Thursday, December 27, 2007

ശാസ്‌ത്ര വിജ്‌ഞാന വിപ്ലവത്തിന്‌ ഇ-വായന

വിവിധ സ്രോതസ്സുകളില്‍നിന്ന്‌ വളരെ വേഗത്തില്‍ അറിവ്‌ ശേഖരിക്കാമെന്നതും മറ്റു മാധ്യമരൂപങ്ങളെയും കോര്‍ത്തിണക്കാമെന്നതും ശാസ്‌ത്ര ഇ-വായനയെ ഏറെ ജനപ്രിയമാക്കുന്നു.

ന്‍റര്‍നെറ്റും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും വിജ്‌ഞാനപോഷണത്തിന്‌ എത്രമാത്രം ഗുണപരമായി ഉപയോഗിക്കാമെന്ന്‌ ആദ്യം കണ്ടെത്തിയത്‌ ശാസ്‌ത്രസമൂഹംതന്നെയായിരുന്നു. ഇന്‍റര്‍നെറ്റിന്‍െറ തുടക്കംതന്നെ ഇങ്ങനെയൊരര്‍ഥത്തില്‍ ആയിരുന്നല്ലോ. വായനയുടെ ലക്ഷ്യം വിജ്‌ഞാനസമ്പാദനവും വിതരണവുമാണെങ്കില്‍ നൂറുപേജില്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ അതിനേക്കാള്‍ വിവരസമ്പുഷ്‌ടതയോടെ സമഗ്രമായി അവതരിപ്പിക്കാന്‍ നവമാധ്യമങ്ങള്‍ക്കാകുന്നു.

ത്യാന്വേഷണമാണ്‌ ശാസ്‌ത്രത്തിന്റെ മുഖമുദ്ര എന്നാല്‍ കലയുടെത്‌ സൗന്ദര്യന്വേഷണവും. സത്യാന്വേഷണത്തിനായി ശാസ്‌ത്രം ആശ്രയിക്കുന്നത്‌ പരീക്ഷണ നിരീക്ഷണങ്ങളെയാണ്‌. അതും പലകാലങ്ങളില്‍ പലസ്ഥലങ്ങളില്‍ ഒരേ പരീക്ഷണഫലം വന്നാല്‍ മാത്രമേ ശാസ്‌ത്രത്തില്‍ സ്ഥായിയായി അംഗീകരിക്കപ്പെടുകയുള്ളൂ. കൂടുതല്‍ പെട്ടെന്ന്‌ അറിവിന്റെ രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തത്തിന്റെ വ്യാപനം സാദ്ധ്യമായാല്‍ ശാസ്‌ത്രനേട്ടം ജനങ്ങളിലെത്തും. ശാസ്‌ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും രൂപപ്പെടുത്തിയെടുക്കുകയും സാങ്കേതിക വിദഗ്‌ദര്‍ ഇതേ ആശയങ്ങളെ പിന്‍പറ്റി ഉത്‌പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്ത്‌ പൊതുസമൂഹത്തില്‍ എത്തിക്കുകയും ചെയ്യുന്നതാണല്ലോ രീതി. ഇന്റര്‍നെറ്റിന്റെ സ്വാധീനം ഈ രൂപകല്‌പനാചക്രത്തെ വളരെ എളുപ്പമുള്ളതാക്കി. കൂടുതല്‍ എളുപ്പം ആശയ വിനിമയം ഉണ്ടായാല്‍ വളരെയെളുപ്പം സാങ്കേതിക പുരോഗതിയും അതുവഴി സാമൂഹിക പുരോഗതിയും കൈവരും. ശാസ്‌ത്രത്തിലെ ഒരറിവ്‌ / ആശയം സാങ്കേതിക വിദ്യയില്‍ ഒന്നിലേറെ ഉത്‌പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ കാരണമാകാറുണ്ട്‌.
പ്രമുഖ ഫ്യൂച്ചറോളജിസ്‌റ്റും എഴുത്തുകാരനുമായ ആല്‍വിന്‍ ടോഫ്‌ളര്‍ മനുഷ്യവികാസചരിത്രത്തെ മൂന്ന്‌ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. മൂന്ന്‌ തരംഗം എന്നാണ്‌ ഇദ്ദേഹം വിശേഷിപ്പിക്കുന്നത്‌. ഒന്നാം തരംഗം കാര്‍ഷികരംഗത്തിന്‍െറ ഉത്ഭവവും വളര്‍ച്ചയും, രണ്ടാം തരംഗം വ്യാവസായിക വളര്‍ച്ചയും വികസനവും, മൂന്നാം തരംഗം വാര്‍ത്താവിനിമയ ഉപാധികളുടെ കാലവുമാണ്‌. ഈ കാലഘട്ടത്തിലാണ്‌ നാമിപ്പോള്‍ ജീവിക്കുന്നത്‌. ശാസ്‌ത്രജ്‌ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കുമിടയില്‍ ഐടിയുടെയും അനുബന്‌ധ വിനിമയോപാധികളുടെയും സ്വാധീനം ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്‌. ശാസ്‌ത്രഅറിവുകള്‍ ഒരു സാമൂഹ്യ ഉല്‍പ്പന്നമാണ്‌. ശാസ്‌ത്രജ്‌ഞരോ സാങ്കേതിക വിദഗ്‌ധരോ ആശയങ്ങളും പുതുചിന്തകളും സ്‌ഥിതിവിവരക്കണക്കുകളും വിശകലനവും പങ്കുവയ്‌ക്കുന്നത്‌ കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക്‌ തുടക്കംകുറിക്കും. ശാസ്‌ത്ര പുരോഗതിയെ വളരെയേറെ സഹായിക്കുന്നതും ഇത്തരം സഹവര്‍ത്തിത്വത്തോടെയുള്ള ചര്‍ച്ചകളാണ്‌. വിവരശേഖരണം, ഏകോപനം, പുതുവിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍, വിവരവിപണനം, പ്രോജക്‌ട്‌ തയ്യാറാക്കല്‍, വിവരാപഗ്രഥനം എന്നിവയ്‌ക്ക്‌ ഐടി ഉപകരണങ്ങളും വിനിമയസംവിധാനങ്ങളും ഏറെ സഹായിക്കുന്നുണ്ട്‌. ഇലക്‌ട്രോണിക്‌ ആശയവിനിമയ ഉപാധികളായ ചാറ്റ്‌, ഇ-മെയില്‍, ഗ്രൂപ്‌സ്‌, ഇ-പുസ്‌തകങ്ങള്‍, ഓണ്‍ലൈന്‍ ജേണലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍, ബ്ലോഗുകള്‍, ഒരു പ്രത്യേക പ്രോജക്‌ടിനുവേണ്ടി മാത്രം ഉണ്ടാക്കപ്പെട്ട സൈറ്റുകള്‍, പരിമിതമായ/നിയന്ത്രിത വിവര കൈമാറ്റം ഉറപ്പുവരുത്തുന്ന ഫയല്‍ ട്രാന്‍സ്‌ഫര്‍ രീതികള്‍ എന്നിവ ശാസ്‌ത്രസമൂഹം നിലവില്‍ ഉപയോഗിക്കുന്നു.

ശാസ്‌ത്രലേഖനങ്ങളിലും പ്രബന്‌ധങ്ങളിലും ബന്‌ധപ്പെട്ട ജേണലിലേക്കോ പുസ്‌തകത്തിലേക്കോ നമ്പര്‍/ചിഹ്‌നം എന്നിവ നല്‍കി അടിക്കുറിപ്പായി വിവര ഉറവിടം നല്‍കാറുണ്ട്‌. ഇ-വായനയില്‍ ഇത്തരം അടിക്കുറിപ്പുകളില്‍ (ഹൈപ്പര്‍ ലിങ്ക്‌) ക്ലിക്ക്‌ചെയ്‌ത്‌ യഥാര്‍ഥ വിവരത്തിലെത്തി കൂടുതല്‍ വായന സാധ്യമാക്കാം. വിവിധ സ്രോതസ്സുകളില്‍നിന്ന്‌ വളരെ വേഗത്തില്‍ അറിവ്‌ ശേഖരിക്കാമെന്നതും മറ്റു മാധ്യമരൂപങ്ങളെയും കോര്‍ത്തിണക്കാമെന്നതും ശാസ്‌ത്ര ഇ-വായനയെ മികച്ചതാക്കി. രാമന്‍ ഇഫക്‌ടിനെക്കുറിച്ച്‌ വായിക്കുന്നവര്‍ക്ക്‌ രാമന്‍ ഇഫക്‌ടിന്‍െറ ടെക്‌സ്‌റ്റ്‌, വീഡിയോ, രാമന്‍െറ പരീക്ഷണശാലയുടെ ഇമേജുകള്‍ എന്നിവയിലേക്ക്‌ വളരെ പെട്ടെന്ന്‌ സഞ്ചാരം നടത്താം എന്നതുതന്നെ ഉദാഹരണം.

ഐ.ടിയുടെ വ്യാപനത്തിന്‌ മുന്‍പ്‌ 10,12 മാസം വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ഗവേഷകരുടെ (Literature Scan) വിവരശേഖരണ കാലം. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ സഹായത്തോടെ ഒരു മാസം കൊണ്ട്‌ പ്രസ്‌തുത വിവരതിരച്ചിലിണക്കാളും മികച്ച വിവരശേഖരണം നടത്താം. വേണമെങ്കില്‍ റഫറന്‍സ്‌ പുസ്‌തകം വായിച്ച ശേഷം ആമസോണിലോ (www.amazon.com) മറ്റ്‌ സമാന ഇ-പുസ്‌തകശാലകളിലോ ഓഡര്‍ ചെയ്‌ത്‌ വരുത്തുകയുമാകാം. ഗവേഷണത്തിനായി തയ്യാറാക്കിയ കുറിപ്പുകള്‍ വളരെപ്പെട്ടെന്ന്‌ എഡിറ്റ്‌ ചെയ്യാം. ഗൈഡിന്‌, അദ്ദേഹം എവിടെയിരുന്നാലും അയച്ചുകൊടുക്കാം. സഹഗവേഷകരുമായി ഫയല്‍ കൈമാറ്റം വരുത്തി വിവര സമ്പുഷ്‌ടത ഉറപ്പുവരുത്താം. അതേ സമയം തന്നെ പ്രസ്‌തുത പ്രബന്ധത്തിലെ ഏതെങ്കിലും ഒരു വരിയോ ഭാഗമോ അടര്‍ത്തിയെടുത്ത്‌ ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ ഗവേഷകന്‍ 'വിവര മോഷണം' നടത്തിയോ എന്ന്‌ ഗൈഡിനും അറിയാം. ഏതായാലും ശാസ്‌ത്ര പ്രബന്ധങ്ങളുടെ നിലവാരത്തെ ഇന്റര്‍നെറ്റ്‌ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌.

ന്‍ജിനീയറിംഗ്‌ മേഖലയിലെ രൂപകല്‌പനയ്‌ക്ക്‌ ഡ്രായിംഗ്‌ ബോഡുകള്‍ അനിവാര്യഘടകമായിരുന്നല്ലോ. ഇന്ന്‌ ഓട്ടോകാഡ്‌ പോലുള്ള സോഫ്‌ട്‌വെയര്‍ പാങ്കേജിലൂടെ വളരെ പെട്ടെന്ന്‌ രൂപകല്‌പനയും, വിശകലനവും (analysis) നടത്താം. മുന്‍പ്‌ മാസങ്ങള്‍ എടുത്തിരുന്ന പ്രക്രീയയാണ്‌ ഇന്ന്‌ കേവലം മണിക്കൂറുകളിലേക്ക്‌ ചുരുങ്ങിയത്‌.ഗഹനങ്ങളായ ഗവേഷണ പ്രബന്ധങ്ങള്‍ എഴുതാനും അത്യന്തം ലളിതവും സരസവുമായ പോപ്പുലര്‍ സയന്‍സ്‌ ലേഖനം എഴുതാനും ഇന്ന്‌ വിദഗ്‌ദരെന്നപോലെ പൊതുസമൂഹവും ഇന്റര്‍നെറ്റ്‌ സര്‍ച്ചിനെയും ഓണ്‍ലൈന്‍ ജേണലുകളെയും ആശ്രയിക്കുന്നുണ്ട്‌.

ന്ത്രം ഉപയോഗിച്ച്‌ ഒരു ഭാഷയിലെ ലേഖനം മറ്റൊരു ഭാഷയിലേക്ക്‌ മാറ്റുന്ന രീതിയാണ്‌ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍. ഐന്‍സ്‌റ്റീന്‍െറ ശാസ്‌ത്രകണ്ടുപിടിത്തങ്ങള്‍ സത്യേന്ദ്രനാഥ്‌ ബോസും മേഘനാഥ്‌ സാഹയും ചേര്‍ന്നാണ്‌ ഇംഗ്ലീഷിലേക്ക്‌ എത്തിച്ച്‌ കൂടുതല്‍ വായന സാധ്യമാക്കിയതെങ്കില്‍ ഇന്ന്‌ ഈ ജോലി കംപ്യൂട്ടര്‍ നിര്‍വഹിച്ചുകൊള്ളും. ഗൂഗിള്‍ മെഷീന്‍ ട്രാന്‍സ്‌ലേഷന്‍ രീതി പരീക്ഷണാടിസ്‌ഥാനത്തില്‍ വികസിപ്പിച്ചുകഴിഞ്ഞു. നിലവില്‍ ഈ സംവിധാനത്തിന്‌ പോരായ്‌മകളുണ്ടെങ്കിലും സാവധാനം ഉള്ളടക്കമികവ്‌ കൈവരിക്കുന്ന രീതിയില്‍ ഇത്‌ വികസിക്കും. ഇതുവഴി ശാസ്‌ത്ര സാങ്കേതിക മേഖലയില്‍ ഭാഷയുടെ അതിര്‍വരമ്പുകളും ഇല്ലാതായേക്കാം.

പകരണങ്ങളുടെ, ഗവേഷണപുസ്‌തകങ്ങളുടെ മറ്റ്‌ അനുബന്‌ധ സംവിധാനങ്ങളുടെ വര്‍ധിച്ച മുതല്‍മുടക്കും ആവര്‍ത്തനച്ചെലവുമാണ്‌ വികസ്വര/അവികസിത മേഖലകളിലെ ശാസ്‌ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കും അറിവിന്‍െറ ശേഖരണത്തിനും ഉല്‍പ്പാദനത്തിനും തടസ്സമായി നിന്നത്‌. ശാസ്‌ത്രത്തില്‍ ഐടി യുടെ ഫലപ്രദമായ ഇടപെടല്‍ ജനാധിപത്യപരമായ അറിവിന്‍െറ വിതരണം നിര്‍വഹിക്കും. ഇതുവഴി ഇതുവരെ പങ്കാളിത്തമില്ലാതിരുന്ന ശാസ്‌ത്രജ്‌ഞര്‍ക്കും സാങ്കേതികവിദഗ്‌ധര്‍ക്കും ആഗോളശാസ്‌ത്രസമൂഹത്തില്‍ ഇടംനേടിക്കൊടുക്കുകയും ചെയ്യുന്നു.
Knowledge is Power അറിവാണ്‌ ശക്‌തി. അറിവിന്‍െറ നീതിപൂര്‍വമായ വിതരണമാണ്‌ സമൂഹത്തിന്‍െറ ശക്‌തി. ഇതിന്‌ ഇന്‍റര്‍നെറ്റ്‌ അധിഷ്‌ഠിത വായന സഹായകമാകുമെങ്കില്‍ ശാസ്‌ത്ര സാങ്കേതിക മേഖലയിലെ അറിവിന്‍െറ നേട്ടം വളരെ പെട്ടെന്ന്‌ എത്തും. കഴിഞ്ഞ പത്തുവര്‍ഷത്തെ സാങ്കേതികവളര്‍ച്ച അതിനുമുമ്പ്‌ അമ്പതുവര്‍ഷം ഉണ്ടായതിനേക്കാള്‍ മികവാര്‍ന്നതാണെന്ന്‌ കാണാം. ഇതിനു സഹായിച്ചത്‌ ഇലക്‌ട്രോണിക്‌ വിനിമയോപാധികളാണെന്നത്‌ വസ്‌തുതയുമാണ്‌.

Monday, December 17, 2007

വെബ്‌ മാഗസിനുകള്‍

കനേഡിയന്‍ ശാസ്‌ത്രകഥാകാരനായ വില്യം ഗിബ്‌സണ്‍ ആണ്‌ ആദ്യമായി സൈബര്‍ സ്‌പേസ്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നത്‌. ന്യൂറോമാന്‍സര്‍ എന്ന തന്റെ സയന്‍സ്‌ ഫിക്‌ഷനില്‍ ഭാവിയില്‍ വരാന്‍ പോകുന്ന മാധ്യമാനുഭവമായി കംപ്യൂട്ടറുകളുടെ മഹാശൃംഖലയെ ഗിബ്‌സണ്‍ പ്രവചനമെന്നോണം സൂചിപ്പിക്കുന്നു. ഇത്‌ എഴുതുന്ന സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഒരു വാര്‍ത്താവിനിമയ സാധ്യതയായി വികസിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്റര്‍നെറ്റ്‌ വിപ്ലവകരമായ മാധ്യമ-സംവേദന രൂപമായി വികസിച്ചപ്പോള്‍ ശാസ്‌ത്രകഥയിലെ സൈബര്‍ സ്‌പെയ്‌സ്‌ എന്ന പ്രയോഗം ശാസ്‌ത്രസാങ്കേതിക വിദഗ്‌ധര്‍ക്കിടയിലും പരിചിത പ്രയോഗമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നിന്റെ സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്ന സൈബര്‍ സ്‌പെയ്‌സ്‌ എന്ന പദം രൂപം കൊണ്ടത്‌ സാഹിത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. ആധുനികതയുടെ ഏറ്റവും വലിയ അടയാളം പുസ്‌തകവും അച്ചടിച്ച കടലാസുകളും ആയിരുന്നെങ്കില്‍ വര്‍ത്തമാനകാല സമൂഹത്തിന്റെ അടയാളം ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്‌ക്രീന്‍ ആണ്‌. പുസ്‌തകത്താളില്‍ നിന്ന്‌ സ്‌ക്രീന്‍ പകര്‍ന്നുതരുന്ന വായനാനുഭവമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

പുസ്‌തകങ്ങള്‍ക്ക്‌ പകരക്കാരനായോ ബദലായോ ഇ-ബുക്‌ റീഡറുകള്‍ എത്തിയതിനൊപ്പം തന്നെ, അച്ചടിച്ച മാഗസിനുകള്‍ക്കും വെബില്‍ പ്രതിരൂപങ്ങളുണ്ട്‌. വെബ്‌മാഗസിനുകള്‍ എന്നാണ്‌ ഇന്റര്‍നെറ്റിലെ മാഗസിനുകള്‍ അറിയപ്പെടുന്നത്‌. സാധാരണ അച്ചടിമാഗസിന്റെ എല്ലാ ഉള്ളടക്ക മികവും വെബ്‌ മാഗസിനുകള്‍ക്ക്‌ ഉണ്ട്‌. കഥ, കവിത, ലേഖനം, എഴുത്തുകള്‍, അഭിമുഖം എന്നിങ്ങനെ അച്ചടി മാഗസിന്റെ തരംതിരുവകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്‌ പ്രദാനം ചെയ്യുന്ന ഇന്ററാക്‌ടിവിറ്റിയുടെ തലവും വെബ്‌ മാഗസിനുകള്‍ക്കുണ്ട്‌. ഒരു മാഗസിന്റെ പ്രധാനപ്രശ്‌നം ഉയര്‍ന്ന അച്ചടി ചിലവും വിതരണ ചിലവും തന്നെയാണ്‌. എന്നാല്‍ ഇന്റര്‍നെറ്റില്‍ മാത്രം പ്രസിദ്ധീകരിക്കുന്ന വെബ്‌മാഗസിനുകളുടെ ചിലവ്‌ താരതമ്യേന കുറവാണ്‌, മാത്രമല്ല, നിലവാരം സൂക്‌ഷിച്ചാല്‍ ഏറെ വായനക്കാരെ ആകര്‍ഷിക്കാം. അതുവഴി പരസ്യവരുമാനവും കൂട്ടാം. ഗൂഗിള്‍ ആഡ്‌ സെന്‍സ്‌ പോലുള്ള പരസ്യസേവന ദാതാക്കളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ പരസ്യമെത്തിക്കുന്ന ജോലി അവര്‍ നോക്കിക്കോളൂം. പ്രചാരം കൂടുന്നതനുസരിച്ച്‌ പരസ്യവരുമാന വിഹിതം ഗൂഗിള്‍ അയച്ചുതരും. മിക്ക വെബ്‌ മാഗസിനുകളും സൗജന്യമായാണ്‌ വായനക്കാരിലേക്ക്‌ എത്തുന്നത്‌ അതുകൊണ്ട്‌ വായനക്കാരനും നേട്ടമാണ്‌. ഇന്റര്‍നെറ്റ്‌ ബന്ധമുള്ള ഏതൊരു കംപ്യൂട്ടറിലും ചുരുക്കം ചില സെറ്റിംഗ്‌സുകള്‍ (ഫോണ്ട്‌ ഇന്‍സ്റ്റലേഷന്‍) നടത്തിയാല്‍ ഏത്‌ സമയത്തും വായന നടത്താം.

പുഴ.കോം മലയാളത്തിലെ പ്രമുഖ വെബ്‌മാഗസിനുകളില്‍ ഒന്നാണ്‌. നാട്ടറിവുകള്‍, പുസ്‌തകങ്ങള്‍, പുഴ കിഡ്‌സ്‌, പുഴ മാഗസിന്‍, വാര്‍ത്തകളിലൂടെ എന്നീ വ്യത്യസ്‌ത ചാനലുകള്‍ http://www.puzha.com നുണ്ട്‌. ഒപ്പം സാഹിത്യ ക്യാമ്പുകള്‍, സാഹിത്യ പുരസ്‌കാരങ്ങള്‍ തുടങ്ങിയ അനുബന്ധ അറിയിപ്പുകളും വായനക്കാരനെ തേടിയെത്തും. പുഴ കിഡ്‌സ്‌ കുട്ടികള്‍ക്കുള്ള വെബ്‌ മാഗസിനാണ്‌. ബാലസാഹിത്യ സൃഷ്‌ടികള്‍ ഇവിടെ നിന്നും ഓണ്‍ ലൈനായി വായിക്കാം. പുഴ ക്ലാസിക്‌സില്‍ ഭാഷാശാസ്‌ത്ര ലേഖനങ്ങള്‍, പുരാണം എന്നിവ വായിക്കാം. മലയാളത്തില്‍ ഇ-പ്രസിദ്ധീകരണത്തിന്‌ തുടക്കം കുറിച്ച പുഴ.കോം ദൈനംദിന തിരക്കില്‍ അകപ്പെട്ട വായനക്കാരന്‌ നല്ല സൃഷ്‌ടികള്‍ എത്തിക്കാനായി ഇപ്പോള്‍ കേരള വാര്‍ത്തകള്‍, മലയാളം സൃഷ്‌ടികള്‍ എന്നീ രണ്ടു ചാനലുകള്‍ അനുബന്ധമായി തുടങ്ങിക്കഴിഞ്ഞു.കേരള വാര്‍ത്തകളില്‍ ദേശാഭിമാനിയടക്കമുള്ള മലയാള ദിനപത്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഒരു പേജില്‍ ഹൈപ്പര്‍ലിങ്ക്‌ രൂപത്തില്‍ ലഭ്യമാക്കുന്നു. യാഹൂ, എം.എസ്‌.എന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള വാര്‍ത്തകളും ലഭിക്കും. മലയാളം വാര്‍ത്തകളില്‍ ലിങ്ക്‌ ക്ലിക്ക്‌ ചെയ്‌ത്‌ അതാത്‌ പത്രത്തിന്റെ വെബ്‌ പേജിലേക്കുമെത്താം. വാര്‍ത്തകള്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗ്‌ വിശേഷങ്ങളും ഇവിടെയുണ്ട്‌. മലയാളം കൃതികള്‍ ചര്‍ച്ച ചെയ്യാനാവസരമൊരുക്കുന്ന ചാനലില്‍, വെബ്‌ മാഗസിനലേക്ക്‌ എത്തുന്നവരുടെ വായനാനുഭവം ചേര്‍ക്കാം. ഇഷ്‌ടപ്പെട്ടവയ്‌ക്ക്‌ വോട്ട്‌ ചെയ്യാം. ഏറ്റവും കൂടുതല്‍ വോട്ട്‌ നേടിയ കൃതി ലിസ്റ്റ്‌ ചെയ്യുന്നത്‌ പുതുവായനക്കാര്‍ക്ക്‌ സൗകര്യമാണ്‌.

