Monday, June 25, 2007

ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല


അദ്ധ്യാപകര്‍ക്ക്‌ അനന്തസാദ്ധ്യതകള്‍


ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന്റെ നല്ലൊരു ഭാഗം ഇന്ന്‌ ബി.പി.ഒ. (B.P.O- Business process outsourcing)എന്നറിയപ്പെടുന്ന പുറം ജോലി കരാര്‍ മേഖലയിലാണ്‌. ഉദാഹരണത്തിന്‌ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, കാള്‍ സെന്റര്‍ മുതലായവ. അതിനെ തുടര്‍ന്ന്‌ വിജ്ഞാന വ്യവസായത്തിന്റെ നല്ലൊരു പങ്കും ഇന്ത്യയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ കെ.പി.ഒ. (Knowledge process outsourcing) എന്നറിയപ്പെടുന്നു. വിജ്ഞാനപുറം ജോലി കരാറില്‍ ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ്‌, ഗവേഷണവികസന പദ്ധതികള്‍, ഡാറ്റാ ബേസ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികള്‍ ഉള്‍പ്പെടുന്നു. പക്ഷേ ഇവിടെ വിശകനശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും നിര്‍ണായക ഘടകങ്ങളാണ്‌. അതുകൊണ്ടുതന്നെ താരതമ്യേന വിദ്യാഭ്യാസമുള്ള സമൂഹത്തിലേക്ക്‌ ഈ ജോലികള്‍ പെട്ടന്നെത്തും. മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ഏജന്‍സികള്‍, മാധ്യമസ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവയാണ്‌ വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഐ.ടി കമ്പനികളെ സമീപിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ പുതിയതൊഴില്‍ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട്‌ വിദ്യാഭ്യാസ മേഖലയിലെ തൊഴിലും പുറം ജോലി കരാറിലൂടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. ഇത്‌ ഇ.പി.ഒ. (Educational process outsourcing) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അദ്ധ്യാപനവും പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. നവസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസബോധന സമ്പ്രദായങ്ങളെ ഐ.ടി. വളരെയേറെ മാറ്റി മറിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ ആനിമേഷനും മള്‍ട്ടീമീഡിയാ പ്രസന്റേഷനും ഓണ്‍ലൈന്‍ ആശയവിനിമയവും ഒക്കെയായി വിവരവിജ്ഞാനങ്ങളുടെ അക്ഷയഖനിതന്നെ സ്‌ക്കൂളുളെ കാത്തിരിക്കുന്നു. വെര്‍ച്ച്വല്‍ ലാബുവഴി ലാബോറട്ടറി പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍ സിമുലേഷനിലൂടെ ഇന്ന്‌ ചെയ്യാം. അതായത്‌ ബയോളജി പ്രായോഗിക ക്ലാസില്‍ തവളയെ കൊല്ലേണ്ട ആവശ്യമില്ലാതെയാകും. പകരം തവളയുടെ ആന്തരികാവയവങ്ങളുടെ വിശദമായ വിവരം കംപ്യൂട്ടറിലൂടെ മനസിലാക്കാനാകും. ഇതുകൂടാതെ പാഠ്യക്രമം, പാഠ്യപദ്ധതി എന്നിവയുടെ നിര്‍മ്മാണത്തിനും മനുഷ്യശേഷി വന്‍തോതില്‍ ആവശ്യമുണ്ട്‌. അതുകൊണ്ടുതന്നെ വന്‍ പണ ചിലവുവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ സാങ്കേതികപരമായി ഏറെ മുന്നേറിയ അമേരിക്ക, സിങ്കപ്പൂര്‍, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഐ.ടി.എനേബിള്‍ഡ്‌ വിദ്യാഭ്യാസം വ്യാപകമായിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രത്തിനും ഗണിത ശാസ്‌ത്രത്തിനും അമേരിക്കയിലും മറ്റും വിദ്യാര്‍ത്ഥികള്‍ പിന്നോക്കം പോകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇന്ത്യന്‍ അദ്ധ്യാപകരുടെ ഡിമാന്റ്‌ വര്‍ദ്ധിച്ചിരിക്കുകയാണ്‌. പഴയതുപോലെ അദ്ധ്യാപകര്‍ക്ക്‌ പഠിപ്പാക്കാനായി കടല്‍ കടന്ന്‌ പോകേണ്ടകാര്യമില്ല. ഇവിടെ നാട്ടിലിരുന്നുതന്നെ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാം. 2010-ഓടെ പത്ത്‌ ലക്ഷം അദ്ധ്യാപകരെ ഇത്തരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കേ വേണ്ടിവരുമെന്ന്‌ കണക്കുകൂട്ടുന്നു. അതാത്‌ രാജ്യങ്ങളിലെ രീതികള്‍ മനസിലാക്കുവാന്‍ അദ്ധ്യാപകര്‍ക്ക്‌ ബുദ്ധിമുട്ടനുഭപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഇത്‌ മറികടക്കുന്ന പരിശീലന പദ്ധതികള്‍ ഐ.ടി. കമ്പനികള്‍ അദ്ധ്യാപകര്‍ക്ക്‌ നല്‍കിവരുന്നു. അദ്ധ്യാപകര്‍ക്ക്‌ ക്ലാസ്‌ മുറിയിലെന്നപോലെ ഓണ്‍ലൈനായി ആശയവിനിമയം നടത്താം. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലെ ശീതീകരിച്ച ഓഫീസ്‌ മുറിയിലിരിക്കുന്ന അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ അമേരിക്കയിലെ ഏതെങ്കിലും സ്‌ക്കൂളിലെ വൈഡ്‌ സ്‌ക്രീന്‌ മുന്നില്‍ ശ്രദ്ധയോടെ ഇരിക്കുകയാവും. ചിലപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെല്ലാം തന്നെ അവരവരുടെ വീട്ടിലെ കംപ്യൂട്ടറിനുമുന്നില്‍ ഇരിക്കുകയുമാകാം. പ്രോജക്‌ടുകള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, അനുബന്ധവിവരങ്ങള്‍ സെര്‍ച്ചു ചെയ്യുക എന്നിവയും അദ്ധ്യാപകന്‌ ചെയ്യാനാകും. ഏതായാലും ബി.പി.ഒ.യ്‌ക്ക്‌ ശേഷം ഇ.പി.ഓയിലൂടെ പുതിയൊരു തൊഴില്‍ മേഖല നമുക്ക്‌ മുന്നിലേക്ക്‌ സാവധാനം തുറന്നിടുകയാണ്‌. ഈ മേഖലയില്‍ ചൈന ഇന്ത്യയ്‌ക്ക്‌ ഒരു വെല്ലുവിളിയേ അല്ല. മാനവവിഭവശേഷിയുടെ കാര്യത്തില്‍ നാം ഏറെ മുന്നിലാണെന്നത്‌ ഇവിടെ മുന്‍തൂക്കമാകുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ 380 സര്‍വ്വകലാശാലകളില്‍ നിന്നായി 6,000-ത്തില്‍ പരം ഡോക്‌ടറല്‍ ബിരുദധാരികളും 2.5 ദശലക്ഷത്തിലേറെ ബിരുദധാരികളും പുറത്തേക്കിറങ്ങുന്നുണ്ട്‌. മാത്രമല്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനമുള്ള ജനങ്ങള്‍ അതിവസിക്കുന്നതും ഇന്ത്യയിലാണ്‌. ഇതോടൊപ്പം വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയെ സഹായിക്കുന്നതിനായി വളരെ കൂടിയ ബാര്‍ഡ്‌വിഡ്‌ത്തുള്ള ഇന്റര്‍നെറ്റ്‌ ബന്ധവും ഇന്ന്‌ ലഭ്യമാണെന്നത്‌ അനുകൂല ഘടകമാണ്‌. അതുകൊണ്ടുതന്നെ മികച്ച ഇംഗ്ലീഷ്‌ പരിജ്ഞാനമുള്ള അദ്ധ്യാപകര്‍ക്ക്‌ ഐ.ടി.വിദഗ്‌ധരെപോലെ ഉയര്‍ന്ന ഡിമാന്റ്‌ ഉടനെ പ്രതീക്ഷിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല

3 comments:

v k adarsh said...

വിദ്യാര്‍ത്ഥികളെല്ലാം തന്നെ അവരവരുടെ വീട്ടിലെ കംപ്യൂട്ടറിനുമുന്നില്‍ ഇരിക്കുകയുമാകാം. പ്രോജക്‌ടുകള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, അനുബന്ധവിവരങ്ങള്‍ സെര്‍ച്ചു ചെയ്യുക എന്നിവയും അദ്ധ്യാപകന്‌ ചെയ്യാനാകും. ഏതായാലും ബി.പി.ഒ.യ്‌ക്ക്‌ ശേഷം ഇ.പി.ഓയിലൂടെ പുതിയൊരു തൊഴില്‍ മേഖല നമുക്ക്‌ മുന്നിലേക്ക്‌ സാവധാനം തുറന്നിടുകയാണ്‌.

മറുമൊഴികള്‍ ടീം said...

ആദര്‍ശ് ലേഖനം നന്നായിരിക്കുന്നു. സാധ്യമെങ്കില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ marumozhikal@gmail.com എന്ന ഐഡിയിലേയ്ക്കാക്കൂ.

തറവാടി said...

ആദര്‍ശേ ,

എഴുത്ത് നന്നാവുന്നുണ്ട് , പാരഗ്രാഫുകളായിട്ടെഴുതൂ അല്ലത്തതിനാല്‍ വായന ദുഷ്ക്കരമാകുന്നു :)