Friday, May 25, 2007

energy crisis and conservation

ഊര്‍ജം, ഊര്‍ജ സംരക്ഷണം
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക. എന്നാല്‍ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതി വാതകം എന്നിവയും വളരെ പ്രാധാന്യമുണ്ട്‌. നമ്മുടെ നാട്ടില്‍ വൈദ്യുതി പ്രധാനമായും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണല്ലോ ഉല്‍പ്പാദിപ്പിക്കുന്നത്‌. എന്നാല്‍ ജലസ്രോതസുകള്‍ കൊണ്ട്‌ കേരളത്തെപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളും സമ്പന്നമല്ല. അതിനാല്‍ ഡീസല്‍, കല്‍ക്കരി, ആണവ ഇന്ധനം എന്നിവ വൈദ്യുതി ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ നാം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പരോക്ഷമായി മുകളില്‍ സൂചിപ്പിച്ച ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌.എന്തുകൊണ്ട്‌ ഊര്‍ജസംരക്ഷണംഭൂമിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ഇന്ധനസ്രോതസുകളെല്ലാം വറ്റികൊണ്ടിരിക്കുകയാണ്‌. പതിനായിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, മനുഷ്യ ജീവിതം ഭൂമിയില്‍ ഉടലെടുക്കുന്നതിനും മുന്‍പ്‌ ഭൂമിക്കടിയില്‍ കുഴിച്ചു മൂടപ്പെട്ട ജൈവവസ്‌തുക്കള്‍ ജീര്‍ണ്ണിച്ചുണ്ടായ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തി, കുഴിച്ചെടുത്ത്‌, ശുദ്ധീകരിച്ച്‌ മനുഷ്യനാവശ്യമായ ഊര്‍ജമാക്കി മാറ്റുന്ന സംവിധാനമാണല്ലോ നാം ഉപയോഗപ്പെടുത്തി വരുന്നത്‌.ഇനി എത്രനാള്‍.. സൃഷ്‌ടിക്കപ്പെട്ടതിന്റെ നൂറിരട്ടി വേഗത്തിലാണ്‌ മനുഷ്യന്‍ ഇങ്ങനെയുള്ളപ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്നത്‌.ലോകത്തിലെ എല്ലാ എണ്ണ ഉറവിടങ്ങളും വറ്റി കൊണ്ടിരിക്കുകയാണ്‌.കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ പുതിയ എണ്ണ ഉറവിടങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. നാം ഇന്നുപയോഗിക്കുന്ന രീതി തുടര്‍ന്നാല്‍ പെട്രോളിയം 30 വര്‍ഷത്തേക്കും പ്രകൃതി വാതകം 55 വര്‍ഷത്തേക്കും മാത്രമേ ശേഷിക്കൂ. മാത്രമല്ല എല്ലാ രാജ്യത്തും പെട്രോളിയം നിക്ഷേപം ഇല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്‌. അതായത്‌ ലോക സമ്പദ്‌വ്യവസ്ഥ തന്നെ എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ലഭ്യമായതിന്റെ മൂന്നിലൊന്ന്‌ മാത്രമാണ്‌ തദ്ദേശിയമായി ഉദ്‌പാദിപ്പിക്കുന്നത്‌. ബാക്കി മൂഴുവനും ഇറക്കുമതി ചെയ്യുകയാണ്‌.ഊര്‍ജപ്രതിസന്ധിഭാവിലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്‌ ഊര്‍ജപ്രതിസന്ധിയാണ്‌. ഇത്‌ എങ്ങനെ തരണം ചെയ്യാം. ഇവിടെയാണ്‌ ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം. ഇന്ന്‌ ഊര്‍ജക്ഷാമം പരിഹരിക്കാനായി വിവിധ രാജ്യങ്ങള്‍ ഊര്‍ജസംരക്ഷണ ഉപാധികള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. സൗരോര്‍ജം, തിരമാല, ഭൗമതാപോര്‍ജം, ജൈവാവശിഷ്‌ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ്‌, ജെട്രോഫാ പോലുള്ള ചെടികളില്‍ നിന്നുണ്ടാക്കുന്ന ബയോഡീസല്‍ എന്നീ ഊര്‍ജസ്രോതസുകളായിരിക്കും നാളത്തെ ഇന്ധനങ്ങള്‍. ഇ

ത്തരത്തില്‍ പുതുക്കപ്പെടാന്‍ കഴിയുന്ന ഊര്‍ജസ്രോതസുകള്‍ വ്യാപകമാക്കുന്നതും പ്രചരിപ്പിക്കുന്നതും ഊര്‍ജ സംരക്ഷണത്തോടൊപ്പം നടത്തി വരുന്ന പ്രവര്‍ത്തനമാണ്‌.