കവിതയ്‌ക്കായി മാത്രമുള്ള വെബ്‌ മാഗസിനാണ്‌ ഹരിതകം.കോം. സമകാലീനം, ക്ലാസിക്‌ പ്രാചീനം, വിവര്‍ത്തനം, ലേഖനം, അഭിമുഖം, ചര്‍ച്ച, നിരൂപണം, പെയിന്റിംഗ്‌ എന്നിവ വളരെ ഭംഗിയായി രൂപകല്‌പന ചെയ്‌ത വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കവികളുടെ സ്വന്തം വെബ്‌സൈറ്റ്‌, സമാനസ്വഭാവമുള്ള വെബ്‌ജേര്‍ണലുകള്‍ എന്നിവയിലേക്കുള്ള ലിങ്കുകളും http://www.harithakam.com ല്‍ കാണാം.യുദ്ധത്തിനും, ഭീകരവാദത്തിനും, ദൈവത്തിനും, പ്രേതത്തിനും എതിരാണെന്ന്‌ മുഖവരയോടെ എത്തുന്ന തണല്‍ ഓണ്‍ലൈന്‍.കോം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്‌. രാഷ്‌ട്രീയ പരിഗണനക്കതീതയമായി പ്രവാസി മലയാളികളുടെ കൂട്ടായ്‌മ പ്രസിദ്ധീകരിക്കുന്ന വെബ്‌മാഗസിനാണ്‌ അയനം. നാലുവര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയനത്തിന്റെ പ്രധാന സവിശേഷ ഓപ്പണ്‍ഫോറം ആണ്‌. ഭംഗിയോടെ രൂപകല്‌പന ചെയ്‌ത തുഷാരം മികച്ച വായന പ്രദാനം ചെയ്യുന്ന മറ്റൊരു സംരംഭമാണ്‌. ആര്‍ക്കീവ്‌സില്‍ പഴയ ലക്കങ്ങള്‍ ചിട്ടയോടെ വിന്യസിച്ചിട്ടുണ്ട്‌.പുഴ.കോം കേരളത്തില്‍ തന്നെയുള്ള സംരംഭമാണെങ്കില്‍ മറ്റ്‌ മിക്ക വെബ്‌മാഗസിനുകളും പ്രവാസി മലയാളികളുടെ ശ്രമഫലമായുള്ളതാണ്‌.

Saturday, December 08, 2007

ഡിജിറ്റല്‍ ലൈബ്രറി-പുസ്‌തകം വിരല്‍ത്തുമ്പില്‍

പുസ്‌തകശേഖരമെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ലൈബ്രറിയെ ഡിജിറ്റല്‍ ലൈബ്രറി എന്ന്‌ വിളിക്കാം. കംപ്യൂട്ടര്‍, ഇ-വായനയ്‌ക്കുള്ള സവിശേഷ സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണ്‍, പിഡി.എ., ഇ-ബുക്ക്‌ റീഡര്‍ എന്നിവ ഉപയോഗിച്ച്‌ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന്‌ പുസ്‌തകം എടുക്കാം. ലൈബ്രറി എക്കാലത്തെയും മികച്ച വിവര വ്യാപന ഉപാധി യായി നാം കണക്കാക്കുന്നു. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെയും അതിനെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റിന്റെയും വളര്‍ച്ചയുടെയും പിന്‍ബലത്തില്‍ സ്ഥലകാല സീമകള്‍ ലംഘിച്ച്‌ ലൈബ്രറി കൂടുതല്‍ ജനകീയമാവുകയാണ്‌. തികച്ചും പരിമിതമായ പുസ്‌തകങ്ങളുടെ കലവറ എന്നതില്‍ നിന്നും ഭിന്നമായി അനന്തമായ വിജ്ഞാനശേഖരത്തിലേക്കുള്ള കവാടമായി മാറുകയാണ്‌ ഡിജിറ്റല്‍ ലൈബ്രറികള്‍. ഉപയോഗിക്കാനുള്ള എളുപ്പമാണ്‌ ഡിജിറ്റല്‍ ലൈബ്രറികളെ പ്രീയങ്കരമാക്കുന്നത്‌. അച്ചടി പതിപ്പുകളേക്കാള്‍ കൂടുതല്‍ എളുപ്പത്തിലും വേഗതയിലും വിവരലഭ്യത ഉണ്ടാകുന്നു എന്നതുതന്നെയാണ്‌ നേട്ടം. ഒപ്പം കാര്യമാത്ര പ്രസക്തമായ വിവരശകലങ്ങള്‍ സര്‍ച്ചു ചെയ്‌ത്‌ എടുക്കാനും കഴിയുന്നു. ഇതെല്ലാം ലൈബ്രറിയിലേക്ക്‌ നേരിട്ട്‌ വരാതെ തന്നെ സാധ്യവുമാണ്‌.

യര്‍ലെസ്‌ കണക്‌ടിവിറ്റി ഉണ്ടെങ്കില്‍ സമീപപ്രദേശത്ത്‌ എവിടെ നിന്നുവേണമെങ്കിലും പുസ്‌തകം എടുക്കുകയോ, വരിസംഖ്യ പുതുക്കുകയോ, പുസ്‌തകം മടക്കി നല്‍കുകയോ ചെയ്യാം. ഇന്റര്‍നെറ്റില്‍ മാത്രമുള്ള പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌, ഗൂഗിള്‍ബുക്‌ പ്രോജക്‌ട്‌ എന്നിവയെ ഡിജിറ്റല്‍ ലൈബ്രറി എന്നു പറയാം. നിലവിലുള്ള സാധാരണ ലൈബ്രറികളും ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌ ഔട്ട്‌ ഓഫ്‌ പ്രിന്റ്‌ ആയതും പേജുകള്‍ ജീര്‍ണിച്ച്‌ ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തിലായ പുസ്‌തകങ്ങളെല്ലാം ഇലക്‌ട്രോണിക്‌ സ്‌കാനര്‍ ഉപയോഗിച്ച്‌ ഡിജിറ്റല്‍ റെപ്പോസിറ്ററികളിലേക്ക്‌ മാറ്റിക്കൊണ്ടിരിക്കുന്നു. ഗവേഷകര്‍ക്കോ കൂടുതല്‍ പഠനം വേണ്ടവര്‍ക്കോ വേണമെങ്കില്‍ പ്രിന്റ്‌ എടുത്ത്‌ വായിക്കുകയുമാകാം. ലോകത്തിലെ പഴക്കം ചെന്ന ലൈബ്രറികളെല്ലാം തന്നെ ഇത്തരത്തില്‍ പഴയപുസ്‌തകങ്ങള്‍ സ്‌കാന്‍ ചെയ്‌ത്‌ പബ്ലിക്‌ ഡൊമൈനിലേക്ക്‌ കൊണ്ടുവരുന്നുണ്ട്‌.

ഇന്ന്‌ പുതുതായിറങ്ങുന്ന ചില പുസ്‌തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ പ്രിന്റ്‌ പതിപ്പിനൊപ്പം തന്നെ സി.ഡിയും ലഭ്യമാക്കുന്നുണ്ട്‌. ഉദാഹരണം ലോകപ്രസിദ്ധമായ മാനേജ്‌മെന്റ്‌ വിദഗ്‌ദന്‍ സി.കെ.പ്രഹ്‌ളാദ്‌ എഴുതിയ പുസ്‌തകം 'ഫോര്‍ച്യൂണ്‍ അറ്റ ദ ബോട്ടം ഓഫ്‌ ദ പിരമിഡ്‌'. ഈ പുസ്‌തകത്തിനൊപ്പം ലഭിക്കുന്ന സി.ഡിയില്‍ പുസ്‌തകത്തിന്റെ തനി ഇ-പകര്‍പ്പിനൊപ്പം പുസ്‌തകത്തിലില്ലാത്ത വിശദാംശങ്ങള്‍, ടെക്‌സ്റ്റ്‌, വീഡിയോ, ഇന്റര്‍നെറ്റ്‌ സൈറ്റിലേക്കുള്ള ലിങ്ക്‌, കാലാകാലങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്‌. പുസ്‌തകത്തില്‍ പറയുന്ന കേസ്‌ സ്റ്റഡിക്കുവേണ്ടി തയ്യാറാക്കിയ വീഡിയോ ക്ലിപ്പിംഗുകള്‍ കൂടുതല്‍ അറിയേണ്ടവര്‍ക്ക്‌ ഉപകാരമാകും. ഇവിടെ പുസ്‌തകം സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഡിജിറ്റിലായിതന്നെ പുസ്‌തകം ജനിക്കുന്നത്‌ വായനക്കാര്‍ക്ക്‌ സൗകര്യമാണെന്ന്‌ മാത്രമല്ല ഉന്നത നിലവാരമുള്ള ഇ-പുസ്‌തകമാണ്‌ ഇത്തരത്തില്‍ ലഭിക്കുന്നത്‌, ഇതേ പുസ്‌തകം തന്നെ വായനക്കാര്‍ സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ ഇത്രത്തോളം സാങ്കേതിക ഗുണനിലവാരം ലഭിക്കണമെന്നില്ല. എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓണ്‍ലൈനായി സബ്‌ക്രൈബ്‌ ചെയ്‌താല്‍ വിവരം തിരയില്‍ എളുപ്പമാകുന്നതിനൊപ്പം വളരെ കുരഞ്ഞ മുതല്‍മുടക്കം വളരെയധികം സ്ഥലലാഭവും ഉണ്ടാകും.

സാധാരണ ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയാകാന്‍ മൂന്ന്‌ ഘട്ടങ്ങളായുള്ള പ്രവര്‍ത്തനം ആണ്‌ നടപ്പാക്കേണ്ടത്‌. ആദ്യഘട്ടത്തില്‍ ഇപ്പോഴുള്ള പുസ്‌തകങ്ങളുടെ കാറ്റലോഗും അനുബന്ധ വിവരങ്ങളും ബാര്‍കോഡിന്റെ സഹായത്തോടെയോ അല്ലാതെയോ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ പകര്‍ത്തുന്നു. ഇതുവഴി സാധാരണ ലൈബ്രറി പ്രവര്‍ത്തനങ്ങളെ കംപ്യൂട്ടര്‍ ശൃംഖലവഴി നിരീക്ഷിക്കാനും കാലാവധി കഴിഞ്ഞ്‌ പുതുക്കാനുള്ള പുസ്‌തകങ്ങളെ കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍ നിലവിലുള്ള അച്ചടി പുസ്‌തകങ്ങളുടെ കംപ്യൂട്ടറൈസ്‌ഡ്‌ മാനേജ്‌മെന്റാണ്‌ ഒന്നാം ഘട്ടത്തില്‍ ശ്രദ്ധപതിപ്പിക്കേണ്ടത്‌. രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍, ഇ-ജേര്‍ണലുകളിലേക്കുള്ള അക്‌സസ്‌ ആണ്‌ ശ്രദ്ധിക്കേണ്ടത്‌. മിക്ക ദിനപത്രങ്ങലും മാസികകളും ജേണലുകളും ഓണ്‍ലൈന്‍ പതിപ്പുകള്‍ അച്ചടി പതിപ്പുകള്‍കൊപ്പം പുറത്തിറക്കുന്നുണ്ട്‌. ഇ-ജേണലുകള്‍ക്ക്‌ വിലകുറവായിരിക്കുമെന്നതിനൊപ്പം ഒരു ജേര്‍ണലിന്റെ വിലക്ക്‌ ലൈബ്രറിയിലെ കംപ്യൂട്ടര്‍ ശൃംഖലയിലെ ഏത്‌ ടെര്‍മിനല്‍ വച്ചും ഇത്‌ വായിക്കാം എന്ന മേന്മയുമുണ്ട്‌. ചിലതരം ജേണലുകള്‍ സജീവ ഇന്റര്‍നെറ്റ്‌ ബന്ധം ഉള്ളപ്പോള്‍ വായിക്കാന്‍ അനുവദിക്കുമെങ്കില്‍ മറ്റു ചിലത്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വായിക്കുകയോ അച്ചടി പതിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സി.ഡിയില്‍ നിന്നും പകര്‍ത്തിയെടുത്ത്‌ വായിക്കുകയോ ആകാം. മൂന്നാംഘട്ടത്തില്‍ നിലവിലുള്ള പുസ്‌തകങ്ങളെ, പ്രത്യേകിച്ച്‌ പഴക്കം ചെന്ന പുസ്‌തകങ്ങളെയും കയ്യെഴുത്ത്‌ പ്രതികളെയും ഡിജിറ്റല്‍ രൂപത്തിലേക്ക്‌ സ്‌കാന്‍ ചെയ്‌ത്‌ കംപ്യൂട്ടര്‍ വ്യൂഹത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റുക എന്നുള്ളതാണ്‌.

യു.ജി.സി ഇന്‍ഫ്‌ളിബ്‌നെറ്റ്‌ (INFLIBNET) എന്ന പേരില്‍ ഒരു ഇ-ലൈബ്രറി സേവനം തുടങ്ങിക്കഴിഞ്ഞു. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അഫിലിയേറ്റഡ്‌ കോളേജുകളിലേക്ക്‌ കുറഞ്ഞ ചിലവില്‍ ഇലക്‌ട്രോണിക്‌ ജേണലുകള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഇത്‌. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എം, എന്‍.ഐ.ടി എന്നിവ ലൈബ്രറിയെ സ്വന്തം വെബ്‌സൈറ്റുമായി കൂട്ടിയിണക്കിക്കഴിഞ്ഞു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഹോസ്റ്റലിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചോ, ക്യാംപസില്‍ ലഭ്യമായ വൈ-ഫൈ ഇന്റര്‍നെറ്റിലൂടെ ലാപ്‌ടോപ്‌ ഉപയോഗിച്ചോ ലൈബ്രറിയിലേക്ക്‌ പ്രവേശിക്കാം. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സേവനത്തിലൂടെ കൂടുതല്‍ ഇ-ജേണലുകള്‍ ലഭ്യമാക്കാനായി യു.ജി.സി പ്രസാധകരുമായി ചര്‍ച്ചയിലാണ്‌. ഇതിന്റെ എടുത്തു പറയത്തക്കനേട്ടം ഓരോ കോളേജും പ്രത്യേകമായി പ്രസാധകരെ സമീപിക്കേണ്ടതില്ലെന്നതും. ലഭ്യമായ ജേര്‍ണലുകള്‍ വളരെ കുറഞ്ഞ ചിലവില്‍ വികേന്ദ്രീകൃതമായ രീതിയില്‍ വിവിധ അഫിലിയേറ്റഡ്‌ കോളേജുകളിലെ കംപ്യൂട്ടര്‍ നോഡുകളിലൂടെ ലഭ്യമാക്കാമെന്നതുമാണ്‌.
ഇ-ലൈബ്രറി നേട്ടങ്ങള്‍:
(1) ഭൂമിശാസ്‌ത്രപരമായ പരിധികള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇല്ലാതാകുന്നു. ലൈബ്രറി അംഗങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ബന്ധം ഉണ്ടെങ്കില്‍ ലോകത്ത്‌ എവിടെ നിന്നും വിവരശേഖരണം നടത്താം. ലൈബ്രറിയിലേക്ക്‌ നേരിട്ട്‌ പോകേണ്ട ആവശ്യമില്ല.
(2) 24X7 സേവനം - 24 മണിക്കൂറും എല്ലാദിവസവും ലൈബ്രറിയിലേക്ക്‌ പ്രവേശിക്കാം. മേല്‍സൂചിപ്പിച്ച രണ്ട്‌ നേട്ടങ്ങളിലൂടെ സ്ഥലത്തിന്റെയും സമയത്തിന്റെയും കടമ്പകളെയാണ്‌ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മറികടക്കുന്നത്‌.
(3) ഗുണനിലവാരം ഒരുപോലെ സൂക്ഷിച്ചുകൊണ്ട്‌ എത്രകോപ്പി വേണമെങ്കിലും അംഗങ്ങള്‍ക്ക്‌ കൊടുക്കാം. സാധാരണ ലൈബ്രറിയില്‍ ലഭ്യമായ/വാങ്ങിയ കോപ്പിയെ ആശ്രയിച്ചു മാത്രമേ പുസ്‌തക വിവരണം സാധ്യമാകൂ. എന്നാല്‍ ഇ-ലൈബ്രറിയില്‍ മാസ്റ്റര്‍ കോപ്പിയുടെ എത്ര ഇമേജുകള്‍ വേണമെങ്കിലും വിതരണം ചെയ്യാം.
(4) കാറ്റലോഗ്‌ സര്‍ച്ച്‌: എഴുത്തുകാരന്റെ പേര്‌, പുസ്‌തകത്തിന്റെ പേര്‌, പുസ്‌തക നമ്പര്‍ (ISBN), പുസ്‌തകത്തിന്റെ മേഖല/ഗണം എന്നിവ അടിസ്ഥാനമാക്കി കാറ്റലോഗ്‌ സര്‍ച്ച്‌ നടത്തിയ ശേഷം ഉദ്ദേശിച്ച പുസ്‌തകത്തിലേക്ക്‌ പെട്ടെന്ന്‌ എത്താം. പുസ്‌തകത്തില്‍ നിന്നും ഇത്തരത്തില്‍ ഇന്‍ഡക്‌സ്‌ സര്‍ച്ച്‌ വഴി ചാപ്‌റ്ററുകളിലേക്കും എത്താം.
(5) പരമ്പരാഗത ലൈബ്രറിയുടെ ഏറ്റവും വലിയ പ്രശ്‌നം പുസ്‌തകം വയ്‌ക്കാനുള്ള സ്ഥലവും കെട്ടിട സൗകര്യങ്ങളുമാണ്‌. ഇ-ലൈബ്രറിക്ക്‌ കംപ്യൂട്ടര്‍ ഡാറ്റാബേസ്‌ സ്ഥലം മാത്രമാണ്‌ ആവശ്യം. ഇതാണെങ്കില്‍ വളരെ കുറവാണ്‌ താനും. ഇന്ന്‌ ലഭ്യമായിട്ടുള്ള സി.ഡി.റോമില്‍ ഒരുലക്ഷം പുസ്‌തകപേജ്‌ വരെ ഉള്‍ക്കൊള്ളുമെന്ന്‌ പറഞ്ഞാല്‍ ലാഭിക്കാനാകുന്ന സ്ഥലം ഊഹിക്കാവുന്നതേയുള്ളൂ.
(6) ലൈബ്രറി ശൃംഖല: ചെറുലൈബ്രറികളെ ഒരു കംപ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ കൊണ്ടുവന്നാല്‍ ഒട്ടേറെ പുസ്‌തകങ്ങളെ കൂടുതല്‍ പ്രദേശത്തിലേക്ക്‌ ജനാധിപത്യപരമായി എത്തിക്കാം.
(7) കുറഞ്ഞ മുതല്‍മുടക്ക്‌.

മിക്ക ദിനപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പഴയ ലക്കങ്ങള്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്‌ ആയി അതാത്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.ഒരു പഴയ വാര്‍ത്തയോ ലേഖനമോ തിരയാന്‍ പത്രക്കൂമ്പാരത്തില്‍ ഊളിയിടേണ്ടി വരില്ല. തീയതി അല്ലെങ്കില്‍ സര്‍ച്ച്‌ വേഡ്‌ ഉപയോഗിച്ച്‌ തിരഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പ്രസ്‌തുത വിവരം നിങ്ങള്‍ക്കു മുന്നിലെത്തും.പത്ര കടലാസ്‌,മാസിക കൂമ്പാരത്തില്‍ നിന്ന്‌ ഇതൊന്നു ചെയ്യണമെങ്കില്‍ താമസം നേരിട്ടേക്കാം.

ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ്‌ അമേരിക്കയിലെ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസ്‌. 30 ദശലക്ഷം കാറ്റലോഗ്‌ ചെയ്യപ്പെട്ട പുസ്‌തകവും മറ്റ്‌ പ്രിന്റ്‌ ചെയ്‌ത മാറ്ററുകളും 470 ലോക ഭാഷകളിലായി ശേഖരിച്ചിരിക്കുന്നു. അച്ചടി ദിനപത്രങ്ങളുടെയും കോമിക്‌ പുസ്‌തകങ്ങളുടെയും ഒരു അതിശയ ശേഖരം തന്നെ ഇവിടെയുണ്ട്‌. 1994 ഒക്‌ടോബര്‍ 13 ന്‌ 'അമേരിക്കന്‍ മെമ്മറി' (www.memory.loc.gov) എന്ന പേരില്‍ ഇന്റര്‍നെറ്റ്‌ അടിസ്ഥാനമാക്കിയുള്ള ഒരു ആര്‍ക്കിവ്‌സ്‌ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസ്‌ മുന്‍കൈ എടുത്ത്‌ ആരംഭിച്ചു. അച്ചടിച്ചതും എഴുതപ്പെട്ടതുമായ വിവരങ്ങളുടെ ഡിജിറ്റല്‍ ശേഖരത്തോടൊപ്പം ശബ്‌ദ റെക്കോര്‍ഡുകളും വീഡിയോ റെക്കോര്‍ഡുകളും ശാസ്‌ത്രീയമായി ഇന്റര്‍നെറ്റിലേക്ക്‌ ശേഖരിക്കുന്നുണ്ട്‌. അമേരിക്കയുടെ ചരിത്രത്തിലെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും നിദാനമായ സ്ഥാപനങ്ങള്‍,ചരിത്രവൃത്താന്തം,വ്യക്തികള്‍, സ്ഥലങ്ങള്‍, ആശയങ്ങള്‍ എന്നിവ പഠിക്കാനും ഈ നവസംരഭം ഉപകരിക്കും.ആദ്യകാലത്ത്‌ സി.ഡി റോം ഫോര്‍മാറ്റിലേക്ക്‌ വികേന്ദ്രീകൃതമായി വിവരങ്ങള്‍ ഡിജിറ്റല്‍ ശേഖരിക്കാനായിരുന്നു ശ്രമം. എന്നാല്‍ വിവര വ്യാപനത്തിനും ശേഖരണത്തിനും ഇത്‌ തടസമായി. മാത്രമല്ല, ചിലവേറുകയും ചെയ്‌തു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സമയോചിതമായ കടന്നു വരവിലൂടെ ഇത്‌ വ്യക്തമായ മാറ്റവും പുരോഗതിയും കാണിച്ചു. 2000 ല്‍ തന്റെ 5 ദശലക്ഷം പുസ്‌തകം എന്ന ലക്ഷ്യം പിന്നിട്ട 'അമേരിക്കന്‍ മെമ്മറി' മറ്റ്‌ ലൈബ്രറികള്‍ക്ക്‌ മാതൃകയാണ്‌. ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഇതുവരെ 89 ദശലക്ഷം സന്ദര്‍ശകര്‍, 458 ദശലക്ഷം പേജ്‌ വായന, 4.6 ബില്യണ്‍ ഹിറ്റുകള്‍. ഓണ്‍ലൈന്‍ ഹിസ്റ്റോറിക്കല്‍ ശേഖരത്തില്‍ 11 ദശലക്ഷം ഫയലുകളും ഉണ്ട്‌.

ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറിയുടെ ഡിജിറ്റല്‍ വായനാമുറിയിലേക്കെത്താന്‍ http://new.www.nypl.org/digital/ സന്ദര്‍ശിക്കുക. കോഴിക്കോട്ടുള്ള രാജ്യാന്തര പ്രശസ്‌ത എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ടെക്‌നോളജി (മുന്‍ അര്‍.ഇ.സി) ഡിജിറ്റല്‍ തയാറെടുപ്പുകള്‍ 1997 ല്‍ തുടങ്ങി.ഭാരതീയ അക്കാദമിക പാരമ്പര്യത്തിന്റെ പെരുമയുള്ള നളന്ദ (http://www.nalanda.nitc.ac.in) എന്ന പേരിലാണ്‌ എന്‍.ഐ.ടി യുടെ ഡിജിറ്റല്‍ ലൈബ്രറി അറിയപ്പെടുന്നത്‌. നളന്ദ 'Network of Automated Library ANd Digital Archives' എന്നതിന്റെ ചുരുക്കരൂപമാണ്‌.

ഹവര്‍ത്തിത്വത്തിലൂടെ ലൈബ്രറി അധികൃതരും വായനക്കാരുമെല്ലാം ചേര്‍ന്നാണ്‌ മിക്ക ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങളും നടത്തുന്നത്‌. അതുകൊണ്ട്‌ തന്നെ ചിലവ്‌ കുറയുമെന്ന്‌ മാത്രമല്ല വേഗത്തില്‍ വികേന്ദ്രീകൃതമായ രീതിയില്‍, ഡിജിറ്റല്‍ പാഠാന്തരം നടക്കും. പ്രൂഫ്‌ റീഡിംഗ്‌, സ്‌കാനിംഗ്‌, രൂപകല്‌പന എന്നിവയെല്ലാം ഒരു കൂട്ടായ്‌മയാണ്‌.

