Sunday, June 03, 2007

ഇനി വായന ഇ-വായന


ഉപയോഗിച്ച്‌ പുസ്‌തകത്തിന്റെ ഉളളടക്കത്തെ സോഫ്‌ട്‌ കോപ്പിയായി സൂക്ഷിച്ച്‌, ഇഷ്‌ടാനുസരണം വായനക്കാരന്‌ ലഭ്യമാക്കുന്ന സങ്കേതമാണ്‌ ഇപുസ്‌തകം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സാധാരണ പുസ്‌തകത്തിന്റെ ഒട്ടേറെ പരിമിതികള്‍ ഇ-പുസ്‌തകത്തില്‍ ഇല്ലാതാവുകയാണ്‌. പേപ്പറില്‍ പ്രത്യേകരീതിയില്‍ പ്രസാധകന്റെ അഭിരുചിക്കനുസരിച്ച്‌ അച്ചടിച്ച്‌ ലഭ്യമാകുന്ന രീതിയാണല്ലോ പുസ്‌തക വിപണിയില്‍ അനുവര്‍ത്തിച്ച്‌ വരുന്നത്‌. ഇലക്‌ട്രോണിക്‌ വായനയില്‍ പ്രസാധകന്റെ അഭിരുചിയെന്നത്‌ പൂര്‍ണമായും ഒഴിവാകുന്നു പകരം വായനക്കാരന്‍ ആ ഭാഗം ഏറ്റെടുക്കുന്നു. സോഫ്‌ട്‌ കോപ്പിയായി ലഭ്യമായതിനാല്‍ വായനക്കാരനിഷ്‌ടമുളള നിറത്തില്‍, വലിപ്പത്തില്‍, ഫോണ്ടുകള്‍ നിരത്താം. പശ്ചാത്തലത്തില്‍ ചിത്രങ്ങളോ, ഗ്രാഫുകളോ ഉപയോഗിക്കാം. അടയാളപ്പെടുത്തലുകള്‍ ആവശ്യാനുസരണം നടത്താം. ഇവിടെ വായനക്കാരന്‍ വിപണിയിലെ രാജാവാകുന്നു. മാത്രമല്ല, പുസ്‌തകം പലപ്പോഴും എഡിഷനുകള്‍ മാറ്റുമ്പോഴായിരിക്കും അക്ഷരതെറ്റുകള്‍ ഒഴിവാക്കപ്പെടുന്നതും, കാലികമായ കൂട്ടിച്ചേര്‍ക്കലുകളും ഇളക്കിയെടുക്കലും നടത്തുന്നതും, കാരണം ഇത്‌ പണച്ചെലവുളള ഏര്‍പ്പാട്‌ തന്നെ എന്നതാണ്‌. എന്നാല്‍ ഡിജിറ്റല്‍ രൂപത്തില്‍ കാര്യമായ അധിക ചിലവില്ലാതെ അപ്‌ഡേറ്റായ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കാം.മാത്രമല്ല, ചിലവ്‌ വളരെ കുറവാണ്‌. പ്രായമേറിയവര്‍ക്ക്‌ വലിയ ഫോണ്ടില്‍ കാണുന്നതിന്‌ ഇ-വായന സൗകര്യപ്രദമാണ്‌. പ്രാദേശികമായ എഡിഷനുകള്‍ ഒരു ഭാഷയ്‌ക്കുള്ളില്‍ നിന്നു പോലും ലഭ്യമാക്കാം. വടക്കന്‍ കേരളത്തില്‍ ഒരു ശൈലി തെക്കന്‍ കേരളത്തില്‍ മറ്റൊരു ശൈലി. ഇങ്ങനെ പുസ്‌തകം തീര്‍ത്ത വേലിക്കേട്ടുകളെ തകര്‍ത്തെറിയാന്‍ ഇ-പുസ്‌തകത്തിനാകും.


