Saturday, June 30, 2007

സ്വതന്ത്ര സര്‍വവിജ്ഞാനകോശം വിക്കിപീഡിയ


സ്വതന്ത്ര സര്‍വവിജ്ഞാനകോശംവിക്കിപീഡിയയുടെ സ്വതന്ത്രസര്‍വവിജ്ഞാനകോശം ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകളില്‍ ഒന്നുമാത്രമാണ്‌. വികേന്ദ്രീകൃതമായ രീതിയില്‍ ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്താനും സാധിക്കുന്ന രീതിയില്‍ തികച്ചും `ഓപ്പണ്‍' ആണ്‌ വിക്കിപീഡിയയുടെ ഘടന (http://www.wikipedia.org/). 2001-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംരംഭത്തില്‍ 100 ഭാഷകളിലേറെയായി 40 ലക്ഷത്തോളം ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. മലയാളത്തിലും അനവധി ലേഖനങ്ങള്‍ ലഭ്യമാണ്‌ (http://www.ml.wikipedia.org/). ആര്‍ക്കും ലേഖനങ്ങള്‍ എഴുതാവുന്ന കൂട്ടായ ഈ വിജ്ഞാനകോശസംരംഭം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ അനുഗ്രഹമാണ്‌. മലയാളത്തില്‍ത്തന്നെ 3007 (ജൂലൈ 1, 2007-വരെ) ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി കഴിഞ്ഞു. പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍വരെ ലഭ്യമാണ്‌. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള വിക്കിയന്മാരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി നിര്‍വചിച്ചാല്‍

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ഉപകരണം (കമ്പ്യൂട്ടര്‍ ,മൊബൈല്‍ ഫൊണ്‍, പി. ഡി. എ....) ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം.


വിക്കിസോഴ്‌സ്‌ എന്ന വായനശാലയും ഉണ്ട്‌. പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ ആണ്‌ ഈ വായനശാലയില്‍ ലഭിക്കുക. 2006 മാര്‍ച്ച്‌ 29-ന്‌ ആണ്‌ മലയാളം വായനശാലയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. ആര്‍ക്കുവേണമെങ്കിലും പുസ്‌തകങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.ഇതോടൊപ്പം സൗജന്യപഠനം സഹായികള്‍, വഴികാട്ടികള്‍, വിക്കിവാര്‍ത്ത എന്ന സ്വതന്ത്രവാര്‍ത്താകേന്ദ്രം, വിക്കി മലയാളം പുസ്തകശാല, വിക്കിനിഘണ്ടു എന്ന ബഹുഭാഷാ നിഘണ്ടു, പഴഞ്ചൊല്ലുകളുടെ അര്‍ത്ഥമറിയാനുള്ള വിക്കിച്ചൊല്ലുകള്‍ എന്നിവയും ലഭ്യമാണ്‌.


മലയാളം വിക്കിപീഡിയ ശൈശവദശയിലാണെങ്കിലും ഇംഗ്ലീഷില്‍ ഏറെ പടര്‍ന്നു പന്തലിച്ചുകഴിഞ്ഞു. 13 ലക്ഷത്തിലേറെ ലേഖനങ്ങളാണ്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ മാത്രമുള്ളത്‌.ആര്‍ക്കും എപ്പോഴും എഡിറ്റു ചെയ്യാമെന്നത്‌ വിവരത്തിന്റെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുമെങ്കിലും ഇതുവരെയുള്ള പ്രവര്‍ത്തനം വച്ചുനോക്കുമ്പോള്‍ മികവാര്‍ന്ന ചരിത്രമാണ്‌ വിക്കിപീഡിയ സ്വന്തമാക്കിയിട്ടുള്ളത്‌.


അടുത്തകാലത്ത്‌ ഗൂഗ്‌ളിന്റെ സാങ്കേതികസഹായത്തോടെ ഭൂമിശാസ്‌ത്രമാപ്പുകള്‍ ലഭ്യമാക്കുന്ന വിക്കിമാപ്പിയ എന്ന സേവനവും തുടങ്ങിയിട്ടുണ്ട്‌. കേരളത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും വരെ വിമാനയാത്രയില്‍ കാണുന്നതിനേക്കാള്‍ ഗംഭീരമായി വിക്കിമാപ്പിയ (wikimapia) യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലിനക്‌സിന്റെ സ്വതന്ത്രസോഫ്‌ട്‌വെയര്‍ ആശയം തന്നെയാണ്‌ വിക്കിപീഡിയയുടെയും അകംപൊരുള്‍. ആര്‍ക്കും എപ്പോഴും എഡിറ്റു ചെയ്യാമെന്ന നൂതനാശയം തന്നെയാവണം ഈ വിശ്വവിജ്ഞാനകോശത്തിന്റെ ജനകീയതയ്‌ക്ക്‌ കാരണം. ലോകത്തിന്റെ പല കോണുകളിലെ എഴുത്തുകാര്‍ കൂട്ടിച്ചേര്‍ക്കുന്നതും അവര്‍തന്നെ ശുദ്ധീകരിക്കുന്നതുമായ രീതി സാമ്പ്രദായികമായ വിശ്വവിജ്ഞാനകോശ നിര്‍മ്മിതിയുടെ എതിര്‍ദിശയിലുള്ളതാണ്‌.


ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിക്കിപീഡിയ ബൃഹത്താണെങ്കിലും ലേഖനങ്ങളുടെ ഗുണനിലവാരത്തില്‍ ബ്രിട്ടാനിക്കയ്‌ക്ക്‌ ഒപ്പമെത്താന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാം. ഏതായാലും സര്‍ച്ച്‌ എന്‍ജിനുകള്‍പോലെ തന്നെ വിക്കിസര്‍ച്ചും വിജ്ഞാനകുതുകികള്‍ കൂടുതലായി ആശ്രയിക്കുന്നു. തെറ്റായ വിവരങ്ങള്‍ വിക്കിപീഡിയയില്‍ ഒരംഗം രേഖപ്പെടുത്തിയെന്നിരിക്കട്ടെ. ആധികാരികരേഖകളുടെയോ വസ്‌തുതകളുടെയോ പിന്‍ബലമില്ലാത്ത ലേഖനങ്ങള്‍ താമസിയാതെ നീക്കം ചെയ്യപ്പെട്ടിരിക്കും.


പിന്‍ കുറിപ്പ്: വിക്കിപീഡിയ സ്ഥാപകന്‍ ശ്രി. ജിമ്മി വെയ് ത്സുമായി ഞാന്‍ നെറ്റുവഴി ഒരു അഭിമുഖം നടത്തിയിരുന്നു. രണ്ടു ദിവസങ്ങള്‍ ക്കുള്ളില്‍ ഇവിടെ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കാം.

Friday, June 29, 2007

ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്

ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ അറിയാമല്ലോ? ഇതുപോലെതന്നെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും (പ്രധാന പേജ്‌) തുടര്‍ പേജുകളും ഉണ്ടാകും.

പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടുതാഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ടും ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ്‌ എന്ന പദമാണ്‌ ബ്ലോഗ്‌ എന്നായി മാറിയത്‌. ബ്ലോഗുകള്‍ അതിന്റെ കരുത്ത്‌ കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു. യഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി ബ്ലോഗിലൂടെ പുറംലോകത്തെത്തിക്കൊണ്ടിരിക്കുന്നു. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി.

അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. 2005-ല്‍ ഒരു കോടിയിലധികം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ്‌ കണക്ക്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

ബ്ലോഗ്‌ നിര്‍മ്മാണം
ഇ-മെയില്‍ പോലെ തന്നെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ബ്ലോഗ്‌ സേവനം നല്‌കുന്നുണ്ട്‌. കൂട്ടത്തില്‍ പ്രചുരപ്രചാരം ഉള്ള ഒരു സൈറ്റാണ്‌ www.blogger.com പേഴ്‌സണല്‍ ഓണ്‍ലൈന്‍ പബ്ലിഷിങ്‌ എന്നും ബ്ലോഗിനെ പറയാം. ഒരു ബ്ലോഗര്‍ ആകുന്നതിന്‌ ആദ്യം നേടേണ്ടത്‌ ബ്ലോഗ്‌ സേവനം നല്‌കുന്ന ഏതെങ്കിലും ഒരു സൈറ്റിലെ അക്കൗണ്ടാണ്‌. നേരത്തെ സൂചിപ്പിച്ച blogger.com ഗൂഗ്‌ള്‍ നിയന്ത്രണത്തിലുള്ളതാണ്‌.

Create an account എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ നിര്‍ദ്ദേശാനുസരണം ഇ-മെയില്‍ വിലാസം, ബ്ലോഗിന്‌ ഒരു പേര്‌, മറ്റ്‌ അത്യാവശ്യ വിവരങ്ങള്‍ എന്നിവ നല്‌കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന ഘട്ടത്തില്‍ ഉചിതമായ ഒരു പശ്ചാത്തലം/ലേ ഔട്ട്‌ തിരഞ്ഞെടുക്കാം. ഇതോടെ ഘടനാപരമായി ഒരു ബ്ലോഗ്‌ തയ്യാറായി കഴിഞ്ഞു, ഇനി ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനായി ടൈപപ്പ്‌ ചെയ്‌താല്‍ മതിയാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. പുതിയ ലേഖനങ്ങള്‍/കുറിപ്പുകള്‍ ടൈപ്പ്‌ ചെയ്‌തു publish ബട്ടണ്‍ അമര്‍ത്തി പ്രസ്‌തുതവിവരം `ബൂലോക'ത്തെത്തിക്കാം.

ഇനി പബ്ലിഷ്‌ ചെയ്‌ത വിവരത്തിന്‌ ഭംഗി പോരെങ്കില്‍ എഡിറ്റ്‌ ചെയ്യുകയുമാകാം. ഇ-മെയിലില്‍ നിന്നും വിഭിന്നമായി ബ്ലോഗിന്‌ വ്യക്തിപരമായ പേര്‌ നല്‌കാറില്ല. പലപ്പോഴും പൊതുവായ പേരുകളാണ്‌ പ്രശസ്‌തമായ പല ബ്ലോഗിനും ഉള്ളത്‌. ഉദാ. എന്റെ മലയാളം. ചിലര്‍ കളിപേരുകളാണ്‌ ഉപയോഗിക്കുന്നത്‌. സുനാമി ദുരന്തമുണ്ടായപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ പോസ്‌റ്റ്‌ ചെയ്‌ത സുനാമി ഹെല്‍പ്‌ ബ്ലോഗ്‌ എന്ന വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം അപ്‌ഡേറ്റായ വിവരങ്ങള്‍ നല്‌കാന്‍ സുനാമി ഹെല്‍പ്‌ ബ്ലോഗിന്‌ കഴിഞ്ഞു. ഇ-മെയിലില്‍നിന്നും വിഭിന്നമായി ഭാഷാപരമായ ഒരു പ്രത്യേകതകൂടി ബ്ലോഗിനുണ്ട്‌. പ്രാദേശിക ഭാഷയിലെ ബ്ലോഗിനാണ്‌ വായനക്കാര്‍ കൂടുതല്‍. മലയാളത്തില്‍തന്നെ നൂറുകണക്കിന്‌ ബ്ലോഗുകള്‍ നിലവില്‍വന്നു കഴിഞ്ഞു. പ്രശസ്‌തരും അപ്രശസ്‌തരും തങ്ങളുടെ വിചാരധാരകള്‍ പങ്കുവയ്‌ക്കുന്നു.

യൂണികോഡിലുള്ള ഫോണ്ടില്‍ ടൈപ്പ്‌ ചെയ്‌താല്‍ മലയാളം പോലുള്ള ഭാഷകളില്‍ ബ്ലോഗ്‌ എഴുതുകയും വായിക്കുകയും ചെയ്യാം. വരമൊഴി പോലുള്ള സോഫ്‌ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യാം.

akshaya എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ `അക്ഷയ' എന്ന്‌ മലയാളത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വലിയ ചെറിയ (Lower case & Capital case) അക്ഷരങ്ങള്‍ക്ക്‌ വരമൊഴിയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കണം. ഒരേ അക്ഷരം തന്നെ സ്‌മാള്‍/ക്യാപിറ്റല്‍ വ്യത്യാസത്തിന്‌ രണ്ടുരീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. kari എന്നെഴുതിയാല്‍ `കരി' എന്നും KaRi എന്നെഴുതിയാല്‍ `കറി' എന്നുമാകും സ്‌ക്രീനില്‍. തുടക്കത്തില്‍ ഇത്‌ ബുദ്ധിമുട്ടാകുമെങ്കിലും സാവധാനം പരിചയിച്ചുകൊള്ളും.ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം.

സിഡ്‌നിയിലും, കൊളംബോയിലും, ചിക്കാഗോയിലും, ഷാര്‍ജയിലുമെല്ലാം ഇരുന്ന്‌ കുറിപ്പുകളെഴുതുന്നത്‌ തൊട്ടടുത്തവീട്ടിലെ കുറിപ്പുകളെന്നപോലെ വായിക്കാമെന്നത്‌ ബ്ലോഗിങ്‌ ഒരുക്കുന്ന വിശാലമായ ക്യാന്‍വാസിന്റെ പ്രത്യേകതയാണ്‌.ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം (2005) നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും.

അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

വൈദ്യുതി ലാഭിക്കാന്‍ എല്‍.സി.ഡി മോണിറ്ററുകള്‍

ഊര്‍ജക്ഷമത ഏറെയുള്ള ഉപകരണങ്ങള്‍ തെരെഞ്ഞെടുക്കുന്നത്‌ നേട്ടമുണ്ടാക്കും. ഐ.ടി വിപ്ലവത്തിന്റെ ഭാഗമായി കംപ്യൂട്ടര്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീര്‍ന്നുവല്ലോ. ഒരു ശരാശരി കംപ്യൂട്ടര്‍ ഏകദേശം 100W ലേറെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ 10 മണിക്കൂര്‍ ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 1 യൂണിറ്റ്‌ വൈദ്യുതിയാകും എന്ന്‌ ലളിതമായി പറയാം. കംപ്യൂട്ടറില്‍ തന്നെ മോണിറ്ററാണ്‌ വൈദ്യുതിയുടെ സിംഹഭാഗവും അപഹരിക്കുന്നത്‌.

കംപ്യൂട്ടര്‍ വഴി പാട്ട്‌ കേള്‍ക്കുമ്പോള്‍ മോണിറ്റര്‍ ഓഫ്‌ ചെയ്യുക. പാട്ടിന്‌ കാഴ്‌ചയുടെ സാധ്യത ഇല്ലാത്തിടത്തോളം മോണിറ്റര്‍ ഓഫാക്കി വയ്‌ക്കാമല്ലോ. ഇതു വഴി മാത്രം മോണിറ്ററിന്റെ വലിപ്പമനുസരിച്ച്‌ 60-70% വൈദ്യുതി ലാഭിക്കാനാകും.

എന്നാല്‍ ഇതിലൊക്കെ ഉപരിയായി, ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുന്ന എല്‍.സി.ഡി മോണിറ്ററുകള്‍ ഒരു വലിയ ഊര്‍ജസംരക്ഷണ സാധ്യതയാണ്‌ നമുക്ക്‌ മുന്നില്‍ തുറന്നിടുന്നത്‌. ഒരു 17 ഇഞ്ച്‌ സാധാരണ മോണിറ്റര്‍ (ഇതിനെ കാഥോഡ്‌ റേ ട്യൂബ്‌ ?CRT- മോണിറ്റര്‍ എന്നാണ്‌ പറയുക. ടി.വി യുടെ അതേ തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.)80 മുതല്‍ 100 വാട്ട്‌ വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതേ വലിപ്പത്തിലുള്ള സ്‌ക്രീന്‍ പ്രദാനം ചെയ്യുന്ന എല്‍.ഡി.സി മോണ്‌റ്റര്‍ 45 വാട്ട്‌ വരെ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു.

മറ്റൊരു തരത്തില്‍ പരമ്പരാഗത മോണിറ്ററുകള്‍ക്ക്‌ കറണ്ട്‌ ആര്‍ത്തിയാണെന്നു പറയാം. കാരണം മറ്റൊന്നുമല്ല, മുമ്പ്‌ സൂചിപ്പിച്ചതുപോലെ കാഥോഡ്‌ റേ ട്യൂബിലെ കാഥോഡ്‌ ഒരു ചുട്ടു പഴുത്തഫിലമെന്റാണ്‌. കോണാകൃതിയിലുള്ള വാക്വം ട്യൂബിനുളിളില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ഫിലമെന്റാണ്‌ വില്ലന്‍. ഉന്നത വോള്‍ട്ടതയിലുള്ള വൈദ്യുതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്‌. സ്‌ക്രീനില്‍ പുരട്ടിയിട്ടുള്ള ഫോസ്‌ഫറില്‍ ഇലക്‌ട്രോണ്‍ ബീം വന്നു പതിക്കുമ്പോഴാണ്‌ ചിത്രമായി പ്രത്യക്ഷപ്പെടുക. ഈ പ്രവര്‍ത്തനം തന്നെയാണ്‌ വൈദ്യുതോര്‍ജം ഏറെയും ഉപയോഗിക്കുന്നത്‌. എന്നാല്‍ എല്‍.ഡി.സി. മോണിറ്ററുകളില്‍ ലിക്വിഡ്‌ ക്രിസ്റ്റലുക വര്‍ണ വിന്യാസം വഴി ചിത്രാലേഖനം നടക്കുന്നതിനാല്‍ വളരെ കുറച്ച്‌ വൈദ്യുതി മതിയാകും.

എന്തൊക്കെയാണ്‌ എല്‍.ഡി.സി മോണിറ്ററിന്റെ മറ്റു നേട്ടങ്ങള്‍

എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല. എന്നാല്‍ സാധാരണ മോണിറ്ററുകളാകട്ടെ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ താരതമ്യേന ഉയര്‍ന്ന അളവിലുള്ള താപം പുറത്തേയ്‌ക്ക്‌ വിടുന്നു. ഏകദേശം 50 കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഹാളിലെ താപനില ക്രമാതീതമായി ഉയരാന്‍ ഇതു കാരണമാകും. അതോടൊപ്പം എസിയുടെ ലോഡ്‌ കൂടുകയും ചെയ്യും. ഇതേ ഹാളില്‍ എല്‍.സി.ഡി. മോണിറ്ററാണ്‌ ഉപയോഗിക്കുന്നത്‌ എന്നിരിക്കട്ടെ നേരിട്ടുള്ള ഊര്‍ജലാഭം 50 % വും പരോക്ഷമായിട്ടുള്ള എസി യുടെ ലോഡ്‌ കുറയുന്നതടക്കം) ഊര്‍ജ്ജലാഭം 10% വരെ വരികയും ചെയ്യും.

വൈദ്യുതിയുടെ പണിമുടക്കിനാശ്രയം യു.പി.എസ്‌ ആണല്ലോ. സാധാരണ മോണിറ്ററിന്‌ 10 മിനിറ്റ്‌ ബാക്ക്‌ അപ്‌ തരുന്ന യു.പി.എസ്‌ എല്‍.സി.ഡി മോണിറ്ററുള്ള കംപ്യൂട്ടറിനെ 20 മിനിറ്റ്‌ വരെ പ്രവര്‍ത്തിക്കാനനുവദിക്കും.

ഇതോടൊപ്പം ഭാരം വളരെ കുറവാണെന്നുള്ളതും എല്‍.സി.ഡിയുടെ മേന്‍മയാണ്‌.

ഇത്തരം മോണിറ്റര്‍ കൊണ്ടുള്ള സ്ഥലലാഭം 20% ഉണ്ടാകും. ഉന്തിനില്‍ക്കുന്ന പിന്‍ഭാഗം ഇല്ലാത്തതിനാലാണ്‌ ഇത്രയും സ്ഥലം ലാഭിക്കാന്‍ കഴിയുന്നത്‌.

