയും പങ്കുവയ്‌ക്കുന്നു. ജനിതകസാങ്കേതികവിദ്യയും അതിന്റെ ഫലമായുണ്ടാകുന്ന സങ്കരയിനം ജിവികളെയും എച്‌.ജി.വെല്‍സ്‌ The Island of Doctor Moreau ല്‍ പ്രവചിക്കുന്നു.


പ്രശസ്‌തമായ സയന്‍സ്‌ ഫിക്ഷന്‍ പ്രവചനങ്ങള്‍

1948-ല്‍ റോബര്‍ട്ട്‌ ഹെയന്‍ലെന്‍ സ്‌പെയ്‌സ്‌ കേഡറ്റ്‌ എന്ന നോവലില്‍ മൊബൈല്‍ ഫോണ്‍ ഭാവനയുടെ തലത്തില്‍ നിന്നുകൊണ്ട്‌ അവതരിപ്പിച്ചു. ഈ ഫോണിനദ്ദേഹം നല്‍കിയ പേര്‌ പോക്കറ്റ്‌ ഫോണ്‍ എന്നായിരുന്നു. ഇന്ന്‌ മൊബൈല്‍ ഫോണ്‍ സര്‍വ്വവ്യാപിയായി കഴിഞ്ഞിട്ടുണ്ടല്ലോ ? ഇന്റര്‍നെറ്റിന്‌ സൈബര്‍ സ്‌പെയ്‌സ്‌ എന്ന പേരുതന്നെ കിട്ടിയത്‌ 1984-ല്‍ വില്യം ഗിബ്‌സണ്‍ എഴുതിയ ന്യൂറോ മാന്‍സര്‍ എന്ന ശാസ്‌ത്ര നോവലില്‍ നിന്നാണ്‌. കംപ്യൂട്ടര്‍ ഹാക്കിംഗും ഭാവിയുടെ ഭീഷണിയായി ഗിബ്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമകാലീന കംപ്യൂട്ടര്‍ ലോകത്തിന്റെ ഏറ്റവും വലീയ ഭീതിയും ഹാക്കിംഗ്‌ അല്ലാതെ മറ്റൊന്നല്ല.

എഴുത്തുകാരന്‍ കൃതി പ്രവചനം

ഐസക്‌ അസിമോവ്‌ ഫാന്റാസ്റ്റിക്‌ വോയേജ്‌ നാനോടെക്‌നോളജി

ജെര്‍മി ജെര്‍ഫ്‌കിന്‍ ബയോടെക്‌ സെഞ്ചറി ജൈവസാങ്കതികവിദ്യ

ഇ.എം. ഫോസ്റ്റര്‍ ദി മെഷീന്‍ സ്റ്റോപ്‌സ്‌ എം.ആര്‍.ഐ സ്‌കാനിംഗ്‌, വീഡിയോ കോണ്‍ഫറന്‍സിംഗ്‌

ജോണ്‍ ബ്രണര്‍ ഷോക്ക്‌ വേവ്‌ റൈഡര്‍ കംപ്യൂട്ടര്‍ വൈറസ്‌

വില്യം ഗിബ്‌സണ്‍ ന്യൂറോ മാന്‍സര്‍ പ്രതിതി യാഥാര്‍ത്ഥ്യം (virtual reality)

ആല്‍ഡസ്‌ ഹക്‌സ്‌ ലി ബ്രേവ്‌ ന്യൂ വേള്‍ഡ്‌ ക്ലോണിംഗ്‌

എച്‌.ജി. വെല്‍സ്‌ ദ വേള്‍ഡ്‌ സെറ്റ്‌ ഫ്രീ ആണവ ഊര്‍ജം


സയന്‍സ്‌ ഫിക്ഷനെ സംബന്ധിച്ച്‌ സമഗ്രമായ പഠനം ഏതോരു വികസിത സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ നവ ഊര്‍ജം പകരും. എന്തെന്നാല്‍ പില്‍ക്കാലത്തെ വളരെ പ്രസക്തമായ കണ്ടുപിടുത്തങ്ങളോ ലോക ക്രമമോ പ്രവചിക്കാന്‍ ഇവയ്‌ക്കായിട്ടുണ്ട്‌ എന്നതു തന്നെ.


നാനോ ടെക്‌നോളജിയില്‍ ഒരു മലയാള നോവല്


‍ശാസ്‌ത്ര നോവലുകള്‍ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം. ഈ വിടവിലേക്കാണ്‌ ജി.ആര്‍. ഇന്ദുഗോപന്റെ ഐസ്‌ -196oC എന്ന കൃതി കടന്നുവരുന്നത്‌. പൊതുവെ മലയാളി മനസിന്‌ സാങ്കേതിക വിദ്യയോട്‌ ഒരു ചെറിയ അകലമുണ്ടെന്നത്‌ സമ്മതിക്കാതെ വയ്യ. ഇതുകൊണ്ടു തന്നെ ആയിരിക്കണം ഒരു ശാസ്‌ത്രനോവല്‍ മലയാളത്തില്‍ പുറത്തിറങ്ങാഞ്ഞത്‌. എന്നാല്‍ ജി. ആര്‍. ഇന്ദുഗോപന്‍ ഐസ്‌ -196 ഡിഗ്രി സെല്‍ഷ്യസ്‌ എന്ന നോവലിലൂടെ സാങ്കേതിക വിദ്യയുടെ മായിക ലോകത്ത്‌ സംഭവിക്കുന്ന മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.


സാങ്കേതിക വിദ്യ അതിന്റെ നല്ല വശത്താണോ നാം സ്വായത്തമാക്കുന്നത്‌ എന്ന സന്ദേഹം നോവല്‍ പങ്കുവയ്‌ക്കുന്നു. ന്യൂറോ സയന്‍സിന്റേയും ബയോ ടെക്‌നോളജിയുടേയും നാനോ ഇലക്‌ട്രോണിക്‌സിന്റേയും അന്തരീക്ഷം സൃഷ്‌ടിക്കുന്ന പുതിയ സാദ്ധ്യതകള്‍ പകര്‍ന്നു തരുന്ന ലോകം അതിവിശാലമാണ്‌. ഹൃദയം നിലച്ചുപോയതും മസ്‌തിഷ്‌ക മരണം സംഭവിക്കാത്തതുമായ ശരീരങ്ങളെ ഡീപ്പ്‌ ഫ്രീസറിലിട്ട്‌ സൂക്ഷിച്ച്‌ അതി വിദൂര ഭാവിയില്‍ അനുയോജ്യമായ വൈദ്യശാസ്‌ത്ര വിദ്യ തെളിയുന്ന പക്ഷം ഒരു തിരിച്ചുവരവിനായി തയ്യാറെടുത്തുകൊണ്ട്‌ കിടക്കുന്ന കഥ ഇന്നിന്റെ ശാസ്‌ത്രകൗതുകമാകാം. കുറഞ്ഞപക്ഷം കേരളീയര്‍ക്കെങ്കിലും. ഏതെങ്കിലും ഒരു കാലത്ത്‌ ജീവിപ്പിച്ചെടുക്കാമെന്നുള്ള അവസരമാണ്‌ ഇന്ദുഗോപന്‍ നോവലിന്റെ നട്ടെല്ലായി തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്‌.


