Thursday, June 21, 2007

ഇ - വോട്ടിംഗ്‌

തിരഞ്ഞെടുപ്പിന്റെ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തിയാല്‍ ആദ്യം മനസ്സിലേക്കെത്തുന്നത്‌ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനാണ്‌ (ഇ.വി.എം). ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‌ വഴി വോട്ടെണ്ണല്‍ ത്വരിതഗതിയിലായി, അസാധു അപ്രത്യക്ഷവും. അച്ചടി ബാലറ്റ്‌ എണ്ണിതിട്ടപ്പെടുത്തി ഒരു പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ ഫലം പ്രഖ്യാപിക്കുവാന്‍ 20 മുതല്‍ 40 മണിക്കൂര്‍ വരെ എടുത്തിരുന്നു. എന്നാല്‍ ഇ.വി.എം എത്തിയതോടെ കൗണ്ടിംഗ്‌ തുടങ്ങി 3 - 4 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ വരെ സാധിക്കുന്നു. ഇനി റീകൗണ്ടിംഗ്‌ വേണമെങ്കില്‍ തന്നെയും 1 മണിക്കൂര്‍ മതിയാകും. ഇതുകൊണ്ടുള്ള പ്രധാനനേട്ടം പരിസ്ഥിതിക്ക്‌ തന്നെയാണ്‌, ടണ്‍ കണക്കിന്‌ കടലാസാണ്‌ ലാഭിക്കാന്‍ സാധിക്കുന്നത്‌. ഇതോടൊപ്പം വോട്ടെണ്ണലിന്‌ വേണ്ടിവരുന്ന പണച്ചിലവും മനുഷ്യാധ്വാനവും വളരെക്കണ്ട്‌ കുറയുവാന്‍ സാധിക്കുന്നു. എന്നാല്‍ ഇ.വി.എം ന്‌ ചില പോരായ്‌മകളുണ്ട്‌. 2004 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്റെ പിറ്റേദവസം മുംബൈയില്‍ നിന്ന്‌ പുറത്തിറങ്ങിയ വളരെ പ്രചാരമുളള ഒരു ഇംഗ്ലീഷ്‌ ദിനപത്രം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്‌ ഹാനീകരമായ വിവരങ്ങളാണ്‌ പുറത്ത്‌ വിട്ടത്‌. മഹാരാഷ്‌ട്രയിലെ മുംബൈ നോര്‍ത്ത്‌ മണ്‌ഡലത്തില്‍ കാനിവാലി പ്രദേശത്ത്‌ ഗോവിന്ദയ്‌ക്ക്‌ കൂടുതല്‍ പേര്‍ വോട്ടുനല്‌കിയെന്നും എന്നാല്‍ ബോഗീവാലിയില്‍ എതിരാളി രാംനായ്‌ക്ക്‌നെ കൂടുതല്‍പ്പേര്‍ തുണച്ചുവെന്നും പത്രം വെളിപ്പെടുത്തിയത്‌ പ്രദേശം തിരിച്ചുളള കൃത്യമായ കണക്കിന്റെ പിന്‍ബലത്തോടെയായിരുന്നു. പേപ്പര്‍ ബാലറ്റാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ വിവിധ ബൂത്തുകളുടെ ബാലറ്റുകള്‍ കൂട്ടികലര്‍ത്തി പ്രാദേശികമായ കണക്കെടുപ്പുകളെ ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇ.വി.എം. ഇത്തരത്തില്‍ വോട്ട്‌ കൂട്ടി കലര്‍ത്താന്‍ അനുവദിക്കുന്നില്ല. എന്താണ്‌ ഇതിന്‌ പരിഹാരം? അതോടൊപ്പം കൂടുതല്‍ മേന്മയോടെ എന്തെല്ലാം പരിഷ്‌ക്കാരം വരുത്തുവാന്‍ വിവരസാങ്കേതിക വിദ്യക്കാകും എന്ന്‌ പരിശോധിക്കുകയാണിവിടെ. സാങ്കേതികപരമായി ഏറെ മുന്നേറിയ അമേരിക്കയില്‍ ഇപ്പോഴും പേപ്പര്‍ ബാലറ്റാണ്‌ ഉപയോഗിക്കുന്നതെങ്കിലും അടുത്തകാലത്ത്‌ ബ്രസീലില്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ നടത്തിയ തിരഞ്ഞെടുപ്പിന്റെ വിജയം ഗൗരവമായി പഠിക്കുകയാണ്‌ അമേരിക്കന്‍ ഭരണകൂടം.