വിവരം രേഖപ്പടുത്തിവയ്‌ക്കുന്ന ശീലം അതിപുരാതന കാലം മുതല്‍ക്കുതന്നെ മനുഷ്യര്‍ ശീലിച്ചു വന്നിരുന്നു.അറിവ്‌ തലമുറകളിലേക്ക്‌ കൈമാറണമെന്നും അതിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകൂ എന്നുമുള്ള ഉത്തമ ബോധ്യമാണ്‌ അറിവിനെ അക്ഷരങ്ങളായോ,ചിത്രരൂപേണെയോ സൂക്ഷിച്ചു വയ്‌ക്കാന്‍ പ്രേരിപ്പിച്ചതും.കല്ലും,എല്ലും,തുകലും,മരത്തോലും ഒക്കെയായിരുന്നു ആദ്യകാല വിവര ശേഖരണോപാധികള്‍. ലൈബ്രറി എന്ന വാക്കിന്‌ അച്ചടി പുസ്‌തകവുമായി ഒരു ബന്ധവും ഇല്ല.ലാറ്റിന്‍ ഭാഷയിലെ 'Liber' എന്ന വാക്കില്‍ നിന്നാണ്‌ ലൈബ്രറി ലോകവ്യാപകമായി ഉപയോഗത്തിലെത്തുന്നത്‌. ലാറ്റിനില്‍ മരത്തൊലിക്ക്‌ പറയുന്ന വാക്കാണ്‌ ലിബര്‍. അക്കാലത്ത്‌ റോമാക്കാര്‍ വിവരാലേഖനത്തിനായി മരത്തൊലിയും മരപ്പലകയുമൊക്കെ ഉപയോഗിച്ചിരുന്നതിനാല്‍ ഈ വാക്ക്‌ മറ്റ്‌ ഭാഷകളിലേക്കെത്തി.

പിന്നീട്‌ കടലാസിന്റെ കടന്നു വരവോടെ അക്ഷരവിപ്ലവത്തിനും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ലോകം സാക്ഷിയാവുകയായിരുന്നു.പേപ്പറില്‍ എഴുതിയും അച്ചടിച്ചും വിവരങ്ങള്‍ സൂക്ഷിച്ചുവന്നു.ഇങ്ങനെയുള്ളവ ഗ്രന്ഥങ്ങളാക്കി സംരക്ഷിക്കുകയും ചെയ്‌തു.ഗ്രന്ഥശാലകള്‍ ഇതോടൊപ്പം ഉയര്‍ന്നു വരികയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അറിവ്‌ പകര്‍ന്നെത്തിക്കുകയും ചെയ്‌തു.കാലചക്രം വീണ്ടും ഉരുണ്ട്‌ ഇപ്പോള്‍ അച്ചടിച്ച സ്‌കീന്‌ പകരക്കാരനായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സ്‌ക്രീന്‍ എത്തുമ്പോഴും ഇത്‌ ഒരു തുടര്‍ച്ചയുടെ ഭാഗമായി കാണാം.ഒരു മാധ്യമത്തില്‍ നിന്ന്‌ അടുത്തതിലേക്കെത്തുമ്പോള്‍ വിവര വ്യാപനം കൂടുതല്‍ വികസിക്കുന്നതു കാണാം. ഒരു കാര്യം സ്‌പഷ്‌ടമാണ്‌.വായന മരിക്കുന്നില്ല,വായനയുടെ സങ്കേതം മാത്രമേ മാറുന്നുള്ളൂ.കാലചക്രമിനിയും മാറും കംപ്യൂട്ടര്‍ സ്‌ക്രീനെയും വെല്ലുന്ന സാങ്കേതികവിദ്യ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ വരില്ലെന്ന്‌ പറയാനാകില്ല.വായന മരിച്ചാല്‍ മാനവരാശിയും മരിച്ചുവെന്ന്‌ പറയാം അതുകൊണ്ട്‌ നാം വളരുന്നതിനൊപ്പം വായനയും വളരും,പുതിയ മേച്ചില്‍ പുറങ്ങളിലൂടെ.വര്‍ത്തമാന കാലത്ത്‌ ഇ-വായനയാണ്‌ പുതുമയെങ്കില്‍ നാളെ മറ്റൊന്നാകാം.

Wednesday, December 05, 2007

ഗൂഗിള്‍ ബുക്‌ പ്രോജക്‌ട്‌

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്‌ത്‌ ഇന്റര്‍നെറ്റിന്റെ ഭാഗമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടര്‍ വഴി വായനക്കാനരന്‌ ലഭ്യമാക്കുന്ന സേവനമാണ്‌ ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌. ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ രംഗത്തെ നൂതനമായ സംവിധാനങ്ങളിലൂടെയും സേവന മികവിന്റെയും അടിസ്ഥാനത്തില്‍ പ്രശസ്‌തിയിലേക്കും മികച്ച വിപണി പങ്കാളിത്തത്തിലേക്കും വളരെ പെട്ടെന്ന്‌ ഉയര്‍ന്നുവന്ന സ്ഥാപനമാണ്‌ ഗൂഗിള്‍. പത്തുവര്‍ഷത്തിനുള്ളില്‍ 15 ദശലക്ഷം പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ലോകത്താകമാനമുള്ള വായനാപ്രേമികള്‍ക്കായി ഏതു സമയത്തും വായിക്കാന്‍ എത്തിക്കുകയെന്നതാണ്‌ ഗൂഗിള്‍ ദൗത്യം.ബുക്‌ സര്‍ച്ചിലേക്കുള്ള കൃതികള്‍ ഗൂഗിള്‍ പ്രോജക്‌ടില്‍ പങ്കാളികളായ എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നുമാണ്‌ ലഭിക്കുന്നത്‌. പുസ്‌തകത്തിന്റെ എത്രമാത്രം ഭാഗം വായിക്കാന്‍ അനുവദിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇവരാണ്‌. ചിലപ്പോള്‍ പുസ്‌തകം അപ്പാടെ വായിക്കാന്‍ അനുവദിക്കും. അല്ലെങ്കില്‍ പ്രസക്തമായ പേജുകള്‍ ഇ-വായന നടത്താം. പകര്‍പ്പവകാശ സമയപരിധി കഴിഞ്ഞ പുസ്‌തകങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനിലൂടെ വായിക്കുകയോ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക്‌ പകര്‍ത്തുകയോ ചെയ്യാം.

ഗൂഗിള്‍ പ്രോജക്‌ടില്‍ പങ്കാളികളല്ലാത്ത സ്ഥാപനങ്ങളുടെ പുസ്‌തകങ്ങളെക്കുറിച്ച്‌ പരിമിതമായ വിശദാംശങ്ങളേ ലഭിക്കൂ. എന്നിരുന്നാലും സമീപത്തുള്ള ഒരു പുസ്‌തകക്കടയിലേക്ക്‌ പോകാതെ തന്നെ മറിച്ചുനോക്കുന്ന വായനാനുഭവം ലഭിക്കും. ഒപ്പം വേണമെങ്കില്‍ ഓണ്‍ലൈനാലോ ഓഫ്‌ ലൈനാലോ പുസ്‌തകം ഓഡര്‍ ചെയ്‌ത്‌ വായിക്കുകയും ആകാം.ബുക്‌ സര്‍ച്ച്‌, ഓണ്‍ലൈന്‍ പുസ്‌തക വായന, ബുക്‌ റിവ്യൂ, വെബ്‌ റഫറന്‍സുകള്‍, പുസ്‌തകം ഓണ്‍ലൈനായി വില്‍ക്കുന്ന ഇ-കൊമേഴ്‌സ്‌ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക്‌, പുസ്‌തകം ഉള്ള ലൈബ്രറിയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിന്റെ പ്രധാന സവിശേഷതകളാണ്‌.പകര്‍പ്പവകാശം കഴിഞ്ഞതും വിസ്‌മൃതിയിലായതുമായ പുസ്‌തകങ്ങള്‍ക്കും പുരാതന വിവരശേഖരങ്ങളും ഡിജിറ്റലൈസ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നത്‌ പുതുവായനക്കാര്‍ക്കും ഗവേഷകര്‍ക്കും അനുഗ്രഹമാണ്‌. മിക്കപ്പോഴും ഇത്തരം പുസ്‌തകങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറെയില്ലാത്തതിനാല്‍ വിപണി സാദ്ധ്യതയുണ്ടാകില്ല. അതുകൊണ്ട്‌ തന്നെ അച്ചടി പതിപ്പുകളിറക്കാന്‍ പ്രസാധകര്‍ തയ്യാറാവുകയുമില്ല.

ഫ്രാങ്ക്‌ഫര്‍ട്ട്‌ ബുക്‌ഫെയറില്‍ ഈ ആശയം 2004 ഒക്‌ടോബറില്‍ അവതരിപ്പിക്കുമ്പോള്‍ ഗൂഗിള്‍ പ്രിന്റ്‌ എന്നാണ്‌ ഈ പ്രോജക്‌ട്‌ അിറയപ്പെട്ടിരുന്നത്‌. എന്നാല്‍ 2005 നവംബര്‍ 17 ന്‌ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ എന്ന പുതിയ പേര്‌ സ്വീകരിച്ചു. പകര്‍പ്പവകാശം നിലനില്‍ക്കുന്ന പുസ്‌തകങ്ങളുടെ വിശദാംശങ്ങള്‍ പലതും ബുക്‌സര്‍ച്ചില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാദത്തിലും ഈ പ്രോജക്‌ട്‌ അകപ്പെട്ടു കഴിഞ്ഞു. ആഥേഴ്‌സ്‌ ഗില്‍ഡ്‌ പോലുള്ള സംഘടനകള്‍ പകര്‍പ്പവകാശ ലംഘനം, ബൗദ്ധിക സ്വത്തവകാശത്തിനെതിരെയുള്ള കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാണിച്ച്‌ വിവിധ കോടതികളില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പക്ഷേ, എഴുത്തുകാരനും പ്രസാധകനും കൂടുതല്‍ വായനക്കാരനിലേക്ക്‌ പുസ്‌തക വിവരം എത്തിക്കാന്‍ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ വഴി സാധിക്കുന്നുവെന്ന്‌ കണക്കുകള്‍ ഉദ്ധരിച്ച്‌ ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്‌.

പുസ്‌തകങ്ങള്‍ ഇത്തരത്തില്‍ ഡിജിറ്റലൈസ്‌ ചെയ്യുന്നത്‌ അച്ചടി പതിപ്പുകളുടെ വില്‌പനയെ പ്രതികൂലമായി ബാധിക്കുമെന്ന സംശയം മിക്ക കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്‌. എന്നാല്‍ ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ അനുഭവം മറിച്ചാണ്‌. 1534 ല്‍ കിംഗ്‌ ഹെന്‍ട്രി എട്ടാമന്‍ സ്ഥാപിച്ച ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രസാധകരിലൊന്നാണ്‌. അക്കാദമിക്‌, പ്രൊഫഷണല്‍ പുസ്‌തകങ്ങളില്‍ ഗുണമേന്മ കൊണ്ടും, മികച്ച വില്‌പനക്കണക്കുകള്‍ കൊണ്ടും ഇന്നും ഈ പ്രസാധകര്‍ മുന്നില്‍ തന്നെയാണ്‌. ഓരോ വര്‍ഷവും 1200 ലേറെ മികച്ച പുസ്‌തകങ്ങള്‍ വായനക്കാരനിലേക്കെത്തിക്കുന്ന ഇവര്‍ക്ക്‌ 24,000 ലേറെ പുസ്‌തകം പ്രിന്റിലുണ്ട്‌. ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ ഗുണനിലവാരവും ഗൂഗിളിന്റെ സേവന നൂതനത്വവും കൂടി ചേരുമ്പോള്‍ നേട്ടം വായനക്കാരനും പ്രസാധകനുമാണ്‌. ഗൂഗിള്‍ ബുക്‌ സര്‍ച്ചിലേക്ക്‌ ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ പങ്കാളിയായതോടെ പുസ്‌തക വിലപ്‌നയെ പറ്റി ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്‌ടില്‍ ചേരുന്നതിനു മുന്നിലെ (2003 ലെ) വില്‌പനയും 2006 ലെ വില്‌പനയും തമ്മില്‍ 2000 ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളെ അടിസ്ഥാനമാക്കി ഒരു പഠനം നടത്തി. 20 ശതമാനം കൂടുതല്‍ വില്‌പന ഗൂഗിള്‍ സര്‍ച്ച്‌ വഴി ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാല പ്രസിനുണ്ടായി എന്ന്‌ പഠനത്തില്‍ വ്യകതമായി. ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ വഴി വായനക്കാര്‍ ഓണ്‍ലൈനായി പുസ്‌തകം ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു. ക്രേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കെത്തുന്ന 65 ശതമാനം പേരും ബുക്‌ സെര്‍ച്ച്‌ വഴിയാണെന്ന്‌ ഗൂഗ്‌ള്‍ അനലിറ്റിക്‌സ്‌ സേവനം ഉപയോഗിച്ച്‌ നടത്തിയ വെബ്‌ നിരീക്ഷണത്തിലും തെളിഞ്ഞു. പ്രസാധകര്‍ ഉപേക്ഷിച്ചതും എന്നാല്‍ വായനക്കാര്‍ സ്‌നേഹിക്കുന്നതുമായ പുസ്‌തകങ്ങള്‍ ഇത്തരത്തില്‍ കണ്ടുപിടിച്ച്‌ പഴയ പുസ്‌തകങ്ങള്‍ക്ക്‌ പുതുവിപണി കണ്ടെത്താനും ബുക്‌സര്‍ച്ച്‌ സഹായകമാകുന്നുണ്ട്‌.

ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ പ്രോജക്‌ടുമായി ലോകത്തിലെ മിക്ക സര്‍വകലാശാലകളും പബ്ലിക്‌ ലൈബ്രറികളും സഹകരിക്കുന്നുണ്ട്‌. ഹാര്‍വാഡ്‌, ഒക്‌സ്‌ഫഡ്‌, സ്റ്റാന്‍ഫഡ്‌, കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നീ സര്‍വകലാശാലകള്‍, ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറി പോലുള്ള സ്ഥാപനങ്ങള്‍ എന്നിവ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിലെ പങ്കാളികളില്‍ ചിലരാണ്‌. മൈസൂര്‍ സര്‍വകലാശാലയിലെ എട്ട്‌ ലക്ഷത്തോളം പുസ്‌തകങ്ങളും ഡിജിറ്റലൈസ്‌ ചെയ്യാന്‍ സാങ്കേതിക സഹകരണം ആയി കഴിഞ്ഞു. താളിയോലകളും കൈയ്യെഴുത്തു പ്രതികളും അടക്കമുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പേറ്റന്റ്‌ നേടിയശേഷം പൊതുജന ഉപയോഗത്തിനായി ലഭ്യമാക്കുന്നതിനാണ്‌ പദ്ധതിയിട്ടിട്ടുള്ളത്‌. പുരാതന രേഖകളും പുസ്‌തകങ്ങളും ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ആര്‍ക്കീവ്‌സ്‌ ലേക്ക്‌ സൂക്ഷിക്കുന്നതിനും മറ്റുള്ളവര്‍ക്ക്‌ ലഭ്യമാക്കുന്നതിനും യു.ജി.സി.യുടെ സാമ്പത്തിക സഹായവും മൈസൂര്‍ സര്‍വകലാശാലക്ക്‌ ലഭിക്കുന്നുണ്ട്‌.200 ദശലക്ഷം യു.എസ്‌ ഡോളര്‍ ചിലവഴിച്ച്‌ 2015 ഓടെ ലക്ഷക്കണക്കിന്‌ പുസ്‌തകങ്ങള്‍ ലോകത്തിലെ ഏത്‌ വ്യക്തിക്കും ഏതു സമയത്തും എത്തിക്കുക എന്നതാണ്‌ ഗൂഗിള്‍ ബുക്‌ സര്‍ച്ച്‌ ലക്ഷ്യമിടുന്നത്‌. പുസ്‌തകങ്ങള്‍ റോബര്‍ട്ട്‌ നിയന്ത്രിത സ്‌കാനര്‍ ഉപയോഗിച്ച്‌ വളരെ വേഗത്തിലാണ്‌ ഒപ്പിയെടുക്കുന്നത്‌.

ഗൂഗിള്‍ ഇത്തരത്തില്‍ വന്‍ പദ്ധതികളുമായി മുന്നോട്ട്‌ പോകുമ്പോള്‍ പ്രതിയോഗികളും വിവര വിനിമയ സാങ്കേതികവിദ്യാ രംഗത്തെ മറ്റു സ്ഥാപനങ്ങളും ഒന്നിച്ചണിനിരന്നു കഴിഞ്ഞു. ഗൂഗിളിന്റെ സാങ്കേതിക വൈദഗ്‌ദ്യത്തെ നേരിടാനായി യാഹൂ, അഡോബി, ഹെവ്‌ലറ്റ്‌ പക്കാര്‍ഡ്‌, സിറോക്‌സ്‌ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന്‌ ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സ്‌ എന്ന പേരില്‍ കുറച്ചുകൂടി സ്വതന്ത്രമായ ഒരു ഡിജിറ്റല്‍ ലൈബ്രറി സംവിധാനം രൂപ്പെടുത്തിക്കഴിഞ്ഞു. ഗൂഗിള്‍ ബുക്‌ സെര്‍ച്ച്‌ ആയാലും യാഹൂ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സ്‌ ആയാലും ഒരുകാര്യം ഉറപ്പാണ്‌ 2015 ഓടെ മിക്ക പുസ്‌തകങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകും. ഓട്ട്‌ ഓഫ്‌ പ്രിന്റ്‌ ഗണത്തില്‍പ്പെട്ട പുസ്‌തകങ്ങള്‍ ഇനി അന്വേഷിച്ച്‌ ഏറെ അലയേണ്ടിവരില്ല എന്ന്‌ ചുരുക്കം. ഒരു അദൃശ്യ ഗ്രന്ഥ#ാല (ഇന്‍വിസിബിള്‍ ലൈബ്രറി) പതുക്കെ രൂപം കൊള്ളുകയാണ്‌ എന്ന്‌ അനുമാനിക്കാം.

വിവിധ സ്രോതസുകളില്‍ നിന്ന്‌ വളരെ ലളിതമായി അറിവ്‌ ശേഖരിക്കാനുള്ള ഉപകരണം എന്ന നിലയില്‍ ഇന്റര്‍നെറ്റിനെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റിന്റെ ലഭ്യതയുടെയും പ്രാപ്യതയുടെയും തോത്‌ നോക്കിയാല്‍ വികസത രാജ്യങ്ങള്‍ വളരെ മുന്നിലാണെന്ന്‌ കാണാം. ടെലഫോണ്‍ സാന്ദ്രത കുറവായ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തിനും തടസങ്ങളുണ്ടാകാം. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ പുരോഗമിക്കുന്നതോടുകൂടി ഇന്റര്‍നെറ്റിന്റെ ചിലവും കുറയുകയും ലഭ്യത ഏറുകയും ചെയ്യും. ഇങ്ങനെയുള്ള അവസരത്തില്‍ ഗൂഗിള്‍ ബുക്‌ സെര്‍ച്ചിനും യാഹൂ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സിനും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുടെ ചാലകശക്തിയാകാന്‍ കഴിയും.

ന്റര്‍നെറ്റിന്‌ ബഹുമുഖ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍, വര്‍ത്തമാനപത്രങ്ങള്‍, റേഡിയോ, ടെലഫോണ്‍ എന്നിവയില്‍ നിന്നും വളരെ വ്യത്യസ്‌തവും ഒപ്പം ഈ വ്യത്യസ്‌ത മാധ്യമങ്ങളെയെല്ലാം ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ഘടനയുമാണ്‌. ടെക്‌സ്റ്റ്‌ (പാഠം), ശബ്‌ദം, വീഡിയോ, ആനിമേഷന്‍ എന്നിവ യഥേഷ്‌ടം ഉള്‍പ്പെടുത്താമെന്നതും ഇന്ററാക്‌ടിവിറ്റിയുടെ തലം ഉണ്ടെന്നതും വിവരശേഖരണത്തെ ഏറെ സഹായിക്കുകയും ചെയ്യുന്നു. ഒരു ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയായി മാറുന്നതോടെ സഹവര്‍ത്തിത്വത്തിന്റെ നേട്ടം വര്‍ദ്ധിക്കുന്നതോടൊപ്പം ഒരു സാമൂഹിക ശൃംഖലയായി മാറുകയും ചെയ്യുന്നു. പുസ്‌തകങ്ങള്‍ ലൈബ്രറിയുടെ നാലുചുമരുകള്‍ക്കപ്പുറം കടന്ന്‌ ഭൂമിശാസ്‌ത്ര അതിരുകള്‍ ഭേദിച്ച്‌ ഒരു സാമൂഹിക ആസ്‌തിയായി മാറുന്നു. ഇതുതന്നെയാണ്‌ ഇന്റര്‍നെറ്റ്‌ മുന്നോട്ടുവയ്‌ക്കുന്ന വിവരശേഖരണത്തിന്റെയും വ്യാപനത്തിന്റെയും ശക്തിയും സൗന്ദര്യവും.

Saturday, December 01, 2007

ഇ-പുസ്‌തകങ്ങളുടെ അമൂല്യശേഖരം

ച്ചടിയുടെ ലോകത്തിന്‌ പുറത്ത്‌ ഒരു വിജ്ഞാന ശേഖരമൊരുക്കുന്ന കഥ പ്രശസ്‌ത ശാസ്‌ത്രകഥാകാരനായ എച്ച്‌.ജി. വെല്‍സ്‌ തന്റെ വേള്‍ഡ്‌ ബ്രെയിന്‍(1937) എന്ന നോവലില്‍ സൂചിപ്പിക്കുന്നുണ്ട്‌. എച്ച്‌.ജി.വെല്‍സിന്റെ പ്രവചനത്തെ കവച്ചുവയ്‌ക്കുന്ന രീതിയിലാണ്‌ ഇന്ന്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന വിവര-വിജ്ഞാന വിസ്‌ഫോടനം. പകര്‍പ്പവകാശം കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തതോ ആയ പുസ്‌തകങ്ങള്‍ ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ഏത്‌ പൗരനും ഇന്റര്‍നെറ്റിലൂടെ എവിടെയിരുന്നും വായിക്കാനും സ്വന്തം കംപ്യൂട്ടറിലേക്കോ ഇ-ബുക്ക്‌ റീഡറിലേക്കോ പകര്‍ത്തിവയ്‌ക്കാനോ സൗകര്യമൊരുക്കുന്ന സേവനമാണ്‌ പി.ജി എന്ന ചുരുക്കെഴുത്തില്‍ അിറയപ്പെടുന്ന പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌.


വിക്കീപീഡിയയിലേതുപോലെ വോളണ്ടിയര്‍മാരുടെ ശ്രമഫലമായാണ്‌ പകര്‍പ്പവകാശം കഴിഞ്ഞ അമൂല്യപുസ്‌തകങ്ങള്‍ ഇന്റര്‍നെറ്റിലേക്ക്‌ ശേഖരിക്കുന്നത്‌. ഒക്‌ടോബര്‍ 2007 വരെ 22,000ത്തോളം പുസ്‌തകങ്ങള്‍ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ എന്ന ഡിജിറ്റല്‍ പുസ്‌തകശാലയിലേക്ക്‌ ചേര്‍ത്തുകഴിഞ്ഞു.അമേരിക്കയിലെ ഇല്ലിനിയോസ്‌ സര്‍വകലാശാലയിലെ പഥാര്‍ത്ഥവിജ്ഞാനീയ വകുപ്പിലെ വിദ്യാര്‍ത്ഥിയായിരുന്ന മൈക്കേല്‍.എസ്‌.ഹാര്‍ട്ട്‌ 1971 ല്‍ തുടങ്ങിവച്ചതാണ്‌ ഇന്റര്‍നെറ്റിലെ ഏറ്റവും പഴക്കം ചെന്ന ഇ-ലൈബ്രറി. വിദ്യാര്‍ത്ഥിയായിരിക്കെ മൈക്കെല്‍ ഹാര്‍ട്ടിന്‌ സിറോക്‌സ്‌ സിഗ്‌മ മെയിന്‍ ഫ്രെയിം കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കാനും കൂടുതല്‍ ഇടപഴകാനും അവസരം കിട്ടി. ഇങ്ങനെ കിട്ടിയ വിലപിടിച്ച കംപ്യൂട്ടര്‍ സമയം ഭാവിതലമുറക്ക്‌ എക്കാലവും ഗുണകരമാകുന്ന ഒരു സംരംഭത്തിന്‌ വേണ്ടി വിനിയോഗിക്കണമെന്ന ആഗ്രഹത്തിനൊടുവിലാണ്‌ കംപ്യൂട്ടര്‍ ശൃംഖലകളില്‍ ലഭ്യമാകുന്ന പുസ്‌തകം എന്ന ആശയം പൊട്ടിമുളച്ചത്‌. തികച്ചും സ്വതന്ത്രവും സൗജന്യവുമായ ലഭ്യത ഭാവിയില്‍ ഏറെ വായനക്കാരെ ആകര്‍ഷിക്കുമെന്ന്‌ ഇദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു.