സാങ്കേതിക വിദ്യയ്‌ക്ക്‌ മധുരമായ ഒരു വശം മാത്രമല്ല, മനുഷ്യരാശിയുടെ വെറുപ്പിനും പകയ്‌ക്കും ഇത്‌ നീചമായി ഉപയോഗിക്കാന്‍ പറ്റുമെന്നും നോവല്‍ നമ്മോട്‌ പറയുന്നു. സാങ്കേതിക വിദ്യ കൊണ്ടുവരുന്ന വൈദ്യശാസ്‌ത്രപരവും സാമൂഹികപരവുമായ സാദ്ധ്യതകളെ വിപണനത്തിന്റേയും അധികാരത്തിന്റേയും തലത്തില്‍ മാറ്റുന്ന ആസുരകാലം ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സാങ്കേതിക വിദ്യ ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും എത്തിയ അവസ്ഥ ഇന്ന്‌ ഇന്ത്യയിലില്ല. അതുകൊണ്ടു തന്നെ പ്രവചനാത്മകമായ ഒരു കാലം ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഒരു ഇംഗ്ലീഷ്‌ ക്രൈം ത്രില്ലര്‍ സിനിമ പോലെയാണ്‌ ഈ നോവലിന്റെ ക്യാന്‍വാസ്‌. ജന്മജന്മാന്തരങ്ങളില്‍ പോലും അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകാന്‍ സാദ്ധ്യതയില്ലാത്ത ഒരു കൊടും വിഷമായി ശത്രുത മാറുമ്പോള്‍ നിലവിലുള്ള സാങ്കേതി വിദ്യയെ പോലും ശത്രുതയ്‌ക്കുള്ള രാസത്വരകമായി ഉപയോഗിക്കുകയാണ്‌ ഇവിടെ.


നോവലില്‍ ഒരിടത്ത്‌ ഇങ്ങനെ പറയുന്നുണ്ട്‌. 'ഒരാളെ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടു വരാനുള്ള ടെക്‌നോളജി ഇല്ലായ്‌മയാണ്‌ മരണം.' ഒരര്‍ത്ഥത്തില്‍ എത്രശരിയാണിത്‌. ഒരു നോവലിനുപരിയായി സാങ്കേതിക വിദ്യയും സയന്‍സുമായി ബന്ധപ്പെട്ട ഒട്ടനവധി വിവരങ്ങള്‍ വിദഗ്‌ധമായി കോര്‍ത്തിണക്കി കൊണ്ടാണ്‌ നോവല്‍ വായന മുന്നേറുന്നത്‌. പൊട്ടിപ്പോയ ഇടുപ്പെല്ലിനു പകരം മധുര സംഗീതം പൊഴിക്കുന്ന സ്‌മാര്‍ട്ട്‌ ഇടിപ്പെല്ല്‌ പകരം പിടിപ്പിക്കുന്നതും ഒളിമ്പിക്‌സില്‍ ജനിതകമാറ്റത്തിലൂടെ ഉത്തേജക മരുന്നുപയോഗിക്കുന്നതിന്റെ സാദ്ധ്യതകളും എന്നിങ്ങനെ ഒട്ടനവധി വിജ്ഞാന ശകലങ്ങളും കൊണ്ട്‌ സമൃദ്ധമാണ്‌ ഈ നോവല്‍. ഒടുവില്‍ പഴയ മൂല്യങ്ങളുടേയും സമാധാനത്തിന്റേയും ഭൂമികയിലേക്ക്‌ എത്തുന്നു. മാധ്യമം ആഴ്‌ചപതിപ്പില്‍ ഖണ്‌ഡശ: പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഏറെ വായനക്കാരെ ആകര്‍ഷിച്ചതാണ്‌ ഈ നോവല്‍. കൊച്ചിന്‍ സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. ബാബു ജോസഫിന്റെ പഠനവും കൃതിയുടെ മാറ്റു കൂട്ടുന്നു. പ്രസാധകര്‍ : ഡി.സി. ബുക്‌സ്‌. വില : 115 രൂപ.


വി.കെ ആദര്‍ശ്‌, സ്‌മിത.എം എന്നിവര്‍ തയാറാക്കിയ ലേഖനം.


വി.കെ ആദര്‍ശ്‌,കൊല്ലം യൂനുസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗില്‍ലക്‌ചറര്‍,
adarshpillai@gmail.commob: 93879 07485

സ്‌മിത.എം, കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷില്‍ ഗവേഷക വിദ്യാര്‍ത്ഥിനി


Tuesday, July 17, 2007

ഊര്‍ജലാഭത്തിനും ലാപ്‌ടോപ്പ്‌ ബാറ്ററി ആയുസിനും

കംപ്യൂട്ടര്‍ വിപണിയില്‍ ഡസ്‌ക്‌ ടോപ്പ്‌ സിസ്റ്റത്തെക്കാളും വളര്‍ച്ചാനിരക്ക്‌ ഇന്ന്‌ ലാപ്‌ടോപ്‌ കംപ്യൂട്ടറുകള്‍ക്കുണ്ട്‌. എന്നാല്‍ ലാപ്‌ടോപ്‌ ഉപയോക്താക്കള്‍ക്ക്‌ ബാറ്ററി ചാര്‍ജ്‌ ടൈം മിക്കപ്പോഴും തടസം സൃഷ്‌ടിക്കും. ബാറ്ററി ചാര്‍ജ്‌ ആയുസ്‌ കൂട്ടാനുള്ള പത്ത്‌ നിര്‍ദ്ദേശങ്ങള്‍

1.ഡിസ്‌പ്ലെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്‌,സി.പി.യു സ്‌പീഡ്‌..എന്നിവ ക്രമീകരിക്കുക. സ്‌ക്രീന്‍ തെളിച്ചം കുറച്ചുവച്ചാല്‍ വൈദ്യുതോപയോഗം കുറയും. എല്ലാ ലാപ്‌ടോപ്പുകളിലും പവര്‍ മാനേജ്‌മെന്റ്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. ഇത്‌ എനേബിള്‍ ചെയ്യുക.

2.ലാപ്‌ടോപ്പില്‍ മൂല്യവര്‍ധനവിനും ഉപയോഗലാളിത്യത്തിനുമായി ഘടിപ്പിക്കാറുള്ള ഡാറ്റാകാര്‍ഡ്‌, ബ്ലൂ ടൂത്ത്‌ അഡാപ്‌റ്റര്‍, യു.എസ്‌.ബി മൗസ്‌ എന്നീ ഉപകരണങ്ങള്‍ അധിക ഊര്‍ജം എടുക്കുന്നുണ്ട്‌. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ ഒഴിവാക്കുക അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക.

