Friday, May 25, 2007

energy crisis and conservation

ഊര്‍ജം, ഊര്‍ജ സംരക്ഷണം
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക. എന്നാല്‍ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവയും വളരെ പ്രാധാന്യമുണ്ട്‌. നമ്മുടെ നാട്ടില്‍ വൈദ്യുതി പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണല്ലോ ഉല്‍പ്പാദിപ്പിക്കുന്നത്‌. എന്നാല്‍ ജലസ്രോതസുകള്‍ കൊണ്ട്‌ കേരളത്തെപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളും സമ്പന്നമല്ല. അതിനാല്‍ ഡീസല്‍, കല്‍ക്കരി, ആണവ ഇന്ധനം എന്നിവ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ നാം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പരോക്ഷമായി മുകളില്‍ സൂചിപ്പിച്ച ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌.എന്തുകൊണ്ട്‌ ഊര്‍ജസംരക്ഷണംഭൂമിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഇന്ധനസ്രോതസുകളെല്ലാം വറ്റികൊണ്ടിരിക്കുകയാണ്‌. പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, മനുഷ്യ ജീവിതം ഭൂമിയില്‍ ഉടലെടുക്കുന്നതിനും മുന്‍പ്‌ ഭൂമിക്കടിയില്‍ കുഴിച്ചു മൂടപ്പെട്ട ജൈവവസ്‌തുക്കള്‍ ജീര്‍ണ്ണിച്ചുണ്ടായ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തി, കുഴിച്ചെടുത്ത്‌, ശുദ്ധീകരിച്ച്‌ മനുഷ്യനാവശ്യമായ ഊര്‍ജമാക്കി മാറ്റുന്ന സംവിധാനമാണല്ലോ നാം ഉപയോഗപ്പെടുത്തി വരുന്നത്‌.ഇനി എത്രനാള്‍.. സൃഷ്‌ടിക്കപ്പെട്ടതിന്റെ നൂറിരട്ടി വേഗത്തിലാണ്‌ മനുഷ്യന്‍ ഇങ്ങനെയുള്ളപ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്നത്‌.ലോകത്തിലെ എല്ലാ എണ്ണ ഉറവിടങ്ങളും വറ്റി കൊണ്ടിരിക്കുകയാണ്‌.കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ പുതിയ എണ്ണ ഉറവിടങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. നാം ഇന്നുപയോഗിക്കുന്ന രീതി തുടര്‍ന്നാല്‍ പെട്രോളിയം 30 വര്‍ഷത്തേക്കും പ്രകൃതി വാതകം 55 വര്‍ഷത്തേക്കും മാത്രമേ ശേഷിക്കൂ. മാത്രമല്ല എല്ലാ രാജ്യത്തും പെട്രോളിയം നിക്ഷേപം ഇല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്‌. അതായത്‌ ലോക സമ്പദ്‌വ്യവസ്ഥ തന്നെ എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ലഭ്യമായതിന്റെ മൂന്നിലൊന്ന്‌ മാത്രമാണ്‌ തദ്ദേശിയമായി ഉദ്‌പാദിപ്പിക്കുന്നത്‌. ബാക്കി മൂഴുവനും ഇറക്കുമതി ചെയ്യുകയാണ്‌.ഊര്‍ജപ്രതിസന്ധിഭാവിലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്‌ ഊര്‍ജപ്രതിസന്ധിയാണ്‌. ഇത്‌ എങ്ങനെ തരണം ചെയ്യാം. ഇവിടെയാണ്‌ ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം. ഇന്ന്‌ ഊര്‍ജക്ഷാമം പരിഹരിക്കാനായി വിവിധ രാജ്യങ്ങള്‍ ഊര്‍ജസംരക്ഷണ ഉപാധികള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. സൗരോര്‍ജം, തിരമാല, ഭൗമതാപോര്‍ജം, ജൈവാവശിഷ്‌ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ്‌, ജെട്രോഫാ പോലുള്ള ചെടികളില്‍ നിന്നുണ്ടാക്കുന്ന ബയോഡീസല്‍ എന്നീ ഊര്‍ജസ്രോതസുകളായിരിക്കും നാളത്തെ ഇന്ധനങ്ങള്‍. ഇ

ത്തരത്തില്‍ പുതുക്കപ്പെടാന്‍ കഴിയുന്ന ഊര്‍ജസ്രോതസുകള്‍ വ്യാപകമാക്കുന്നതും പ്രചരിപ്പിക്കുന്നതും ഊര്‍ജ സംരക്ഷണത്തോടൊപ്പം നടത്തി വരുന്ന പ്രവര്‍ത്തനമാണ്‌.


ഊര്‍ജത്തിന്റെ യൂണിറ്റ്‌

ഊര്‍ജം അളക്കുന്ന യൂണിറ്റ്‌ പ്രധാനമായും ജൂള്‍ (joules) ആണ്‌. താപം ഒരു ഊര്‍ജരൂപമാണെന്ന്‌ കണ്ടെത്തിയ ജെയിംസ്‌ പ്രസ്‌കോട്ട്‌ ജൂള്‍ എന്ന ശാസ്‌ത്രജ്ഞന്റെ പേരിലാണ്‌ ഈ യൂണിറ്റ്‌ അറിയപ്പെടുന്നത്‌. ഒരു ബാരല്‍ക്രൂഡ്‌ ഓയിലില്‍ 6.12 ജിഗാജൂള്‍ ഊര്‍ജം അടങ്ങിയിരിക്കുന്നു. എന്നാല്‍ വീട്ടിലെത്തുന്ന വൈദ്യുതി അളക്കുന്നത്‌ കിലോവാട്ട്‌ അവര്‍ എന്ന കണക്കിലാണ്‌. ലളിതമായി ഒരു യൂണിറ്റ്‌ വൈദ്യുതി എന്നും പറയും. ഒരുപകരണം എത്ര സമയം പ്രവര്‍ത്തിക്കും അതിന്‌ എത്ര ശക്തിയുണ്ട്‌ എന്നതിനെ ആശ്രയിച്ചാണ്‌ വൈദ്യുതപയോഗം വ്യത്യാസപ്പെടുന്നത്‌. 100 വാട്ട്‌ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബള്‍ബ്‌(ഇന്‍കാന്‍ഡസെന്റ്‌ ലാമ്പ്‌ എന്ന സാങ്കേതിക നാമം) 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു മണിക്കൂര്‍ വൈദ്യുതിയാകും. അല്ലെങ്കില്‍ 1000 വാട്ട്‌ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിയാകും.

ഉപകരണത്തിന്‌ വേണ്ട വൈദ്യുതി = (രേഖപ്പെടുത്തിയിരിക്കുന്ന പവര്‍ വാട്ട്‌സില്‍ x പ്രവര്‍ത്തിക്കുന്ന സമയം മണിക്കൂറില്‍ ) /1000

ഈ സൂത്ര വാക്യം ഉപയോഗിച്ച്‌ നിങ്ങളുടെ വീട്ടിലെ വൈദ്യുതോപയോഗം കണ്ടു പിടിക്കാം.


ഊര്‍ജത്തിന്റെ വില

പെട്രളിന്റെയും ഡീസലിന്റെയും എല്‍. പി. ജി. യുടെയും വില എന്നും ദിനപത്രങ്ങളില്‍ ചര്‍ച്ചാവിഷയമണല്ലോ. അതായത്‌ ഊര്‍ജസംരക്ഷണം എന്നാല്‍ പണലാഭവുമാണ്‌. ഒപ്പം അധിക ഊര്‍ജ ഉപഭോഗം കൊണ്ടു ഉണ്ടായേക്കാവുന്ന മലിനീകരണത്തില്‍ നിന്നും പ്രകൃതിയെ രക്ഷിക്കുകയും ചെയ്യാം. ഇനി വൈദ്യുതിയുടെ വില നോക്കുക 1958 ല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ വെറും 1.5 അണ മാത്രമായിരുന്നു വില. എന്നാല്‍ ഇന്നോ 95 പൈസ മുതല്‍ 5.25 രൂപ വരെ വിവിധ സ്ലാബുകളായാണ്‌ വില ഈടാക്കുന്നത്‌ കുറച്ച്‌ ഉപയോഗിക്കുന്നവര്‍ കുറഞ്ഞ നിരക്കിലുള്ള തുക കൊടുത്താല്‍ മതി എന്നാല്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ തുക ഉപയോഗിക്കേണ്ടി വരും. 1956ല്‍ 109.5 മെഗാ വാട്ട്‌ മാത്രമായിരുന്നു നമ്മുടെ സംസ്ഥാനത്തിന്റെ വൈദ്യുതി സ്ഥാപിത ശേഷി ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആയി കുത്തനെ കൂട്ടിയിട്ടും ആവശ്യത്തിന്‌ തികയുന്നില്ലവൈദ്യുതി ലാഭിക്കൂ ബില്‍ തുക കുറക്കൂ

ഇങ്ങനെ വൈദ്യുതി ലാഭിക്കുന്ന വൈദ്യുതി കൊണ്ട്‌ സംസ്ഥാനത്തിന്‌ ഏറെ നേട്ടങ്ങളുണ്ട്‌. പുതിയ വൈദ്യുതി കണക്ഷനും വ്യവസായശാലകള്‍ക്ക്‌ ആവശ്യത്തിനുള്ള വൈദ്യുതിയിലും നമുക്ക്‌ ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. അതായത്‌ ഉത്‌പാദനവും ആവശ്യവും തമ്മില്‍ ഒരുവിടവ്‌ നില നില്‍ക്കുന്നു. ഊര്‍ജ സംരക്ഷണതിതിലൂടെ ലാഭിക്കുന്ന വൈദ്യുതി ഇങ്ങനെയുള്ള വിടവ കുറക്കാന്‍ സഹായകമാകും. 20 ശതമാനം വൈദ്യുതി ലാഭിച്ചാല്‍ വൈദ്യുതി ബില്ലിനുണ്ടാകുന്ന കുറവ്‌ 30 ശതമാനമാണ്‌. ലളിതമായ വൈദ്യുത സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ 20 ശതമാനം വൈദ്യുതി അനായാസമായി ലാഭിക്കാം. മുന്‍പ്‌ സൂചിപ്പിച്ചപോലെ ഏറ്റവും കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ കൂടിയ നിരക്കിലും അതു കൊണ്ട്‌ സംരക്ഷിക്കപ്പെടുന്ന വൈദ്യുതി കൂടിയ നിരക്കിലുള്ളതായിരിക്കും.

ഊര്‍ജസംരക്ഷണം= ഊര്‍ജ ഉല്‍പ്പാദനം

ലോകമാകമാനം ഇന്ന്‌ കൂടുതല്‍ ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ക്കായി ഗവേഷണം നടക്കുകയാണ്‌. ഇവിടെയാണ്‌ ഊര്‍ജ സംരക്ഷണം = ഊര്‍ജഉല്‍പ്പാദനം എന്ന സമവാക്യം അര്‍ത്ഥ വത്താകുന്നത്‌. വൈദ്യുതിയുടെ കാര്യം തന്നെയെടുക്കാം. ഉല്‌പ്പാദിപ്പിക്കുന്നതുമുതല്‍ നമ്മുടെ വീട്ടിലോ വ്യവസായശാലകളിലോ എത്തുന്നതുവരെ ഉണ്ടാകുന്ന പ്രസരണവിതരണ നഷ്‌ടം ഏതാണ്‌ 50 ശതമാനം വരും. ഇതിനെ വൈദ്യുതിയുടെ വഴിച്ചിലവെന്നും പറയാം. അതായത്‌ നമ്മുടെ വീട്ടിലെ എനര്‍ജി മീറ്ററില്‍ ഒരു യൂണിറ്റ്‌ രേഖപ്പെടുത്തുമ്പോള്‍ ഉത്‌പാദനസ്ഥലത്ത്‌ 2 യൂണിറ്റ്‌ രേഖപ്പെടുത്തും എന്ന്‌ സാരം. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനും ഓഫാക്കിയാല്‍ തന്നെ നല്ലോരളവു വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
വെള്ളം പാഴാക്കരുതേ!
വെള്ളം വീട്ടിനുമുകളിലെ ടാങ്കിലേക്ക്‌ പമ്പുചെയ്യാന്‍ നാം വൈദ്യുത മോട്ടോറിനെയാണല്ലോ ആശ്രയിക്കുക. അലക്ഷ്യമായി ടാപ്പ്‌ തുറന്നുകിടന്നാല്‍ പരോക്ഷമായി വൈദ്യുതി ഒഴുക്കികളയുന്നു എന്നുപറയാം. പമ്പ്‌ ചെയ്യുമ്പോള്‍ വെള്ളം ടാങ്ക്‌ കവിഞ്ഞൊഴുകാറുണ്ടല്ലോ. ഇതും വൈദ്യുതി നഷ്‌ട്ടം തന്നെയാണ്‌. അതോടെപ്പം തന്നെ വിലക്കുറവാണെന്നുകരുതി ഗുണമേന്മകുറഞ്ഞ തരംതാണ പമ്പുകള്‍ വാങ്ങാതിരിക്കുക. ഇത്തരം പമ്പുകള്‍ക്ക്‌ വൈദ്യുതി ആര്‍ത്തിയാണെന്ന്‌ പറയാം. ആദ്യത്തെവിലയും ആറുമാസത്തെ വൈദ്യുത ബില്ലും കൂട്ടിനോക്കിയാല്‍ വിലകുറഞ്ഞപമ്പുകള്‍ വന്‍ നഷ്‌ടമാണ്‌ വരുത്തി വക്കുന്നത്‌കണ്ട്‌ മനസ്സിലാക്കാം. കൂടാതെ നമ്മുടെ ആവശ്യത്തിനിണങ്ങുന്ന പവര്‍ ഉള്ള പമ്പ്‌ തെരഞ്ഞെടുക്കുക. പമ്പിന്റെ പവര്‍ ഹോഴ്‌സ്‌ പവറിലാണ്‌ സാധാരണരേഖപ്പെടുത്തുക 1 ഹോഴ്‌സ്‌പവര്‍= 746 വാട്ട്‌നിങ്ങളുടെ സ്‌ക്കൂളില്‍ ഒരു സംരക്ഷണ ക്ലബ്‌ തുടങ്ങൂ!ഇന്ന്‌ കേരളത്തിലെ 400ലേറെ സ്‌ക്കൂളുകളിലും കോളേജുകളിലും ഊര്‍ജസംരക്ഷണക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഊര്‍ജ ലാഭത്തിനുപകരിക്കുന്ന ലഘുലേഖകള്‍, കാര്‍ട്ടൂണ്‍, നാടകം, ലഘുചിത്രം എന്നിവ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്‌ക്കൂള്‍ ക്ലബുകള്‍ക്ക്‌ ലഭ്യമാക്കും. 'എനര്‍ജിമാമന്‍' എന്നപേരില്‍ ഒരു ചെറിയ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്‌. അത്‌ സ്‌ക്കൂളില്‍ പ്രദര്‍ശിപ്പിക്കാം. വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജബോധം വളര്‍ത്താനായി വിദ്യാലയങ്ങളിലെ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബുകള്‍ വളരെ ഫലവത്താണ്‌.


ഊര്‍ജസംരക്ഷണ ക്ലബ്ബുകള്‍ തുടങ്ങുന്നതിന്‌

എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി
വിലാസം: കൂര്‍ക്കഞ്ചരി,തൃശൂര്‍-7
വെബ്‌ സൈറ്റ്‌ : http://ecsindia.org

ഊര്‍ജസംരക്ഷണ സംബന്ധിയായ കൂടുതല്‍ ആശയങ്ങള്‍ ലഭിക്കുന്നതിനും സ്‌കൂളുകളില്‍ വിവിധഊര്‍ജസംരക്ഷണ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവിധ സംഘടനകള്‍ നിലവിലുണ്ട്‌.

എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍-കേരള
വിലാസം: തൈക്കാട്‌,തിരുവനന്തപുരം 695014.
വെബ്‌ സൈറ്റ്‌ : http://www.keralaenergy.gov.in
ഇ മെയില്‍ : emck@keralaenergy.gov.in

അനര്‍ട്ട്‌ (ANERT-Agency for Non-Conventional Energy and Rural Technology)
വിലാസം: കേശവദാസപുരം,തിരുവനന്തപുരം
വെബ്‌ സൈറ്റ്‌ : http://education.vsnl.com/anert/
ഇ മെയില്‍ : anert@vsnl.com


പി.സി.ആര്‍.എ (പെട്രാളിയം കണ്‍സര്‍വേഷന്‍ & റിസര്‍ച്ച്‌ അസോസിയേഷന്‍)
സംരക്ഷണ്‍ ഭവന്‍10-ഭിക്കാജി കമാ പ്‌ളേസ്‌,ന്യൂ ദില്ലി-110066

6 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട ആദര്‍ശ് ... വളരെ പ്രസക്തമായ ഈ വിഷയം ഇതര്‍ഹിക്കുന്ന ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് സാക്ഷര കേരളത്തിന്റെ നഷ്ടം തന്നെ , കഷ്ടവും !!

അജി said...

നല്ല പോസ്റ്റ്. ഏവരും ഒരു തവണയെങ്കിലും, വായിക്കേണ്ടവ തന്നെ.ഇനിയും എഴുതൂ...

തറവാടി said...

നല്ല പോസ്റ്റ്

അങ്കിള്‍. said...

ആദര്‍ശേ,
വളരെ പ്രസക്തമായ ലേഖനം. നല്ലൊരു ചര്‍ച്ച ഇവിടെ നടക്കട്ടേയെന്നാശിക്കുന്നു.

വിദ്യുച്ഛക്തിയുടെ ഉപഭോക്താവിന്‌ ചെയ്യേണ്ട കാര്യങ്ങളാണ്‌ താങ്കളിവിടെ പ്രതിപാദിച്ചത്‌. നമ്മുടെ സര്‍ക്കാരിന്‌ ഇതിന്മേല്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ ഞാനിവിടെ പറഞ്ഞിരുന്നു. വായിക്കുമല്ലോ?.

v k adarsh said...

അനെര്‍ട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി എസ്. ചന്ദ്രമോഹന്‍ ആണ്. പ്രതിജ്ഞാബദ്ധത ഉള്ള ഒരു ബാലന്‍സ്ഡ് പ്രൊഫഷണല്‍ ആണദ്ദേഹം. നാളെ മുതല്‍ (ജൂണ്‍ 5 )സംസ്ഥന ഗവ: ഊര്‍ജ്ജ സുരക്ഷാ മിഷന്‍ ആരംഭിക്കുകയാണ്. അതു കൊണ്ട് അനര്‍ട്ടിനെ പറ്റി ഉള്ള മുന്‍ധാരണകള്‍ മാറ്റാന്‍ സമയം ആയി എന്നു തൊനുന്നു. ഈ വര്‍ഷം തന്നെ 50 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും ഉദ്പാദിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണു സംസ്ഥന ഗവ: നമുക്കു ബ്ലോഗ് വഴി ഒരു വിവര ശേഖരണം നടത്തി സംസ്ഥന ഗവ: ,അനര്‍ട്ട് എന്നിവര്‍ക്ക് നല്‍കാം.
കെ.പി.സുകുമാരന്‍ സാര്‍,അജി, തറവാടി, അങ്കിള്‍ എന്നിവര്‍ക്കു കമന്റ്സിനും പ്രോല്സാഹനത്തിനും താങ്ക് സ്.

തക്കുടു said...

ആദര്‍ശ്,
നല്ല പോസ്റ്റ് !

ഇനിയും എനര്‍ജി കണ്‍സര്‍വേഷനെപ്പറ്റി കൂടുതല്‍ എഴുതു....

എല്ലാ ആശംസകളും