കാഴ്‌ചയിലും കേമന്‍ എല്‍.സി.ഡി മോണിറ്ററുകള്‍ തന്നെ. ഇത്‌ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം മതിലിലോ, മേശപ്പുറത്തോ സൗകര്യപ്രദമായി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിറ്റ്‌ ടി.വി.ക്വിസ്‌ ഷോയില്‍ അമിതാബ്‌ ബച്ചന്‌ മുന്നില്‍ ആകര്‍ഷകമായി ചരിച്ചു പിടിപ്പിച്ചിരിക്കുന്ന എല്‍.സി.ഡി മോണിറ്റര്‍ നമുക്ക്‌ സുപരിചിതമാണല്ലോ.

ആരോഗ്യരംഗത്ത്‌ ശസ്‌ത്രക്രീയാ മുറികളില്‍ മതിലില്‍ പിടിപ്പിക്കുന്ന 40 ഇഞ്ച്‌ സ്‌ക്രീനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. ഊര്‍ജലാഭത്തിലുപരിയായി അനവധി നേട്ടങ്ങളാണ്‌ ഇവിടെ ഇത്തരം മോണിറ്ററുകളെ ഉപയുക്തമാക്കുന്നത്‌. സാധാരണ മോണിറ്ററുകള്‍ വൈദ്യുത കാന്തിക തരംഗങ്ങള്‍ വഴിയാണ്‌ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇലക്‌ട്രോ മാഗ്നെറ്റിക്‌ പ്രതിബന്ധങ്ങള്‍ (elecro magnetic interference) ഉണ്ടാക്കും, ശസ്‌ത്രക്രിയാ മുറിയില്‍ സൂക്ഷ്‌മതയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഏറെ ഉള്ളതിനാല്‍ സാധാരണ മോണിറ്ററില്‍ നിന്നുള്ള ഇത്തരം സാങ്കേതിക തടസങ്ങള്‍ ഏറെ പ്രശ്‌നങ്ങല്‍ സൃഷ്‌ടിക്കുന്നുണ്ടായിരുന്നു, ഇത്‌ കൂടാതെ ചെറിയ തോതില്‍ എക്‌സ്‌റെ പ്രസരണവും സാധാരണ മോണിറ്ററുകള്‍ ഉണ്ടാക്കുന്നു.

സാധാരണ മോണിറ്ററുകളിലെ ഫ്‌ളിക്കര്‍ ഇഫക്‌റ്റ്‌ (ഇലക്‌ട്രോണ്‍ ബീം സ്‌കാനിങ്ങിനോടൊപ്പം ഉണ്ടാകുന്ന പ്രതിഭാസം) മനുഷ്യനേത്രത്തിന്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ എല്‍.സി.ഡി ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. കംപ്യൂട്ടറിലൂടെ വായിക്കുമ്പോള്‍ എല്‍.സി.ഡി സാധാരണ മോണിറ്ററിനെ അപേക്ഷിച്ച്‌ 20% അധികം നേരം വായിക്കാന്‍ സാധിക്കുന്നു എന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ ഏറെ നേരം ബുദ്ധിമുട്ടില്ലാതെ കംപ്യൂട്ടര്‍ ഉപയോഗിക്കാനും സാധിക്കുന്നു. ചുരുക്കി പരഞ്ഞാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം താരതമ്യേന എല്‍.സി.ഡി മോണിറ്ററുകള്‍ക്ക്‌ കുറവാണ്‌.

പ്രവര്‍ത്തനകാലം വെച്ചുള്ള താരതമ്യ പഠനത്തിലും എല്‍.സി.ഡി മോണിറ്ററുകള്‍ 25-50% അധികം നാള്‍ നിലനില്‍ക്കുന്നു എന്ന്‌ കാണാം. സാധാരണ മോണിറ്ററുകളുടെ പുറം ഭിത്തി ഗ്ലാസ്സ്‌ കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌. അതുകൊണ്ട്‌ തന്നെ ടി.വി യുടേത്‌ പോലെ -ഗ്ലെയര്‍- കാഴ്‌ചയ്‌ക്ക്‌ തടസ്സം സൃഷ്‌ടിക്കും. എല്‍.സി.ഡി മോണിറ്ററില്‍ ഗ്ലാസ്സ്‌ ഉപയോഗിച്ചുള്ള പുറം ഭിത്തി ഇല്ലാത്തതിനാല്‍ ഇത്തരം തടസങ്ങള്‍ ഉണ്ടാകുന്നില്ല.

ഇതൊക്കെ വിലയിരുത്തുമ്പോള്‍ സാധാരണ മോണിറ്റര്‍ അത്രയ്‌ക്ക്‌ പിന്നോക്കകാരനാണെന്ന്‌ കരുതണ്ട. വിലയില്‍ ഇപ്പോഴും കുറവ്‌ ഇവയ്‌ക്കുതന്നെ. എന്നാല്‍ വാങ്ങുന്ന വില മാത്രം കണക്കാക്കി ഒരു ഉപകരണത്തിന്റെ മികവ്‌ എങ്ങനെ രേഖപ്പെടുത്താനാകും. അതിന്റെ ഊര്‍ജഉപഭോഗ ചെലവ്‌ കൂടി കണക്കാക്കുമ്പോള്‍ ഈ വിലക്കുറവ്‌ ആത്യന്തികമായി നഷ്‌ടമാണെന്ന്‌ ബോദ്ധ്യമാകും.

വശങ്ങളില്‍ നിന്ന്‌ കാണുമ്പോള്‍ എല്‍.സി.ഡി യിലെ ചിത്രത്തിന്‌ മിഴിവ്‌ ഉണ്ടായിരിക്കുകയില്ലെന്ന്‌ മാത്രമല്ല പലപ്പോഴും കാഴ്‌ചയ്‌ക്ക്‌ വിഘാതം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ കംപ്യൂട്ടര്‍ സാധാരണയായി അഭിമുഖമായി ഇരുന്നാണല്ലോ ഉപയോഗിക്കാറുള്ളത്‌. കൈകാര്യം ചെയ്യാന്‍ സാധാരണ മോണിറ്ററുകളാണ്‌ സൗകര്യപ്രദം. സ്‌ക്രീന്‍ ഏല്‍ക്കുന്ന ചെറിയതോതിലുള്ള ക്ഷതമൊന്നും സാധാരണ മോണിറ്ററുകള്‍ക്ക്‌ ഭീഷണിയല്ല. എന്നാല്‍ തീരെ ചെറിയ മര്‍ദമാണ്‌ ഉണ്ടാകുന്നതെങ്കില്‍ പോലും എല്‍.സി.ഡി ഉപയോഗശൂന്യമായി പോയേക്കാം.

ഇന്ന്‌ ലോകത്തിലെ മോണിറ്റര്‍ വില്‌പനയുടെ 30% ളം എല്‍.സി.ഡി കൈയടക്കിക്കഴിഞ്ഞു. ഇതോടൊപ്പം ഈ മേഖലയില്‍ നല്ല വളര്‍ച്ചാ നിരക്കും എല്‍.സി.ഡി കാണിക്കുന്നുണ്ട്‌. ഇന്നത്തെ നിരക്ക്‌ വച്ച്‌ 2008 ആകുമ്പോഴേക്കും 90%ലേറെ കംപ്യൂട്ടറുകളിലും എല്‍.സി.ഡി ആകും ഉണ്ടാകുക. ജപ്പാനില്‍ മാത്രം മൊത്തം കംപ്യൂട്ടറിന്റെ 75% എല്‍.സി.ഡി കൈയടക്കിയാല്‍ 3 ബില്യന്‍ യൂണിറ്റ്‌ വൈദ്യുതിയായിരിക്കും ലാഭിക്കുക. അതായത്‌ അവിടുത്തെ 3 വൈദ്യുത നിലയങ്ങള്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക്‌ തുല്യം.(source: http://home.jeita.or.jp/device/lirec/english/enviro/contribut.htm ) എല്‍.സി.ഡി യുടെ നേട്ടം ആരംഭം തൊട്ടേ ലഭ്യമാക്കിയ ഏക ഉപകരണം ലാപ്‌ ടോപ്പ്‌ കംപ്യൂട്ടറുകള്‍ തന്നെയാണ്‌. ഏതായാലും വാല്‍വ്‌ റേഡിയോ സ്വീകരണമുറിയില്‍ നിന്ന്‌ ഷോക്കേസിലേക്ക്‌ ഒരു കാഴ്‌ച വസ്‌തു ആയി മാറിയതുപോലെ മോണിറ്ററുകളും തൊട്ടടുത്ത്‌ സ്ഥാനം പിടിച്ചേക്കുന്ന കാലം വിദൂരമല്ല.

_______________15ഇഞ്ച്‌എല്‍.സി.ഡി* _____17ഇഞ്ച്‌ സി.ആര്‍.ടി.
ഊര്‍ജഉപഭോഗം ___________25 W ______________70 W
വൈദ്യുതചാര്‍ജ്‌ ________Rs 7 /യൂണിറ്റ്‌ _________Rs 7 /യൂണിറ്റ്‌ .
ഉപയോഗം/ദിവസം ______12 മണിക്കൂര്‍__________ 12 മണിക്കൂര്‍
ഉപയോഗം/വര്‍ഷം_______4380 മണിക്കൂര്‍_______ 4380 മണിക്കൂര്‍
വൈദ്യുതിയൂണിറ്റ്‌്‌/വര്‍ഷം_______109.5units__________ 306.6Units
വൈദ്യുതചാര്‍ജ്‌/വര്‍ഷം ________Rs.766.50/ _________Rs.2146.20/
വൈദ്യുതചാര്‍ജ്‌/5 വര്‍ഷം** _____Rs.3832.50/________ Rs.10731/

* 15 ഇഞ്ച്‌ എല്‍.സി.ഡി = 17 ഇഞ്ച്‌ സി.ആര്‍.ടി
** മോണിറ്റര്‍ പ്രവര്‍ത്തന കാലം 5 വര്‍ഷമായി കണക്കാക്കിയിരിക്കുന്നു
1. എല്‍.സി.ഡി 5 വര്‍ഷത്തിനുശേഷം രൂ.6898.50/ ലാഭമാണ്‌. (രൂ 10731 - രൂ 3832.50)
2. എല്‍.ഡി.സി മോണിറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ താപം പുറത്തേയ്‌ക്ക്‌ വിടുന്നില്ല അതുകൊണ്ടുണ്ടാകുന്ന എ.സി യുടെ ലോഡ്‌ ലാഭം ഇവിടെ കണക്കാക്കിയിട്ടില്ലവൈദ്യുതി ചാര്‍ജ്‌ രൂ 3 പ്രതി യൂണിറ്റ്‌ എന്ന്‌ കണക്കുകൂട്ടിയാലും 5 വര്‍ഷത്തിനുശേഷം രൂ. 2956.5 ലാഭം

ടെലിമെഡിസിന്‍

മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങള്‍ കുറഞ്ഞ ചിലവില്‍ ഒരുക്കുക എന്നത്‌ വികസ്വര, അവികസിത രാജ്യങ്ങളെ സംബന്ധിച്ചടത്തോളം ഒരു വെല്ലുവിളി തന്നെയാണ്‌. ഇന്ത്യയുടെ കാര്യം തന്നെ എടുക്കാം, 100 കോടിയിലേറെ ജനങ്ങള്‍ അവരില്‍ 70% ത്തോളം ഗ്രാമങ്ങളില്‍ വസിക്കുന്നു. ലഭ്യമായ ആരോഗ്യസംവിധാനങ്ങളുടെ 80% ത്തിലേറെ നഗരങ്ങള്‍ കേന്ദ്രമാക്കിയും. ഇത്‌ വിരല്‍ചൂണ്ടുന്നത്‌ ടെലിമെഡിസിന്‍പോലെയുള്ള ആധുനിക സാങ്കേതിക വിദ്യയുടെ അനിവാര്യതയാണ്‌.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഐ.റ്റി.വകുപ്പ്‌ ടെലിമെഡിസിന്‍ മുഖ്യശ്രദ്ധപതിയ്‌ക്കേണ്ട മേഖലകളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്‌. എന്താണ്‌ ടെലിമെഡിസിന്‍ ? വിവര, വിനിമയ സാങ്കേതിക വിദ്യയും, വൈദ്യശാസ്‌ത്രവും ഇണക്കിച്ചേര്‍ത്തുപയോഗിക്കുന്നു എന്ന്‌ ലളിതമായി പറയാം. വിദൂരഗ്രാമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ രോഗിയെ പരിശോധിക്കാന്‍ നഗരത്തിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പ്പിറ്റലിലെ വിദഗ്‌ധന്‌ ഇന്ന്‌ സാധിക്കും. രോഗിയ്‌ക്ക്‌ നഗരത്തിലെ വന്‍കിട ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ല. തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയാല്‍ നഗരവാസികള്‍ക്ക്‌ മാത്രം ലഭ്യമായിരുന്ന സേവനം അവര്‍ക്കും ലഭ്യമാകും. രാജ്യത്തെ എല്ലാ ഗ്രാമീണനേയും ഇതിന്റെ സേവനത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യം. എല്ലാ ആശുപത്രികളിലും കമ്പ്യൂട്ടര്‍, ക്യാമറ, സ്‌ക്യാനര്‍, മറ്റ്‌ മെഡിക്കല്‍ ഉപകരണങ്ങല്‍ എന്നിവ വി.സാറ്റ്‌ , ഇന്റര്‍നെറ്റ്‌ എന്നിവ വഴി ബന്ധിപ്പിക്കുക. എന്ന പ്രാഥമിക നടപടി പൂര്‍ത്തിയാക്കിയാല്‍ മുഖ്യമായ ജോലി അവസാനിച്ചു എന്ന്‌ പറയാം. സമഗ്രമായ ഒരു സോഫ്‌റ്റ്‌ വെയറിന്റെ സഹായത്താല്‍ രോഗനിര്‍ണയവും അപഗ്രഥനവും തുടര്‍ന്ന്‌ നടത്താവുന്നതാണ്‌.

കേന്ദ്ര ഐ.ടി.വകുപ്പ്‌, ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ചണ്‌ഡീഗഡിലെ നെഹ്‌റു ഹോസ്‌പ്പിറ്റല്‍, ലക്‌നൗവിലെ സഞ്ചയ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നീ തലസ്ഥാനനഗര ആശുപത്രികളെ മുഖ്യകേന്ദ്രങ്ങളാക്കി 'സഞ്‌ജീവനി' എന്ന സോഫ്‌റ്റ്‌ വെയര്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെഡിക്കല്‍ സമൂഹം കാര്യക്ഷമമായി ഇതിനോട്‌ സംവദിക്കാന്‍ സാധിക്കുന്ന രീതിയില്‍ യൂസര്‍ഫ്രെണ്ട്‌ലി ആയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇതില്‍ രോഗിയുടെ സമഗ്രമായ ചികിത്സാ വിവരം, ഇമേജിംഗ്‌ സംവിധാനം, വീഡിയോ കോണ്‍ഫറന്‍സിംഗ്‌, മെഡിക്കല്‍ ഫിലിം സ്‌ക്യാനര്‍ എന്നിവ സൗകര്യമായും ചിട്ടയോടും ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ കുറഞ്ഞചിലവും ആഗോളമായ ലഭ്യതയും ഇതിലേക്ക്‌ ശ്രദ്ധ ആകര്‍ഷിക്കുന്നു. ചുരുക്കത്തില്‍ ടെലിമെഡിസിന്റെ ആവിര്‍ഭാവത്തോടുകൂടി ഏത്‌ വിദൂരഗ്രാമത്തിലും നിലവാരമുളള ആരോഗ്യ സംവിധാനങ്ങള്‍ എത്തിക്കാമെന്നത്‌ എളുപ്പമാണ്‌. അപ്പോളോ, എസ്‌കോട്‌സ്‌, ബത്‌രാ, നാരായണാ, ഹൃദയാലയ, അമൃത, ശങ്കരാനേത്രാലയ തുടങ്ങിയ പ്രമുഖ ആശുപത്രികളെല്ലാം വിവിധ സംസ്ഥാനസര്‍ക്കാരുകളും സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന്‌ ഗ്രാമ-ഗ്രാമാന്തരങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. അതും സൗജന്യനിരക്കില്‍. വൈദ്യശാസ്‌ത്രരംഗത്ത്‌ സ്‌പെഷ്യലൈസേഷന്‍ വര്‍ത്തമാനകാല പ്രവണതയാണ്‌. ഒരു ഹൃദ്രോഗവിദഗ്‌ദ്ധന്‌ തന്റെ വിഷയത്തില്‍ ആഴത്തിലും പരപ്പിലും അറിവുണ്ടായിരിക്കും. എന്നാല്‍ അടിയന്തിരഘട്ടത്തില്‍ മറ്റ്‌ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ ടെലി മെഡിസിന്‍ സങ്കേതം ഉപയോഗിച്ച്‌ ആ മേഖലയിലെ വിദഗ്‌ധന്റെ സേവനം രോഗിയ്‌ക്ക്‌ നല്‍കാന്‍ സാധിക്കും. ഇന്ത്യയില്‍ ടെലി മെഡിസിന്‍ ആരംഭിച്ച അപ്പോളോ ഗ്രൂപ്പ്‌ ഇന്ന്‌ ശ്രീലങ്ക, ബംഗ്ലാദേശ്‌, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്‌.

ഭൂമിശാസ്‌ത്രപരമായ അതിരുകളും കടന്ന്‌ സാങ്കേതിക വിദ്യ മനുഷ്യരെ കോര്‍ത്തിണക്കുകയാണിവിടെ. ഏതാണ്ട്‌ അറുപതിനായിരത്തോളം ഇന്ത്യന്‍ ഡോക്‌ടര്‍മാര്‍ അമേരിക്കയിലും മുപ്പത്തയ്യായിരത്തോളം പേര്‍ ബ്രിട്ടണിലും സേവനം അനുഷ്‌ടിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ ഏറെവ്യാപരിച്ച ഈ നാടുകളിലെ ഡോക്‌ടര്‍മാര്‍ക്ക്‌ അവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നുതന്നെ ജന്മനാട്ടിലും സേവനം ലഭ്യമാക്കാം. കൂടാതെ ഡോക്‌ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസം, പുതിയ സാങ്കേതിക വിദ്യസ്വായത്തമാക്കല്‍, എന്നിവയും ടെലിമെഡിസിന്‍ വിഭാവനം ചെയ്യുന്നു. ആന്ധ്രാപ്രദേശില്‍ അപ്പോളോ ഗ്രൂപ്പ്‌ സംസ്ഥാനഗവണ്‍മെന്റുമായി സഹകരിച്ച്‌ മുഴുവന്‍ സ്‌ക്കൂള്‍വിദ്യാര്‍ത്ഥികളേയും പരിശോധന നടത്തിയിട്ടുണ്ട്‌. ഒരു പിന്നോക്ക ജില്ലയില്‍ മാത്രം 100 ലേറെ കുട്ടികള്‍ക്ക്‌ ശസ്‌ത്രക്രീയയും നടന്നുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനസൗകര്യവികസനത്തിന്‌ മുഖ്യമന്ത്രി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പിന്നോക്ക ജില്ലയായ കുടപ്പ, ഹൈദ്രാബാദിലെ അപ്പോളോ ഹോസ്‌പിറ്റലുമായി നെറ്റ്‌ വര്‍ക്ക്‌ ചെയ്‌തുകഴിഞ്ഞു.