3.ഐ.പോഡ്‌ പോലുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ചാല്‍ ഇത്‌ ചാര്‍ജ്‌ ചെയ്യാന്‍ ലാപ്‌ടോപ്പ്‌ ബാറ്ററി ഉപയോഗിച്ചുകൊണ്ടിരിക്കും. ഇവ ചാര്‍ജ്ജിനിടണമെങ്കില്‍ ലാപ്‌ടോപ്പ്‌ വൈദ്യുതലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തുക.

4. ലാപ്‌ടോപ്പ്‌ ബാറ്ററിയില്‍ വര്‍ക്ക്‌ ചെയ്യുന്ന വേളയില്‍ മൗസിന്‌ പകരം ടച്ച്‌ പാഡ്‌ ഉപയോഗിച്ചാല്‍ ഏറെനേരം ഉപയോഗിക്കാം.

5.ഉചിതമായ റാം റാന്‍ഡം അക്‌സസ്‌ മെമ്മറി ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തുക. അല്ലാത്തപക്ഷം കൂടുതല്‍ മെമ്മറി ഉപയോഗിക്കേണ്ട അവസരങ്ങളില്‍ വിര്‍ച്വല്‍ മെമ്മറി ഉപയോഗിച്ചു തുടങ്ങും. വിര്‍ച്വല്‍ മെമ്മറി എന്നാല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ വര്‍ധിച്ച ഉപയോഗം തന്നെയാണ്‌. ഉപയോഗത്തിന്‌ യുക്തമായ റാം ഊര്‍ജലാഭം എന്നു സാരം.

6.ഉപയോഗത്തിലില്ലങ്കില്‍ സി.ഡി ഡി.വി.ഡി റോം എന്നിവ ഡ്രൈവില്‍ ഇടാതിരിക്കുക. ഡാറ്റാ സര്‍ച്ചിംഗ്‌ വേളയിലും മറ്റും ഡ്രൈവില്‍ ഡിസ്‌ക്‌ ഉണ്ടെങ്കില്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍ സ്‌പിന്‍ ചെയ്യാറുണ്ട്‌. ഇത്തരത്തിലുള്ള ഊര്‍ജനഷ്‌ടം ഡിസ്‌ക്‌ ഒഴിവാക്കുന്നതിലൂടെ കുറയ്‌ക്കാം.

7.മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയുടെ മെറ്റല്‍ കണക്‌ടറുകള്‍ വൃത്തിയാക്കുക.തുണിയില്‍ ക്ലീനിംഗ്‌ ലിക്വിഡ്‌ ഉപയോഗിച്ച്‌ വെടിപ്പാക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ബാറ്ററിയില്‍ നിന്നുള്ള ചാനല്‍ മെച്ചപ്പെട്ട്‌ വൈദ്യുത പ്രവാഹം കാര്യക്ഷമമാകും.

8.ബാറ്ററി ഏറെ നാള്‍ ഉപയോഗത്തിലില്ലാതെ വയ്‌ക്കരുത്‌. കുറഞ്ഞത്‌ രണ്ടാഴ്‌ചയിലൊരിക്കലെങ്കിലും ചാര്‍ജ്‌ ചെയ്യുക, ഉപയോഗിക്കുക. ലിഥിയം ബാറ്ററി പൂര്‍ണമായും ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ അനുവദിക്കരുത്‌.

9.ലാപ്‌ടോപ്പിന്റെ വായൂസഞ്ചാരം കൂട്ടുക. ഉയര്‍ന്നചൂടുള്ള അന്തരീക്ഷം ഉപകരണത്തിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കും. ലാപ്‌ടോപ്പിന്റെ വശങ്ങളിലും അടിഭാഗത്തും ഉള്ള വായുസഞ്ചാര അഴികള്‍ വൃത്തിയാക്കുക.ചില സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാര അഴികള്‍ തടസപെടുത്തക്ക രീതിയില്‍ പുസ്‌തകങ്ങളോ പെന്‍ സ്റ്റാന്റോ കാണാറുണ്ട്‌. ഇവ ഒഴിവാക്കി സുഗമമായ വായു സഞ്ചാരം ഉറപ്പുവരുത്തുക. ലാപ്‌ ടോപ്‌ അല്‌പം ഉയര്‍ന്ന രീതിയില്‍ ഘടിപ്പിക്കാനനുവദിക്കുന്ന ലാപ്‌ ടോപ്‌ സ്റ്റാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇത്‌ കൂടുതല്‍ വായുസമ്പര്‍ക്കം ഉണ്ടാക്കി താപനില ശരിയായ അളവില്‍ നിലനിര്‍ത്തുന്നു.

10.ബാറ്ററിയില്‍ ഏറെ നേരം പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, ചെയ്യുന്ന ജോലിക്കൊപ്പം സംഗീതം ആസ്വദിക്കുന്നതു പോലുള്ള മള്‍ട്ടി ടാസ്‌കുകള്‍ ഒഴിവാക്കുക. ഒന്നിലധികം ജോലിചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുമല്ലോ. ശരിയായ ഇടപെടലുകളിലൂടെ മള്‍ട്ടി ടാസ്‌ക്കുകള്‍ ഒഴിവാക്കി ബാറ്ററി കൂടുതല്‍ നേരം ഉപയോഗിക്കാം.

Wednesday, July 11, 2007

ഇ-മാലിന്യ മനുഷ്യന്‍
സാങ്കേതികവിദ്യയുടെ വികാസഫലമായുണ്ടായ ഉപകരണങ്ങളുടെ അഥവാ യന്ത്രങ്ങളുടെ ഉപയോഗമാണ്‌ മാനവരാശിയുടെ മുന്നോട്ടുളള പ്രയാണം ഉറപ്പാക്കിയത്‌. മൊബൈല്‍ ഫോണും കംപ്യൂട്ടറുമെല്ലാം ഇക്കൂട്ടത്തിലെ നവാഗതരാണെന്ന്‌ പറയാം. മനുഷ്യാധ്വാനത്തെ ചെറിയൊരളവെങ്കിലും കുറയ്‌ക്കാനുതകുന്ന സംവിധാനത്തെ യന്ത്രമെന്നോ ഉപകരണമെന്നോ പറയാം. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ഇലക്‌ട്രോണിക്‌സ്‌ അനുബന്ധമായ എത്രയെത്ര ഉപകരണങ്ങളുമായാണ്‌ സമ്പര്‍ക്കം പുലര്‍ത്തുന്നത്‌. ഇലക്‌ട്രോണിക്‌ സാധനങ്ങളില്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാനാകുമോ.രാവിലെ കൃത്യസമയത്ത്‌ വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ഇലക്‌ട്രോണിക്‌ അലാറം മുതല്‍ തുടങ്ങുന്നു നമ്മുടെ ഇ-ചങ്ങാത്തം. കണക്കെടുത്താല്‍ തീരാത്തത്ര നവീന ഉപകരണങ്ങളാണ്‌ ഒരു കാര്‍ണിവലിനെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ വിപണിയിലേക്ക്‌ ദിനം പ്രതി എത്തികൊണ്ടിരിക്കുന്നത്‌. അവതരിക്കുന്ന കാലത്ത്‌ അത്യല്‍ഭുതമായും പിന്നീട്‌ ഉപകാരിയായും വാഴ്‌ത്തപ്പെടുന്ന ഇത്തരം ഉപകരണങ്ങള്‍ മാലിന്യമാകുമ്പോള്‍ അപകടകരമായ വിഷവസ്‌തുക്കളുടെ സഞ്ചയമായി ഒരു വന്‍ പാരിസ്ഥിതിക ദുരന്തത്തിന്റെ സന്ദേശ വാഹകരാകുന്നു. ഈ രീതി തുടര്‍ന്നു പോയാല്‍ നമ്മുടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ഒരു ഇ- ചവറുകൂനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല . വളര്‍ന്നുവരുന്ന ഇ-മാലിന്യ പ്രശ്‌നത്തിന്‌ പ്രതീകാത്മകമായ ഒരു രേഖപ്പെടുത്തലുമായി യു.കെ യില്‍ `ഇ-മാലിന്യ മനുഷ്യന്‍' ഒരു എക്‌സിബിഷന്‍ പോലെ നഗരങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

എന്താണ്‌ ഇ-മാലിന്യ മനുഷ്യന്‍?

ഇ-മാലിന്യ മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത്‌ ഉപയോഗശൂന്യമായ ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ കൊണ്ടാണ്‌. WEEE Man (WEEE -Waste Electric & Electronic Equipment) എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ഏഴുമീറ്റര്‍ ഉയരവും 3300 കി.ഗ്രാം ഭാരവും ഇതിനുണ്ട്‌. ശാസ്‌ത്രീയമായാണ്‌ ഭാരം കണക്കാക്കിയിരിക്കുന്നത്‌. യു.കെ. യിലെ മൊത്തം ഇ മാലിന്യ അളവിനെ (ഒരു ദശലക്ഷം ടണ്‍) ജനസംഖ്യകൊണ്ട്‌ ഹരിച്ചു കിട്ടുന്ന തുകയാണ്‌ ഭാരമായി തിരഞ്ഞെടുത്തത്‌. യു.കെ. പൗരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 77 വയസ്സായി കണക്കാക്കിയാണ്‌ പഠനം നടത്തിയത്‌.

2003 ല്‍ 21 വയസ്സുള്ള ഒരു യുവാവ്‌ 2059 വരെ ജീവിക്കുന്നു എന്നിരിക്കട്ടെ. ഇ-മാലിന്യത്തിന്റെ വാര്‍ഷികവര്‍ദ്ധനവായ 4 ശതമാനം കൂടി കണക്കിലെടുക്കുമ്പോള്‍ 2059 ല്‍ മരിക്കുമ്പോള്‍ ഈ യുവാവ്‌ 3300 കി.ഗ്രാം, ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ത്ത്‌ മാലിന്യമാക്കിയിട്ടുണ്ടാകും. എന്നാല്‍ 2003 ല്‍ ജനിച്ച ഒരു കുട്ടി 2080 (അതേ 77 വയസ്സ്‌) വരെ ജീവിച്ചിരിക്കുമ്പോള്‍ ഉപയോഗിച്ചവശേഷിപ്പിക്കുന്നത്‌ 8000 കി.ഗ്രാം മാലിന്യമായിരിക്കുമെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്‌ ഇപ്പോഴത്തെ ഇ-മാലിന്യ നിരക്ക്‌ വര്‍ദ്ധനവ്‌ തുടര്‍ന്നാല്‍ ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍ ഇപ്പോഴുള്ളവര്‍ സൃഷ്‌ടിക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെ അളവ്‌ മാലിന്യം സൃഷ്‌ടിക്കുമെന്ന്‌ രത്‌നചുരുക്കം.

പഠന പ്രോജക്‌ടിന്റെ ഭാഗമായി `ഇ-മാലിന്യ മനുഷ്യനെ' പോലെ ഒരു `ഇ-മാലിന്യ കുട്ടി ' യെ സ്‌ക്കൂളില്‍ നിര്‍മ്മിക്കാന്‍ www.weeeman.org വെബ്‌സൈറ്റ്‌ കുട്ടികളോട്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഇത്തരത്തിലെ `ഇ-മാലിന്യകുട്ടി ' കളുടെ ഫോട്ടോ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ സൈറ്റ്‌ രുപ കല്‌പന ചെയ്‌തവര്‍ ഉദ്ദേശിക്കുന്നു.

ഇ-മാലിന്യ മനുഷ്യനായി വാഷിംഗ്‌ മെഷീന്‍ (3), ടെലിവിഷന്‍ (6), ഫ്രിഡ്‌ജ്‌ (5), വാക്വം ക്ലീനര്‍ (7), മൊബൈല്‍ ഫോണ്‍ (35), സി.പി.യു (8) തുടങ്ങി ഒരു നിര ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പാഴായ 23 മൗസുകളാണ്‌ ഇ-മാലിന്യമനുഷ്യന്റെ പല്ലിനായി ഉപയോഗിച്ചിരിക്കുന്നത്‌. കൂടാതെ വാക്വം ക്ലീനര്‍ ട്യൂബ്‌ കഴുത്തായി വര്‍ത്തിക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങളുടെ വിശദമായി ലിസ്റ്റ്‌ weeeman.org ല്‍ ലഭ്യമാണ്‌.തത്വാധിഷ്‌ഠിത വികസനത്തിനായി നിലകൊള്ളുന്ന ആര്‍.സി.എ (RCA - Royal Socirty for the Encouragement of Arts, manufacture & Commerce) ആണ്‌ ഈ പദ്ധതി വിഭാവനം ചെയ്‌തത്‌. 1754 ല്‍ നിലവില്‍ വന്ന സംഘടനയുടെ ലക്ഷ്യം മാലിന്യരഹിത (Zero Waste) സമൂഹ നിര്‍മ്മിതിയാണ്‌. ഇലക്‌ട്രോണിക്‌ ഉപകരണ നിര്‍മ്മാതാക്കളായ 'കാനോണ്‍'മായി സഹകരിച്ചാണ്‌ ഈ ഉദ്യമം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.

