Friday, June 29, 2007

ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്

ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ അറിയാമല്ലോ? ഇതുപോലെതന്നെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും (പ്രധാന പേജ്‌) തുടര്‍ പേജുകളും ഉണ്ടാകും.

പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടുതാഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ടും ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ്‌ എന്ന പദമാണ്‌ ബ്ലോഗ്‌ എന്നായി മാറിയത്‌. ബ്ലോഗുകള്‍ അതിന്റെ കരുത്ത്‌ കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു. യഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി ബ്ലോഗിലൂടെ പുറംലോകത്തെത്തിക്കൊണ്ടിരിക്കുന്നു. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി.

അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. 2005-ല്‍ ഒരു കോടിയിലധികം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ്‌ കണക്ക്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

ബ്ലോഗ്‌ നിര്‍മ്മാണം
ഇ-മെയില്‍ പോലെ തന്നെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ബ്ലോഗ്‌ സേവനം നല്‌കുന്നുണ്ട്‌. കൂട്ടത്തില്‍ പ്രചുരപ്രചാരം ഉള്ള ഒരു സൈറ്റാണ്‌ www.blogger.com പേഴ്‌സണല്‍ ഓണ്‍ലൈന്‍ പബ്ലിഷിങ്‌ എന്നും ബ്ലോഗിനെ പറയാം. ഒരു ബ്ലോഗര്‍ ആകുന്നതിന്‌ ആദ്യം നേടേണ്ടത്‌ ബ്ലോഗ്‌ സേവനം നല്‌കുന്ന ഏതെങ്കിലും ഒരു സൈറ്റിലെ അക്കൗണ്ടാണ്‌. നേരത്തെ സൂചിപ്പിച്ച blogger.com ഗൂഗ്‌ള്‍ നിയന്ത്രണത്തിലുള്ളതാണ്‌.

Create an account എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ നിര്‍ദ്ദേശാനുസരണം ഇ-മെയില്‍ വിലാസം, ബ്ലോഗിന്‌ ഒരു പേര്‌, മറ്റ്‌ അത്യാവശ്യ വിവരങ്ങള്‍ എന്നിവ നല്‌കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന ഘട്ടത്തില്‍ ഉചിതമായ ഒരു പശ്ചാത്തലം/ലേ ഔട്ട്‌ തിരഞ്ഞെടുക്കാം. ഇതോടെ ഘടനാപരമായി ഒരു ബ്ലോഗ്‌ തയ്യാറായി കഴിഞ്ഞു, ഇനി ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനായി ടൈപപ്പ്‌ ചെയ്‌താല്‍ മതിയാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. പുതിയ ലേഖനങ്ങള്‍/കുറിപ്പുകള്‍ ടൈപ്പ്‌ ചെയ്‌തു publish ബട്ടണ്‍ അമര്‍ത്തി പ്രസ്‌തുതവിവരം `ബൂലോക'ത്തെത്തിക്കാം.

ഇനി പബ്ലിഷ്‌ ചെയ്‌ത വിവരത്തിന്‌ ഭംഗി പോരെങ്കില്‍ എഡിറ്റ്‌ ചെയ്യുകയുമാകാം. ഇ-മെയിലില്‍ നിന്നും വിഭിന്നമായി ബ്ലോഗിന്‌ വ്യക്തിപരമായ പേര്‌ നല്‌കാറില്ല. പലപ്പോഴും പൊതുവായ പേരുകളാണ്‌ പ്രശസ്‌തമായ പല ബ്ലോഗിനും ഉള്ളത്‌. ഉദാ. എന്റെ മലയാളം. ചിലര്‍ കളിപേരുകളാണ്‌ ഉപയോഗിക്കുന്നത്‌. സുനാമി ദുരന്തമുണ്ടായപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ പോസ്‌റ്റ്‌ ചെയ്‌ത സുനാമി ഹെല്‍പ്‌ ബ്ലോഗ്‌ എന്ന വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം അപ്‌ഡേറ്റായ വിവരങ്ങള്‍ നല്‌കാന്‍ സുനാമി ഹെല്‍പ്‌ ബ്ലോഗിന്‌ കഴിഞ്ഞു. ഇ-മെയിലില്‍നിന്നും വിഭിന്നമായി ഭാഷാപരമായ ഒരു പ്രത്യേകതകൂടി ബ്ലോഗിനുണ്ട്‌. പ്രാദേശിക ഭാഷയിലെ ബ്ലോഗിനാണ്‌ വായനക്കാര്‍ കൂടുതല്‍. മലയാളത്തില്‍തന്നെ നൂറുകണക്കിന്‌ ബ്ലോഗുകള്‍ നിലവില്‍വന്നു കഴിഞ്ഞു. പ്രശസ്‌തരും അപ്രശസ്‌തരും തങ്ങളുടെ വിചാരധാരകള്‍ പങ്കുവയ്‌ക്കുന്നു.

യൂണികോഡിലുള്ള ഫോണ്ടില്‍ ടൈപ്പ്‌ ചെയ്‌താല്‍ മലയാളം പോലുള്ള ഭാഷകളില്‍ ബ്ലോഗ്‌ എഴുതുകയും വായിക്കുകയും ചെയ്യാം. വരമൊഴി പോലുള്ള സോഫ്‌ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യാം.

akshaya എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ `അക്ഷയ' എന്ന്‌ മലയാളത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വലിയ ചെറിയ (Lower case & Capital case) അക്ഷരങ്ങള്‍ക്ക്‌ വരമൊഴിയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കണം. ഒരേ അക്ഷരം തന്നെ സ്‌മാള്‍/ക്യാപിറ്റല്‍ വ്യത്യാസത്തിന്‌ രണ്ടുരീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. kari എന്നെഴുതിയാല്‍ `കരി' എന്നും KaRi എന്നെഴുതിയാല്‍ `കറി' എന്നുമാകും സ്‌ക്രീനില്‍. തുടക്കത്തില്‍ ഇത്‌ ബുദ്ധിമുട്ടാകുമെങ്കിലും സാവധാനം പരിചയിച്ചുകൊള്ളും.ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം.

സിഡ്‌നിയിലും, കൊളംബോയിലും, ചിക്കാഗോയിലും, ഷാര്‍ജയിലുമെല്ലാം ഇരുന്ന്‌ കുറിപ്പുകളെഴുതുന്നത്‌ തൊട്ടടുത്തവീട്ടിലെ കുറിപ്പുകളെന്നപോലെ വായിക്കാമെന്നത്‌ ബ്ലോഗിങ്‌ ഒരുക്കുന്ന വിശാലമായ ക്യാന്‍വാസിന്റെ പ്രത്യേകതയാണ്‌.ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം (2005) നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും.

അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

9 comments:

v k adarsh said...

അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

Haree | ഹരീ said...

നല്ല ലേഖനം.
ബ്ലോഗര്‍മാര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുവാനുള്ള നീക്കത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ എവിടെ നിന്നും ലഭ്യമാവും? ആധികാരികമായ ലിങ്കുകള്‍ ഏതെങ്കിലും ഉണ്ടോ?

ഒരു ചെറിയ പ്രശ്നം: എന്നാല്‍ ബ്ലോഗില്‍ കേവലം ഒരു പേജില്‍തന്നെ എല്ലാ വിവരങ്ങളും എഴുതപ്പെട്ടിരിക്കുന്നു. - ഇത് ശരിയല്ലല്ലോ? പല പേജുകളായിത്തന്നെയാണ് ഇതിന്റേയും ഘടന. പക്ഷെ സാധാരണ HTML പേജുകളുടെ ഒരു സഞ്ചയമല്ല എന്നു മാത്രം. ഒരു പേജില്‍ ഓരോ പോസ്റ്റിന്റേയും ഹെഡിംഗ്, ടെക്സ്റ്റ്, ലേബലുകള്‍ എന്നിവ അടങ്ങിയിരിക്കും. അവ ഒരു CSS സ്റ്റൈല്‍ ഷീറ്റ് ഉപയോഗിച്ച് ആ പേജ് തുറക്കുന്ന സമയത്ത് റെന്‍ഡര്‍ ചെയ്തു കാണിക്കുന്നു... കുറച്ച് കണ്‍ഫ്യൂഷനാണ്, എങ്കിലും ഒരു പേജെന്നു പറഞ്ഞാല്‍ ശരിയാവില്ല... :)
--

Visala Manaskan said...

ലേഖനം വളരെ നന്നായിട്ടുണ്ട്. ബ്ലോഗിനെപ്പറ്റി സിമ്പിളായി നന്നായി പറഞ്ഞിരിക്കുന്നു.

അഞ്ചല്‍കാരന്‍ said...

വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

മൂര്‍ത്തി said...

നന്ദി..നല്ല ലേഖനം...

v k adarsh said...

thanks haree. rectified the 'single' page mistake. As for 'accreditaion of indian blogs' query. i read it some where, i ll scrap u the details soon.

visaalamanaska, anchal kaara, moorthy...thankX

അപ്പു said...

ആദര്‍ഷ് മാഷേ നല്ല ലേഖനം.

ഇതിന്റെ ഒപ്പം ഒരു റഫറന്‍സായി വക്കാരി പണ്ടെഴുതിയ http://howtostartamalayalamblog.blogspot.com/ ബ്ലോഗ് പോസ്റ്റും കൂടി നല്‍കിയാല്‍ പുതിയതായി വരുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രയോജനകരമായിരിക്കും.

തറവാടി said...

നല്ല ലേഖനം

ഉറുമ്പ്‌ /ANT said...

നല്ല ലേഖനം.......ഇതിനൊടൊപ്പം. മലയാളം ബ്ലൊഗ് എഴുതാനും അവ പ്രസിദ്ദീകരിക്കാനും സഹായകമാകുന്ന സൈറ്റുകളുടെയും, സോഫ്റ്റുവെയറുകളുടെയും ലിങ്കുകള്‍ കൂടി ചേര്‍ത്താല്‍.........
ഇവക്കുപരിയായി പ്രസിദ്ദരായ ബ്ലോഗര്‍മാരുടെ ലിങ്കും ചേര്‍ക്കാം.