മൈക്കേല്‍ ജോലി ചെയ്‌തിരുന്ന കംപ്യൂട്ടര്‍ ഇന്റര്‍നെറ്റിലേക്ക്‌ ആദ്യമായി കൂട്ടിയിണക്കപ്പെട്ട കംപ്യൂട്ടറുകളിലൊന്നായിരുന്നുവെന്നത്‌ ഏറെ സൗകര്യമായി. ഒരു കാലത്ത്‌ ഈ ചെറുകംപ്യൂട്ടര്‍ ശൃംഖല ലോകത്തെ നിരവധി രാജ്യങ്ങളിലേക്ക്‌ പടര്‍ന്നുകിടക്കുന്ന വന്‍ ശൃംഖലയാകുമെന്ന്‌ മൈക്കേല്‍ സ്വപ്‌നം കണ്ടത്‌ വെറുതെയായില്ല. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോനാസ്‌ ഗുട്ടന്‍ബര്‍ഗിന്റെ പേരിലാണ്‌ പ്രോജക്‌ട്‌ നാമകരണം ചെയ്‌തത്‌. ഇന്ന്‌ ഒണ്‍ലൈന്‍ കാറ്റലോഗും, സര്‍ച്ചിംഗ്‌ സംവിധാനവുമൊക്കയായി വിവിധ ഭാഷകളിലും രാജ്യങ്ങളിലും സ്വതന്ത്രമായ പതിപ്പുകളുമായി ഇ-പുസ്‌തകശേഖരം വളരുകയാണ്‌. ഓരോ ആഴ്‌ചയിലും അന്‍പതോളം പുസ്‌തകങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്‌.ആദ്യകാലത്ത്‌ മൈക്കേല്‍ ഹാര്‍ട്ട്‌ തന്നെയായിരുന്നു എല്ലാ ജോലികളും ഇതിലേക്കായി ചെയ്‌തിരുന്നത്‌. ഇന്ന്‌ ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന വോളണ്ടിയര്‍മാര്‍ ടൈപ്പിംഗും പ്രൂഫ്‌റീഡിംഗും വികേന്ദ്രീകൃതമായ രീതിയില്‍ കുറ്റമറ്റ ശൈലിയില്‍ ചെയ്‌തുതീര്‍ക്കുന്നു. സ്ഥാപകനായ മൈക്കലിന്റെ ഇപ്പോഴത്തെ ജോലി ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഗുട്ടന്‍ബര്‍ഗ്‌ വോളണ്ടിയര്‍മാരെ ഏകോപിപ്പിക്കുക എന്നതാണ്‌.

ളരെ ലളിതമാണ്‌ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗിന്റെ ഘടന. പുസ്‌തകം കമനീയമായി രൂപകല്‌പന ഒന്നും ചെയ്യില്ല. ഏത്‌ കംപ്യൂട്ടര്‍ ഫോര്‍മാറ്റിലേക്കും മാറ്റാവുന്ന തരത്തില്‍ പ്ലെയിന്‍ ടെക്‌സ്റ്റ്‌ ആയി ആണ്‌ ഇത്‌ ലഭ്യമാക്കിയിട്ടുള്ളത്‌. ആര്‍ക്കുവേണമെങ്കിലും ഇത്‌ പകര്‍ത്തിയെടുത്ത്‌ അച്ചടിക്കുകയോ, കമനീയമായി രൂപകല്‌പന ചെയ്‌ത്‌ ഇന്റര്‍നെറ്റില്‍ തന്നെയോ സി ഡി/ഡി വി ഡി രൂപത്തിലോ സ്വതന്ത്രമായി വിതരണം ചെയ്യാനുള്ള സ്വാതന്ത്രവും പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ നല്‌കുന്നുണ്ട്‌. പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗിനെ അനുകരിച്ചും രൂപഭേദത്തോടെയും നവസംരഭങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇന്ന്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

ഴുത്തുകാരന്റെ പേരോ, കൃതിയുടെ പേരോ, ബുക്ക്‌ നമ്പരോ ഉപയോഗിച്ച്‌ എളുപ്പത്തില്‍ പുസ്‌തക ശേഖരത്തില്‍ തിരച്ചില്‍ നടത്താം. വളരെ ലളിതമായ രൂപകല്‌പനയായതിനാല്‍ ഇന്റര്‍നെറ്റ്‌ വേഗത കുറഞ്ഞ (ഡയല്‍ അപ്‌) കംപ്യൂട്ടറില്‍ പോലും അനായാസമായി പുസ്‌തകം ഡൗണ്‍ലോഡ്‌ ആകുമെന്നത്‌ എടുത്തു പറയേണ്ട സവിശേഷതയാണ്‌. ലോകത്തിലെ വന്‍കിട സ്ഥാപനങ്ങളുടെയൊന്നും പിന്‍ബലമില്ലാതെ വായനക്കാരനില്‍ നിന്നും പണമൊന്നും ഈടാക്കാതെ, ജനങ്ങളാല്‍ അപ്‌ലോഡ്‌ ചെയ്യുന്ന അവര്‍ തന്നെ പ്രൂഫ്‌റീഡ്‌ ചെയ്യുന്ന ജനങ്ങളുടെ സ്വന്തം ഗ്രന്ഥശേഖരം ഇന്റര്‍നെറ്റ്‌ പ്രദാനം ചെയ്യുന്ന നേട്ടങ്ങളിലൊന്നാണ്‌.ചില സന്നദ്ധസേവകര്‍ 'ബെസ്റ്റ്‌ ഓഫ്‌ ഗുട്ടന്‍ ബര്‍ഗ്‌' എന്ന പേരില്‍ ഒരുകൂട്ടം ഇ-പുസ്‌തകങ്ങളെ സി ഡി/ഡി വി ഡി രൂപത്തിലേക്ക്‌ പകര്‍ത്തിയെടുത്ത്‌ വായനക്കാര്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. ഇതുവഴി ഇന്റര്‍നെറ്റ്‌ ചെന്നെത്താത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഗുട്ടന്‍ബര്‍ഗ്‌ കൂട്ടായ്‌മയുടെ ഗുണഫലവും വായനയുടെ പുതുസാദ്ധ്യതകളും എത്തും. സിഡിയില്‍ നിന്നും ഒരു കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തിയ ശേഷം സുഹൃത്തിനോ മറ്റൊരു വിദ്യാലയത്തിനോ നല്‍കിയാല്‍ അവര്‍ക്കും ഇതുപോലെ പകര്‍ത്തിയ ശേഷം മറ്റൊരാള്‍ക്ക്‌ നല്‍കാം. പണച്ചിലവില്ലാതെ നടക്കുന്ന ഇത്തരം വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ വായനയുടെ പുതിയ സാദ്ധ്യതകളാണ്‌.

1971 ജൂലൈ നാലാം തീയതി ഒരു പ്രവചനമെന്നോണം മൈക്കേല്‍ ഹാര്‍ട്ട്‌ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെയായിരുന്നു ?ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നായ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസിലെ പുസ്‌തശേഖരം ഒരു കയ്യിലൊതുങ്ങുന്ന കാലം വരും?. അക്കാലത്തെ കംപ്യൂട്ടറിന്റെ വലിപ്പം വച്ചുനോക്കുമ്പോള്‍ ഇത്‌ തമാശയായി കാണാനെ തരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പിന്നീട്‌ കംപ്യൂട്ടറിന്റെ സംഭരണശേഷയിലും വലിപ്പത്തിലും അത്ഭുതകരമായ മാറ്റങ്ങളാണ്‌ സംഭവിച്ചത്‌, ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. 2007 ല്‍ ഭൗതികശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതും കംപ്യൂട്ടര്‍ മാഗ്‌നറ്റിക്‌ മെമ്മറിയുടെ വലിപ്പം കുറയ്‌ക്കാനുതകുന്ന കണ്ടുപിടിത്തത്തിനാണെന്നതും എടുത്തു പറയേണ്ടതുണ്ട്‌. ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്‌ വച്ച്‌ നോക്കുകയാണെങ്കില്‍ അടുത്ത പത്ത്‌ വര്‍ഷത്തിനകം ലോകത്തില്‍ ഇന്നോളം പുറത്തിറങ്ങിയ പുസ്‌തകങ്ങളെല്ലാം ഉള്ളം കൈയ്യിലൊതുക്കാവുന്ന തരത്തില്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ വികാസം പ്രാപിക്കുമെന്ന്‌ നിസംശയം പറയാം.

പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗിലേക്ക്‌ ആദ്യം പകര്‍ത്തപ്പെട്ട പുസ്‌തകം അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനരേഖയായിരുന്നു ഇതിനെ തുടര്‍ന്ന്‌ അന്നത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനയായ ബില്‍ ഓഫ്‌ റൈറ്റസ്‌ ഡിജിറ്റലൈസ്‌ ചെയ്‌തു. ഇതിലേക്ക്‌ ശേഖരിക്കുന്ന പുസ്‌തകങ്ങളെല്ലാം പകര്‍പ്പവകാശം കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തവയോ ആണ്‌. പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരാത്ത പുരാതന രേഖകളും സര്‍ക്കാരിന്റെയും സര്‍ക്കാരിതര സംഘടനകളുടെയും ഔദ്യോഗിക രേഖകളും മതഗ്രന്ഥങ്ങളും ഗുട്ടന്‍ബര്‍ഗ്‌ ശേഖരത്തിലേക്ക്‌ ചേര്‍ക്കുന്നുണ്ട്‌.

നിലവില്‍ കൂടുതല്‍ പുസ്‌തകങ്ങളും ഇംഗ്ലീഷിലാണെന്നതും പകര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ മാത്രമാണ്‌ ലഭ്യമാണെന്നതും ന്യൂനതയായി തോന്നാം. വിപണിയിലെ ബെസ്റ്റ്‌ സെല്ലറുകള്‍ പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇവിടെ കാണാനാകില്ലെങ്കിലും ഭാവിയില്‍ പകര്‍പ്പവകാശകാലം കുറയുമെന്ന്‌ പ്രതീക്ഷിക്കാം. മാത്രവുമല്ല, ഇപ്പോള്‍ ലഭ്യമായ ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക്‌ വോളണ്ടിയര്‍മാര്‍ തര്‍ജിമ ചെയ്യാനും പദ്ധതിയിടുന്നുണ്ട്‌. വിശ്വോത്തര ക്ലാസ്സിക്കുകള്‍ യൂണികോഡ്‌ ഫോണ്ടില്‍ പ്രാദേശിക ഭാഷയിലൂടെ എത്തിയാല്‍ ഇന്റര്‍നെറ്റിന്റെ ഇംഗ്ലീഷ്‌ മേധാവിത്വം കുറയുകയും ഇപ്പോഴും ഇന്റര്‍നെറ്റ്‌ മാധ്യമത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ജനങ്ങളെ കൂടി നവമാധ്യമസാധ്യതകളിലേക്ക്‌ ആകര്‍ഷിക്കാനും സാധിക്കും.1989 വരെ എല്ലാ പുസ്‌തകങ്ങളും കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ നേരിട്ട്‌ ടൈപ്പ്‌ ചെയ്‌ത്‌ ഡിജിറ്റലൈസ്‌ ചെയ്യുന്ന രീതിയായിരുന്നു തുടര്‍ന്നുവന്നത്‌. എന്നാല്‍ ടൈപ്പ്‌ ചെയ്യാത്ത തന്നെ പുസ്‌തകങ്ങള്‍ അക്ഷരങ്ങളായി ഒപ്പിയെടുക്കാവുന്ന ഒപ്‌ടിക്കല്‍ സ്‌കാനിംഗ്‌ സാങ്കേതികവിദ്യയുടെ വരവോടെ ഇ-പുസ്‌തകശേഖരത്തിലേക്ക്‌ കൂടുതല്‍ പുസ്‌തകങ്ങള്‍ കടുന്നുവരാന്‍ തുടങ്ങി.

ഭാവിയില്‍ കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ തന്നെ ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക്‌ ടെക്‌സ്റ്റിനെ മാറ്റാനുള്ള രീതി (മെഷീന്‍ ട്രാന്‍സ്‌ലേഷന്‍) യും വ്യാപകമാകും. ഒപ്പം ടെക്‌സ്റ്റ്‌ ടു സ്‌പീച്ച്‌ എന്ന പ്രയോഗം കാര്യക്ഷമമാകുന്നതോടെ സാഹിത്യ കൃതി കേട്ട്‌ ആസ്വദിക്കുകയുമാകാം. 1994 വരെയുള്ള ആദ്യ മുപ്പത്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ 5000 പുസ്‌തകങ്ങള്‍ ശേഖരിക്കപ്പെട്ടെങ്കില്‍ പിന്നീടുള്ള 5000 പുസ്‌തകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ മുപ്പത്‌ മാസങ്ങള്‍ പോലും വേണ്ടി വന്നില്ലെന്നത്‌ സാങ്കേതിക വിദ്യയുടെ വികാസം ഇത്തരത്തിലുള്ള സംരഭങ്ങളെ ഗുണപരമായി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ്‌.

കര്‍പ്പവകാശം കഴിഞ്ഞ പുസ്‌തകങ്ങള്‍ മാത്രമാണ്‌ ഇവിടെ ലഭ്യമാകന്നത്‌ എന്ന്‌ സൂചിപ്പിച്ചല്ലോ. എന്നാല്‍ പുതുതായെത്തുന്ന പുസ്‌തകങ്ങളും ബെസ്റ്റ്‌ സെല്ലറുകളും ഡിജിറ്റല്‍ ശേഖരത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെങ്കിലും ഷേക്‌സ്‌പിയര്‍ കൃതികള്‍, ആര്‍തര്‍കോനന്‍ഡോയിലിന്റെ ഷെര്‍ലക്‌ ഹോംസ്‌ കഥകള്‍, എൗ്‌ഗാര്‍ റൈസ്‌ ബൗറസിന്റെ ടാര്‍സന്‍, മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ഗീതാജ്ഞലി അടക്കമുള്ള മിക്ക കൃതികള്‍ തുടങ്ങി എക്കാലവും വായനക്കാരെ ആകര്‍ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കൃതികള്‍ പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗില്‍ സുലഭമാണ്‌.ഗുട്ടന്‍ബര്‍ഗ്‌ ഇ-പുസ്‌തക ശേഖരത്തെ മുഖ്യമായും മൂന്നായി തിരിക്കാം. ഒന്നാമത്തെ വിഭാഗമായ മൃദുസാഹിത്യത്തില്‍ (light literature) ആലീസ്‌ ഇന്‍ വണ്ടര്‍ലാന്‍ഡ്‌, ഈസോപ്പ്‌ കഥകള്‍ തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തെ വിഭാഗമായ കനപ്പെട്ട സാഹിത്യത്തില്‍ (Heavy literature) ഷേക്‌സ്‌പിയര്‍ കൃതികള്‍, ബൈബിള്‍ പോലുള്ള മതഗ്രന്ഥങ്ങള്‍ എന്നിവയും മൂന്നാമത്തെ വിഭാഗത്തില്‍ റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍, നിഘണ്ടു, തിസോറസ്‌, വിജ്ഞാനകോശങ്ങള്‍ എന്നിവയുമാണ്‌.

ദ്യത്തെ നൂറോളം പുസ്‌തകങ്ങള്‍ ഗുട്ടന്‍ബര്‍ഗ്‌ സ്ഥാപകന്‍ മൈക്കേല്‍ ഹേര്‍ട്ട്‌ സ്വയം ടൈപ്പ്‌ ചെയ്‌തതാണെങ്കില്‍ ഇന്ന്‌ വോളണ്ടിയര്‍മാരുടെ ശ്രമഫലമായി മാസംതോറും 400 ഓളം പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക്‌ മാറ്റുന്നു. ഓരോ മാസവും ലക്ഷക്കണക്കിന്‌ ഡൗണ്‍ലോഡും വായനക്കാര്‍ വെബ്‌സൈറ്റ്‌ വഴി നടത്തുന്നുവെന്നത്‌ വോളണ്ടിയര്‍ ശ്രമങ്ങളുടെ ഫലപ്രാപ്‌തിയെയാണ്‌ സൂചിപ്പിക്കുന്നത്‌. 13-ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന്‌ 'ദി മാഗ്‌നാകാര്‍ട്ട' യാണ്‌ ഈ ശേഖരത്തിലേക്ക്‌ 10,000 -ാമത്‌ ആയി കൂട്ടിചേര്‍ക്കപ്പെട്ട പുസ്‌തകം ഓരോ ദിവസവും അഞ്ഞൂറോളം പ്രൂഫ്‌ റീഡര്‍മാര്‍ 8,000 ഓളം പേജുകള്‍ തെറ്റുതിരുത്തുന്നുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. യൂറോപ്പ്‌, ആസ്‌ട്രേലിയ തുടങ്ങിയ ദേശങ്ങളില്‍ സ്വതന്ത്രമായ പ്രോജക്‌ട്‌ ഗുട്ടന്‍ ബര്‍ഗ്‌ സംരഭങ്ങളും നിലവില്‍ വന്നുകഴിഞ്ഞു. 2015 ആകുമ്പോഴേക്കും പത്തുലക്ഷം പുസ്‌തകങ്ങളാണ്‌ ഈ ഡിജിറ്റല്‍ പുസ്‌തകശാലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. നിലവിലുള്ള വളര്‍ച്ചാനിരക്കും കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയിലെ വികാസവും വച്ച്‌ പരിശോധിക്കുമ്പോള്‍ 2015 ന്‌ മുന്‍പ്‌ തന്നെ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.ഹോം പേജില്‍ തന്നെ ഓണ്‍ലൈന്‍ കാറ്റലോഗ്‌, അഡ്‌വാന്‍സ്‌ഡ്‌ സര്‍ച്ച്‌, പുതിയ ഇ-ബുക്കുകള്‍, കൂടുതല്‍ ഡൗണ്‍ ലോഡ്‌ ചെയ്യപ്പെട്ട ഇ-ബുക്കുകള്‍, കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാര്‍ എന്നിവ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌ ഈ വെബ്‌സൈറ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഓപ്പണ്‍ ഫോര്‍മാറ്റില്‍ ലഭിക്കുന്നതിനാല്‍ വായനക്കാരന്‌ ഇഷ്‌ടമുള്ള രീതിയില്‍ രൂപകല്‌പന നടത്തി വായിക്കാമെന്നതും എടുത്തു പറേണ്ട മേന്മയാണ്‌.പ്രോജക്‌ട്‌ ഗുട്ടന്‍ബര്‍ഗ്‌ വെബ്‌സൈറ്റ്‌ - http://www.gutenberg.org

Saturday, November 10, 2007

യൂണികോഡ്‌

കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയേയും പ്രാദേശിക ഭാഷകളെയും കോര്‍ത്തിണക്കുന്ന ലിപി വിന്യാസമാണ്‌ യൂണികോഡ്‌ ഫോണ്ടുകള്‍. ഇംഗ്ലീഷ്‌ മാത്രമാണ്‌ ഇന്റര്‍നെറ്റിന്റെ ഭാഷയെന്ന്‌ ധാരണയെ സാങ്കേതികപരമായി വരെ തിരുത്താന്‍ ശേഷിയുള്ളതാണ്‌ യൂണികോഡ്‌ ഫോണ്ടുകള്‍. പ്രാദേശിക ഭാഷകളില്‍ അനായാസമായി ഉപയോഗിക്കാന്‍ സാധിക്കുന്ന യൂണികോഡ്‌ ഫോണ്ടുകള്‍ ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും പര്യാപ്‌തമായ അക്ഷരക്കൂട്ടമാണ്‌.പണ്ട്‌ മലയാളഭാഷയുടെ ഭാഗമായി ഉപയോഗിച്ചുവന്നിരുന്ന അക്കങ്ങള്‍ വരെ ഇന്ന്‌ യൂണികോഡ്‌ മലയാളത്തില്‍ ഇണക്കി ചേര്‍ത്തു കഴിഞ്ഞു. മീര എന്ന പേരില്‍ തനത്‌ മലയാളലിപിയിലുള്ള അക്ഷര രൂപം കെ.എച്‌.ഹുസൈന്‍,പി.സുരേഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ വികസിപ്പിച്ചിട്ടുണ്ട്‌. പ്രാദേശിക ഭാഷകള്‍ ടൈപ്പ്‌ ചെയ്യാനുപയോഗിക്കുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ (ലിപ്യന്തരണം) വ്യാപകമായതോടെ ഇംഗ്ലീഷ്‌ കീബോര്‍ഡ്‌ ഉപയോഗിച്ച്‌ തന്നെ മലയാളം ടൈപ്പ്‌ ചെയ്യാമെന്ന സ്ഥിതി വന്നു.
'കേരളത്തിന്റെ' എന്നു സ്‌ക്രീനില്‍ കാണണമെങ്കില്‍ kEraLathinte എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ മതിയാകും. മലയാളം ടൈപ്പിംഗ്‌ വശമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ ടൈപ്പ്‌ ചെയ്യാമെന്നത്‌ ബ്ലോഗിംഗ്‌, ഓര്‍ക്കൂട്ട്‌ സ്‌ക്രാപ്‌ ബുക്ക്‌, വിക്കീപീഡിയ മലയാളം പതിപ്പ്‌, വെബ്‌ മാഗസിനുകള്‍ എന്നിവയില്‍ യൂണികോഡിനെ ജനകീയമാക്കുന്നു. യൂണികോഡ്‌ ഫോണ്ടുപയോഗിച്ച്‌ സര്‍ച്ച്‌ ചെയ്യാവുന്ന സങ്കേതം ഗൂഗിള്‍ വികസിപ്പിച്ചെടുത്ത്‌ വിന്യസിച്ചിട്ടുണ്ട്‌.

ന്റര്‍നെറ്റ്‌, ഡിജിറ്റല്‍ കണ്ടന്റുകള്‍ എന്നിവയുടെ വ്യാപകമായ ഉപയോഗത്തോടുകൂടി വിവരവിനിമയ രംഗത്ത്‌ ഒരു വലിയ കുതിച്ചാട്ടത്തിന്‌ ലോകം സാക്ഷ്യം വഹിക്കുകയാണ്‌. ഡിജിറ്റല്‍ വിദ്യ പ്രാപ്യമായവരും അല്ലാത്തവരും തമ്മിലുള്ള അന്തരം (ഡിജിറ്റല്‍ ഡിവൈഡ്‌) കുറയ്‌ക്കാന്‍ പ്രാദേശിക ഭാഷയിലുള്ള വിവരശേഖരം ഏറെ ഉപകരിക്കും.ഇന്റര്‍നെറ്റ്‌ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഒരോ സേവനദാതാക്കളും അവരവരുടെ ഫോണ്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഓരോ സൈറ്റും വായിക്കണമെങ്കില്‍ അതാത്‌ ഫോണ്ടുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യുകയും വേണം.പ്രാദേശിക ഭാഷയില്‍ മാറ്റര്‍ തയാറാക്കി മറ്റൊരു കംപ്യൂട്ടറിലേക്ക്‌ മാറ്റുമ്പോള്‍ ഫോണ്ട്‌ കൂടി പകര്‍ത്തി കൊടുക്കേണ്ട അവസ്ഥ.അക്ഷരങ്ങള്‍,അക്കങ്ങള്‍,ചിഹ്നങ്ങള്‍ എന്നിവ ഒന്നിന്റെയും പൂജ്യത്തിന്റെയും (ബൈനറി ഡിജിറ്റ്‌) ശ്രേണിയായി ആണ്‌ കംപ്യൂട്ടര്‍ ഓര്‍മ്മയിലേക്ക്‌ സൂക്ഷിക്കുന്നത്‌. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ ഓരോ അക്ഷരത്തിനും ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ ബൈനറി ഡിജിറ്റ്‌ ശ്രേണി ഉണ്ടാകണം. നേരത്തേ ഇത്‌ ആസ്‌കി (ASCII- അമേരിക്കന്‍ സ്റ്റാന്‍ഡേഡ്‌ കോഡ്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ച്‌) കോഡ്‌ ആയിരുന്നു. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെ ഒന്നും പൂജ്യവും ഉപയോഗിച്ച്‌ കോഡ്‌ ചെയ്യുന്ന സമ്പ്രദായത്തെ കാരക്‌ടര്‍ എന്‍കോഡിംഗ്‌ എന്നാണ്‌ പറയുന്നത്‌. 256 അക്ഷര-അക്ക-ചിഹ്നങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവുകയുള്ളൂ എന്നതാണ്‌ ആസ്‌കികോഡിന്റെ മുഖ്യപരിമിതി. 128 എണ്ണം ഇംഗ്ലീഷിനുപയോഗിക്കുന്ന ലാറ്റിന്‍ അക്ഷരങ്ങള്‍ക്കും ശേഷം 128 ഇംഗ്ലീഷിനുപയോഗിക്കാത്ത മറ്റ്‌ ലാറ്റിന്‍ ഭാഷക്കും ഉപയോഗിക്കാവുന്ന രീതിയാണ്‌ ഇതില്‍ പിന്തുടരുന്നത്‌. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗത്തോടെ ഒന്നിലധികം ഭാഷകള്‍ ഒരു സമയം തന്നെ ഒരു മാറ്ററില്‍ വായിക്കേണ്ട അവസരങ്ങളില്‍ ആസ്‌കീ ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ തടസങ്ങളുണ്ട്‌. 256 ലൊക്കേഷനില്‍ ആദ്യത്തെ 128 ഇംഗ്ലീഷ്‌ ഭാഷയിലെ സ്‌മാള്‍കേയ്‌സ്‌, അപ്പര്‍ കേയ്‌സ്‌, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ കോഡ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നു. ഫ്രഞ്ച്‌, സ്‌പാനീഷ്‌, ജര്‍മ്മന്‍ ഭാഷകളിലെ ചില അക്ഷരങ്ങള്‍ കോഡ്‌ ചെയ്യാന്‍ ആദ്യ 128 ലൊക്കേഷനുകള്‍ മതിയാകില്ല. അപ്പോള്‍ അടുത്ത 128 ലൊക്കേഷനുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ലാറ്റിന്‍ 1 എന്ന്‌ പേരിട്ട്‌ ഇതിനെ വിളിക്കുന്നു.