ഒ.വി. വിജയന്റെ പുസ്‌തകം ഒരു എഡിഷന്‍ കോപ്പി 2000 കവര്‍ പേജുമായി ഇറങ്ങിയത്‌ പുസ്‌തക ലോകത്തെ അത്ഭുതമായിരുന്നു. എന്നാല്‍ ഇത്തരം 'അത്ഭുതങ്ങള്‍' ക്കൊന്നും ഇ-പുസ്‌തകത്തില്‍ സ്ഥാനമില്ല. ഇപ്പോഴത്തെ ബുക്കിനെ അതേപടി ഒരു പിഡിഎഫ്‌ ഫയലാക്കി സിഡിയിലോ ഇന്റര്‍ നെറ്റിലോ ലഭ്യമാക്കിയാല്‍ ഇ-വായന എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്ന പൂര്‍ണമായ അര്‍ത്ഥം കിട്ടണമെന്നില്ല. മറിച്ച്‌ ഹൈപ്പര്‍ ലിങ്ക്‌ സങ്കേതം വഴി, ബന്ധപ്പെട്ട വിവരത്തിലേക്ക്‌ അല്ലെങ്കില്‍ ചിത്രം, വീഡിയോ, ആഡിയോ, എന്നിവയിലേക്കെത്താന്‍ സാധിക്കുമ്പോള്‍ ഇ-വായന അതിന്റെ ലഭ്യമായ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ പറയാം. നാനോ ടെക്‌നോളജിയിലെ അടിസ്ഥാന ഗ്രന്ഥമായ 1986 ല്‍ പ്രസിദ്ധീകരിച്ച എറിക്‌ ഡക്‌സലറുടെ 'എന്‍ജിന്‍സ്‌ ഓഫ്‌ ക്രിയേഷന്‍' ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്‌. www.foresight.org/eoc ഇവിടെ സാധാരണ പുസ്‌തകത്തിനെ അതേപടി ഒരു പിഡിഎഫ്‌ ഫയലാക്കി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്നു.സാധാരണ പുസ്‌തകം നേര്‍ വായന (ലീനിയര്‍) ആണ്‌ സാധ്യമാക്കുന്നതെന്ന്‌ പറയാം. ഉദാഹരണത്തിന്‌ കൂടുതല്‍ വ്യക്തമാക്കേണ്ട അഥവാ സൂചിക ഉള്ള വാക്കുകള്‍ക്കോ, വാചകങ്ങള്‍ക്കോ മേല്‍ അക്ഷരമോ ചിഹ്നമോ നല്‍കുകയും. വായനക്കാരന്‍ ആ സൂചിക ഉപയോഗപ്പെടുത്തി അതേ പേജിന്റെ താഴത്തെ വരിയിലോ ഗ്രന്ഥത്തിന്റെ അവസാന പേജുകളിലോ എത്തി കൂടുതല്‍ വിവരം ഗ്രഹിച്ചെടുക്കുന്ന രീതി. എന്നാല്‍ ഇ-വായനയില്‍ ഹൈപ്പര്‍ ലിങ്കുകള്‍ ലീനിയര്‍ വായനയെ പൊളിച്ചെഴുതുകയാണ്‌. കൂടുതല്‍ വിശദീകരണം ആവശ്യമുളള വാക്കില്‍, വാചകത്തില്‍ ഒരു മൗസ്‌ ക്ലിക്ക്‌കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഗ്രഹിച്ചെടുക്കുന്ന രീതി. അതുകൊണ്ട്‌ തന്നെ ടൈറ്റാനിക്ക്‌ കപ്പലിനെക്കുറിച്ചുളള ലേഖനം വായിക്കുമ്പോള്‍ കൂടുതല്‍ വിവരം അറിയണമെങ്കില്‍ ഹൈപ്പര്‍ ലിങ്കു വഴി ടൈറ്റാനിക്ക്‌ എന്ന വന്‍കപ്പലിന്റെ ചിത്രത്തിലേക്കോ അല്ലെങ്കില്‍ സമുദ്രാന്തര്‍ ഭാഗത്ത്‌ ഗവേഷകര്‍ കണ്ടെത്തിയ പോളിഞ്ഞ കപ്പല്‍ ഭാഗത്തേക്കോ എത്താം. ചില അവസരങ്ങളില്‍ വീഡിയോ, ആഡിയോ, അനിമേഷന്‍(ഉദാ:ശാസ്‌ത്രപരീക്ഷണങ്ങള്‍) എന്നിവയും ലഭ്യമാക്കാം. ഇത്തരം വായന ഏകാഗ്രതയെ തകര്‍ക്കും എന്ന വാദഗതി നിലവിലുണ്ടെങ്കിലും വായന എന്നത്‌ വിവരം ഗ്രഹിക്കുവാനുളള ഉപാധിയാണെങ്കില്‍ കൂടുതല്‍ ആഴത്തില്‍ വിവരം അറിയുന്നതിലെന്താണ്‌ തെറ്റ്‌. ഇന്ററാക്‌ടിവിറ്റിയാണ്‌ സമകാലീന മാധ്യമ സവിശേഷത. ആസ്വാദകന്റെ അഭിരുചിക്കനുസരിച്ച്‌ ഇടപെടാന്‍ സാധിക്കുന്നു എന്ന്‌ പറയാം. സാങ്കേതികവിദ്യയുടെ ഉപയോഗം തന്നെ ഒരു മാധ്യമത്തെ അതേപടി മറ്റോരി മാധ്യമത്തിലേക്ക്‌ പകര്‍ത്തി മാറ്റലല്ല, മറിച്ച്‌ പുതിയ മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉള്‍ക്കോള്ളുകയാണ്‌. Application