ഊര്‍ജത്തിന്റെ യൂണിറ്റ്‌

ഊര്‍ജം അളക്കുന്ന യൂണിറ്റ്‌ പ്രധാനമായും ജൂള്‍ (joules) ആണ്‌. താപം ഒരു ഊര്‍ജരൂപമാണെന്ന്‌ കണ്ടെത്തിയ ജെയിംസ്‌ പ്രസ്‌കോട്ട്‌ ജൂള്‍ എന്ന ശാസ്‌ത്രജ്ഞന്റെ പേരിലാണ്‌ ഈ യൂണിറ്റ്‌ അറിയപ്പെടുന്നത്‌. ഒരു ബാരല്‍ക്രൂഡ്‌ ഓയിലില്‍ 6.12 ജിഗാജൂള്‍ ഊര്‍ജം അടങ്ങിയിരിക്കുന്നു. എന്നാല്‍ വീട്ടിലെത്തുന്ന വൈദ്യുതി അളക്കുന്നത്‌ കിലോവാട്ട്‌ അവര്‍ എന്ന കണക്കിലാണ്‌. ലളിതമായി ഒരു യൂണിറ്റ്‌ വൈദ്യുതി എന്നും പറയും. ഒരുപകരണം എത്ര സമയം പ്രവര്‍ത്തിക്കും അതിന്‌ എത്ര ശക്തിയുണ്ട്‌ എന്നതിനെ ആശ്രയിച്ചാണ്‌ വൈദ്യുതപയോഗം വ്യത്യാസപ്പെടുന്നത്‌. 100 വാട്ട്‌ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബള്‍ബ്‌(ഇന്‍കാന്‍ഡസെന്റ്‌ ലാമ്പ്‌ എന്ന സാങ്കേതിക നാമം) 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു മണിക്കൂര്‍ വൈദ്യുതിയാകും. അല്ലെങ്കില്‍ 1000 വാട്ട്‌ ഉള്ള ഒരു ഉപകരണം ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിയാകും.

ഉപകരണത്തിന്‌ വേണ്ട വൈദ്യുതി = (രേഖപ്പെടുത്തിയിരിക്കുന്ന പവര്‍ വാട്ട്‌സില്‍ x പ്രവര്‍ത്തിക്കുന്ന സമയം മണിക്കൂറില്‍ ) /1000

ഈ സൂത്ര വാക്യം ഉപയോഗിച്ച്‌ നിങ്ങളുടെ വീട്ടിലെ വൈദ്യുതോപയോഗം കണ്ടു പിടിക്കാം.


ഊര്‍ജത്തിന്റെ വില

പെട്രളിന്റെയും ഡീസലിന്റെയും എല്‍. പി. ജി. യുടെയും വില എന്നും ദിനപത്രങ്ങളില്‍ ചര്‍ച്ചാവിഷയമണല്ലോ. അതായത്‌ ഊര്‍ജസംരക്ഷണം എന്നാല്‍ പണലാഭവുമാണ്‌. ഒപ്പം അധിക ഊര്‍ജ ഉപഭോഗം കൊണ്ടു ഉണ്ടായേക്കാവുന്ന മലിനീകരണത്തില്‍ നിന്നും പ്രകൃതിയെ രക്ഷിക്കുകയും ചെയ്യാം. ഇനി വൈദ്യുതിയുടെ വില നോക്കുക 1958 ല്‍ ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ വെറും 1.5 അണ മാത്രമായിരുന്നു വില. എന്നാല്‍ ഇന്നോ 95 പൈസ മുതല്‍ 5.25 രൂപ വരെ വിവിധ സ്ലാബുകളായാണ്‌ വില ഈടാക്കുന്നത്‌ കുറച്ച്‌ ഉപയോഗിക്കുന്നവര്‍ കുറഞ്ഞ നിരക്കിലുള്ള തുക കൊടുത്താല്‍ മതി എന്നാല്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ തുക ഉപയോഗിക്കേണ്ടി വരും. 1956ല്‍ 109.5 മെഗാ വാട്ട്‌ മാത്രമായിരുന്നു നമ്മുടെ സംസ്ഥാനത്തിന്റെ വൈദ്യുതി സ്ഥാപിത ശേഷി ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആയി കുത്തനെ കൂട്ടിയിട്ടും ആവശ്യത്തിന്‌ തികയുന്നില്ലവൈദ്യുതി ലാഭിക്കൂ ബില്‍ തുക കുറക്കൂ