പക്ഷേ, മുഖ്യ പരിമിതി രണ്ടു ലാറ്റിന്‍ ലിപികള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നത്‌ തന്നെയാണ്‌. ചൈനീസ്‌, ജപ്പാനീസ്‌ പോലുള്ള അക്ഷരവൈവിധ്യം ഏറെയുള്ള ഭാഷകള്‍ 256 ല്‍ ഒതുങ്ങുകയുമില്ല എന്ന പ്രതിസന്ധിയും വന്നു. ഇത്‌ മറികടക്കാന്‍ ഫോണ്ട്‌ എന്‍കോഡിംഗ്‌ എന്ന സംവിധാനം ഉപയോഗിച്ചു. അക്ഷരങ്ങള്‍ കംപ്യൂട്ടറിലേക്ക്‌ സ്വീകരിക്കുന്നത്‌ ഇംഗ്ലീഷിലും ദൃശ്യമാക്കുന്നത്‌ മലയാളം പൊലെയുള്ള പ്രാദേശിക ഭാഷയിലും. ഇംഗ്ലീഷ്‌ അക്ഷരത്തിനുമേല്‍ മലയാള അക്ഷരം ചേര്‍ത്ത്‌ വയ്‌ക്കുന്ന രീതി. ഇന്റര്‍നെറ്റ്‌ സര്‍ച്ചിംഗ്‌ പൊലെയുള്ള സന്ദര്‍ഭങ്ങളില്‍ ഇത്‌ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. കംപ്യൂട്ടറിനറിയില്ല ഇത്‌ മലയാളമാണന്ന്‌.!!ഏക പോംവഴി എല്ലാവര്‍ക്കും സ്വീകാര്യമായതും സാങ്കേതികപരമായി കുറ്റമറ്റതുമായ ഒരു ലിപി വ്യവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നുള്ളതായി. ഇതിന്റെ ഫലമായി യൂണികോഡ്‌ കണ്‍സോര്‍ഷ്യം (www.unicode.org) എന്ന ലാഭേച്ഛയില്ലാത്ത സ്വതന്ത്ര സംഘടനനിലവില്‍ വന്നു. ലോകത്തിലെ മിക്ക കംപ്യൂട്ടര്‍, ഐ.ടി സ്ഥാപനങ്ങള്‍ യൂണികോഡ്‌ സംഘടനയിലെ അംഗങ്ങളാണ്‌. ഭാരതസര്‍ക്കാരും പ്രാദേശിക ഭാഷാ സംവിധാനം പരിപോഷിപ്പിക്കാനായി യൂണികോഡില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അംഗമാണ്‌. 1992 ല്‍ തന്നെ യൂണികോഡ്‌ 1.0 എന്ന പതിപ്പ്‌ പുറത്തുവന്നു ഇപ്പോള്‍ യൂണികോഡ്‌ 5.0 ആണ്‌ ഏറ്റവും പുതിയ അവതാരം. 16 ബിറ്റു മാത്രം ഉപയോഗിച്ച്‌ പൂജ്യവും ഒന്നും ശാസ്‌ത്രീയമായി വിന്യസിച്ച്‌ 500 ഓളം ഭാഷകളെ യൂണികോഡില്‍ എത്തിച്ചു കഴിഞ്ഞു. ഇപ്പോഴും കൂടുതല്‍ അക്ഷരശൈലികളും ഭാഷകളും യൂണികോഡിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. ഒന്‍പത്‌ ഭാരതീയ ഭാഷകള്‍ക്കായി 1152 (9 X 128 = 1152) കോഡുകള്‍ അനുവദിച്ചിട്ടുണ്ട്‌. 3328 മുതല്‍ 3455(0D00 - 0D7F) വരെയുള്ള കോഡുകള്‍ മലയാള ലിപി ഫോണ്ടുകള്‍ക്കായി നീക്കി വച്ചിരിക്കുന്നു. പക്ഷെ, ഈ അക്ഷരങ്ങള്‍ എങ്ങനെ സ്‌ക്രീനിലും അച്ചടിയിലും ദൃശ്യമാകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്‌ട്‌വെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്‌ധരും സ്ഥാപനങ്ങളുമാണ്‌. യൂണികോഡ്‌ വഴി 65536 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും. ലോകത്തില്‍ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ഭാഷകള്‍ക്കിതു മതിയാകും. ഇതിലൂടെ ഓരോ പ്രാദേശിക ഭാഷക്കും അതിന്റെ ഇടം കംപ്യൂട്ടറില്‍ ലഭിക്കും. യൂണികോഡ്‌ മലയാളം, മലയാള ലിപിയായി തന്നെ കംപ്യൂട്ടര്‍ മനസിലാക്കുന്നു. സിസ്റ്റത്തില്‍ എതെങ്കിലും ഒരു യൂണികോഡ്‌ ഫോണ്ട്‌ (രചന,അഞ്‌ജലി) ഉണ്ടായാല്‍ മതിയാകും.ആ ഫോണ്ടിന്റെ അക്ഷര ഭംഗിയില്‍ മാറ്റര്‍ വായിക്കാം. പക്ഷെ മലയാളത്തില്‍ 900 ലധികം (വിവിധ കൂട്ടക്ഷരങ്ങളടക്കം) അക്ഷരങ്ങളുള്ളപ്പോള്‍ 256 ഉപയോഗിച്ച്‌ എങ്ങനെ ഇതെല്ലാം ദൃശ്യമാക്കാനാകും.

വിടെയാണ്‌ ഓപ്പണ്‍ ടൈപ്പ്‌ ഫോണ്ട്‌ സാങ്കേതികവിദ്യ സഹായത്തിനെത്തുന്നത്‌. യൂണികോഡും ഓപ്പണ്‍ ടൈപ്പ്‌ കൂടിയായാല്‍ എല്ലാ അക്ഷരങ്ങളെയും അക്ഷരക്കൂട്ടങ്ങളെയും അതേ രീതിയില്‍ തന്നെ ദൃശ്യമാക്കാം. പ #്‌ ര എന്നതിന്‌ പകരം പ്ര എന്നു തന്നെ കാണിക്കാം. സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംരഭങ്ങള്‍ യൂണികോഡ്‌ ഫോണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ച്‌ വരുന്നുണ്ട്‌. ഏത്‌ പ്ലാറ്റ്‌ഫോമിലും, ഏത്‌ ആപ്ലിക്കേഷനിലും ഉപയോഗിക്കാമെന്നത്‌ യൂണികോഡിനെ ജനകീയമാക്കുന്നു. നിലവില്‍ യൂണികോഡ്‌ അധിഷ്‌ഠിത ഫോണ്ടുകള്‍ മലയാളത്തില്‍ കുറവാണെങ്കിലും കൂടുതല്‍ വ്യാപകമാകുന്നതോടെ ഒട്ടേറെ അക്ഷരരൂപങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം. പ്രാദേശിക ഭാഷാ കംപ്യൂട്ടിംഗിന്‌ യൂണികോഡ്‌ ഒരു അനിവാര്യതയായി കഴിഞ്ഞു. ഇ-ഗവേണന്‍സ്‌, ഇ-വായന പോലുള്ള പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ മലയാളം യൂണികോഡിലുള്ള അക്ഷരശൈലി ഉപകരിക്കുമെന്നത്‌ മേന്മയാണ്‌.
( വിവരങ്ങള്‍ക്ക്‌ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്‌ സംഘത്തോട്‌ കടപ്പാട്‌ )

Wednesday, October 24, 2007

സ്വതന്ത്ര സോഫ്‌ട്‌വെയറും മാറുന്ന വായനയുടെ അകംപൊരുളും


ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ആശയത്തിന്റെ അല്ലെങ്കില്‍ പുസ്‌തകത്തിന്റെ ഉള്ളടക്കത്തെ സോഫ്‌ട്‌ കോപ്പിയായി സൂക്ഷിച്ച്‌ വായനക്കാരുടെ ഇഷ്‌ടാനുസരണം ഉള്ള മാധ്യമത്തിലൂടെ വായന സാധ്യമാക്കുന്ന രീതിയെയാണ്‌ ഇലക്‌ട്രോണിക്‌ വായന അഥവാ ഇ-വായന കൊണ്ടുദ്ദേശിക്കുന്നത്‌. കംപ്യൂട്ടര്‍ തന്നെയാകണം എന്നില്ല ഇ-വായനയുടെ ഉപകരണം (ഹാര്‍ഡ്‌വെയര്‍), സവിശേഷ സ്‌ക്രീന്‍ സൗകര്യങ്ങളുള്ള നവീനമാതൃകയിലുള്ള മെബൈല്‍ ഫോണ്‍, പി.ഡി.എ. ഇ-ബുക്ക്‌്‌ റീഡറുകള്‍ എന്നിവ ഉപയോഗിച്ചും ഇ-പുസ്‌തകം വായിക്കാവുന്നതാണ്‌.

ഇ-വായനയുടെ കാര്യത്തില്‍ ഹാര്‍ഡ്‌വെയറിനെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത്‌ അതിലുപയോഗിച്ചിരിക്കുന്ന സോഫ്‌ട്‌വെയര്‍ തന്നെയാണ്‌. ഒരു സാങ്കേതികവിദ്യ/ഉപകരണം ജനകീയമാക്കാനുള്ള പ്രധാന പ്രതിബന്ധം അതിന്റെ ഉയര്‍ന്ന വിലയാണ്‌. ഡിജിറ്റല്‍ ഉല്‌പന്നങ്ങളുടെ വിലയെ രണ്ടായി തിരിക്കാം. ഹാര്‍ഡ്‌വെയറിന്റെ/ഉപകരണത്തിന്റെ വിലയും അതിലുപയോഗിച്ചിരിക്കുന്ന സോഫ്‌ട്‌വെയറിന്റെ വിലയും. ഹാര്‍ഡ്‌വെയറിന്റെ വില മറ്റെല്ലാ ഉല്‌പന്നങ്ങളെയും പോലെ കാലം കഴിയുന്തോറും (ആവശ്യക്കാര്‍ കൂടുമ്പോള്‍ ഉത്‌പാദനം വര്‍ദ്ധിക്കുകയും അതുവഴി വില കുറയുകയും ചെയ്യുന്ന രീതി) വില കുറയുകയും ഒരു പ്രത്യേക സമയം എത്തുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്ന വിലയിലെത്തുകയും ചെയ്യും. ഉദാഹരണം കംപ്യൂട്ടര്‍, മെബൈല്‍ഫോണ്‍, ടി.വി. .... പൊതുവെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ ഉല്‌പന്നങ്ങളെല്ലാം ഇത്തരത്തില്‍ കാലക്രമേണ ജനകീയ ഉല്‌പന്നങ്ങളായി മാറുന്നുണ്ട്‌. കംപ്യൂട്ടറിന്റെ കാര്യത്തില്‍ ഹാര്‍ഡ്‌വെയര്‍ വില കുറയുന്നു എന്നത്‌ തര്‍ക്കമില്ലാത്ത സംഗതിയാണ്‌. എന്നാല്‍ ഹാര്‍ഡ്‌വെയര്‍ മാത്രമല്ല കംപ്യൂട്ടറിന്റെ വില നിര്‍ണയിക്കുന്നത്‌, അതിലുള്‍പ്പെടുത്തിയിരിക്കുന്ന സോഫ്‌ട്‌വെയറിനും വില നല്‌കേണ്ടതുണ്ട്‌. സോഫ്‌ട്‌വെയര്‍ വിലയില്‍ കാലക്രമേണ കുറവുണ്ടാകുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ പതിപ്പുകളും വര്‍ദ്ധിച്ച ആവശ്യക്കാരുമുണ്ടാകുമ്പോഴും വിലയില്‍ വലിയ മാറ്റമില്ല.

സോഫ്‌ട്‌വെയര്‍ എന്നാല്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളടങ്ങിയ അറിവാണ്‌. ഇത്‌ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയില്‍ കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തിയാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടുതരം സോഫ്‌ട്‌വെയറാണുള്ളത്‌. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാന നിര്‍ദ്ദേശങ്ങളടങ്ങിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റം സോഫ്‌ട്‌വെയര്‍. ഇത്‌ വിവിധ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളെ കംപ്യൂട്ടറുമായി കൂട്ടിയിണക്കുകയും ഒപ്പം മറ്റ്‌ ആവശ്യങ്ങള്‍ക്കുള്ള കോമണ്‍ പ്ലാറ്റ്‌ഫോമായും പ്രവര്‍ത്തിക്കും. രണ്ടാമത്തെ വിഭാഗം ആപ്ലിക്കേഷന്‍ സോഫ്‌ട്‌വെയറുകള്‍. ഇത്‌ പ്രത്യേക ആവശ്യത്തിലേക്ക്‌ വേണ്ടി തയ്യാറാക്കിയതാണ്‌. ഉദാഹരണത്തിന്‌ ഓഫീസ്‌ പാക്കേജ്‌, എന്‍ജിനീയറിംഗ്‌ ഡിസൈന്‌ ഉപയോഗിക്കുന്ന ഓട്ടോകാഡ്‌ തുടങ്ങിയവ.

സോഫ്‌ട്‌വെയര്‍ എന്നാല്‍ ഫാക്‌ടറിയില്‍ ഉണ്ടാക്കുന്ന ഒരു ഉല്‌പന്നത്തിന്‌ തുല്യമായ നിര്‍മ്മാണ പ്രക്രിയ ഒന്നുമല്ല. സോഫ്‌ട്‌വെയര്‍ എന്നാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദ്ദശങ്ങളുടെയും വിവരങ്ങളുടെയും യുക്തിസഹജമായ സംവിധാനമാണ്‌. പുറമെ ഘടിപ്പിക്കുന്ന പ്രിന്റര്‍, കീബോഡ്‌ പോലുള്ള പെരിഫറല്‍സിനെ അതിന്റേതായ ഭാഷയില്‍ മനസ്സിലാക്കി കൊടുക്കുകയും ഒപ്പം കംപ്യൂട്ടറും മനുഷ്യനുമായുള്ള സംവാദവുമാണ്‌ സോഫ്‌ട്‌വെയര്‍ സാധ്യമാക്കി തീര്‍ക്കുന്നത്‌.
സോഫ്‌ട്‌വെയറിന്റെ അതിന്റെ ഉപയോഗ സ്വാതന്ത്ര്യം അനുസരിച്ച്‌ രണ്ടായി തിരിക്കാം. കുത്തക/പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയര്‍ ആണ്‌ ഒരു ഗണം. കേവലമായ ഉപയോഗത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകള്‍ പകര്‍ന്നുതരുന്ന സ്വാതന്ത്ര്യസോഫ്‌ട്‌വെയര്‍ അടുത്ത ഗണത്തില്‍പ്പെടുന്നു. ഉപയോഗത്തില്‍ രണ്ടും ഒരു നിലവാരം പുലര്‍ത്താറുണ്ടെങ്കിലും പിന്താങ്ങുന്ന ആശയഗതിയുടെയും ഇതിനായി മുടക്കേണ്ടിവരുന്ന തുകയുടെയും കാര്യത്തില്‍ ഇവ രണ്ടും നേര്‍വിപരീത ദിശയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

സോഫ്‌ട്‌വെയര്‍ ഒഴികെയുള്ള ഏതു ഉത്‌പന്നം വിപണിയില്‍ നിന്നു വാങ്ങുമ്പോഴും, വിലകൊടുത്തു കഴിഞ്ഞാല്‍ ഉപകരണത്തിലോ, ഉത്‌പന്നത്തിലോ ഉള്ള സമ്പൂര്‍ണ്ണമായ അധികാരം ഉടമയ്‌ക്ക്‌ മാത്രമായിരിക്കും. ഒരു ടെലിവിഷന്റെ കാര്യം ഉദാഹരണമായെടുക്കൂ. ഇതില്‍ കൂടുതല്‍ ചാനലോ, പ്രത്യേക ബാന്‍ഡോ ലഭിക്കാന്‍ വേണ്ട ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ ഘടിപ്പിക്കാനും ഡി.ടി.എച്ച്‌ സേവനത്തിനുള്ള സെറ്റ്‌ടോപ്പ്‌ ബോക്‌സ്‌ ഇണക്കിച്ചേര്‍ക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉടമയ്‌ക്കുണ്ട്‌. ഇനി ടി.വി.യുടെ നിറമോ ആകൃതിയോ മാറ്റണമെങ്കില്‍ അതുമാകാം. എന്നാല്‍ നിങ്ങളുടെ കംപ്യൂട്ടറിലേക്ക്‌ വേണ്ടിയുള്ള പ്രൊപ്രൈറ്ററി മാതൃകയിലുള്ള സോഫ്‌ട്‌വെയര്‍ (വിന്‍ഡോസ്‌) ഇതേ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയെങ്കില്‍ നിങ്ങള്‍ക്ക്‌ മേല്‍പറഞ്ഞ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വളരെ ചെറിയ അംശം മാത്രമായിരിക്കും ലഭിക്കുക. ചുരുക്കം ചില മാറ്റങ്ങള്‍ വിന്‍ഡോസ്‌ പോലുള്ള സോഫ്‌ട്‌വെയറുകളില്‍ നടത്താമെങ്കിലും അത്‌ മൈക്രോസോഫ്‌ട്‌ നല്‍കിയിട്ടുള്ള ഓപ്‌ഷനുകളില്‍ ഒതുങ്ങി നില്‍ക്കും. അതിനപ്പുറം നിര്‍മ്മാതാവ്‌ അറിയാതെ കൂട്ടിയിണക്കലുകളോ ഇളക്കിയെടുക്കലോ സാധ്യമല്ല തന്നെ. ഇനി അത്‌ തകര്‍ത്ത്‌/ഭേദിച്ച്‌ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായ ശിക്ഷയ്‌ക്ക്‌ കൂടി നിങ്ങള്‍ അര്‍ഹനാകും. ഇത്‌ണ്‌ പ്രൊപ്രൈറ്ററി/കുത്തക സോഫ്‌ട്‌വെയര്‍ അനുവദിച്ചിരിക്കുന്ന വിപണി/ഉപയോഗ സ്വാതന്ത്ര്യം. എന്നാല്‍ സ്വതന്ത്ര സോഫ്‌ട്‌വെയറാണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ മേല്‍ സൂചിപ്പിച്ച ടെലിവിഷന്‍ കാര്യത്തേക്കാളും സ്വാതന്ത്ര്യം നിങ്ങള്‍ക്ക്‌ ലഭിക്കുമെന്ന്‌ മാത്രമല്ല ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കും എന്ന്‌ പഠിക്കാനുള്ള അവസരം കൂടിയാണ്‌. ചുരുക്കി പറഞ്ഞാല്‍ സ്വതന്ത്രസോഫ്‌ട്‌വെയറാണ്‌ തിരിഞ്ഞെടുക്കുന്നതെങ്കില്‍ വിപണിയിലെ രാജാവ്‌ എല്ലാ അര്‍ത്ഥത്തിലും ഉപയോക്താവ്‌ തന്നെയാണ്‌.

കുത്തക/പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയറും സ്വന്ത്രസോഫ്‌ട്‌വെയറും തമ്മില്‍ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്‌ സോഴ്‌സ്‌ കോഡ്‌ എന്ന അറിവിനെ ബന്ധപ്പെടുത്തിയാണ്‌. എന്താണ്‌ സോഴ്‌സ്‌കോഡ്‌? നിര്‍മ്മാണ രേഖ എന്നുപറയാം. ആദ്യം നിര്‍മ്മാണ രേഖ തയ്യാറാക്കുകയും അതുപയോഗിച്ച്‌ ഒരു ഉപയോഗരേഖ (Executable file) ഉണ്ടാക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സാധാരണ ഉപയോഗത്തിന്‌ ഉപയോക്താവിന്‌ ഉപയോഗ രേഖമാത്രമേ ആവശ്യമുള്ളൂ. വിന്‍ഡോസ്‌ എന്നാല്‍ ഉപയോഗ രേഖമാത്രമാണ്‌ നമ്മുടെ കംപ്യൂട്ടറിലേക്ക്‌ പകര്‍ത്തുന്നത്‌. എന്നാല്‍ എന്താണ്‌ നിര്‍മ്മാണ രേഖയുടെ മികവ്‌. നിര്‍മ്മാണ രേഖയുണ്ടെങ്കില്‍ മാത്രമേ ഉപയോഗ രേഖയില്‍ മാറ്റം വരുത്താനാകൂ. ഗ്‌നു/ലിനക്‌സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗ രേഖയ്‌ക്കൊപ്പം നിര്‍മ്മാണ രേഖയും ഉപയോക്‌താക്കള്‍ക്ക്‌ ലഭ്യമാക്കുന്നു.

തുവഴി ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ലഭിക്കുന്നു. പ്രധാനമായും നാല്‌ സ്വാതന്ത്ര്യമാണ്‌ ഇങ്ങനെ കരഗതമാകുന്നത്‌. ഫ്രീസോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ റിച്ചാര്‍ഡ്‌ മാത്യു സ്റ്റാള്‍മാന്‍ മുന്നോട്ടു നയിക്കുന്ന ഗ്‌നൂ സാര്‍വജനിക അവകാശപത്രിക (GNU Gnerlal Public Licence) വളരെ ജനാധിപത്യ രീതിയിലുള്ള നിര്‍ദ്ദേശങ്ങളാണ്‌ സ്വാതന്ത്ര്യമായി അക്കമിട്ട്‌ നിരത്തുന്നത്‌.
1. ഏതാവശ്യത്തിനുവേണ്ടിയും ഉചിതമായ പ്ലാറ്റ്‌ഫോമില്‍ പ്രസ്‌തുത സോഫ്‌ട്‌വെയര്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം.
2. സോഫ്‌ട്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‌ മനസ്സിലാക്കാനും, വേണമെങ്കില്‍ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം (സോഫ്‌ട്‌വെയറിന്റെ നിര്‍മ്മാണ രേഖ ലഭ്യമാക്കിയാല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാക്കൂ എന്നോര്‍ക്കുക.)
3. ഈ സോഫ്‌ട്‌വെയറിന്റെ പതിപ്പുകള്‍ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം.
4. സോഫ്‌ട്‌വെയറിനെ തന്റേതായ രീതിയില്‍ കൂടുതല്‍ മെച്ചപ്പെടുത്താനും, അത്‌ മറ്റുള്ളവര്‍ക്ക്‌ ഇതേ മാതൃകയില്‍ ലഭ്യമാക്കാനുള്ള സ്വാതന്ത്ര്യം.

റിവിന്റെ/വിജ്ഞാനത്തിന്റെ ജനാധിപത്യപരമായ വിന്യാസമാണ്‌ സ്വതന്ത്രസോഫ്‌ട്‌വെയര്‍ നീക്കങ്ങളുടെ അകംപൊരുള്‍. ഇംഗ്ലീഷില്‍ ഫ്രീസോഫ്‌ട്‌വെയര്‍ എന്നാണ്‌ പ്രയോഗിക്കുന്നത്‌. ഫ്രീ എന്നതിന്‌ ഇവിടെ സൗജന്യമെന്ന അര്‍ത്ഥമല്ല നേരേമറിച്ച്‌ സ്വതന്ത്രമെന്ന അര്‍ത്ഥത്തിലാണ്‌ വിവക്ഷിക്കുന്നത്‌.

സ്വതന്ത്ര സോഫ്‌ട്‌വെയര്‍ മെച്ചങ്ങള്‍
സാമ്പത്തികമായി ഉള്ള നേട്ടമാണ്‌ ആദ്യമായി എടുത്തു പറയേണ്ടത്‌. പ്രൊപ്രൈറ്ററി സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോഫ്‌ട്‌വെയറിനായി വേണ്ടി വരുന്ന ആദ്യ മുതല്‍മുടക്ക്‌ ഗണ്യമായി കുറക്കാനും ഇങ്ങനെ അധികമായിവരുന്ന തുക ഉപയോഗിച്ച്‌ കൂടുതല്‍ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍ വാങ്ങി സര്‍ക്കാര്‍ സംരഭങ്ങളുടെ കംപ്യൂട്ടറൈസേഷന്‍ വ്യാപിപ്പിക്കാനുമാകും. സമ്പത്ത്‌ ഒരു പ്രത്യേക സ്ഥാപനത്തിലേക്കോ കേന്ദ്രത്തിലേക്കോ കേന്ദ്രീകരിക്കുന്നത്‌ തടയാനും സാധിക്കുന്നു. കുത്തക സോഫ്‌ട്‌വെയറില്‍ പകര്‍പ്പവകാശം(copy right) ആണുള്ളത്‌. അതിനാല്‍ വാങ്ങുന്ന സോഫ്‌ട്‌വെയറിന്റെ ഓരോ ഇന്‍സ്റ്റലേഷനും ആവര്‍ത്തിച്ച്‌ ചിലവുണ്ടാകും. എന്നാല്‍ സ്വതന്ത്രസോഫ്‌ട്‌വെയറില്‍ പകര്‍പ്പപേക്ഷ (copyleft) ആണ്‌ അനുവര്‍ത്തിക്കുന്നത്‌. ആയതിനാല്‍ പകര്‍ത്തിയെടുക്കുന്നതിന്‌ നിയമപരമായ തടസങ്ങള്‍ പോലുമില്ല.

സ്വതന്ത്രസോഫ്‌ട്‌വെയര്‍ സാങ്കേതികപരമായും മികച്ചതാണ്‌. ലഭ്യമായ ഹാര്‍ഡ്‌വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്താനും, വൈറസ്‌ തുടങ്ങിയ സാങ്കേതിക കടന്നുകയറ്റത്തെ ശക്തമായി ചെറുത്തു നിര്‍ത്തുന്ന രീതിയില്‍ രൂപകല്‌പന നടത്താനും സാധിക്കുന്നു. ഇന്ത്യയെ പോലെയുള്ള രാജ്യത്ത്‌ വിവിധ ഭാഷകളില്‍ ഇ-ഗവേണന്‍സ്‌ പദ്ധതികള്‍ മാറ്റേണ്ടിവരും, ഇവിടെ പ്രാദേശികഭാഷയിലുള്ള സ്വതന്ത്രസോഫ്‌ട്‌വെയര്‍ പതിപ്പുകള്‍ തദ്ദേശീയമായി തന്നെ ഉണ്ടാക്കിയെടുക്കാനും വിന്യസിക്കാനും സാധിക്കും. എന്നാല്‍ വിപണി സാധ്യത ഇല്ലാത്ത ചെറുഭാഷകളിലേക്ക്‌ പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയര്‍ എത്തുക വിരളമാണ്‌.
നിര്‍മ്മാണ രേഖ (source code) ലഭ്യമായതിനാല്‍ പ്രാദേശികമായ തിരുത്തലുകളും കൂട്ടിചേര്‍ക്കലും നടത്തുന്നത്‌ പലപ്പോഴും സാങ്കേതിക വിദഗ്‌ധരുടെ ഒരു കൂട്ടായ്‌മയാകും. ഇതുവഴി സോഫ്‌ട്‌വെയര്‍ ഒരു സാമൂഹിക ഉത്‌പന്നം എന്ന നിലയ്‌ക്ക്‌, അറിവിന്റെ പടിപടിയായുള്ള മിനുക്കിയെടുക്കല്‍ പോലെ കുറ്റമറ്റതാക്കാന്‍ സാധിക്കുന്നു. ഒരാള്‍ നിര്‍ത്തിവച്ചിട്ട്‌ പോയ പദ്ധതികള്‍ മറ്റൊരു സംഘത്തിന്‌ ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കാനും സാധിക്കും.

ലിനക്‌സ്‌ അധിഷ്‌ഠിത സേവനങ്ങള്‍ നല്‍കുന്നതിനും അറ്റകുറ്റപണിചെയ്യുന്നതിനുമുള്ള തൊഴിലാളികളുടെ/വിദഗ്‌ധരുടെ ലഭ്യത കുറച്ചുകൂടി മെച്ചപെട്ടാല്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംരഭങ്ങള്‍ക്ക്‌ നമ്മുടേതുപോലെയുള്ള രാജ്യത്ത്‌ ഏറെ മുന്നേറാനാകും. അതോടൊപ്പം തന്നെ അക്കാദമിക്‌ രംഗത്തും സജീവമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്‌. നമ്മുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ വിന്‍ഡോസിന്‌ ലഭിക്കുന്ന പ്രാധാന്യം ലിനിക്‌സിന്‌ ലഭിക്കുന്നുണ്ടോ എന്ന്‌ നോക്കുക. അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ ശക്തമായ ബദലുകള്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്നത്‌ വിസ്‌മരിക്കുന്നില്ല. എന്നാല്‍ ഇത്‌ വ്യാപകമാക്കേണ്ടതുണ്ട്‌.
സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ആശയം പ്രാഥമികഘട്ട ചര്‍ച്ചകളില്‍ നിന്നും ഉയര്‍ന്നുവന്ന്‌ കൂടുതല്‍ മേന്മകളുള്ള മാതൃകകള്‍ സൃഷ്‌ടിച്ച്‌ സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ക്ക്‌ പരിഹാരമായാല്‍ സാങ്കേതികപരമായും സാമ്പത്തികപരമായും ഉള്ള സ്വാതന്ത്ര്യം കൂടിയാണ്‌ കൈവരുന്നത്‌.

സ്വതന്ത്രസോഫ്‌ട്‌വെയറും ഇ-വായനയും

ഒ.വി.വിജയന്‍ എഴുതിയ ഖസാക്കിന്റെ ഇതിഹാസം ഇ-പുസ്‌തകമായി കടയില്‍ നിന്ന്‌ വാങ്ങിയെന്നു കരുതുക. കംപ്യൂട്ടറിലോ മറ്റ്‌ ഡിജിറ്റല്‍ ഉപകരണങ്ങളിലോ വായന സാദ്ധ്യമാക്കുന്ന ഒരു സോഫ്‌ട്‌കോപ്പിയാകും സി.ഡി.രൂപത്തിലോ ഇന്റര്‍നെറ്റ്‌ ഡൗണ്‍ലോഡിനായുള്ള അനുമതി രൂപത്തിലോ നിങ്ങള്‍ക്ക്‌ ലഭിച്ചത്‌. ചിലപ്പോള്‍ പെട്ടെന്ന്‌ ഒരുദിവസം നിങ്ങള്‍ കുറ്റാരോപിതനായേക്കാം. കാരണമിതാണ്‌. തലേദിവസം പുസ്‌തകത്തിന്റെ സോഫ്‌ട്‌കോപ്പി വായിക്കാനായി സുഹൃത്തിന്‌ ഇന്റര്‍നെറ്റിലൂടേ അയച്ചുകൊടുത്തതോ, അയാളുടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്‌ മറ്റ്‌ ഏതെങ്കിലും മാര്‍ഗത്തിലൂടെയോ പകര്‍ത്തികൊടുത്തേേതാ ആകാം കാരണം. ഇ-പുസ്‌തകം കംപ്യൂട്ടര്‍ സിസ്റ്റത്തിലേക്ക്‌ പകര്‍ത്തുന്ന വേളയില്‍ I Agree എന്ന ഉടമ്പടി ബട്ടണ്‍ നിങ്ങള്‍ അമര്‍ത്തിയിട്ടുണ്ടാകും. അതിലെ വ്യവസ്ഥ അനുസരിച്ച്‌ മറ്റൊരാള്‍ക്ക്‌ ഇത്‌ കൈമാറ്റം ചെയ്യുന്നത്‌ കുറ്റകരമാണ്‌. ഇവിടെയാണ്‌ ഇ-വായനയില്‍ സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ സാധ്യത ആരായേണ്ടത്‌.

നി മറ്റൊരു ഉദാഹരണം നോക്കുക. സെക്കന്‍ഡ്‌ഹാന്‍ഡ്‌ പുസ്‌തകങ്ങളുടെ വഴിയോര വില്‌പന വായനക്കാരനെ എന്നും സന്തോഷിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ പുസ്‌തകത്തില്‍ സെക്കന്‍ഡ്‌ ഹാന്‍സ്‌ ശൈലിയോ ഇല്ല. ചില സര്‍വകലാശാലകളില്‍ (പ്രിന്‍സ്റ്റണ്‍, ഉട്ടാ) ഇതിന്റെ ആദ്യ മാതൃകകള്‍ പരീക്ഷിച്ചുകഴിഞ്ഞു. മുഖവിലയുടെ 30 ശതമാനമൊക്കെ വിലക്കിഴിവില്‍ ഇ-പുസ്‌തകം ലഭ്യമാകും. പക്ഷെ ആറുമാസം മാത്രമേ ഈ പുസ്‌തകം ഉപകരണത്തില്‍ വായനക്കായി ലഭ്യമാവുകയുള്ളൂ അതിനുശേഷം ഡിലീറ്റ്‌ ചെയ്യപ്പെടും. അതായത്‌ പുസ്‌കതത്തിനും എക്‌സ്‌പയറി ഡേറ്റ്‌ വന്നു കഴിഞ്ഞു. ഇത്‌ മറ്റ്‌ രീതിയിലും വന്നേക്കാം. ഉദാഹരണത്തിന്‌ ഒന്നോ രണ്ടോ വായനക്ക്‌ ശേഷം മാഞ്ഞുപോകുന്ന രീതിയൊക്കെ. ലാഭം മുന്നില്‍ കണ്ട്‌ കുത്തക സോഫ്‌ട്‌വെയര്‍ നിര്‍മ്മാതാക്കള്‍ പല മാതൃകകളും സ്വീകരിച്ചുവെന്നുവരാം. ആദ്യവില കേവലം പത്തുശതമാനം വരെയായാലും യഥാര്‍ത്ഥ പുസ്‌തകവിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയവില 'വലിയവിന' തന്നെയാണെന്ന്‌ മനസിലാകും.

വായന അറിവിന്റെ ജനാധിപത്യവല്‍ക്കരണമാണ്‌ ലക്ഷ്യം വയ്‌ക്കുന്നതെങ്കില്‍ പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയറിലടെയുള്ള വായന അറിവിന്റെ കുത്തകവല്‍ക്കരണമാണ്‌ ലക്ഷ്യമിടുന്നത്‌. ഇനി നിങ്ങളുടെ കംപ്യൂട്ടറിലോ ഡിജിറ്റല്‍ ശൃംഖലയിലോ, പകര്‍പ്പവകാശം ലംഘിച്ച്‌ ഉത്‌പന്നങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ആരുടെയും അനുവാദമില്ലാതെ ഇലക്‌ട്രോണിക്‌ സര്‍ച്ചിംഗ്‌ നടത്താനും വിന്‍ഡോസ്‌ പോലെയുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം 'പൈറസി പോലീസിനെ' അനുവദിക്കുന്നുണ്ട്‌. പകര്‍പ്പവകാശം ലംഘിച്ചാല്‍ പ്രസ്‌തുത ഫയല്‍ നിങ്ങളുടെ മുന്‍കൂര്‍ അനുമതിയോ മുന്നറിയിപ്പോ ഇല്ലാതെ നശിപ്പിച്ചേക്കാം, മറ്റ്‌ നിയമനടപടികളിലേക്കും നീങ്ങാം.

അവസരത്തിലാണ്‌ വിജ്ഞാനത്തിന്റെ നീതിപൂര്‍വ്വകമായ വിതരണത്തിനായി സ്വതന്ത്രസോഫ്‌ട്‌വെയര്‍ കാഴ്‌ചപ്പാടുകളെ ആശയപരമായും പ്രയോഗത്തിന്റെ തലത്തിലും പ്രോത്സാഹിപ്പിക്കേണ്ടത്‌. പരമ്പരാഗത അറിവിന്റെ തുടര്‍ച്ചയാണ്‌ കുത്തക സോഫ്‌ട്‌വെയറുകള്‍ക്ക്‌ പോലും ജന്മം നല്‍കിയത്‌. എന്നാല്‍ ലഭ്യമായ അറിവുകളെ ഒരു പ്രത്യേക നിലയില്‍ കൂട്ടിയിണക്കിയ ശേഷം പകര്‍പ്പവകാശം എന്ന ദിവ്യായുധം ഉപയോഗിച്ച്‌ കുത്തകവല്‍ക്കരിക്കുന്നത്‌ അറിവിന്റെ സ്വാഭാവികമായ ഒഴുക്കിനേയും കാലം ചെല്ലവേ്‌ സ്വതവേ നേടിയെടുക്കുന്ന വിജ്ഞാനമികവിനെയും തടയിടുന്നതിന്‌ തുല്യമാണ്‌. ലഭ്യമായ അറിവുകള്‍ പൊതുസമൂഹത്തില്‍ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുന്നതും ഒരു കൂട്ടായ്‌മയിലടെ കൂടുതല്‍ മികവാര്‍ന്ന ഉല്‌പന്നങ്ങള്‍ അറിവായും ഉപകരണമായും സമൂഹത്തിലേക്ക്‌ തന്നെയെത്തേണ്ടതും ഒരു ജനതയുടെ നിലനില്‌പിന്റെ കൂടി പ്രശ്‌നമാണ്‌.

സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ആശയങ്ങള്‍ ഇ-വായനയുടെ കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്‌. വിക്കിപീഡിയ എന്ന സ്വതന്ത്ര സര്‍വവിജ്ഞാനകോശത്തിന്‍രെ കാര്യം തന്നെയെടുക്കുക. അറിവിന്റെ/വിവരത്തിന്റെ നിര്‍മ്മിതി വിക്കിയില്‍ സഹവര്‍ത്തിത്വത്തിലൂടെയുള്ളതാണ്‌. ലോകത്തിന്റെ പല ഭാഗങ്ങളിലായി തികച്ചും വികേന്ദ്രീകൃതമായ രീതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഉപയോക്താക്കള്‍ ലാഭേച്ഛ കൂടാതെ നടത്തുന്ന പ്രവര്‍ത്തനമാണ്‌ ലോകത്തിലെ ഏറ്റവും ബൃഹത്തായ വിജ്ഞാനശേഖരം നിര്‍മ്മിച്ചെടുത്തത്‌. ഇലക്‌ട്രോണിക്‌ മാധ്യമത്തിന്റെ സാധ്യതയില്ലാതിരുന്നെങ്കില്‍ ഇത്തരം ബൃഹത്തായ ഒരു വിജ്ഞാന നിര്‍മ്മിതി സങ്കല്‌പിക്കാന്‍ പോലുമാകുമായിരുന്നില്ല. ഇത്‌ നിര്‍മ്മാണത്തിന്റെ വശമാണെങ്കില്‍ ഉപയോഗത്തിന്റെ സൗകര്യം നോക്കുക. ഇ-വായനയുടെ കാര്യത്തില്‍ ലഭ്യതപോലെ തന്നെ പരമപ്രധാനമാണ്‌ ഇതിനായി മുടക്കേണ്ടിവരുന്ന തുകയുടെ വലിപ്പവും. കേവലം ഇന്റര്‍നെറ്റ്‌ ബന്ധത്തിനായുള്ള ചിലവ്‌ മാത്രമേ വിക്കിപീഡിയ ഉപയോഗിക്കാന്‍ വായനക്കാരന്‍ മുടക്കേണ്ടതുള്ളൂ. എന്നാല്‍ പ്രൊപ്രൈറ്ററി സോഫ്‌ട്‌വെയര്‍ നിയമങ്ങള്‍ പിന്തുടരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ്‌ ബന്ധത്തിനുണ്ടാകുന്ന ചിലവിന്‌ പുറമേ വരിസംഖ്യ കൂടി നല്‍കേണ്ടതുണ്ട്‌. ഇനി വരിസംഖ്യ ഒടുക്കിയാല്‍ തന്നെ പ്രസ്‌തുത ഉപയോക്താവിന്‌ മാത്രമാകും വായനാനുമതി ലഭിക്കുന്നതും. നോക്കുക ബ്രിട്ടാണിക്കയുടെ അച്ചടിച്ച പതിപ്പ്‌ വന്‍തുക കൊടുത്ത്‌ വാങ്ങിയാല്‍ തന്നെ മറ്റുള്ളവര്‍ വായിക്കുന്നതിന്‌ വിലക്കുകളില്ല. ഡിജിറ്റല്‍ മാധ്യമത്തില്‍ മറ്റുള്ളവരുടെ വായന കുറ്റകരമായ ഒളിഞ്ഞു നോട്ടമായി പരിണമിക്കുന്നു. വിക്കിപീഡിയ എന്ന വിജ്ഞാനസാഗരത്തില്‍ മലയാളത്തില്‍ പോലും പതിപ്പ്‌ കൂടുതല്‍ ലേഖനങ്ങളോടെ മുന്നോറിക്കൊണ്ടിരിക്കുന്നത്‌ ഇതിന്റെ സ്വതന്ത്ര സ്വഭാവം ഒന്നുകൊണ്ടുമാത്രമാണ്‌. ബ്രിട്ടാണിക്കയുടെ മലയാളം പതിപ്പിന്‌ ചിലവേറുമെന്ന്‌ മാത്രമല്ല, ലാഭകരമല്ലാത്ത ഇത്തരം പ്രാദേശിക പതിപ്പിന്‌ ബ്രിട്ടാണിക്ക അധികൃതര്‍ തയ്യാറാകുകയുമില്ല. ഇവിടെയാണ്‌ വിജ്ഞാന നിര്‍മ്മിതിയിലും അറിവിന്റെ ജനാധിപത്യപരമായ വ്യാപനത്തിലും സ്വതന്ത്രസോഫ്‌ട്‌വെയര്‍ ആശയത്തിന്റെ അകംപൊരുള്‍ ചെറുഭാഷകള്‍ക്ക്‌ വരെ നവചൈതന്യം നല്‍കുന്നത്‌.

Tuesday, October 02, 2007

ബ്ലോഗിംഗ്‌ - മാധ്യമ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവ വഴിയിലൂടെഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന വെബ്‌പേജിലൂടെ നിങ്ങള്‍ക്ക്‌ ഏറെ താത്‌പര്യമുള്ള വിഷയത്തില്‍ മൗലികവും സ്വതന്ത്രവുമായ ആശയ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമരീതിയാണ്‌ ബ്ലോഗിംഗ്‌. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ട്‌ ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഒപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്യും. വെബ്‌ ബ്ലോഗുകള്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സാധ്യതയുടെ വരവോടെ ശരാശരി വ്യക്തിക്കുപോലും ലോകത്തിന്റെ തന്നെ ചിന്തയെ സ്വാധീനിക്കുന്ന രീതിയില്‍ ഒട്ടും പണചിലവില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താമെന്നത്‌ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യ പകര്‍ന്നു തരുന്ന അനവധി സാധ്യതകളില്‍ ഒന്നുമാത്രമാണ്‌.

രാഷ്‌ട്രീയ-സാമൂഹിക സംഭവങ്ങളെ ഒരു വ്യക്തി എങ്ങനെ നോക്കി കാണുന്നു എന്നത്‌ തന്നെയാണ്‌ ബ്ലോഗിന്റെ ശൈലി. സാധാരണയായി നിങ്ങള്‍ എഴുതുന്ന ലേഖനം അല്ലെങ്കില്‍ കുറിപ്പ്‌ ദിനപത്രത്തിലോ, ആനുകാലികങ്ങളിലോ അച്ചടിമഷി പുരണ്ട്‌ വായനക്കാരനിലേക്കെത്തണമെങ്കില്‍ ഒട്ടേറെ കടമ്പനകളുണ്ട്‌. ലോകത്തിന്റെ ഏത്‌ കോണില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും അതിന്റേതായ എഡിറ്റോറിയല്‍ നയമുണ്ടാകും, തത്‌ഫലമായി എഡിറ്ററുടെ അന്തിമ തീരുമാനത്തിന്‌ വിധേയമായി ആകും പ്രസ്‌തുത ലേഖനം വെളിച്ചം കാണുക. പ്രിന്റ്‌/ടെലിവിഷന്‍ മാധ്യമത്തിന്‌ കാണാനാകുന്ന ഒരു സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തിനുള്ളില്‍ നിന്നാണ്‌ എഡിറ്റര്‍ രചനകളുടെ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഇത്‌ പ്രത്യക്ഷത്തില്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിലും പരോക്ഷമായി വായനക്കാരുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള അദൃശ്യമായ കടന്നുകയറ്റമാണ്‌. എന്നാല്‍ ആര്‍ക്കും, ആരോടും ചോദിക്കാതെ ഒരു എഡിറ്ററുടെയും ഇടപെടലുകളില്ലാതെ ജനാധിപത്യം നല്‍കുന്ന പൂര്‍ണ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെ, താരതമ്യേന ചിലവുകുറഞ്ഞ രീതിയില്‍ എഴുതി ആശയപ്രകാശനത്തന്റെ പുത്തന്‍വഴി തേടാമെന്നത്‌ ബ്ലോഗിന്റെ മേന്മയാകുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ രൂപീകരണവും തനത്‌ ശൈലികള്‍ വിട്ട്‌ പുതിയ പാതകളിലൂടെ നേടി ബ്ലോഗുകള്‍ പരമ്പരാഗത മാധ്യമത്തിന്‌ വെല്ലുവിളിയാകുന്നു. ബ്ലോഗിന്റെ ശക്തി മനസ്സിലാക്കിയിട്ടാകണം ദി ഗാര്‍ഡിയന്‍, ന്യയോര്‍ക്ക്‌ ടൈംസ്‌ പോലുള്ള മാധ്യമങ്ങള്‍ ബ്ലോഗില്‍ നിന്നുള്ള ശ്രദ്ധേയമായ രചനകള്‍ക്ക്‌ ഇന്ന്‌ വര്‍ധിച്ചതോതില്‍ ഇടം നല്‍കുന്നത്‌. ദിനപത്രത്തിലും ആനുകാലികങ്ങളിലും വായനക്കാരുടെ കത്തുകള്‍ ഇന്ന്‌ മുഖ്യമായ ഇടങ്ങളിലൊന്നാണ്‌.

ബ്ലോഗില്‍ വായനക്കാരുടെ കത്തിനെ കമന്റ്‌സ്‌ എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. ഓരോ ലേഖനം/കുറിപ്പിനെയും ബ്ലോഗ്‌ പോസ്റ്റ്‌ എന്നും വിശേഷിപ്പിക്കുന്നു. ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം. മലയാളത്തിലെ മിക്ക സജീവമായ ബ്ലോഗുകളിലും ഒരു പോസ്റ്റ്‌ എഴുതായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറിലേറെ കമന്റ്‌സുകള്‍ പോസ്റ്റിന്‌ തൊട്ടുതാഴെ പ്രത്യക്ഷപ്പെടും. ചില അവസരങ്ങളില്‍ പോസ്റ്റിനെക്കാളും വിവരസമ്പുഷ്‌ടവും വിപുലമായ ആശയങ്ങള്‍ കമന്റായി പ്രത്യക്ഷപ്പെടാറുണ്ട്‌. പിന്നീടുള്ള കമന്റുകളും ലേഖനത്തിന്റെ ഗതിയും ഈ കമന്റിനെ ചുറ്റിപറ്റി രൂപപ്പെടുന്നതും അപൂര്‍വ്വമല്ല.

ചുരുക്കത്തില്‍ മുഖ്യ/ആദ്യ പോസ്റ്റിനെയും എഴുത്തുകാരനെയും അപ്രസക്തമാക്കി വായനക്കാരനിലേക്ക്‌ ചര്‍ച്ചയുടെ താക്കോല്‍ നല്‍കുന്നുവെന്ന്‌ പറയാം. എഴുത്തുകാരനും വായനക്കാരനും ഇടയില്‍ ആരുമില്ല, പത്രാധിപര്‍ പുറത്ത്‌. വായനക്കാരന്‌ എഴുത്തുകാരോട്‌ വായനയ്‌ക്ക്‌ ശേഷം നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാമെന്നത്‌ ഇലക്‌ട്രോണിക്‌ യുഗം നല്‍കിയ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അവശ്വസനീയ വേഗത തന്നെയാണ്‌. ബ്ലോഗെഴുത്തുകാര്‍ അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ അനുവദിക്കപ്പെടുവെങ്കിലും, ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാത്ത കമന്റുകള്‍ സ്വന്തം ബ്ലോഗിലിടാനുള്ള സ്വാതന്ത്യം വായനക്കാര്‍ക്കുണ്ടല്ലോ. ഇത്തരത്തില്‍ പെട്ടെന്നുള്ള പ്രതികരണവുമായി സ്വന്തം ബ്ലോഗ്‌ തുടങ്ങുന്നവര്‍ സജീവമായ ബ്ലോഗെഴുത്തുകാരാകുന്ന സംഭവങ്ങള്‍ ഒട്ടനവധിയാണ്‌. കഥയും കവിതയും ചിത്രങ്ങളും ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്യുന്ന ചിലര്‍ക്കെങ്കിലും, വായനക്കാരന്റെ ആത്മാര്‍ത്ഥതയുള്ള കമന്റുകള്‍ പിന്നീട്‌ എഴുതാനുള്ള പ്രേരണയും ഊര്‍ജവുമാകുന്നുണ്ട്‌.

ബ്ലോഗിംഗ്‌ സവിശേഷരീതിയില്‍ മാറ്റിയത്‌ ഇലക്‌ട്രോണിക്‌ മാധ്യമരംഗത്തെയാണ്‌. മുഖ്യധാരയിലുള്ള മാധ്യമങ്ങള്‍ 'നിര്‍മിച്ചു' പുറത്തിറക്കുന്ന വാര്‍ത്തകളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്നതാണ്‌ ബ്ലോഗിംഗിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്‌. ഒരു ചെറു ന്യൂനപക്ഷം രാഷ്‌ട്രീയക്കാര്‍ക്കെങ്കിലും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും ഒരു മറുവശം കൂടി ഉണ്ടെന്ന്‌ വസ്‌തുതകളുടെയും അനുഭവത്തിന്റെയും പിന്‍ബലത്തോടെ അറിയാവുന്ന ഒട്ടേറെ പേരുണ്ടാകാം. ഇങ്ങനെ യഥാര്‍ത്ഥവസ്‌തുതകളറിയാവുന്നവരില്‍ സാമ്പ്രദായിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടാകാം, ഉദ്യോഗസ്ഥരുണ്ടാകാം, പൊതുജനമുണ്ടാകാം. ജനാധിപത്യം നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്ന്‌ പറയുമ്പോഴും ഇത്തരത്തില്‍ പല കഥകളും പുറത്തുവരാറില്ല. ഒളിക്യാമറകള്‍ ദൃശ്യമാധ്യമത്തിന്റെയും അവിഹിത രാഷ്‌ട്രീയ സാമൂഹിക ഇടപാടുകളുടെയും നേര്‍ക്കുയര്‍ത്തിയ വെല്ലുവിളിയെക്കാളും ഉറക്കെയാണ്‌ പതുക്കെ പതുക്കെ ബ്ലോഗുകള്‍ നീങ്ങുന്നത്‌. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നാണ്‌ മതതീവ്രവാദികള്‍പോലും കലാപങ്ങളുയര്‍ത്തുന്നതെന്നോര്‍ക്കണം. ഇവിടെ ഇതേ ജനാധിപത്യം കല്‌പിച്ചുനല്‍കിയ മാധ്യമ സ്വാതന്ത്ര്യത്തിന്റെ നാലതിരുകളും വിട്ട്‌ ആശയപ്രകാശനവും വെളിപ്പെടുത്തലുകളും തുറന്നെഴുത്തുകളും വളരുകയാണ്‌. അദൃശ്യനായിരുന്ന്‌ പുറത്താരും തിരിച്ചറിയാന്‍ സാധിക്കാത്ത പേരും ഐഡന്റിറ്റിയും ഉപയോഗിച്ച്‌ എഴുതാന്‍ സാധിക്കുമെന്നത്‌ തന്നെയാണ്‌ ബ്ലോഗ്‌ ജനാധിപത്യത്തിന്റെ കാതല്‍.

നിര്‍ണായകമായ സാമൂഹിക രാഷ്‌ട്രീയ ചലനങ്ങള്‍ക്ക്‌ ശേഷം സ്വന്തം അസ്‌തിത്വം വെളിപ്പെടുത്തി പൊതുജനമധ്യത്തിലേക്ക്‌ വന്ന ബ്ലോഗെഴുത്തുകാരെ പാശ്ചാത്യ ലോകത്തുനിന്ന്‌ കണ്ടെത്താന്‍ കഴിയും.പൊതുമാധ്യ രംഗത്തെ ചര്‍ച്ചാവിഷയങ്ങള്‍, എക്‌സിക്ല്യൂസീവുകള്‍ എന്നിവയെല്ലാം മിക്കവാറും മാധ്യമമുടമയോ മുതിര്‍ന്ന പത്രപ്രവര്‍ത്തകരോ തീരുമാനിക്കുന്നവയോ നയിക്കുന്നവയോ ആണ്‌. ചര്‍ച്ചയുടെ പോക്കും പരിസമാപ്‌തിയുമൊക്കെ ഒരു നാടകം പോലെ കുറഞ്ഞപക്ഷം ചില വായനക്കാര്‍ക്കെങ്കിലും തോന്നുന്നത്‌ സ്വാഭാവികം. ഒരു പക്ഷേ മാധ്യമത്തിന്റെ ഈ ബലഹീനത തന്നെയാണ്‌ ബ്ലോഗിന്റെ ശക്തിയും. ഇന്ന്‌ ടെലിവിഷനില്‍ ലൈവ്‌ ടെലകാസ്റ്റിംഗ്‌ മുഖ്യസംഭവമാണല്ലോ. ഇതിന്‌ സമാന്തരമായി വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ കണക്‌ഷനോടുകൂടി ലാപ്‌ടോപ്പുമായി സംഭവസ്ഥലത്തുനിന്ന്‌ തന്നെ തത്സമയ ബ്ലോഗിംഗ്‌ നടത്തുന്നവരുണ്ട്‌. അതായത്‌ അച്ചടി മാധ്യമത്തിന്‌ മാത്രമല്ല ഇലക്‌ട്രോണിക്‌ വാര്‍ത്താചാനലുകള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബ്ലോഗ്‌ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്‌.

ബ്ലോഗിംഗിന്റെ ചരിത്രത്തിലെ നിര്‍ണായകമായ മാറ്റവും കരുത്തും കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ ഇറാഖ്‌ അധിനിവേശത്തെ സാമ്പ്രദായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്ന ശൈലിയെ അട്ടിമറിക്കുകയും മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവിലുള്ള ശൈലിയെ വെല്ലുവിളിക്കുന്ന രീതിയിലേക്ക്‌ ബ്ലോഗുകള്‍ ശക്തിയാര്‍ജിക്കപ്പെട്ട സമയമായിരുന്നു ഇത്‌. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്‌. ഇറാഖില്‍ നിന്ന്‌ ആരുടെയും സഹായമില്ലാതെ സലാംപാക്‌സ്‌ എന്ന ആര്‍ക്കിടെക്‌ട്‌ പുറത്തുവിട്ട വിവരങ്ങള്‍ വസ്‌തുതകളുടെ യഥാര്‍ത്ഥ ചിത്രമായിരുന്നു. സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പുറത്തെത്തിച്ചത്‌ പരിമിതമോ, നിര്‍മിച്ചതോ ആയ വാര്‍ത്ത ഉല്‍പന്നങ്ങളാണെന്ന്‌ ലോകം സലാംപപാക്‌സിന്റെ Where is Read' എന്ന ബ്ലോഗിലൂടെ മനസ്സിലാക്കി.

ന്റര്‍നെറ്റ്‌ ബന്ധം അവസാനിക്കുന്നതുവരെ ബാഗ്‌ദാദില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നും ബ്ലോഗിലൂടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറംലോകത്തെത്തിക്കൊണ്ടിരുന്നു. അപകടം മനസ്സിലാക്കിയ മാധ്യമങ്ങള്‍ വിവരശേഖരണത്തിനായി സലാംപാക്‌സിന്റെ റിപ്പോര്‍ട്ടുകളെ ആശ്രയിക്കാന്‍തുടങ്ങി. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി. അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. ഈ ബ്ലോഗിലെ വിവരങ്ങള്‍ ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‌കാന്‍ തുടങ്ങിയതോടെ, മാധ്യമലോകത്ത്‌ ബ്ലോഗിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീട്‌ ദി ബാഗ്‌ദാഗ്‌ ബ്ലോഗ്‌ എന്ന പേരില്‍ സലാംപാക്‌സ്‌ പുസ്‌തകമായി കുറിപ്പുകളെ വായനക്കാരുടെ മുന്നിലെത്തിച്ചു.
I was woken up by an explosion today, opened my eyes and looked at my watch, it was 20 past eight. Went back to sleep wondering if this is going to be big enough to make the news, there are too many of them to mention the whole lot. And around 11pm there was another explosion, very close. You look at your watch, and think oh dear. Two days ago I spent the night at my apartment instead of staying over at my parent's. I don't go there too often anymore; it is too close to the "green zone". Too much gunfire at night. By now almost every Iraqi can tell the difference between a Kalashnikov (what the so-called resistance is likely to carry) and the sound of the machine guns US troops have. The constant reminders that it is not over yet.
Posted by salam at Saturday, February 07, 2004? 3:15 AM

സെപ്‌തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ടും ഒട്ടനവധി ബ്ലോഗുകള്‍ സൃഷ്‌ടിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇത്തരം അവിചാരിത സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ലഭിക്കാന്‍ പരിമിതിയുണ്ടല്ലോ. എന്നാല്‍ മെബൈല്‍ കാമറകളും ഡിജിറ്റല്‍ ക്യാമറകളും വ്യാപകമായ ഇക്കാലത്ത്‌ ഞൊടിയിടയില്‍ തത്സമയ വിവരങ്ങള്‍ സ്വന്തം ബ്ലോഗിലൂടെ വായനക്കാരിലേക്കെത്തിക്കാന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. വ്‌ക്യതിപരമായ കാഴ്‌ചപ്പാടുകള്‍ ബ്ലോഗിന്റെ ഒരു ന്യൂനതയായി കാണാമെങ്കിലും വസ്‌തുതകളുടെയും വിവരങ്ങളുടെയും ധാരാളിത്തം ഇവയെ വിശ്വസനീയ വാര്‍ത്താ സ്രോതസ്സുകളാക്കുന്നു. വേള്‍ഡ്‌ട്രേഡ്‌ സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന്‌ അമേരിക്ക പ്രഖ്യാപിച്ച ഭീകരതയ്‌ക്കെതിരെയുള്ള വിശുദ്ധയുദ്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന്‌ ബ്ലോഗുകളാണ്‌ നിര്‍മ്മിക്കപ്പെട്ടത്‌. അമേരിക്കന്‍ തിരഞ്ഞെടുപ്പ്‌ സമയത്തും സ്ഥാനാര്‍ത്ഥികളും അവരുടെ അനുഭാവികളും ബ്ലോഗിലൂടെയുള്ള ആശയപ്രചരണത്തെ ഏറെ ആശ്രയിക്കുന്നു. വോട്ടര്‍മാരുടെ തത്സമയ പ്രതികരണം ലഭിക്കുമെന്നത്‌ ബ്ലോഗിന്റെ മേന്മയാണ്‌. ഈ കമന്റുകള്‍ പലപ്പോഴും തുടര്‍ന്നുള്ള പ്രചരണത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്നു.

പ്രകൃതി ദുരന്ത വേളയിലും അത്യാഹിത ഘട്ടങ്ങളിലും ബ്ലോഗ്‌ സഹായഹസ്‌തവുമായെത്താറുണ്ട്‌. സെപ്‌തംബര്‍ 11 ആക്രമണ വേളയില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും വിശദമായ വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ബ്ലോഗുകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. മുംബൈ പ്രളയ സമയത്തും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും സുനാമി ആക്രമണമുണ്ടായപ്പോഴും ബ്ലോഗുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഹെല്‍പ്‌ ഡെസ്‌ക്കുകളായി. ദുരന്ത സ്ഥലത്തു നിന്ന്‌ മെൈബല്‍ എസ്‌.എം.എസ്‌ ആയി ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ബ്ലോഗിലേക്കെത്തിക്കൊണ്ടിരുന്നു.

യറിയെഴുത്തിന്റെ ഡിജിറ്റല്‍ വകഭേദമാണ്‌ ബ്ലോഗെഴുത്ത്‌ എന്ന്‌ പറയാം. കാലത്തിന്റെയും സമൂഹത്തിന്റെയും വിഷമവൃത്തത്തില്‍ നിന്ന്‌ കടക്കാന്‍ സാധിക്കാത്ത ചിലരും, എഴുത്തിനെ സ്വകാര്യമായി സൂക്ഷിക്കാനിഷ്‌ടപ്പെട്ടവരും, ഡയറിയുടെ താളുകളില്‍ ആത്മാംശമുള്ള കുറിപ്പുകള്‍ക്ക്‌ ഇടംനല്‍കിയിരുന്നല്ലോ. ഇന്റര്‍നെറ്റിന്റെ വരവോട്‌കൂടി ആത്മ പ്രകാശനത്തിന്റെ സാധ്യതകളാണ്‌ ഇക്കൂട്ടര്‍ക്ക്‌ തുറന്നുകിട്ടിയത്‌. ലിറ്റില്‍ മാഗസിനുകളും കൈയ്യെഴുത്തു മാഗസിനുകളും സമാനമായ പ്രവര്‍ത്തനം തന്നെയായിരുന്നുവെന്ന്‌ പറയാം. കൂടുതല്‍ പേരിലെക്കെത്തിക്കാനുള്ള അധ്വാനവും അധികചിലവുമാകണം ലിറ്റില്‍ മാഗസിനുകളെയും കൈയ്യെഴുത്തു മാഗസിനുകളെയും ഉള്ളടക്ക മികവുണ്ടായിരുന്നിട്ടുകൂടി അപ്രസക്തമാക്കി തീര്‍ത്തത്‌. തടവറയില്‍ നിന്ന്‌ ആന്‍ഫ്രാങ്ക്‌ എന്ന പെണ്‍കുട്ടി എഴുതിയ കുറിപ്പുകള്‍ ഇന്ന്‌ പ്രതീക്ഷിക്കുന്നത്‌ അര്‍ത്ഥശൂന്യതയായേക്കാം. ഇറാക്കിലെയും പാലസ്‌തീനിലെയും ചെറുപ്പക്കാര്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിക്കുന്നത്‌ ബ്ലോഗിന്റെ വിശാലമായ സവേദനതലത്തിലൂടെയാണ്‌. സംവേദനത്തിന്റെ തലം എത്രചെറുതായിരുന്നാലും പ്രസക്തമാണെന്ന്‌ കാലം ബ്ലോഗില്‍കൂടി ആവര്‍ത്തിച്ച്‌ തെളിയിക്കുന്നു.

ബ്ലോഗിന്റെ ചരിത്രം

വ്യക്തികള്‍ തങ്ങളുടെ സ്വകാര്യജീവിതത്തെയും പുറംലോക കാഴ്‌ചകളേയും രേഖപ്പെടുത്താനുപയോഗിച്ചിരുന്ന ഓണ്‍ ലൈന്‍ ഡയറികളുടെ വകഭേദമാണ്‌ ബ്ലോഗുകള്‍. ഇന്റര്‍നെറ്റ്‌ നിലവില്‍ വരുന്നതിനും മുന്‍പ്‌ തന്നെ ഹാംറേഡിയോ പോലുള്ള അമച്വര്‍ കമ്യൂണിറ്റികള്‍ നിലനിന്നിരുന്നു. പരിമിതമായ തോതില്‍ ഉപയോഗ്‌താക്കള്‍ക്കിടയില്‍ ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയ്‌ക്ക്‌ സാധിച്ചിരുന്നു. 1994 ല്‍ സാര്‍ത്‌മോര്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ഹാള്‍ നീണ്ട പതിനൊന്ന്‌ വര്‍ഷം നടത്തിയ വ്യക്തിപരമായ ആശയവിനിമയമാണ്‌ ഇന്ന്‌ കാണുന്ന ബ്ലോഗിങ്ങിന്റെ തുടക്കമെന്ന്‌ കരുതപ്പെടുന്നു. 1997 ല്‍ ജോണ്‍ബാര്‍ഗര്‍ ആണ്‌ വെബ്‌ലോഗ്‌ (Web log) എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. 1999 ല്‍ പീറ്റര്‍ മെര്‍ഹോള്‍സ്‌ ഈ വാക്കിനെ സമര്‍ത്ഥമായി (We blog) പിരിച്ചെടുത്ത്‌ ബ്ലോഗ്‌ എന്ന പദം സൃഷ്‌ടിച്ചു. പിന്നീടിങ്ങോട്ട്‌ ബ്ലോഗ്‌ മാധ്യമ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമായി. 2001 ആയപ്പോഴേക്കും തിരിച്ചറിയാതെ പോകുന്ന വാര്‍ത്തയുടെ ശക്തമായ ഉറവിടമായി ബ്ലോഗുകള്‍ മാറുകയും, ബ്ലോഗ്‌ വിവരങ്ങള്‍ സാമ്പ്രദായിക മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും തുടങ്ങി. ജനുവരി 10, 2005 ന്‌ ഇറങ്ങിയ ഫോര്‍ച്യൂണ്‍ മാസിക ബിസിനസ്‌ സംരംഭകര്‍ക്ക്‌ ഒഴിവാക്കാനാകാത്ത എട്ട്‌ ബ്ലോഗ്‌ എഴുത്തുകാരെ ലിസ്റ്റ്‌ ചെയ്‌തു.

തുടര്‍ന്ന്‌ ടൈം മാഗസിന്‍ പോയ വര്‍ഷത്തെ ശ്രദ്ധേയമായ വ്യക്തിയെ തിരഞ്ഞെടുത്തത്‌ 'You' എന്നായിരുന്നു. വിക്കിപീഡിയയും ബ്ലോഗുമൊക്കെ തുറന്നുതരുന്ന സ്വാതന്ത്ര്യം ഗുണപരമായി ഉപയോഗിക്കുന്ന നിങ്ങളെന്ന വായനക്കാരന്‍ തന്നെയാണ്‌ ആ വര്‍ഷത്തെ ശ്രദ്ധേയ വ്യക്തിത്വം എന്ന്‌ പ്രഖ്യാപിക്കാന്‍ മാഗസിന്‌ ഒരു മടിയുണ്ടായില്ല. ഈ വര്‍ഷം (2007) ല്‍ Tim O'Reilly ബ്ലോഗര്‍ മാര്‍ക്കായുള്ള പെരുമാറ്റ സംഹിത (Code of Conduct) മുന്നോട്ട്‌ വയ്‌ക്കുന്നതു വരെയെത്തി നില്‍ക്കുന്നു ബ്ലോഗിന്റെ നാള്‍വഴി.പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട ബ്ലോഗിന്റെ വ്യൂഹത്തെ ബ്ലോഗോസ്‌ഫിയര്‍ (Blogoshere) എന്നും വിളിക്കുന്നു. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.

പണമുണ്ടാക്കാനും ബ്ലോഗ്‌

സ്വതന്ത്രമായ ആശയത്തിന്‌ വേദിയൊരുക്കുമ്പോഴും ബ്ലോഗ്‌ നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എഴുത്ത്‌ തൊഴിലാക്കിയവര്‍ക്ക്‌ പണം പ്രതിഫലമായി വേണം എന്നതാണ്‌. ബ്ലോഗെഴുത്തുകാര്‍ എങ്ങനെ പണമുണ്ടാക്കും എന്നതിന്‌ ഇപ്പോള്‍ പരിമിതികളുണ്ടെങ്കിലും ശോഭനമായ സാദ്ധ്യതയാണ്‌ മുന്നില്‍ കാണുന്നത്‌. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സാമ്പത്തികമായ നിലനില്‌പിന്‌ പരസ്യദാതാക്കളെയാണല്ലോ നിലവില്‍ ആശ്രയിക്കുന്നത്‌. ബ്ലോഗ്‌ എഴുത്തുകാര്‍ക്കും ഇതേ സൗകര്യം പ്രയോജനപ്പെടുത്താം, പക്ഷേ ഒരു വ്യത്യാസം മാത്രം, പരസ്യവും തേടി സ്ഥാപനങ്ങളിലേക്ക്‌ ചെന്ന്‌ അലയേണ്ടതില്ല. ഗൂഗ്‌ളിന്റെ ആഡ്‌ സെന്‍സ്‌ എന്ന സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ നിങ്ങളുടെ ബ്ലോഗിലേക്ക്‌ പരസ്യമെത്തിക്കുന്ന ജോലി ഗൂഗ്‌ള്‍ നോക്കിക്കോളും. ഇനി എന്തുതരം പരസ്യമാണ്‌ വരുന്നതെന്ന്‌ നോക്കാം. ബ്ലോഗിന്റെ ഉള്ളടക്കത്തിലെ വിവരങ്ങള്‍, സൂചകങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ശൃംഖലവഴി തന്നെ പരിശോധിച്ച്‌ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഗൂഗ്‌ള്‍ ആഡ്‌സെന്‍സ്‌ നല്‍കി കൊണ്ടിരിക്കും.ഉള്ളടക്കത്തിനു അനുസൃതമായ പരസ്യങ്ങള്‍ ലഭിക്കുന്നതിനെ Contextual പരസ്യങ്ങള്‍ (സാന്ദര്‍ഭിക പരസ്യങ്ങള്‍) എന്നാണ്‌ വിളിക്കുന്നത്‌. ചിത്രങ്ങളും ആനിമേഷനും അടങ്ങിയ ബാനര്‍ പരസ്യം വേണോ വാചകങ്ങള്‍ മാത്രം അടങ്ങിയ അറിയിപ്പ്‌ ശൈലിയിലുള്ള പരസ്യം വേണോ എന്ന്‌ ബ്ലോഗ്‌ ഉടമയ്‌ക്ക്‌ തീരുമാനിക്കാം. വായനക്കാരന്‍ ബ്ലോഗിലേക്കെത്തുമ്പോള്‍ ഈ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്യുകയാണെങ്കില്‍ പ്രസ്‌തുത സ്ഥാപനത്തില്‍ നിന്ന്‌ ഗൂഗ്‌ളിന്‌ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ബ്ലോഗുടമയുമായി പങ്കുവെയ്‌ക്കുന്നതാണ്‌ രീതി. യാത്രാവിവരണവുമായി ബന്ധപ്പെട്ട ബ്ലോഗ്‌ വായിക്കുമ്പോള്‍ ഡിസ്‌കൗണ്ടോടുകൂടിയ വിമാനടിക്കറ്റ്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള വിമാന കമ്പനിയുടെ പരസ്യം ഒരേസമയം യാത്രാക്കാരനും പ്രസ്‌തുത സ്ഥാപനത്തിനും നേട്ടമാകുന്നു. ടാര്‍ജറ്റഡ്‌ ആഡിയന്‍സിനെ കംപ്യൂട്ടര്‍ വഴി കണ്ടെത്തുന്നുവെന്നതാണ്‌ ഈ തന്ത്രം.

വെറുമൊരു ബ്ലോഗുണ്ടാക്കി ഗൂഗ്‌ള്‍ ആഡ്‌സെന്‍സ്‌ സേവനവും തേടി നിര്‍ജീവമായി ഇരുന്നാല്‍ ഇതുകൊണ്ടുള്ള പ്രയോജനമുണ്ടാകില്ല. നൂതനമായ എഴുത്തുകളിലൂടെയും സജീവമായ ഇടപെടലുകളിലൂടെയും ഒട്ടനവധി വായനക്കാരെ ദിനംപ്രതി ബ്ലോഗ്‌ സൈറ്റ്‌ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഉള്ളടക്ക നവീകരണം നടത്തിയാല്‍ മാത്രമേ സാമ്പത്തിക ലാഭം എന്ന തലത്തിലേക്ക്‌ ബ്ലോഗുകള്‍ എത്തുകയുളളൂ.ബ്ലോഗ്‌ നിരീക്ഷകരായ ഒട്ടേറെ സൈറ്റുകള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച്‌ ഏത്‌ തരം മേഖലയിലെ എഴുത്തിനാണ്‌ കൂടുതല്‍ വായനക്കാരുള്ളതെന്ന്‌ മനസ്സിലാക്കിയ ശേഷം എഴുതി തുടങ്ങിയാല്‍ ഏറെ നേട്ടമുണ്ടാക്കാനാകും. എഴുത്തിനൊപ്പം ചിത്രങ്ങളും വീഡിയോയുമൊക്കെ നല്‍കി ബ്ലോഗിന്റെ പരിധി കൂടുതല്‍ വിശാലമാക്കാനും സാധിക്കും.

ഇതിലുപരിയായി ഏതെങ്കിലും ഉല്‍പന്നത്തിന്റെയോ, സേവനത്തിന്റെയോ പരസ്യം നിലവിലുള്ള മാതൃകയില്‍ സ്വീകരിച്ച്‌ സാമ്പത്തിക ലാഭം നേടുകയും ചെയ്യാം. സിനിമാ നിരൂപണത്തെ സംബന്ധിച്ച ബ്ലോഗില്‍ കുറച്ചുകാലത്തിനകം സിനിമാ പരസ്യം എത്തി തുടങ്ങും. ഇന്റര്‍നെറ്റ്‌ ഇപ്പോള്‍ തന്നെ അല്ലെങ്കില്‍ ഉടനെ സൗജന്യമാണ്‌. എല്ലാ മലയാളികളിലേക്കും ഇതെത്താന്‍ എത്രസമയമെടുക്കും എന്നതാണ്‌ ചോദ്യം. ടെലഫോണ്‍ 50 വര്‍ഷം കൊണ്ട്‌ നേടിയ വരിക്കാളേക്കാളും അധികം വരിക്കാര്‍ കേവലം അഞ്ച്‌ വര്‍ഷം കൊണ്ട്‌ ഇന്റര്‍നെറ്റിനുണ്ടായി എന്നോര്‍ക്കുക. മാത്രമല്ല, കേബിള്‍ ടി.വി. ശൃംഖലയും ഇന്റര്‍നെറ്റിനായി ഇന്ന്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഒരു കാര്യം ഉറപ്പാണ്‌ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദിനപത്രങ്ങളുടെ പ്രചാരത്തിനൊപ്പം അവ യുടെ ഓണ്‍ലൈന്‍ പതിപ്പുകളുടെ പ്രചാരം എത്തും. അപ്പോഴേക്കും ആനുകാലികങ്ങളുടെ അച്ചടി പതിപ്പിനേക്കാള്‍ എത്രയോ അധികം വരിക്കാര്‍ ഇന്റര്‍നെറ്റ്‌ മാസികകള്‍ക്കും ബ്ലോഗിനും ഉണ്ടാകും.

ഭാവിയില്‍ ഉല്‍പന്നത്തിന്റെയോ സേവനത്തിന്റെയോ റിവ്യൂ എഴുതുന്ന ബ്ലോഗര്‍മാരുടെ സേവനം വാണിജ്യ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്‌. ഇപ്പോള്‍ മലയാളത്തിലടക്കം ഐ.ടി., ഓട്ടോമൊബൈല്‍, പാചകം, ഫാഷന്‍, വീട്‌ തുടങ്ങിയ സ്‌പെഷ്യലൈസേഷനുകള്‍ മാഗസിനുകള്‍ക്ക്‌ തന്നെ സംഭവിച്ചുകഴിഞ്ഞു. ഇവയ്‌ക്കൊക്കെ വര്‍ദ്ധിച്ച തോതില്‍ വായനക്കാരുണ്ട്‌ എന്നതും ഈ വായനക്കാരില്‍ ഏറിയ പങ്കും ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നതും ബ്ലോഗ്‌ സമീപഭാവിയില്‍ സൃഷ്‌ടിച്ചേക്കാനിടയുള്ള വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഗൂഗ്‌ളിന്റെ സാന്ദര്‍ഭിക പരസ്യവിഭാഗമായ ആഡ്‌ സെന്‍സിന്‌ സമാനമായ സൗകര്യങ്ങള്‍ നല്‌കുന്ന രീതിയില്‍ കേരളത്തിലെ പരസ്യ കമ്പനികളും മാറുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ തന്നെ കേരളത്തിലെ മിക്ക വാണിജ്യസ്ഥാപനങ്ങളും ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളില്‍ പരസ്യം നല്‍കുന്നുണ്ട്‌.

ഇത്തരം നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ ബ്ലോഗിന്റെ രീതിയില്‍ എഴുതുന്ന ഒരുപറ്റം എഴുത്തുകാരെ മാധ്യമസ്ഥാപനങ്ങള്‍ റിക്രൂട്ട്‌ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇന്ററാക്‌ടീവ്‌ ആയ ഭാഷയില്‍ ആകര്‍ഷകമായ ശൈലിയില്‍ എഴുതാന്‍ സാധിക്കുന്നവര്‍ക്ക്‌ ബ്ലോഗിംഗ്‌ മേഖലയില്‍ തിളങ്ങാനാകും. സ്വന്തം വീട്ടിന്റെ അല്ലെങ്കില്‍ ഓഫീസ്‌ ഇടവേളകളില്‍ കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന അധികം വരുമാനം സ്വീകരിക്കുന്ന ശൈലി പാശ്ചാത്യനാടുകളില്‍ വളര്‍ന്നു കഴിഞ്ഞു.

ബ്ലോഗിംഗും മലയാളിയും

മാറ്റങ്ങളെ അതിവേഗം സ്വാംശീകരിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ മലയാളികളും ബൂലോകത്ത്‌ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഏകീകൃതമായ യൂണികോഡ്‌ അക്ഷരശൈലി (ഫോണ്ട്‌)യുടെ വരവോടെയാണ്‌ മലയാളം ബ്ലോഗുകള്‍ പ്രചുരപ്രചാരത്തിലേക്കെത്തിയത്‌. വ്യവസ്ഥാപിത മാധ്യമങ്ങള്‍ മാത്രമായിരുന്നെങ്കില്‍ എഴുത്തിന്റെ ലോകത്തേക്ക്‌ എത്താന്‍ ഒരു സാധ്യതയുമില്ലാത്ത, അല്ലെങ്കില്‍ എഴുത്തുകാരനാകാനാഗ്രഹിച്ച്‌ മറ്റ്‌ തൊഴിലുകളിലേക്ക്‌ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം എത്തിയ മലയാളികള്‍ ഡിജിറ്റല്‍ മലയാളത്തെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്‌. തൊഴിലിനായി ഗള്‍ഫ്‌ നാടിലേക്ക്‌ ചേക്കേറിയവരും, ഐ.ടി അനുബന്ധ തൊഴിലുകളുമായി ലോകത്തിന്റെ പല കോണുകളിലിരിക്കുന്നവരും ഇപ്പോള്‍ ബ്ലോഗ്‌ സാഹിത്യത്തിന്റെ വക്താക്കളാണ്‌. പ്രവാസികള്‍ മാത്രമല്ല, കേരളത്തിലെ പത്രപ്രവര്‍ത്തകരും, ഗവേഷകരും, കര്‍ഷകരും വിദ്യാര്‍ത്ഥികളുമെല്ലാം സജീവമായി എഴുത്തിന്റെ ഒരു സമാന്തര ലോകം തന്നെ സൃഷ്‌ടിച്ചെടുത്തു. സജീവമായി ബ്ലോഗില്‍ മാത്രം എഴുതുന്ന നൂറോളം മലയാളികള്‍ നിലവിലുണ്ട്‌. ഈ സംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.

രാഷ്‌ട്രീയം, സാംസ്‌കാരികം, കാര്‍ട്ടൂണ്‍, പാചകം, യാത്രാവിവരണം, സിനിമ-പുസ്‌തക നിരൂപണം, നേരമ്പോക്ക്‌...... എന്നിങ്ങനെ വിഷയ വൈവിധ്യം കൊണ്ട്‌ മികച്ചതാണ്‌ മലയാളം ബ്ലോഗ്‌ സാഹിത്യം.

മലയാളം പോലെയുള്ള ചെറിയ ഭാഷയില്‍ ബ്ലോഗ്‌ ചെയ്യുന്നതിന്റെ പ്രധാനനേട്ടം സാഹിത്യത്തിലുപരിയായി ലോകത്തിന്റെ പലഭാഗങ്ങളിലേക്ക്‌ ചേക്കേറിയ മലയാളികളെ ഭാഷയുടെ നൂലിലൂടെ ബന്ധിപ്പിച്ച്‌ നിര്‍ത്താമെന്നതാണ്‌ ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവകാലത്ത്‌ ഇംഗ്ലീഷ്‌ ഭാവിയില്‍ മേല്‍കൈ സൃഷ്‌ടിച്ചേക്കുമെന്ന്‌ ഭയപ്പെട്ടിരുന്നു.. ഗ്ലോബലൈസേഷന്റെ ഇക്കാലത്ത്‌ ചെറുഭാഷകളിലെ ഇത്തരം നിലനില്‌പ്‌ പ്രാദേശികമായ ചേരുവയോട്‌ കൂടിയ ഗ്ലോക്കലൈസേഷന്‍ (Global + local = Glocalisation) തന്നെയാണെന്നതാണ്‌ സത്യം.

മലയാളത്തിലെ ബ്ലോഗ്‌ സാഹിത്യത്തിന്റെ പ്രധാന സവിശേഷത ആത്മാംശവും തമാശയും കലര്‍ന്ന കുറിപ്പുകളുടെ സജീവസാന്നിദ്ധ്യം തന്നെയാണ്‌. ബ്ലോഗെഴുത്തുകാരുടെ വിളിപ്പേരുകളില്‍ തന്നെ ഹാസ്യം രുചിക്കാനാകും. വിശാലമനസ്‌കന്‍, കുറുമാന്‍, പെരിങ്ങോടന്‍, കറിവേപ്പില, പൂച്ചപുരാണം,..... ഇങ്ങനെപോകുന്നു പേരിന്റെ നിര. ബ്ലോഗ്‌ സാഹിത്യത്തില്‍ നിന്ന്‌ മലയാള സാഹിത്യത്തിലേക്ക്‌ ഇതുവരെ രണ്ടുപുസ്‌തകങ്ങള്‍ കൂടി വന്നുഎന്നു പറയുമ്പോള്‍ ബ്ലോഗ്‌ നിശബ്‌ദമായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന മാറ്റം വ്യക്തമാകും.

തൃശൂര്‍ കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച കൊടകരപുരാണം വന്‍ ഹിറ്റായി കഴിഞ്ഞു. വിശാലമനസ്‌കന്‍ എന്ന പേരില്‍ സജീവ്‌ എടത്താടന്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം ബ്ലോഗ്‌ ലോകത്ത്‌ ആയിരക്കണക്കിന്‌ വായനക്കാരെ ചിരിപ്പിച്ച ശേഷമാണ്‌ അച്ചടി രൂപത്തിലേക്ക്‌ സാധാരണ വായനക്കാരെ കൂടി ലക്ഷ്യമിട്ട്‌ എത്തിയത്‌. തൊട്ടുപിന്നാലെ കുറുമാന്‍ എഴുതിയ 'എന്റെ യൂറോപ്പ്‌ സ്വപ്‌നങ്ങളും' വിപണിയിലെത്തി. കുറുമാന്റെ ബ്ലോഗിന്റെ വായനക്കാരുടെ എണ്ണം കണ്ടിട്ടാണ്‌ റെയിന്‍ബോ ബുക്‌സ്‌ പുസ്‌തകം അച്ചടി രൂപത്തില്‍ വായനക്കാരിലേക്ക്‌ എത്തിച്ചത്‌. കുറുമാന്റെ പുസ്‌തകത്തിന്റെ കവര്‍പേജ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നതുപോലും കുമാര്‍ എന്ന ബ്ലോഗര്‍ ആണ്‌. കവര്‍ഡിസൈന്‍ ബ്ലോഗര്‍മാര്‍ തന്നെ ചെയ്യണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ലഭിച്ച പേജ്‌ രൂപകല്‌പനകളില്‍ ഉചിതമായത്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തരത്തില്‍ നേരിട്ട്‌ കാണാത്തവര്‍ തമ്മില്‍ പോലും ഒരു സൗഹൃദം ഉണ്ടാക്കാന്‍ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നുണ്ട്‌.

കംപ്യൂട്ടറിന്‌ അഭിമുഖമായിരുന്ന്‌ സാഹിത്യ രചന നടത്തുന്നതില്‍ നിന്നിറങ്ങിവന്ന്‌ പലപ്പോഴും കൂട്ടായ്‌മയുടെ നേട്ടവും ഇവര്‍ അനുഭവിക്കുന്നുണ്ട്‌. സിംഗപ്പൂര്‍, യു.എ.ഇ,. ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ,ഹൈദരാബാദ്‌, കൊച്ചി എന്നിവിടങ്ങളില്‍ ബ്ലോഗേഴ്‌സ്‌ മീറ്റ്‌ വരെ മലയാളികള്‍ സംഘടിപ്പിച്ചുകഴിഞ്ഞു. ദിനേന ചാറ്റിലൂടെയും ബ്ലോഗ്‌ കമന്റിലൂടെയും അടുത്ത്‌ പരിചയമുള്ളവരുടെ നേരിട്ടുള്ള കാണലിന്‌ ഇത്തരം മീറ്റുകള്‍ വേദിയൊരുക്കുന്നുണ്ട്‌.

എം.കൃഷ്‌ണന്‍നായരുടെ സാഹിത്യവാരഫലത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയില്‍ ഒരു ബ്ലോഗ്‌ വാരഫലവും സൈബര്‍ മലയാളത്തിലുണ്ട്‌. 'മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു പംക്തിയാണിത്‌. വ്യക്തിവിമര്‍ശനമില്ലാതെ, മലയാളത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടിയുള്ള സംവാദമാണ്‌ ഇതിന്റെ ലക്ഷ്യം.' ബ്ലോഗുവാരഫലക്കാരന്‍ നയം വ്യക്തമാക്കുന്നു. അക്ഷരതെറ്റ്‌, അച്ചടിത്തെറ്റ്‌, ഉപകരണതെറ്റ്‌ (ടൈപ്പിംഗ്‌ സോഫ്‌ട്‌വെയറിലെ/ഫോണ്ടിലെ അപാകതകൊണ്ട്‌ സംഭവിക്കുന്നത്‌) ഒക്കെ വിശദമായ പരിശോധനയ്‌ക്ക്‌ ബ്ലോഗ്‌ വാരഫലത്തില്‍ വിധേയമാകുന്നു.കാര്‍ഷിക കേരളത്തിന്റെ പ്രശ്‌നങ്ങള്‍ ബ്ലോഗിലെഴുതി ഭരണകൂടത്തില്‍ ചെറുചലനങ്ങളുണ്ടാക്കാന്‍ വിമുക്തഭടനും കര്‍ഷകനുമായ ചന്ദ്രശേഖരന്‍നായര്‍ എന്ന ബ്ലോഗര്‍ക്കായിട്ടുണ്ട്‌. കേരള ഫാര്‍മര്‍ എന്ന പേരിലാണ്‌ കാര്‍ഷിക വിവരങ്ങള്‍ ഇദ്ദേഹം ബൂലോകര്‍ക്കായി പങ്കുവയ്‌ക്കുന്നത്‌.

മലയാള രാഷ്‌ട്രീയ ബ്ലോഗുകള്‍

സലാം പാക്‌സ്‌ ഇറാഖ്‌ യുദ്ധകാലത്ത്‌ ഇടപെട്ടതിന്റെ ഒരു ചെറുമാതൃക പോലും സൃഷ്‌ടിക്കാന്‍ വിഷയങ്ങള്‍ക്ക്‌ ഒട്ടും കുറവില്ലാത്ത കേരള രാഷ്‌ട്രീയ-സാമൂഹിക രംഗത്ത്‌ ബ്ലോഗര്‍ മാര്‍ക്കായിട്ടില്ല എന്നത്‌ ഒരു പോരായ്‌മ തന്നെയാണ്‌. രാഷ്‌ട്രീയപരമായ ലേഖനങ്ങളുടെ കാര്യം തന്നെയെടുക്കുക. നമ്മുടെ മാധ്യമങ്ങളിലെ ചര്‍ച്ച മിക്കതും ഇടത്‌-വലത്‌ വൃത്തങ്ങളില്‍ മാത്രം ചുറ്റിത്തിരിയുന്നതാണ്‌. നമ്മുടെ അക്കാദമിക്ക്‌ പണ്‌ഡിതരടക്കം ഒരു പ്രാവശ്യം ഇടതിന്റെയോ വലതിന്റെയോ ചട്ടകൂടിനുള്ളില്‍പ്പെട്ടു പോയാല്‍ വായനക്കാരന്‌ സ്വതന്ത്രമായ അഭിപ്രായം പിന്നീടം കിട്ടുന്നത്‌ അപൂര്‍വ്വം. എഴുതിയ ആളിന്റെ പേരും ലേഖനത്തിന്റ തലക്കെട്ടും വായിച്ചശേഷം ആമുഖം വരെയെത്തുമ്പോഴേക്ക്‌ ലേഖനത്തിന്റെ പോക്ക്‌ ശരാശരി വായനക്കാരന്‌ പോലും പ്രവചിക്കാവുന്ന രീതിയാണ്‌ നിലനില്‍ക്കുന്നത്‌. ഇവിടെയാണ്‌ ബ്ലോഗ്‌ ഒരുക്കുന്ന വിശാലമായ ലോകം ഇത്തരം എഴുത്തുകാര്‍ക്ക്‌ ഉപയോഗിക്കാന്‍ സാധിക്കുന്നത്‌. അദൃശ്യനായിരുന്നുകൊണ്ട്‌ മറ്റൊരു പേരും, ലോഗിന്‍ ഐഡി യും ഉപയോഗിച്ച്‌ തന്റെ ആശയങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാമല്ലോ. മാത്രമല്ല, ഇതിനോടുള്ള വായനക്കാരന്റെ കമന്റുകള്‍ ഇതേ പേജില്‍ തന്നെ ലഭ്യമാക്കി മറ്റു വായനക്കാര്‍ക്ക്‌ വായിക്കാന്‍ അവസരമൊരുക്കുകയും ഒപ്പം മറുപടി കമന്റുവഴി നമ്മുടെ നിലപാട്‌ കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യാം.

ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഒട്ടേറെ പരിമിതികളുണ്ട്‌. എന്നാല്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ പ്രകടനത്തിന്‌ ലഭിക്കേണ്ട പരിമിതികളില്ലാത്ത സ്വാതന്ത്ര്യമാണ്‌ ബ്ലോഗുകള്‍ തുറന്നിടുന്നത്‌. നിരന്തരം വിവാദ വ്യവസായങ്ങളുടെ നിര്‍മാണ ഭൂമിയായി കേരള രാഷ്‌ട്രീയം മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഇതിനിടയില്‍ യഥാര്‍ത്ഥ വസ്‌തുതകള്‍ അറിയാവുന്ന അല്ലെങ്കില്‍ ഒരു അഴിമതികഥയുടെ വസ്‌തുതകള്‍ തെളിവോട്‌ കൂടി നിരത്താന്‍ സാധിക്കുന്ന എത്രയെത്ര അവസരങ്ങളാണ്‌ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളെ കാത്തിരിക്കുന്നത്‌. ഒരുകാരം ഉറപ്പാണ്‌. ഇത്തരത്തിലെ ഒരു ഗംഭീരമായ വെളിപ്പെടുത്തല്‍ ബ്ലോഗു വഴി, രാഷ്‌ട്രീയ കേരളത്തിനുണ്ടായാല്‍, പിന്നീട്‌ വലുതും ചെറുതുമായ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ക്കും ബ്ലോഗ്‌ വേദിയാവുകയും, ഒളികാമറകള്‍ ദൃശ്യമാധ്യമം സമര്‍ത്ഥമായി ഉപയോഗിച്ചതുപോലെ ബ്ലോഗിനെ മാധ്യമരംഗം അതിലും സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യും. ആരു തുടങ്ങും എന്നത്‌ മാത്രമാണ്‌ പ്രശ്‌നം.

ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും. അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍ ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

ലേഖകന്റെ ബ്ലോഗ്‌ വിലാസം: http://www.blogbhoomi.blogspot.com/

മലയാളത്തില്‍ ബ്ലോഗ്‌ തുടങ്ങുന്നതിന്‌ സന്ദര്‍ശിക്കുക http://www.howtostartamalayalamblog.blogspot.com/
http://ashwameedham.blogspot.com/2006/07/blog-post_28.html


courtesy: Mathrubhumi weekly
Mathrubhumi weekly published this as one of the cover story items in its 7th October issue
Click here to read the same page of mathrubhoomi weekly (will upload the pdf version here soon.)

Saturday, September 29, 2007

ഇ-മാലിന്യം


കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട്‌ ഒരു പുതിയ ജീവിതശൈലിക്ക്‌ തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ നാന്ദി കുറിച്ചുകൊണ്ട്‌ കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത്‌ വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ്‌ ഏതൊരു വ്യക്തിക്കും ഇന്നുണ്ട്‌. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക്‌ പതുക്കെ നാം നടന്നു നീങ്ങുകയാണ്‌. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്‌തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്‌.
നാം ഉപയോഗിച്ചിട്ട്‌ മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്‌തുക്കളുടെ ഒരു സഞ്ചയമാണിത്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക്‌ മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്‌? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട്‌ എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്‌.എന്താണ്‌ ഇ -മാലിന്യം അഥവാ ഇലക്‌ട്രോണിക്‌ മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്‌തുക്കളെയും ഇ -മാലിന്യമെന്ന്‌ പറയാം.
ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട്‌ ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്‌. ഇന്ന്‌ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ്‌ വിപണിയലധികവും ലഭ്യമായിട്ടുള്ളത്‌. ഒരു ഭാഗത്തിന്‌ മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത്‌ വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി കളര്‍ ടി.വി.ക്ക്‌ വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന്‌ അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്‌: വൈദ്യുതി ഇന്ന്‌ വിലപിടിച്ച വസ്‌തുവാണ്‌. അതുകൊണ്ട്‌ തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭോക്‌താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ്‌ ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ്‌ സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക്‌ ഉപകരണത്തിന്റെ അകാലമരണത്തിന്‌ കാരണമാകാം.

വിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക്‌ പോകുന്നു എന്നതാണ്‌. കുറെഎണ്ണം സെക്കന്റ്‌ഹാന്റ്‌ വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത്‌ വിഷമയമായ ഒരു കൂട്ടം വസ്‌തുക്കളാണ്‌. ഇത്‌ പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ്‌ സ്വാധീനിക്കുന്നത്‌.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച്‌ ഒരു കരട്‌ രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്‌. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ്‌ ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത്‌ ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്ന്‌ `ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്‌തിട്ട്‌ ഏറെ നാളുകളായിട്ടില്ല.
ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്‌. പിന്നെ ബാറ്ററികളാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്‌' ആണ്‌. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട്‌ കിലോഗ്രാം `ലെഡ്‌` അടങ്ങിയിരിക്കുന്നു. കാഡ്‌മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്‌. ഇവ മണ്ണില്‍ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന്‌ തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്‌.ഇലക്‌ട്രോണിക്‌ വിപണി മുന്നോട്ട്‌ വെയ്‌ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്‌. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്‍മെന്റിനെ അലട്ടുന്നത്‌ വ്യവസായികരംഗത്തെ പ്രശ്‌നങ്ങളാണ്‌.
നമ്മുടെ സമ്പദ്‌വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്‌ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്‌ട്‌വെയര്‍ കയറ്റുമതിയാണ്‌ നടത്തിയത്‌. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്‌. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ്‌ ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്‌. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന്‌ ഇലക്‌ട്രോണിക്‌ വസ്‌തുക്കളാണ്‌. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്‌ട്രോണിക്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌ ആയി കരുതി കത്തിച്ചുകളയുകയാണ്‌ ചെയ്യുന്നത്‌. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്‌ പതിന്മടങ്ങാണെന്ന്‌ അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല.
വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്‌കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്‌തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്‌ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌ ഉപകരണം നല്‍കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ്‌ പതിവ്‌. 30 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക്‌ ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച്‌ കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക്‌ ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‌ വസ്‌തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം.
അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്‌ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വഴിയും ടെക്‌നോ പാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‌ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്‌മാര്‍ട്ട്‌ സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന്‌ സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ ഗൗരവമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകുമെന്നതില്‍ സംശയമില്ല.