മുന്‍പ്‌ വിവരിച്ച തരത്തില്‍ ബൂത്ത്‌ തലത്തില്‍ വരെയുളള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നത്‌ ഓരോ ഇ.വി.എം. ലെയും വോട്ട്‌ പ്രത്യേകമായി ശേഖരിച്ച്‌ കൂട്ടിയെടുക്കുന്നത്‌ മൂലമാണ്‌. ഒരു സെന്‍ട്രല്‍ കണ്‍ട്രോളിംഗ്‌ യൂണിയറ്റുമായി വോട്ടെണ്ണുന്ന വേളയില്‍ ഇ.വി.എം നെ ബന്ധിപ്പിച്ചാല്‍ ഇപ്പോഴുള്ള പ്രശ്‌നം പൂര്‍ണമായും ഒഴിവാകും. മാത്രമല്ല ഇപ്പോള്‍ 3-4 മണിക്കൂര്‍ വരെയെടുക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയ ഏതാണ്ട്‌ ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യും. ബൂത്ത്‌ തിരിച്ചുളള ഫലം ലഭ്യമാകില്ല. പേപ്പര്‍ ടാബുലേഷന്‍ കുറയുമെന്നതിനൊപ്പം അപ്പോള്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ്‌ വഴി ഫലം നല്‍കി മാധ്യമപ്രവര്‍ത്തകരുടെ അലച്ചിലും ഒഴിവാക്കാന്‍ സാധിക്കും. മേല്‍ വിവരിച്ചത്‌ നിലവിലുളള ഇ.വി.എം ന്റെ പോരായ്‌മ പരിഹരിക്കാനുതകുമെങ്കില്‍ അടുത്ത സാധ്യത ഒരു സമ്പൂര്‍ണമായ മാറ്റം തന്നെ സൃഷ്‌ടിക്കും.ഈ സംവിധാനത്തെ ഓണ്‍ലൈന്‍ വോട്ടിംഗ്‌ എന്നു വിളിക്കാം. ജനാധിപത്യപ്രക്രിയയില്‍ പോളിംഗ്‌ ശതമാനം കുറയുന്ന പ്രവണതയാണ്‌ ലോകമൊട്ടാകെയുളള കണക്കുകള്‍ ചൂണ്ടി കാട്ടുന്നത്‌. ഇതിന്‌ പല കാരണങ്ങളുണ്ടാകാം. ആഗോളവല്‍കൃതമായി കഴിഞ്ഞ കേരളം പോലെയുളള സമൂഹത്തില്‍ നിന്നും എത്ര ലക്ഷം പേര്‍ ഗള്‍ഫ്‌ നാടുകളില്‍ പണിയെടുക്കുന്നുണ്ട്‌. അതിലും എത്രയോ കൂടുതല്‍ ആളുകള്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്‌. ജനാധിപത്യം എല്ലാജനങ്ങളുടെയും ക്രിയാത്മകമായ പ്രവര്‍ത്തനമായതിനാല്‍ ഇവര്‍ വോട്ട്‌ ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പേപ്പര്‍ ബാലറ്റിന്‌ പരിമിതികളുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ക്ക്‌ ഇതുവരെയും സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതും. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിന്റെ പ്രയോജനം നോക്കുക. പരസ്‌പരം ബന്ധിപ്പിച്ച വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ വിപ്ലവം തന്നെ സൃഷ്‌ടിക്കാനാകും. ഇതിനായി വോട്ടേഴ്‌സ്‌ ഐ.ഡി. കാര്‍ഡിലെ നമ്പരോ, പ്രത്യേകമായി നല്‍കപ്പെട്ട ബാര്‍കോഡോ ഉപയോഗപ്പെടുത്താവുന്നതാണ്‌. എല്ലാവര്‍ക്കും ഇത്തരത്തിലെ കാര്‍ഡ്‌ നല്‍കി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ ആദ്യകടമ്പ കഴിഞ്ഞുവെന്ന്‌ പറയാം. എ.