Friday, June 29, 2007

ടെലിമെഡിസിന്‍

മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ കുറഞ്ഞ ചിലവില്‍ ഒരുക്കുക എന്നത്‌ വികസ്വര, അവികസിത രാജ്യങ്ങളെ സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി തന്നെയാണ്‌. ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം, 100 കോടിയിലേറെ ജനങ്ങള്‍ അവരില്‍ 70% ത്തോളം ഗ്രാമങ്ങളില്‍ വസിക്കുന്നു. ലഭ്യമായ ആരോഗ്യസംവിധാനങ്ങളുടെ 80% ത്തിലേറെ നഗരങ്ങള്‍ കേന്ദ്രമാക്കിയും. ഇത്‌ വിരല്‍ചൂണ്ടുന്നത്‌ ടെലിമെഡിസിന്‍പോലെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ അനിവാര്യതയാണ്‌.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഐ.റ്റി.വകുപ്പ്‌ ടെലിമെഡിസിന്‍ മുഖ്യശ്രദ്ധപതിയ്‌ക്കേണ്ട മേഖലകളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്‌. എന്താണ്‌ ടെലിമെഡിസിന്‍ ? വിവര, വിനിമയ സാങ്കേതിക വിദ്യയും, വൈദ്യശാസ്‌ത്രവും ഇണക്കിച്ചേര്‍ത്തുപയോഗിക്കുന്നു എന്ന്‌ ലളിതമായി പറയാം. വിദൂരഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ രോഗിയെ പരിശോധിക്കാന്‍ നഗരത്തിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പ്പിറ്റലിലെ വിദഗ്‌ധന്‌ ഇന്ന്‌ സാധിക്കും. രോഗിയ്‌ക്ക്‌ നഗരത്തിലെ വന്‍കിട ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ല. തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയാല്‍ നഗരവാസികള്‍ക്ക്‌ മാത്രം ലഭ്യമായിരുന്ന സേവനം അവര്‍ക്കും ലഭ്യമാകും. രാജ്യത്തെ എല്ലാ ഗ്രാമീണനേയും ഇതിന്റെ സേവനത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടര്‍, ക്യാമറ, സ്‌ക്യാനര്‍, മറ്റ്‌ മെഡിക്കല്‍ ഉപകരണങ്ങല്‍ എന്നിവ വി.സാറ്റ്‌ , ഇന്റര്‍നെറ്റ്‌ എന്നിവ വഴി ബന്ധിപ്പിക്കുക. എന്ന പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയാല്‍ മുഖ്യമായ ജോലി അവസാനിച്ചു എന്ന്‌ പറയാം. സമഗ്രമായ ഒരു സോഫ്‌റ്റ്‌ വെയറിന്റെ സഹായത്താല്‍ രോഗനിര്‍ണയവും അപഗ്രഥനവും തുടര്‍ന്ന്‌ നടത്താവുന്നതാണ്‌.

കേന്ദ്ര ഐ.ടി.വകുപ്പ്‌, ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ചണ്‌ഡീഗഡിലെ നെഹ്‌റു ഹോസ്‌പ്പിറ്റല്‍, ലക്‌നൗവിലെ സഞ്ചയ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നീ തലസ്ഥാനനഗര ആശുപത്രികളെ മുഖ്യകേന്ദ്രങ്ങളാക്കി 'സഞ്‌ജീവനി' എന്ന സോഫ്‌റ്റ്‌ വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെഡിക്കല്‍ സമൂഹം കാര്യക്ഷമമായി ഇതിനോട്‌ സംവദിക്കാന്‍ സാധിക്കുന്ന രീതിയില്‍ യൂസര്‍ഫ്രെണ്ട്‌ലി ആയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇതില്‍ രോഗിയുടെ സമഗ്രമായ ചികിത്സാ വിവരം, ഇമേജിംഗ്‌ സംവിധാനം, വീഡിയോ കോണ്‍ഫറന്‍സിംഗ്‌, മെഡിക്കല്‍ ഫിലിം സ്‌ക്യാനര്‍ എന്നിവ സൗകര്യമായും ചിട്ടയോടും ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ കുറഞ്ഞചിലവും ആഗോളമായ ലഭ്യതയും ഇതിലേക്ക്‌ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചുരുക്കത്തില്‍ ടെലിമെഡിസിന്റെ ആവിര്‍ഭാവത്തോടുകൂടി ഏത്‌ വിദൂരഗ്രാമത്തിലും നിലവാരമുളള ആരോഗ്യ സംവിധാനങ്ങള്‍ എത്തിക്കാമെന്നത്‌ എളുപ്പമാണ്‌. അപ്പോളോ, എസ്‌കോട്‌സ്‌, ബത്‌രാ, നാരായണാ, ഹൃദയാലയ, അമൃത, ശങ്കരാനേത്രാലയ തുടങ്ങിയ പ്രമുഖ ആശുപത്രികളെല്ലാം വിവിധ സംസ്ഥാനസര്‍ക്കാരുകളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന്‌ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. അതും സൗജന്യനിരക്കില്‍. വൈദ്യശാസ്‌ത്രരംഗത്ത്‌ സ്‌പെഷ്യലൈസേഷന്‍ വര്‍ത്തമാനകാല പ്രവണതയാണ്‌. ഒരു ഹൃദ്രോഗവിദഗ്‌ദ്ധന്‌ തന്റെ വിഷയത്തില്‍ ആഴത്തിലും പരപ്പിലും അറിവുണ്ടായിരിക്കും. എന്നാല്‍ അടിയന്തിരഘട്ടത്തില്‍ മറ്റ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ ടെലി മെഡിസിന്‍ സങ്കേതം ഉപയോഗിച്ച്‌ ആ മേഖലയിലെ വിദഗ്‌ധന്റെ സേവനം രോഗിയ്‌ക്ക്‌ നല്‍കാന്‍ സാധിക്കും. ഇന്ത്യയില്‍ ടെലി മെഡിസിന്‍ ആരംഭിച്ച അപ്പോളോ ഗ്രൂപ്പ്‌ ഇന്ന്‌ ശ്രീലങ്ക, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്‌.

ഭൂമിശാസ്‌ത്രപരമായ അതിരുകളും കടന്ന്‌ സാങ്കേതിക വിദ്യ മനുഷ്യരെ കോര്‍ത്തിണക്കുകയാണിവിടെ. ഏതാണ്ട്‌ അറുപതിനായിരത്തോളം ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ അമേരിക്കയിലും മുപ്പത്തയ്യായിരത്തോളം പേര്‍ ബ്രിട്ടണിലും സേവനം അനുഷ്‌ടിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ ഏറെവ്യാപരിച്ച ഈ നാടുകളിലെ ഡോക്‌ടര്‍മാര്‍ക്ക്‌ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നുതന്നെ ജന്മനാട്ടിലും സേവനം ലഭ്യമാക്കാം. കൂടാതെ ഡോക്‌ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസം, പുതിയ സാങ്കേതിക വിദ്യസ്വായത്തമാക്കല്‍, എന്നിവയും ടെലിമെഡിസിന്‍ വിഭാവനം ചെയ്യുന്നു. ആന്ധ്രാപ്രദേശില്‍ അപ്പോളോ ഗ്രൂപ്പ്‌ സംസ്ഥാനഗവണ്‍മെന്റുമായി സഹകരിച്ച്‌ മുഴുവന്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികളേയും പരിശോധന നടത്തിയിട്ടുണ്ട്‌. ഒരു പിന്നോക്ക ജില്ലയില്‍ മാത്രം 100 ലേറെ കുട്ടികള്‍ക്ക്‌ ശസ്‌ത്രക്രീയയും നടന്നുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്‌ മുഖ്യമന്ത്രി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പിന്നോക്ക ജില്ലയായ കുടപ്പ, ഹൈദ്രാബാദിലെ അപ്പോളോ ഹോസ്‌പിറ്റലുമായി നെറ്റ്‌ വര്‍ക്ക്‌ ചെയ്‌തുകഴിഞ്ഞു.

കേരളവും ഇക്കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്‌. കൊച്ചിയിലെ അമൃതാ ഹോസ്‌പിറ്റല്‍ ഐ.എസ്‌.ആര്‍.ഒയുമായി സഹകരിച്ച്‌ ആന്‍ഡമാന്‍, ലക്ഷദ്വീപ്‌ എന്നിവടങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ പമ്പയിലെ എമര്‍ജെന്‍സി കെയര്‍ യൂണിറ്റില്‍ വച്ച്‌ ടെലിസര്‍ജറി നടത്തി ഒരു തീര്‍ത്ഥാടകന്റെ ജീവന്‍ രക്ഷിച്ച്‌ അമൃതാ ഹോസ്‌പിറ്റല്‍ മാതൃകകാട്ടി. കൊച്ചി മുഖ്യ ആശുപത്രിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജന്റെ മേല്‍നോട്ടത്തില്‍ പമ്പായൂണിറ്റിലെ ഡോക്‌ടറാണ്‌ ഈ ശസ്‌ത്രക്രീയ നടത്തിയത്‌. വിദൂരഗ്രാമങ്ങളിലേക്ക്‌ സുസജ്ജമായ മൊബൈല്‍ ആശുപത്രിയും ഇവരുടെ പദ്ധതിയിലുണ്ട്‌. ഇവിടെ സാങ്കേതിക വിദ്യയ്‌ക്ക്‌ ഗ്രാമീണന്‍ നന്ദിപറയുന്നു. കംപ്യൂട്ടര്‍ വഴി ഏറ്റവും മുന്തിയ സേവനം ലഭ്യമാകുന്നു എന്ന സംതൃപ്‌തിയുമുണ്ട്‌.

നേട്ടങ്ങള്‍
അനാവശ്യമായ റഫറന്‍സുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും, നഗരപ്രദേശത്തെ ആശുപത്രിയ്‌ക്ക്‌ വിദൂരസ്ഥലങ്ങളില്‍ പോലും വളരെ കുറഞ്ഞ ചിലവില്‍ അതേ സേവനം ലഭ്യമാക്കുന്നു, ശസ്‌ത്രക്രീയാനന്തരം രോഗിയ്‌ക്ക്‌ വീണ്ടും പ്രധാന ആശുപത്രി സന്ദര്‍ശിക്കേണ്ടതില്ല. പ്രാരംഭമായ രോഗവിവര ശേഖരണത്തിന്‌ ശേഷം ആവശ്യമായ രോഗികള്‍ക്ക്‌ ആവശ്യമായ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കും. തിരക്ക്‌ കാര്യക്ഷമമായി കുറയുന്നുമുണ്ട്‌. മറ്റ്‌ ആശുപത്രിയിലെ വിദഗ്‌ദരുമായി ചര്‍ച്ച ചെയ്‌ത്‌ മെച്ചപ്പെട്ട തീരുമാനത്തില്‍ എത്താന്‍ സാധിക്കും. അത്യപൂര്‍വ്വമായ ശസ്‌ത്രക്രീയയും അനുബന്ധവിവരങ്ങളും ലൈവായിതന്നെ മെഡിക്കല്‍ സമൂഹത്തിന്‌ മുന്നിലേക്ക്‌ എത്തിക്കാന്‍ സാധിക്കും അതോടൊപ്പം അവരുടെ ഉപദേശവും തല്‍ക്ഷണം ലഭ്യമാകുന്നു. ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ ചര്‍ച്ചകള്‍ക്കായി ഒരു സ്ഥലത്ത്‌ ഒത്തുകൂടേണ്ട ആവശ്യമില്ല. എല്ലാത്തിലും ഉപരിയായി ഏതുപൗരനും ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യസേവനം ലഭ്യമാകുന്നു. ഇപ്പോള്‍ വി-സാറ്റ്‌ സാങ്കേതിക വിദ്യയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ കടന്ന്‌ വരവ്‌ ടെലി മെഡിസിനെ ജനകീയമാക്കും എന്ന്‌ പ്രതീക്ഷിക്കാം.

1 comment:

v k adarsh said...

രാജ്യത്തെ എല്ലാ ഗ്രാമീണനേയും ഇതിന്റെ സേവനത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടര്‍, ക്യാമറ, സ്‌ക്യാനര്‍, മറ്റ്‌ മെഡിക്കല്‍ ഉപകരണങ്ങല്‍ എന്നിവ വി.സാറ്റ്‌ , ഇന്റര്‍നെറ്റ്‌ എന്നിവ വഴി ബന്ധിപ്പിക്കുക. എന്ന പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയാല്‍ മുഖ്യമായ ജോലി അവസാനിച്ചു എന്ന്‌ പറയാം.