ഇങ്ങനെ വൈദ്യുതി ലാഭിക്കുന്ന വൈദ്യുതി കൊണ്ട്‌ സംസ്ഥാനത്തിന്‌ ഏറെ നേട്ടങ്ങളുണ്ട്‌. പുതിയ വൈദ്യുതി കണക്ഷനും വ്യവസായശാലകള്‍ക്ക്‌ ആവശ്യത്തിനുള്ള വൈദ്യുതിയിലും നമുക്ക്‌ ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. അതായത്‌ ഉത്‌പാദനവും ആവശ്യവും തമ്മില്‍ ഒരുവിടവ്‌ നില നില്‍ക്കുന്നു. ഊര്‍ജ സംരക്ഷണതിതിലൂടെ ലാഭിക്കുന്ന വൈദ്യുതി ഇങ്ങനെയുള്ള വിടവ കുറക്കാന്‍ സഹായകമാകും. 20 ശതമാനം വൈദ്യുതി ലാഭിച്ചാല്‍ വൈദ്യുതി ബില്ലിനുണ്ടാകുന്ന കുറവ്‌ 30 ശതമാനമാണ്‌. ലളിതമായ വൈദ്യുത സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ 20 ശതമാനം വൈദ്യുതി അനായാസമായി ലാഭിക്കാം. മുന്‍പ്‌ സൂചിപ്പിച്ചപോലെ ഏറ്റവും കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ കൂടിയ നിരക്കിലും അതു കൊണ്ട്‌ സംരക്ഷിക്കപ്പെടുന്ന വൈദ്യുതി കൂടിയ നിരക്കിലുള്ളതായിരിക്കും.

ഊര്‍ജസംരക്ഷണം= ഊര്‍ജ ഉല്‍പ്പാദനം

ലോകമാകമാനം ഇന്ന്‌ കൂടുതല്‍ ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ക്കായി ഗവേഷണം നടക്കുകയാണ്‌. ഇവിടെയാണ്‌ ഊര്‍ജ സംരക്ഷണം = ഊര്‍ജഉല്‍പ്പാദനം എന്ന സമവാക്യം അര്‍ത്ഥ വത്താകുന്നത്‌. വൈദ്യുതിയുടെ കാര്യം തന്നെയെടുക്കാം. ഉല്‌പ്പാദിപ്പിക്കുന്നതുമുതല്‍ നമ്മുടെ വീട്ടിലോ വ്യവസായശാലകളിലോ എത്തുന്നതുവരെ ഉണ്ടാകുന്ന പ്രസരണവിതരണ നഷ്‌ടം ഏതാണ്‌ 50 ശതമാനം വരും. ഇതിനെ വൈദ്യുതിയുടെ വഴിച്ചിലവെന്നും പറയാം. അതായത്‌ നമ്മുടെ വീട്ടിലെ എനര്‍ജി മീറ്ററില്‍ ഒരു യൂണിറ്റ്‌ രേഖപ്പെടുത്തുമ്പോള്‍ ഉത്‌പാദനസ്ഥലത്ത്‌ 2 യൂണിറ്റ്‌ രേഖപ്പെടുത്തും എന്ന്‌ സാരം. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനും ഓഫാക്കിയാല്‍ തന്നെ നല്ലോരളവു വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
വെള്ളം പാഴാക്കരുതേ!
വെള്ളം വീട്ടിനുമുകളിലെ ടാങ്കിലേക്ക്‌ പമ്പുചെയ്യാന്‍ നാം വൈദ്യുത മോട്ടോറിനെയാണല്ലോ ആശ്രയിക്കുക. അലക്ഷ്യമായി ടാപ്പ്‌ തുറന്നുകിടന്നാല്‍ പരോക്ഷമായി വൈദ്യുതി ഒഴുക്കികളയുന്നു എന്നുപറയാം. പമ്പ്‌ ചെയ്യുമ്പോള്‍ വെള്ളം ടാങ്ക്‌ കവിഞ്ഞൊഴുകാറുണ്ടല്ലോ. ഇതും വൈദ്യുതി നഷ്‌ട്ടം തന്നെയാണ്‌. അതോടെപ്പം തന്നെ വിലക്കുറവാണെന്നുകരുതി ഗുണമേന്മകുറഞ്ഞ തരംതാണ പമ്പുകള്‍ വാങ്ങാതിരിക്കുക. ഇത്തരം പമ്പുകള്‍ക്ക്‌ വൈദ്യുതി ആര്‍ത്തിയാണെന്ന്‌ പറയാം. ആദ്യത്തെവിലയും ആറുമാസത്തെ വൈദ്യുത ബില്ലും കൂട്ടിനോക്കിയാല്‍ വിലകുറഞ്ഞപമ്പുകള്‍ വന്‍ നഷ്‌ടമാണ്‌ വരുത്തി വക്കുന്നത്‌കണ്ട്‌ മനസ്സിലാക്കാം. കൂടാതെ നമ്മുടെ ആവശ്യത്തിനിണങ്ങുന്ന പവര്‍ ഉള്ള പമ്പ്‌ തെരഞ്ഞെടുക്കുക. പമ്പിന്റെ പവര്‍ ഹോഴ്‌സ്‌ പവറിലാണ്‌ സാധാരണരേഖപ്പെടുത്തുക 1 ഹോഴ്‌സ്‌പവര്‍= 746 വാട്ട്‌നിങ്ങളുടെ സ്‌ക്കൂളില്‍ ഒരു സംരക്ഷണ ക്ലബ്‌ തുടങ്ങൂ!ഇന്ന്‌ കേരളത്തിലെ 400ലേറെ സ്‌ക്കൂളുകളിലും കോളേജുകളിലും ഊര്‍ജസംരക്ഷണക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഊര്‍ജ ലാഭത്തിനുപകരിക്കുന്ന ലഘുലേഖകള്‍, കാര്‍ട്ടൂണ്‍, നാടകം, ലഘുചിത്രം എന്നിവ എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്‌ക്കൂള്‍ ക്ലബുകള്‍ക്ക്‌ ലഭ്യമാക്കും. 'എനര്‍ജിമാമന്‍' എന്നപേരില്‍ ഒരു ചെറിയ ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്‌. അത്‌ സ്‌ക്കൂളില്‍ പ്രദര്‍ശിപ്പിക്കാം. വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജബോധം വളര്‍ത്താനായി വിദ്യാലയങ്ങളിലെ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബുകള്‍ വളരെ ഫലവത്താണ്‌.


ഊര്‍ജസംരക്ഷണ ക്ലബ്ബുകള്‍ തുടങ്ങുന്നതിന്‌

എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി
വിലാസം: കൂര്‍ക്കഞ്ചരി,തൃശൂര്‍-7
വെബ്‌ സൈറ്റ്‌ : http://ecsindia.org

ഊര്‍ജസംരക്ഷണ സംബന്ധിയായ കൂടുതല്‍ ആശയങ്ങള്‍ ലഭിക്കുന്നതിനും സ്‌കൂളുകളില്‍ വിവിധഊര്‍ജസംരക്ഷണ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിവിധ സംഘടനകള്‍ നിലവിലുണ്ട്‌.

എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍-കേരള
വിലാസം: തൈക്കാട്‌,തിരുവനന്തപുരം 695014.
വെബ്‌ സൈറ്റ്‌ : http://www.keralaenergy.gov.in
ഇ മെയില്‍ : emck@keralaenergy.gov.in

അനര്‍ട്ട്‌ (ANERT-Agency for Non-Conventional Energy and Rural Technology)
വിലാസം: കേശവദാസപുരം,തിരുവനന്തപുരം
വെബ്‌ സൈറ്റ്‌ : http://education.vsnl.com/anert/
ഇ മെയില്‍ : anert@vsnl.com


പി.സി.ആര്‍.എ (പെട്രാളിയം കണ്‍സര്‍വേഷന്‍ & റിസര്‍ച്ച്‌ അസോസിയേഷന്‍)
സംരക്ഷണ്‍ ഭവന്‍10-ഭിക്കാജി കമാ പ്‌ളേസ്‌,ന്യൂ ദില്ലി-110066
ഊര്‍ജ്ജ സംരക്ഷണം സാമൂഹിക കാഴ്‌ചപ്പാടില്‍
(ഈ ലേഖനത്തിനു 2006 ലെ ഊര്‍ജ്ജ സംരക്ഷണ ദിനത്തില്‍ പൊതു ജനങങളില്‍ നിന്നും ഉള്ള എറ്റവും മികച്ച ലേഖനതിനുള്ള അവാര്‍ഡ് സംസ്ഥാന വിദ്യുചക്തി വകുപ്പു മന്ത്രി ശ്രീ ഏ കെ ബാലനില്‍ നിന്നും ലഭിച്ചിരുന്നു.)
കേരള സംസ്ഥാന രൂപീകരണത്തിന്റെ 50-ം വര്‍ഷം തികയുന്ന ഈ വേളയില്‍ നടക്കുന്ന കണക്കെടുപ്പിലും വിശകലനത്തിലും ഊര്‍ജ്ജരംഗത്തെക്കൂടി കൊണ്ടു വരുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. 1958 ല്‍ കേവലം 1.5 അണ മാത്രമായിരുന്നു 1 യൂണിറ്റ്‌ വൈദ്യുതിയുടെ വിലയെങ്കില്‍ ഇന്നത്‌ 95 പൈസയ്‌ക്കും 5.25 രൂപയ്‌ക്കും ഇടയില്‍ നില്‍ക്കുന്നു അന്ന്‌ 109.5 മെഗാവാട്ട്‌ ആയിരുന്നു സ്ഥാപിതശേഷിയെങ്കില്‍ ഇന്ന്‌ 2649.24 മെഗാവാട്ട്‌ ആവശ്യത്തിന്‌ തികയുന്നില്ല എന്ന പരിവേദനത്തിലാണ്‌ കേരളം. വൈദ്യുതി ഉത്‌പാദനവും ഉപയോഗവും തമ്മിലുള്ള വിടവാണ്‌ നാം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന്‌.
കെ.എസ്‌.ഇ.ബി യുടെ വെബ്‌സൈറ്റ്‌ കണക്ക്‌ പ്രകാരം 67,26,152 ഗാര്‍ഹിക ഉപഭോക്താക്കളുണ്ടെന്നാണ്‌. ഒരു വശത്ത്‌ വൈദ്യുത കമ്മി രൂക്ഷമായി നേരിടുമ്പാള്‍ മറ്റൊരു വശത്ത്‌ ഉപഭോഗഭ്രമം തലയ്‌ക്ക്‌ പിടിച്ച കാര്‍ണിവെലുകളെ അനുസ്‌മരിപ്പിക്കുന്ന വിധം ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്‌ മലയാളികള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്‌ട്രോണിക്‌ കണ്‍സ്യൂമര്‍ ചന്തയാണ്‌ കേരളം എന്നതിന്‌ വില്‌പ്പനയുടെ കണക്കുകള്‍ തന്നെ സാക്ഷി. ഇത്തരത്തിലുള്ള കൃത്യമായ രേഖപ്പെടുത്തലാണ്‌ ഒ.വി. വിജയന്റെ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌'. ഇതില്‍ പുതിയ നൂറ്റാണ്ടിനെ സൂചിപ്പിക്കാനായി നാടു മുഴുവന്‍ വൈദ്യുതീകരിച്ചിരിക്കുന്നു. എന്തിന്‌ വധശിക്ഷ നടപ്പാക്കുന്നതുവരെ കമനീയമായി പ്ലേറ്റിംഗ്‌ നടത്തിിയ വൈദ്യുത കസേരയില്‍ ഇരുത്തിയാണ്‌. ആരാച്ചാര്‍ക്ക്‌ പകരം കര്‍മ്മം കംപ്യൂട്ടര്‍ സഹായത്തോടെ സാങ്കേതിക വിദഗ്‌ദര്‍ ഏറ്റെടുക്കുന്നു. പക്ഷെ യന്ത്രതകരാറുമൂലം സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. വിജയന്‍ നേരിട്ട്‌ സൂചിപ്പിക്കുന്നില്ലെങ്കിലും നാളെ ചിലപ്പോള്‍ യന്ത്രക്കേടായിരിക്കില്ല വൈദ്യുതിയില്ലായ്‌മയായിരിക്കും ഉപകരണങ്ങളെ പ്രവര്‍ത്തിക്കാനനുവദിക്കാത്തത്‌.
സാമൂഹ്യശാസ്‌ത്രരംഗത്തെ വിവിധ കുതിച്ചു ചാട്ടങ്ങള്‍ക്ക്‌ കേരളം മാതൃകയായിട്ടുണ്ട്‌. അഭിമാനകരമായ ആരോഗ്യ,ജീവിത നിലവാര സൂചികയും ഒട്ടും അഭിമാനകരമല്ലാത്ത സാമ്പത്തിക വളര്‍ച്ചാനിരക്കും ഒരേസമയം രേഖപ്പെടുത്തികൊണ്ടും ലോകത്തിന്റെ തന്നെ ചര്‍ച്ചയ്‌ക്ക്‌ വേദിയായിട്ടുണ്ട്‌ കേരളം. നോബല്‍ സമ്മാനിതര്‍ തന്നെ കേരളവികസനാനുഭവത്തെ പുകഴ്‌ത്തിയിട്ടുണ്ട്‌. സാക്ഷരതാ, ഇ-സാക്ഷരത, ശരാശരി ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്‌, മനുഷ്യ വിഭവശേഷി, വിജ്‌ഞാനസമൂഹം എന്നിങ്ങനെ വിവിധ അളവുകോലുകളില്‍ നാം വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്‌. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‍ ചൈതന്യം പകരുന്നത്‌ ഇന്ധനങ്ങള്‍ തന്നെയാണ്‌, പെട്രോളിയം, വൈദ്യുതി.... ഇങ്ങനെ ഏതു രൂപം നേക്കിയാലും.
കേരള വികസന സംവാദങ്ങളിലും വിശകലനങ്ങളിലും കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കണം എന്ന്‌ ആവര്‍ത്തിച്ച്‌ പറയാറുള്ളതിലപ്പുറം ഊര്‍ജ്ജസംരക്ഷണം ഒരുതരത്തില്‍ ഊര്‍ജ്ജ ഉത്‌പാദനം തന്നെയാണ്‌ എന്ന തലത്തിലേക്ക്‌ ചര്‍ച്ചവരുന്നത്‌ കണ്ടിട്ടില്ല എന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. ഊര്‍ജ്ജസംരക്ഷണമെന്നാല്‍ ലഭ്യമായ ഊര്‍ജ്ജം എത്രമാത്രം കാര്യക്ഷമമായി ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒപ്പം അധികമായി ഊര്‍ജ്ജ ഉപഭോഗമില്ലാത്തതിനാല്‍ പ്രകൃതിക്ക്‌ ഏല്‍പ്പിക്കാനിടയുണ്ടായിരുന്ന ആഘാതത്തിന്റെ കുറവ്‌ ഒരു വികസിത സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ അനിവാര്യവുമാണ്‌.ലോകമെങ്ങും ഇന്ന്‌ ഊര്‍ജ്ജ പ്രതിസന്ധി വികസനചര്‍ച്ചകളിലെ മുഖ്യ വിഷയമാണ്‌ രണ്ട്‌ വ്യത്യസ്ഥ രീതികളിലും പ്രയോഗങ്ങളിലും ആണെങ്കിലും ധനാഢ്യനും ദരിദ്രനും വൈദ്യുതി/ഊര്‍ജ്ജക്ഷാമം നേരിടുന്നുണ്ട്‌. വറ്റിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജ ഉറവിടങ്ങളെ കൈക്കലാക്കാനുള്ള ത്വര യുദ്ധമോ-അധിനിവേശമോ ആയി പരിണമിക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ സമകാലീന രാഷ്‌ട്രതന്ത്രം.
വിവിധ ജീവിത നിലവാര സൂചകങ്ങളില്‍ കേരളം വികസിത രാജ്യമായ അമേരിക്കയ്‌ക്ക്‌ ഒപ്പമാണ്‌. മുന്‍പ്‌ സൂചിപ്പിച്ച സൂചകങ്ങള്‍ നാം നിലനിര്‍ത്തേണ്ടതുണ്ട്‌. എന്നാല്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ജിക്കേണ്ട ചില സൂചകങ്ങളും ഉണ്ടെന്ന്‌ ഓര്‍മ്മിപ്പിക്കുന്നത്‌ ഉചിതമായിരിക്കും. അമേരിക്കന്‍ പൗരന്റെ പ്രതിശീര്‍ഷ വൈദ്യുതോപയോഗം 13,456 യൂണിറ്റ്‌ ആയിരിക്കെ ഭാരതീയന്റെത്‌ കേവലം 665 യൂണിറ്റ്‌ ആണെന്ന്‌ 2005ലെ യു.എന്‍.ഡി.പി. ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ എടുത്തു പറയുന്നു. ഇവിടെയാണ്‌ പുതുചിന്ത വളരേണ്ടത്‌. ഒരു പക്ഷേ അമേരിക്കയ്‌ക്ക്‌ പോലും അനുകരിക്കാന്‍ പറ്റുന്ന ഒരു ഊര്‍ജാവബോധം നമുക്ക്‌ സൃഷ്‌ടിക്കാനാകണം. ഇതായിരിക്കണം സുവര്‍ണ്ണകേരളം ലോകത്തിന്‌ നല്‍കുന്ന 50-#ം പിറന്നാല്‍ സമ്മാനം. 