Thursday, June 28, 2007

വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം

അവതാരിക
(foreword for my new book-വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം - based on computer literacy series. The important areas of this book ll appear here in this blog (blook!) soon). Do mail me your comments and suggestions.)

മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച കണ്ടുപിടുത്തമേതെന്ന ചോദ്യത്തിന്‌ ഒന്നിലധികം ഉത്തരങ്ങളുണ്ടാകാം. എന്നാല്‍ മാനവജീവിത ശൈലിയില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്‌ടിച്ച ഉപകരണമേതെന്നു ചിന്തിക്കുമ്പോള്‍ ഒരേ ഒരു രൂപമേ മനസിലെത്തൂ, ഒരു മേശപ്പുറ കംപ്യൂട്ടറിന്റെത്‌ മാത്രം. വിശ്വവിജ്‌ഞാന ലോകത്തേക്കുള്ള പ്രവേശനകവാടമാണ്‌ ഇന്റര്‍നെറ്റിന്റെ ഭാഗമായ ഒരോ കംപ്യൂട്ടറും. ദൈനംദിന ജീവിതത്തിലെ താരതമ്യേന അപ്രധാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്പറ്റിയുള്ള അറിവ്‌ അത്യാവശ്യമാവുകയാണ്‌.

സാമ്പത്തികരംഗത്ത്‌ ധനികനും ദരിദ്രനും എന്ന വ്യത്യാസം ഉള്ളതു പോലെ, കംപ്യൂട്ടര്‍ വിജ്ഞാനരംഗത്തും ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവ്‌ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്‌. 'ഡിജിറ്റല്‍ ഡിവൈഡ'്‌ ഉണ്ടാകുന്നതിനെതിരെ അതിശക്തമായ പ്രവര്‍ത്തനങ്ങളാണ്‌ കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നത്‌. നിലവിലുള്ള സ്ഥാപനങ്ങളേയും അവ നടത്തുന്ന കോഴ്‌സുകളേയും ആശ്രയിച്ചു കൊണ്ടുമാത്രം ഒരു ജനതയെ യാകെ ഡിജിറ്റല്‍ ലോകത്തെത്തിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഈ രംഗത്ത്‌ നല്‍കുന്ന സേവനങ്ങള്‍ ലക്ഷ്യബോധത്തോടെയാണ്‌. ഈ സദുദ്യമത്തെ സഹായിക്കാന്‍ പ്രസാധകരും ഗ്രന്ഥകാരന്മാരും നടത്തുന്നസേവനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ലളിതമായ അവതരണ ശൈലി കൊണ്ട്‌ ശ്രദ്ധേയമാണ്‌ ഈ പുസ്‌തകം.കംപ്യൂട്ടര്‍ ശാസ്‌ത്രത്തിന്റെ ആദ്യ പാഠങ്ങളെ സ്‌പര്‍ശിച്ചുകൊണ്ട്‌ ഒരു ഉപയോക്താവിന്റെ തലത്തിലൂടെ കംപ്യൂട്ടറിനെ വീക്ഷിക്കുന്ന ശൈലിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌, സാന്ദര്‍ഭികമായി ചരിത്രത്തിലേക്ക്‌ ഒളിഞ്ഞുനോട്ടം നടത്തുന്നതും വായന രസകരമാക്കുന്നു. സങ്കീര്‍ണ്ണമായ പ്രതിപാദ്യവിഷയം ഏറെലളിതവത്‌കരിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വഭാവികമായുണ്ടാകാവുന്ന ആശയക്കുഴപ്പം കംപ്യൂട്ടര്‍ ശാസ്‌ത്രഞ്‌ജന്മാര്‍ സൂചിപ്പിച്ചേക്കാമെങ്കിലും പൊതുവെ കുറ്റമറ്റ പ്രതിപാദന രീതിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌.

കംപ്യൂട്ടര്‍ രംഗത്തെ നവാഗതര്‍ക്കു വേണ്ടിയുളള ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഒരു പ്രധാന സ്ഥാനം പ്രതിപാദനരീതിയും വിഷയവൈവിധ്യവും മൂലം ഈപുസ്‌തകത്തിന്‌ ലഭിക്കും.

കേരളത്തെ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ സംസ്ഥാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ പങ്കാളികളാകുന്ന ഡി.സി.ബുക്‌സിനും ശ്രീ.വി.കെ.ആദര്‍ശിനും അഭിനന്ദനങ്ങള്‍ നേരുന്നു.

ഡോ. വി.അജയകുമാര്‍
ഡയറക്‌ടര്‍
‍കംപ്യൂട്ടര്‍ കേന്ദ്രം
കേരള സര്‍വകലാശാല

1 comment:

v k adarsh said...

its based on my book. do mail me ur comments.