of technology is to transform the existing system not to translate the existing system. പുസ്‌തകവായനയുടെ പരിമിതിയെ ഇ-വായന മറിക്കുന്നുണ്ടെന്ന്‌ പറയാം ഉദാഹരണത്തിന്‍ ബീഥോവന്റെ സിംഫണിയെക്കുറിച്ച്‌ എത്ര വായിച്ചാലും അത്‌ കേള്‍ക്കുന്നത്‌ പോലെയാകില്ലല്ലോ. അതുപോലെ തന്നെ എത്ര കേട്ടാലും ബീഥോവന്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തെ കുറിച്ചോ, ശാരീരിക വൈകല്യങ്ങളെ സമര്‍ഥമായി അതിജീവിച്ചതോ, ബീഥോവന്റെ സിംഫണിയെക്കുറിച്ചുളള വിവരണമോ നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ലല്ലോ? ഇത്‌ രണ്ടും രണ്ടുതരം സാങ്കേതിക വിദ്യയുടെ പരിമിതിയാണ്‌. എന്നാല്‍ ഇവയുടെ സമജ്ഞസമായ കൂടിചേരലാണ്‌ ഇ-വായന പ്രധാനം ചെയ്യുന്നത്‌. മൂന്ന്‌ സാധ്യതകളും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച്‌ ഉപയോഗിക്കാം: വായന, ബീഥോവന്റെ സിംഫണിയുടെ ശബ്‌ദാസ്വാദനം, അഥവാ ഇവ രണ്ടും.വായനയെ പ്രധാനമായും രണ്ടായിതിരിക്കാം ഗൗരവമായവായനയും അല്ലാത്തവയും. പത്രവായനയും മാസികവായനയും അത്രയ്‌ക്ക്‌ ബൗദ്ധികമായ അധ്വാനം ആവശ്യപ്പെടുന്നില്ല. വെറുമൊരു നേരം പോക്ക്‌ പോലെ മറ്റ്‌ പല പരിപാടികള്‍ക്കൊപ്പമാണ്‌ നാം ഇത്തരം വായന വായന നടത്തുന്നത്‌. കൂടുതലും വിവരശേഖരണത്തിനാണ്‌ ഈ രീതി ഉപയുക്തമാകുന്നത്‌. എന്നാല്‍ ഗൗരവമായ വായന: വായിക്കുന്ന അന്തരീക്ഷം, മാധ്യമം, തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പത്രം വായിക്കുന്നത്‌ പോലെയല്ലല്ലോ നാം പരിഗണിക്കുക. ഇലക്‌ട്രോണിക്‌ വായനയുടെ കാര്യത്തില്‍ ഗൗരവമായ വായനയെ രണ്ടായി തിരിക്കാം. വൈജ്‌ഞാനിക ശാഖയിലെ വായനയും സര്‍ഗ്ഗസാഹിത്യ വായനയും സര്‍ഗ്ഗസാഹിത്യ വായനയ്‌ക്ക്‌ ഇതുവരെ ഇ-പുസ്‌തകങ്ങള്‍ കാര്യമായ വെല്ലുവിളിയായിട്ടില്ല. എന്നാല്‍ വൈജ്ഞാനിക ശാഖയില്‍ ഈ വായന അപരിമിതമായ അവസരങ്ങളാണ്‌ തുറന്നിടുന്നത്‌. വൈജ്ഞാനികമായ വായനയ്‌ക്ക്‌ വസ്‌തുനിഷ്‌ടമായ സമീപനം ആവശ്യം. പലപ്പോഴും ശാസ്‌ത്രതത്വങ്ങളും, വിവരാപഗ്രഥനവും, സ്ഥിതി വിവരക്കണക്കുകളും അഭിവാജ്യഘടകവുമാണ്‌. ഇവിടെയാണ്‌ ഇ-വായനയുടെ പ്രസക്തി. സാധാരണ വിവര സ്രോതസായി ഇയര്‍ ബുക്കിനെ നാം ആശ്രയിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ എത്രമാത്രം അപ്‌ഡേറ്റാണ്‌. ഇന്ത്യയിലെ ടെലഫോണ്‍ സാന്ദ്രതയ്‌ക്ക്‌ ഇയര്‍ ബുക്ക്‌ നല്‍കുന്ന ഉത്തരം മിക്കവാറും തൊട്ട്‌ മുന്‍പവസാനിച്ച ഡിസംബറിലെ സ്ഥിതി വിവരക്കണക്കായിരിക്കും. ഓരോ മാസവും ലക്ഷക്കണക്കിന്‌ ടെലഫോണ്‍ കണക്ഷന്‍ പുതുതായി കൂട്ടി ചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ ഇയര്‍ ബുക്കുകളെ എത്ര മാത്രം ആശ്രയിക്കാനാകും. ഇ-ബുക്കുകളുടെ അടുത്ത പ്രത്യേകത ഇതിന്റെ സര്‍ച്ച്‌ സവിശേഷതയാണ്‌. സര്‍ച്ച്‌ ബോക്‌സില്‍ ആവശ്യമുളള വാക്കോ വാചകമോ ടൈപ്പ്‌ ചെയ്‌താല്‍ ലേഖനത്തില്‍ എവിടെയൊക്കെ സര്‍ച്ച്‌ വാക്ക്‌ ആവര്‍ത്തിക്കപ്പെടുന്നു വെന്ന്‌ എളുപ്പത്തില്‍ അറിയുവാനും അവിടേക്ക്‌ എത്താനും സാധിക്കും. സര്‍ച്ച്‌ ഏന്‍ജിനേയേയും ഇത്തരം സര്‍ച്ചിനേയും വായനയില്‍ രണ്ട്‌ വീക്ഷണ കോണുകളില്‍ നിന്ന്‌ കാണേണ്ടതുണ്ട്‌. ഒരു ലേഖനത്തില്‍ / ബുക്കിനുളളിലെ സര്‍ച്ച്‌ ക്ലിപ്‌തമായ വിവരം ലഭ്യമാക്കുമ്പോള്‍, സര്‍ച്ച്‌ എന്‍ജിനിലെ ഇതേ വാചകം ഉപയോഗിച്ചുളള പ്രയോഗം ഹൈപ്പര്‍ലിങ്കുകളുടെ ഒരു പെരുക്കമായിരിക്കും നിരത്തുക. ഈ ഇന്‍ഫര്‍മേഷന്‍ ഓവര്‍ ലോഡ്‌ പലപ്പോഴും ശരിയായ വിവരം കിട്ടാന്‍ ഉപകരിക്കണമെന്നില്ല. നിമിഷാര്‍ധത്തില്‍ ദശലക്ഷക്കണക്കിന്‌ വിവരസുചികകള്‍ ഡസ്‌ക്‌ ടോപ്പിലേക്കെത്തുമ്പോള്‍ വിവരപ്പെരുക്കത്തിന്റെ തലവേദന ശരിക്കും ബോധ്യമാകും.ഒരു വായനശാലയിലെ പുസ്‌തകശേഖരത്തിന്‌ ഗ്രന്ഥശാലയുടെ ധനശേഷിയുടേയും, ലഭ്യമായ പുസ്‌തകങ്ങളുടേയും അടിസ്ഥാനത്തില്‍ ഒട്ടേറെ പരിമിതികളുണ്ട്‌. എന്നാല്‍ പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗ്‌ (http://www.gutenberg.org/) പോലുളള ഓപ്പണ്‍ ഗ്രന്ഥശാലകളില്‍ ദിനം പ്രതി നൂറുകണക്കിന്‌ ഗ്രന്ഥങ്ങളില്‍ വിവിധ ഭാഷകളിലായി കൂട്ടി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. പകര്‍പ്പവകാശം കഴിഞ്ഞ മലയാളം പുസ്‌തകങ്ങളുടെ ഒരു ശേഖരം ഇന്റര്‍നെറ്റില്‍ ഈയിടെ 'പഞ്ചതന്ത്ര' എന്ന പേരില്‍ (http://panchathantra.org) ആരംഭിക്കുകയുണ്ടായി. കൂടാതെ സ്‌പെഷലിസ്റ്റ്‌ സേവനങ്ങളുമായി വേബ്‌സൈറ്റുകള്‍ ലഭ്യമാണ്‌ കൂടുതലും മറ്റ്‌ ഭാഷകള്‍ പഠിക്കാനും ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌ത പുസ്‌തകങ്ങളും ഒക്കെയാണ്‌ സ്‌പെഷ്യലിസ്റ്റ്‌ സൈറ്റുകളുടെ വിഭവം. ഇത്തരത്തില്‍ മികച്ച ഒരു സൈറ്റാണ്‌ വഴി. ഓര്‍ഗ്‌ (http://vazhi.org) അറബിഭാഷ മലയാളത്തിലേക്ക്‌ പഠിക്കാമെന്നതിനോപ്പം ഖുറാന്‍ പഠനത്തിനും സംശയനിവാരണത്തിനും ഡൗണ്‍ ലോഡിംഗിനും ഇത്‌ സൗകര്യമൊരുക്കുന്നു. ചെറുതും വലുതുമായ ഒട്ടേറെ ഇ-വായന ശാലകള്‍ ഇന്റര്‍ നെറ്റില്‍ സജീവമാണ്‌. ഓണ്‍ ലൈന്‍ പുസ്‌തക കടകളും, ആമസോണില്‍(http://www.amazon.com)ചില പേജുകള്‍ മറിച്ചു നോക്കിയ ശേഷം വാങ്ങുവാനും ബുക്ക്‌ റിവ്യുവായിക്കാനും അവസരമൊരുക്കുന്നുണ്ട്‌.ഗൗരവതരമല്ലാത്ത വായനയിലാണല്ലോ നാം പത്രപാരായണത്തെ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ സമീപകാലത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌, പത്രങ്ങളിലില്ലാത്ത വിവരങ്ങള്‍ വെബ്‌ എക്‌സ്‌ക്ല്യൂസിവായി മിക്ക പത്രങ്ങളും ഇന്റര്‍ നെറ്റില്‍ ലഭ്യമാകുന്നുണ്ട്‌. പത്രം ഇന്റര്‍ നെറ്റിലെക്കെത്തുന്നതാണ്‌. നാം ഇതുവരെ കാണുന്നതെങ്കില്‍ തെഹല്‍ക്ക പോലുളള മാധ്യമങ്ങള്‍ ആദ്യം ഇന്റര്‍ നെറ്റിലെത്തിയശേഷം പിന്നീട്‌ അച്ചടിശൈലിയിലേക്ക്‌ ആഴ്‌ചപത്രമായി എത്തുകയായിരുന്നു. ക്രിക്കറ്റ്‌ വിവരങ്ങള്‍ ലഭ്യമാകുന്ന ക്രിക്‌ഇന്‍ഫോ.കോം ഇപ്പോള്‍ അച്ചടി രൂപത്തില്‍ എത്തിയിട്ടുണ്ട്‌.

4 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നാളെയുടെ വായന , ഇ-വായന !
ഇ-വായനയുടെ അനന്തസാദ്ധ്യതകള്‍ വിവരിക്കുന്ന അത്യന്തം വിജ്ഞാനപ്രദമായ ലേഖനം !! ഗൌരവതരമായ ബ്ലോഗ് വായനയ്ക്ക് ഈ പോസ്റ്റ് ഒരു മുതല്‍‌ക്കൂട്ട് തന്നെ ! വളരെ നന്നായിട്ടുണ്ട് ആദര്‍ശ്...
ഇനിയും എഴുതുക....
ബ്ലോഗ്ഗില്‍ സീരിയസ്സ് വിഷയങ്ങള്‍ തേടുന്നവര്‍ക്ക് ഒരു വഴികാട്ടിയാകട്ടെ !

Karuthedam said...

Good Work! These essays will be really helpful for the Malayali internet users.

I have a suggestion. It would be good if you can provide the external reference links also to help the readers interersted in knowing more about these subjects. This will enable him to know more without doing much googling and filtering and save lot of "man hours"!

ഷാജുദീന്‍ said...

ഇത് വളരെ ഉപകാരപ്രദമായി. ഇനിയും എഴുതുക.

vahab said...

ഒന്നാന്തരം ലേഖനം.....!
ആദര്‍ശ്‌ സാര്‍ വീണ്ടുമെഴുതൂ... വായനക്കാരുടെ പിന്തുണയുണ്ട്‌്‌.
ഇ-ബുക്കിന്‌ വിലയെത്രയാവും? കേരള വിപണിയില്‍ ലഭ്യമാണോ?