പരസ്യമായി പ്രദര്‍ശിപ്പിച്ചു വരുന്ന ഇ.മാലിന്യ മനുഷ്യന്‍ ഏറെ കാണികളെ ആകര്‍ഷിക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ ഇതില്‍ നിന്നും അവര്‍ ജീവിക്കുന്ന ലോകത്തെ പറ്റിയുള്ള ഏകദേശ രൂപം കിട്ടുന്നു. അതു വഴിയുള്ള ബോധവല്‍ക്കരണമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നതും.ഈ വര്‍ഷം മുതല്‍ യു.കെ യിലെ ഇലക്‌ട്രിക്‌/ഇലക്‌ട്രോണിക്‌ ഉപകരണ നിര്‍മാതാക്കളും വിതരണക്കാരും യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമം അനുശാസിക്കുന്ന വിധം ശാസ്‌ത്രീയമായ ഇ-മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കേണ്ടതുണ്ട്‌.

Saturday, July 07, 2007

ഊര്‍ജ ലാഭത്തിന്‌ പത്തു കല്‌പനകള്‍

1. ഉപയോഗം തീര്‍ന്നാലുടനെ കംപ്യൂട്ടര്‍ ഓഫാക്കുക

2. നെറ്റ്‌ വര്‍ക്കിലുള്ള സിസ്റ്റം ഓഫാക്കാന്‍ സാധിക്കാതെവന്നാല്‍ മോണിറ്റര്‍ മാത്രമായി ഓഫാക്കുക

3. സംഗീതമാസ്വദിക്കുമ്പോള്‍ മോണിറ്റര്‍ഓഫാക്കുക

4. എല്‍.ഡി.സി മോണിറ്ററുകള്‍ പ്രോല്‍സാഹിപ്പിക്കുക

5. പവര്‍മാനേജ്‌മെന്റ്‌ സംവിധാനം എനേബിള്‍ ചെയുക

6. ആവശ്യം വലിപ്പത്തിലുള്ള മോണിറ്റര്‍ വാങ്ങുക.

7. പ്രിന്റ്‌ എടുക്കുന്നതിനുതൊട്ടുമുമ്പ്‌ മാത്രം പ്രിന്ററിന്റെ പവര്‍ ഓണാക്കുക

8. പ്രിന്റ്‌ എടുത്തതിനുശേഷം പവര്‍ ഓഫാക്കുക

9. സ്‌ക്രീന്‍ സേവര്‍ ഒരു തരത്തിലും വൈദ്യുതി സേവ്‌ ചെയ്യുന്നില്ല.

10. സ്ലീപ്പ്‌ / ഹൈബര്‍നേറ്റ്‌ മോഡില്‍ സി.പി.യു വൈദ്യുതസംരക്ഷണം ഉറപ്പാക്കുന്നു

Tuesday, July 03, 2007

വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വൈയ് ല്‍ സുമായി അഭിമുഖംഅഭിമുഖം: ജിമ്മി വെയ്‌ല്‍സ്‌/ വി. കെ. ആദര്‍ശ്‌


ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിശ്വവിജ്ഞാന കോശമായ വിക്കിപീഡിയയുടെ ശില്‌പിയാണ്‌ ജിമ്മിവെയ്‌ല്‍സ്‌. 1966 ആഗസ്റ്റ്‌ 7-ന്‌ ജനിച്ച ഈ ഐ.ടി. സംരഭകന്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ അകംപൊരുള്‍ ഉള്‍ക്കൊണ്ടാണ്‌ വിക്കിപീഡിയ്‌ക്ക്‌ ജന്മം നല്‍കിയത്‌. ഇപ്പോള്‍ വിക്കിമീഡിയ എന്ന്‌ ലാഭേച്ഛ ഇല്ലാത്ത സ്ഥാപനത്തിന്റെയും വിക്കിയ എന്ന സ്വകാര്യ ബിസിനസ്‌ സ്ഥാപനത്തിന്റെയും നേതൃത്വം വഹിക്കുന്നു. ലോകത്തിലെ ഏത്‌ പൗരനും ലോകത്തിന്റെ ഏത്‌ കോണിലുള്ള ഏത്‌ വിവരവും സ്വതന്ത്രമായി ലഭ്യമാക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും അതു തന്നെയാണ്‌ താന്‍ ചെയ്യുന്നതെന്നും ജിംബോ എന്ന്‌ വിളിക്കുന്ന ജിമ്മി വെയ്‌ല്‍സ്‌ നയം വ്യക്തമാക്കുന്നു. ലോകപ്രസിദ്ധമായ ഹര്‍വാഡ്‌ നിയമസ്‌കൂളില്‍ ബെര്‍ക്‌മാന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ സൊസൈറ്റിയില്‍ ഫെല്ലോ ആയി 2005 ല്‍ ജിമ്മി വെയ്‌ല്‍ നിയമിക്കപ്പെട്ടു. പ്രശസ്‌തമായ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിക്കുന്ന 100 പേരില്‍ ഒരാളായി 2006 മേയില്‍ ജിമ്മി വെയില്‍സിനെ തിരഞ്ഞെടുത്തിരുന്നു. ഇ-മെയില്‍ മുഖേന ജിമ്മി വെയ്‌ല്‍സുമായി വി. കെ. ആദര്‍ശ്‌ നടത്തിയ സംഭാഷണത്തില്‍ നിന്ന്‌.
താങ്കളുടെ വിക്കിപീഡിയാ പേജില്‍ നിന്നും കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ താങ്കള്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചതായി കാണുന്നു. അവിടെ വിക്കിപീഡിയ പ്രോജക്‌ട്‌ എങ്ങനെ പോകുന്നു.
ഇംഗ്ലീഷിലും ആഫ്രിക്കന്‍ പതിപ്പിലുമായി വിക്കിപീഡിയ നല്ലരീതിയില്‍ മുന്നോട്ട്‌ പോകുന്നുണ്ട്‌. ചില പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ കൂടുതല്‍ ആളുകളെയും പുതിയ പ്രോജക്‌ടുകളെയും വിക്കി പീഡിയയിലേക്ക്‌ കൊണ്ടുവരാന്‍ ആലോചനയുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ മറ്റ്‌ ഒന്‍പത്‌ ഭാഷകളിലും ഉള്ള പ്രാദേശിക പതിപ്പുകള്‍ക്കുള്ള വളര്‍ച്ചാനിരക്കും ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
? ജിമ്മി, താങ്കള്‍ ഇപ്പോള്‍ താങ്കള്‍ ജര്‍മ്മന്‍ ഭാഷാപഠനത്തിലാണ്‌ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ജര്‍മ്മന്‍ ഭാഷയിലെ വിക്കി പ്രവര്‍ത്തകരുമായും താങ്കള്‍ക്ക്‌ സംവദിക്കാനാകും. എന്തുകൊണ്ട്‌ താങ്കള്‍ ജര്‍മ്മന്‍ തിരഞ്ഞെടുത്തു. ഏതെങ്കിലും ഭാരതീയ ഭാഷകള്‍ പഠിക്കാന്‍ പദ്ധതിയുണ്ടോ?.
എനിക്ക്‌ തോന്നുന്നത്‌ ജര്‍മ്മന്‍ തിരഞ്ഞെടുത്തത്‌ അത്ര നല്ല തീരുമാനമായിരുന്നില്ല എന്നാണ്‌ പരിചയപ്പെടാന്‍ അത്ര ലളിതമായ ഭാഷയല്ലാ ജര്‍മ്മന്‍. അടുത്തതായി ഞാന്‍ സ്‌പാനീഷ്‌ പഠിക്കാന്‍ പദ്ധതിയിടുന്നുണ്ട്‌ (എന്റെ മകള്‍ സാപാനീഷ്‌ പഠനത്തിലാണ്‌ !) അല്ലെങ്കില്‍ ജാപനീസ്‌ ഭാഷ തിരഞ്ഞെടുക്കാം. എനിക്ക്‌ ജപ്പാനില്‍ ബന്ധുക്കളുണ്ട്‌. ഭാര്യയ്‌ക്ക്‌ ജപ്പാനീസ്‌ സംസാരിക്കാനും അറിയാം. യാത്രകളിലുടനീളം ഇന്ത്യ എന്റെ പ്രിയപ്പെട്ട ഇടമാണ്‌. ഒപ്പം ഒരു ഭാരതീയ ഭാഷ പഠിക്കാന്‍ ഞാന്‍ അതീവ താല്‌പരനുമാണ്‌. ഇത്‌ എത്ര ബുദ്ധിമുട്ടാകും എന്നെനിക്കറിയില്ല?
മലയാളം വിക്കിപീഡിയ പതിപ്പിന്‌ ഇപ്പോള്‍ വര്‍ധിച്ച പ്രചാരം ലഭിക്കുന്നുണ്ട്‌. കേവലം നാലുകോടിയില്‍ താഴെ ജനങ്ങളുടെ മാത്രം ഭാഷയായ മലയാളം പോലെയുള്ള ചെറുഭാഷകളിലെ പതിപ്പിന്റെ ഭാവിയെ താങ്കള്‍ ഏങ്ങനെ കാണുന്നു?
എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ചെറിയ വിക്കിപീഡിയ പതിപ്പുകള്‍ക്ക്‌ വന്‍ പ്രാധാന്യമാണുള്ളത്‌. പ്രാദേശിക ഭാഷകളിലെ വിക്കിപീഡിയ പതിപ്പുകള്‍ക്ക്‌ അതിന്റെതായ ഉള്ളടക്കവും ശൈലിയുമുണ്ട്‌, ഇതാകട്ടെ പൊതുവായുള്ള ഇംഗ്ലീഷ്‌ പതിപ്പുകളില്‍ നിന്നും വിഭിന്നവുമാണ്‌. ചെറു വിക്കിപീഡിയ സംരഭങ്ങള്‍ പല നൂതനാശയങ്ങളും ഉയര്‍ത്തികൊണ്ടുവരുന്നു. ആഗോളപരമായ മാതൃകകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നുവെന്ന്‌ സാരം.
വിജ്ഞാനകോശത്തിന്റെ ലോകത്ത്‌ വിക്കിപീഡിയ ഒരു വ്യത്യസ്‌തമായ കാല്‍വെപ്പായിരുന്നു. ഈ വേറിട്ട സംരംഭത്തിന്‌ താങ്കളെ ചിന്തിപ്പിച്ചത്‌ എന്തായിരുന്നു.?
സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഞാന്‍ ശ്രദ്ധാപൂര്‍വ്വം അടുത്തുനിന്ന്‌ വീക്ഷിക്കുകയായിരുന്നു. സഹവര്‍ത്തിത്വത്തിലൂടെയുള്ള സ്വതന്ത്ര ലൈസന്‍സുകള്‍ സമകാലികലോകത്ത്‌ വളരെ പ്രാധാന്യമുള്ളതാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നത്‌ തന്നെയാണ്‌ വിക്കിപീഡിയയിലേക്ക്‌ എന്നെ എത്തിച്ചത്‌.
ഭാഷകളില്‍ നിന്ന്‌ ഭാഷകളിലേക്ക്‌ വിക്കിപീഡിയ പ്രയാണം നടത്തുകയാണ്‌. എല്ലാ ഭാഷകളിലേയും വിജ്ഞാന നിര്‍മ്മിതിയുടെ പൊതുവായ ഒരിടം താങ്കള്‍ വിഭാവനം ചെയ്യുന്നു. യന്ത്രനിര്‍മ്മിതിയാല്‍ ഒരു ഭാഷയിലെ ലേഖനങ്ങള്‍ മറ്റോരു ഭാഷയിലേക്ക്‌ മനുഷ്യന്റെ നേരിട്ടുള്ള ഇടപെടല്‍ കൂടാതെ മാറ്റാന്‍ പറ്റുന്ന ഒരു സംവിധാനത്തിന്‌ സാധ്യതയുണ്ടോ?