ടി.എം. കൗണ്ടര്‍ പോലെ പരസ്‌പരം ബന്ധിപ്പിച്ച സംവിധാനമായതിനാല്‍ പുതിയ സാധ്യതകള്‍ അനവധിയാണ്‌. ഏത്‌ വോട്ടര്‍മാര്‍ക്കും ഏത്‌ ബൂത്ത്‌ വഴിയും പോളിംഗ്‌ സമയത്തിനുളളില്‍ വോട്ട്‌ രേഖപ്പെടുത്താം. രണ്ട്‌ ഭാഗങ്ങളുളള വോട്ടിംഗ്‌ മെഷീന്റെ മാസ്റ്റര്‍ യൂണിറ്റില്‍ പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ ലഭ്യമാകും. ശരിയാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ബാലറ്റ്‌ യൂണിറ്റിലേക്ക്‌ വോട്ടറെ അയയ്‌ക്കാം. അപ്പോള്‍ ബാലറ്റ്‌ യൂണിറ്റില്‍ വോട്ടറുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പേര്‌, ചിഹ്നം, ഫോട്ടോ എന്നിവ തെളിയും. എന്തിന്‌ വേണമെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ ചെറുവിവരണം വരെ ലഭ്യമാക്കാം. ടച്ച്‌ സ്‌ക്രീന്‍ വഴി അമര്‍ത്തുമ്പോഴേക്കും വോട്ട്‌ ചെയ്‌ത സ്ഥാനാര്‍ത്ഥിയുടെ വിവരം സ്‌ക്രീനില്‍ തെളിയും. ഇത്‌ ശരിയാണെങ്കില്‍ വോട്ടര്‍ക്ക്‌ അന്തിമമായി വോട്ട്‌ രേഖപ്പെടുത്തി തിരിച്ചുപോകാം. തിരുവനന്തപുരത്തുളള വോട്ടര്‍ക്ക്‌ മലപ്പുറത്തോ കാസര്‍കോട്ടോ ഉളള ബൂത്ത്‌ വഴി തന്റെ മണ്ഡലത്തിലെ വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നത്‌ ചില്ലറകാര്യമല്ലല്ലോ? ഒരു വോട്ടര്‍ക്ക്‌ ഒരു പ്രാവശ്യം മാത്രമേ വോട്ട്‌ രേഖപ്പെടുത്താന്‍ അനുവദിക്കുകയുളളൂ. അതോടൊപ്പം മെഷീനില്‍ പിടിപ്പിച്ചിട്ടുളള ക്യാമറ വഴി വോട്ട്‌ ചെയ്യുമ്പോഴുളള ഫോട്ടോ കംപ്യൂട്ടര്‍ സൂക്ഷിക്കുകയും ചെയ്യും. ഭാവിയില്‍ തര്‍ക്കം ഉണ്ടാകുന്ന പക്ഷം സെര്‍വറില്‍ നിന്ന്‌ വോട്ടും, വോട്ടറുടെ ഫോട്ടോയും ഒക്കെ കോടതിക്ക്‌ പരിശോധനക്ക്‌ വിധേയമാക്കാം. ഇനി പുറം രാജ്യങ്ങളിലെ വോട്ടര്‍മാര്‍ക്ക്‌ അതാത്‌ എംബസികളില്‍ സജ്ജീകരിച്ചിട്ടുളള ഇത്തരം ഓണ്‍ലൈന്‍ വോട്ടിംഗ്‌ മെഷീന്‍ പ്രയോജനപ്പെടുത്താം. ഡെല്‍ഹിയിലോ, കൊല്‍ക്കത്തയിലോ ഉളള വോട്ടര്‍ക്കും ഇങ്ങനെ വോട്ട്‌ ചെയ്യാം. ഐ.ടി. കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ വോട്ട്‌ ചെയ്യാറില്ലന്നത്‌ അടുത്ത കാലത്ത്‌ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. ബാംഗ്ലൂരില്‍ മാത്രം ഏകദേശം 5 ലക്ഷത്തോളം അന്യസംസ്ഥാനത്തെ പ്രൊഫഷണലുകള്‍ ജോലിയെടുക്കുന്നുണ്ട്‌. ഇത്തരത്തിലുളള സംവിധാനം വഴി വോട്ട്‌ രേഖപ്പെടുത്താമെങ്കില്‍ അവരത്‌ പ്രയോജനപ്പെടുത്തുകയും ജോലി തടസ്സമില്ലാതെ നടക്കുകയും ചെയ്യും. ഇത്‌ മാത്രമല്ല ഓണ്‍ ലൈന്‍ വോട്ടിന്റെ നേട്ടം. കേന്ദ്രീകൃതസര്‍വറുമായി ഘടിപ്പിച്ചിട്ടുളളതിനാല്‍ പോളിംഗ്‌ തീരുന്ന അഞ്ച്‌ മണി കഴിഞ്ഞ്‌ അരമണിക്കൂറിനുള്ളില്‍ തന്നെ രാജ്യത്തെ മുഴുവന്‍ ഫലവും അറിയാനും സാധിക്കും. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ നേട്ടം വ്യക്തിയുടെ സ്വകാര്യത(Privacy) കുറയുകയും സമൂഹത്തിന്റെ സുതാര്യത(Transparancy) കൂടുകയും ചെയ്യുമെന്നതാണ്‌. എന്നായാലും ജനാധിപത്യത്തിന്‌ സുതാര്യത അത്യന്താപേക്ഷിതമാണല്ലോ? ഭാവിയില്‍ ഇന്റര്‍നെറ്റ്‌ വഴി വോട്ട്‌ രേഖപ്പെടുത്താനുളള സൗകര്യവും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇനി കംപ്യൂട്ടര്‍ ഇല്ലാത്ത വര്‍ക്ക്‌ ടെലഫോണിലെ ശബ്‌ദാനുവര്‍ത്തി (IVRS) സംവിധാനം വഴി വോട്ട്‌ ചെയ്യാനും ആകും. നൂറു കൊല്ലം മുമ്പ്‌ ഇന്റര്‍നെറ്റിന്റെ സങ്കല്‌പം ആരെങ്കിലും പറഞ്ഞെങ്കില്‍ അന്നത്തെ ശാസ്‌ത്രഞ്‌ജന്‍മാര്‍ പോലും പുച്ഛിച്ചുതളളുമായിരുന്നു. എന്തിന്‌ 1984 ല്‍ വില്യം ഗിബ്‌സണ്‍ എന്ന ശാസ്‌ത്രകഥാകാരന്‍ സൈബര്‍ സ്‌പെയ്‌സിനെ പറ്റി പറഞ്ഞപ്പോള്‍ വായനക്കാര്‍ക്കും നിരൂപകര്‍ക്കും അചിന്ത്യമായിരുന്നു. ഗിബ്‌സനെ നിര്‍ദയം ആക്ഷേപിക്കുകയും ചെയ്‌തു. സാങ്കേതിക വിദ്യയില്‍ ഇന്നത്തെ സങ്കല്‍പ്പം നാളത്തെ യാഥാര്‍ത്ഥ്യമാകും.18-#ം നൂറ്റാണ്ടില്‍ ജൂള്‍ വേര്‍ണ്‍ 'എ വോയേങ്‌ ടു മൂണ്‍' എന്ന തന്റെ നോവലില്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്‌ ഭാവനയില്‍ കണ്ടപ്പോള്‍ ബാലിശമെന്നായിരുന്നു സമകാലിക വിമര്‍ശം. എന്നാല്‍ കൃത്യം നൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ സുരക്ഷിതനായി ചന്ദ്രനിലെത്തി. ഓണ്‍ ലൈന്‍ വോട്ടിംഗ്‌ അത്രക്ക്‌ അല്‍ഭുതം ജനിപ്പിക്കില്ലെങ്കിലും, എങ്ങനെ നടക്കും എന്ന്‌ ആശ്ചര്യപ്പെടാത്തവരുണ്ടാകില്ല. ഫിംഗര്‍ പ്രിന്റ്‌, റെറ്റിന ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ ബയോസാധ്യതകളും ഈ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുവാനായാല്‍ വോട്ടര്‍മാരെ തിരിച്ചറിയാനുളള സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. എ.ടി.എം കൗണ്ടര്‍ പോലുളള പോളിംഗ്‌ സ്റ്റേഷനുകള്‍ സമീപഭാവിയില്‍ തന്നെ നമുക്കിടയിലേക്കെത്തുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്നുപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ കേരളത്തിലെ പറവൂരിലാണ്‌ ആദ്യമായി വിജയകരമായ പരീക്ഷണം നടത്തിയത്‌. ഇന്ത്യയില്‍ ഏറ്റവും കൂടിതല്‍ ഇ-സാക്ഷരതയുമുളള കേരളം ഓണ്‍ ലൈന്‍ വോട്ടിംഗിലും ഒരു മാതൃക സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

1 comment:

v k adarsh said...

e-voting