കേരളവും ഇക്കാര്യത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്‌. കൊച്ചിയിലെ അമൃതാ ഹോസ്‌പിറ്റല്‍ ഐ.എസ്‌.ആര്‍.ഒയുമായി സഹകരിച്ച്‌ ആന്‍ഡമാന്‍, ലക്ഷദ്വീപ്‌ എന്നിവടങ്ങളില്‍ സേവനം ലഭ്യമാക്കുന്നു. കഴിഞ്ഞ ശബരിമല സീസണില്‍ പമ്പയിലെ എമര്‍ജെന്‍സി കെയര്‍ യൂണിറ്റില്‍ വച്ച്‌ ടെലിസര്‍ജറി നടത്തി ഒരു തീര്‍ത്ഥാടകന്റെ ജീവന്‍ രക്ഷിച്ച്‌ അമൃതാ ഹോസ്‌പിറ്റല്‍ മാതൃകകാട്ടി. കൊച്ചി മുഖ്യ ആശുപത്രിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജന്റെ മേല്‍നോട്ടത്തില്‍ പമ്പായൂണിറ്റിലെ ഡോക്‌ടറാണ്‌ ഈ ശസ്‌ത്രക്രീയ നടത്തിയത്‌. വിദൂരഗ്രാമങ്ങളിലേക്ക്‌ സുസജ്ജമായ മൊബൈല്‍ ആശുപത്രിയും ഇവരുടെ പദ്ധതിയിലുണ്ട്‌. ഇവിടെ സാങ്കേതിക വിദ്യയ്‌ക്ക്‌ ഗ്രാമീണന്‍ നന്ദിപറയുന്നു. കംപ്യൂട്ടര്‍ വഴി ഏറ്റവും മുന്തിയ സേവനം ലഭ്യമാകുന്നു എന്ന സംതൃപ്‌തിയുമുണ്ട്‌.

നേട്ടങ്ങള്‍
അനാവശ്യമായ റഫറന്‍സുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കും, നഗരപ്രദേശത്തെ ആശുപത്രിയ്‌ക്ക്‌ വിദൂരസ്ഥലങ്ങളില്‍ പോലും വളരെ കുറഞ്ഞ ചിലവില്‍ അതേ സേവനം ലഭ്യമാക്കുന്നു, ശസ്‌ത്രക്രീയാനന്തരം രോഗിയ്‌ക്ക്‌ വീണ്ടും പ്രധാന ആശുപത്രി സന്ദര്‍ശിക്കേണ്ടതില്ല. പ്രാരംഭമായ രോഗവിവര ശേഖരണത്തിന്‌ ശേഷം ആവശ്യമായ രോഗികള്‍ക്ക്‌ ആവശ്യമായ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കും. തിരക്ക്‌ കാര്യക്ഷമമായി കുറയുന്നുമുണ്ട്‌. മറ്റ്‌ ആശുപത്രിയിലെ വിദഗ്‌ദരുമായി ചര്‍ച്ച ചെയ്‌ത്‌ മെച്ചപ്പെട്ട തീരുമാനത്തില്‍ എത്താന്‍ സാധിക്കും. അത്യപൂര്‍വ്വമായ ശസ്‌ത്രക്രീയയും അനുബന്ധവിവരങ്ങളും ലൈവായിതന്നെ മെഡിക്കല്‍ സമൂഹത്തിന്‌ മുന്നിലേക്ക്‌ എത്തിക്കാന്‍ സാധിക്കും അതോടൊപ്പം അവരുടെ ഉപദേശവും തല്‍ക്ഷണം ലഭ്യമാകുന്നു. ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക്‌ ചര്‍ച്ചകള്‍ക്കായി ഒരു സ്ഥലത്ത്‌ ഒത്തുകൂടേണ്ട ആവശ്യമില്ല. എല്ലാത്തിലും ഉപരിയായി ഏതുപൗരനും ഏറ്റവും കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യസേവനം ലഭ്യമാകുന്നു. ഇപ്പോള്‍ വി-സാറ്റ്‌ സാങ്കേതിക വിദ്യയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ കടന്ന്‌ വരവ്‌ ടെലി മെഡിസിനെ ജനകീയമാക്കും എന്ന്‌ പ്രതീക്ഷിക്കാം.

Thursday, June 28, 2007

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍
ഒന്നു പരിഷ്കരിച്ചു നല്‍കാം
പരിഷ്കാരതിനു എന്റെ അധ്യാപകനും പ്രസിദ്ധ ശാസ്ത്രജ്ഞനുമായ ഡോ. സി.ജി.രാമചന്ദ്രന്‍ നായര്‍ സാറിനോട് കടപ്പാട്

‘Twinkle, Twinkle, Little Star
I don't wonder what you are
Through the spectroscopic ken,
I know you are hydrogen'

അവര്‍ക്കറിയാം നക്ഷ്ത്രങ്ങളുടെ മുഖ്യ മൂലകം ഹൈഡ്രജന്‍ ആണെന്നു.

പേരിന്‌ പിന്നില്‍

ലോകത്തിലെ കംപ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യാ വ്യവസായ സ്ഥാപനങ്ങളുടെ പേരിന്റെ ഉല്‌പത്തി പലപ്പോഴും രസകരമായ വിവരങ്ങളാണ്‌. ചുരുക്കെഴുത്തായാലും പൂര്‍ണ്ണരൂപമായാലും മിക്കകമ്പനികളുടെ പേരിലും ഒരു കഥപറയാനുണ്ടാകും.

മൈക്രോ പ്രോസസര്‍ നിര്‍മ്മാണരംഗത്തെ അജയ്യരായ ഇന്റല്‍ കോപ്പറേഷന്റെ സ്ഥാപകരായ റോബര്‍ട്ട്‌ നോയിസിനും ഗോര്‍ഡന്‍ മൂറിനും അവരുടെ കമ്പനി ?മൂര്‍ നോയിസ്‌ ? എന്ന പേരില്‍ അറിയപ്പെടാനായിരുന്നു ആഗ്രഹം, അതിനായി അവര്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട്‌ പോയപ്പോള്‍ ഇതേ പേരില്‍ ഒരു ഹോട്ടല്‍ ശ്രൃംഖല അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്‌ പേരിന്‌ മുന്നിലെ നിയമപരമായ വിലങ്ങ്‌ുതടിയായി. തുടര്‍ന്ന്‌ ഇന്റഗ്രേറ്റഡ്‌ ഇലക്‌ട്രോണിക്‌സിന്റെ ആദ്യാക്ഷരമായി വിദഗ്‌ദമായി കൂട്ടിയിണക്കി ഇന്റല്‍( INTEL- INTegrated ELectronics) എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു.

വിവരസാങ്കേതി വിദ്യാ ഭൂപടത്തിലെ ഏറ്റവും പ്രസിദ്ധനായ ഇന്ത്യാക്കാരന്‍ നാളിതുവരെ ഹോട്ട്‌മെയില്‍ സ്ഥാപകനായ സബീര്‍ഭാട്ടിയ തന്നെയാണ്‌. സബീറും ചങ്ങാതി ജാക്ക്‌സ്‌മിത്തും മെയില്‍ എന്ന വാക്കുള്‍ക്കൊള്ളുന്ന വിവിധ പേരുകള്‍ തേടി അവസാനം ഹോട്ട്‌മെയിലിലെത്തുകയായിരുന്നു. ഹോട്ട്‌മെയില്‍ എന്നപേരില്‍ രസകരമായ ഒരു വിവരം ഒളിഞ്ഞിരിപ്പുണ്ട്‌. വെബ്‌ പേജുകള്‍ തയ്യാറാക്കുന്ന എച്ച്‌.ടി.എം.എല്‍. എന്ന പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌ ഹോട്ട്‌മെയില്‍ എന്ന വാക്കില്‍ നിന്നും ഇഴപിരിച്ചെടുക്കാനാകും. ( HoTMaiL ) .

ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ സര്‍വ്വവ്യാപിയാണല്ലോ. സോഫ്‌റ്റ്‌വെയര്‍ രംഗത്തെ കുത്തകയായ മൈക്രോസോഫ്‌റ്റ്‌ ആദ്യകാലങ്ങളില്‍ മൈക്രോകംപ്യൂട്ടറിനുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ വ്യാപൃതരായിരുന്നു. മൈക്രോകംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ എന്ന പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ മൈക്രോസോഫ്‌റ്റ്‌. (MICROcomputer SOFTware)ആദ്യകാലത്ത്‌ രണ്ട്‌ വാക്കുകള്‍ക്കിടയില്‍ ഒരു ഹൈഫണ്‍ (micro-soft) ഉണ്ടായിരുന്നു. പിന്നീട്‌ അത്‌ ഒഴിവാക്കി.

എന്നാല്‍ ആപ്പിള്‍ സിസ്റ്റംസിന്റെ കഥ ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥവും രസകരവുമാണ്‌. തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നവേളയില്‍ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്‌സും കൂട്ടുകാരും യോജിച്ച പേരിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന്റെ വക്കിലെത്തിയിരുന്നില്ല. രജിസ്റ്റര്‍ ചെയ്യാനുള്ള ദിവസത്തിന്റെ അഞ്ചുമണിയ്‌ക്ക്‌ മുമ്പായി പേര്‌ നിര്‍ദ്ദേശിക്കാത്തപക്ഷം തന്റെ ഇഷ്‌ടപ്പെട്ട പഴത്തിന്റെ (ആപ്പിള്‍) പേര്‌ നല്‍കുമെന്ന്‌ സ്റ്റീവ്‌ ജോബ്‌സ്‌ ഭീഷണിപ്പെടുത്തിയതത്രേ. ഏതായാലും ആപ്പിള്‍ കംപ്യൂട്ടറിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ കൂട്ടുകാരായ ബില്‍ഹെവ്‌ലറ്റും ഡേവ്‌പക്കാര്‍ഡും 1939-ല്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിക്കുമ്പോള്‍ തങ്ങളുടെ പേരുകള്‍ കൂട്ടിയോജിപ്പിച്ച്‌ കമ്പനിയ്‌ക്ക്‌ നല്‍കി. ഹെവ്‌ലറ്റ്‌ പക്കാര്‍ഡ്‌ എന്ന്‌ എച്ച്‌.പി പിന്നീട്‌ 2002-ല്‍ മറ്റൊരു കംപ്യൂട്ടര്‍ ഭീമനായ കോംപാക്കിനെ കൂടി ലയിപ്പിച്ച്‌ വിപണിസാന്നിദ്ധ്യം ഉറപ്പിക്കുകയുണ്ടായി.

ലോകത്തില്‍ ഏറ്റവും വലിയ സേര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ എന്ന പേര്‌ തന്നെ അനന്തമായ വിവരശേഖരത്തെ സൂചിപ്പിക്കുന്നു. 1-ന്‌ ശേഷം 100 പൂജ്യം വരുന്ന അതി ബൃഹത്തായ സംഖ്യയാണ്‌ ഗൂഗിള്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം പേര്‌ പോലെ തന്നെ ട്രില്യണ്‍ കണക്കിന്‌ വിവരശേഖരത്തിന്റെ ഒരു നിധി തന്നെയാണ്‌ ഗൂഗിള്‍.
(ഗൂഗിള്‍ കമ്പനിയുടെ തുടക്കം മുതല്‍ വിശദമായി കുറിഞ്ഞി ഒണ്‍ ലൈനില്‍ Josesph antony of kurunji online has written a nice series on google. click here to know more about ആകെ വിവര സമ്പുഷ്ട്മായ 5 ആര്‍ട്ടിക്കിള്‍. ഗൂഗിള്‍വിസ്മയം-5 വരെ)


ഇന്ന്‌ മൊബൈല്‍ ടെലിഫോണി രംഗത്തെ വമ്പന്മാരായ മൊട്ടറോളയുടെ തുടക്കം ഒരു ചെറിയ റേഡിയോ ഉപകരണമായിട്ടായിരുന്നു. സ്ഥാപകന്‍ പോള്‍കാല്‍വിന്‍ അന്നത്തെ പ്രശസ്‌തമായ റേഡിയോ ബ്രാന്‍ഡ്‌ വിക്‌ടറോളയുടെ (Victrola) പേരിന്റെ ചെറിയൊരു വകഭേദം മോട്ടോര്‍കാറുകളില്‍ ഘടിപ്പിക്കുന്ന തന്റെ റേഡിയോയ്‌ക്ക്‌ (മോട്ടറോള) നല്‍കുകയായിരുന്നു.

സണ്‍ മൈക്രോ സിസ്റ്റംസ്‌ സൂര്യെനെയല്ല മറിച്ച്‌ അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലകശക്തിയായി പ്രവര്‍ത്തിച്ച സര്‍വ്വകലാശാലയുടെ പേരാണ്‌ സൂചിപ്പിക്കുന്നത്‌. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ നാല്‌ ഗവേഷകരാണ്‌ സണ്‍ മൈക്രോസിസ്റ്റം സ്ഥാപിച്ചത്‌. (SUN - Stanford University Network) .

ഗളിവേഴ്‌സ്‌ ട്രാവല്‍സ്‌ എന്ന നോവലിലൂടെ അനുവാചകരുടെ ഹൃദയത്തില്‍ ഇടം നേടിയ ജോനാഥന്‍ സിഫ്‌റ്റാണ്‌ യാഹൂ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്‌. ഒരേ രൂപവും ഭാവവുമുള്ള കുള്ളന്മാരാണ്‌ ഈ നോവലിന്റെ കേന്ദ്രവിഷയം. യാഹൂ സ്ഥാപകരായ ജെറി യാംഗും ഡേവിഡ്‌ ഫിലോയും സസന്തോഷത്തോടെ ഈ പേര്‌ സ്വീകരിച്ചു. യാഹൂവിന്‌ മറ്റൊരു പൂര്‍ണ്ണരൂപവുമുണ്ടല്ലോ. (YAHOO ! - Yet Another Hierarchial Officious Oracle !) .

ഫോട്ടോകോപ്പിയര്‍ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ സിറോക്‌സ ്‌( Xerox) എന്ന ഗ്രീക്ക്‌ പദത്തിന്റെ മൂലരൂപത്തിന്റെ അര്‍ത്ഥം ഉണങ്ങിയത്‌ (dry)എന്നാണ്‌. സ്ഥാപകന്‍ ചെസ്റ്റര്‍ കാള്‍സണ്‍ ഈ പേര്‌ തിരഞ്ഞെടുക്കാന്‍ കാരണം അക്കാലത്ത്‌ ഡ്രൈകോപ്പിയിംഗ്‌ നവീനമായ ആശയമായിരുന്നു. ഇന്ന്‌ സിറോക്‌സ്‌ എന്ന പദം ഫോട്ടോസ്റ്റാറ്റിന്റെ പര്യായമായി മാറിയിരിക്കുന്നു. കോപ്പിയെടുക്കുന്നത്‌ കാനോണിന്റെയോ തോഷിബയുടേയോ മെഷീനിലായാല്‍ പോലും പറയുന്നത്‌ സിറോക്‌സ്‌ കോപ്പി എന്നാണ്‌. ഇത്‌ പേരിന്റെ വര്‍ദ്ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു.

നെറ്റ്‌വര്‍ക്ക്‌ ഉപകരണരംഗത്തെ പ്രമുഖ കമ്പനിയായ സിസ്‌കോ സിസ്റ്റംസ്‌ന്‌ അത്‌ സ്ഥിതിചെയ്യുന്ന സാന്‍ഫ്രാന്‍സിസ്‌കോ (sanfranCISCO) സിറ്റിയുടെ പേരിന്റെ അവസാനഭാഗത്തോട്‌ സാദൃശ്യമുണ്ട്‌.

അഡോബ്‌പേജ്‌മേക്കറോ ഫോട്ടോഷോപ്പോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. കമ്പനി സ്ഥാപകന്‍ ജോണ്‍ വാര്‍ണോക്കിന്റെ വീടിന്റെ പിന്നിലൂടെ ഒഴുകുന്ന അഡോബ്‌ ക്രീക്ക്‌ എന്ന നദിയുടെ പേര്‌ അങ്ങനെ പ്രശസ്‌തമായി.

കേരളത്തിലും ഇത്തരത്തില്‍ പേരിന്റെ കൗതുകം കാണാം. കേരള സര്‍ക്കാരിന്റെ പതാക വാഹക ഐ.ടി പദ്ധതിയായ ഫ്രണ്ട്‌സ്‌ (FRIENDS -Fast Reliable Instant Efficient Network for Disbursement of Services )എന്ന ഏകജാലക സംവിധാനത്തിന്റെ പൂര്‍ണരൂപം എങ്ങനെയുണ്ട്‌. അതുപോലെ തന്നെ ലോകം ഉറ്റുനോക്കുന്ന കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയ മഹാഭാരതത്തിലെ അക്ഷയപാത്രത്തെ സൂചിപ്പിക്കുന്നു. മഹാഭാരതത്തില്‍ ഒട്ടനവധി പേരുടെ വിശപ്പകറ്റാന്‍ അക്ഷയപാത്രത്തിനായെങ്കില്‍ ഇന്ന്‌ അക്ഷയ വിദ്യാഭ്യാസ പദ്ധതി കംപ്യൂട്ടറിന്റേയും ഐ.ടി.യുടേയും അനന്തസാദ്ധ്യതകളുടെ അക്ഷയപാത്രം നമുക്കുമുന്നില്‍ തുറന്ന്‌ വയ്‌ക്കുന്നു.

"a mind once stretched by a new idea never regains its original dimensions"
- Oliver Wendell Holmes
എല്ലാ പേരുകളും നൂതനമായ ആശയങ്ങള്‍ തന്നെ ആയിരുന്നു.പിന്നീടൊരിക്കലും അവര്‍ക്കാര്‍ക്കും പിന്തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല എന്നത് വര്‍ത്തമാന ചരിത്രം.


comments il സന്തോഷ് said...
ഇതോടൊപ്പം ചേര്‍ത്തു വച്ചു വായിക്കാവുന്ന ഒരെണ്ണം ഞാനും എഴുതിയിട്ടുണ്ട്.

വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം

അവതാരിക
(foreword for my new book-വരൂ നമുക്ക്‌ കംപ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം - based on computer literacy series. The important areas of this book ll appear here in this blog (blook!) soon). Do mail me your comments and suggestions.)

മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച കണ്ടുപിടുത്തമേതെന്ന ചോദ്യത്തിന്‌ ഒന്നിലധികം ഉത്തരങ്ങളുണ്ടാകാം. എന്നാല്‍ മാനവജീവിത ശൈലിയില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്‌ടിച്ച ഉപകരണമേതെന്നു ചിന്തിക്കുമ്പോള്‍ ഒരേ ഒരു രൂപമേ മനസിലെത്തൂ, ഒരു മേശപ്പുറ കംപ്യൂട്ടറിന്റെത്‌ മാത്രം. വിശ്വവിജ്‌ഞാന ലോകത്തേക്കുള്ള പ്രവേശനകവാടമാണ്‌ ഇന്റര്‍നെറ്റിന്റെ ഭാഗമായ ഒരോ കംപ്യൂട്ടറും. ദൈനംദിന ജീവിതത്തിലെ താരതമ്യേന അപ്രധാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ പ്പറ്റിയുള്ള അറിവ്‌ അത്യാവശ്യമാവുകയാണ്‌.

സാമ്പത്തികരംഗത്ത്‌ ധനികനും ദരിദ്രനും എന്ന വ്യത്യാസം ഉള്ളതു പോലെ, കംപ്യൂട്ടര്‍ വിജ്ഞാനരംഗത്തും ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവ്‌ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്‌. 'ഡിജിറ്റല്‍ ഡിവൈഡ'്‌ ഉണ്ടാകുന്നതിനെതിരെ അതിശക്തമായ പ്രവര്‍ത്തനങ്ങളാണ്‌ കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നത്‌. നിലവിലുള്ള സ്ഥാപനങ്ങളേയും അവ നടത്തുന്ന കോഴ്‌സുകളേയും ആശ്രയിച്ചു കൊണ്ടുമാത്രം ഒരു ജനതയെ യാകെ ഡിജിറ്റല്‍ ലോകത്തെത്തിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും ഈ രംഗത്ത്‌ നല്‍കുന്ന സേവനങ്ങള്‍ ലക്ഷ്യബോധത്തോടെയാണ്‌. ഈ സദുദ്യമത്തെ സഹായിക്കാന്‍ പ്രസാധകരും ഗ്രന്ഥകാരന്മാരും നടത്തുന്നസേവനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ലളിതമായ അവതരണ ശൈലി കൊണ്ട്‌ ശ്രദ്ധേയമാണ്‌ ഈ പുസ്‌തകം.കംപ്യൂട്ടര്‍ ശാസ്‌ത്രത്തിന്റെ ആദ്യ പാഠങ്ങളെ സ്‌പര്‍ശിച്ചുകൊണ്ട്‌ ഒരു ഉപയോക്താവിന്റെ തലത്തിലൂടെ കംപ്യൂട്ടറിനെ വീക്ഷിക്കുന്ന ശൈലിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌, സാന്ദര്‍ഭികമായി ചരിത്രത്തിലേക്ക്‌ ഒളിഞ്ഞുനോട്ടം നടത്തുന്നതും വായന രസകരമാക്കുന്നു. സങ്കീര്‍ണ്ണമായ പ്രതിപാദ്യവിഷയം ഏറെലളിതവത്‌കരിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വഭാവികമായുണ്ടാകാവുന്ന ആശയക്കുഴപ്പം കംപ്യൂട്ടര്‍ ശാസ്‌ത്രഞ്‌ജന്മാര്‍ സൂചിപ്പിച്ചേക്കാമെങ്കിലും പൊതുവെ കുറ്റമറ്റ പ്രതിപാദന രീതിയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സ്വീകരിച്ചിരിക്കുന്നത്‌.