ഇതുവരെയുള്ള അനുഭവം വച്ചു നോക്കുമ്പോള്‍ മെഷീന്‍ ട്രാന്‍സലേഷന്‍ നിലവാരം വളരെ പരിതാപകരമാണ്‌. വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്‌ ഉപയോഗശൂന്യമായാണ്‌ കാണുന്നത്‌. തത്‌കാലത്തേക്ക്‌ പുരോഗമനത്തിനും ഒരു സാധ്യതയും കാണുന്നില്ല. പക്ഷെ പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം കംപ്യൂട്ടറുകള്‍ ഇങ്ങനെ സ്‌മാര്‍ട്ടാവില്ലെന്ന്‌ ആര്‍ക്കറിയാം.!
ലേഖനങ്ങളുടെ ആധികാരികതയും വിശ്വാസ്യതയുമാണല്ലോ എല്ലായിടത്തും താങ്കള്‍ നേരിടുന്ന പ്രമുഖ ചോദ്യം. ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള ആര്‍ക്കും വിക്കിപീഡിയയിലേക്ക്‌ എഴുതാം, എഡിറ്റ്‌ ചെയ്യാം. ഈ സ്വാതന്ത്രം തന്നെയാണ്‌ ശക്തിയും ദൗര്‍ബല്യവുമായി എടുത്തുകാട്ടുന്നത്‌. ലേഖനങ്ങളുടെ വിവരസമ്പുഷ്‌ടതയ്‌ക്ക്‌ വേണ്ടി എന്തെങ്കിലും നിയന്ത്രണ മാര്‍ഗങ്ങള്‍ പദ്ധതിയിലുണ്ടോ?
ലേഖനങ്ങളുടെ ഉള്ളടക്കം മികലാര്‍ന്നതാക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. വിക്കിപീഡിയയുടെ നിലവാരം പരിശോധിക്കാന്‍ ഉള്ള യുക്തമായ മാര്‍ഗം. കഴിഞ്ഞ കാലങ്ങളില്‍ ക്രമമായി ഉണ്ടായ നിലവാര മികവിന്റെ പ്രവണത പരിശോധിക്കുന്നതായിരിക്കും നല്ലതെന്ന്‌ തോന്നുന്നു. ഏതെങ്കിലും പത്ത്‌ വിക്കിപീഡിയ ലേഖനം എടുത്ത്‌ ഒരു താരതമ്യ പഠനം നടത്തി നോക്കുക. അഞ്ച്‌ വര്‍ഷം മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഈ ലേഖനം ശ്രദ്ധേയമായ മാറ്റത്തോയെ മികവാര്‍ന്ന്‌ വരുന്നത്‌ കാണാം.
ചില വിക്കി വോളന്റിയര്‍മാര്‍ കള്ളപേരില്‍ രജിസ്റ്റര്‍ ചെയുന്ന അനാരോഗ്യമായ പ്രവണത വിക്കിപീഡിയയ്‌ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ടല്ലോ. ഈ അവസ്ഥയെ എങ്ങനെ മറികടക്കാം.?
ഇത്തരം ആരോപണങ്ങള്‍ക്ക്‌ ഒരടിസ്ഥാനവും ഇല്ല. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യേണ്ടതുണ്ടന്നു തോന്നുന്നില്ല.
ഏറ്റവും കൂടുതല്‍ പണം ഹാര്‍ഡ്‌ വെയര്‍ ഭാഗങ്ങള്‍ വാങ്ങാനാണ്‌ ചിലവഴിക്കുന്നത്‌. പിന്നെ സോഫ്‌ട്‌ വെയറുകള്‍ സംഘടിപ്പിക്കാനും. പക്ഷെ വേതനം പറ്റികൊണ്ടുള്ള എഡിറ്റര്‍മാരെ നിയോഗിച്ച്‌ ഉള്ളടക്ക നവീകരണത്തിനും പരിശോധനക്കും പദ്ധതിയുണ്ടോ.?
ഇല്ല. ഇത്തരത്തില്‍ ആലോചിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ഇപ്പോഴുള്ള സ്വതന്ത്ര വിക്കി സമൂഹം മികച്ച രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
സാധാരണക്കാരും എഴുത്തുകാരും നിത്യജീവിതത്തില്‍ ഉദ്ധരിണികളും മഹത്‌വചനവും ധാരാളമായി ഉപയോഗിക്കുന്നുണ്ട്‌. അതുതന്നെയാകും വിക്കിക്വോട്‌സ്‌ (wikiquote.org) എന്ന ആശയത്തിനു പിന്നിലും. ഇതെങ്ങനെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ സ്വീകരിച്ചു?
നിങ്ങള്‍ തന്നെ സൈറ്റിലൂടെ ഒന്ന്‌ ഓടിച്ച്‌ നോക്കൂ. വിക്കിക്വോട്‌സ്‌ ഡോട്ട്‌ ഓര്‍ഗിലേക്ക്‌ ആളുകള്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തുന്നുണ്ട്‌. അതിലെറെ പേര്‍ അത്‌ ഉപയോഗിക്കുന്നുമുണ്ട്‌. ഇത്‌ ഒരു മികച്ച സൈറ്റാണ്‌. നിങ്ങള്‍ക്ക്‌ തന്നെ പരിശോധിച്ച്‌ എന്റെ മറുപടിയെക്കാളും നല്ല നിഗമനത്തില്‍ എത്താവുന്നതേയുള്ളൂ.
വിക്കിമീഡിയ ഫൗണ്ടേഷന്‍ പൊതുജനങ്ങള്‍ക്കായി ഒട്ടേറെ സേവനങ്ങള്‍ ചെയ്യുന്നു. ഇതിനുള്ള ധനശേഖരണം എങ്ങനെയാണ്‌ നടത്തുന്നത്‌. ഗ്രാന്റുകളും, വാണിജ്യാടിസ്ഥാനത്തിലുള്ള കരാറുകളും ഉണ്ടോ. സ്വകാര്യ സ്ഥാപനങ്ങള്‍ വിക്കിപീഡിയയുടെ സേവനം തേടുമ്പോള്‍ തുക ഈടാക്കാവുന്നതേയുള്ളൂ. കാരണം ഇങ്ങനെ സ്വതന്ത്രമായ ഒരു സൈറ്റില്‍ നിന്ന്‌ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച്‌ അവര്‍ പണം ഉണ്ടാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ അതിലൊരു പങ്ക്‌ സേവനത്തിനുള്ള പ്രതിഫലമായി വിക്കി പീഡിയ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഇതിനോട്‌ താങ്കള്‍ യോജിക്കുന്നുണ്ടോ?.
ഞങ്ങള്‍ക്ക്‌ പൊതുജനങ്ങളില്‍ സംഭവന ലഭിക്കുന്നുണ്ട്‌. വിക്കിപീഡിയയിലെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാന്‍ പ്രതിഫലം പറ്റുന്നുമില്ല. പക്ഷെ എന്റെ തന്നെ വിക്കിയ എന്ന സ്ഥാപനം ലാഭാടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിന്‌ എനിക്ക്‌ പ്രതിഫലം ലഭിക്കുന്നുമുണ്ട്‌. പിന്നെ വാണിജ്യപരമായ കരാറുകള്‍ വിക്കിമീഡിയ ഫൗണ്ടേഷന്‌ ഇല്ല. ആളുകള്‍ ഇത്‌ ഉപയോഗിച്ച്‌ പണമുണ്ടാക്കിക്കോട്ടെ, ഞങ്ങള്‍ അതു കാര്യമാക്കുന്നില്ല. ആര്‍ക്കും ഏതുരീതിയില്‍ വേണമെങ്കിലും ഈ സ്വതന്ത്ര വിശ്വവിജ്ഞാന കോശത്തിലെ വിവരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌.
താങ്കള്‍ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ദക്ഷിണേന്ത്യ സന്ദര്‍ശിച്ചിരുന്നു. സ്ഥലത്തെകുറിച്ച്‌ എന്താണ്‌ അഭിപ്രായം?
ഞാന്‍ ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളെയും ഇഷ്‌ടപെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലായി സന്ദര്‍ശനം നടത്തുന്നു. (എങ്കിലും ഇനിയും എത്രയോ സ്ഥലങ്ങള്‍ കാണാനിരിക്കുന്നു!). ഒരു കാര്യം എനിക്കു വ്യക്തമായി പറയാന്‍ കഴിയും. ഇന്ത്യയാണ്‌ എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട യാത്രാദേശം. വൈവിധ്യമായ ഭക്ഷണം, ആളുകളുടെ ഊര്‍ജസ്വലത........ ഒട്ടേറെ താത്‌പര്യമുള്ള വിഷയങ്ങള്‍. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു.
ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കൊച്ചി ഒക്കെ ഐ.ടി നഗരങ്ങളായി വികസിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ വമ്പന്‍ കംപ്യൂട്ടര്‍, ഐ.ടി സ്ഥാപനങ്ങളെല്ലാം ഇവിടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. വിക്കിപീഡിയക്ക്‌ ഇന്ത്യയില്‍ ഭാവിപദ്ധതികള്‍ എന്തൊക്കെയാണ്‌?
ഇന്ത്യയിലെ വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന തോതിലാണ്‌. അതോടൊപ്പം തന്നെം പ്രാദേശിക ഭാഷയിലുള്ള വിക്കിപീഡിയ പതിപ്പുകളും അതിശയിപ്പിക്കുന്ന വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്‌.
ഇവിടെ കേരളത്തില്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലിനക്‌സ്‌ അധിഷ്‌ഠിതമാക്കി കഴിഞ്ഞു. ലിനക്‌സിനും സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ ചിന്തകള്‍ക്കും ഇവിടെ നല്ല പോരാട്ടമുണ്ട്‌. സ്വതന്ത്രസോഫ്‌റ്റ്‌ വെയര്‍ സൈദ്ധാന്തികനായ റിച്ചര്‍ഡ്‌ സ്റ്റാള്‍മാന്‍ ഒന്നിലേറെ തവണ ഇവിടം സന്ദര്‍ശിച്ചു വിദ്യാര്‍ത്ഥികളും സംരഭകരും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ കേരള ബഡ്‌ജറ്റില്‍ സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനായി പ്രത്യേക ഫണ്ട്‌ തന്നെ അനുവദിച്ചു. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ എന്തെങ്കിലും ഇന്ത്യാ കേന്ദ്രീകൃത പദ്ധതിയുണ്ടോ. പരമ്പരാഗതമായി അറിവിന്റെ അക്ഷയഖനി തന്നെ ഇന്ത്യയിലെ പലദേശങ്ങളായി ഉണ്ട്‌. വൈദ്യശാസ്‌ത്രം, എന്‍ജിനീയറിംഗ്‌, ജ്യേതിശാസ്‌ത്രം ഇങ്ങനെ വിവിധ മേഖലകളിലായി ഭാരതീയര്‍ കാലങ്ങളിലായി ആര്‍ജിച്ചെടുക്കുന്നതും കൈമാറിവരുന്നതുമായ വിവരങ്ങളെ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ലോകത്തിന്‌ മുഴുവന്‍ ഉപയോഗിക്കത്തക്കവിധത്തില്‍ സ്വതന്ത്രമായി വിന്യസിക്കാമല്ലോ.?
കഴിഞ്ഞ പത്തുമാസത്തിനിടക്കു തന്നെ ഞാന്‍ മൂന്ന്‌ പ്രാവശ്യം ഇന്ത്യസന്ദര്‍ശിച്ചു കഴിഞ്ഞു. മാത്രവുമല്ല വരും വര്‍ഷങ്ങളിലും സാധ്യമായത്ര തവണ ഇന്ത്യസന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ട്‌. ഞങ്ങളുടെത്‌ വളരെ ചെറിയ ഒരുസ്ഥാപനമാണ്‌. അതുകൊണ്ടുതന്നെ താങ്കള്‍സൂചിപ്പിച്ചതുപോലെ പ്രത്യേകമായ ഒരു പ്രോഗ്രാമിന്‌ ഒരു ഫണ്ടും നീക്കിവച്ചിട്ടുമില്ല. പക്ഷെ എന്റെ ഓരോ യാത്രയിലും എനിക്ക്‌ ധാരാളം മാധ്യമശ്രദ്ധ ലഭിക്കുന്നുണ്ട്‌. മാധ്യമങ്ങളില്‍ വിക്കിപീഡിയ ചര്‍ച്ചയാകുന്നുണ്ട്‌. ഇത്‌ പ്രാദേശികഭാഷയിലുളള വിക്കി പീഡിയ പതിപ്പുകളെ ത്വരിതഗതിയില്‍ വളരാന്‍ സാധിക്കുന്നു.
വിജ്ഞാനത്തിലേക്ക്‌ ഉളള പാത മനുഷ്യവകാശമാണല്ലോ പക്ഷെ ചൈനയില്‍ വിക്കി പീഡിയ വിലക്കിയതായി വാര്‍ത്തയുണ്ട്‌ എന്താണിതിനു പിന്നില്‍?
എനിക്കിപ്പോള്‍ ഒരറിവും ഇല്ല. ഈ വര്‍ഷവസാനം ഇത്‌ കണ്ടു പിടിക്കണം. പരിഹരിക്കാന്‍ ഞാന്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്‌.
ഇത്രയും നാളത്തെ അനുഭവത്തില്‍ ഏറ്റവും മികച്ചത്‌ അല്ലെങ്കില്‍ ഇഷ്‌ടപ്പെട്ടത്‌ എന്നു തോന്നുന്ന വിക്കിപീഡിയ ലേഖനം ഏതാണ്‌?
ഒട്ടേറെ ഇഷ്‌ടപ്പെട്ട ലേഖനങ്ങള്‍ ഉണ്ട്‌, ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കുക ദുഷ്‌കരമായ ജോലിയാണ്‌
ഇപ്പോള്‍ വിക്കി പീഡിയയില്‍ പരസ്യം ഒന്നും അനുവദിച്ചിട്ടില്ല. തന്ത്രപരമായ രീതിയില്‍ പരസ്യം അനുവദിച്ചുകൂടെ?
ഇക്കാര്യത്തില്‍ തത്‌കാലം പദ്ധതികള്‍ ഒന്നും തന്നയില്ല.
വിക്കിപീഡിയയും എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയും തമ്മില്‍ താരതമ്യം ചെയ്‌താല്‍......?
ചില മേഖലകളിലും വീക്ഷണകോണുകളിലും ബ്രിട്ടണിക്ക മികവുറ്റതാണ്‌. മറ്റു ചിലമേഖലകളില്‍ ഞങ്ങളും മികച്ചപ്രകടനം കാഴ്‌ചവെയ്‌ക്കുന്നു. പോയകാലത്തെ ശ്രദ്ധേയമായ സാംസ്‌കാരിക ചിഹ്നമെന്ന നിലയില്‍ ബ്രീട്ടാണിക്കയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു:-)
വിവരശേഖരണത്തിനും ചികയിലിനുമായുളള 'സര്‍ച്ച്‌ എന്‍ജിന്‍' രൂപപ്പെടുത്തിയെടുക്കുന്ന പദ്ധതിയെ പറ്റി......?
സ്വതന്ത്ര ലൈസന്‍സോടു കൂടി ഉപയോക്താക്കളുടെ കൂട്ടായ്‌മ നിയനിയന്ത്രിക്കുന്ന സര്‍ച്ച്‌ എന്‌ജില്‍ വിക്കിയ എന്ന എന്റെ സ്വകാര്യകമ്പനിക്ക്‌ വേണ്ടി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌.