Saturday, June 30, 2007

സ്വതന്ത്ര സര്‍വവിജ്ഞാനകോശം വിക്കിപീഡിയ


സ്വതന്ത്ര സര്‍വവിജ്ഞാനകോശംവിക്കിപീഡിയയുടെ സ്വതന്ത്രസര്‍വവിജ്ഞാനകോശം ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകളില്‍ ഒന്നുമാത്രമാണ്‌. വികേന്ദ്രീകൃതമായ രീതിയില്‍ ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്താനും സാധിക്കുന്ന രീതിയില്‍ തികച്ചും `ഓപ്പണ്‍' ആണ്‌ വിക്കിപീഡിയയുടെ ഘടന (http://www.wikipedia.org/). 2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംരംഭത്തില്‍ 100 ഭാഷകളിലേറെയായി 40 ലക്ഷത്തോളം ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. മലയാളത്തിലും അനവധി ലേഖനങ്ങള്‍ ലഭ്യമാണ്‌ (http://www.ml.wikipedia.org/). ആര്‍ക്കും ലേഖനങ്ങള്‍ എഴുതാവുന്ന കൂട്ടായ ഈ വിജ്ഞാനകോശസംരംഭം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ അനുഗ്രഹമാണ്‌. മലയാളത്തില്‍ത്തന്നെ 3007 (ജൂലൈ 1, 2007-വരെ) ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍വരെ ലഭ്യമാണ്‌. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള വിക്കിയന്മാരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി നിര്‍വചിച്ചാല്‍

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണം (കമ്പ്യൂട്ടര്‍ ,മൊബൈല്‍ ഫൊണ്‍, പി. ഡി. എ....) ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം.


വിക്കിസോഴ്‌സ്‌ എന്ന വായനശാലയും ഉണ്ട്‌. പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ ആണ്‌ ഈ വായനശാലയില്‍ ലഭിക്കുക. 2006 മാര്‍ച്ച്‌ 29-ന്‌ ആണ്‌ മലയാളം വായനശാലയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ആര്‍ക്കുവേണമെങ്കിലും പുസ്‌തകങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.ഇതോടൊപ്പം സൗജന്യപഠനം സഹായികള്‍, വഴികാട്ടികള്‍, വിക്കിവാര്‍ത്ത എന്ന സ്വതന്ത്രവാര്‍ത്താകേന്ദ്രം, വിക്കി മലയാളം പുസ്തകശാല, വിക്കിനിഘണ്ടു എന്ന ബഹുഭാഷാ നിഘണ്ടു, പഴഞ്ചൊല്ലുകളുടെ അര്‍ത്ഥമറിയാനുള്ള വിക്കിച്ചൊല്ലുകള്‍ എന്നിവയും ലഭ്യമാണ്‌.


മലയാളം വിക്കിപീഡിയ ശൈശവദശയിലാണെങ്കിലും ഇംഗ്ലീഷില്‍ ഏറെ പടര്‍ന്നു പന്തലിച്ചുകഴിഞ്ഞു. 13 ലക്ഷത്തിലേറെ ലേഖനങ്ങളാണ്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ മാത്രമുള്ളത്‌.ആര്‍ക്കും എപ്പോഴും എഡിറ്റു ചെയ്യാമെന്നത്‌ വിവരത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുമെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനം വച്ചുനോക്കുമ്പോള്‍ മികവാര്‍ന്ന ചരിത്രമാണ്‌ വിക്കിപീഡിയ സ്വന്തമാക്കിയിട്ടുള്ളത്‌.


അടുത്തകാലത്ത്‌ ഗൂഗ്‌ളിന്റെ സാങ്കേതികസഹായത്തോടെ ഭൂമിശാസ്‌ത്രമാപ്പുകള്‍ ലഭ്യമാക്കുന്ന വിക്കിമാപ്പിയ എന്ന സേവനവും തുടങ്ങിയിട്ടുണ്ട്‌. കേരളത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും വരെ വിമാനയാത്രയില്‍ കാണുന്നതിനേക്കാള്‍ ഗംഭീരമായി വിക്കിമാപ്പിയ (wikimapia) യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലിനക്‌സിന്റെ സ്വതന്ത്രസോഫ്‌ട്‌വെയര്‍ ആശയം തന്നെയാണ്‌ വിക്കിപീഡിയയുടെയും അകംപൊരുള്‍. ആര്‍ക്കും എപ്പോഴും എഡിറ്റു ചെയ്യാമെന്ന നൂതനാശയം തന്നെയാവണം ഈ വിശ്വവിജ്ഞാനകോശത്തിന്റെ ജനകീയതയ്‌ക്ക്‌ കാരണം. ലോകത്തിന്റെ പല കോണുകളിലെ എഴുത്തുകാര്‍ കൂട്ടിച്ചേര്‍ക്കുന്നതും അവര്‍തന്നെ ശുദ്ധീകരിക്കുന്നതുമായ രീതി സാമ്പ്രദായികമായ വിശ്വവിജ്ഞാനകോശ നിര്‍മ്മിതിയുടെ എതിര്‍ദിശയിലുള്ളതാണ്‌.


ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിക്കിപീഡിയ ബൃഹത്താണെങ്കിലും ലേഖനങ്ങളുടെ ഗുണനിലവാരത്തില്‍ ബ്രിട്ടാനിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാം. ഏതായാലും സര്‍ച്ച്‌ എന്‍ജിനുകള്‍പോലെ തന്നെ വിക്കിസര്‍ച്ചും വിജ്ഞാനകുതുകികള്‍ കൂടുതലായി ആശ്രയിക്കുന്നു. തെറ്റായ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ഒരംഗം രേഖപ്പെടുത്തിയെന്നിരിക്കട്ടെ. ആധികാരികരേഖകളുടെയോ വസ്‌തുതകളുടെയോ പിന്‍ബലമില്ലാത്ത ലേഖനങ്ങള്‍ താമസിയാതെ നീക്കം ചെയ്യപ്പെട്ടിരിക്കും.


പിന്‍ കുറിപ്പ്: വിക്കിപീഡിയ സ്ഥാപകന്‍ ശ്രി. ജിമ്മി വെയ് ത്സുമായി ഞാന്‍ നെറ്റുവഴി ഒരു അഭിമുഖം നടത്തിയിരുന്നു. രണ്ടു ദിവസങ്ങള്‍ ക്കുള്ളില്‍ ഇവിടെ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കാം.

4 comments:

v k adarsh said...

മികവാര്‍ന്ന ചരിത്രമാണ്‌ വിക്കിപീഡിയ സ്വന്തമാക്കിയിട്ടുള്ളത്‌

മൂര്‍ത്തി said...

നന്ദി...

-സു‍-|Sunil said...

വിക്കിപീഡിയ 5 കൊല്ലത്തിനുള്ളില്‍ പൂട്ടേണ്ടിവരുമെന്ന് ഒരു സ്ഥലത്ത് വായിച്ചു. സ്പാം അറ്റാക്കാണ് അവര്‍ പറയുന്ന പ്രധാന കാരണം.
http://malayalam-dtp.blogspot.com/2007/02/blog-post_28.html

santhosh said...

appreciating,very good attempt