കംപ്യൂട്ടര്‍ രംഗത്തെ നവാഗതര്‍ക്കു വേണ്ടിയുളള ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഒരു പ്രധാന സ്ഥാനം പ്രതിപാദനരീതിയും വിഷയവൈവിധ്യവും മൂലം ഈപുസ്‌തകത്തിന്‌ ലഭിക്കും.

കേരളത്തെ സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ സംസ്ഥാനമാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ പങ്കാളികളാകുന്ന ഡി.സി.ബുക്‌സിനും ശ്രീ.വി.കെ.ആദര്‍ശിനും അഭിനന്ദനങ്ങള്‍ നേരുന്നു.

ഡോ. വി.അജയകുമാര്‍
ഡയറക്‌ടര്‍
‍കംപ്യൂട്ടര്‍ കേന്ദ്രം
കേരള സര്‍വകലാശാല

Wednesday, June 27, 2007

ഇ-ഗവര്‍ണ്‍ന്‍സ്‌

വേഗമേറിയതും സുതാര്യമായതുമായതുമായ ഭരണം ഇന്ന്‌ എല്ലാ സര്‍ക്കാരുകളുടെയും മുന്‍ഗണനാവിഷയത്തില്‍പ്പെടുന്നു. വിവരവിനിമയസാങ്കേതികവിദ്യയുടെ വ്യാപകമായ വിന്യാസത്തിലൂടെ ഭരണത്തിന്റെ ഏറ്റവും വലിയ പോരായ്‌മയായ കാലതാമസം ഒഴിവാക്കാനാകുമെന്ന്‌ ലോകമാകമാനം നടക്കുന്ന ഇ-ഗവര്‍ണ്‍ന്‍സ്‌ പദ്ധതികള്‍ ചൂണ്ടിക്കാട്ടുന്നു. നടപടികള്‍ വേഗത്തിലാകുന്നു. എന്നതിലുപരിയായി ദൂരങ്ങളിലുളള ഓഫീസുകളിലേക്ക്‌ പോകുന്നതും ഒഴിവാകും. സമയത്തിന്റേയും ദൂരത്തിന്റേയും അകലം കുറച്ച്‌ ഭരണകൂടവും ജനങ്ങളും കൂടുതല്‍ ക്രീയാത്മകമായി ഇടപെടുന്നു.

ചില സംസ്ഥാനങ്ങള്‍ ഇത്തരം പദ്ധതികള്‍ പൂര്‍ണമായും നേരിട്ട്‌ നടത്തുമ്പോള്‍ ആന്ധ്രാപ്രദേശ്‌ പോലുളള സംസ്ഥാനങ്ങള്‍ സ്വകാര്യ പൊതുസംരഭങ്ങള്‍ വഴി കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ ഇ-ഗവര്‍ണ്‍ന്‍സ്‌ പദ്ധതികള്‍ വ്യാപിപ്പിക്കുന്നൂ. ഇതോടോപ്പം മുന്‍പ്‌ പരിചയിച്ചിട്ടില്ലാത്ത ഒരു സുതാര്യതയെ അഭിമുഖീകരിക്കുകയാണ്‌ ഭരണരംഗം. വിവരങ്ങള്‍ അറിയുക, ശേഖരിക്കുക, വ്യാപനം ചെയ്യുക, പരാതി കൊടുക്കുക, വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുളള പണം അടയ്‌ക്കുക ഇങ്ങനെ വിവിധ സേവനങ്ങള്‍ ഒരു കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. ലോകമോട്ടാകെ ഗവര്‍ണ്‍മെന്റുകള്‍ ഇലക്‌ട്രോണിക്ക്‌ സാങ്കേതികവിദ്യയുടെ സദ്‌ഫലങ്ങള്‍ ഇത്തരത്തില്‍ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌. അച്ചടിച്ച കടലാസിന്‌, വിവരങ്ങള്‍ മിന്നിമറയുന്ന സ്‌ക്രീന്‍ പകരം വയ്‌ക്കുന്നു. സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പേതന്നെ റെയില്‍വേപോലുളള പൊതുസ്ഥാപനങ്ങള്‍ ഇ-ഗവര്‍ണന്‍സിന്റെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക്‌ വരെ എത്തിക്കാന്‍ തുടങ്ങിയിരുന്നു.


പദ്ധതികളുടെ രൂപവല്‍ക്കരണം, നിര്‍വഹണം, ധന-വിഭവവിനിയോഗം എന്നിവ ശാസ്‌ത്രീയമായി നടപ്പില്‍ വരുത്താന്‍ കഴിയുന്നു. ഒരു മൗസ്‌ ക്ലിക്ക്‌ കൊണ്ട്‌ ആയിരക്കണക്കിന്‌ ഫയലുകള്‍ പരതി ഒരു വിവരം ചികഞ്ഞെടുക്കുക എന്നത്‌ ഇലക്‌ട്രോണിക്ക്‌ ലോകത്തില്‍ പുതുമയല്ല. ഇതു തന്നെയാണ്‌ സര്‍ക്കാരില്‍ നിന്നും പെട്ടൊന്നൊരു തീരുമാനത്തിന്‌ ജനങ്ങള്‍ ഇഷ്‌ടപ്പെടുന്നതും.


ഒരു പരാതി എല്‍.ഡി.ക്ലാര്‍ക്ക്‌, യു.ഡി.ക്ലാര്‍ക്ക്‌, അസിസ്റ്റന്റ്‌, സെക്ഷന്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ ഒന്‍പത്‌ പടികള്‍ കടന്ന്‌ മന്ത്രിക്ക്‌ മുന്നിലെത്തുമ്പോഴേക്കും തീരുമാനങ്ങളെയും ഫയലിലെഴുതുന്ന കുറിപ്പുകളെക്കാളും ഫയല്‍ കൈമാറ്റമാണ്‌ സമയമപഹരിക്കുന്നത്‌. സമയബന്ധിതമായി, തീരുമാനങ്ങളെടുക്കുന്ന വഴികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നാല്‍ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ വഴി കാലതാമസം ഇല്ലാതാക്കാം.


ചിലപ്പോള്‍ ഇതര-സമാനവകുപ്പുകളുടെ അഭിപ്രായമാരായേണ്ടി വരിക സ്വാഭാവികം. ഇവിടെയും വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി പൂര്‍ണമായ നെറ്റ്‌ വര്‍ക്കിന്‌ കീഴിലായാല്‍ തീരുമാനങ്ങളെടുക്കാനും തീര്‍പ്പുകല്‍പ്പിക്കാനും എളുപ്പമാകും.


എന്നാല്‍ ശ്രദ്ധ പൂര്‍ണമായും 'ഇ-ഭരണത്തിലെ' രണ്ടാമത്തെ വാക്കായ ഭരണത്തിലാകണം. ഭരണത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ ഉചിതമായ രീതിയില്‍ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന്‌ ചിന്തിക്കണം. ഇത്തരത്തില്‍ സുശക്തമായ ഒരു ഭരണസംവിധാനം സൃഷ്‌ടിക്കാനാകും. ഒരു വില്ലേജിലെ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശാസ്‌ത്രിയമായി ക്രമീകരിച്ച ഡാറ്റാബേസില്‍ സുക്ഷിച്ചിരിക്കുന്ന ഒാഫീസിന്‌ ജാതി സര്‍ട്ടിഫിക്കറ്റോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റോ ലഭ്യമാക്കാന്‍ നമ്പര്‍ മാത്രം മതിയാകും.(ഉദാ: ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡിലെ) ഒരു ഞൊടിയിടയില്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍ ടൈപ്പ്‌ റൈറ്ററില്‍ ചെയ്യുന്നത്‌പോലെ മുഴുവന്‍ വിവരവും ടൈപ്പ്‌ ചെയ്‌ത്‌ ഒരു കംപ്യൂട്ടര്‍ പ്രിന്റ്‌ ഔട്ട്‌ വഴി സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാക്കിയാല്‍ സമയം ഒരു തരത്തിലും ലാഭിക്കാന്‍ കഴിയില്ല.


ഇവിടെയാണ്‌ കംപ്യൂട്ടറൈസേഷനും ഇ ഗവര്‍ണന്‍സും രണ്ടാണെന്ന്‌ മനസിലാക്കേണ്ടത്‌. ഏത്‌ വില്ലേജാഫീസില്‍ ചെന്നാലും നമ്മുടെ അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകുമെന്ന്‌ ഇ ഗവര്‍ണന്‍സിന്റെ നേട്ടമാണ്‌. ഇപ്പോഴുളള വ്യവസ്ഥ അതേ പടി കംപ്യൂട്ടര്‍ രിതിയിലേക്ക്‌ മാറ്റുന്നതാകരുത്‌ ഇ ഗവര്‍ണന്‍സ്‌ മറിച്ച്‌ മുന്‍ പദ്ധതികളുടെ അല്ലെങ്കില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ പോരായ്‌മകള്‍ മനസ്സിലാക്കി ഒരു രൂപാന്തരീകരണം വരുത്തുന്നതാണ്‌ ഇ ഗവര്‍ണന്‍സ്‌. അക്ഷയയുടെ വ്യാപകമായ വിന്യാസം വഴി ഇ സാക്ഷരതയില്‍ നാം ഏറെ മുന്നോട്ട്‌ പോയിട്ടിട്ടുണ്ട്‌. കൂടാതെ ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും ഇ ഭരണത്തില്‍ ഒരുകേരള മോഡല്‍ സ്യഷ്‌ടിക്കാന്‍ നമുക്കാകുമെന്ന്‌ പ്രത്യാശിക്കാം. ഇവിടെ സാങ്കേതിക വിദ്യ മനുഷ്യനന്മയ്‌ക്ക്‌ എന്നപ്രയോഗം എല്ലാ അര്‍ത്ഥത്തിലും നടപ്പിലാകും.


കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍


കേരള സര്‍ക്കാര്‍ http://www.kerala.gov.in/

പി.എസ്‌.സി. http://www.keralapsc.org/

പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ http://www.prd.kerala.gov.in/

പ്രവാസികാര്യ വകുപ്പ്‌ http://www.norka.gov.in/

കേരള ടൂറിസം http://www.keralatourism.org/

കേരള നീയമസഭ http://www.niyamasabha.org/

അക്ഷയ ഇ-സാക്ഷരത http://www.akshaya.net/

കേരള സര്‍വകലാശാല http://www.keralauniversity.edu/

കൊച്ചി ശാസ്‌ത്രസാങ്കതിക സര്‍വകലാശാല http://www.cusat.ac.in/

പൊതു വിദ്യാഭ്യാസ വകുപ്പ്‌ http://www.education.kerala.gov.in/

കെ.എസ്‌.ആര്‍.ടി.സി http://www.keralartc.com/

വൈദ്യുതി ബോര്‍ഡ്‌ http://www.kseboard.com/

ഫോട്ടോകളൊക്കെയും പങ്കുവയ്‌ക്കാം

ക്യാമറാ കണ്ണിലൂടെ ലോകത്തെ കാണാനിഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഒപ്പം ഫോട്ടോ പങ്കിടനിഷ്‌ടപെടടാത്തവരും. ഇന്റര്‍നെറ്റിലൂടെ ഫോട്ടോ പങ്കിടാനുള്ള നവീന സൗകര്യമൊരുക്കുന്ന സൈറ്റുകളിലൊന്നാണ്‌ www.flickr.com . ക്യാമറയോ മൊബീല്‍ ഫോണോ ഉപയോഗിച്ച്‌ എടുക്കുന്ന ഫോട്ടാകള്‍ കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തുക പതിവാണല്ലൊ. എന്നാല്‍ ഇത്തരം ഫോട്ടോ ഷെയറിംഗ്‌ സൈറ്റുകള്‍ വഴി ഫോട്ടാ പങ്കിടുന്നതിനൊപ്പം സന്ദര്‍ശിക്കുന്ന ഫോട്ടോയ്‌ക്ക്‌ രസകരമായ അഭിപ്രായങ്ങളും അടിക്കുറുപ്പും എഴുതാം. ആര്‍ട്‌ ഗ്യാലറി യിലെന്ന പോലെ മികച്ച ചിത്രങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. വെബ്‌ അധിഷ്‌ഠിതമായ മൊബീല്‍ ഫോണിലോ പി.ഡി.എ യിലോ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള മൊബീല്‍ പതിപ്പും ലഭ്യമാണ്‌.

ഇപ്പോള്‍ ബ്ലോഗ്‌ ചെയ്യാനും വ്യാപകമായി flickr സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഗ്രൂപ്പായി ഫോട്ടോ ആസ്വദിക്കാമെന്നത്‌ എടുത്ത്‌ പറയത്തക്ക സവിശേഷതയാണ്‌. വിവാഹം, പൂര്‍വ വിദ്യാര്‍ത്ഥി സമാഗമം, സമ്മേളനം എന്നിവയുടെ ചിത്രങ്ങള്‍ ചടങ്ങിനെത്തുന്ന പലരും പകര്‍ത്തുമല്ലോ. flickr ഗ്രൂപ്പ്‌ വഴി ഇങ്ങനെയെടുക്കുന്ന ചിത്രങ്ങള്‍ കൈമാറുകയും ചെയ്യാം.ഫോട്ടോ സര്‍ച്ച്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. http://www.flickr.com/photos/yourname എന്ന മാതൃകയിലാണ്‌ വിലാസം ലഭിക്കുക. അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ള ഫോട്ടോ യിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുകയോ സ്വകാര്യത സൂക്ഷിക്കാന്‍ വിലക്കുകയോ ആകാം. ഇതിനുവേണ്ടി പ്രൈവസി ഓപ്‌ഷനില്‍ യുക്തമായ സജ്ജീകരണങ്ങള്‍ രേഖപ്പടുത്തിയാല്‍ മതിയാകും.

ഇമെയില്‍ സേവനത്തപോലെ സൗജന്യ പതിപ്പും വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള പതിപ്പും ലഭ്യമാണ്‌. സൗജന്യസേവനത്തില്‍ പ്രതിമാസം 20 ങആ വരെ അപ്‌ ലോഡ്‌ ചെയ്യാം ഒപ്പം 200 ഫോട്ടോ വരെ മൂന്ന്‌ ആല്‍ബങ്ങളായി സൂക്ഷിക്കാം. പ്രതി വര്‍ഷം 1000 രൂപയോളം വരിസംഖ്യ നല്‍കയുള്ള സേവനം തിരഞ്ഞടുക്കുകയാണങ്കില്‍ മാസം 2 MB വരെ അപ്‌ ലോഡ്‌ ചെയ്യുന്നതിനൊപ്പം യഥേഷ്‌ടം ഫോട്ടോകള്‍ വിവിധ ആല്‍ബങ്ങളിലായി ക്രമീകരിക്കാം. ഒപ്പം പരസ്യ രഹിത പേജുകളും. യാഹൂ മെയില്‍ വിലാസം ഉള്ളവര്‍ക്ക്‌ പ്രത്യക Flickr അക്കൗണ്ട്‌ നേടേണ്ടതില്ല. ഈ സൈറ്റ്‌ രൂപകല്‌പന ചെയ്‌തതും വികസിപ്പിച്ചതും കാനഡ യിലെ വാന്‍കോവര്‍ ആസ്ഥാനമായ ലൂഡികോര്‍പ്പ്‌ ആണ്‌.2005 മാര്‍ച്ചില്‍ യാഹൂ എഹശരസൃ നെ സ്വന്തമാക്കി,തുടര്‍ന്ന്‌ ഘടനാപരമായ മാറ്റങ്ങളും വന്നു. അതുകൊണ്ട്‌ തന്നെ യാഹൂ യൂസര്‍നെയിമും പാസ്‌ വേഡും ഉപയോഗിച്ച്‌ Flickr ല്‍ പ്രവേശിക്കുന്നത്‌ സുരക്ഷിതവുമാണ്‌.

Tuesday, June 26, 2007

സ്‌നേഹിതനേ സ്‌നേഹിതനേ

ഓര്‍കുട്ട്‌- ഇന്റര്‍നെറ്റിലെ ചങ്ങാതിക്കൂട്ടം`

എനിക്ക്‌ സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലല്ലോ എന്ന്‌ വലിയ സങ്കടത്തോടെ പറഞ്ഞത്‌ വിദേശത്തുള്ള എന്റെ മകന്‍ നിതീഷ്‌ കുമാറായിരുന്നുഇ.കെ കമലാക്ഷന്‍നായര്‍,എലുമ്പിലാശ്ശേരി വീട്‌, കുന്നശ്ശേരി ദേശം , മാക്കാട്ടുശ്ശേരി പോസ്റ്റ്‌ എന്നത്‌ ഒരു വിലാസമേ അല്ലെന്ന്‌ അവര്‍ തറപ്പിച്ചു പറഞ്ഞു. അവന്റെ ശബ്‌ദം വല്ലപ്പോഴും ഫോണിലൂടെ കേള്‍ക്കാന്‍ കാത്തിരുന്ന അവന്റെ അമ്മ ദാക്ഷായണിക്കും അത്‌ കേട്ടപ്പോള്‍ വലിയ വിഷമമായി. കമലാക്ഷനെന്ന പേര്‌ ഒരു കാലത്ത്‌ ഞങ്ങളുടെ ദേശത്തെ മുന്തിയ തറവാട്ടുകാര്‍ മാത്രം ഇട്ടിരുന്ന വലിയ പരിഷ്‌കാരമുള്ള പേരായിരുന്നല്ലോ മോനേ, എന്ന്‌ ഓര്‍മ്മിപ്പിച്ചപ്പോള്‍ അവന്‍ തീരെ മയമില്ലാത്ത രീതിയില്‍ ചിരിച്ചു. ഭൂഖണ്‌ഡങ്ങലിലൂടെ കടന്ന്‌ പോകുന്നത്‌ കൊണ്ടാകാം അവന്റെ ശബ്‌ദത്തില്‍ പ്രാചീനമായ ഏതോ തണുപ്പും രസക്കേടുമുണ്ടായിരുന്നു. വാക്കുകള്‍ക്കിടയില്‍ ചെറിയോരു വിടവും അന്തമില്ലായ്‌മയും.`സാരമില്ല വഴിയുണ്ട്‌` നിതീഷ്‌കുമാര്‍ എനിക്ക്‌ ധൈര്യം തരികയായി: `ഇനി ഞാനായിട്ട്‌ ഉണ്ടാക്കിതരാം അച്ഛന്‌ പുതിയ ഒരു മേല്‍വിലസം''
-അടയാളവാക്യങ്ങള്‍ - സേതു


മലയാളസാഹിത്യത്തിലെ സൈബര്‍ കഥകളിലോന്നായി വിലയിരുത്തപ്പെടുന്ന സേതുവിന്റെ ഈ കഥയിലെ കമലാക്ഷന്‍ നായര്‍ എന്ന സ്‌ക്കൂള്‍ അദ്ധ്യാപകന്‍ തുടര്‍ന്ന്‌ mash-99@hotmail.com എന്ന ഒറ്റവരി വിലാസത്തിലേക്ക്‌ ചുരുങ്ങേണ്ടിവരുന്നത്‌ രസകരമായി അവതരിപ്പിക്കുന്നു.ഇവിടെ സ്‌ക്കൂള്‍ മാഷിന്‌ ഈ മെയിലിന്റെ സൗകര്യമാണ്‌ പുതുതായി പരിചയപ്പെട്ടതെങ്കില്‍, ഒരു പടിക്കൂടിക്കടന്ന്‌ ഇ മെയിലുളളവര്‍ക്ക്‌ സുഹൃത്ത്‌ ബന്ധത്തിന്റെ നവിന ആശയം ഒരുക്കുകയാണ്‌ ഗൂഗിളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കൂട്ട്‌ .കോം. orkut.com.

കമ്പ്യൂട്ടറുകള്‍ രൂപപ്പെടുത്തിയേടുക്കുന്ന വിര്‍ച്വല്‍ റിയാലിറ്റിയില്‍ സുഹൃത്ത്‌ സംഘത്തിന്റെ നൂതനസാധ്യതകള്‍ മുന്നോട്ട്‌ വെയ്‌ക്കുകയാണ്‌ ഈ വെബ്‌സൈറ്റ്‌. ലോകത്തിന്റെ ഏതുഭാഗത്തായാലും സുഹൃത്തുക്കള്‍ കേവലം ഒരു മൗസ്‌ ക്‌ളിക്ക്‌ അകലെ മാത്രം.തൊഴില്‍, വിദ്യാഭ്യാസ, ആവശ്യങ്ങള്‍ക്കായി ലോകത്തിന്റെ പലകോണുകളിലേക്ക്‌ സ്‌ക്കൂളിലും കോളേജിലും വച്ച്‌ പരിചയപ്പെട്ട കൂട്ടുകാര്‍ എത്തുമ്പോഴേക്കും, പരിചയം പുതുക്കല്‍ ബുദ്ധിമുട്ടേറിയതാണ്‌. ഇ മെയില്‍ വഴി ബന്ധപ്പെടാമെങ്കില്‍ തന്നെയും ഒരു കൂട്ടം ആളുകളെ കൂട്ടിയിണക്കുന്നതിലുപരിയായി നേരിട്ടുളള കത്തിടപാടുകളാണ്‌ ഇ മെയില്‍ വഴി കൂടുതലും നടക്കുന്നത്‌. ഓര്‍ക്കൂട്ടില്‍ അംഗമായികഴിഞ്ഞാല്‍. സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും കാണാനും അഭിരുചി,(ഹോബി, പുസ്‌തകം, സിനിമ, സ്‌പോര്‍ട്‌സ്‌, മറ്റ്‌ വിവരങ്ങള്‍.. ) അറിയാനും നമ്മുടെ സുഹൃത്ത്‌ വലയത്തിലേക്ക്‌ അവരെ കൂടി കൂട്ടാനും സാധിക്കുന്നു. ഒര്‍ക്കുട്ടില്‍ നേരിട്ട്‌ അംഗമാകാന്‍ സാധിക്കില്ല. അംഗമായ ഒരാളുടെ ക്ഷണം അനുസരിച്ച്‌ മാത്രമേ ഒരര്‍ക്കുട്ടിലേക്ക്‌ പ്രവേശിക്കുവാന്‍ സാധിക്കുകയുളളൂ. ഈ കമ്മ്യൂണിറ്റി വെബ്‌ സൈറ്റില്‍ സുഹൃത്ത്‌ബന്ധത്തിന്‌ കൂടുതല്‍ സജീവതയും ചലനാത്‌മകതയും കൈവരുന്നു. ഇപ്പോഴുളള സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനോപ്പം ഓര്‍മ്മയുടെ വിസ്‌മ്യതിയിലാണ്ടു പോയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുളള സാധ്യതയും വെബ്‌ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്‌. നിങ്ങളുടെ ആശയം താത്‌പര്യം, സമകാലികസാഹചര്യങ്ങള്‍ തുടങ്ങി ബിസിനസ്സ്‌ ലക്ഷ്യങ്ങള്‍ വരെ പങ്കുവയ്‌ക്കാം.

മിക്കവരും ഫോട്ടോ ഉള്‍ക്കൊളളിച്ചുട്ടുളളതിനാല്‍ കണ്ടുപിടിക്കുന്നതിന്‌ എളുപ്പമാണ്‌. സുഹൃത്തായി ചേരണമെന്നുളള താത്‌പര്യം അറിയിച്ചാല്‍, സ്വീകരിക്കുന്ന ആളുടെ സമ്മതത്തോടെ അദ്ദേഹത്തെ നമ്മുടെ സുഹൃത്ത്‌ വലയത്തില്‍ ഉള്‍പ്പെടുത്താം. പുതിയ കമമൂണിറ്റികള്‍ ഉണ്ടാക്കാനും സാധിക്കും. ഉദാഹരണത്തിന്‌ അക്ഷയ പഠിതാക്കളുടെ കമ്യൂണിറ്റി ഉണ്ടാക്കി എന്നിരിക്കട്ടെ എല്ലാ അംഗങ്ങള്‍ക്കും സ്വന്തം വെബ്‌ സൈറ്റിന്‌ സമാനമായ പേജുകള്‍ ലഭ്യമാകും. അവിടെ അംഗങ്ങള്‍ക്ക്‌ പരിചയിച്ചിട്ടുള്ള സോഫ്‌ട്‌ വെയര്‍ പാക്കേജുകള്‍, കംപ്യൂട്ടര്‍ ഭാഷകള്‍ തുടങ്ങിയവ രേഖപ്പെടുത്താം, വികസിപ്പിച്ചെടുത്ത സോഫ്‌ട്‌ വെയര്‍ വിതരണം നടത്താം. അതായത്‌ ഒരാവശ്യത്തിന്‌ ഗ്രൂപ്പിലെ എല്ലാവര്‍ക്കും മെയില്‍ അയയ്‌ക്കേണ്ട ആവശ്യമില്ല. മറിച്ച്‌ ശരിയായ ആളിനെ തന്നെ സമീപിക്കാം. കൂടാതെ സമകാലീന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം. പുതിയ ആശയങ്ങള്‍ക്ക്‌ തുടക്കമിടാം. ഇന്ന്‌ ആയിരക്കണക്കിന്‌ ഒര്‍കൂട്ട്‌ കമ്മ്യൂണിറ്റികള്‍ നിലവിലുണ്ട്‌. ഇപുസ്‌തകത്തിന്റെ കമ്മ്യൂണിറ്റിയില്‍ 30,000 ലേറെയും സ്വതന്ത്രസോഫ്‌ട്‌വെയര്‍ സ്ഥാപകന്‍ റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനെ അനുകൂലിക്കുന്നവരുടെ സംഘത്തിന്റെ 12,000 ലേറെയും അംഗങ്ങള്‍ നിലവിലുണ്ട്‌.

സുഹൃത്തിന്റെ ഒര്‍ക്കൂട്ട്‌ ഹോം പേജ്‌ നന്നായിട്ടുണ്ടെങ്കില്‍ ആ പേജിന്‌ താഴെ നിങ്ങള്‍ക്ക്‌ അഭിപ്രായം '' ടെസ്റ്റിമോണിയല്‍'' ആയി രേഖപ്പെടുത്താം. കൂടാതെ സ്‌ക്രാപ്‌ ബുക്ക്‌ എന്ന നൂതന ആശയവും വിവരം രേഖപ്പെടുത്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌ക്രാപ്‌ ബുക്കിന്റ ഏറ്റവും വലിയ മെച്ചം രേഖപ്പെടുത്തിയ അഭിപ്രായം മാറ്റാമെന്നുളളതാണ്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ സുഹൃത്തിന്റെ സ്‌ക്രാപ്‌ ബുക്കില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയെന്നിരിക്കട്ടെ പിന്നീട്‌ കൂറേകൂടി വിശദമായ രീതിയില്‍ അഭിപ്രായം രേഖപ്പെടുത്തണമെങ്കിലോ അഥവാ ഒഴിവാക്കണമെങ്കിലോ അതിനും സൗകര്യമുണ്ട്‌. ഇത്തരത്തില്‍ സ്വന്തം സ്‌ക്രാപ്‌ ബുക്കിലും വിവരം എഴുതാം.

നിയമവിധേയമല്ലാത്തതോ, സഭ്യേതരവുമായതോ ആശയങ്ങളോ, കമ്മ്യൂണിറ്റികളോ കാണുന്ന പക്ഷം `ബോഗസ്‌ ` ആയി രേഖപ്പെടുത്തുവാനുളള സൗകര്യം ഉപഭോക്താവിന്‌ ലഭ്യമാക്കിയിട്ടുളളതിനാല്‍ ഇത്തരത്തിലുളള വിവരങ്ങള്‍ ഉടനടി റദ്ദാക്കപ്പെടും എന്ന്‌ ഗൂഗ്‌ള്‍ ഓര്‍ക്കൂട്ട്‌ ലൈസന്‍സ്‌ എഗ്രിമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌ ഓര്‍ക്കൂട്ട്‌ കമ്യൂണിറ്റി നിലവാരങ്ങള്‍ ശരിയായി പാലിക്കുന്നവര്‍ക്ക്‌ ഓര്‍ക്കൂട്ട്‌ സര്‍ട്ടിഫൈഡ്‌ അടയാളം ലഭ്യമാക്കി യഥാര്‍ത്ത ആള്‍ തന്നെയാണ്‌ വിവരങ്ങള്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നതെന്ന്‌ അറിയാനുളള സംവിധാനവും ഏര്‍പ്പെടുത്തിവരുന്നു.

ഗൂഗിള്‍ ഒര്‍കൂട്ടിന്‌ സമാനമായ.യാഹൂ സംരംഭമാണ്‌ യാഹൂ 360degree, ഇതില്‍ ബ്ലോഗിംഗിന്‌ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒര്‍കൂട്ടിനെ പോലെ ജനപ്രീതി നേടാനായിട്ടില്ല. ഗൂഗിള്‍ എന്‍ജിനീയറായ ഒര്‍കൂട്ട്‌ ബയ്‌ക്കോക്‌ടെന്‍ (Orkot Buyukkokten) തനിക്കനുവദിച്ച ഒഴിവുസമയത്ത്‌ രൂപകല്‍പ്പന ചെയ്‌ത സംവിധാനമാണ്‌ ഇന്ന്‌ വന്‍ജനപ്രീതി നേടുന്നത്‌. മറ്റൊരു മാധ്യമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുളള യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഭിന്നമായ ഒരന്തരീക്ഷത്തിലാണ്‌ നാം ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്തുകയും ചെയ്യുന്നു ഈ സംവിധാനം. പുതിയ കമ്മ്യൂണിറ്റി ഉണ്ടാക്കുന്നതിന്‌ മുന്‍പ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്ന കമ്മ്യൂണിറ്റി നിലവിലുണ്ടോ എന്ന്‌ പരിശോധിക്കുക. നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ചേര്‍ന്നാല്‍ മാത്രം മതിയാകുമല്ലോ.പുതിയത്‌ ഉണ്ടാക്കണമെങ്കില്‍ അതുമാകാം, സമാന കമ്മ്യൂണിറ്റിയില്‍പ്പെട്ട സുഹൃത്തുക്കളെ ക്ഷണിക്കുകയുമാകാം.

Monday, June 25, 2007

ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല


അദ്ധ്യാപകര്‍ക്ക്‌ അനന്തസാദ്ധ്യതകള്‍


ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന്റെ നല്ലൊരു ഭാഗം ഇന്ന്‌ ബി.പി.ഒ. (B.P.O- Business process outsourcing)എന്നറിയപ്പെടുന്ന പുറം ജോലി കരാര്‍ മേഖലയിലാണ്‌. ഉദാഹരണത്തിന്‌ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍, കാള്‍ സെന്റര്‍ മുതലായവ. അതിനെ തുടര്‍ന്ന്‌ വിജ്ഞാന വ്യവസായത്തിന്റെ നല്ലൊരു പങ്കും ഇന്ത്യയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ കെ.പി.ഒ. (Knowledge process outsourcing) എന്നറിയപ്പെടുന്നു. വിജ്ഞാനപുറം ജോലി കരാറില്‍ ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ്‌, ഗവേഷണവികസന പദ്ധതികള്‍, ഡാറ്റാ ബേസ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയ ജോലികള്‍ ഉള്‍പ്പെടുന്നു. പക്ഷേ ഇവിടെ വിശകനശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും നിര്‍ണായക ഘടകങ്ങളാണ്‌. അതുകൊണ്ടുതന്നെ താരതമ്യേന വിദ്യാഭ്യാസമുള്ള സമൂഹത്തിലേക്ക്‌ ഈ ജോലികള്‍ പെട്ടന്നെത്തും. മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ ഏജന്‍സികള്‍, മാധ്യമസ്ഥാപനങ്ങള്‍, വ്യവസായ വാണിജ്യ സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവയാണ്‌ വിജ്ഞാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഐ.ടി കമ്പനികളെ സമീപിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ പുതിയതൊഴില്‍ അന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട്‌ വിദ്യാഭ്യാസ മേഖലയിലെ തൊഴിലും പുറം ജോലി കരാറിലൂടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. ഇത്‌ ഇ.പി.ഒ. (Educational process outsourcing) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അദ്ധ്യാപനവും പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെ ഇന്ത്യയിലേക്ക്‌ എത്തുകയാണ്‌. നവസാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസബോധന സമ്പ്രദായങ്ങളെ ഐ.ടി. വളരെയേറെ മാറ്റി മറിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ ആനിമേഷനും മള്‍ട്ടീമീഡിയാ പ്രസന്റേഷനും ഓണ്‍ലൈന്‍ ആശയവിനിമയവും ഒക്കെയായി വിവരവിജ്ഞാനങ്ങളുടെ അക്ഷയഖനിതന്നെ സ്‌ക്കൂളുളെ കാത്തിരിക്കുന്നു. വെര്‍ച്ച്വല്‍ ലാബുവഴി ലാബോറട്ടറി പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍ സിമുലേഷനിലൂടെ ഇന്ന്‌ ചെയ്യാം. അതായത്‌ ബയോളജി പ്രായോഗിക ക്ലാസില്‍ തവളയെ കൊല്ലേണ്ട ആവശ്യമില്ലാതെയാകും. പകരം തവളയുടെ ആന്തരികാവയവങ്ങളുടെ വിശദമായ വിവരം കംപ്യൂട്ടറിലൂടെ മനസിലാക്കാനാകും. ഇതുകൂടാതെ പാഠ്യക്രമം, പാഠ്യപദ്ധതി എന്നിവയുടെ നിര്‍മ്മാണത്തിനും മനുഷ്യശേഷി വന്‍തോതില്‍ ആവശ്യമുണ്ട്‌. അതുകൊണ്ടുതന്നെ വന്‍ പണ ചിലവുവരുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ സാങ്കേതികപരമായി ഏറെ മുന്നേറിയ അമേരിക്ക, സിങ്കപ്പൂര്‍, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഐ.ടി.എനേബിള്‍ഡ്‌ വിദ്യാഭ്യാസം വ്യാപകമായിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രത്തിനും ഗണിത ശാസ്‌ത്രത്തിനും അമേരിക്കയിലും മറ്റും വിദ്യാര്‍ത്ഥികള്‍ പിന്നോക്കം പോകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഇന്ത്യന്‍ അദ്ധ്യാപകരുടെ ഡിമാന്റ്‌ വര്‍ദ്ധിച്ചിരിക്കുകയാണ്‌. പഴയതുപോലെ അദ്ധ്യാപകര്‍ക്ക്‌ പഠിപ്പാക്കാനായി കടല്‍ കടന്ന്‌ പോകേണ്ടകാര്യമില്ല. ഇവിടെ നാട്ടിലിരുന്നുതന്നെ വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാം. 2010-ഓടെ പത്ത്‌ ലക്ഷം അദ്ധ്യാപകരെ ഇത്തരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കേ വേണ്ടിവരുമെന്ന്‌ കണക്കുകൂട്ടുന്നു. അതാത്‌ രാജ്യങ്ങളിലെ രീതികള്‍ മനസിലാക്കുവാന്‍ അദ്ധ്യാപകര്‍ക്ക്‌ ബുദ്ധിമുട്ടനുഭപ്പെടാന്‍ സാദ്ധ്യതയുണ്ട്‌. ഇത്‌ മറികടക്കുന്ന പരിശീലന പദ്ധതികള്‍ ഐ.ടി. കമ്പനികള്‍ അദ്ധ്യാപകര്‍ക്ക്‌ നല്‍കിവരുന്നു. അദ്ധ്യാപകര്‍ക്ക്‌ ക്ലാസ്‌ മുറിയിലെന്നപോലെ ഓണ്‍ലൈനായി ആശയവിനിമയം നടത്താം. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലെ ശീതീകരിച്ച ഓഫീസ്‌ മുറിയിലിരിക്കുന്ന അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ അമേരിക്കയിലെ ഏതെങ്കിലും സ്‌ക്കൂളിലെ വൈഡ്‌ സ്‌ക്രീന്‌ മുന്നില്‍ ശ്രദ്ധയോടെ ഇരിക്കുകയാവും. ചിലപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെല്ലാം തന്നെ അവരവരുടെ വീട്ടിലെ കംപ്യൂട്ടറിനുമുന്നില്‍ ഇരിക്കുകയുമാകാം. പ്രോജക്‌ടുകള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, അനുബന്ധവിവരങ്ങള്‍ സെര്‍ച്ചു ചെയ്യുക എന്നിവയും അദ്ധ്യാപകന്‌ ചെയ്യാനാകും. ഏതായാലും ബി.പി.ഒ.യ്‌ക്ക്‌ ശേഷം ഇ.പി.ഓയിലൂടെ പുതിയൊരു തൊഴില്‍ മേഖല നമുക്ക്‌ മുന്നിലേക്ക്‌ സാവധാനം തുറന്നിടുകയാണ്‌. ഈ മേഖലയില്‍ ചൈന ഇന്ത്യയ്‌ക്ക്‌ ഒരു വെല്ലുവിളിയേ അല്ല. മാനവവിഭവശേഷിയുടെ കാര്യത്തില്‍ നാം ഏറെ മുന്നിലാണെന്നത്‌ ഇവിടെ മുന്‍തൂക്കമാകുന്നു. ഓരോ വര്‍ഷവും ഇന്ത്യയില്‍ 380 സര്‍വ്വകലാശാലകളില്‍ നിന്നായി 6,000-ത്തില്‍ പരം ഡോക്‌ടറല്‍ ബിരുദധാരികളും 2.5 ദശലക്ഷത്തിലേറെ ബിരുദധാരികളും പുറത്തേക്കിറങ്ങുന്നുണ്ട്‌. മാത്രമല്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനമുള്ള ജനങ്ങള്‍ അതിവസിക്കുന്നതും ഇന്ത്യയിലാണ്‌. ഇതോടൊപ്പം വാര്‍ത്താ വിനിമയ സാങ്കേതിക വിദ്യയെ സഹായിക്കുന്നതിനായി വളരെ കൂടിയ ബാര്‍ഡ്‌വിഡ്‌ത്തുള്ള ഇന്റര്‍നെറ്റ്‌ ബന്ധവും ഇന്ന്‌ ലഭ്യമാണെന്നത്‌ അനുകൂല ഘടകമാണ്‌. അതുകൊണ്ടുതന്നെ മികച്ച ഇംഗ്ലീഷ്‌ പരിജ്ഞാനമുള്ള അദ്ധ്യാപകര്‍ക്ക്‌ ഐ.ടി.വിദഗ്‌ധരെപോലെ ഉയര്‍ന്ന ഡിമാന്റ്‌ ഉടനെ പ്രതീക്ഷിക്കാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തിന്റെ ട്യൂഷന്‍ സെന്ററായി ഇന്ത്യന്‍ ഐ.ടി മേഖല മാറുന്നകാലം വിദൂരമല്ല

ഇ -മാലിന്യം

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌. നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.
ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.

Sunday, June 24, 2007

സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍

“പേറ്റന്റ്, കോപ്പി റൈറ്റ്സ്, നോളജ് കോമണ്‍സ്“ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ്, ഐ.ടി.മിഷന്‍, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി തിരുവനന്തപുരത്ത സംഘടിപ്പിച്ച ശില്പശാലയില്‍ കോളംമ്പിയ യൂനിവേഴ്സിറ്റി യിലെ പ്രൊഫ. ഏബന്‍ മോഗ്ലന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് , ഐ.ടി. സ്പെഷ്യല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും എന്നിവര്‍ പങ്കെടുത്തു.
സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍ എടുത്തു പറഞ്ഞു. ഇലക്ട്രോണിക് ലോകത്തെ നിയന്ത്രിക്കുന്നവര്‍ വിജയിക്കുന്ന സമകാലിക ലോകത്താണ്‍ നാം ജീവിക്കുന്നതെന്നും, ഇതിനെ നീതിനിഷേധമോ അല്ലാതെയോ മറികടക്കുന്നവര്‍ കരുത്തരായി ജീവിക്കുന്നു. പരാജിതരാവുന്നവര്‍ വിജയികളുടെ ചൊല്‍പ്പടിക്കു ജീവിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പ്രശ്നത്തെ അതിജീവിക്കാന്‍ സാധ്യമായ മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ചെറു കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിച്ച് എതിര്‍പ്പിനെ എതിര്‍ത്ത് (റെസിസ്റ്റ് ദ റെസിസ്റ്റന്‍സ്)തോല്പിക്കാനുള്ളശക്തി ഇത്തരം ഇങ്ങനെ നേടണമെന്നു അദ്ദേഹം പറഞ്ഞു.നൂതനവും സൃഷ്ടിപരമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കുത്തകാവകാശം നല്‍കണമെന്ന വാദം ശരിയല്ലെന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളുടെ വക്താവായ പ്രൊഫ. മോഗ്ലന്‍ അഭിപ്രായപ്പെട്ടു. പേറ്റന്റിനെയും, പകര്‍പ്പവകാശത്തെയും കുറിച്ച് മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.പരിമിതികളില്ലാത്ത കൂട്ടായ്മയുടെ സുവര്‍ണ്ണ ഉദാഹരണമായി സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെ പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി ഒപ്പം നേരെ എതിര്‍ ദിശയിലുള്ള പ്രവര്‍ത്തനത്തിനു പുതിയ അഗോളവല്‍ക്റിത ലോകത്തിലെ സമ്പന്നനായ ബില്‍ഗേറ്റ്സിന്റെ ഉടമസ്തതയിലുള്ള മൈക്രൊസൊഫ്റ്റിനെ ഉദാഹരണമായി പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി. 'സൃഷ്ടിപരവും നൂതനവും ആയ പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നില്ല ബില്‍ ഗേറ്റ്സ് സമ്പന്നനായത് . ചെറുകിട സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍നിര്‍മിച്ച സോഫ്റ്റ്‌വെയറുകള്‍ കുറച്ച് പണം കൊടുത്ത് സ്വന്തമാക്കിയും അതിന്റെ ഉപയോക്താക്കളെ പ്രോപ്രൈറ്ററി നീയമത്തിലൂടെ നിയന്ത്രിച്ചുംമൈക്രോസോഫ്ടിന്റെ അറ്റാദായം വര്‍ധിപ്പിച്ചു . മൈക്രോ സോഫ്റ്റിന്റെ വേര്‍ഡ് തന്നെ ഉദാഹരണമായെടുക്കുക. വളരെ ചെറിയ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ മാത്രം നടത്തിയാണ്‍ ഒരോ പുതിയ പതിപ്പുകളും വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്പകര്‍പ്പവകാശ നിയമങ്ങള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വത്തിനുതന്നെ എതിരാണ്. ഇപ്പോഴത്തെ പകര്‍പ്പവകാശ നീയമം അനുസരിച്ച് ഉല്‍പ്പന്നമോ പ്രക്രീയയോ വികസിപ്പിച്ചെടുത്ത സ്ഥാപനത്തിനോ അല്ലെങ്കില്‍ വ്യക്തിക്കോ ഇരുപത് വര്‍ഷത്തെക്കു പകര്‍പ്പവാകാശം ലഭിക്കും എന്നാല്‍ സങ്കേതികമായി അഭൂത പൂര്‍വമായ വളര്‍ച്ച കൈവരിക്കുന്ന സമകാലിക ലോകത്ത് ഇത് വളരെ കൂടിയ കാലയളവാണെന്നും 5 വര്‍ഷമായി ഇതിനെ മാറ്റുന്നതായിരിക്കും ഉചിതമെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷത്തെ അമേരിക്കന്‍ നിയമചരിത്രമെടുത്ത് നോക്കിയാല്‍ നീതിനിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാവുമെന്നും നീയമ വിദഗ്ദന്‍ കൂടിയായ പ്രൊഫ. മോഗ്ലന്‍ പറഞ്ഞു.


Saturday, June 23, 2007

ഗോര്‍ഡന്‍ മൂര്‍ നിയമം


കംപ്യൂട്ടറിന്റെ പ്രോസസിംഗ്‌ ശേഷി വര്‍ദ്ധനയെപ്പറ്റി നിര്‍ണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഗോര്‍ഡന്‍ മൂര്‍.


ഇലക്‌ട്രോണിക്‌സ്‌ മാഗസിന്റെ 1965 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 35-ാം വാര്‍ഷിക പതിപ്പിലാണ്‌ ഒരു പ്രവചനമെന്നോണം അന്ന്‌ ഫെയര്‍ചൈല്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോര്‍ഡന്‍ മൂര്‍ ലേഖനം എഴുതിയത്‌. അതുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ വച്ച്‌ മൈക്രോ പ്രോസസറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച്‌ പ്രവചനം നടത്തുകയായിരുന്നു. ?ഒരു ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പിലുള്‍ക്കൊള്ളിച്ചിട്ടുള്ള ട്രാന്‍സിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും? എന്നായിരുന്നു ലേഖനത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഇത്‌ 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടര്‍ ലോകം ഈ പ്രവചനത്തെ ഗോര്‍ഡന്‍ മൂര്‍ നിയമം എന്ന്‌ വിളിക്കാന്‍ തുടങ്ങി.


നാളിതുവരെ കംപ്യൂട്ടര്‍ മേഖലയിലുണ്ടായ വളര്‍ച്ച ഗോര്‍ഡന്‍ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ല്‍ ഒരു ഐ.സി.ചിപ്പില്‍ 30 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുമായിരുന്നെങ്കില്‍ ഇന്ന്‌ സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച്‌ വര്‍ഷത്തേക്ക്‌ കൂടി മൂര്‍ നിയമത്തിന്‌ വെല്ലുവിളി ഉണ്ടാകില്ലെന്ന്‌ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ല്‍ ഐ.ബി.എം. ആദ്യത്തെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ പുറത്തിറക്കുമ്പോള്‍ വെറും 10 മെഗാബൈറ്റ്‌ വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ വിപണിയില്‍ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്‌. 1983-ലെ ഈ പി.സി.യ്‌ക്ക്‌ 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വര്‍ഷം മുമ്പ്‌ നടത്തിയ പ്രവചനം കംപ്യൂട്ടര്‍ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇന്ന്‌ ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത്‌ 200 ദശലക്ഷം ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലേക്ക്‌ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യവളര്‍ന്നിരിക്കുന്നു. ആറ്റം അടിസ്ഥാനഘടനയായുള്ള വസ്‌തുക്കള്‍ക്ക്‌ ഭൗതികമായ ചെറുതാകല്‍ പരിമിതി ഉള്ളതിനാല്‍ ഇനി എത്രകാലം ഗോര്‍ഡന്‍ മൂര്‍ നിയമം നിലനില്‍ക്കുമെന്നത്‌ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നുണ്ട്‌. ക്വാണ്ടം ഡോട്‌സും നാനോ ടെക്‌നോളജിയും അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന്‌ ഒരു ഭാഗം വിദഗ്‌ധര്‍ വാദിക്കുന്നു.


ഇന്ന്‌ 90 നാനോമീറ്റര്‍ ലെവലിലാണ്‌ ചിപ്പ്‌ നിര്‍മ്മാണം നടക്കുന്നത്‌. ഒരു ദശാബ്‌ദം മുമ്പ്‌ ഇത്‌ 500 നാനോമീറ്റര്‍ ലെവലിലായിരുന്നു. 1929-ജനുവരി 3-ാം തീയതി ജനിച്ച ഗോര്‍ഡന്‍മൂര്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം എടുത്തശേഷം കാലിഫോര്‍ണിയാ ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും ഭൗതിക-രസതന്ത്രത്തില്‍ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയില്‍ റോബര്‍ട്ട്‌ നോയിസുമായി ചേര്‍ന്ന്‌ ഇന്റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതുവരെ 11 വര്‍ഷക്കാലം ഡോ. ഗോര്‍ഡന്‍ മൂര്‍ ഫെയര്‍ ചൈല്‍ഡില്‍ ജോലി നോക്കി. റോബര്‍ട്ട്‌ നോയിസ്‌ നേരത്തെ 1959-ല്‍ ജാക്ക്‌ കില്‍ബിയുമായി ചേര്‍ന്ന്‌ ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കണ്ടുപിടിച്ചിരുന്നു. റോബര്‍ട്ട്‌ നോയിസിന്റേയും ഗോര്‍ഡന്‍മൂറിന്റേയും ഒത്തുചേരല്‍ ഇന്റലിനും കംപ്യൂട്ടര്‍ ലോകത്തിനും നിസ്‌തുലസംഭാവനകള്‍ നല്‍കിയ തുടക്കമായിരുന്നു. 1971-ല്‍ 2300 ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസര്‍ പുറത്തിറങ്ങി. ഇന്ന്‌ ഇന്റലിന്റെ ഏറ്റവും പുതിയ മൈക്രോ പ്രോസസറില്‍ കോടിക്കണക്കിന്‌ ട്രാന്‍സിസ്റ്റര്‍ ഉള്‍ക്കൊള്ളുന്നു. ഗോര്‍ഡന്‍മൂര്‍ തുടക്കത്തില്‍ ഇന്റലിന്റെ എക്‌സിക്യൂട്ടിവ്‌ പ്രസിഡന്റായിരുന്നു.പിന്നീട്‌ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായി. ഇപ്പോള്‍ ഇന്റല്‍ കോര്‍പ്പറേഷനില്‍ വിസിറ്റിംഗ്‌ ചെയര്‍മാനായി സേവനം അനുഷ്‌ടിക്കുന്നു.മറ്റേത്‌ സാങ്കേതിക വിദ്യയേക്കാളും ഐ.സി.ചിപ്പ്‌ നിര്‍മ്മാണം അതിദ്രുതം വളരുകയായിരുന്നു. സമാനതകളില്ല, എന്നു വേണമെങ്കില്‍ പറയാം. വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക. 1978-ല്‍ ന്യൂയോര്‍ക്ക്‌ നിന്ന്‌ പാരീസിലേക്ക്‌ പറക്കാന്‍ 900 അമേരിക്കന്‍ ഡോളറും 7 മണിക്കൂറും എടുത്തിരുന്നു. ഗോര്‍ഡന്‍മൂര്‍ നിയമം ഇവിടെ പ്രയോഗിച്ചാല്‍ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റില്‍ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും.
മൈക്രോ പ്രോസസര്‍ വര്‍ഷം ട്രാന്‍സിസ്റ്റര്‍ എണ്ണം
4004 1971 2,300
8008 1972 2,500
8080 1974 4,500
8086 1978 29,000
ഇന്റല്‍ 286 1982 134,000
ഇന്റല്‍ 386 1985 275,000
ഇന്റല്‍ 486 1989 1,200,000
ഇന്റല്‍ Pentium 1993 3,100,000
ഇന്റല്‍ Pentium II 1997 7,500,000
ഇന്റല്‍ Pentium III 1999 9,500,000
ഇന്റല്‍ Pentium 4 2000 42,000,000
ഇന്റല്‍ Itanium 2001 25,000,000
ഇന്റല്‍ Itanium 2 2002 220,000,000
ഇന്റല്‍ Itanium 2 (9 MB Cache) 2004 592,000,000

Thursday, June 21, 2007

ഇ - വോട്ടിംഗ്‌

തിരഞ്ഞെടുപ്പിന്റെ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തിയാല്‍ ആദ്യം മനസ്സിലേക്കെത്തുന്നത്‌ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനാണ്‌ (ഇ.വി.എം). ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‌ വഴി വോട്ടെണ്ണല്‍ ത്വരിതഗതിയിലായി, അസാധു അപ്രത്യക്ഷവും. അച്ചടി ബാലറ്റ്‌ എണ്ണിതിട്ടപ്പെടുത്തി ഒരു പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ ഫലം പ്രഖ്യാപിക്കുവാന്‍ 20 മുതല്‍ 40 മണിക്കൂര്‍ വരെ എടുത്തിരുന്നു. എന്നാല്‍ ഇ.വി.എം എത്തിയതോടെ കൗണ്ടിംഗ്‌ തുടങ്ങി 3 - 4 മണിക്കൂറിനുള്ളില്‍ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ വരെ സാധിക്കുന്നു. ഇനി റീകൗണ്ടിംഗ്‌ വേണമെങ്കില്‍ തന്നെയും 1 മണിക്കൂര്‍ മതിയാകും. ഇതുകൊണ്ടുള്ള പ്രധാനനേട്ടം പരിസ്ഥിതിക്ക്‌ തന്നെയാണ്‌, ടണ്‍ കണക്കിന്‌ കടലാസാണ്‌ ലാഭിക്കാന്‍ സാധിക്കുന്നത്‌. ഇതോടൊപ്പം വോട്ടെണ്ണലിന്‌ വേണ്ടിവരുന്ന പണച്ചിലവും മനുഷ്യാധ്വാനവും വളരെക്കണ്ട്‌ കുറയുവാന്‍ സാധിക്കുന്നു. എന്നാല്‍ ഇ.വി.എം ന്‌ ചില പോരായ്‌മകളുണ്ട്‌. 2004 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്റെ പിറ്റേദവസം മുംബൈയില്‍ നിന്ന്‌ പുറത്തിറങ്ങിയ വളരെ പ്രചാരമുളള ഒരു ഇംഗ്ലീഷ്‌ ദിനപത്രം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്‌ ഹാനീകരമായ വിവരങ്ങളാണ്‌ പുറത്ത്‌ വിട്ടത്‌. മഹാരാഷ്‌ട്രയിലെ മുംബൈ നോര്‍ത്ത്‌ മണ്‌ഡലത്തില്‍ കാനിവാലി പ്രദേശത്ത്‌ ഗോവിന്ദയ്‌ക്ക്‌ കൂടുതല്‍ പേര്‍ വോട്ടുനല്‌കിയെന്നും എന്നാല്‍ ബോഗീവാലിയില്‍ എതിരാളി രാംനായ്‌ക്ക്‌നെ കൂടുതല്‍പ്പേര്‍ തുണച്ചുവെന്നും പത്രം വെളിപ്പെടുത്തിയത്‌ പ്രദേശം തിരിച്ചുളള കൃത്യമായ കണക്കിന്റെ പിന്‍ബലത്തോടെയായിരുന്നു. പേപ്പര്‍ ബാലറ്റാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ വിവിധ ബൂത്തുകളുടെ ബാലറ്റുകള്‍ കൂട്ടികലര്‍ത്തി പ്രാദേശികമായ കണക്കെടുപ്പുകളെ ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇ.വി.എം. ഇത്തരത്തില്‍ വോട്ട്‌ കൂട്ടി കലര്‍ത്താന്‍ അനുവദിക്കുന്നില്ല. എന്താണ്‌ ഇതിന്‌ പരിഹാരം? അതോടൊപ്പം കൂടുതല്‍ മേന്മയോടെ എന്തെല്ലാം പരിഷ്‌ക്കാരം വരുത്തുവാന്‍ വിവരസാങ്കേതിക വിദ്യക്കാകും എന്ന്‌ പരിശോധിക്കുകയാണിവിടെ. സാങ്കേതികപരമായി ഏറെ മുന്നേറിയ അമേരിക്കയില്‍ ഇപ്പോഴും പേപ്പര്‍ ബാലറ്റാണ്‌ ഉപയോഗിക്കുന്നതെങ്കിലും അടുത്തകാലത്ത്‌ ബ്രസീലില്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ നടത്തിയ തിരഞ്ഞെടുപ്പിന്റെ വിജയം ഗൗരവമായി പഠിക്കുകയാണ്‌ അമേരിക്കന്‍ ഭരണകൂടം.മുന്‍പ്‌ വിവരിച്ച തരത്തില്‍ ബൂത്ത്‌ തലത്തില്‍ വരെയുളള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നത്‌ ഓരോ ഇ.വി.എം. ലെയും വോട്ട്‌ പ്രത്യേകമായി ശേഖരിച്ച്‌ കൂട്ടിയെടുക്കുന്നത്‌ മൂലമാണ്‌. ഒരു സെന്‍ട്രല്‍ കണ്‍ട്രോളിംഗ്‌ യൂണിയറ്റുമായി വോട്ടെണ്ണുന്ന വേളയില്‍ ഇ.വി.എം നെ ബന്ധിപ്പിച്ചാല്‍ ഇപ്പോഴുള്ള പ്രശ്‌നം പൂര്‍ണമായും ഒഴിവാകും. മാത്രമല്ല ഇപ്പോള്‍ 3-4 മണിക്കൂര്‍ വരെയെടുക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയ ഏതാണ്ട്‌ ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യും. ബൂത്ത്‌ തിരിച്ചുളള ഫലം ലഭ്യമാകില്ല. പേപ്പര്‍ ടാബുലേഷന്‍ കുറയുമെന്നതിനൊപ്പം അപ്പോള്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ്‌ വഴി ഫലം നല്‍കി മാധ്യമപ്രവര്‍ത്തകരുടെ അലച്ചിലും ഒഴിവാക്കാന്‍ സാധിക്കും. മേല്‍ വിവരിച്ചത്‌ നിലവിലുളള ഇ.വി.എം ന്റെ പോരായ്‌മ പരിഹരിക്കാനുതകുമെങ്കില്‍ അടുത്ത സാധ്യത ഒരു സമ്പൂര്‍ണമായ മാറ്റം തന്നെ സൃഷ്‌ടിക്കും.ഈ സംവിധാനത്തെ ഓണ്‍ലൈന്‍ വോട്ടിംഗ്‌ എന്നു വിളിക്കാം. ജനാധിപത്യപ്രക്രിയയില്‍ പോളിംഗ്‌ ശതമാനം കുറയുന്ന പ്രവണതയാണ്‌ ലോകമൊട്ടാകെയുളള കണക്കുകള്‍ ചൂണ്ടി കാട്ടുന്നത്‌. ഇതിന്‌ പല കാരണങ്ങളുണ്ടാകാം. ആഗോളവല്‍കൃതമായി കഴിഞ്ഞ കേരളം പോലെയുളള സമൂഹത്തില്‍ നിന്നും എത്ര ലക്ഷം പേര്‍ ഗള്‍ഫ്‌ നാടുകളില്‍ പണിയെടുക്കുന്നുണ്ട്‌. അതിലും എത്രയോ കൂടുതല്‍ ആളുകള്‍ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്‌. ജനാധിപത്യം എല്ലാജനങ്ങളുടെയും ക്രിയാത്മകമായ പ്രവര്‍ത്തനമായതിനാല്‍ ഇവര്‍ വോട്ട്‌ ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പേപ്പര്‍ ബാലറ്റിന്‌ പരിമിതികളുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ക്ക്‌ ഇതുവരെയും സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതും. എന്നാല്‍ ഓണ്‍ലൈന്‍ വോട്ടിന്റെ പ്രയോജനം നോക്കുക. പരസ്‌പരം ബന്ധിപ്പിച്ച വോട്ടിംഗ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ വിപ്ലവം തന്നെ സൃഷ്‌ടിക്കാനാകും. ഇതിനായി വോട്ടേഴ്‌സ്‌ ഐ.ഡി. കാര്‍ഡിലെ നമ്പരോ, പ്രത്യേകമായി നല്‍കപ്പെട്ട ബാര്‍കോഡോ ഉപയോഗപ്പെടുത്താവുന്നതാണ്‌. എല്ലാവര്‍ക്കും ഇത്തരത്തിലെ കാര്‍ഡ്‌ നല്‍കി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ ആദ്യകടമ്പ കഴിഞ്ഞുവെന്ന്‌ പറയാം. എ.ടി.എം. കൗണ്ടര്‍ പോലെ പരസ്‌പരം ബന്ധിപ്പിച്ച സംവിധാനമായതിനാല്‍ പുതിയ സാധ്യതകള്‍ അനവധിയാണ്‌. ഏത്‌ വോട്ടര്‍മാര്‍ക്കും ഏത്‌ ബൂത്ത്‌ വഴിയും പോളിംഗ്‌ സമയത്തിനുളളില്‍ വോട്ട്‌ രേഖപ്പെടുത്താം. രണ്ട്‌ ഭാഗങ്ങളുളള വോട്ടിംഗ്‌ മെഷീന്റെ മാസ്റ്റര്‍ യൂണിറ്റില്‍ പോളിംഗ്‌ ഓഫീസര്‍ വോട്ടറുടെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ അടക്കമുളള വിവരങ്ങള്‍ ലഭ്യമാകും. ശരിയാണെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ബാലറ്റ്‌ യൂണിറ്റിലേക്ക്‌ വോട്ടറെ അയയ്‌ക്കാം. അപ്പോള്‍ ബാലറ്റ്‌ യൂണിറ്റില്‍ വോട്ടറുടെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ പേര്‌, ചിഹ്നം, ഫോട്ടോ എന്നിവ തെളിയും. എന്തിന്‌ വേണമെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ ചെറുവിവരണം വരെ ലഭ്യമാക്കാം. ടച്ച്‌ സ്‌ക്രീന്‍ വഴി അമര്‍ത്തുമ്പോഴേക്കും വോട്ട്‌ ചെയ്‌ത സ്ഥാനാര്‍ത്ഥിയുടെ വിവരം സ്‌ക്രീനില്‍ തെളിയും. ഇത്‌ ശരിയാണെങ്കില്‍ വോട്ടര്‍ക്ക്‌ അന്തിമമായി വോട്ട്‌ രേഖപ്പെടുത്തി തിരിച്ചുപോകാം. തിരുവനന്തപുരത്തുളള വോട്ടര്‍ക്ക്‌ മലപ്പുറത്തോ കാസര്‍കോട്ടോ ഉളള ബൂത്ത്‌ വഴി തന്റെ മണ്ഡലത്തിലെ വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നത്‌ ചില്ലറകാര്യമല്ലല്ലോ? ഒരു വോട്ടര്‍ക്ക്‌ ഒരു പ്രാവശ്യം മാത്രമേ വോട്ട്‌ രേഖപ്പെടുത്താന്‍ അനുവദിക്കുകയുളളൂ. അതോടൊപ്പം മെഷീനില്‍ പിടിപ്പിച്ചിട്ടുളള ക്യാമറ വഴി വോട്ട്‌ ചെയ്യുമ്പോഴുളള ഫോട്ടോ കംപ്യൂട്ടര്‍ സൂക്ഷിക്കുകയും ചെയ്യും. ഭാവിയില്‍ തര്‍ക്കം ഉണ്ടാകുന്ന പക്ഷം സെര്‍വറില്‍ നിന്ന്‌ വോട്ടും, വോട്ടറുടെ ഫോട്ടോയും ഒക്കെ കോടതിക്ക്‌ പരിശോധനക്ക്‌ വിധേയമാക്കാം. ഇനി പുറം രാജ്യങ്ങളിലെ വോട്ടര്‍മാര്‍ക്ക്‌ അതാത്‌ എംബസികളില്‍ സജ്ജീകരിച്ചിട്ടുളള ഇത്തരം ഓണ്‍ലൈന്‍ വോട്ടിംഗ്‌ മെഷീന്‍ പ്രയോജനപ്പെടുത്താം. ഡെല്‍ഹിയിലോ, കൊല്‍ക്കത്തയിലോ ഉളള വോട്ടര്‍ക്കും ഇങ്ങനെ വോട്ട്‌ ചെയ്യാം. ഐ.ടി. കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ വോട്ട്‌ ചെയ്യാറില്ലന്നത്‌ അടുത്ത കാലത്ത്‌ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. ബാംഗ്ലൂരില്‍ മാത്രം ഏകദേശം 5 ലക്ഷത്തോളം അന്യസംസ്ഥാനത്തെ പ്രൊഫഷണലുകള്‍ ജോലിയെടുക്കുന്നുണ്ട്‌. ഇത്തരത്തിലുളള സംവിധാനം വഴി വോട്ട്‌ രേഖപ്പെടുത്താമെങ്കില്‍ അവരത്‌ പ്രയോജനപ്പെടുത്തുകയും ജോലി തടസ്സമില്ലാതെ നടക്കുകയും ചെയ്യും. ഇത്‌ മാത്രമല്ല ഓണ്‍ ലൈന്‍ വോട്ടിന്റെ നേട്ടം. കേന്ദ്രീകൃതസര്‍വറുമായി ഘടിപ്പിച്ചിട്ടുളളതിനാല്‍ പോളിംഗ്‌ തീരുന്ന അഞ്ച്‌ മണി കഴിഞ്ഞ്‌ അരമണിക്കൂറിനുള്ളില്‍ തന്നെ രാജ്യത്തെ മുഴുവന്‍ ഫലവും അറിയാനും സാധിക്കും. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ നേട്ടം വ്യക്തിയുടെ സ്വകാര്യത(Privacy) കുറയുകയും സമൂഹത്തിന്റെ സുതാര്യത(Transparancy) കൂടുകയും ചെയ്യുമെന്നതാണ്‌. എന്നായാലും ജനാധിപത്യത്തിന്‌ സുതാര്യത അത്യന്താപേക്ഷിതമാണല്ലോ? ഭാവിയില്‍ ഇന്റര്‍നെറ്റ്‌ വഴി വോട്ട്‌ രേഖപ്പെടുത്താനുളള സൗകര്യവും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇനി കംപ്യൂട്ടര്‍ ഇല്ലാത്ത വര്‍ക്ക്‌ ടെലഫോണിലെ ശബ്‌ദാനുവര്‍ത്തി (IVRS) സംവിധാനം വഴി വോട്ട്‌ ചെയ്യാനും ആകും. നൂറു കൊല്ലം മുമ്പ്‌ ഇന്റര്‍നെറ്റിന്റെ സങ്കല്‌പം ആരെങ്കിലും പറഞ്ഞെങ്കില്‍ അന്നത്തെ ശാസ്‌ത്രഞ്‌ജന്‍മാര്‍ പോലും പുച്ഛിച്ചുതളളുമായിരുന്നു. എന്തിന്‌ 1984 ല്‍ വില്യം ഗിബ്‌സണ്‍ എന്ന ശാസ്‌ത്രകഥാകാരന്‍ സൈബര്‍ സ്‌പെയ്‌സിനെ പറ്റി പറഞ്ഞപ്പോള്‍ വായനക്കാര്‍ക്കും നിരൂപകര്‍ക്കും അചിന്ത്യമായിരുന്നു. ഗിബ്‌സനെ നിര്‍ദയം ആക്ഷേപിക്കുകയും ചെയ്‌തു. സാങ്കേതിക വിദ്യയില്‍ ഇന്നത്തെ സങ്കല്‍പ്പം നാളത്തെ യാഥാര്‍ത്ഥ്യമാകും.18-#ം നൂറ്റാണ്ടില്‍ ജൂള്‍ വേര്‍ണ്‍ 'എ വോയേങ്‌ ടു മൂണ്‍' എന്ന തന്റെ നോവലില്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്‌ ഭാവനയില്‍ കണ്ടപ്പോള്‍ ബാലിശമെന്നായിരുന്നു സമകാലിക വിമര്‍ശം. എന്നാല്‍ കൃത്യം നൂറ്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ സുരക്ഷിതനായി ചന്ദ്രനിലെത്തി. ഓണ്‍ ലൈന്‍ വോട്ടിംഗ്‌ അത്രക്ക്‌ അല്‍ഭുതം ജനിപ്പിക്കില്ലെങ്കിലും, എങ്ങനെ നടക്കും എന്ന്‌ ആശ്ചര്യപ്പെടാത്തവരുണ്ടാകില്ല. ഫിംഗര്‍ പ്രിന്റ്‌, റെറ്റിന ഐഡന്റിഫിക്കേഷന്‍ തുടങ്ങിയ ബയോസാധ്യതകളും ഈ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുവാനായാല്‍ വോട്ടര്‍മാരെ തിരിച്ചറിയാനുളള സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. എ.ടി.എം കൗണ്ടര്‍ പോലുളള പോളിംഗ്‌ സ്റ്റേഷനുകള്‍ സമീപഭാവിയില്‍ തന്നെ നമുക്കിടയിലേക്കെത്തുമെന്ന്‌ പ്രതീക്ഷിക്കാം. ഇന്നുപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ കേരളത്തിലെ പറവൂരിലാണ്‌ ആദ്യമായി വിജയകരമായ പരീക്ഷണം നടത്തിയത്‌. ഇന്ത്യയില്‍ ഏറ്റവും കൂടിതല്‍ ഇ-സാക്ഷരതയുമുളള കേരളം ഓണ്‍ ലൈന്‍ വോട്ടിംഗിലും ഒരു മാതൃക സൃഷ്‌ടിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

404 : File Not Found

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ അപൂര്‍വമായെങ്കിലും കാണുന്ന ഒരു പേജ്‌ ഉണ്ട്‌ . ? Room 404 : file not found?.നിരാശയാണ്‌ പലര്‍ക്കും ഈ പേജ്‌ സൃഷ്‌ടിക്കുന്നത്‌. എന്നാല്‍ എന്താണ്‌ ഈ സന്ദേശം. 404 എന്ന നമ്പര്‍ നമ്പര്‍ എങ്ങനെ വന്നു. ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം തന്നെ ഈ വെബ്‌ പേജിനും പഴക്കമുണ്ട്‌. അതോടൊപ്പം ഇന്റര്‍നെറ്റിന്റെ ആദ്യകാല വികസന പ്രവര്‍ത്തനങ്ങളുടെ നന്ദിയോടുള്ള സ്‌മരണയുമാണ്‌ 404.1995 മുതലാണ്‌ ഇന്റര്‍നെറ്റ്‌ നമുക്ക്‌ പരിചിതമായി തുടങ്ങുന്നത്‌. പക്ഷെ ഇതിന്റെ ശരിയായ തുടക്കം 1969 ല്‍ അമേരിക്കയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ അഡ്വാന്‍സ്‌ഡ്‌ റിസര്‍ച്ച്‌ പ്രോഗ്രാം ഏജന്‍സി (ARPA) യുടെ നെറ്റ്‌ വര്‍ക്കായ ARPANET ല്‍ നിന്നാണ്‌. ശാസ്‌ത്രജ്ഞര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും വിദൂര സ്ഥലങ്ങളിലിരുന്ന്‌ ആശയ കൈമാറ്റത്തിനായി ടെലഫോണ്‍ മുഖേന സ്ഥാപിച്ച ശ്രംഖല. എന്നാല്‍ വിപ്ലവകരമായ ഒരു ഗതിമാറ്റം ഇന്റര്‍നെറ്റിനുണ്ടാകുന്നത്‌ www എന്ന ഇന്റര്‍ഫേസ്‌ ജനീവയിലെ CERN എന്ന സ്ഥാപനത്തിലെ ഗവേഷണ ഫലത്തില്‍ നിന്നും ഉരുത്തിരിയുന്നതോടെയാണ്‌. CERN എന്നാല്‍ യൂറോപ്യന്‍ ഹൈ എനര്‍ജി ഫിസിക്‌സ്‌ ലാബോറട്ടറി. ടിം ബര്‍ണേഴ്‌സ്‌ലി എന്ന ശാസ്‌ത്രജ്ഞനാണ്‌ ഈ ടീമിന്‌ നേത്യത്വം നല്‍കിയത്‌. ഹൈപ്പര്‍ ടെക്‌സ്റ്റ്‌ എന്ന വിദ്യ ആദ്യമായി വരുന്നത്‌ www വഴിയാണ്‌. ഒരക്ഷരത്തിലോ വാക്കിലോ വാചകത്തിലോ ചിത്രത്തിലോ ക്വിക്ക്‌ ചെയ്‌ത്‌ പുതിയൊരു വെബ്‌ പേജിലെത്തുന്ന രീതിയാണ്‌ ഹൈപ്പര്‍ലിങ്ക്‌ സാധ്യമാക്കി തീര്‍ത്തത്‌. ഇതോടെ ഒരു ബബ്‌പേജില്‍ പരശതം വിവര സൂചികകള്‍ കുത്തി നിറക്കാമെന്നായി. അതോടൊപ്പം തന്നെ വിവരം ചെകഞ്ഞെടുക്കല്‍ സങ്കീര്‍ണ്ണ പ്രക്രിയയുമായി എന്നു പറയെണ്ടതില്ലല്ലോ . പക്ഷെ ഇന്ന്‌ നിമിഷാര്‍ധം കൊണ്ട്‌ തന്നെ ലക്ഷകണക്കിന്‌ ബബ്‌ പേജുകള്‍ ഗൂഗള്‍ ചെയ്യാനോ യാഹു ചെയ്യാനോ നമുക്ക്‌ സാധിക്കുന്നു.എന്നാല്‍ ഈ സര്‍ച്ചിന്റെ ആദ്യകാലം CERN ലാബില്‍ എങ്ങനെയായിരുന്നു. ഇന്ന്‌ നാം കാണുന്ന മാധ്യമ വിപ്ലവമായ ഇന്റര്‍നെറ്റിലേക്ക്‌ പാഠം (text), ചിത്രം, ശബ്‌ദം, ചലനം തുടങ്ങി വിവിധ ഉപാധികളെ ഉള്‍കൊള്ളിക്കുന്ന ഡാറ്റാ ബേസും അതിനുപയുക്തമായ സര്‍ച്ച്‌ സംവിധാനവുമൊരുക്കുക എന്നതായിരുന്ന CERN ലെ യുവശാസ്‌തജ്ഞരുടെ ലക്ഷ്യം. പക്ഷെ ഈ യുവ ശാസ്‌ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണ പുരോഗതി പുറം ലോകത്തെ അറിയിക്കുന്നതില്‍ വിമുഖരായിരുന്നു. CERN ന്റെ ഓഫീസ്‌ വളപ്പിലെ 4-ാം നമ്പര്‍ കെട്ടിടത്തിലെ മുറിയുടെ നമ്പരായിരുന്നു 404. ഇവിടെയാണ്‌ കേന്ദ്രീകൃത ഡാറ്റാബേസ്‌ സ്ഥാപിതമായിരുന്നത്‌. ഫയലിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ വഴി തിരിച്ച്‌ വിടുന്നത്‌ ഈ റൂമിലേക്കായിരുന്നു. രണ്ട്‌ മൂന്ന്‌ യുവാക്കള്‍ മാനുവലായി ആക്കാലത്ത്‌ സാദ്ധ്യമാക്കിത്തീര്‍ത്തു. ഇന്ന്‌ നമ്മുടെ കമ്പൂട്ടറുകളില്‍ നിന്ന്‌ ഒരു വേഡ്‌ഫലയലോ ഒരു ചിത്രമോ ചികഞ്ഞ്‌ എടുക്കുന്നതുപോലെ. താമസിയാതെ ഫയലുകളുടെ എണ്ണവും അന്വേഷണവും വര്‍ദ്ധിച്ചുവന്നു. അതോടൊപ്പം സര്‍ച്ച്‌ ചെയ്യുന്നവാക്കില്‍ അക്ഷരതെറ്റുകളും ഉണ്ടായിരുന്നു, ഇത്‌ സര്‍ച്ചിംഗ്‌ സങ്കീര്‍ണ്ണമാക്കി. ഉടന്‍തന്നെ ഇവര്‍ റൂം 404; ഫയല്‍ നോട്ട്‌ ഫൗണ്ട്‌ എന്ന സന്ദേശം തിരിച്ചയയ്‌ക്കാന്‍ തുടങ്ങി. പൂര്‍ണമായും ഡിജിറ്റല്‍ നിയന്ത്രിത സംവിധാനങ്ങള്‍ നിലവില്‍ വന്നപ്പോഴും ഇവരോടുള്ള സ്‌മരണ നിലനിര്‍ത്തികൊണ്ട്‌ 404 ഫയല്‍ നോട്ട്‌ ഫൗണ്ട്‌ എന്ന സന്ദേശം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്‌. അതായത്‌ അന്ന്‌ 404-ാം നമ്പര്‍ റൂമില്‍ അദ്ധ്വാനിച്ച മനസ്സുകള്‍ക്ക്‌ ഇന്നും സര്‍ച്ച്‌ സ്‌പെയിസില്‍ ഒരിടെമുണ്ടെന്നു പറയാം. അങ്ങനെ അവരുടെ ഓര്‍മ്മ നാം പുതുക്കുന്നുണ്ട്‌. എന്നാല്‍ ഇതോടുചേര്‍ന്ന്‌ വായിക്കാവുന്ന മറ്റൊരു കഥയുണ്ട്‌. 404-ലെ ഒന്നാമത്തെ അക്കം കെട്ടിട നമ്പരിനെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്‌ 101 ഒന്നാമത്തെ കെട്ടിടത്തിലെ 1-മാത്തെ ഓഫീസ്‌ റൂമിനെ സൂചിപ്പിക്കുന്നു. പക്ഷേ നാലാമത്തെ കെട്ടിടത്തില്‍ ഓഫീസ്‌ റൂം തുടങ്ങിയതുതന്നെ 410-ലായിരുന്നത്രെ. അതായത്‌ 404-റൂം നമ്പര്‍ തന്നെ നോട്ട്‌ ഫൗണ്ടായിരുന്നെന്ന്‌ ഈ മിത്ത്‌ സൂചിപ്പിക്കുന്നു. ഏതായാലും വേള്‍ഡ്‌ വൈഡ്‌ വെബ്‌ കണ്‍സോര്‍ഷ്യം (W3C) ആണ്‌. ഇത്തരത്തില്‍ നമ്പരുകള്‍ അനുവദിക്കുന്നത്‌. 404 ഫയല്‍ നോട്ട്‌ ഫൗണ്ട്‌ സൂചിപ്പിക്കുന്നത്‌ ഫയല്‍ അത്‌ നിലവിലില്ല എന്നല്ല. നിങ്ങളുടെ ബൗസറിന്‌ സെര്‍വ്വറുമായി ബന്ധം സ്ഥാപിക്കാന്‍ ആവുന്നു. ചിലപ്പോള്‍ താല്‌കാലികമായ പ്രശ്‌നങ്ങളുണ്ട്‌. കാരണം അക്ഷര തെറ്റാകാം. എന്നാല്‍ പിന്നീട്‌ സര്‍ച്ച്‌ ചെയ്‌താല്‍ വിവരലഭ്യതയുണ്ടായേക്കാം.

Sunday, June 03, 2007

ഇനി വായന ഇ-വായന


ഉപയോഗിച്ച്‌ പുസ്‌തകത്തിന്റെ ഉളളടക്കത്തെ സോഫ്‌ട്‌ കോപ്പിയായി സൂക്ഷിച്ച്‌, ഇഷ്‌ടാനുസരണം വായനക്കാരന്‌ ലഭ്യമാക്കുന്ന സങ്കേതമാണ്‌ ഇപുസ്‌തകം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സാധാരണ പുസ്‌തകത്തിന്റെ ഒട്ടേറെ പരിമിതികള്‍ ഇ-പുസ്‌തകത്തില്‍ ഇല്ലാതാവുകയാണ്‌. പേപ്പറില്‍ പ്രത്യേകരീതിയില്‍ പ്രസാധകന്റെ അഭിരുചിക്കനുസരിച്ച്‌ അച്ചടിച്ച്‌ ലഭ്യമാകുന്ന രീതിയാണല്ലോ പുസ്‌തക വിപണിയില്‍ അനുവര്‍ത്തിച്ച്‌ വരുന്നത്‌. ഇലക്‌ട്രോണിക്‌ വായനയില്‍ പ്രസാധകന്റെ അഭിരുചിയെന്നത്‌ പൂര്‍ണമായും ഒഴിവാകുന്നു പകരം വായനക്കാരന്‍ ആ ഭാഗം ഏറ്റെടുക്കുന്നു. സോഫ്‌ട്‌ കോപ്പിയായി ലഭ്യമായതിനാല്‍ വായനക്കാരനിഷ്‌ടമുളള നിറത്തില്‍, വലിപ്പത്തില്‍, ഫോണ്ടുകള്‍ നിരത്താം. പശ്ചാത്തലത്തില്‍ ചിത്രങ്ങളോ, ഗ്രാഫുകളോ ഉപയോഗിക്കാം. അടയാളപ്പെടുത്തലുകള്‍ ആവശ്യാനുസരണം നടത്താം. ഇവിടെ വായനക്കാരന്‍ വിപണിയിലെ രാജാവാകുന്നു. മാത്രമല്ല, പുസ്‌തകം പലപ്പോഴും എഡിഷനുകള്‍ മാറ്റുമ്പോഴായിരിക്കും അക്ഷരതെറ്റുകള്‍ ഒഴിവാക്കപ്പെടുന്നതും, കാലികമായ കൂട്ടിച്ചേര്‍ക്കലുകളും ഇളക്കിയെടുക്കലും നടത്തുന്നതും, കാരണം ഇത്‌ പണച്ചെലവുളള ഏര്‍പ്പാട്‌ തന്നെ എന്നതാണ്‌. എന്നാല്‍ ഡിജിറ്റല്‍ രൂപത്തില്‍ കാര്യമായ അധിക ചിലവില്ലാതെ അപ്‌ഡേറ്റായ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കാം.മാത്രമല്ല, ചിലവ്‌ വളരെ കുറവാണ്‌. പ്രായമേറിയവര്‍ക്ക്‌ വലിയ ഫോണ്ടില്‍ കാണുന്നതിന്‌ ഇ-വായന സൗകര്യപ്രദമാണ്‌. പ്രാദേശികമായ എഡിഷനുകള്‍ ഒരു ഭാഷയ്‌ക്കുള്ളില്‍ നിന്നു പോലും ലഭ്യമാക്കാം. വടക്കന്‍ കേരളത്തില്‍ ഒരു ശൈലി തെക്കന്‍ കേരളത്തില്‍ മറ്റൊരു ശൈലി. ഇങ്ങനെ പുസ്‌തകം തീര്‍ത്ത വേലിക്കേട്ടുകളെ തകര്‍ത്തെറിയാന്‍ ഇ-പുസ്‌തകത്തിനാകും.


ഒ.വി. വിജയന്റെ പുസ്‌തകം ഒരു എഡിഷന്‍ കോപ്പി 2000 കവര്‍ പേജുമായി ഇറങ്ങിയത്‌ പുസ്‌തക ലോകത്തെ അത്ഭുതമായിരുന്നു. എന്നാല്‍ ഇത്തരം 'അത്ഭുതങ്ങള്‍' ക്കൊന്നും ഇ-പുസ്‌തകത്തില്‍ സ്ഥാനമില്ല. ഇപ്പോഴത്തെ ബുക്കിനെ അതേപടി ഒരു പിഡിഎഫ്‌ ഫയലാക്കി സിഡിയിലോ ഇന്റര്‍ നെറ്റിലോ ലഭ്യമാക്കിയാല്‍ ഇ-വായന എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്ന പൂര്‍ണമായ അര്‍ത്ഥം കിട്ടണമെന്നില്ല. മറിച്ച്‌ ഹൈപ്പര്‍ ലിങ്ക്‌ സങ്കേതം വഴി, ബന്ധപ്പെട്ട വിവരത്തിലേക്ക്‌ അല്ലെങ്കില്‍ ചിത്രം, വീഡിയോ, ആഡിയോ, എന്നിവയിലേക്കെത്താന്‍ സാധിക്കുമ്പോള്‍ ഇ-വായന അതിന്റെ ലഭ്യമായ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്‌ പറയാം. നാനോ ടെക്‌നോളജിയിലെ അടിസ്ഥാന ഗ്രന്ഥമായ 1986 ല്‍ പ്രസിദ്ധീകരിച്ച എറിക്‌ ഡക്‌സലറുടെ 'എന്‍ജിന്‍സ്‌ ഓഫ്‌ ക്രിയേഷന്‍' ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്‌. www.foresight.org/eoc ഇവിടെ സാധാരണ പുസ്‌തകത്തിനെ അതേപടി ഒരു പിഡിഎഫ്‌ ഫയലാക്കി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്നു.സാധാരണ പുസ്‌തകം നേര്‍ വായന (ലീനിയര്‍) ആണ്‌ സാധ്യമാക്കുന്നതെന്ന്‌ പറയാം. ഉദാഹരണത്തിന്‌ കൂടുതല്‍ വ്യക്തമാക്കേണ്ട അഥവാ സൂചിക ഉള്ള വാക്കുകള്‍ക്കോ, വാചകങ്ങള്‍ക്കോ മേല്‍ അക്ഷരമോ ചിഹ്നമോ നല്‍കുകയും. വായനക്കാരന്‍ ആ സൂചിക ഉപയോഗപ്പെടുത്തി അതേ പേജിന്റെ താഴത്തെ വരിയിലോ ഗ്രന്ഥത്തിന്റെ അവസാന പേജുകളിലോ എത്തി കൂടുതല്‍ വിവരം ഗ്രഹിച്ചെടുക്കുന്ന രീതി. എന്നാല്‍ ഇ-വായനയില്‍ ഹൈപ്പര്‍ ലിങ്കുകള്‍ ലീനിയര്‍ വായനയെ പൊളിച്ചെഴുതുകയാണ്‌. കൂടുതല്‍ വിശദീകരണം ആവശ്യമുളള വാക്കില്‍, വാചകത്തില്‍ ഒരു മൗസ്‌ ക്ലിക്ക്‌കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഗ്രഹിച്ചെടുക്കുന്ന രീതി. അതുകൊണ്ട്‌ തന്നെ ടൈറ്റാനിക്ക്‌ കപ്പലിനെക്കുറിച്ചുളള ലേഖനം വായിക്കുമ്പോള്‍ കൂടുതല്‍ വിവരം അറിയണമെങ്കില്‍ ഹൈപ്പര്‍ ലിങ്കു വഴി ടൈറ്റാനിക്ക്‌ എന്ന വന്‍കപ്പലിന്റെ ചിത്രത്തിലേക്കോ അല്ലെങ്കില്‍ സമുദ്രാന്തര്‍ ഭാഗത്ത്‌ ഗവേഷകര്‍ കണ്ടെത്തിയ പോളിഞ്ഞ കപ്പല്‍ ഭാഗത്തേക്കോ എത്താം. ചില അവസരങ്ങളില്‍ വീഡിയോ, ആഡിയോ, അനിമേഷന്‍(ഉദാ:ശാസ്‌ത്രപരീക്ഷണങ്ങള്‍) എന്നിവയും ലഭ്യമാക്കാം. ഇത്തരം വായന ഏകാഗ്രതയെ തകര്‍ക്കും എന്ന വാദഗതി നിലവിലുണ്ടെങ്കിലും വായന എന്നത്‌ വിവരം ഗ്രഹിക്കുവാനുളള ഉപാധിയാണെങ്കില്‍ കൂടുതല്‍ ആഴത്തില്‍ വിവരം അറിയുന്നതിലെന്താണ്‌ തെറ്റ്‌. ഇന്ററാക്‌ടിവിറ്റിയാണ്‌ സമകാലീന മാധ്യമ സവിശേഷത. ആസ്വാദകന്റെ അഭിരുചിക്കനുസരിച്ച്‌ ഇടപെടാന്‍ സാധിക്കുന്നു എന്ന്‌ പറയാം. സാങ്കേതികവിദ്യയുടെ ഉപയോഗം തന്നെ ഒരു മാധ്യമത്തെ അതേപടി മറ്റോരി മാധ്യമത്തിലേക്ക്‌ പകര്‍ത്തി മാറ്റലല്ല, മറിച്ച്‌ പുതിയ മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉള്‍ക്കോള്ളുകയാണ്‌. Application of technology is to transform the existing system not to translate the existing system. പുസ്‌തകവായനയുടെ പരിമിതിയെ ഇ-വായന മറിക്കുന്നുണ്ടെന്ന്‌ പറയാം ഉദാഹരണത്തിന്‍ ബീഥോവന്റെ സിംഫണിയെക്കുറിച്ച്‌ എത്ര വായിച്ചാലും അത്‌ കേള്‍ക്കുന്നത്‌ പോലെയാകില്ലല്ലോ. അതുപോലെ തന്നെ എത്ര കേട്ടാലും ബീഥോവന്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തെ കുറിച്ചോ, ശാരീരിക വൈകല്യങ്ങളെ സമര്‍ഥമായി അതിജീവിച്ചതോ, ബീഥോവന്റെ സിംഫണിയെക്കുറിച്ചുളള വിവരണമോ നിങ്ങള്‍ക്ക്‌ ലഭിക്കുകയില്ലല്ലോ? ഇത്‌ രണ്ടും രണ്ടുതരം സാങ്കേതിക വിദ്യയുടെ പരിമിതിയാണ്‌. എന്നാല്‍ ഇവയുടെ സമജ്ഞസമായ കൂടിചേരലാണ്‌ ഇ-വായന പ്രധാനം ചെയ്യുന്നത്‌. മൂന്ന്‌ സാധ്യതകളും വായനക്കാരന്റെ അഭിരുചിക്കനുസരിച്ച്‌ ഉപയോഗിക്കാം: വായന, ബീഥോവന്റെ സിംഫണിയുടെ ശബ്‌ദാസ്വാദനം, അഥവാ ഇവ രണ്ടും.വായനയെ പ്രധാനമായും രണ്ടായിതിരിക്കാം ഗൗരവമായവായനയും അല്ലാത്തവയും. പത്രവായനയും മാസികവായനയും അത്രയ്‌ക്ക്‌ ബൗദ്ധികമായ അധ്വാനം ആവശ്യപ്പെടുന്നില്ല. വെറുമൊരു നേരം പോക്ക്‌ പോലെ മറ്റ്‌ പല പരിപാടികള്‍ക്കൊപ്പമാണ്‌ നാം ഇത്തരം വായന വായന നടത്തുന്നത്‌. കൂടുതലും വിവരശേഖരണത്തിനാണ്‌ ഈ രീതി ഉപയുക്തമാകുന്നത്‌. എന്നാല്‍ ഗൗരവമായ വായന: വായിക്കുന്ന അന്തരീക്ഷം, മാധ്യമം, തുടങ്ങി ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പത്രം വായിക്കുന്നത്‌ പോലെയല്ലല്ലോ നാം പരിഗണിക്കുക. ഇലക്‌ട്രോണിക്‌ വായനയുടെ കാര്യത്തില്‍ ഗൗരവമായ വായനയെ രണ്ടായി തിരിക്കാം. വൈജ്‌ഞാനിക ശാഖയിലെ വായനയും സര്‍ഗ്ഗസാഹിത്യ വായനയും സര്‍ഗ്ഗസാഹിത്യ വായനയ്‌ക്ക്‌ ഇതുവരെ ഇ-പുസ്‌തകങ്ങള്‍ കാര്യമായ വെല്ലുവിളിയായിട്ടില്ല. എന്നാല്‍ വൈജ്ഞാനിക ശാഖയില്‍ ഈ വായന അപരിമിതമായ അവസരങ്ങളാണ്‌ തുറന്നിടുന്നത്‌. വൈജ്ഞാനികമായ വായനയ്‌ക്ക്‌ വസ്‌തുനിഷ്‌ടമായ സമീപനം ആവശ്യം. പലപ്പോഴും ശാസ്‌ത്രതത്വങ്ങളും, വിവരാപഗ്രഥനവും, സ്ഥിതി വിവരക്കണക്കുകളും അഭിവാജ്യഘടകവുമാണ്‌. ഇവിടെയാണ്‌ ഇ-വായനയുടെ പ്രസക്തി. സാധാരണ വിവര സ്രോതസായി ഇയര്‍ ബുക്കിനെ നാം ആശ്രയിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ എത്രമാത്രം അപ്‌ഡേറ്റാണ്‌. ഇന്ത്യയിലെ ടെലഫോണ്‍ സാന്ദ്രതയ്‌ക്ക്‌ ഇയര്‍ ബുക്ക്‌ നല്‍കുന്ന ഉത്തരം മിക്കവാറും തൊട്ട്‌ മുന്‍പവസാനിച്ച ഡിസംബറിലെ സ്ഥിതി വിവരക്കണക്കായിരിക്കും. ഓരോ മാസവും ലക്ഷക്കണക്കിന്‌ ടെലഫോണ്‍ കണക്ഷന്‍ പുതുതായി കൂട്ടി ചേര്‍ക്കപ്പെടുന്ന അവസ്ഥയില്‍ ഇയര്‍ ബുക്കുകളെ എത്ര മാത്രം ആശ്രയിക്കാനാകും. ഇ-ബുക്കുകളുടെ അടുത്ത പ്രത്യേകത ഇതിന്റെ സര്‍ച്ച്‌ സവിശേഷതയാണ്‌. സര്‍ച്ച്‌ ബോക്‌സില്‍ ആവശ്യമുളള വാക്കോ വാചകമോ ടൈപ്പ്‌ ചെയ്‌താല്‍ ലേഖനത്തില്‍ എവിടെയൊക്കെ സര്‍ച്ച്‌ വാക്ക്‌ ആവര്‍ത്തിക്കപ്പെടുന്നു വെന്ന്‌ എളുപ്പത്തില്‍ അറിയുവാനും അവിടേക്ക്‌ എത്താനും സാധിക്കും. സര്‍ച്ച്‌ ഏന്‍ജിനേയേയും ഇത്തരം സര്‍ച്ചിനേയും വായനയില്‍ രണ്ട്‌ വീക്ഷണ കോണുകളില്‍ നിന്ന്‌ കാണേണ്ടതുണ്ട്‌. ഒരു ലേഖനത്തില്‍ / ബുക്കിനുളളിലെ സര്‍ച്ച്‌ ക്ലിപ്‌തമായ വിവരം ലഭ്യമാക്കുമ്പോള്‍, സര്‍ച്ച്‌ എന്‍ജിനിലെ ഇതേ വാചകം ഉപയോഗിച്ചുളള പ്രയോഗം ഹൈപ്പര്‍ലിങ്കുകളുടെ ഒരു പെരുക്കമായിരിക്കും നിരത്തുക. ഈ ഇന്‍ഫര്‍മേഷന്‍ ഓവര്‍ ലോഡ്‌ പലപ്പോഴും ശരിയായ വിവരം കിട്ടാന്‍ ഉപകരിക്കണമെന്നില്ല. നിമിഷാര്‍ധത്തില്‍ ദശലക്ഷക്കണക്കിന്‌ വിവരസുചികകള്‍ ഡസ്‌ക്‌ ടോപ്പിലേക്കെത്തുമ്പോള്‍ വിവരപ്പെരുക്കത്തിന്റെ തലവേദന ശരിക്കും ബോധ്യമാകും.ഒരു വായനശാലയിലെ പുസ്‌തകശേഖരത്തിന്‌ ഗ്രന്ഥശാലയുടെ ധനശേഷിയുടേയും, ലഭ്യമായ പുസ്‌തകങ്ങളുടേയും അടിസ്ഥാനത്തില്‍ ഒട്ടേറെ പരിമിതികളുണ്ട്‌. എന്നാല്‍ പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗ്‌ (http://www.gutenberg.org/) പോലുളള ഓപ്പണ്‍ ഗ്രന്ഥശാലകളില്‍ ദിനം പ്രതി നൂറുകണക്കിന്‌ ഗ്രന്ഥങ്ങളില്‍ വിവിധ ഭാഷകളിലായി കൂട്ടി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. പകര്‍പ്പവകാശം കഴിഞ്ഞ മലയാളം പുസ്‌തകങ്ങളുടെ ഒരു ശേഖരം ഇന്റര്‍നെറ്റില്‍ ഈയിടെ 'പഞ്ചതന്ത്ര' എന്ന പേരില്‍ (http://panchathantra.org) ആരംഭിക്കുകയുണ്ടായി. കൂടാതെ സ്‌പെഷലിസ്റ്റ്‌ സേവനങ്ങളുമായി വേബ്‌സൈറ്റുകള്‍ ലഭ്യമാണ്‌ കൂടുതലും മറ്റ്‌ ഭാഷകള്‍ പഠിക്കാനും ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌ത പുസ്‌തകങ്ങളും ഒക്കെയാണ്‌ സ്‌പെഷ്യലിസ്റ്റ്‌ സൈറ്റുകളുടെ വിഭവം. ഇത്തരത്തില്‍ മികച്ച ഒരു സൈറ്റാണ്‌ വഴി. ഓര്‍ഗ്‌ (http://vazhi.org) അറബിഭാഷ മലയാളത്തിലേക്ക്‌ പഠിക്കാമെന്നതിനോപ്പം ഖുറാന്‍ പഠനത്തിനും സംശയനിവാരണത്തിനും ഡൗണ്‍ ലോഡിംഗിനും ഇത്‌ സൗകര്യമൊരുക്കുന്നു. ചെറുതും വലുതുമായ ഒട്ടേറെ ഇ-വായന ശാലകള്‍ ഇന്റര്‍ നെറ്റില്‍ സജീവമാണ്‌. ഓണ്‍ ലൈന്‍ പുസ്‌തക കടകളും, ആമസോണില്‍(http://www.amazon.com)ചില പേജുകള്‍ മറിച്ചു നോക്കിയ ശേഷം വാങ്ങുവാനും ബുക്ക്‌ റിവ്യുവായിക്കാനും അവസരമൊരുക്കുന്നുണ്ട്‌.ഗൗരവതരമല്ലാത്ത വായനയിലാണല്ലോ നാം പത്രപാരായണത്തെ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ സമീപകാലത്തെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌, പത്രങ്ങളിലില്ലാത്ത വിവരങ്ങള്‍ വെബ്‌ എക്‌സ്‌ക്ല്യൂസിവായി മിക്ക പത്രങ്ങളും ഇന്റര്‍ നെറ്റില്‍ ലഭ്യമാകുന്നുണ്ട്‌. പത്രം ഇന്റര്‍ നെറ്റിലെക്കെത്തുന്നതാണ്‌. നാം ഇതുവരെ കാണുന്നതെങ്കില്‍ തെഹല്‍ക്ക പോലുളള മാധ്യമങ്ങള്‍ ആദ്യം ഇന്റര്‍ നെറ്റിലെത്തിയശേഷം പിന്നീട്‌ അച്ചടിശൈലിയിലേക്ക്‌ ആഴ്‌ചപത്രമായി എത്തുകയായിരുന്നു. ക്രിക്കറ്റ്‌ വിവരങ്ങള്‍ ലഭ്യമാകുന്ന ക്രിക്‌ഇന്‍ഫോ.കോം ഇപ്പോള്‍ അച്ചടി രൂപത്തില്‍ എത്തിയിട്ടുണ്ട്‌.