90 കളുടെ ആദ്യം സാക്ഷരകേരളം സുന്ദരകേരളം എന്ന മുദ്രാവാക്യം ഒരു സാമൂഹ്യ വിപ്ലവത്തിന്‌ തന്നെ നാന്ദി കുറിച്ചു. ഇന്നും സാക്ഷരതയുടെ പ്രത്യക്ഷപരോക്ഷ നേട്ടങ്ങള്‍ നാം ആവോളം അനുഭവിക്കുന്നുണ്ട്‌. പത്തു വര്‍ഷത്തിനു ശേഷം അക്ഷയയിലൂടെ ഇ-സാക്ഷരതയിലും നാം ലോകശ്രദ്ധ ക്ഷണിച്ചു. ലോകത്തിലെ തന്നെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരസമൂഹമായി നാം ഉടനെ പ്രഖ്യാപിക്കപ്പെടും,. എന്നാല്‍ ഇനി നമുക്ക്‌ മറ്റൊരു സാക്ഷരതയെ പറ്റി ചിന്തിക്കാം. 'ഊര്‍ജസംരക്ഷണ സാക്ഷരത'. ജീവിതം സുഖകരമാക്കാനും അയത്‌ന ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന പിന്തിരിപ്പന്‍ ആശയമല്ല മറിച്ച്‌ ഊര്‍ജദായകമായ ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവരെ പഠിപ്പിക്കാം. ഒരോ കുടുംബത്തില്‍ ഒരാളെങ്കിലും ഒരാഴ്‌ചയില്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ ഊര്‍ജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാല്‍ ആ കുടുംബത്തെ ഊര്‍ജസംരക്ഷണ കുടുംബമെന്ന്‌ പറയാം അങ്ങനെ ആദ്യ വില്ലേജ്‌, താലൂക്ക്‌, ജില്ല ക്രമത്തില്‍ സമയബന്ധിതമായി കേരളത്തെ ഊര്‍ജസംരക്ഷണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയില്‍ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍, അനെര്‍ട്ട്‌, എന്‍ര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ഈ രംഗത്ത്‌ ഇതിനോടകം മികച്ച ട്രാക്ക്‌ റെക്കോര്‍ഡുകള്‍ നിര്‍മ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്‌. ഇതിനൊപ്പം കേരളത്തിലെ 150 ഓളം വരുന്ന എന്‍ജിനീയറിംഗ്‌ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. അതു വഴി ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ കോളജ്‌ ചര്‍ച്ചയെ സ്വാശ്രയ കേരള പ്രവര്‍ത്തനമാക്കി മാറ്റി നവകേരള സൃഷ്‌ടിക്കായി അണി നിരത്താം. ഇത്‌ വഴി രണ്ട്‌ നേട്ടങ്ങളാണുള്ളത്‌. സ്‌ക്കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ സമുഹത്തെ ഊര്‍ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവര്‍ ഊര്‍ജാവബോധവും സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും. സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക്‌ ജിവിത ശൈലിയില്‍ തന്നെയാണ്‌ ഭാവി ദുരന്ത ബീജങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന്‌ നമുക്ക്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കാം. ഇങ്ങനെ ആര്‍ത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീര്‍ക്കുന്ന ഇന്ധനങ്ങള്‍ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കല്‍നിന്നും കടം വാങ്ങിയതാണെന്നും അത്‌ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോള്‍ നമുക്കുണ്ടെന്നും ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം.